- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- വര്‍ത്തമാനപത്രങ്ങളുടെ മേല്‍ അടിച്ചമര്‍ത്തല്‍ ( ആദ്യത്തെ അഗ്നിപരീക്ഷ 28)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
സംഘത്തിന്റെ ന്യായയുക്ത നിലപാടില്‍ പ്രഭാവിതരായ വര്‍ത്തമാനപത്രങ്ങളും അവര്‍ക്കുനേരെയുള്ള വെല്ലുവിളികളെ തെല്ലും കൂസാതെ സത്യഗ്രഹ പരിപാടികളെ പ്രോത്സാഹിപ്പിക്കാനായി രംഗത്തിറങ്ങി. സര്‍ക്കാരിന്റെ പലവിധത്തിലുള്ള അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കും അവര്‍ വിധേയരാകേണ്ടിവന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പത്രധര്‍മ്മം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. പ്രയാഗിലെ ‘ക്രൈസിസ്’, ‘കര്‍മ്മയോഗി’ പൂണെയിലെ ‘ദൈനിക് ഭാസ്‌കര്‍’ തുടങ്ങിയവയെല്ലാം വെല്ലുവിളികളുടെ മുന്നില്‍ ഒട്ടും ഇളകാതെ ഉറച്ചു നിന്നു.
♦ മദ്ധ്യപ്രദേശിന്റെയും ബിഹാറിന്റേയും ഗവര്‍ണര്‍ സത്യഗ്രഹം ആരംഭിച്ച നാള്‍മുതല്‍ സുരക്ഷാനിയമത്തിന്റെ വകുപ്പുകളനുസരിച്ച് സംഘസംബന്ധമായ വാര്‍ത്തകളോ സംഘത്തിന്റെ ഏതെങ്കിലും പ്രവര്‍ത്തകന്റെ പ്രസ്താവനയോ ഒരു പത്രവും പ്രസിദ്ധീകരിക്കരുതെന്ന പ്രത്യേക ആജ്ഞ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സ്ഥലത്തെ പത്രങ്ങളെല്ലാം അതിനെ ശക്ത മായി എതിര്‍ക്കുകയും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
♦ സംഘം കോണ്‍ഗ്രസില്‍ ലയിക്കണമെന്ന സര്‍ദാര്‍ പട്ടേലിന്റെ ഉപദേശത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് നാഗപ്പൂരിലെ തരുണ്‍ഭാരത് 1948 ഡിസംബര്‍ 15 ലെ ലക്കത്തില്‍ ഇങ്ങനെ എഴുതി:- ”സര്‍ദാര്‍ പട്ടേലിന്റെ ദൃഷ്ടിയില്‍ സംഘം ചെയ്ത മഹാപരാധം സംഘം അദ്ദേഹത്തിന്റെ ‘സത്യസന്ധമായ പരാമര്‍ശം’ അനുസരിച്ചില്ല എന്നതാണോ…. അതിന്റെ അര്‍ത്ഥം അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു സം ഘടനയ്ക്കും സജീവമായിരിക്കാനുള്ള അവകാശം നല്‍കാന്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ ഒരുക്കമല്ല എന്നതല്ലേ?….. ഈ സമീപനം ഫാസിസ്റ്റ് ഏകാധിപത്യമല്ലെങ്കില്‍ മറ്റെന്താണ്?
♦ മദ്ധ്യപ്രദേശിലെ ആഭ്യന്തരമന്ത്രി പണ്ഡിറ്റ് മിശ്ര സംഘത്തിന്റെ സാമ്പത്തിക വ്യവസ്ഥയെപ്പറ്റി വിമര്‍ശിച്ചതിനെ സംബന്ധിച്ച് നാഗപ്പൂരിലെ ഇംഗ്ലീഷ് ദിനപത്രം ‘ഹിതവാദ’ അതിന്റെ 1948 ഡിസംബര്‍ 12 ലെ ലക്കത്തില്‍ മിശ്രയോട് മറുചോദ്യം ഉന്നയിച്ചുകൊണ്ടെഴുതി ”കോണ്‍ഗ്രസിന്റെ ‘തിലക് സ്വരാജ് ഫണ്ടി’നെ സംബന്ധിച്ച ചോദ്യത്തിനുത്തരം കൊടുത്തശേഷം സംഘത്തിന്റെ സാമ്പത്തികകാര്യത്തെക്കുറിച്ച് മിശ്രാജി ചോദ്യം ഉന്നയിച്ചിരുന്നെങ്കില്‍ കൂടുതല്‍ ഉചിതമാകുമായിരുന്നു.”
♦ സര്‍ദാര്‍ പട്ടേല്‍ ഗ്വാളിയോറില്‍വെച്ച് സംഘ സത്യഗ്രഹികളുടെ നേരെ ഭീഷണിയുയര്‍ത്തിയതിനെ സംബന്ധിച്ച് കാശിയിലെ ‘ചേതന’ പത്രം ഡിസംബര്‍ 12 ന്റെ ലക്കത്തില്‍ എഴുതി:- ”സര്‍ദാര്‍ പട്ടേല്‍ മുഴക്കിയ ഭീഷണി നിരങ്കുശമായ ഒരു ഭരണകൂടത്തിന് ശോഭ കൂട്ടുന്നതാണ്. എന്നാല്‍ അത് സ്വതന്ത്രഭാരതത്തിലെ ഉപപ്രധാനമന്ത്രിക്ക് ചേരുന്നതല്ല.”
♦ തങ്ങള്‍ ന്യായത്തിന്റെ ഭാഗത്തുനില്‍ക്കുന്നതിന്റെ പേരില്‍ സംഭവിക്കാവുന്ന ഭവിഷ്യത്തിനെ സംബന്ധിച്ച് ഈ വര്‍ത്തമാനപത്രങ്ങള്‍ക്കെല്ലാം പൂര്‍ണ്ണബോദ്ധ്യമുണ്ടായിരുന്നു. കാരണം സംഘ ത്തിന് അനുകൂലമായ നിലപാടെടുത്താല്‍ അവര്‍ക്കെതിരെ സുരക്ഷാനിയമമനുസരിച്ച് നടപടികളുണ്ടാകുമെന്നത് സര്‍വ്വ സാധാരണകാര്യമായിരുന്നു. സര്‍ക്കാരിന്റെ ഇത്തരം അടിച്ചമര്‍ത്തല്‍ നടപടികള്‍ക്ക് ഇരയായിത്തീര്‍ന്ന ചില വര്‍ത്തമാനപത്രങ്ങളെ സംബന്ധിച്ച വിവരങ്ങളില്‍നിന്ന് സംഘ സത്യഗ്രഹത്തെ അനുകൂലിച്ച വര്‍ത്തമാനപത്രങ്ങളെ ഭയപ്പെടുത്താന്‍ ഏതെല്ലാം തരത്തിലുള്ള സമ്മര്‍ദ്ദതന്ത്രങ്ങളാണ് സര്‍ക്കാര്‍ ഉപയോഗിച്ചതെന്ന് മനസ്സിലാക്കാം. മറ്റൊരു പത്രവും സംഘാനുകൂലമായി എഴുതാന്‍ ധൈര്യപ്പെടരുത് എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം.
♦ ഉര്‍ദുപത്രമായ ‘പ്രഭാതി’ന്റെ അമൃത്‌സറിലെ പത്രാധിപരെ അറസ്റ്റുചെയ്തു. പത്രത്തിന്റെ പ്രസിദ്ധീകരണം നിരോധിച്ചു.
♦ മറ്റൊരു ഉര്‍ദുപത്രമായ ‘പ്രതാപി’ ന്റെ സ്വത്ത് പൂര്‍ണ്ണമായും ജപ്തി ചെയ്തു. എന്നാല്‍ നിയമനടപടികളില്‍ സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് പ്രതാപ് പത്രത്തിനനുകൂലമായി കോടതി വിധി പ്രസ്താവിച്ചു. സര്‍ക്കാര്‍ സമ്മര്‍ദ്ദം വിലപ്പോയില്ല.
♦സംഘത്തിനെതിരായുള്ള സര്‍ക്കാരിന്റെ കള്ളപ്രചരണം തുറന്നുകാണിക്കുകയും സത്യഗ്രഹത്തിന്റെ പശ്ചാത്തലം ജന ങ്ങളെ ശരിയായി ബോദ്ധ്യപ്പെടുത്താന്‍ തയ്യാറാവുകയും ചെയ്തതിന്റെ പേരില്‍ ജലന്ധറില്‍നിന്നുള്ള ‘ഹിന്ദു’ ഉര്‍ദുപത്രം മൂന്നുമാസത്തേയ്ക്ക് അടച്ചുപൂട്ടി.
♦ജലന്ധറിലെതന്നെ ‘ആകാശവാണി’ എന്ന ഹിന്ദിവാരികയും മൂന്നുമാസത്തേയ്ക്ക് നിരോധിച്ചു.
♦സിലംയിലെ ‘വിജയ’ പ്രസിദ്ധീകരണത്തിന്റെ അയ്യായിരം രൂപ പിടിച്ചെടുത്തു. തത്ഫലമായി ‘വിജയി’ന്റെ പ്രസിദ്ധീകരണം നിര്‍ത്താന്‍ നിര്‍ബന്ധിതരായി. എന്നാലും മാപ്പിരക്കാന്‍ സന്നദ്ധരായില്ല.
♦രോഹ്തക്കിലെ ‘രണനാദ’വും നിരോധനത്തിനിരയായി.
സത്യഗ്രഹത്തിന്റെ പ്രഭാവം
സത്യഗ്രഹത്തിന്റെ ആരംഭദിനങ്ങളില്‍ വലിയൊരു വിഭാഗം ജനങ്ങളില്‍ അനവധി തരത്തിലുള്ള ആശങ്കകളുണ്ടായിരുന്നു. സംഘത്തിന്റെ ഭാഗത്താണ് ന്യായം എന്നംഗീകരിക്കുന്നവരുടെ മനസ്സിലും ഇത്തരം ആശങ്ക നിലനിന്നിരുന്നു. ഇത്രയും ശക്തമായ എതിര്‍പ്പിനിടയില്‍ നീണ്ടുനിന്ന നിരോധനകാലത്തിനുശേഷം വ്യാപകമായ സത്യഗ്രഹം സംഘടിപ്പിക്കാന്‍ സംഘത്തിന് കഴിയുമോ എന്നവര്‍ സംശയിച്ചു. സംഘവിരോധികളുടെ അക്രമാസക്തമായ പ്രവൃത്തികള്‍ കാരണം സംഘസ്വയംസേവകര്‍ക്ക് അഹിംസാത്മകമായ സത്യഗ്രഹം സംഘടിപ്പിക്കാന്‍ സാധിക്കുമോ എന്ന് അവര്‍ ശങ്കിക്കുകയും ഭയക്കുകയും ചെയ്തിരുന്നു. പലതരത്തിലുള്ള അക്രമങ്ങളും നാശനഷ്ടങ്ങളുമുണ്ടാകുമെന്ന് അവര്‍ ഭയപ്പെട്ടു. ”സംഘത്തിലെ ആളുകളുടെ മനസ്സ് വെറുപ്പുകൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവര്‍ക്ക് സത്യഗ്രഹം നടത്താന്‍ സാദ്ധ്യമല്ലതന്നെ” എന്നായിരുന്നു സര്‍ദാര്‍ പട്ടേല്‍ തന്നെ പറഞ്ഞത്. സംഘവിരോധികള്‍ അവരുടെ ഭാവനയ്ക്കനുസരിച്ച് നടത്തിയ കുപ്രചരണത്തിന്റെ ഫലമായി ജനങ്ങളുടെ മനസ്സില്‍ ഇത്തരം ഒരു ഭീതിയുണ്ടായി എന്നത് സ്വാഭാവികമായിരുന്നു.
എന്നാല്‍ സത്യഗ്രഹം രണ്ടാഴ്ച പിന്നിട്ട് സത്യഗ്രഹത്തിന്റെ സാത്വിക സ്വരൂപം കണ്ടതോടെ ജനങ്ങളുടെ ഭയവും ആശങ്കയുമെല്ലാം അസ്ഥാനത്തായി. അത്യന്തം ക്രൂരവും മൃഗീയവും പ്രാകൃതവുമാണെന്ന് വിശേഷിപ്പിക്കപ്പെട്ട, ഹിംസയുടെ പൂജാരികളെന്നും മറ്റും ആരോപണമുന്നയിക്കപ്പെട്ട സംഘടനയുടെ സംയമനത്തോടെയുള്ളതും അനുശാസനാബദ്ധവും ശാന്തിപൂര്‍ണ്ണവും അഹിംസാത്മകവു മായ സത്യഗ്രഹം കണ്ട് അവര്‍ അത്ഭുതപ്പെട്ടു. സത്യഗ്രഹം ദേശവ്യാപകമായി നിരന്തരം നടക്കുന്നു. ഒരു സ്ഥലത്തും നശീകരണ പ്രവര്‍ത്തനങ്ങളില്ല, ആര്‍ക്കും എതിരായി വിരോധമോ വെറുപ്പോ ഉളവാക്കുന്ന പ്രചരണങ്ങളില്ല, തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍മാത്രം ഉന്നയിക്കുന്നു. ഭരണാധികാരികള്‍ക്ക് സദ്ബുദ്ധിയുണ്ടാകാനും ജനങ്ങളില്‍ സഹാനുഭൂതിയുണ്ടാകാനുമായി ജയില്‍ ജീവിതം സസന്തോഷം സ്വീകരിക്കാന്‍ സന്നദ്ധരാകുന്നു. ഗാന്ധിജിയുടെ സത്യഗ്രഹം സംബന്ധിച്ച നിര്‍ദ്ദേശം അക്ഷരംപ്രതി പാലിക്കപ്പെടുന്നു. ഇതെല്ലാം കണ്ട പൊതുജനങ്ങള്‍ സ്വയംസേവകരുടെ ദൃഢനിശ്ചയം, സംയമനം, കഴിവ് എന്നിവയെ മുക്തകണ്ഠം പ്രശംസിക്കാന്‍ മുന്നോട്ടുവന്നു.
അഹങ്കാരം തകര്‍ന്നടിഞ്ഞു
ദേശവ്യാപകമായ സത്യഗ്രഹം തങ്ങള്‍ക്കുമാത്രമേ നടത്താന്‍ സാധി ക്കൂ എന്ന അഹങ്കാരം കോണ്‍ഗ്രസുകാര്‍ക്കുണ്ടായിരുന്നു. അഥവാ ആരെങ്കിലും സത്യഗ്രഹത്തിന് മുതിര്‍ന്നാല്‍ ത്തന്നെ രണ്ടോ മൂന്നോ ദിവസം കൊണ്ടുതന്നെ അത് കെട്ടടങ്ങുമെ ന്നാണ് അവര്‍ കരുതിയത്. എന്നാല്‍ ഇത്രയും കുറഞ്ഞ സമയംകൊണ്ട് സത്യഗ്രഹത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൊതുജനങ്ങളില്‍ പ്രചരിപ്പിക്കാനാകുംവിധം ശാന്തിപൂര്‍ണ്ണമായ സത്യഗ്രഹം നടത്താനും ജയിലുകള്‍ നിറയ്ക്കാനുമുള്ള ആസൂത്രണം സംഘം നടത്തിയതുപോലെ തങ്ങള്‍ക്ക് സംഘടിപ്പിക്കാന്‍ സാദ്ധ്യമല്ലെന്ന് അവര്‍ക്ക് ബോദ്ധ്യപ്പെട്ടു.
സംഘം കുട്ടിക്കളിയാണെന്ന് കരുതിയിരുന്നവര്‍, സംഘത്തിന് പ്രക്ഷോഭങ്ങളൊന്നും സംഘടിപ്പിക്കാന്‍ കഴിയില്ലെന്ന് ചിന്തിച്ചിരുന്ന ജനങ്ങള്‍ അവരുടെ തെറ്റായ ഭ്രമത്തില്‍നിന്ന് വിമുക്തരാകാന്‍ വളരെയധികം വിഷമിച്ചു. ജനങ്ങളുടെ ധാരണ തിരുത്തിക്കൊണ്ട് ഡല്‍ഹിയിലെ മുഖ്യകമ്മീഷണര്‍ ഡിസംബര്‍ 16 ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു:- ”സംഘം ഒരേസമയത്ത് ദേശവ്യാപകമായി ആരംഭിച്ച സത്യഗ്രഹം വളരെ പെട്ടെന്ന് അവസാനിക്കുകയില്ല. അതിനാല്‍ ഇതിനെ നിശ്ചയദാര്‍ഢ്യത്തോടും സാഹസികമായും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാകേണ്ടിയിരിക്കുന്നു.”
സത്യഗ്രഹം ആരംഭിച്ചു രണ്ടാഴ്ചയ്ക്കുള്ളില്‍ ജനങ്ങളുടെ മനസ്സില്‍ അത് എന്ത് പ്രഭാവമാണ് സൃഷ്ടിച്ചതെന്ന് ഡല്‍ഹിയില്‍നിന്ന് പ്രസിദ്ധീകരിച്ച ‘നവഭാരത’ പത്രത്തിലെ ലേഖനം സ്പഷ്ട മാക്കുന്നു. ”സംഘപ്രവര്‍ത്തനത്തിന്റെ പ്രേരണാത്മകമായ, പ്രഭാവപൂര്‍ണ്ണമായ വൈചാരിക ഉദ്ദേശ്യത്തിനുനേരെ സര്‍ക്കാര്‍ ഉപേക്ഷ കാണിക്കുന്നത് ശരിയല്ല. സംഘത്തിന്റെ സംഘടനാചാതു ര്യം അനുപമമാണ്. സ്വയംസേവകരുടെ ധ്യേയനിഷ്ഠ അചഞ്ചലമാണ്. അവരുടെ അനുശാസനം കൗതുകമുണര്‍ ത്തുന്നതാണ്. അഹിംസാവ്രതം അക്ഷരംപ്രതി പാലിച്ചുകൊണ്ട് മറ്റു പ്രക്ഷോഭകാരികളുടെ മുന്നില്‍ അവര്‍ അപൂര്‍വമായ ഉദാഹരണം കാഴ്‌വെച്ചിരിക്കുന്നു. നാടിന്റെ നിര്‍മ്മാണാത്മക പ്രവര്‍ത്തനത്തിന് യാതൊരു ബാധയുമുണ്ടാക്കാതെ, ഗതാഗതത്തിന് ഒരു തടസ്സവും സൃഷ്ടിക്കാതെ, സ്വന്തം ജനങ്ങള്‍ക്ക് തങ്ങളുടെ പ്രക്ഷോഭം കാരണം ഒരുതരത്തിലുമുള്ള വിഷമവും കഷ്ടനഷ്ടങ്ങളും ഉണ്ടാകാത്തവണ്ണം സംയമനത്തോടും ത്യാഗമനോഭാവത്തോടും കൂടെയാണ് അവര്‍ സത്യഗ്രഹം ആരംഭിക്കുകയും നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്.”
പൂണെയിലെ ‘കേസരി’ പത്ര ത്തില്‍ എഴുതി:- ”ഈ സത്യഗ്രഹത്തില്‍ ഗാന്ധിജിയുടെ നയം അക്ഷരംപ്രതി പാലിച്ചിരിക്കുന്നു. സത്യഗ്രഹം നടത്തുന്നതു സംബന്ധിച്ച് ഭരണാധികാരികള്‍ക്ക് മുന്‍കൂട്ടി വിവരം നല്‍കിയ ശേഷമാണ് അവര്‍ പ്രകടനങ്ങള്‍ നടത്തിയത്. സത്യഗ്രഹികളുടെ പേരും അവര്‍ പ്രഖ്യാപിച്ചിരുന്നു. പോലീസുമായി ഒരു തരത്തിലുള്ള സംഘര്‍ഷത്തിനും അവര്‍ സന്നദ്ധരായില്ല. മറിച്ച് പോലീസ് എത്തുന്നതോടെ അവരുടെ നടപടികള്‍ക്ക് സത്യഗ്രഹികള്‍ സ്വയം വിധേയരാവുകയാണ് ചെയ്തത്. ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന പ്രഭാഷണങ്ങള്‍ അവര്‍ നടത്തിയിട്ടില്ല. അത്തരം മുദ്രാവാക്യങ്ങളും അവര്‍ മുഴക്കിയില്ല. അവര്‍ നടത്തുന്ന സത്യഗ്രഹത്തിന്റെ ഉദ്ദേശ്യം സര്‍ക്കാരിനെ വെല്ലുവിളിക്കാനല്ലെന്നും യാതന സഹിച്ച് നീതി നേടാനുമാണെന്ന് അവരുടെ പ്രഭാഷണങ്ങളിലെല്ലാം അവര്‍ വ്യക്തമാക്കി. ”സത്യഗ്രഹത്തില്‍ എല്ലാ ജാതിയില്‍പ്പെട്ടവരും എല്ലാവിധ തൊഴില്‍ചെയ്യുന്നവരും പങ്കാളികളാണ്. സമൂഹത്തില്‍ വളരെ പ്രമുഖരായവരും സമ്പന്നരും ഗ്രാമീണരായവരും സത്യഗ്രഹത്തില്‍ ഉണ്ടായിരുന്നു. സംഘര്‍ഷസാദ്ധ്യതയുണ്ടെന്ന് തോന്നുന്ന ഗ്രാമങ്ങളില്‍ സത്യഗ്രഹം ഒഴിവാക്കി മറ്റു സ്ഥലങ്ങളിലേയ്ക്ക് മാറ്റാന്‍ അവര്‍ സന്നദ്ധരായി. കോണ്‍ ഗ്രസിന്റെ ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭം നടന്ന കാലത്തുപോലും കുറഞ്ഞസമയംകൊണ്ട് ഇത്രയും വലിയ സംഖ്യയില്‍ ജയില്‍ നിറയ്ക്കാന്‍ അവര്‍ ക്ക് സാധിച്ചില്ല.”
ജയിലുകള്‍ നിറഞ്ഞു
സര്‍ക്കാര്‍ പ്രചാരണമാധ്യമങ്ങളും ഭരണാധികാരികളുടെ പ്രസ്താവനകളും സത്യഗ്രഹത്തിന്റെ വ്യാപ്തിയും സത്യഗ്രഹികളുടെ എണ്ണവുമെല്ലാം കുറച്ചുകാണിക്കുന്ന രീതിയിലായിരുന്നു. എന്നുമാത്രമല്ല സത്യഗ്രഹ ത്തിന്റെ ആരംഭത്തില്‍ത്തന്നെ സംഘത്തിന്റെ ആത്മവിശ്വാസം തകര്‍ന്നടിഞ്ഞിരിക്കുന്നു എന്ന രീതിയില്‍ അവര്‍ പ്രചരണം നടത്തി. എന്നാല്‍ നിഷ്പക്ഷമാധ്യമങ്ങള്‍ സര്‍ക്കാരിന്റെ ഇത്തരം പല്ലവിയെ പൊതുജനസമക്ഷം പൊളിച്ചുകാട്ടാന്‍ സഹായകമായിത്തീര്‍ന്നു. സത്യഗ്രഹം ആരംഭിച്ചു രണ്ടാഴ്ച കഴിയുമ്പോഴേയ്ക്കും നാട്ടിലെ ജയിലുകള്‍ നിറയുക മാത്രമല്ല ജയിലില്‍ ഉള്‍ ക്കൊള്ളാവുന്നതിലും രണ്ടും മൂന്നും ഇരട്ടി സത്യഗ്രഹികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു എന്നതായിരുന്നു അവസ്ഥ.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പണ്ഡിറ്റ് ഗോവിന്ദവല്ലഭ പന്ത് ഒരു പത്രസമ്മേളനത്തില്‍ ”സംഘസത്യഗ്രഹത്തിന് നാട്ടില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല” എന്നു പ്രസ്താവിച്ചപ്പോള്‍ അമൃതബസാര്‍ പത്രിക ഡിസംബര്‍ 16ലെ ലക്കത്തില്‍, ”മുഴുവന്‍ സംസ്ഥാനത്ത് ഇതിനകം 4500 പേരെ തടവിലാക്കിയിരിക്കുന്നു” എന്ന് എഴു തി. ഡിസംബര്‍ 16 നകം മദ്ധ്യപ്രദേശില്‍ മൂവായിരം സത്യഗ്രഹികള്‍ തടവിലാക്കപ്പെട്ടു. സത്യഗ്രഹത്തില്‍ പങ്കെടുത്തവര്‍ അതിലും എത്രയോ ഇരട്ടിയായിരുന്നു. ഡിസംബര്‍ 19ന്റെ ‘സണ്‍ ഡേ ടൈംസ്’ലെ വാര്‍ത്ത ”യര്‍വദാ (മഹാരാഷ്ട്ര) ജയിലില്‍ 2000 തടവുപുള്ളികളെ മാത്രം പാര്‍പ്പിക്കാവുന്ന സ്ഥലത്ത് 3500 പേരെ തടവുകാരാക്കിയിരിക്കുന്നു” എന്നായിരുന്നു.
യര്‍വദാജയിലില്‍ മാത്രമല്ല, ഭാരതത്തിലെ മിക്കവാറും എല്ലാ പ്രമുഖ ജയിലുകളിലും ഇതുതന്നെയായിരുന്നു സ്ഥിതി. സത്യഗ്രഹം ആരംഭിച്ച് ആദ്യത്തെ ആഴ്ചമാത്രം പിന്നിട്ട അവസരത്തിലായിരുന്നു അത്.
ഭരണകൂടത്തിന്റെ മര്‍ദ്ദനമുറകള്‍ ക്കൊന്നുംതന്നെ സത്യഗ്രഹത്തിന്റെ വ്യാപ്തിയേയോ നൈരന്തര്യത്തെയോ തടയാന്‍ കഴിഞ്ഞില്ല. ഡല്‍ഹിയിലെ ‘വിശ്വാമിത്ര’ എന്ന ദിനപത്രം രാജസ്ഥാനിലെ സത്യഗ്രഹത്തെക്കുറിച്ച് ഡിസംബര്‍ 17-ാം തീയതിയിലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് ഇങ്ങനെയായിരുന്നു:- ”ബീക്കാനീറിന്റെ എല്ലാ ഭാഗങ്ങളിലും സത്യഗ്രഹം ഗംഭീരമായി നടക്കുന്നു. പിടിക്കക്കപ്പെട്ടവരെല്ലാം ആറ് മാസം വീതം കഠിനതടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും അമ്മമാര്‍ അവരുടെ മക്കളെ സ്വയം തിലകംതൊടീച്ച് ആരതിയുഴിഞ്ഞ് സത്യഗ്രഹത്തിന് യാത്രയയയ്ക്കുന്നു.”
തടവുകാരാക്കുന്നതിന് ഭരണകൂടത്തിന്റെ വൈഷമ്യം
ഉത്തര്‍പ്രദേശില്‍ സത്യഗ്രഹം ആരംഭിച്ച ആദ്യത്തെ ആഴ്ചയില്‍ത്തന്നെ സത്യഗ്രഹികളുടെ എണ്ണത്തിന്റെ ആധിക്യം കാരണം എല്ലാവരേയും തടവുകാരാക്കാന്‍ സാധിക്കാത്ത സ്ഥിതി സംജാതമായി. ജയിലില്‍ സ്ഥലമില്ലാത്തതിനാല്‍ സത്യഗ്രഹികളിലെ നേതാക്കളെമാത്രം അറസ്റ്റുചെയ്ത് മറ്റുള്ളവരെയെല്ലാം വിട്ടയയ്ക്കാന്‍ ഉന്നതതലത്തില്‍നിന്ന് നിര്‍ദ്ദേശം ലഭിച്ചതിനാല്‍ പോലീസ് പലയിടത്തും അറസ്റ്റ് ചെയ്യാന്‍തന്നെ സന്നദ്ധരായില്ല. സത്യഗ്രഹികളുടെ എണ്ണത്തിലെ വര്‍ദ്ധനവുമൂലം കാണ്‍പൂരിലെ ജയിലില്‍ 400 തടവുകാര്‍ക്കുമാത്രം സൗകര്യമുള്ളിടത്ത് 1100 പേരെ പാര്‍പ്പിച്ചിരുന്നു. ഇത്രയും രാജനൈതികതടവുകാരെ എവിടെ താമസിപ്പിക്കും എന്ന വിഷമാവസ്ഥയിലായിരുന്നു ഭരണാധികാരികള്‍. അക്കാലത്തെ ‘ഹിന്ദുസ്ഥാന്‍ സമാചാര്‍’ എന്ന വാര്‍ത്താ ഏജന്‍സി കൊടുത്ത വാര്‍ത്തയില്‍നിന്ന് സത്യഗ്രഹത്തിന്റെ വ്യാപ്തിയും സര്‍ക്കാരിന്റെ വിഷമാവസ്ഥയും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. സമാചാര്‍ നല്‍കിയ വാര്‍ത്തയനുസരിച്ച് ഗോരഖ്പൂര്‍, ലഖിംപൂര്‍, ഫത്തേഹ്പൂര്‍ എന്നിവിടങ്ങളില്‍ സര്‍ക്കാരിന്റെ നിരോധനം ലംഘിച്ച് ശാഖകള്‍ നടത്തുന്നവരുടെ സംഖ്യ പോലീസിന് തടവിലാക്കാന്‍ കഴിയുന്നതിലും എത്രയോ അധികമായിരുന്നു. അതിനാല്‍ പലസ്ഥലത്തും അറസ്റ്റ് നടന്നതേയില്ല. തെരുവുകളിലും പാര്‍ക്കുകളിലുമെല്ലാം ശാഖകള്‍ നടന്നതുകാരണം പോലീസ് ആരെ എവിടെ അറസ്റ്റുചെയ്യണമെന്നറിയാത്ത പ്രതിസന്ധിയിലായി. തല്‍ഫലമായി ഉത്തരപ്രദേശിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പല സ്ഥലത്തും സംഘശാഖകള്‍ പണ്ടത്തെപോലെ നിര്‍ബാധം പ്രവര്‍ത്തിച്ചുതുടങ്ങി. അവരെ തടയാന്‍ ആരുമുണ്ടായിരുന്നില്ല.
വിദര്‍ഭയിലെ ബിറാര്‍ പ്രദേശത്തെ സകല ജയിലുകളും ആദ്യത്തെ ആഴ്ചയില്‍ത്തന്നെ നിറഞ്ഞിരുന്നു. യവത്മാല്‍ ജയിലില്‍ 52 പേര്‍ക്കുമാത്രം സൗകര്യമുള്ള സ്ഥലത്ത് 170 പേരെക്കൊണ്ട് നിറച്ചിരുന്നു. ആ സംഖ്യ നിത്യവും വര്‍ദ്ധിച്ചുകൊണ്ടുമിരുന്നു. അകോല ജയിലിലും അതുതന്നെയായിരുന്നു സ്ഥിതി. നാഗപ്പൂരിലെ ജയിലില്‍ 70 പേര്‍ക്കുള്ള പരിമിതമായ സ്ഥലത്ത് 160 പേരെ കുത്തിനിറച്ചിരുന്നു. പഞ്ചാബിലെ ഹിസ്സാര്‍ ബോസ്റ്റല്‍ ജയിലില്‍ 400 പേര്‍ക്കുള്ള സ്ഥലത്ത് 1350 സത്യഗ്രഹികളെ തടവിലാക്കിയിരുന്നു.
ഒറീസ്സ, ആസാം, ബംഗാള്‍ ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെല്ലാം ജയിലിലെ സ്ഥിതി ഇതുതന്നെയായിരുന്നു. അതിനാല്‍ സത്യഗ്രഹികളില്‍ വളരെ കുറച്ചുപേരെമാത്രം അറസ്റ്റുചെയ്ത് മറ്റുള്ളവരെയെല്ലാം വിട്ടയയ്ക്കാന്‍ മുകളില്‍നിന്ന് നിര്‍ദ്ദേശമുണ്ടായി. അതനുസരിച്ച് സത്യഗ്രഹികളുടെ ഒന്നുരണ്ടു നേതാക്കളെ ഒഴിച്ചു മറ്റുള്ളവരെയെല്ലാം വിട്ടയച്ചുതുടങ്ങി. അന്നത്തെ കര്‍ണാടക പ്രാന്തപ്രചാരകനായിരുന്ന യാദവറാവു ജോഷി നൂറുകണക്കിന് സത്യഗ്രഹികള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് ബാംഗ്ലൂരില്‍ സത്യഗ്രഹം നടത്തി. എ ന്നാല്‍ പോലീസ് രണ്ടുപേരെമാത്രം തടവിലാക്കി മറ്റുള്ളവരെയെല്ലാം വിട്ടയച്ചു. ഇതുതന്നെ പലയിടത്തും ആവര്‍ത്തിച്ചു. ചിലര്‍ പത്തും പന്ത്രണ്ടും പ്രാവശ്യം സത്യഗ്രഹം നടത്തി ജയിലില്‍ പോകാന്‍ ആഗ്രഹിച്ചെങ്കിലും നിങ്ങളാരും പ്രമുഖപ്രവര്‍ത്തകരല്ല എന്നുപറഞ്ഞ് പോലീസ് അവരെ അറസ്റ്റുചെയ്യാന്‍ കൂട്ടാക്കിയില്ല.
ഉജ്ജയിനിലെ സത്യഗ്രഹം വളരെ ആവേശകരമായിരുന്നു. അവിടെ 144-ാം വകുപ്പു പ്രഖ്യാപിച്ചു. എന്നാല്‍ പരസ്യമായിത്തന്നെ അത് ലംഘിക്കപ്പെട്ടുകൊണ്ടിരുന്നു. രണ്ടുദിവസംകൊണ്ടുതന്നെ അവിടുത്തെ ജയിലില്‍ പരിമിതിക്കപ്പുറം സത്യഗ്രഹികളെക്കൊണ്ടു നിറഞ്ഞു. എങ്കിലും സത്യഗ്രഹികളുടെ മനോവീര്യത്തിന് ഒരു കുറവുമുണ്ടായില്ല. അവസാനം പോലീസ് അവരെ അറസ്റ്റുചെയ്ത് ദൂരെ വനങ്ങളില്‍ കൊണ്ടുപോയി വിട്ടുതുടങ്ങി. എന്നാല്‍ സത്യഗ്രഹികള്‍ ധൈര്യം കൈവിടാതെ കാല്‍നടയായി തിരിച്ചെത്തി വീണ്ടും സത്യഗ്രഹത്തില്‍ പങ്കാളികളായി.
സത്യഗ്രഹത്തിന്റെ ആവേശത്തിന് അവസാനംവരെ ഒട്ടും കോട്ടം സംഭവിച്ചില്ല. സത്യഗ്രഹം നിരന്തരം നടന്നുകൊണ്ടേയിരുന്നു. അവസാനത്തെ കണക്കനുസരിച്ച് 77000ത്തിലധികം പേര്‍ ജയിലില്‍ തടവുകാരായി. സത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയിലില്‍ പോകാന്‍ സന്നദ്ധരായവരുടെ സംഖ്യ സാമാന്യം രണ്ടുലക്ഷം കവിഞ്ഞിരിക്കും.
സത്യഗ്രഹമനുഷ്ഠിച്ച് ജയിലില്‍ ശിക്ഷിക്കപ്പെട്ടവരുടെ സംഖ്യ കിട്ടിയ കണക്കനുസരിച്ച് 77010 പേരാണ്. സംസ്ഥാനമനുസരിച്ചുള്ള കണക്ക് ഇപ്രകാരമാണ്.
1. ഉത്തര്‍പ്രദേശ് 13210
2. ബീഹാര്‍ 5641
3. മദ്ധ്യപ്രദേശ്, ബിറാര്‍ 8822
4. മുംബൈ – ഗുജറാത്ത് 13400
5. കര്‍ണാടക, ആന്ധ്ര, കേരളം,
തമിഴ്‌നാട് 14483
6. പഞ്ചാബ് 6500
7. ബംഗാള്‍ 2110
8. ആസാം 732
9. ഉത്ക്കല്‍ (ഒറീസ്സ) 468
10. രാജസ്ഥാന്‍ 3651
11. മദ്ധ്യഭാരത് 4113
12. ഡല്‍ഹി 1960
ആകെ 77010
(തുടരും)