- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- സ്വാതന്ത്ര്യദേവതയുടെ ഉപാസകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 10)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
1948 ജനുവരി 30ന് നാഥുറാം വിനായക ഗോഡ്‌സെയും കൂട്ടുകാരും ചേര്‍ന്ന് മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്നു. കൊലപാതകികള്‍ വൈകാതെ പിടിക്കപ്പെട്ടെങ്കിലും രാഷ്ട്രീയ എതിരാളികളും ജനസമ്മതരുമായ വ്യക്തികളെയും സംഘടനകളെയും ഒതുക്കാനുള്ള ഒരവസരമായാണ് ഈ ദാരുണ സംഭവത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും കോണ്‍ഗ്രസ്സും കണ്ടത്. ഇതിന്റെ ഭാഗമായി അകാരണമായി മറ്റൊരുവിനായകനെയും പോലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹമാണ് സ്വാതന്ത്ര്യവീര വിനായക ദാമോദര സാവര്‍ക്കര്‍.
അറസ്റ്റു ചെയ്ത സാവര്‍ക്കറെ വലിയ പോലീസ് സന്നാഹത്തോടെ ജയിലിലേക്കു കൊണ്ടു പോകുകയായിരുന്നു. വഴിയില്‍ വെച്ച് അദ്ദേഹത്തെ മൂത്രമൊഴിക്കാന്‍ പുറത്തേക്കിറക്കി. ഇരുവശവും തോക്കുപിടിച്ച പോലീസുകാര്‍ കാവല്‍ നിന്നു. അവരെ നോക്കി സാവര്‍ക്കര്‍ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു: ”ഞാന്‍ ഓടിപ്പോകുമെന്നു ഭയന്നായിരിക്കും നിങ്ങളിങ്ങനെ തോക്കുംപിടിച്ചു നില്‍ക്കുന്നത്. അല്ലേ?” ലണ്ടനില്‍ നിന്ന് ബ്രിട്ടീഷുകാര്‍ അറസ്റ്റു ചെയ്ത് ഭാരതത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ഫ്രഞ്ച് തീരമായ മാഴ്‌സെയില്‍സില്‍ വെച്ച് കപ്പലിലെ കക്കൂസിന്റെ ദ്വാരത്തിലൂടെ കടലിലേക്ക് ഊര്‍ന്നിറങ്ങി, നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ച ആളാണല്ലോ സാവര്‍ക്കര്‍. അദ്ദേഹം തുടര്‍ന്നു പറഞ്ഞു: ”അന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഓടിയെത്താന്‍ എന്റെ പ്രിയപ്പെട്ട മാതൃഭൂമി ഉണ്ടായിരുന്നു. ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ഭാരതമാതാവുണ്ടായിരുന്നു. ഇന്ന് അമ്മയുടെ മടിത്തട്ടില്‍ നിന്നു തന്നെ പിടിച്ചുകൊണ്ടുപോകുമ്പോള്‍ ഞാന്‍ എങ്ങോട്ട് ഓടി രക്ഷപ്പെടാനാണ്?”
ദേശസ്‌നേഹത്തിന്റെ വിപ്ലവജ്വാലയില്‍ വാര്‍ത്തെടുത്ത തങ്കവിഗ്രഹമായിരുന്നു വീരസാവര്‍ക്കര്‍. യുക്തിബോധത്തില്‍ അധിഷ്ഠിതമായ തീക്ഷ്ണമായ ബുദ്ധിശക്തിയും ഭാവനാസമ്പന്നമായ കവിഹൃദയവും നിയമത്തിന്റെ നൂലാമാലകളെ ഇഴകീറിമുറിച്ച് അപഗ്രഥനം ചെയ്യാനുള്ള നിയമപരിജ്ഞാനവും സാവര്‍ക്കറുടെ സവിശേഷതയായിരുന്നു. വിപ്ലവകാരികളുടെ രാജകുമാരനായി അറിയപ്പെട്ട അദ്ദേഹം ഹിന്ദുത്വത്തിന് ആധുനിക നിര്‍വ്വചനം നല്‍കിയ ദാര്‍ശനികനായിരുന്നു. എഴുത്തുകാരനും ഗ്രന്ഥകാരനുമായിരുന്നു. ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് ആന്തമാനില്‍ നരകയാതന അനുഭവിക്കുമ്പോഴും നാടിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചു മാത്രം ചിന്തിച്ച വ്യക്തിയായിരുന്നു.
സാവര്‍ക്കര്‍ക്ക് വേറെയും സവിശേഷതകളുണ്ട്. സ്വദേശത്തും വിദേശത്തും അദ്ദേഹം സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങള്‍ നടത്തി. ലോകചരിത്രത്തില്‍ അച്ചടിക്കപ്പെടുന്നതിനുമുമ്പ് നിരോധിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥം സാവര്‍ക്കറുടെ ‘1857ലെ സ്വാതന്ത്ര്യ സമരം’ ആയിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിച്ച സാവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ അരുണോദയം ദര്‍ശിക്കാനും ഭാഗ്യമുണ്ടായി. വിപ്ലവമാര്‍ഗ്ഗത്തില്‍ തീവ്രമായി പ്രവര്‍ത്തിച്ച അദ്ദേഹം തന്നെ സമാധാനമാര്‍ഗ്ഗത്തിലും മാതൃകാപരമായ പ്രവര്‍ത്തനം നടത്തി.
ലക്ഷക്കണക്കിന് യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രാഷ്ട്രത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരണ നല്‍കുന്നതായിരുന്നു സാവര്‍ക്കറുടെ ജീവിതം. ഇന്നും ദേശസ്‌നേഹത്തിന്റെ അക്ഷയസ്രോതസ്സാണ് സാവര്‍ക്കര്‍. ഏറ്റവും തെറ്റിദ്ധരിപ്പിക്കപ്പെട്ട മഹാനായിരുന്നു അദ്ദേഹം. ഗാന്ധിവധത്തിന്റെ കുറ്റമാരോപിച്ചും ആന്തമാനില്‍ നിന്നു മോചനം നേടാന്‍ ‘മാപ്പപേക്ഷ’ നല്‍കി എന്ന വ്യാജപ്രചരണം നടത്തിയും ഇന്നും രാഷ്ട്രവിരുദ്ധ ശക്തികള്‍ സാവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എങ്കിലും ചരിത്രത്തില്‍ ആ വ്യക്തിത്വം തിളങ്ങിനില്‍ക്കുന്നു.
മഹാരാഷ്ട്രയില്‍ നാസിക് ജില്ലയില്‍ ഭൂഗൂര്‍ ഗ്രാമത്തില്‍ ദാമോദര്‍ പന്ത് സാവര്‍ക്കറുടെയും രാധാബായിയുടെയും നാലു മക്കളില്‍ രണ്ടാമനായാണ് 1883 മെയ് 28ന് വിനായക് ജനിച്ചത്. ജ്യേഷ്ഠന്‍ ഗണേശ്, അനുജന്‍ നാരായണ്‍, അനുജത്തി മൈന. വിനായകന് ഒന്‍പത് വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. ഗണേശനെയും വിനായകനെയും പഠിക്കാനായി അച്ഛന്‍ നാസിക്കിലേക്ക് അയച്ചു. വിനായകന്റെ 16-ാം വയസ്സില്‍ അച്ഛനും മരിച്ചു. നാരായണിനെയും മൈനയെയും ഗണേശ് നാസിക്കിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട സഹോദരങ്ങളുടെ പൂര്‍ണ്ണമായ ഉത്തരവാദിത്തം ഗണേശ് ഏറ്റെടുത്തു. യശോദ എന്ന കുലീന യുവതിയെ ഗണേശ് വിവാഹം ചെയ്തു. അമ്മയില്ലാത്ത സഹോദരങ്ങള്‍ക്ക് അവര്‍ അമ്മയായി.
ചാപേക്കര്‍ സഹോദരന്മാരെപ്പോലെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു സാവര്‍ക്കര്‍ സഹോദരന്മാരുടെ ജീവിതവും. മൂന്നു പേരും അവരവരുടെ നിലയില്‍ പ്രവര്‍ത്തിച്ച് സ്വാതന്ത്ര്യത്തിനുവേണ്ടി കഠിനമായ ജയില്‍വാസമടക്കം അനുഷ്ഠിച്ചു. ബുദ്ധിമാനായ വിനായകന്റെ പഠിത്തകാര്യത്തില്‍ ഗണേശ് പ്രത്യേകം ശ്രദ്ധിച്ചു. വിനായകന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജ്യേഷ്ഠന്‍ കൂട്ടുനില്‍ക്കുകയും ചെയ്തു.
ചാപേക്കര്‍ സഹോദരന്മാരില്‍ നിന്നു പ്രേരണ സ്വീകരിച്ചാണ് ബാലനായ വിനായക് വളര്‍ന്നത്. കുടുംബപരദേവതയുടെ മുന്നില്‍ അദ്ദേഹം ഇങ്ങനെ ശപഥം ചെയ്തു. ”മാതാവിന്റെ മോചനത്തിനായി ഞാന്‍ സായുധ വിപ്ലവത്തിന്റെ പതാക ഉയര്‍ത്തിപ്പിടിച്ച്, മരണം വരെ ശത്രുവിനോട് പടവെട്ടും. ഈ പവിത്ര ശപഥം നിറവേറുന്നതുവരെ ഒരു നെടുവീര്‍പ്പു പോലും ഞാന്‍ പാഴാക്കില്ല.”
കൂട്ടുകാരെ ആകര്‍ഷിക്കാനുള്ള അസാമാന്യമായ കഴിവ് കുട്ടിക്കാലത്തു തന്നെ വിനായകന് ഉണ്ടായിരുന്നു. ദേശസ്‌നേഹത്തില്‍ അടിയുറച്ച വ്യക്തിത്വം കുട്ടിക്കാലത്തു തന്നെ രൂപപ്പെട്ടതിനാല്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യം മുന്നില്‍ തെളിഞ്ഞു. അതിനുവേണ്ടി 1899 നവംബറില്‍ ‘രാഷ്ട്രഭക്തസമൂഹം’ എന്ന ബാലസംഘടനയ്ക്ക് രൂപം നല്‍കി. 1900 ജനുവരി 1-ന് ‘മിത്രമേള’ എന്ന കുറച്ചുകൂടി ഗൗരവമുള്ള സംഘടന ആരംഭിച്ചു.
അടുത്ത പത്തു വര്‍ഷക്കാലത്ത് ധീരന്മാരും തീപ്പൊരികളുമായ ഒട്ടേറെ വിപ്ലവകാരികള്‍ മിത്രമേളയിലൂടെ വളര്‍ന്നുവന്നു. ആരെയും ആകര്‍ഷിക്കുന്ന കാന്തശക്തിയുടെ ഉടമയായിരുന്നു സാവര്‍ക്കര്‍. അസാധാരണമായ ആര്‍ജ്ജവം, അപൂര്‍വ പ്രതിഭ, കൂര്‍മ്മബുദ്ധി, പിശാചിനെയും മരണത്തെയും കൂസാത്ത ധൈര്യം, കല്ലിനെ ദ്രവിപ്പിക്കാനും ശവത്തെ എഴുന്നേല്പിച്ചുനിര്‍ത്താനും കഴിയുന്ന വാഗ്വിലാസം എന്നിങ്ങനെയുള്ള ഗുണങ്ങള്‍ അദ്ദേഹത്തെ ഉജ്വലനായ ഒരു പോരാളിയാക്കിമാറ്റി.
മിത്രമേള നിരവധി പൊതുപരിപാടികള്‍ സംഘടിപ്പിച്ചു. ലോകമാന്യ തിലകനെ മാതൃകയാക്കി ഗണേശോത്സവവും ശിവാജി ഉത്സവവും ആവേശപൂര്‍വ്വം നടത്തി പ്രസംഗപരമ്പരകള്‍, മത്സരങ്ങള്‍ പ്രതിവാര പഠനക്ലാസ് എന്നിവയിലൂടെ സാവര്‍ക്കര്‍ നാസിക്കിന്റെ പൊതുരംഗത്ത് പരിവര്‍ത്തനമുണ്ടാക്കി. ക്രമേണ മിത്രമേളയുടെ തനിസ്വരൂപം ജനങ്ങള്‍ക്ക് മനസ്സിലായിത്തുടങ്ങി. 1901 ജനുവരി 22ന് വിക്‌ടോറിയ രാജ്ഞി അന്തരിച്ചപ്പോള്‍ നാടെങ്ങും പല സംഘടനകളും അനുശോചനയോഗങ്ങള്‍ നടത്തി. സര്‍ക്കാരിന്റെ രോഷത്തില്‍ നിന്നു രക്ഷപ്പെടാന്‍ മിത്രമേള അനുശോചനയോഗം നടത്തണോ എന്ന പ്രശ്‌നം ചര്‍ച്ചയ്ക്കു വന്നപ്പോള്‍ സാവര്‍ക്കര്‍ തന്റെ അഭിപ്രായം ഇങ്ങനെ വ്യക്തമാക്കി: ”രാജാവോ രാജ്ഞിയോ ആരെങ്കിലും മരിക്കട്ടെ. പ്രശ്‌നം ആരുടെ രാജാവ് അഥവാ രാജ്ഞി എന്നതാണ്. ഇംഗ്ലണ്ടിന്റെ രാജ്ഞി ആ വര്‍ഗത്തിന്റെ രാജ്ഞിയാണ്; അതായത് നമ്മുടെ ശത്രുക്കളുടെ.അതിന് നാം വിശ്വസ്ത പ്രജകളെ പോലെ ദുഃഖം പ്രകടിപ്പിക്കുകയാണെങ്കില്‍ അത് അന്തിമ വിശകലനം ചെയ്യുമ്പോള്‍ വിശ്വസ്തത കൊണ്ടല്ല, നമ്മെ ഭയചകിതരാക്കുന്ന അടിമ മനഃസ്ഥിതി കൊണ്ടാണെന്നു ബോദ്ധ്യമാവും.” അനുശോചനയോഗം ചേരേണ്ടെന്നു മാത്രമല്ല ആരെങ്കിലും ചേര്‍ന്നാല്‍ എതിര്‍ക്കണമെന്നും സാവര്‍ക്കര്‍ അഭിപ്രായപ്പെട്ടു.
സാവര്‍ക്കര്‍ ത്ര്യംബകേശ്വരത്തു ചെന്നപ്പോള്‍ അവിടത്തെ ജനങ്ങള്‍ ഉത്സാഹപൂര്‍വ്വം എഡ്വാര്‍ഡ് ഏഴാമന്റെ സ്ഥാനാരോഹണം ആഘോഷിക്കുന്നതാണ് കണ്ടത്. നാടെങ്ങും കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. ഒരു പ്രഭാതത്തില്‍ നഗരഭിത്തിയിലെ ചുവരെഴുത്തുകള്‍ കണ്ട് ജനങ്ങള്‍ ഞെട്ടിത്തരിച്ചു. ”നിങ്ങളുടെ മാതൃഭൂമിയെ അടിമയാക്കിയ രാജാവിന്റെ കിരീടധാരണമാണ് നിങ്ങള്‍ ആഘോഷിക്കുന്നത്. ഇത് കിരീടധാരണമല്ല, അടിമത്തദിനാഘോഷമാണെന്ന് അറിയുന്നില്ലേ? വിദേശരാജാവിനോടുള്ള കൂറ് നാടിനോടും നാട്ടുകാരോടുമുള്ള വഞ്ചനയല്ലേ? ” എന്നിങ്ങനെയായിരുന്നു ചുവരെഴുത്തുകള്‍. ”എഡ്വാര്‍ഡ് ഏഴാമന്‍ നമ്മുടെ പിതാവു തന്നെ” എന്ന് ഒരു രാജഭക്തന്‍ പ്രസംഗിച്ചപ്പോള്‍ പിറ്റേന്നത്തെ ചുവരെഴുത്ത് ഇങ്ങനെയായിരുന്നു: ”എഡ്വാര്‍ഡ് താങ്കളുടെ പിതാവാണെങ്കില്‍ അയാളും നിങ്ങളുടെ വീട്ടിലെ അമ്മയും തമ്മിലുള്ള ബന്ധമെന്താണ്? ” അതോടെ ഇത്തരം അസംബന്ധ പ്രസംഗങ്ങള്‍ നിലച്ചു.
1904ല്‍ മിത്രമേളക്കാര്‍ നാസിക്കില്‍ ഒരു പ്രകടനവും സമ്മേളനവും നടത്തി. 200 വിപ്ലവകാരികളാണ് ഇതില്‍ പങ്കെടുത്തത്. സമ്മേളനത്തില്‍ വെച്ച് പ്രസ്ഥാനത്തിന്റെ പേര് ‘അഭിനവഭാരത്’ എന്നാക്കി മാറ്റി. സംഘടന അതിവേഗം വളരാന്‍ തുടങ്ങി. ബംഗാള്‍ വിഭജനം വന്നതോടെ അതിനെ എതിര്‍ത്തുകൊണ്ട് സ്വദേശി ആചരണവും വിദേശ വസ്തു ബഹിഷ്‌ക്കരണവും വ്യാപകമായി സംഘടിപ്പിച്ചു.
സാവര്‍ക്കര്‍ പൂനെയിലെ ഫെര്‍ഗൂസന്‍ കോളേജില്‍ പഠിക്കാന്‍ തുടങ്ങിയതോടെ ലോകമാന്യ തിലകന്റെ കടുത്ത ആരാധകനായി. അദ്ദേഹവും ജ്യേഷ്ഠന്‍ ബാബാ സാവര്‍ക്കറും വിദേശവസ്ത്ര ബഹിഷ്‌ക്കരണം ഊര്‍ജ്ജിതപ്പെടുത്തി. വസ്ത്രങ്ങള്‍ ദഹിപ്പിച്ചുകൊണ്ട ആളിക്കത്തുന്ന അഗ്നിയെ ചൂണ്ടിക്കാട്ടി, ഇതുപോലെ ഇംഗ്ലീഷ് ഭരണത്തിനു തന്നെ തീ കൊടുക്കാന്‍ സാവര്‍ക്കര്‍ വിപ്ലവകാരികളെ ആഹ്വാനം ചെയ്തു.
സാവര്‍ക്കര്‍ 1906ല്‍ ബി.എ. പാസ്സായി. നിയമം പഠിക്കാന്‍ ഇംഗ്ലണ്ടില്‍ പോകണമെന്നു തീരുമാനിക്കപ്പെട്ടു. വിദേശത്ത് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയായിരുന്നു ഇതിന്റെ പിന്നിലുള്ള ഉദ്ദേശ്യം. പണ്ഡിറ്റ് ശ്യാംജി കൃഷ്ണവര്‍മ്മ എന്ന വിപ്ലവകാരി ലണ്ടനില്‍ താമസിച്ചുകൊണ്ട് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഭാരതീയ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അദ്ദേഹം സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ലോകമാന്യന്റെ ശുപാര്‍ശ പ്രകാരം സാവര്‍ക്കര്‍ക്കും ശ്യാംജിയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ചതുകൊണ്ടാണ് ലണ്ടനില്‍ പഠിക്കാന്‍ പോകാനായത്.
ലണ്ടനിലെത്തിയ സാവര്‍ക്കര്‍ ശ്യാംജി കൃഷ്ണവര്‍മ്മയുടെ അടുത്ത സഹപ്രവര്‍ത്തകനായി. ‘ഇന്ത്യാ ഹൗസ്’ എന്ന പേരില്‍ വിവിധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ ഒരു സ്ഥാപനം ശ്യാംജി അവിടെ നടത്തിയിരുന്നു. അഗാധമായ സംസ്‌കൃത പാണ്ഡിത്യം നേടിയ ശ്യാംജി ആര്യസമാജ സ്ഥാപകന്‍ സ്വാമി ദയാനന്ദ സരസ്വതിയുടെ ഇഷ്ട ശിഷ്യനായിരുന്നു.

ആര്യസമാജത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അദ്ദേഹം സംസ്‌കൃത പണ്ഡിതന്മാരുടെ പോലും പ്രശംസ പിടിച്ചുപറ്റി. പ്രഭാഷകനായി പ്രശസ്തി നേടിയ ശ്യാംജി കേംബ്രിഡ്ജിലെ കോളേജുകളില്‍ പ്രൊഫസറായി പ്രവര്‍ത്തിച്ചു. ഭാരതത്തിലേക്കു മടങ്ങിയശേഷം ചില നാട്ടുരാജ്യങ്ങളില്‍ ദിവാനായി ക്ഷണിക്കപ്പെട്ടു. ഉദയ്പൂരില്‍ ദിവനായിരിക്കെ ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കുകയല്ല, ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് തന്റെ കടമയെന്ന് തിരിച്ചറിഞ്ഞു. അതിന് ഏറ്റവും പറ്റിയത് വിദേശത്താണെന്നു മനസ്സിലാക്കി.
(തുടരും)