നഗരം കഴിഞ്ഞ്
ഭൂതമെന്നും
വര്‍ത്തമാനമെന്നുമുള്ള
രണ്ടേ രണ്ടു വളവു കഴിഞ്ഞാല്‍
പഴയ മാര്‍ക്കറ്റായി….
പൊടിയുയര്ത്തിപ്പാഞ്ഞ
രഥങ്ങളെല്ലാം
ചക്രങ്ങളൂരി
ജയിച്ചു കിടക്കുന്നുണ്ടവിടെ
തേര്‍ത്തട്ടില്‍ കിടന്ന്
വാല് നിവര്‍ന്നു വരുന്ന
പേക്കിനാവു കണ്ട്
ഒരു നായ കുരച്ചു ചാടിയേക്കാം.
കുടിലുകളും
കൊട്ടാരങ്ങളുമുണ്ടവിടെ
വെട്ടുകല്ലും വെണ്ണക്കല്ലും
അയിത്തമില്ലാതെ
ഇണചേരുന്നു
മുളകീറിയ കഴുക്കോലും
വീട്ടിക്കാതലും
പിണഞ്ഞു കിടപ്പാകും
പലക പിരിച്ചിട്ട
അന്തപ്പുരക്കട്ടില്
കിടന്ന കിടപ്പില്‍
വിയര്ത്തൊലിച്ചിരിക്കും.
കഞ്ഞി വച്ച കലങ്ങള്‍
ചുളുങ്ങി കിടക്കുമ്പോള്‍
ക്ലാവു കെട്ടിയ ഓട്ടു ചരക്കുകള്‍
ഒന്നിനു മീതെ ഒന്നായി
വിശപ്പുകെട്ട തപസ്സിലായിരിക്കും
മണിപ്രവാളം മുതല്‍
ഉത്തരാധുനികതവരെ
കുത്തടര്ന്ന് കിടപ്പുണ്ടാകും
എഞ്ചുവടിമുതല്
എംബിഎ ഗൈഡ് വരെ
സത്യാന്വേഷണ പരീക്ഷണങ്ങളും
മൂലധനവും
അഷ്ടാംഗഹൃദയവും
അനാട്ടമി ടെക്സ്റ്റും വരെ
കൂടിക്കുഴഞ്ഞ്
എല്ലാ സ്വപ്നങ്ങളും
ചാക്കില്‍ക്കെട്ടി
കൊണ്ടുവന്നിട്ടുണ്ട്
വല്ലാതെ മുഴച്ചുനിന്നവയെ
ചവിട്ടിയൊതുക്കി
ചാക്കില്‍ക്കയറാന്‍ കൂട്ടാക്കാത്തവയെ
വെട്ടിപ്പരുവമാക്കി
തൂക്കി വില്ക്കാന്
പുറപ്പെട്ടു വന്നതാണ്
എല്ലാം തൂക്കിയെടുത്ത്
കണക്കുകൂട്ടുന്നതിനിടെ
അറുപഴഞ്ചനായ
എന്നെത്തന്നെ കൊടുത്ത്
ഒഴിവാക്കുന്നോയെന്ന
പ്രലോഭനം പുരട്ടിയ
അയാളുടെ
പ്രാചീനമായ പുഞ്ചിരിയില്‍
വീണുപോകാതിരിക്കാന്‍
പണിപ്പെട്ട് ഞാനോടുമ്പോളാണ് വായനക്കാരാ
നിങ്ങളിവിടേക്ക് കയറി വരുന്നത്…..