- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- ഭാവിയുടെ ദാര്‍ശനികനായ ശ്രീഅരവിന്ദന്‍ ( സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 9)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിപ്ലവകരമായ ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന് ‘യുഗാന്തര്‍’ എന്ന പേരില്‍ ഒരു വാരിക ആരംഭിക്കപ്പെട്ടു. 1906 മാര്‍ച്ചില്‍ തുടങ്ങിയ ഈ വാരികയില്‍ അരവിന്ദന്‍ നിരവധി ലേഖനങ്ങള്‍ എഴുതി. ജനഹൃദയങ്ങളില്‍ ആവേശം പകരുന്ന അഗ്നിസ്ഫുലിംഗങ്ങളായിരുന്നു ഇതിലെ ഓരോ വാക്കുകളും. ചൂടപ്പം പോലെയാണ് യുഗാന്തര്‍ വില്‍ക്കപ്പെട്ടത്. വാരിക വായിച്ച വിദ്യാര്‍ത്ഥികളും യുവാക്കളും സ്വാതന്ത്ര്യസമരത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു.
ബംഗാളി ഭാഷയിലുള്ള യുഗാന്തറിനു സമാന്തരമായി ഇംഗ്ലീഷില്‍ ‘വന്ദേമാതരം’ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. 1906 ആഗസ്റ്റ് 6ന് ആദ്യലക്കം പുറത്തുവന്നു. പ്രശസ്തനായ ബിപിന്‍ ചന്ദ്രപാലാണ് ഇതിനു മുന്‍കൈയെടുത്തത്. അരവിന്ദന്‍ തന്നെയായിരുന്നു വന്ദേമാതരത്തില്‍ മുഖപ്രസംഗങ്ങളും പ്രധാന ലേഖനങ്ങളും എഴുതിയിരുന്നത്. ശക്തമായ ഇംഗ്ലീഷില്‍ രചിക്കപ്പെട്ട അവ ബ്രിട്ടീഷുകാരെ കിടിലം കൊള്ളിക്കുകയും ജനങ്ങളെ ആവേശഭരിതരാക്കുകയും ചെയ്തു. വന്ദേമാതരത്തിന് ഭാരതത്തിലുടനീളം പ്രചാരമുണ്ടായിരുന്നു.
ഇതേ സമയത്തുതന്നെയാണ് ദേശീയ വിദ്യാഭ്യാസം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ബംഗാള്‍ നാഷണല്‍ കോളേജ് ആരംഭിക്കുന്നത്. വിദേശവിദ്യാഭ്യാസം വരുത്തിവെച്ച വിനകള്‍ക്ക് ഒരു പ്രതിവിധി എന്ന നിലയില്‍ ഭാരതത്തിന്റെ പ്രധാനഭാഗങ്ങളിലെല്ലാം ദേശീയ സ്ഥാപനങ്ങള്‍ നിലവില്‍ വരുന്നതിന്റെ മുന്നോടിയായിരുന്നു അത്. ദേശസ്‌നേഹിയായ സുബോധ് മല്ലിക്ക് ആണ് കോളേജ് തുടങ്ങാന്‍ ഒരു ലക്ഷംരൂപ സംഭാവന ചെയ്തത്. അരവിന്ദനെ പ്രിന്‍സിപ്പ ലായി നിയമിക്കണമെന്ന ഒരു വ്യവസ്ഥയും അദ്ദേഹം മുന്നോട്ടു വെച്ചു. തീരുമാനം പ്രഖ്യാപിച്ച മഹാസമ്മേളനത്തില്‍ പങ്കെടുത്ത ജനങ്ങള്‍ ‘രാജാ’ എന്ന സ്ഥാനം നല്‍കി സുബോധ് മല്ലിക്കിനെ ആദരിച്ചു. അങ്ങനെ ബറോഡയിലെ ജോലി രാജിവെച്ച് അരവിന്ദന്‍ ബംഗാള്‍ നാഷണല്‍ കോളേജിന്റെ ആദ്യ പ്രിന്‍സിപ്പലായി ചുമതലയേറ്റു.
1906 ഏപ്രില്‍ 14-നാണ് സ്വാതന്ത്ര്യസമര ചരിത്രത്തിലെ ശ്രദ്ധേയമായ ബാരിസാല്‍ സമ്മേളനം നടന്നത്. വന്ദേമാതരവും ഘോഷയാത്രയും നിരോധിക്കപ്പെട്ടെങ്കിലും അരവിന്ദനും സുരേന്ദ്രനാഥ ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും നിരോധനം ലംഘിച്ച് ഘോഷയാത്ര നടത്തി. പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. വന്ദേമാതരം മുഴക്കിക്കൊണ്ട് ജനങ്ങള്‍ അതിനെ നേരിട്ടു.
1905ല്‍ കല്‍ക്കത്താ പ്രസിഡന്‍സി കോളേജിലെ ഇംഗ്ലീഷുകാരനായ ഒരദ്ധ്യാപകന്‍ ബംഗാളികളെ അധിക്ഷേപിച്ചു സംസാരിച്ചപ്പോള്‍ ഉല്ലാസ്‌കര്‍ ദത്ത് സ്വന്തം ചെരിപ്പൂരി ആ അദ്ധ്യാപകനെ അടിച്ചു. അടിയോടൊപ്പം നൂറുകണക്കിന് കണ്ഠങ്ങളില്‍ നിന്ന് ‘വന്ദേമാതര’ ഘോഷവും ഉയര്‍ന്നു. വന്ദേമാതരം ഒരു പോര്‍വിളിയായി മാറിയിരിക്കുന്നുവെന്നാണ് ബംഗാളിയായിരുന്ന കോളേജ് പ്രിന്‍സിപ്പല്‍ അഭിപ്രായപ്പെട്ടത്.
1906 ഡിസംബര്‍ അവസാനം കല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ അരവിന്ദന്‍ പങ്കെടുത്തു. തിലകനെ അദ്ധ്യക്ഷനാക്കാന്‍ ദേശീയവാദികള്‍ നടത്തിയ ശ്രമം ലണ്ടനില്‍ നിന്ന് ദാദാബായ് നവറോജിയെ വരുത്തി മിതവാദികള്‍ തടഞ്ഞു. എങ്കിലും സ്വദേശി, ബഹിഷ്‌ക്കരണം, ദേശീയ വിദ്യാഭ്യാസം, സ്വാതന്ത്ര്യം എന്നിവ ഉള്‍പ്പെടുന്ന പ്രമേയം അംഗീകരിപ്പിക്കാന്‍ കഴിഞ്ഞു.
പത്രപ്രവര്‍ത്തനം, അദ്ധ്യാപനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെ അരവിന്ദന്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തി. അദ്ദേഹത്തെ എങ്ങനെയെങ്കിലും നാടുകടത്തണമെന്ന് ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചു. 1907 മെയ് മാസത്തില്‍ ബംഗാള്‍ ഗവര്‍ണറായിരുന്ന ഫ്രേസര്‍ ഗവര്‍ണര്‍ ജനറല്‍ മണ്‍റോയ്ക്ക് ഈ ആവശ്യമുന്നയിച്ചു കത്തെഴുതി: ”അയാളാണ് നേതാവ്. ശിഷ്യന്മാര്‍ ഗുരുവിനെ എന്നപോലെയാണ് എല്ലാവരും അയാളെക്കുറിച്ചു പറയുന്നതും കണക്കാക്കുന്നതും.”
യുഗാന്തറിലെ ചില ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ 1907 ജൂലായ് 27ലെ വന്ദേമാതരത്തിന്റെ മേല്‍ സര്‍ക്കാര്‍ കേസെടുക്കുകയും രാജ്യദ്രോഹക്കുറ്റം ചുമത്തി അരവിന്ദനെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതുവരെ തിരശ്ശീലയ്ക്കു പിന്നിലിരുന്നു പ്രവര്‍ത്തിച്ചിരുന്ന അരവിന്ദനെ സര്‍ക്കാര്‍ തന്നെ ഈ നടപടിയിലൂടെ ഏറെ പ്രശസ്തനാക്കി. പക്ഷെ കേസ് പരാജയപ്പെട്ടു. അരവിന്ദന്‍ പത്രാധിപരോ പ്രസാധകനോ ആണെന്ന് രേഖാമൂലം തെളിയിക്കാന്‍ കഴിഞ്ഞില്ല. തെളിവു കൊടുക്കാന്‍ വിസമ്മതിച്ചതിന് ബിപിന്‍ചന്ദ്രപാലിന് ആറുമാസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു.
1907ല്‍ നടന്ന മിഡ്‌നാപ്പൂര്‍ സമ്മേളനത്തില്‍ ദേശീയവാദികളുടെ നേതാവെന്ന നിലയില്‍ അരവിന്ദന്‍ പങ്കെടുത്തു. തുടര്‍ന്ന് 1907 ഡിസംബര്‍ അവസാനവാരം സൂറത്തില്‍ വെച്ചു നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. മിതവാദികളും തീവ്രവാദികളും ഏറ്റുമുട്ടിയ ഈ സമ്മേളനം തല്ലിപ്പിരിയുകയാണ് ചെയ്തത്. തിലകനും അരവിന്ദനും നേതൃത്വം നല്‍കിയ തീവ്രവാദി വിഭാഗം മിതവാദികളോട് സന്ധിയില്ലാത്ത പോരാട്ടത്തിനു തയ്യാറായി. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ മിതവാദത്തിന്റെ അന്ത്യം കുറിച്ച സമ്മേളനമായിരുന്നു സൂറത്ത് സമ്മേളനം. മിതവാദികള്‍ക്കു കീഴടങ്ങാതെ അവരെ നേരിടാന്‍ തിലകനോടുപോലും ആലോചിക്കാതെ നിര്‍ദ്ദേശം നല്‍കിയത് അരവിന്ദനായിരുന്നു.
സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വല അദ്ധ്യായങ്ങളിലൊന്നാണ് ആലിപ്പൂര്‍ ബോംബ് കേസ്. അരവിന്ദനെ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധേയനാക്കിയതും അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയതും ഈ കേസാണ്. മര്‍ദ്ദനങ്ങള്‍ കൊണ്ടു കുപ്രസിദ്ധി നേടിയ കിംഗ്‌സ് ഫോര്‍ഡ് എന്ന മജിസ്‌ട്രേറ്റിനെ വധിക്കാന്‍ വിപ്ലവകാരികള്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ കേസ്. വിപ്ലവകാരികളുടെ സംഘടനയായ അനുശീലന്‍ സമിതി അക്കാലത്ത് ബംഗാളില്‍ ശക്തമായ പ്രവര്‍ത്തനം നടത്തിയിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ ആന്‍ഡ്രു ഫ്രേസര്‍ യാത്ര ചെയ്തിരുന്ന ട്രയിന്‍ പാളം തെറ്റിക്കാന്‍ 1907 ഡിസംബറില്‍ ശ്രമം നടന്നെങ്കിലും പദ്ധതി വിജയിച്ചില്ല.
കിംഗ്‌സ് ഫോര്‍ഡിനെ വിപ്ലവകാരികള്‍ വധിക്കുമെന്ന് ഭയന്ന് കല്‍ക്കത്തയില്‍ നിന്ന് മുസാഫര്‍പൂരിലേക്കു സ്ഥലം മാറ്റി. അദ്ദേഹത്തെ പിന്തുടര്‍ന്ന് അവിടെയെത്തിയ ഖുദിറാം ബോസും പ്രഫുല്ലചാക്കിയും കിംഗ്‌സ്‌ഫോഡ് ഉണ്ടെന്ന് കരുതപ്പെട്ട കുതിരവണ്ടിയിലേക്ക് ബോംബെറിഞ്ഞു. അതില്‍ രണ്ടു വിദേശ വനിത കളാണ് ഉണ്ടായിരുന്നത്. അവര്‍ തല്‍ക്കഷണം മരിച്ചു. ഖുദിറാം ബോസും പ്രഫുല്ലചാക്കിയും പോലീസ് പിടിയിലായി. പ്രഫുല്ലചാക്കി സ്വയം വെടിവെച്ച് ബലിദാനിയായി. ഖുദിറാം ബോസിനെ പിന്നീട് തൂക്കിക്കൊന്നു.
ബോംബ് സ്‌ഫോടനം ഗൗരവമായയെടുത്ത സര്‍ക്കാര്‍ വിപ്ലവകാരികളെ വേട്ടയാടന്‍ തുടങ്ങി. അരവിന്ദന്റെയും അനുജന്‍ ബരീന്ദ്രന്റെയും ഉടമസ്ഥതയിലുണ്ടായിരുന്ന മണിക് തോല ഉദ്യാനം വിപ്ലവകാരികളുടെ ഒരു താവളമായിരുന്നു. പോലീസ് അവിടെയെത്തി ബരീന്ദ്രനെയും സഹപ്രവര്‍ത്തകരെയും അറസ്റ്റു ചെയ്തു. 1908 മെയ് 2-ന് അരവിന്ദനെയും അറസ്റ്റു ചെയ്തു. അവരെ ആലിപ്പൂര്‍ ജയിലിലടച്ചു. ദേശീയ ശ്രദ്ധ ആകര്‍ഷിച്ച ഒരു കേസായിരുന്നു ഇത്. 30 പ്രതികള്‍, 200 സാക്ഷികള്‍, 4000 രേഖകള്‍, 5000 തൊണ്ടികള്‍ എന്നിവ ഉണ്ടായിരുന്നു. കേസു തീരാന്‍ ഒരു വര്‍ഷമെടുത്തു. മാപ്പുസാക്ഷിയായി മാറിയ നരേന്ദ്രഗോസയിനെ കനൈലാല്‍ ദത്തും സത്യേന്ദ്ര ബാബുവും ജയിലിനകത്തുവെച്ചു തന്നെ വെടിവെച്ചുകൊന്നത് അധികൃതരെ ഞെട്ടിച്ചു. ഇവരെ രണ്ടുപേരെയും തൂക്കിക്കൊന്നു. ഷംസുല്‍ ആലം എന്ന പ്രോസിക്യൂട്ടറെ ഹൈക്കോടതിയുടെ ഇടനാഴിയില്‍ വെച്ച് ഒരാള്‍ കൊല ചെയ്ത് ഓടിപ്പോയി. അയാളെ പോലീസ് പിടികൂടി വിചാരണ ചെയ്ത് തൂക്കിക്കൊന്നു. സാക്ഷിയായ പോലീസ് ഓഫീസര്‍ ബാനര്‍ജി വിസ്തരിക്കപ്പെടുന്നതിനു മുമ്പുതന്നെ വെടിയേറ്റു മരിച്ചു. ഘാതകനെ ഒരിക്കലും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ചുമതല നിര്‍വ്വഹിച്ച ആശുതോഷ് വിശ്വാസും കൊലചെയ്യപ്പെട്ടു. പ്രതിയെ പോലീസ് പിടികൂടി തൂക്കിക്കൊന്നു.
വിചാരണയുടെ നാളുകളില്‍ ചീഫ് പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന നോര്‍ട്ടന്റെ സൂട്ട്‌കെയ്‌സിനുമുകളില്‍ ഉണ്ട നിറച്ച തോക്ക് സ്ഥിരമായി വെക്കാന്‍ അനുവദിച്ചിരുന്നു. അത്രയ്ക്ക് ഭീകരമായിരുന്നു കോടതിയിലെ അന്തരീക്ഷം. ഇംഗ്ലണ്ടില്‍ ഐസിഎസ്സിനു പഠിക്കുമ്പോള്‍ അരവിന്ദന്റെ സമകാലികനായിരുന്ന ബീച്ച് ക്രോഫ്ടായിരുന്നു ജഡ്ജി. 1909 മെയ് 6-ന് വിധി പ്രസ്താവിക്കപ്പെട്ടു. അരവിന്ദനും ഏതാനും പേരും കുറ്റവിമുക്തരാക്കപ്പെട്ടു. ബരീന്ദ്രകുമാര്‍, ഉല്ലാസ്‌കര്‍ ദത്ത എന്നിവര്‍ക്ക് വധശിക്ഷയാണ് വിധിച്ചതെങ്കിലും അപ്പീലില്‍ അത് ജീവപര്യന്തമായി കുറച്ചു. അവരെ ആന്തമാനിലേക്ക് നാടുകടത്തി. മറ്റു പ്രതികള്‍ക്ക് വ്യത്യസ്ത കാലയളവില്‍ ശിക്ഷ ലഭിച്ചു.
പ്രശസ്തനായ സി.ആര്‍. ദാസാണ് അരവിന്ദനുവേണ്ടി കേസില്‍ ഹാജരായത്. വിചാരണ ഉപസംഹരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ ഈ വാക്കുകള്‍ പ്രവചനതുല്യമായിത്തീര്‍ന്നു: ”ബഹുമാനപ്പെട്ട കോടതിയോട് എനിക്കുള്ള അഭ്യര്‍ത്ഥന ഇതാണ്. ഇന്നത്തെ ഈ തര്‍ക്കങ്ങളെല്ലാം നിശ്ശബ്ദതയില്‍ ലയിച്ചുപോവുകയും ഈ കോളിളക്കങ്ങളും പ്രക്ഷോഭങ്ങളും അവസാനിക്കുകയും ഈ വ്യക്തി മരിച്ചു മണ്ണടിയുകയും ചെയ്ത്, ദീര്‍ഘകാലങ്ങള്‍ക്കു ശേഷവും ദേശപ്രേമത്തിന്റെ കവിയായും ദേശീയത്വത്തിന്റെ പ്രവാചകനായും അദ്ദേഹം സമാദരിക്കപ്പെടും. അദ്ദേഹം മരിച്ചു മണ്ണടിഞ്ഞു വളരെ നാളുകള്‍ പോയ്‌പോയശേഷവും അദ്ദേഹത്തിന്റെ വാക്കുകള്‍ ഭാരതത്തിന്റെ മാത്രമല്ല വിദൂര സമുദ്രങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും അപ്പുറത്തും ധ്വനിക്കുകയും പ്രതിധ്വനിക്കുകയും ചെയ്യും. അതിനാല്‍ ഞാന്‍ പറയുന്നത്, അദ്ദേഹത്തിന്റെ നിലയിലുള്ള ഒരാള്‍, കേവലം ഈ കോടതിയുടെ സന്നിധിയിലല്ല നിലകൊള്ളുന്നത്. പിന്നെയോ, ചരിത്രത്തിന്റെ നീതിന്യായകോടതിയുടെ സന്നിധിയിലാണ്.”
ജയില്‍മോചിതനായ അരവിന്ദന്‍ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങി. പൊതുസമ്മേളനങ്ങളിലും യോഗങ്ങളിലും പങ്കെടുത്തതിനുപുറമേ രണ്ട് പുതിയ വാരികകളും തുടങ്ങി – ഇംഗ്ലീഷില്‍ ‘കര്‍മ്മയോഗി’യും ബംഗാളിയില്‍ ‘ധര്‍മ്മ’യും. ഇവയില്‍ രാഷ്ട്രീയ കാര്യങ്ങള്‍ക്കുപുറമെ മറ്റു വിഷയങ്ങളും പ്രതിപാദിച്ചു. ഉത്തര പ്പാറയില്‍ വെച്ച് 1909 മെയ് 30ന് അദ്ദേഹം ചരിത്രപ്രസിദ്ധമായ ഒരു പ്രസംഗം നടത്തി. ഭാരതം ഉണരുന്നത് ലോകത്തിനുവേണ്ടിയാണെന്നും സനാതന ധര്‍മ്മമാണ് ഭാരതത്തിന്റെ ദേശീയതയെന്നും അരവിന്ദന്‍ പ്രഖ്യാപിച്ചത് ഈ സമ്മേളനത്തില്‍ വെച്ചാണ്. ജയിലില്‍ വെച്ച് തനിക്കുണ്ടായ ആദ്ധ്യാത്മികാനുഭൂതികളെക്കുറിച്ചും വിവരിച്ചു. യോഗസാധനയില്‍ സ്വാമി വിവേകാനന്ദന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ‘വാസുദേവഃ സര്‍വ്വമിതി’ എന്ന ദര്‍ശനം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ മര്‍ദ്ദനമുറകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അരവിന്ദനെതിരെ വീണ്ടും കേസെടുക്കാനും അദ്ദേഹത്തെ നാടുകടത്താനും ആലോചനകള്‍ നടന്നു. ബ്രിട്ടീഷ് ഇന്ത്യയ്ക്ക് പുറത്തുപോയി പ്രവര്‍ത്തിക്കാന്‍ അരവിന്ദനെ ഭഗിനി നിവേദിത ഉപദേശിച്ചു. കര്‍മ്മയോഗിയില്‍ എഴുതിയ ലേഖനത്തിന്റെ പേരില്‍ സര്‍ക്കാര്‍ കേസെടുത്തെങ്കിലും മിതഭാഷയിലെഴുതിയ ആ ലേഖനം കുറ്റകരമല്ലെന്നു കോടതി വിധിച്ചു. 1910 ഫെബ്രുവരി മാസത്തില്‍ ഒരു ദിവസം രാത്രി അരവിന്ദന്‍ കര്‍മ്മയോഗിയുടെ ഓഫീസിലിരുന്നു ജോലി ചെയ്യവേ പോലീസ് റെയ്ഡ് നടത്താന്‍ സാദ്ധ്യതയുണ്ടെന്ന വാര്‍ത്ത ലഭിച്ചു. എന്തു ചെയ്യണമെന്ന് ആലോചിച്ചപ്പോള്‍ ”ഫ്രഞ്ചധീനത്തിലുള്ള ചന്ദ്രനഗറിലേക്കു പോകൂ” എന്ന ഒരാദേശം അദ്ദേഹത്തിനു ലഭിച്ചു.
ഉടനെ അദ്ദേഹം ചന്ദ്രനഗറിലേക്കു പോയി. തന്നെ സദാ നിരീക്ഷിച്ചുകൊണ്ടിരുന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ണുവെട്ടിച്ചാണ് അദ്ദേഹം അവിടേക്കു പോയത്. ഏതാനും ദിവസം അവിടെ ഒളിവില്‍ താമസിച്ചശേഷം 1910 ഏപ്രില്‍ 4ന് അതിസാഹസികമായി അദ്ദേഹം പോണ്ടിച്ചേരിയിലെത്തി. ഫ്രഞ്ചധീനത്തിലായിരുന്ന അവിടെ അദ്ദേഹം ഏകാന്തസാധന അനുഷ്ഠിച്ചു. അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ ബ്രിട്ടീഷു സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ക്രമേണ അരവിന്ദന്റെ വാസ്ഥാനം കേന്ദ്രമാക്കി ശിഷ്യന്മാരുടെ ഒരു കൂട്ടായ്മ രൂപപ്പെട്ടുവന്നു. അതാണ് പിന്നീട് ശ്രീ അരവിന്ദാശ്രമമായി വളര്‍ന്നത്. ഫ്രാന്‍സില്‍ നിന്നെത്തിയ ‘മിറ അല്‍ഫസ’ എന്ന ആദ്ധ്യാത്മിക സഹയോഗിയാണ് ആശ്രമത്തെ ഇന്നു കാണുന്ന തരത്തില്‍ വികസിപ്പിച്ചത്. 1914-18 കാലത്ത് ‘ആര്യ’ എന്ന പേരില്‍ ഒരു മാസിക അരവിന്ദന്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിലെഴുതിയ ലേഖനപരമ്പരകളാണ് പിന്നീട് ശ്രീ അരവിന്ദന്റെ ബൃഹദ് കൃതികളായി പ്രസിദ്ധീകരിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണകൃതികള്‍ ഇപ്പോള്‍ 37 വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഒരു രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്നും മഹായോഗിയായി, ലോകമെങ്ങും അറിയപ്പെടുന്ന മഹര്‍ഷി വര്യനായി ശ്രീ അരവിന്ദന്‍ അറിയപ്പെടാന്‍ തുടങ്ങിയെങ്കിലും സ്വാതന്ത്ര്യമടക്കം ഭാരതവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അദ്ദേഹം സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ തന്റേതായ രീതിയില്‍ ഇടപെടുകയും ചെയ്തിരുന്നു. ക്രിപ്‌സ് മിഷന്‍ വന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങല്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ അടുത്തേയ്ക്ക് ദൂതനെ അയച്ചിരുന്നു. അത് സ്വീകരിക്കപ്പെട്ടിരുന്നെങ്കില്‍ ഭാരത വിഭജനമോ രക്തരൂക്ഷിതമായ കലാപങ്ങളോ ഉണ്ടാകുമായിരുന്നില്ല. അതുപോലെ ചൈനയുടെ ആക്രമണം ഉണ്ടാകാനുള്ള സാദ്ധ്യതയെക്കുറിച്ചും ശ്രീ അരവിന്ദന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അരവിന്ദ മഹര്‍ഷിയുടെ 75-ാം ജന്മദിനത്തിലാണ് 1947 ആഗസ്റ്റ് 15-ന് ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചത്. ആകാശവാണിയുടെ തൃശ്ശിനാപള്ളി നിലയത്തിലൂടെ അദ്ദേഹം നല്‍കിയ സന്ദേശം സ്വതന്ത്രഭാരതത്തിനുള്ള ഒരു മാര്‍ഗ്ഗദര്‍ശക രേഖയാണ്. വിഭജനം പോകണം, പോയേ തിരൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇല്ലെങ്കില്‍ ഭാവിയില്‍ ഭാരതത്തിനു യുദ്ധങ്ങള്‍ പോലും നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രവചന സ്വഭാവമുള്ളതായിത്തീര്‍ന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
1950 ഡിസംബര്‍ 5നാണ് മഹര്‍ഷി അരവിന്ദന്‍ സമാധിയായത്. യോഗസാധനയില്‍ പൂര്‍ണ്ണയോഗം എന്നൊരു ദര്‍ശനം തന്നെ അദ്ദേഹം മുന്നോട്ടുവെച്ചു. ഭാവിയുടെ ദാര്‍ശനികന്‍ എന്നാണ് ശ്രീ അരവിന്ദന്‍ അറിയപ്പെടുന്നത്. സ്വാതന്ത്ര്യസമരത്തില്‍ തന്റേതായ പങ്കു നിര്‍വ്വഹിച്ച അദ്ദേഹം പ്രപഞ്ച പരിണാമവുമായി ബന്ധപ്പെട്ട സവിശേഷമായ ഒരു ദര്‍ശനവും ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. മനുഷ്യനില്‍ എത്തിനില്‍ക്കുന്ന ജീവപരിണാമം ആന്തരിക തലത്തിലേക്ക് മാറി, മനുഷ്യന്‍ അതിമാനുഷനായിത്തീരുമെന്നായിരുന്നു അരവിന്ദദര്‍ശനം വിഭാവനം ചെയ്തത്. ഭാരതീയദര്‍ശനത്തിന്റെ കാലികമായ ഒരു ആവിഷ്‌ക്കാരം ലോകത്തിനു നല്‍കിയ ശ്രീ അരവിന്ദന്‍ അങ്ങനെ അനശ്വരനായിത്തീര്‍ന്നു.
(തുടരും)