കുക്കുടമെന്നാല്‍ പൂവന്‍കോഴി. ‘താക്കോല്‍ കൊടുക്കാതരുണോദയത്തില്‍ താനേ മുഴങ്ങും വലിയോരലാറം’ ആണ് കോഴി. ലോകത്തെങ്ങുമുള്ള സാഹിത്യങ്ങളില്‍ ഈ അലാറത്തിന്റെ അകമ്പടിയോടെ ഉദിച്ചുയരുന്ന സൂര്യന്റെ പരാമര്‍ശം കാണാം. മനുഷ്യ ജീവിതത്തിന്റെ ഭാഗം തന്നെയാണ് ഈ മനോഹര രൂപിയായ പക്ഷി.
ചെയ്യുന്ന വിധം
പത്മാസനത്തിലിരിക്കുക. കൈകള്‍ അതാത് തുടയുടേയും ജംഘയുടെയും ഇടയിലൂടെ താഴ്ത്തുക. കൈമുട്ടുവരെ ഉള്ളിലേക്കു പോകട്ടെ. കൈപ്പത്തികള്‍ നിലത്തു പതിച്ചു വെച്ച് അതില്‍ ബാലന്‍സ് ചെയ്ത്, ശ്വാസമെടുത്തുകൊണ്ട് ശരീരം മൊത്തം ഉയര്‍ത്തുക. വിരലുകള്‍ മുന്നോട്ടു നോക്കിയിരിക്കും. ദൃഷ്ടി മുന്നില്‍. സാധാരണ ശ്വാസത്തില്‍ കഴിയുന്നത്ര സമയം ഈ സ്ഥിതിയില്‍ നില്ക്കുക. ശ്വാസം വിട്ടു കൊണ്ട് തിരിച്ചു വരിക. കാലുകള്‍ മാറ്റി ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
മണിബന്ധം, കൈത്തണ്ടകള്‍, ചുമലുകള്‍, ഉദരപേശികള്‍ എന്നിവ ഊര്‍ജ്ജസ്വലമാകും. നെഞ്ചു തുറക്കും. മനസ്സ് ഏകാഗ്രമാകും. മൂലാധാര ചക്രത്തെ ഇത് പ്രചോദിപ്പിക്കും.