- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- ശാന്തനായി കഴുമരത്തിലേക്ക് (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 11)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
ലണ്ടനിലെത്തിയ ശ്യാംജി ഭാരതീയ വിദ്യാര്‍ത്ഥികളെ പല തരത്തില്‍ സഹായിച്ചു. ക്രമേണ വിപ്ലവപ്രവര്‍ത്തനങ്ങളുടെ മുഖ്യചാലകശക്തിയായി. പൂര്‍ണ സ്വാതന്ത്ര്യസന്ദേശം പ്രചരിപ്പിക്കാന്‍ ‘ഇന്ത്യന്‍ സോഷ്യോളജിസ്റ്റ്’ എന്നൊരു മാസിക അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ‘ഹോംറൂള്‍ സൊസൈറ്റി’ എന്ന സംഘടനയും ശ്യാംജി ആരംഭിച്ചു. വിദേശത്തുപോയ ഭാരതീയ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശം നല്‍കിയ കേന്ദ്രമായി ‘ഇന്ത്യാഹൗസ്’ മാറി.
സാവര്‍ക്കറും ലാലാ ഹര്‍ദയാലും ലണ്ടനില്‍ എത്തിയതോടെ ശ്യാംജിയുടെ നേതൃത്വത്തില്‍ നടന്നിരുന്ന വിപ്ലവ പ്രവര്‍ത്തനങ്ങളുടെ ഗതിവേഗം വര്‍ദ്ധിച്ചു. അതുവരെ കളിതമാശകളില്‍ മുഴുകിയിരുന്ന വിദ്യാര്‍ത്ഥികള്‍ ഭാരതമാതാവിനെ കുറിച്ചു ചിന്തിക്കാന്‍ തുടങ്ങി. സാവര്‍ക്കര്‍ ലേഖനങ്ങളിലൂടെ ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തെ കടന്നാക്രമിച്ചു. സാവര്‍ക്കറെ പോലെ ലാലാഹര്‍ദയാലും സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു. പഞ്ചാബില്‍ ജനിച്ച അദ്ദേഹം എം.എ.വരെ എഴുതിയ പരീക്ഷകളിലെല്ലാം ഒന്നാമനായാണ് ജയിച്ചത്. ഉപരിപഠനത്തിനാണ് ഓക്‌സ്‌ഫോഡിലെത്തിയതെങ്കിലും സാവര്‍ക്കറെ പരിചയപ്പെട്ടതോടെ ജീവിതത്തിന്റെ ലക്ഷ്യം മാറി. മാതൃഭൂമിയുടെ മോചനത്തിനുവേണ്ടി പഠിത്തം തന്നെ ഉപേക്ഷിച്ചു. ബ്രിട്ടീഷുകാര്‍ നല്‍കുന്ന ഡിഗ്രിക്ക് പുല്ലു വിലയാണ് ലാലാ ഹര്‍ദയാല്‍ കല്‍പിച്ചത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടൊപ്പം ഇംഗ്ലീഷ് വേഷവും ഇംഗ്ലീഷ് ഭക്ഷണവുമെല്ലാം ഉപേക്ഷിച്ച് തികഞ്ഞ ഭാരതീയനായാണ് പിന്നീട് അദ്ദേഹം ലണ്ടനില്‍ ജീവിച്ചത്.
1906 അവസാനത്തോടെ സാവര്‍ക്കര്‍ ഇറ്റലിയിലെ വിപ്ലവകാരിയായ ജോസഫ് മസീനിയെക്കുറിച്ച് ‘ജോസഫ് മസീനി – ജീവചരിത്രവും രാഷ്ട്രീയവും’ എന്ന പുസ്തകം എഴുതിത്തീര്‍ത്തു. അതില്‍ അദ്ദേഹം ദേശീയതയുടെ സിദ്ധാന്തം ശാസ്ത്രീയമായി പ്രതിപാദിച്ചു. ഈ പുസ്തകം അനേകം യുവാക്കളെ ആവേശഭരിതരാക്കി. സാവര്‍ക്കറുടെ ജ്യേഷ്ഠന്‍ ഗണേശ് (ബാബാ) സാവര്‍ക്കര്‍ 1907ല്‍ ഇത് ഭാരതത്തില്‍ പ്രസിദ്ധീകരിച്ചു. രണ്ടു മാസത്തിനകം രണ്ടായിരം കോപ്പികളാണ് ചെലവായത്.
റഷ്യയിലെ വിപ്ലവകാരികളില്‍ നിന്ന് ബോംബ് നിര്‍മാണശാസ്ത്രം പഠിക്കാനും സാവര്‍ക്കര്‍ ശ്രമിച്ചു. സേനാപതി പി.എം. ബാപ്ടിനെ അതിനു നിയോഗിച്ചു. ബാപ്ട് അതില്‍ വിജയിക്കുകയും ചെയ്തു. ബോംബെ സര്‍വകലാശാലയില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പ് നേടിയാണ് ബാപ്ട് ഇംഗ്ലണ്ടിലെത്തിയതെങ്കിലും തീവ്ര രാഷ്ട്രീയ നിലപാടുകള്‍ കാരണം അധികൃതര്‍ സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു. ബാപ്ടിനെയും ശ്യാംജി സഹായിച്ചു. സാവര്‍ക്കറുമായി പരിചയപ്പെട്ടതോടെ ബാപ്ടും തന്റെ കഴിവുകള്‍ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ചു. പാരീസില്‍ പോയി ബോംബ് മാന്വല്‍ കൊണ്ടുവന്ന് പാര്‍ലമെന്റ് മന്ദിരത്തില്‍ ബോംബ് പൊട്ടിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. പക്ഷെ, ബോംബു നിര്‍മ്മാണ കല അഭിനവ ഭാരതിന്റെ ശാഖകളിലേക്ക് വ്യാപിപ്പിച്ച് അവര്‍ക്ക് കൂടുതല്‍ ഫലപ്രദമായ ആയുധം നല്‍കുന്നതായിരിക്കും ഉചിതം എന്ന സാവര്‍ക്കറുടെ അഭിപ്രായം സ്വീകരിച്ച് അതിനുവേണ്ടി ബാപ്ട് ഭാരതത്തിലേക്കു മടങ്ങി.
ബാപ്ടിനെ കൂടാതെ ഹേമേന്ദ്രദാസും മോട്ടിലാല്‍ വര്‍മ്മയും ഈ ബോംബ് മാനുവലിന്റെ പ്രതികള്‍ ഭാരതത്തിലേക്കു കൊണ്ടുവന്നിരുന്നു. 1908ല്‍ സാവര്‍ക്കര്‍ തന്നെ അതിന്റെ ഏതാനും പ്രതികള്‍ കല്ലച്ചിലടിപ്പിച്ച് ജ്യേഷ്ഠന് അയച്ചുകൊടുത്തു. മാനുവല്‍ കിട്ടിയ അഭിനവ ഭാരത് പ്രവര്‍ത്തകര്‍ ബോംബ് നിര്‍മ്മിക്കാന്‍ ബസീനില്‍ ഒരു രഹസ്യ ഫാക്ടറി സ്ഥാപിച്ചു. ബംഗാളിലെ ആലിപ്പൂര്‍ ബോംബ് കേസിലടക്കം വിപ്ലവകാരികള്‍ ഈ മാന്വല്‍ പ്രകാരമുള്ള ബോംബാണ് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു. ബോംബുകള്‍ക്കുശേഷം പിസ്റ്റളുകളും ഭാരതത്തിലേക്കു വരാന്‍ തുടങ്ങി. ചെരിപ്പുകളുടെയും പുസ്തകങ്ങളുടെയും പാര്‍സലുകളില്‍ അവ നൂറുകണക്കായി എത്തിക്കൊണ്ടിരുന്നു.
1907ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രമുഖ ദേശീയ നേതാവായ ലാലാ ലജ്പത് റായിയെ ബര്‍മ്മയിലേക്കു നാടുകടത്തിയത് ദേശവ്യാപകമായി വലിയ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചു. 1908ല്‍ നടന്ന ആലിപ്പൂര്‍ ബോംബ് കേസിനു ശേഷം വിപ്ലവകാരികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ മര്‍ദ്ദനമുറകള്‍ അഴിച്ചുവിട്ടു. ഭാരതത്തിലായിരുന്ന ലാലാ ഹര്‍ദയാല്‍ ലണ്ടനിലേക്കു മടങ്ങി. മറ്റു ചില വിപ്ലവകാരികളും വിദേശത്തുപോയി ഭാരതസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ചു. ഹര്‍ദയാല്‍ ലോകമാന്യ തിലകനുമായും ബന്ധപ്പെട്ടിരുന്നു.
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ 50-ാം വാര്‍ഷികം ഗംഭീരമായി ആഘോഷിക്കാന്‍ സാവര്‍ക്കര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 1908 മെയ് 8-ന് ഇന്ത്യാ ഹൗസില്‍ പ്രൗഢഗംഭീരമായ ഒരു പരിപാടി സംഘടിപ്പിച്ചു. ബ്രിട്ടീഷുകാര്‍ ശിപ്പായി ലഹളയെന്നു വിളിച്ച സ്വാതന്ത്ര്യ സമരത്തിന്റെ തനി സ്വഭാവം സാവര്‍ക്കര്‍ തന്റെ പ്രസംഗത്തിലൂടെ ഉജ്വലമായി അവതരിപ്പിച്ചു. മാതൃഭൂമിയില്‍ നിന്നും അകലെ ഇത്രയും വലിയ ഒരു ഭാരതീയ സമ്മേളനം അതിനു മുമ്പു നടന്നിട്ടില്ല. അന്നേദിവസം ഇന്ത്യാഹൗസ് പുഷ്പങ്ങളും ദീപങ്ങളും കൊണ്ട് കമനീയമായി അലങ്കരിക്കപ്പെട്ടിരുന്നു. ഒട്ടേറെ ഭാരതീയ വീരപുരുഷന്മാരുടെ ചിത്രങ്ങള്‍ വേദിയില്‍ അണിനിരത്തിയിരുന്നു. പുഷ്പങ്ങളുടെയും ധൂപത്തിന്റെയും സുഗന്ധം നിറഞ്ഞ ഇന്ത്യാ ഹൗസിലെ സഭാതലം ഭാരതമാതാവിനെ പ്രതിഷ്ഠിച്ച പവിത്രക്ഷേത്രം പോലെ ശോഭിച്ചു.
1908ലാണ് സാവര്‍ക്കര്‍ 1857ലെ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം എഴുതാനുള്ള ഗവേഷണം ആരംഭിച്ചത്. പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ ഈ പുസ്തകം ബ്രിട്ടീഷ് സര്‍ക്കാരിനെ പരിഭ്രമിപ്പിച്ചു. ലോകചരിത്രത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നതിനു മുമ്പുതന്നെ നിരോധിക്കപ്പെട്ട പുസ്തകം ഇതാണ്. വളരെ രഹസ്യമായി പ്രസിദ്ധീകരിക്കപ്പെട്ട അതിന്റെ പതിപ്പുകള്‍ അനേകലക്ഷം ഭാരതീയരില്‍ രാജ്യസ്‌നേഹവും അഭിമാനവും വളര്‍ത്തി. സാവര്‍ക്കര്‍ പുസ്തകമെഴുതിയത് മറാഠിയിലായിരുന്നു. അത് പ്രസിദ്ധീകരിക്കുന്നതിന് ജ്യേഷ്ഠന് അയച്ചുകൊടുക്കാന്‍ ശ്രമിച്ചെങ്കിലും ബ്രിട്ടീഷുകാരുടെ കണ്ണുവെട്ടിക്കാനുള്ള പ്രയാസം മൂലം അത് നടന്നില്ല. വിപ്ലവകാരിയായ വി.വി.എസ്. അയ്യര്‍ അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം തയ്യാറാക്കി രഹസ്യമായി ഹോളണ്ടിലെത്തിച്ച് അവിടെ വെച്ച് അച്ചടിപ്പിച്ചു. സ്‌കോട്‌ലാന്‍ഡിലെ ചാരന്മാര്‍ മുഖേന ബ്രിട്ടീഷുകാര്‍ അതിന്റെ ഏതാനും അദ്ധ്യായങ്ങള്‍ കരസ്ഥമാക്കുകയും പുസ്തകം നിരോധിക്കുകയും ചെയ്തു. പക്ഷെ പ്രസിദ്ധീകരിക്കും മുമ്പ് പുസ്തകം നിരോധിച്ച പ്രവൃത്തി നിയമവിരുദ്ധമായിരുന്നു. സാവര്‍ക്കര്‍ ഈ നടപടിക്കെതിരെ ഇംഗ്ലീഷ് പത്രങ്ങളില്‍ ശക്തമായ ലേഖനങ്ങളെഴുതി.
വിപ്ലവ പ്രവര്‍ത്തനങ്ങളുടെ ചൂടേറിയ കേന്ദ്രമായിത്തീര്‍ന്നു ലണ്ടന്‍. സാവര്‍ക്കറടക്കം പ്രമുഖ വിപ്ലവകാരികളെല്ലാം ബ്രിട്ടീഷ് രഹസ്യപ്പോലീസുകാരാല്‍ വേട്ടയാടപ്പെട്ടു. പണ്ഡിറ്റ് ശ്യാംജി കൃഷ്ണവര്‍മ്മ തന്റെ ആസ്ഥാനം ലണ്ടനില്‍ നിന്ന് പാരീസിലേക്കു മാറ്റി. അതോടെ പാരീസ് വിപ്ലവ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായി മാറി.
അതേസമയം യുവ വിപ്ലവകാരികള്‍ക്കെതിരെ ഭാരതത്തിലും കടുത്ത നീക്കങ്ങള്‍ ഉണ്ടായി. രാജാവിനെതിരെ കലാപത്തിന് ആഹ്വാനം നല്‍കുന്ന ലഘുലേഖകള്‍ കൈവശം വെച്ചുവെന്ന കുറ്റത്തിന് 1909 ഫെബ്രുവരി 28ന് ബാബാസാവര്‍ക്കറെ സര്‍ക്കാര്‍ അറസ്റ്റു ചെയ്തു. പ്രഹസനരൂപത്തിലുള്ള വിചാരണ നടത്തി. ജീവപര്യന്തം തടവിനും ആന്‍ഡമാനിലേക്ക് നാടുകടത്തുന്നതിനും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനും കോടതി ശിക്ഷിച്ചു.
വിവരം ലണ്ടനില്‍ എത്തിയപ്പോള്‍ സാവര്‍ക്കറുടെയും സുഹൃത്തുക്കളുടെയും ബ്രിട്ടീഷ് സര്‍ക്കാരിനോടുള്ള രോഷം കത്തിജ്വലിച്ചു. 1909 ജൂണ്‍ 20നു ചേര്‍ന്ന പ്രതിവാരയോഗത്തില്‍ ബ്രിട്ടീഷുകാരോട് പ്രതികാരം ചെയ്യുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു. അതിനുള്ള അവസരം താമസിയാതെ ഒത്തുവന്നു.
ലണ്ടനിലെ ഇന്ത്യാ ഓഫീസിന്റെ തലവനായിരുന്നു കഴ്‌സന്‍വാലി. ഇന്ത്യാ സെക്രട്ടറിയുടെ സകല നയങ്ങളെയും നിയന്ത്രിച്ചതും നയിച്ചതും അയാളായിരുന്നു. ബ്രിട്ടനില്‍ കഴ്‌സന്‍വാലിയെ അറിയാത്തവരായി ആരുമില്ല. ജൂലായ് 1ന് നാഷണല്‍ ഇന്ത്യന്‍ അസോസിയേഷന്‍ വാര്‍ഷിക യോഗം ജഹാംഗീര്‍ ഹാളില്‍ നിശ്ചയിച്ചിരുന്നു. അവിടെയെത്തിയ കഴ്‌സന്‍വാലി സുഹൃത്തുക്കളുമായി സല്ലപിച്ചു നടക്കുന്നതിനിടയില്‍ തന്റെ സുഹൃത്തിന്റെ മകനായ മദന്‍ലാല്‍ ധിംഗ്രയുടെ അടുത്തുമെത്തി. എന്തോ പറയാനായി വായ തുറന്നതേയുള്ളൂ. മദന്‍ലാന്‍ കൈയില്‍ കരുതിയിരുന്ന ആറു കുഴലുള്ള കൈത്തോക്കെടുത്ത് വാലിയുടെ നേരെ നിറയൊഴിച്ചു. അയാള്‍ അവിടെതന്നെ വീണ് അന്ത്യശ്വാസം വലിച്ചു. ധിംഗ്രയെ തടയാന്‍ വന്ന ഒരാള്‍ക്കും വെടിയേറ്റു.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ തലസ്ഥാനത്തുവെച്ച് മുതിര്‍ന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഒരു ഇന്ത്യക്കാരന്‍ വെടിവെച്ചുകൊന്ന വാര്‍ത്ത കേട്ട് ഇംഗ്ലീഷുകാര്‍ ഒന്നടങ്കം ഞെട്ടിത്തരിച്ചു. അടിമ മനഃസ്ഥിതിയുടെ സ്ഥാനത്ത് കാരിരുമ്പിന്റെ കരുത്ത് ഉണര്‍ന്നു വരുന്നതായി ലോകത്തിന് അനുഭവപ്പെട്ടുതുടങ്ങി.
പഞ്ചാബിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ധിംഗ്ര ജനിച്ചത്. ബ്രിട്ടീഷുകാരോട് അങ്ങേയറ്റം വിധേയത്വം പുലര്‍ത്തിയവരായിരുന്നു അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍. അച്ഛന്‍ ഡോ. സാഹിബ് ദിത്തമല്‍ പഞ്ചാബ് മെഡിക്കല്‍ സര്‍വീസില്‍ സിവില്‍ സര്‍ജനായിരുന്നു. ലാഹോറിലെ ഗവ. കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം എഞ്ചിനീയറിംഗില്‍ ഉപരിപഠനം നടത്താനാണ് ധിംഗ്രയെ ലണ്ടനിലേക്ക് അയച്ചത്. ഇന്ത്യാഹൗസില്‍ താമസിച്ച് വിപ്ലവകാരികളുമായി സമ്പര്‍ക്കത്തില്‍ വന്നതോടെ അയാളില്‍ ദേശീയബോധം ഉണര്‍ന്നു. രാജ്യത്തിനുവേണ്ടി ഏതു സാഹസകൃത്യവും ഏറ്റെടുക്കാന്‍ തയ്യാറായി. ആ തീരുമാനമാണ് കഴ്‌സന്‍വാലിയുടെ വധത്തില്‍ ചെന്നെത്തിയത്.
കഴ്‌സന്‍വാലിയുടെ വധത്തിനുശേഷം ആരെല്ലാമോ ചേര്‍ന്ന് ധിംഗ്രയെ പിടിച്ചുകെട്ടി. തികച്ചും അക്ഷോഭ്യനായിരുന്ന അദ്ദേഹം തന്റെ കണ്ണട നേരെ വെക്കട്ടെ എന്നാണ് അവരോടു പറഞ്ഞത്. ധിംഗ്ര കൈയില്‍ ഒരു പ്രസ്താവനയും കരുതിയിരുന്നു. അതിന്റെ തുടക്കം ഇങ്ങനെയായിരുന്നു. ”ഇന്ത്യന്‍ യുവാക്കളെ മനുഷ്യത്വരഹിതമായി നാടുകടത്തിയതിലും തൂക്കിക്കൊന്നതിലും എളിയരീതിയില്‍ പ്രതിഷേധിക്കാനാണ് ഞാന്‍ മനഃപൂര്‍വ്വം ഇംഗ്ലീഷുകാരന്റെ ചോര ചൊരിയാന്‍ ശ്രമിച്ചത്.”
മദന്‍ലാല്‍ ധിംഗ്ര കഴ്‌സന്‍വാലിയെ വധിച്ച വാര്‍ത്ത ഭാരതത്തില്‍ കാട്ടുതീപോലെ പടര്‍ന്നു. കമ്പിസന്ദേശം ലഭിച്ച മദന്‍ലാലിന്റെ പിതാവ് ‘അവനിനി എന്റെ മകനല്ല, അവന്‍ എന്റെ മുഖത്ത് കരിവാരിത്തേച്ചു’ എന്നു പറഞ്ഞാണ് മറുപടി അയച്ചത്.
മദന്‍ലാലിനെ ബ്രിക്‌സണ്‍ ജയിലിലടച്ചു. അയാളെ അധിക്ഷേപിച്ച രണ്ടു സഹോദരന്മാര്‍ ജയിലില്‍ ചെന്നപ്പോള്‍ കാണാന്‍പോലും അഭിമാനിയായ ധിംഗ്ര തയ്യാറായില്ല. എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നു ചോദിച്ച സാവര്‍ക്കറോട് ഒരു കണ്ണാടി മാത്രമാണ് അയാള്‍ ആവശ്യപ്പെട്ടത്. ധിംഗ്രയുടെ പ്രസ്താവന വിപ്ലവകാരികള്‍ക്കുള്ള മഹത്തായ ഒരു സന്ദേശം കൂടിയായിരുന്നു.
”എന്റെ രാജ്യത്തോടു ചെയ്യുന്ന അവഹേളനം ദൈവത്തോടു ചെയ്യുന്ന അവഹേളനമാണെന്ന് ഹിന്ദുവായ ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് രാജ്യാരാധന ശ്രീരാമപൂജയാണ്, രാജ്യസേവനം ശ്രീകൃഷ്ണസേവനമാണ്. ധനത്തിലും ബുദ്ധിശക്തിയിലും ദരിദ്രനായ എന്നെപ്പോലൊരു പുത്രന് സ്വന്തം രക്തമല്ലാതെ എന്താണ് അമ്മയുടെ കാല്‍ക്കല്‍ അര്‍പ്പിക്കാന്‍ കഴിയുക?”
സംഭവത്തില്‍ പ്രതിഷേധിക്കാനും വാലിയുടെ മരണത്തില്‍ അനുശോചിക്കാനുമായി കാക്‌സ്ടന്‍ ഹാളില്‍ യോഗം ചേര്‍ന്നു. അതും ഐതിഹാസികമായിത്തീര്‍ന്നു. ധിംഗ്രയുടെ നടപടിയെ അധിക്ഷേപിക്കുന്ന പ്രമേയം അവതരിപ്പിച്ചപ്പോള്‍ സാവര്‍ക്കര്‍ അതിനെ ശക്തിയായി എതിര്‍ത്തു ഒരു ഇംഗ്ലീഷുകാരന്‍ സാവര്‍ക്കറുടെ കണ്ണിന് ഇടിച്ചപ്പോള്‍ വിപ്ലവകാരിയായ എം.പി.ടി. ആചാര്യ തന്റെ വടികൊണ്ട് അയാളുടെ തല അടിച്ചുപൊട്ടിച്ചു.
യഥാകാലം വിചാരണ നടന്നു. ധിംഗ്രയെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. ശിക്ഷ പ്രഖ്യാപിച്ചതിന്റെ തലേദിവസം സാവര്‍ക്കര്‍ ഡിംഗ്രേയെ ജയിലില്‍ സന്ദര്‍ശിച്ചു. വളരെ ശാന്തനായിരുന്ന ധിംഗ്ര തന്റെ ശവസംസ്‌കാരം ഹിന്ദുരീതിയില്‍ നടത്തണമെന്നും വസ്ത്രങ്ങളും പുസ്തകങ്ങളുമൊക്കെ വിറ്റ് കിട്ടുന്ന പണം ദേശസേവനത്തിന് ഉപയോഗിക്കണമെന്നും സാവര്‍ക്കറോട് ആവശ്യപ്പെട്ടു.
വിധി പ്രസ്താവിക്കുന്ന ജഡ്ജി ധിംഗ്രയോട് ‘നിങ്ങളെ വധശിക്ഷക്കു വിധിക്കും, എന്തെങ്കിലും പറയാനുണ്ടോ?’ എന്നു ചോദിച്ചപ്പോള്‍ ഇങ്ങനെയാണ് ഡിംഗ്രേ മറുപടി പറഞ്ഞത്. ”നിങ്ങള്‍ക്ക് എന്റെ മേല്‍ അധികാരമുണ്ടെന്ന് ഞാന്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ ഒന്നോര്‍ത്തോളൂ, ഞങ്ങള്‍ ശക്തിപ്രാപിച്ച് പ്രബലരായിത്തീരുന്ന ഒരു ദിവസം വരും. അന്ന് ഞങ്ങള്‍ക്ക് ഇഷ്ടമുള്ള വിധത്തില്‍ നിങ്ങളോടു പെരുമാറാന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കും.”
1909 ആഗസ്റ്റ് 16-ന് നേരം പുലര്‍ന്നു. ബ്രിക്‌സ്ടണ്‍ ജയിലില്‍ ധിംഗ്ര ഗാഢനിദ്രയിലായിരുന്നു. പതിവുപോലെ പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിച്ചശേഷം ഭംഗിയായി വസ്ത്രം ധരിച്ച്, പ്രാതലും കഴിച്ച്, ശാന്തനായി മരണത്തെ വരിക്കാന്‍ തയ്യാറായി. നൂറുകണക്കിന് ആളുകള്‍ ജയില്‍ പരിസരത്ത് എത്തിയെങ്കിലും ആരെയും അകത്തു കയറ്റിവിട്ടില്ല. അന്ത്യകൂദാശകള്‍ നല്‍കാന്‍ ഒരു പാതിരി മദന്‍ലാലിനെ സമീപിച്ചു. താനൊരു ഹിന്ദുവായിട്ടാണ് ജനിച്ചതെന്നും ഹിന്ദുവായിത്തന്നെ മരിക്കുമെന്നും മദന്‍ലാല്‍ അയാളോടു പറഞ്ഞു. തൂക്കുമരത്തില്‍ കയറാനുള്ള സമയമായി. ഉറച്ച കാല്‍വെയ്പുകളോടെ, ശാന്തനായി ധിംഗ്ര അതിലേക്കു കയറി. തൂക്കുകയര്‍ കഴുത്തില്‍ ഇട്ടു. സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തില്‍ ഒരു യുവ വിപ്ലവകാരികൂടി തന്റെ ജീവന്‍ സമര്‍പ്പിച്ചു.
(തുടരും)