കോണാസനങ്ങള് പലതുണ്ട്. ശരീരത്തിന് വശങ്ങളിലേക്ക് പ്രവര്‍ത്തനം വരുന്ന ആസനങ്ങള്‍ പൊതുവെ കുറവാണ്. സൂര്യനമസ്കാരത്തില്‍ വരുന്നേയില്ല. പാര്‍ശ്വചലനം വരുന്നവയാണ് ത്രികോണാസനം, പാര്‍ശ്വ ത്രികോണാസനം മുതലായവ. ആ ഗ്രൂപ്പില്‍ പെട്ടതു തന്നെ ഇതും.
ചെയ്യുന്ന വിധം
കാലുകള്‍ അകത്തി നില്ക്കുക. ശ്വാസമെടുത്ത് വലതുകാല്പത്തി 90 ഡിഗ്രിയും ഇടതു കാല്പത്തി 60 ഡിഗ്രിയും വലത്തോട്ടു ചരിക്കുക. കൈ വശങ്ങളില് ഭൂമിക്കു സമാന്തരമായി. ശ്വാസം വിട്ടുകൊണ്ട് ശരീരം വലത്തോട്ടു ചരിക്കുക. വലത് കാല്, മുട്ടില്‍ 90 ഡിഗ്രി മടക്കുക. വലതു തുട ഭൂമിക്കു സമാന്തരമായിരിക്കും. ഇടതുകാല് ചരിഞ്ഞ വര പോലെ. ശരീരം പിന്നോട്ടു പിരിക്കുക. ഇടതുകൈ വലതു തുടയുടെ പിറകിലൂടെ ചുറ്റിയും വലതുകൈ മേലെ പിറകിലൂടെയും എടുത്ത് പുറത്ത് തമ്മില്‍ ചേര്‍ക്കുക. ദൃഷ്ടി മേലെ. അല്പ സമയം ഈ നിലയില്‍ നിന്ന ശേഷം തിരിച്ചു വരിക. വശം മാറി ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
വയറിന് പിരിച്ചിലും ചുരുക്കലും വരുന്നതിനാല്‍ വയറിലെ അസുഖങ്ങള്‍ ഒഴിവായിക്കിട്ടും. ദഹനത്തിനു ഗുണകരവുമാണ്. കാലിലെ പേശികള്‍ക്ക് നല്ല മെരുക്കമുണ്ടാകും. നട്ടെല്ലിന് വലിവു കിട്ടും. അരക്കെട്ടു ഭാഗത്തുള്ള അനാവശ്യമായ കൊഴുപ്പ് ഇല്ലാതാവും.