- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- ജയിലിലെ നരകയാതന (ആദ്യത്തെ അഗ്നിപരീക്ഷ 30)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
സത്യഗ്രഹം ചെയ്തവരെ പോലീസ് സ്റ്റേഷനില്‍ അനവധി പീഡനങ്ങള്‍ക്കിരയാക്കിയതിനു പുറമേ ജയിലുകളേയും തികഞ്ഞ യാതനാ കേന്ദ്രങ്ങളാക്കി മാറ്റാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം പദ്ധതികള്‍ തയ്യാറാക്കി. എല്ലാ മാനദണ്ഡങ്ങള്‍കൊണ്ടും സംഘത്തിന്റെ സത്യഗ്രഹികള്‍ രാഷ്ട്രീയ തടവുകാരായിരുന്നു. അതനുസരിച്ചുള്ള സമീപനമായിരുന്നു അവരോട് വേണ്ടിയിരുന്നത്. എന്നാല്‍ മിക്കവാറും എല്ലാ ജയിലുകളിലും കൊള്ളക്കാരും കൊലപ്പുള്ളികളും എന്ന തരത്തിലുള്ള പെരുമാറ്റമാണ് ഭരണാധികാരികളില്‍ നിന്നുണ്ടായത്. കഴിച്ചാല്‍ മൃഗങ്ങള്‍ പോലും രോഗികളായിത്തീരുന്ന തരത്തിലുള്ള ഭക്ഷണമായിരുന്നു അവിടെ കൊടുത്തിരുന്നത്. അതും അരവയര്‍ നിറയ്ക്കാന്‍ മാത്രം പോരുന്നത്ര. മിക്കവാറും ജയിലുകളിലും കുറ്റവാളികള്‍ ധരിക്കുന്ന വസ്ത്രംതന്നെ ധരിക്കാന്‍ സത്യഗ്രഹികളെ നിര്‍ബന്ധിച്ചിരുന്നു. കഠിനമായ തണുപ്പിലും വിരിക്കാനും പുതയ്ക്കാനും വെവ്വേറെ കമ്പിളികള്‍ക്കുപകരം കീറിപ്പറിഞ്ഞ ഒരു പഴയ കമ്പിളിയാണ് പുതയ്ക്കാനും വിരിക്കാനുമായി നല്‍കിയിരുന്നത്. പലപ്പോഴും വെള്ളത്തിന്റെ ദൗര്‍ലഭ്യം കൃത്രിമമായി ഉണ്ടാക്കിയിരുന്നു. വസ്ത്രങ്ങള്‍ അലക്കുന്നതിനുള്ള സൗകര്യം തീരെ അനുവദിച്ചിരുന്നില്ലെന്നു മാത്രമല്ല ആഴ്ചയില്‍ ഒരു ദിവസം കുളിക്കാന്‍ സൗകര്യം കിട്ടുന്നതുതന്നെ ഭാഗ്യമായി കരുതേണ്ട അവസ്ഥയിലായിരുന്നു. പൊട്ടിത്തകര്‍ന്ന ശൗചാലയങ്ങള്‍ – അതുതന്നെ പരിമിതമായ എണ്ണത്തില്‍. പലപ്പോഴും നീണ്ട ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥ. ഇതായിരുന്നു ഭൂരിഭാഗം ജയിലുകളിലേയും സ്ഥിതി.
മിക്കവാറും ജയിലുകളിലും വെളിച്ചത്തിനുള്ള ഏര്‍പ്പാട് ഉണ്ടായിരുന്നില്ല. പലപ്പോഴും സന്ധ്യാസമയത്ത് 10-15 മിനിട്ടുനേരത്തേയ്ക്ക് വിളക്കിന്റെ വെളിച്ചം കിട്ടിയിരുന്നു. അതിനുശേഷം ഘോരാന്ധകാരംതന്നെ. ജയില്‍ സൗകര്യത്തിന്റെ മൂന്നുംനാലും ഇരട്ടി സത്യഗ്രഹികളെ ഓരോ തടവറയിലും കുത്തിനിറച്ചിരുന്നു. അധികാംശം കുറ്റവാളികളായ തടവുകാര്‍ ചൊറിയും മറ്റു പകര്‍ച്ചവ്യാധികളും പിടിപെട്ടവരായിരുന്നു. അവരുമായുള്ള സമ്പര്‍ക്കം കാരണം സത്യഗ്രഹികളും ഇത്തരം രോഗത്തിന് വിധേയരായി. ജയിലറകളാകെ ദുര്‍ഗ്ഗന്ധപൂരിതമായിരുന്നു. കാരണം രാത്രികാലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനവും അവിടെത്തന്നെ നടത്തേണ്ടിവന്നിരുന്നു. ജയിലില്‍ ഡോക്ടര്‍മാരുണ്ടായിരുന്നു. എന്നാല്‍ അവര്‍ ബോധപൂര്‍വ്വം സത്യഗ്രഹികളെ അവഗണിച്ചു. മരുന്നെന്ന നിലയ്ക്ക് സ്ഥിരം ഒരു മിക്‌സ്ചര്‍ കുറുക്കിവെച്ചിരുന്നു. സര്‍വ്വരോഗങ്ങള്‍ക്കും അതുതന്നെ കൊടുത്തുവന്നു. രോഗം ക്ഷണിച്ചുവരുത്തുന്ന ആഹാരം, സര്‍വ്വത്ര ദുര്‍ഗന്ധം, ചികിത്സക്കോ മരുന്നിനോ വ്യവസ്ഥയില്ലായ്ക ഈ അവസ്ഥയില്‍ സംയമിതജീവിതമായിട്ടുകൂടി സത്യഗ്രഹികള്‍ രോഗികളായി തീര്‍ന്നു. തരുണ സ്വയംസേവകര്‍ മാത്രമല്ല കോമള പ്രകൃതരായ ബാലന്മാര്‍ പോലും പകല്‍ മുഴുവന്‍ കഠിനമായ ജോലികളിലേര്‍പ്പെടേണ്ടിയിരുന്നു. നിശ്ചിത സമയത്തിനുളളില്‍ പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ചൂരല്‍ കൊണ്ടുള്ള അടിക്കും വിധേയരാകേണ്ടിവന്നിരുന്നു.
കല്ലുടയ്ക്കുക, ചക്കാട്ടുക, വിറകുവെട്ടുക, ചുമടെടുക്കുക, അടിച്ചു വാരുക എന്നീ ജോലികളെല്ലാം അവര്‍ ചെയ്യേണ്ടിയിരുന്നു. കഠിനതടവ് അതായിരുന്നു. സംഘസത്യഗ്രഹികളെ ഗാന്ധിഘാതകര്‍, അക്രമികള്‍, സര്‍ക്കാറിന്റെ ശത്രുക്കള്‍ എന്നീ തരത്തിലെല്ലാം സാധാരണ തടവുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ചുകഴിഞ്ഞിരുന്നു. തത്ഫലമായി സത്യഗ്രഹികളുടെ നേരെ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും ഭാവം സൃഷ്ടിച്ചിരുന്നു. അതിനാല്‍ കിട്ടാവുന്ന സന്ദര്‍ഭങ്ങളിലെല്ലാം സത്യഗ്രഹികള്‍ക്ക് നരകയാതനകള്‍ നല്‍കുന്നതില്‍ അവര്‍ ആനന്ദവും അഭിമാനവും അനുഭവിച്ചിരുന്നു. ജയില്‍ മാനുവലില്‍ പറയുന്ന നിയമങ്ങള്‍ പൂര്‍ണ്ണമായും അവര്‍ കാറ്റില്‍ പറത്തി. നിയമങ്ങളിലെ കുറഞ്ഞ സൗകര്യങ്ങള്‍പോലും സത്യഗ്രഹികള്‍ക്ക് നല്‍കാന്‍ അവര്‍ സന്നദ്ധരായില്ല. എല്ലാവിധ അര്‍ഹതകളുമുണ്ടായിരുന്നെങ്കിലും ആദ്യം മുതല്‍ തന്നെ സംഘ സത്യഗ്രഹികളായവരെ ‘സി’ ക്ലാസുതടവുകാരുടെ പട്ടികയില്‍പെടുത്തുകയാണുണ്ടായത്. സംഘസത്യഗ്രഹികള്‍ക്ക് ജയില്‍ജീവിതം നരകതുല്യമാക്കാനുള്ള ആസൂത്രിതമായ പദ്ധതി സര്‍ക്കാര്‍ സ്വീകരിച്ചു എന്നതാണ് വാസ്തവം.
ഗുരുജിയോടുളള പെരുമാറ്റം
സംഘത്തിന്റെ ലക്ഷാവധി സ്വയംസേവകരുടെ ആരാധനാപാത്രമായ ഗുരുജിക്കുപോലും അവശ്യവും നിയമാനുസൃതവുമായ സൗ കര്യം ചെയ്തുകൊടുക്കാന്‍ അവര്‍ വിസ്സമ്മതിച്ചു.
ശ്രീ ഗുരുജിയെ 1818 ലെ സുരക്ഷാനിയമമനുസരിച്ചാണ് തടവിലാക്കിയത്. തടവിലാക്കപ്പെട്ട വ്യക്തിയുടെ ഔന്നത്യവും സമാജത്തിലെ അദ്ദേഹത്തിന്റെ അവസ്ഥയുമനുസരിച്ചായിരിക്കണം അവരോടുള്ള പെരുമാറ്റം എന്നാണ് അതിലെ വ്യവസ്ഥ. ഈ നിയമമനുസരിച്ച് തടവുകാരനാക്കപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം വ്യവസ്ഥ ചെയ്യേണ്ട ഉത്തരവാദിത്വവും സര്‍ക്കാറിനുണ്ട്. ഇത് ഇംഗ്ലീഷ് ഭരണകാലത്തുണ്ടാക്കിയ നിയമമാണ്. അതനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് നിയമാനുസൃതമായ സൗകര്യങ്ങള്‍ അന്ന് അവര്‍ നല്‍കിയിരുന്നു. ഉദാഹരണമായി 1942 ല്‍ ഈ നിയമമനുസരിച്ചു തടവിലാക്കപ്പെട്ട സ്വര്‍ഗീയ ശരത്ചന്ദ്രബോസിന് 2500 രൂപാ അദ്ദേഹത്തിന്റെ കുടുംബത്തിനും 2500 രൂപ അദ്ദേഹത്തിനും വേണ്ടി സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ ശ്രീ ഗുരുജിക്കുവേണ്ടി കഷ്ടിച്ചു 100രൂപയാണ് അവര്‍ അനുവദിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഒന്നും ആവശ്യമില്ലെന്നതാണെങ്കിലും വയോവൃദ്ധരായ അദ്ദേഹത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള ചിന്തപോലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
ശ്രീ ഗുരുജിക്ക് അത്യാവശ്യമായ സൗകര്യങ്ങള്‍പോലും നല്‍കിയില്ല. അദ്ദേഹത്തിനാവശ്യമായ ‘ഹിന്ദു’ തുടങ്ങിയ ദിനപ്പത്രങ്ങള്‍ കൊടുക്കാന്‍പോലും തയ്യാറായില്ല. അത്യന്തം കഠിനതണുപ്പും വിഷ മകരമായ കാലാവസ്ഥയുമുള്ള ബേതൂള്‍, സിവാനി ജയിലുകളിലാണ് അദ്ദേഹത്തെ താമസിപ്പിച്ചത്. അദ്ദേഹത്തിന് വിഷമമുണ്ടാക്കണം എന്നുതന്നെയായിരുന്നു ഉദ്ദേശ്യം. സിവാനി ജയിലില്‍നിന്ന് അദ്ദേഹത്തെ ബേതൂള്‍ ജയിലിലേയ്ക്ക് മാറ്റിയത് ഏറ്റവും മോശമായ പാതയിലൂടെ പോലീസ് ട്രക്കില്‍ വിശ്രമം കൊടുക്കാതെ വിവരണാതീതമായ വിഷമം കൊടുത്തുകൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥ പരിഗണിക്കാതെയുള്ള ഈ കഠിനയാത്ര അദ്ദേഹത്തെ അത്യധികം വിവശനാക്കി.
ഈ വിഷമതകളെല്ലാം സ്വതസ്സിദ്ധമായ സഹജഭാവത്തില്‍ സഹിക്കാന്‍ ശ്രീ ഗുരുജി സന്നദ്ധനായി. ഇത് സംബന്ധിച്ച് ആരോടും പരാതിപ്പെടാനും അദ്ദേഹം ശ്രമിച്ചില്ല. എന്നാല്‍ അക്കാലത്തെ വര്‍ത്തമാനപത്രങ്ങളില്‍ ഇതു സംബന്ധിച്ച ശക്തമായ വിമര്‍ശനങ്ങളുണ്ടായി. 1949 ജൂണ്‍ 2 ലെ ഹിതവാദയില്‍ എഴുതി:- ”സിവാനി ജയിലിലായിരുന്ന സമയത്ത് ശ്രീ ഗുരുജിക്ക് മൂന്നു പത്രങ്ങള്‍ ലഭ്യമാക്കിയിരുന്നു. എന്നാല്‍ ബേതൂള്‍ ജയിലിലേയ്ക്ക് മാറ്റിയശേഷം അദ്ദേഹം ആവശ്യപ്പെട്ട ‘ഹിന്ദു’, ‘ഹിന്ദുസ്ഥാന്‍ ടൈംസ്’, ‘അമൃതബസ്സാര്‍ പത്രിക’ എന്നീ പത്രങ്ങള്‍ നല്‍കാന്‍ ഭരണകൂടം കൂട്ടാക്കിയില്ല. കൂടാതെ നേരത്തേ ജയിലില്‍ നല്‍കിയിരുന്ന മൂന്നുപ്രാദേശിക പത്രങ്ങള്‍ നല്‍കുന്നതും നിര്‍ത്തിവെച്ചു. ശ്രീ ഗോള്‍വല്‍ക്കര്‍ സ്വന്തമായിതന്നെ ചില പുസ്തകങ്ങള്‍ ജയിലില്‍ എത്തിക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ഇതേവരെ സര്‍ക്കാര്‍ അദ്ദേഹത്തിന് അത് കൊടുത്തില്ല. കേസിന്റെ അന്വേഷണത്തിനായി നാഗപ്പൂരില്‍ തങ്ങേണ്ടിവന്ന അവസരത്തില്‍ അദ്ദേഹത്തിനാവശ്യമായ ഭക്ഷണം എത്തിച്ചുകൊടുത്തതും ഇന്ന് വലിയ പ്രശ്‌നവിഷയമാക്കിയിരിക്കുന്നു. അത്യന്തം ഉഷ്ണകാലഘട്ടത്തിലും അദ്ദേഹത്തിന് തുറന്ന സ്ഥലത്ത് ഉറങ്ങാനുള്ള അനുമതി നല്‍കിയില്ല.”
സര്‍ക്കാറിന്റെ ഇത്തരം സമീപനങ്ങള്‍ തികച്ചും ദുരുദ്ദേശ്യപരമായിരുന്നു. കാരണം അകാലിനേതാവായ മാസ്റ്റര്‍ താരാസിംഗും ഇതേ അവസരത്തില്‍ സുരക്ഷാനിയമമനുസരിച്ച് തടവിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് ബത്ത എന്ന നിലയ്ക്ക് വലിയൊരു തുക കൊടുത്തിരുന്നു. അതോടൊപ്പം ജയിലില്‍ സകലവിധ സുഖസൗകര്യങ്ങളും നല്‍കി. അതേകാലത്ത് സുരക്ഷാനിയമമനുസരിച്ച് തടവിലായിരുന്ന സോഷ്യലിസ്റ്റ് നേതാവായ ഡോ. റാം മനോഹര്‍ ലോഹ്യയ്ക്ക് വേണ്ടി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മാമ്പഴക്കൂടകള്‍ ജയിലിലെത്തിച്ചു കൊടുത്തിരുന്നു.
എല്ലാം പുഞ്ചിരിയോടെ സഹിച്ചു
ശ്രീ ഗുരുജിക്കു തന്നെ ഇത്തരം ദൗര്‍ഭാഗ്യകരമായ അനുഭവങ്ങള്‍ സഹിക്കേണ്ടിവരുമ്പോള്‍ സാധാരണ സ്വയംസേവകര്‍ അനുഭവി ക്കേണ്ടിവരുന്ന യാതനകളില്‍ അത്ഭുതപ്പെടേണ്ടതില്ല. സംഘത്തില്‍ നിന്ന് സമത, സാമൂഹികത, അനുശാസനം എന്നീ ഗുണങ്ങള്‍ നേടിയതിന്റെ ഫലമായി, നരകസമാനമായ ഇത്തരം ജീവിതവും സ്വയംസേവകര്‍ ചിരിച്ചുകൊണ്ടുതന്നെ സഹിക്കാന്‍ സന്നദ്ധരായി. യാതന നിറഞ്ഞ ജയില്‍ജീവിതം സംഘത്തിന്റെ ദീര്‍ഘകാലശിബിരമാക്കി പരിവര്‍ത്തനം ചെയ്തു. ആത്മീയത നിറഞ്ഞ തങ്ങളുടെ പെരുമാറ്റത്തിലൂടെ കുറ്റവാളികളായ തടവുകാരെ തങ്ങളുടെ സ്‌നേഹിതന്മാരാക്കുക മാത്രമല്ല, പലരുടെയും ജീവിതത്തില്‍ പരിവര്‍ത്തനം കൊണ്ടു വരാനും അവര്‍ക്ക് സാധിച്ചു. അനവധി ജയിലുകളില്‍ മറ്റു തടവു കാര്‍ സ്വയംസേവകരെ ആദരവോടെ കണ്ടുതുടങ്ങി. കുറച്ചുപേര്‍ ജയിലില്‍വെച്ചുതന്നെ സ്വയംസേവകരായി. അച്ചടക്കപൂര്‍ണ്ണമായ തങ്ങളുടെ പെരുമാറ്റത്താല്‍ സ്വയംസേവകര്‍ ജയില്‍ അധികാരികളുടെ മനസ്സിലും പ്രഭാവമുണ്ടാക്കി.
സൗകര്യങ്ങള്‍ക്കായി സംഘര്‍ഷത്തിന്റെ മാര്‍ഗ്ഗം സാധാരണയാ യി സ്വയംസേവകര്‍ സ്വീകരിച്ചിരുന്നില്ല. എല്ലാവിധ കഷ്ടപ്പാടുകളും സഹിച്ച് അസൗകര്യങ്ങളുമായി ലയിച്ചുചേര്‍ന്ന് ശാന്തമായി ജീവിച്ചുകൊണ്ടിരുന്നു. എന്നാല്‍ അനവധി സ്ഥലത്ത് സകലവിധമായ അനുനയങ്ങള്‍ക്കും വിനയപൂര്‍വ്വമായ പെരുമാറ്റങ്ങള്‍ക്കുശേഷവും ജയില്‍ അധികാരികള്‍ ബോധപൂര്‍വ്വം സത്യഗ്രഹികള്‍ക്ക് അധികാ ധികം കഷ്ടപ്പാടുകള്‍ സൃഷ്ടിക്കുകയായിരുന്നു ചെയ്തത്. സ്വയം സേവകരുടെ ചെറിയ ന്യായമായ ആവശ്യങ്ങള്‍പോലും അനുവദി ച്ചുകൊടുക്കാന്‍ ജയിലധികൃതര്‍ സമ്മതിച്ചില്ല. അതിനാല്‍ അവസാനത്തെ അയുധമെന്ന നിലയ്ക്ക് നിരാഹാരം തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടിവന്നു. പല സന്ദര്‍ഭത്തിലും ജയിലില്‍ ലാത്തിച്ചാര്‍ജ്ജും നടന്നു. എന്നാല്‍ ഇത്തരം പരിതഃസ്ഥിതികളിലും പൂര്‍ണ്ണ സംയമനത്തോടെ അഹിംസാസിദ്ധാന്തമനുസരിച്ചുതന്നെ സ്വയംസേവകര്‍ പെരുമാറി. ഒരു സ്ഥലത്തുപോലും സ്വയംസേവകര്‍ ആക്രാമികമായ പ്രതികാരം നടത്തിയ സംഭവമുണ്ടായില്ല. ഉത്തമനായ യഥാര്‍ത്ഥ സത്യഗ്രഹികള്‍ എന്ന നിലയ്ക്ക് ലേശംപോലും പ്രതികാരബുദ്ധിയില്ലാതെ അവര്‍ പ്രവര്‍ത്തിച്ചു.
എന്തൊരു ക്രൂരത!
ജയില്‍ജീവിതം എത്രമാത്രം നരകസമാനമായിരുന്നു. എന്തെല്ലാം അസൗകര്യങ്ങള്‍ സൃഷ്ടിച്ചു, പെരുമാറ്റത്തില്‍ ഏതെല്ലാം തരത്തിലെ ക്രൂരതകള്‍ കാണിച്ചു എന്നതിനെക്കുറിച്ചെല്ലാം സാമാന്യമായ വിവരം ജയിലില്‍ നിരീക്ഷണത്തിനായി ചെന്ന സര്‍ക്കാരേതര ജയില്‍ വിസിറ്ററുടെ റിപ്പോര്‍ട്ടില്‍നിന്നും വര്‍ത്തമാനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വിമര്‍ശനങ്ങളില്‍നിന്നും അനുഭവസ്ഥരായവരുടെ വിവരണങ്ങളില്‍നിന്നും മനസ്സിലാക്കാന്‍കഴിയും. ചില ഉദാഹരണങ്ങള്‍ ഉദ്ധരിക്കുന്നു:
ഉത്തര്‍പ്രദേശിലെ ജയിലുകളിലെ ദയനീയാവസ്ഥയെക്കുറിച്ച് ഇംഗ്ലീഷ് ദിനപത്രമായ ‘അമൃത്‌സര്‍ പത്രിക’യില്‍ വന്ന വാര്‍ത്തയെ ആസ്പദമാക്കി പൂനെയിലെ ‘ദൈനിക് ഭാരത്’ ‘അടിച്ചമര്‍ത്തലിന്റെ തനിവിവരം’ എന്ന തലക്കെട്ടില്‍ എഴുതി. ലഖ്‌നൗ ജയിലില്‍ സത്യഗ്രഹികളെ ‘സി’ ക്ലാസിലാക്കി, കുറ്റവാളികളായ മറ്റുതടവുകാരുടെ കൂടെത്തന്നെയാണ് അവരെ താമസിപ്പിച്ചിട്ടുള്ളത്. മനുഷ്യന് കഴിക്കാന്‍ പറ്റാത്ത ആഹാരമാണവര്‍ക്ക് കൊടുക്കുന്നത്. അത്യധികമായ ശൈത്യമുള്ള ഈ കാലാവസ്ഥയില്‍ പുതയ്ക്കാനും വിരിക്കാനുമായി കീറിപ്പറിഞ്ഞ ഒരു കമ്പിളിയാണ് പലര്‍ക്കും കൊടുത്തിരിക്കുന്നത്. രാഷ്ട്രധര്‍മ്മയുടെയും പാഞ്ചജന്യയുടെയും പത്രാധിപരായ ശ്രീ രാജീവ് ലോചന്‍ അഗ്നിഹോത്രി, പ്രകാശക് ശ്രീ രാധേശ്യാംക പൂര്‍, മാനേജര്‍ നാരായണ്‍കൃഷ്ണ പാവഗീ തുടങ്ങിയ ജനസമ്മതരാ യ പ്രമുഖ വ്യക്തികളെപ്പോലും വേറെ വേറെ ഇരുണ്ട ജയിലുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. അവര്‍ക്കും പഴയ കീറിപ്പറിഞ്ഞ കമ്പിളികളും വളരെ മോശമായ ഭക്ഷണവും തന്നെയാണ് കൊടുക്കുന്നത്. ഉത്തര്‍പ്രദേശില്‍ സത്യഗ്രഹം നിറുത്തിവെയ്ക്കപ്പെട്ടശേഷം ജയിലിലെ പെരുമാറ്റങ്ങള്‍ കൂടുതല്‍ ക്രൂരമായിത്തീര്‍ന്നു. വൃത്തികെട്ട ഭക്ഷണം, അപര്യാപ്തവസ്ത്രം എന്നിവ കാരണം നിത്യമെന്നോണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന രോഗികളുടെ ചികിത്സക്കോ മരുന്നു നല്‍കുന്നതിനോ യാതൊരു വ്യവസ്ഥയുമില്ലായിരുന്നു. താമസിക്കാന്‍ പറ്റിയ സൗകര്യം ചെയ്തുകിട്ടാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ ലഖ്‌നൗ ജയിലില്‍ കിശോരപ്രായത്തിലുള്ള സ്വയംസേവകരെ ചൂരല്‍ പ്രയോഗത്തിന് വിധേയരാക്കി. ഉന്നാവില്‍ ഇരുട്ടറയ്ക്കുള്ളില്‍ അടച്ചിട്ടു. ഫത്തേഗഡിലും ബറേലിയിലും മരംകോച്ചുന്ന തണുപ്പില്‍ വസ്ത്രങ്ങളെല്ലാം ഉരിഞ്ഞ് മരവിപ്പിക്കാനായി തുറന്ന സ്ഥലത്ത് കൊണ്ടുപോയിവിട്ടു. നരാധമന്മാരുടെ ഈ നീചമായ നടപടിയുടെ ഫലമായി ബറേലിയിലെ രാധാകൃഷ്ണ, കാശിയിലെ രാം ദുലാരെ പാണ്‌ഡെ എന്നീ രണ്ടുപേര്‍ കിശോര പ്രായത്തില്‍തന്നെ ന്യുമോണിയ പിടിച്ച് ഈ ലോകത്തോട് യാത്ര പറഞ്ഞു.
ആഴ്ചയില്‍ ഒരിക്കല്‍ മാത്രം കുളി
മഹാരാഷ്ട്രയില്‍ ശോലാപൂര്‍ സെറ്റില്‍മെന്റ് ജയിലില്‍ കുത്തിനിറയ്ക്കപ്പെട്ട ബാല സത്യഗ്രഹികളുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. ഇതുസംബന്ധിച്ച് പൂനയിലെ ‘ദൈനിക് ഭാരതി’ല്‍ 23 ജനുവരി ലക്കത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ:- ”ഈ ജയിലിലെ അവ്യവസ്ഥ കാരണം അവിടുത്തെ സത്യഗ്രഹികള്‍ വളരെ ദുരിതപൂര്‍ണ്ണമായ അവസ്ഥയിലാണ്. അവരെ മറ്റു കുറ്റവാളികളായ തടവുകാരോടൊപ്പം ഒരേ ഹാളിലാണ് താമസിപ്പിച്ചിരിക്കുന്നത്. ആ തടവുകാര്‍ ചൊറിയും മറ്റു പകര്‍ച്ചവ്യാധികളും പിടിപെട്ടവരാകയാല്‍ അവരുമായുള്ള സമ്പര്‍ക്കം കാരണം ഇവര്‍ക്കും പകരാനുള്ള ആശങ്ക നിലനില്‍ക്കുന്നു. ചിലര്‍ക്ക് രോഗം പിടിപെട്ടുകഴിഞ്ഞിരിക്കുന്നു.
ഈ ബാലന്മാരെക്കൊണ്ട് നിത്യേന അഞ്ചും ആറും മണിക്കൂര്‍ ജോലിചെയ്യിക്കുന്നു. മറ്റു സമയങ്ങളില്‍ അവരെ ദുര്‍ഗന്ധം വമിക്കുന്ന അറകളില്‍ പൂട്ടിയിടുകയാണ് ചെയ്യുന്നത്. ഇത്തരം ബാരക്കുകളില്‍ വെള്ളത്തിന്റെ കാര്യമായ അഭാവം ഉണ്ട്. മുറികളില്‍ ഈച്ചയും ഉറുമ്പും കൊണ്ട് നിറഞ്ഞിരിക്കുന്നു. തടവുകാര്‍ മൂത്രമൊഴിക്കേണ്ടതും തടവറക്കുള്ളില്‍ തന്നെയാണ്. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് അവര്‍ക്ക് കുളിക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളത്.
സന്ധ്യാസമയത്ത് വിരികള്‍ വിരിക്കാനായി കുറച്ചുനേരത്തേയ്ക്ക് മാത്രമാണ് വിളക്കുകാണിക്കുക. ബാക്കി രാത്രി മുഴുവന്‍ അന്ധകാരം നിറഞ്ഞ ജയിലറയില്‍ കഴിയേണ്ട അവസ്ഥയാണ്. ഈ ദുരിതപൂര്‍ണ്ണമായ അവസ്ഥയ്‌ക്കെതിരെ ബാല സത്യഗ്രഹികള്‍ പ്രതിഷേധം പ്രകടിപ്പിച്ചപ്പോള്‍ ആ കുരുന്നു ശരീരങ്ങളിലും ചാട്ടവാര്‍ പ്രയോഗം നടത്താനാണ് രാക്ഷസീയരായ ജയിലധികൃതര്‍ മുതിര്‍ന്നത്.
കല്ലുകടിക്കുന്ന ചപ്പാത്തി, പുഴുക്കള്‍ നിറഞ്ഞ പരിപ്പ്
രാജസ്ഥാനിലെ ജയില്‍ സാക്ഷാല്‍ നരകം തന്നെയായിരുന്നു. രോഗികള്‍ക്ക് ചികിത്സയ്ക്കുള്ള ഏര്‍പ്പാട് തീരെയുണ്ടായിരുന്നില്ല. പല സത്യഗ്രഹികള്‍ക്കും ചൊറി തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ പിടിപെട്ടിരുന്നു. എന്നാലും അവരെ കുളിക്കാന്‍ അനുവദിച്ചിരുന്നില്ല. ചെറിയചെറിയ ജയിലറകളില്‍ 30 ഓളം പേരെ കുത്തിനിറച്ചിരുന്നു. മലമൂത്ര വിസര്‍ജ്ജനവും അവിടെത്തന്നെ നടത്തേണ്ടി വരുന്നു. രാത്രിയില്‍ വെളിച്ചത്തിന്റെ സൗകര്യം ഒന്നുമുണ്ടായിരുന്നില്ല. കല്ലുകടിക്കുന്ന ചപ്പാത്തിയും പുഴുക്കള്‍ അരിക്കുന്ന പരിപ്പുമായിരുന്നു ഭക്ഷണം.