- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- സംഘവിരോധികളുടെ ദുഷ്‌ചെയ്തികള്‍ ( ആദ്യത്തെ അഗ്നിപരീക്ഷ 29)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
രണ്ടാഴ്ചത്തെ സംഘസത്യഗ്രഹത്തിന്റെ ഫലമായി ജനമനസ്സുകളില്‍ സാത്വികമായ പ്രഭാവം സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാല്‍ ഭരണാധികാരികളിലും സംഘവിരോധികളുടെ മനസ്സിലും സംഘത്തിനനുകൂലമായ അന്തരീക്ഷം സന്തോഷം നല്‍കുന്നതായിരുന്നില്ല. അതിനാല്‍ സംഘത്തിനെതിരെ പ്രതികാര മനോഭാവത്തോടെ കൂടുതല്‍ ശക്തിയുപയോഗിച്ച് അമര്‍ച്ചചെയ്യാനുള്ള സമീപനം സ്വീകരിക്കാന്‍ അവര്‍ സന്നദ്ധരായി. ഭരണാധികാരത്തിന്റെ മര്‍ദ്ദനനയങ്ങളുടെ കൂടെ പാര്‍ട്ടിയും സഹായത്തിനായി രംഗത്തിറങ്ങി. സംഘവിരുദ്ധനിലപാടുള്ള പാര്‍ട്ടികളും വ്യക്തികളും വര്‍ത്തമാനപ്പത്രങ്ങളും ഒരുമിച്ചുകൂടി. സംഘവിരോധം ജനിപ്പിക്കും വിധമുള്ള പൊതുയോഗങ്ങളും പ്രഭാഷണങ്ങളും വാര്‍ത്തകളും എല്ലാമായി ഗാന്ധിവധം നടന്ന ഉടനെയുണ്ടായിരുന്ന അന്തരീക്ഷം വീണ്ടും സൃഷ്ടിക്കാനുള്ള കുടിലശ്രമങ്ങള്‍ ആരംഭിച്ചു. ജാതിസ്പര്‍ദ്ധ വളര്‍ത്താനുള്ള അത്യന്തം ഹീനമായ സമീപനം സ്വീകരിക്കാനും അവര്‍ക്ക് സങ്കോചമുണ്ടായില്ല. അന്നത്തെ മദ്ധ്യപ്രദേശ് സംസ്ഥാനത്തില്‍ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള നീക്കങ്ങളുണ്ടായി. സത്യഗ്രഹികളെ അറസ്റ്റുചെയ്തു കൊണ്ടുവന്ന് സ്റ്റേഷനില്‍വെച്ച് അവരെ ബ്രാഹ്‌മണരും അബ്രാഹ്‌മണരുമായി തിരിച്ചു. ബ്രാഹ്‌മണരായവരെ എല്ലാവരുടെയും മുന്നില്‍വെച്ച് ക്രൂരമായി മര്‍ദ്ദിച്ചശേഷം ജയിലിലടച്ചു. അതിനുശേഷം മറ്റുള്ളവരെ ഓരോരുത്തരെയായി പോലീസ് ഉദ്യോഗസ്ഥന്റെ മുന്നില്‍ വിളിച്ചുവരുത്തി അവരുടെ മനസ്സില്‍ ജാതിവിഷം കുത്തിവെയ്ക്കാനുള്ള ശ്രമം നടത്താന്‍ തുടങ്ങി. അവരോട്, ”സംഘം കേവലം പൂണൂല്‍കാരുടെ സംഘടനയാണ്, നിങ്ങള്‍ക്കതിലെന്താണ് കാര്യം, സംഘത്തില്‍ സവര്‍ണ്ണമേധാവിത്വമേ നടക്കൂ. നിങ്ങളെല്ലാം എന്നും വേലക്കാരെ പോലെമാത്രം പ്രവര്‍ത്തിക്കേണ്ടിവരും” എന്നൊക്കെ ജാതിവികാരം ഇളക്കിവിടുന്ന ഉപദേശംകൊടുത്ത് അവരെ വിട്ടയയ്ക്കുമായിരുന്നു. പോകുമ്പോള്‍ ഒരിക്കല്‍കൂടി സംഘവുമായി ഒരു ബന്ധവും വെയ്ക്കരുതെന്ന ഉപദേശംകൂടി നല്‍കുമായിരുന്നു.
എന്തെല്ലാം കുതന്ത്രങ്ങള്‍
സംഘത്തിനെതിരെ എതിരാളികള്‍ എന്തെല്ലാം കുതന്ത്രങ്ങളാണ് സ്വീകരിച്ചതെന്ന് നാഗപ്പൂരില്‍നിന്നുള്ള ‘സമാധാന്‍’ എന്ന മറാഠി വാരികയുടെ 1949 ജനുവരി 23 ലെ ലേഖനത്തില്‍നിന്ന് മനസ്സിലാക്കാം. അതില്‍ എഴുതുന്നു ”…… കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് ബോംബെയില്‍ സംഘവിരുദ്ധവാരം സംഘടിപ്പിച്ചിരുന്നു. അമൃത്‌സര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നും ഇത്തരം വാര്‍ത്തകള്‍ കിട്ടിക്കൊണ്ടിരുന്നു. കഴിഞ്ഞ ദിവസം നാഗ്പ്പൂരിലും സംഘവിരുദ്ധവാരത്തിന്റെ വാര്‍ത്തകള്‍ ഉയര്‍ന്നുകണ്ടു. അവയില്‍ നടക്കുന്ന പ്രസംഗങ്ങള്‍, ഉയര്‍ന്നുകേള്‍ക്കുന്ന മുദ്രാവാക്യങ്ങള്‍ ഇവയില്‍ നിന്നെല്ലാം ഇത്തരം യോഗങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാവാനിടയില്ല. സംഘക്കാര്‍ അക്രമികളാണ്, ഗാന്ധി ഘാതകരാണ്, ബ്രിട്ടീഷ് ഏജന്റുമാരാണ് എന്നുതുടങ്ങി അടിസ്ഥാനരഹിതമായ പ്രഭാഷണങ്ങളിലൂടെ വിദ്വേഷം ജനിപ്പിക്കാനുള്ള നിന്ദ്യമായ ശ്രമമാണ് നടന്നിരുന്നത്. ഇത്തരം ആരോപണങ്ങളുന്നയിക്കുന്നതല്ലാതെ നേതാക്കന്മാര്‍ക്ക് മറ്റൊന്നുംതന്നെ പറയാനുണ്ടായിരുന്നില്ല. ഈ സമ്മേളനങ്ങളില്‍ ബ്രാഹ്‌മണവിരോധം വളര്‍ത്തി അവരുടെനേരേ ആക്രമണത്തിനുള്ള വികാരം ഇളക്കിവിടാനുള്ള ശ്രമവും ശക്തമായി നടന്നു.”
നാഗ്പ്പൂരിലെ ‘ദൈനിക് മഹാരാഷ്ട്ര’യുടെ 1949 ജനുവരി 12-ാം തീയതിയിലെ ലക്കത്തില്‍ എഴുതി:- ”സംഘസത്യഗ്രഹം ആരംഭിച്ചിട്ടു ഒരുമാസം പിന്നിട്ടിരിക്കുന്നു. ഇതിനകം ഒരു ലക്ഷംപേര്‍ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്. പലസ്ഥലത്തും ലാത്തിച്ചാര്‍ജ്ജ് നടന്നു. എന്നാല്‍ ഒരു സ്ഥലത്തു പോലും സ്വയംസേവകര്‍ സമാധാനലംഘനം നടത്തിയ ഉദാഹരണമില്ല. മറിച്ച് അടുത്തസമയത്തായി സംഘത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട യോഗങ്ങളിലും പ്രകടനങ്ങളിലും സംഘപ്രവര്‍ത്തകര്‍ക്കുനേരെ അറപ്പുളവാക്കുന്ന അസഭ്യവര്‍ഷങ്ങളും പ്രകോപനപരമായ പ്രവൃത്തികളും ആണ് നടന്നത്. ഇത്രയൊക്കെയായിട്ടും സ്വയംസേവകര്‍ ആത്മസംയമനത്തോടെയാണ് പെരുമാറിയതെന്നത് അവരുടെ മഹത്വം പ്രകടമാക്കുന്നതാണ്. എന്നാല്‍ തുടര്‍ച്ചയായ ഇത്തരം നടപടികളുടെ ഫലമായി പൊതുരംഗത്ത് സമാധാനഭംഗം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ച നേതാക്കള്‍ക്കും സംഘടനകള്‍ക്കും അവര്‍ക്കതിന് അനുവാദം നല്‍കിയ ഭരണാധികാരികള്‍ക്കും മാത്രമായിരിക്കും.”
എന്നാല്‍ നടന്ന സംഭവഗതികളെയെല്ലാം പൊതുവെ വിലയിരുത്തുമ്പോള്‍ സര്‍ക്കാറിന്റെ മര്‍ദ്ദനമുറകള്‍ക്കോ സംഘവിരോധികളുടെ ദുരുദ്ദേശ്യപൂര്‍ണ്ണമായ പരിപാടികള്‍ക്കോ സത്യഗ്രഹത്തിന്റെ തീവ്രതയേയോ സ്വയംസേവകരുടെ മനോവീര്യത്തെയോ തെല്ലുപോലും തളര്‍ത്താന്‍ സാധിച്ചില്ലെന്നതാണ് വ്യക്തമാകുന്നത്. അതുമാത്രമല്ല അവരാഗ്രഹിച്ച ദൂഷിതവലയത്തില്‍ വീഴാന്‍ പൊതുജനങ്ങളും ഒരുക്കമല്ലായിരുന്നു.
പൊതുയോഗത്തോടുള്ള എതിര്‍പ്പ് സംഘത്തിന് ഗുണകരമായി
മദ്രാസില്‍ എല്ലാ സ്ഥലത്തും സംഘവിരുദ്ധ സമ്മേളനങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ ഉത്സാഹത്തോടെ രംഗത്തിറങ്ങി. എന്നാല്‍ ഈ സമ്മേളനങ്ങളുടെ പരിണാമം അവര്‍ക്കുതന്നെ വിപരീതമായി. ഒരു സമ്മേളനത്തില്‍ അവിടുത്തെ നിയമസഭാംഗമായ സുബ്രഹ്‌മണ്യം തന്നെ സ്റ്റേജില്‍നിന്ന് ‘സംഘം മൂര്‍ദ്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചപ്പോള്‍ ജനങ്ങളെല്ലാം ഒന്നടങ്കം പ്രതിഷേധവുമായി മുന്നോട്ടുവന്നു. അദ്ദേഹത്തിന് പ്രസംഗിക്കാന്‍ സാധിക്കാത്ത സ്ഥിതിയായി. പോലീസ് നിയന്ത്രിക്കാന്‍ കാര്യമായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 1949 ജനുവരി 26-ാം തീയതിയിലെ സമ്മേളനത്തില്‍ ഇതേ കാരണത്താല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പട്ടാഭി സീതാരാമയ്യ തന്റെ പ്രഭാഷണത്തില്‍ സംഘത്തെ പരാമര്‍ശിക്കാതിരിക്കുന്നതാണ് ഉചിതം എന്നു മനസ്സിലാക്കി. ജനങ്ങളുടെ വികാരം മനസ്സിലാക്കിയ കര്‍ണാടകയിലെ പോലീസ് പല സ്ഥലത്തും സംഘ വിരുദ്ധ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നവരോട് സംഘത്തിനെതിരായ പ്രസംഗത്തിന്റെ ഫലമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാ യാല്‍ അതിനുത്തരവാദികള്‍ നിങ്ങള്‍തന്നെയായിരിക്കും എന്ന താക്കീത് നല്‍കിയിരുന്നു.
ജനങ്ങള്‍ ഇത്തരം സമ്മേളനങ്ങളിലേയ്ക്ക് പോകാന്‍പോലും ഒരുക്കമല്ലാത്ത സ്ഥിതിവിശേഷമുണ്ടായി. ധാര്‍വാഡില്‍ ഇത്തരം സമ്മേളനം സംഘടിപ്പിക്കാന്‍ ഒരുങ്ങിയവര്‍ക്ക്, ചിന്തിക്കാന്‍പോലും കഴിയാത്ത പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. അവിടത്തെ മുനിസിപ്പല്‍ ഹാളില്‍വെച്ച് സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ സംഘവിരുദ്ധസമ്മേളനത്തിന് വലിയതോതില്‍ പ്രചാരം കൊടുത്തിരുന്നു. എന്നാല്‍ അത് നടത്താന്‍ സാധിക്കാതെ പിരിച്ചുവിടേണ്ടിവന്നു.
കാരണം ആ പരിപാടിക്ക് എത്തിയത് കേവലം എട്ട് പേര്‍ മാത്രമായിരുന്നു. രണ്ടാമത്തെ സമ്മേളനം വിദ്യാര്‍ത്ഥികളുടെ പേരില്‍ സംഘടിപ്പിച്ചതായിരുന്നു. അതില്‍ കഷ്ടിച്ച് 100 പേരെ പങ്കെടുത്തിരുന്നുള്ളൂ. മൂന്നാമത്തെ സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രകോപിതരായ ജനങ്ങളെ നേരിടാന്‍ കഴിയാതെ സംഘവിരോധികള്‍ രക്ഷപ്പെട്ടു പോയി. അത് മറ്റൊരു സമ്മേളനമായി മാറി. അതുപോലെ ഗുജറാത്തിലും ജാതിചിന്താ വിരുദ്ധദിനമായാചരിക്കാന്‍ നിശ്ചയിച്ച് സര്‍വത്ര പ്രചാരം കൊടുത്തിട്ടും ആ സമ്മേളനത്തില്‍ 40-60 ല്‍ പേരിലധികം എത്തിച്ചേര്‍ന്നില്ല.
പഞ്ചാബിലും സംഘവിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ അനവധി പരിശ്രമങ്ങള്‍ നടന്നു. ജ്ഞാനി ഗുരുമുഖ സിംഹിനെപോലുള്ള പ്രമുഖ നേതാക്കള്‍പോലും തങ്ങളുടെ വ്യക്തിപ്രഭാവം ഉപയോഗിക്കാന്‍ മുന്നിട്ടിറങ്ങിയെങ്കിലും ജനങ്ങള്‍ സംഘത്തിന്റെ ഭാഗത്തുതന്നെ നിലകൊണ്ടു. സംഘത്തിന് വിരുദ്ധമായ പ്രകടനത്തില്‍ സംഘത്തിനനുകൂലമായി മുദ്രാവാക്യം വിളിക്കുന്നവരുടെ സംഖ്യയായിരുന്നു അധികമായിട്ടുണ്ടായിരുന്നത്.
സിംലയില്‍ സംഘത്തിനെതിരെ വളരെ മോശമായി സംസാരിച്ചു കൊണ്ടിരുന്ന ഒരു കോണ്‍ഗ്രസ് നേതാവിനെ ജനങ്ങള്‍ അടിച്ചോടിച്ചു. ലുധിയാനയില്‍, സോഷ്യലിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും ചേര്‍ന്ന് സംഘടിപ്പിച്ച സമ്മേളനത്തിന് ജനങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കിയ പോലീസ് അനുവാദം നല്കിയില്ല. ഹാംസി, ഭിവാനി തുടങ്ങി പഞ്ചാബിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ അഭയാര്‍ത്ഥികളായ ജനങ്ങള്‍ സംഘവിരുദ്ധ പ്രസംഗകരെ ശക്തിയുപയോഗിച്ച് നിലയ്ക്ക് നിര്‍ത്തി. അനവധി സമ്മേളനങ്ങളില്‍ സംഘത്തിനെതിരായി സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ടവര്‍ സംഘത്തിനനുകൂല പ്രസംഗകരായി മാറി.
അയാളെ സംസാരിക്കാന്‍ അനുവദിക്കൂ
അകോലയില്‍ ഡിസംബര്‍ 27 ന് സംഘത്തിനെതിരെ പോലീസ് സംരക്ഷണത്തില്‍ വിപുലമായ സമ്മേളനം നടത്താന്‍ കോണ്‍ഗ്രസ് നിശ്ചയിച്ചു. അതിലെ മുഖ്യപ്രസംഗകന്‍ സംഘവിരോധി എന്ന് കുപ്രസിദ്ധി നേടിയ ഉത്തര്‍പ്രദേശ് നിയമസഭാസചിവനായ ഗോവിന്ദ സഹായിയും അകോലയിലെ കോണ്‍ഗ്രസ് നേതാവായ വിനയകുമാറുമായിരുന്നു. വിനയകുമാര്‍ തന്റെ പ്രസംഗത്തില്‍ സംഘത്തിനെതിരെ അടിസ്ഥാനരഹിതമായ ഒട്ടനവധി ആരോപണങ്ങള്‍ ഉന്നയിച്ചശേഷം ഇത് നിഷേധിക്കാന്‍ ആര്‍ക്കെങ്കിലും തന്റേടമുണ്ടോ എന്ന് വെല്ലുവിളിയുയര്‍ത്തി. ഇതുകേട്ട ഒരു യുവാവ് താങ്കളുടെ ആരോപണങ്ങള്‍ക്കെല്ലാം ഉത്തരം പറയാന്‍ ഞാന്‍ സന്നദ്ധനാണെന്ന് പറഞ്ഞ് വേദിയിലേയ്ക്ക് കേറിവന്നു. എന്നാല്‍ അയാളെ പോലീസ് തടയാന്‍ ഒരുങ്ങിയപ്പോള്‍ ജനങ്ങളാകമാനം ‘അയാളെ സംസാരിക്കാന്‍ അനുവദിക്കൂ’, ‘അയാളെ സംസാരിക്കാന്‍ അനുവദിക്കൂ’ എന്നു ബഹളം കൂട്ടി. ഉടന്‍ പോലീസ് ജനങ്ങള്‍ക്കുനേരെ ലാത്തിച്ചാര്‍ജ് തുടങ്ങുകയും, തല്ഫലമായി ‘അക്രമമാണിത്’, ‘അക്രമമാണിത്’ എന്ന മുദ്രാവാക്യങ്ങള്‍ക്കിടയില്‍ യോഗം അലങ്കോലപ്പെടുകയും ചെയ്തു.