- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- വിഷമ കാലഘട്ടം (ആദ്യത്തെ അഗ്നിപരീക്ഷ 27)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
പ്രതാപ് നാരായണ്‍ തിവാരി ഉത്തര്‍പ്രദേശിലെ ഗൗഡജില്ലയില്‍ പുതുതായി പചാരകനായി എത്തി. ബഹ്‌റൈച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രതാപ് നാരായണ്‍ മിശ്രയും സ്വന്തം കാരണംകൊണ്ട് അവിടെത്തന്നെ വരേണ്ടിവന്നു. അങ്ങനെ രണ്ട് പ്രതാപ് നാരായണന്മാരും ഒരേസ്ഥലത്ത് എത്തിച്ചേര്‍ന്നു. തിവാരിജി മിശ്രയോട് ”നമ്മുടെ ചെലവിന് ഒരുവഴിയുമില്ലാതെ വിഷമാവസ്ഥയിലാണല്ലോ. ഇത് നിങ്ങളുടെ ഗ്രാമമായതിനാല്‍ എന്തെങ്കിലും ജോലി അന്വേഷിക്കുക. നിങ്ങള്‍ക്കത് എളുപ്പം സാധിക്കുമല്ലോ” എന്നുപറഞ്ഞു. ജോലികണ്ടെത്താന്‍ മിശ്രാജിക്ക് അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. ജില്ലാധികാരിയുടെ കാര്യാലയത്തില്‍ പ്രമാണങ്ങളുടെ പകര്‍പ്പെടുക്കുന്ന ജോലിയില്‍ പ്രവേശിച്ചു.
സംഘപ്രവര്‍ത്തനം മതിയാക്കി തിരിച്ചുവന്നിരിക്കുകയാണെന്നും സര്‍ക്കാരിന്റെ കാരുണ്യത്താല്‍ നിത്യവേതന വ്യവസ്ഥയില്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണെന്നുമായിരുന്നു മിശ്രയെ സംബന്ധിച്ച് അവിടുത്തെ ജനങ്ങള്‍ കരുതിയത്. പലപ്പോഴും ഓവര്‍ടൈം ജോലിയും കിട്ടിക്കൊണ്ടിരുന്നു. അങ്ങനെ ഓവര്‍ടൈം ജോലികൊണ്ട് കിട്ടിയ പണം അദ്ദേഹം തിഹാരിയെ ഏല്‍പിച്ചു. രണ്ടുപേരും മിശ്രയുടെ വീട്ടില്‍നിന്നു തന്നെയാണ് ആഹാരം കഴിച്ചിരുന്നത്.
ഓഫീസില്‍ സൈക്ലോസ്റ്റൈല്‍ മെഷീനും ഉണ്ടായിരുന്നു. അതിന്റെ സൂക്ഷിപ്പും മിശ്രയുടെ ചുമതലയില്‍ത്തന്നെയായിരുന്നു. അത് ഉപയോഗിക്കാനും അദ്ദേഹം പരിശീലിച്ചു. സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ പൊളിച്ചുകാട്ടി സംഘം രഹസ്യമായി ലഘുലേഖകളും പോസ്റ്ററുകളും പുറത്തിറക്കിക്കൊണ്ടിരുന്നു.
ഒരുദിവസം ഒരു ലഘുലേഖ കാണിച്ചുകൊണ്ട് അതിന്റെ കുറച്ച് അധികം പകര്‍പ്പെടുക്കാന്‍ കഴിയുമോ എന്ന് തിവാരി മിശ്രയോട് ചോദിച്ചു. മിശ്ര ആ ലഘുലേഖ വായിച്ചുനോക്കി. അതില്‍ അവസാനമായി ”സൈക്ലോസ്റ്റൈല്‍ മെഷീന്‍ കണ്ടെടുക്കാനായി പോയിട്ട് പോലീസ് വലിയൊരു ചുരക്കയാണ് കണ്ടെത്തിയത്” എന്നു കളിയാക്കി എഴുതി, ഒരുവലിയ ചുരക്കയുടെ ചിത്രവും വരച്ചുവെച്ചിരുന്നു. ഇതുകണ്ട് മിശ്രയ്ക്ക് വളരെ സന്തോഷമായി. അദ്ദേഹം നേരെ ഓഫീസില്‍പോയി. ഭാഗ്യവശാല്‍ അന്ന് ഓവര്‍ടൈം ഉള്ള ദിവസമായിരുന്നു. ഓഫീസില്‍ അദ്ദേഹവും പാറാവുകാരനും മാത്രമാണുണ്ടായിരുന്നത്. ഓഫീസില്‍നിന്ന് ലഘുലേഖയുടെ നൂറുകണക്കിന് പകര്‍പ്പ് എടുത്തുകെട്ടി അദ്ദേഹം പ്രതാപ് നാരായണന്‍ തിവാരിയെ ഏല്‍പ്പിച്ചു.
സര്‍ക്കാര്‍ വിരുദ്ധസാഹിത്യം സര്‍ക്കാരിന്റെ തന്നെ യന്ത്രവും കടലാസ്സും മഷിയുമുപയോഗിച്ച് ഉണ്ടാക്കിത്തുടങ്ങി. അങ്ങനെ സര്‍ക്കാരിന്റെ വകയായിത്തന്ന ഈ ഒരു സൗകര്യം ഒളിവിലുള്ള പ്രവര്‍ത്തനത്തിന് വളരെയധികം സഹായകമായിത്തീര്‍ന്നു. മിശ്ര ബോധപൂര്‍വ്വം ഓവര്‍ടൈമെടുത്ത് ഇത്തരം ലഘുലേഖകള്‍ പകര്‍പ്പെടുത്ത് കൊടുത്തുകൊണ്ടിരുന്നു. രഹസ്യ ലഘുലേഖയടിക്കുന്ന സ്ഥലവും യന്ത്രവും കണ്ടെത്താന്‍ പോലീസ് പുറമേ തീവ്രമായ ശ്രമത്തിലേര്‍പ്പെട്ട് വിഷമിച്ചുകൊണ്ടിരിക്കെ ജില്ലാധികാരിയുടെ ഓഫീസില്‍ തന്നെയാണ് ഈ ലഘുലേഖ അച്ചടിക്കുന്നതെന്ന് അവര്‍ക്ക് സങ്കല്‍പിക്കാന്‍ പോലും സാധിച്ചില്ല.
ഗോരഖ്പൂര്‍ജില്ലയിലെ ഗോരഖ്പൂര്‍ ഗ്രാമത്തില്‍ രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ പ്രധാനാദ്ധ്യാപകനായിരുന്നു പരശുറാം ത്രിപാഠി. സത്യഗ്രഹം ആരംഭിച്ചശേഷം ദേവ്‌റിയ, ബസ്തി ജില്ലകളില്‍ രഹസ്യമായി പ്രചാര സാഹിത്യം തയ്യാറാക്കാനും വിതരണം ചെയ്യാനുമുള്ള ഉത്തരവാദിത്തം പരശുറാം ത്രിപാഠിയ്ക്കുമേല്‍ വന്നുചേര്‍ന്നു. അതിനാവശ്യമായ കല്ലച്ചും അദ്ദേഹത്തിനുകിട്ടി. അദ്ദേഹത്തിന്റെ സഹായികളായി രാം അവധ് ഓഝയും (പിന്നീട് ഓംകാരേശ്വറില്‍ (മദ്ധ്യപ്രദേശ്) ഒരു മഠാധിപതിയായി) ഗോരഖ്പൂര്‍ ജില്ലാ പ്രചാരകനായ രാംഗുപ്തയേയും (കണ്ടാല്‍ ആംഗ്ലോ ഇന്ത്യനാണെന്ന തോന്നിപ്പിക്കുന്ന തരത്തില്‍ വെള്ളനിറത്തോടുകൂടിയ ആളായിരുന്നു അദ്ദേഹം) ചുമതലപ്പെടുത്തിയിരുന്നു. ലഘുലേഖയുടെ അച്ചടിയും വിതരണവും വളരെ സാമര്‍ത്ഥ്യത്തോടെ രാംഗുപ്ത നടത്തിവന്നു. ഓരോ ദിവസവും രഹസ്യവാക്ക് (codeword)നിശ്ച യിക്കുകയും ലഘുലേഖകള്‍ സഞ്ചിയില്‍ നിറച്ച് ഓരോ സ്ഥലത്തും ചെന്ന് രഹസ്യവാക്ക് പറയുന്നവര്‍ക്ക് ലഘുലേഖകള്‍ അടങ്ങുന്ന സഞ്ചി കൈമാറി തലേന്നാളത്തെ സഞ്ചി തിരിച്ചുവാങ്ങുമായിരുന്നു. വളരെനാള്‍ ഈ പ്രവര്‍ത്തനം വിജയകരമായി നടന്നു. കഠിനപ്രയത്‌നം നടത്തിയിട്ടും ആരേയും പിടിക്കാന്‍ പോലീസിന് സാധിച്ചില്ല.
ഒരുദിവസം പരശുറാം സഞ്ചിയില്‍ ലഘുലേഖയുമായി സൈക്കിളില്‍ പോവുകയായിരുന്നു. സംശയം തോന്നിയ ഒരു സി. ഐ.ഡി. സൈക്കിളില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. തന്നെ ഒരാള്‍ പിന്തുടരുന്ന കാര്യം പരശുറാമിന് മനസ്സിലായി. അദ്ദേഹം ഉര്‍ദുബസാറില്‍ ചെരുപ്പ് തുന്നുന്ന ഒരു കടയുടെ മുന്നില്‍ സൈക്കിള്‍ നിര്‍ത്തി തന്റെ ചെരുപ്പ് ശരിയാക്കാനായി കടക്കാരനെ ഏല്‍പിച്ചു. സി.ഐ.ഡിയും സൈക്കിള്‍ നിറുത്തി അവിടെത്തന്നെനിന്നു. അവസാനം പരശുറാം ഒരു യുക്തി ഉപയോഗിച്ച് സി.ഐ.ഡിയോട് ‘സ്‌നേഹിതാ ഒന്ന് എന്റെ സൈക്കിള്‍ നോക്കണേ, ഞാന്‍ മൂത്രശങ്ക കഴിഞ്ഞ് ഉടനെവരാമെ’ന്നു പറഞ്ഞുപോയി. താന്‍ ഉന്നംവെച്ച പക്ഷി പറന്നുപോയെന്ന് കുറേ കഴിഞ്ഞശേഷമാണ് സി.ഐ.ഡി. മനസ്സിലാക്കിയത്. സൈക്കി ളും ലഘുലേഖയും പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും വിതരണക്കാരനും അച്ചടിസ്ഥലവും അജ്ഞാതമായിത്തന്നെ നിലനിന്നു.
വിപിന്‍ ബിഹാരി തിവാരി ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലാ പ്രചാരകനായിരുന്നു. ഗാന്ധിജിയുടെ വധത്തിനുശേഷം അദ്ദേഹം ഒളിവില്‍ പോയെങ്കിലും അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നതിനാല്‍ സംഘത്തിന്റെ രീതിയനുസരിച്ച് അദ്ദേഹം പോലീസ് സ്റ്റേഷനില്‍ ഹാജരായി. തടവിലായി മൂന്നുമാസം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ അപവാദപ്രചരണങ്ങളും അടിച്ചമര്‍ത്തല്‍ നയവും തുടര്‍ന്നുകൊണ്ടേയിരുന്നു. അതുകൊണ്ട് തീരുമാനമനുസരിച്ച് അദ്ദേഹം കോടതിയില്‍ ഹേബിയസ്‌കോര്‍പസ് പെറ്റീഷന്‍ നല്‍കി മോചിതനായി.
പുറത്തുവന്നശേഷം തിവാരി സംഘത്തിന്റെ തീരുമാനമനുസരി ച്ച് ഗോലാഗോകരണ്‍നാഥ് പബ്ലിക് ഇന്റര്‍കോളേജില്‍ (ലഖിംപൂര്‍) അദ്ധ്യാപകനായി ചേര്‍ന്നു. സത്യഗ്രഹം ആരംഭിച്ച ഉടനെ അദ്ദേഹം ജോലി രാജിവെച്ച് ഒളിപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. അദ്ദേഹത്തെ സീതാപൂര്‍ ജില്ലയിലെ പ്രചാര്‍ വിഭാഗത്തിന്റെ ചുമതലയേല്‍പിച്ചു. സാഹിത്യം അച്ചടിക്കാനുള്ള കല്ലച്ചും ലഖ്‌നൗവില്‍നിന്നു എത്തിച്ചുകൊടുത്തിരുന്നു. എന്നാല്‍ ഇത് എവിടെവെച്ച് പ്രവര്‍ത്തിപ്പിക്കും എന്ന പ്രശ്‌നമുയര്‍ന്നു. കാരണം സത്യഗ്രഹത്തിന്റെ വ്യാപ്തിയും സ്വാധീനവും കണ്ട് സര്‍ക്കാര്‍ സംഘത്തിന്റെ സാഹിത്യം അച്ചടിക്കുന്ന മെഷീനും മറ്റു സാമഗ്രികളും ഏതെങ്കിലും വീട്ടില്‍നിന്ന് കണ്ടെത്തുകയാണെങ്കില്‍ ആ വീട്ടുകാരനെ അറസ്റ്റിലാക്കുമെന്നും കുറ്റക്കാരനെന്ന നിലയ്ക്ക് മൂന്നുമാസത്തെ കഠിനതടവും മൂവായിരം ഉറുപ്പിക പിഴയും അടയ്‌ക്കേണ്ടിവരുമെന്നും പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് ആരുംതന്നെ സ്വന്തം വീട്ടില്‍ മെഷീന്‍ വെയ്ക്കാനോ അച്ചടി നടത്താനോ സന്നദ്ധരായില്ല.
അവസാനം പാകിസ്ഥാനില്‍നിന്ന് ഓടിപ്പോരേണ്ടിവന്ന രഘുനാഥ്ദാസ് സേഹറ എന്ന സംഘ കാര്യകര്‍ത്താവ് ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സന്നദ്ധനായി. അയാളുടെ വീട്ടില്‍വെച്ച് സാഹിത്യം അച്ചടിക്കാനും വിതരണം നടത്താനുമുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ജനങ്ങളിലേയ്ക്ക് ലഘുലേഖ എത്തിക്കാനുള്ള ചുമതല ബാല സ്വയംസേവകര്‍ ഏറ്റെടുത്തു. വളരെ നൈപുണ്യത്തോടെ അവരത് നിര്‍വഹിച്ചു. ലഘുലേഖ പ്രസാധകന്റെ പേര്‍ ഛദ്മാ എന്നും പ്രസിദ്ധീകരണസ്ഥലം ലഖിംപൂര്‍ എന്നും അച്ചടിച്ചിരുന്നു.
എന്തൊരു നിഷ്ഠ
വെല്ലുവിളി ഏറ്റെടുത്ത് തന്റെ വീട്ടില്‍ രഹസ്യ സാഹിത്യം അച്ച ടിക്കാന്‍ സൗകര്യം ചെയ്തുകൊടുത്ത രഘുനാഥ് സേഹറയ്ക്ക് അനവധി കഠിനപരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു.
അയാളുടെ രണ്ടു സഹോദരന്മാരും സത്യഗ്രഹത്തില്‍ പങ്കാളികളായി ജയിലിലായിരുന്നു. കഠിനതടവ് അനുഭവിക്കുന്നതോടൊപ്പം രണ്ടുപേര്‍ക്കും 50 രൂപവീതം പിഴയും വിധിച്ചിരുന്നു. പിഴയടയ്ക്കുന്നതിനുപകരം കൂടുതല്‍ കാലം ജയില്‍ശിക്ഷ അനുഭവിക്കാന്‍ സന്നദ്ധരാണെന്ന് അവര്‍ അറിയിച്ചു. എന്നാല്‍ പോലീസ് അത് അംഗീകരിച്ചില്ല. പിഴയടച്ചില്ലെങ്കില്‍ അവരുടെ വീട് ജപ്തിചെയ്യുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെ വീട് ജപ്തിചെയ്താല്‍ അച്ചടിയന്ത്രം പിടിക്കപ്പെടുകയും സത്യഗ്രഹ പ്രവര്‍ത്തനത്തിനുതന്നെ അത് വലിയൊരു പ്രഹരമായിത്തീരുകയും ചെയ്യും. അതോടൊപ്പം അവിടെ ഒളിച്ചുതാമസിക്കുന്ന ജില്ലാ പ്രചാര്‍പ്രമുഖ് വിപിന്‍ ബിഹാരി തിവാരി പിടിക്കപ്പെടുകയും ചെയ്യും. പോലീസെത്തുന്ന വിവരമറിഞ്ഞ് രഘുനാഥ് തിവാരിയുണ്ടായിരുന്ന മുറി പുറമേനിന്ന് പൂട്ടി. വീട് ജപ്തിചെയ്താല്‍ തനിക്കും സംഘടനയ്ക്കുമുണ്ടാകാവുന്ന വിഷമതകളെല്ലാം മുന്നില്‍ക്കണ്ട രഘുറാം പിഴ ചുമത്തുന്നതിനുപകരം ഭാര്യയുടെ വിവാഹവളകള്‍ പോലീസിന് കൈക്കൂലിയായി കൊടുത്തു.
ലജ്ജയോ സങ്കോചമോ തെല്ലുമില്ലാതെ പോലീസ് വളകള്‍ പോക്കറ്റിലിട്ടു തിരിച്ചുപോയി. പോലീസിന്റെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായി. എതിര്‍പ്പ് ശക്തമായതോടെ പോലീസിന് ആ വളകള്‍ തിരിച്ചുകൊടുക്കേണ്ടതായിവന്നു. മാത്രമല്ല ജനരോഷത്തിന്റെ ശക്തിയുടെ ഫലമായി പോലീസിന്റെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റു രഘുനാഥ് സേഹറായ്ക്ക് കത്തയയ്ക്കുകയും ചെയ്തു.
പത്രപ്രവര്‍ത്തന
മേഖലയില്‍ രംഗപ്രവേശം
ഗാന്ധിവധത്തെത്തുടര്‍ന്ന് സംഘത്തിനെതിരായി നടന്ന വ്യാപകമായ കുപ്രചരണത്തെ നേരിടാന്‍ അക്കാലത്ത് മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സംഘത്തിന്റെ ആസൂത്രണമനുസരിച്ച് വര്‍ത്തമാനപത്രങ്ങളും മറ്റു വൈചാരിക പ്രസിദ്ധീകരണങ്ങളും ആരംഭിച്ചു. ഉത്തര്‍പ്രദേശിലും ഇതനുസരിച്ച് പ്രത്യേക സംരംഭങ്ങളാരംഭിച്ചു. അതുകൂടാതെ നേരത്തേതന്നെ സംഘത്തോട് അനുഭാവം വെച്ചുപുലര്‍ത്തുന്ന ചില പത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുമുണ്ടായിരുന്നു. പത്രപ്രവര്‍ത്തനരംഗത്ത് അഭിരുചിയും കഴിവുമുള്ള കാര്യകര്‍ത്താക്കളെ ആ രംഗത്ത് അയയ്ക്കാനുള്ള ആസൂത്രണം നടന്നു. അതനുസരിച്ച് പത്രപ്രവര്‍ത്തന മേഖലയിലേയ്ക്ക് നിയോഗിക്കപ്പെട്ട വ്യക്തിയായിരുന്നു ഗ്വാളിയോറിലെ പ്രചാരകനായിരുന്ന ഗിരീശ് ചന്ദ്രമിശ്ര. അക്കാലത്തെ സ്വന്തം അനുഭവങ്ങള്‍ അദ്ദേഹം വിവരിക്കുന്നു:-
”സംഘനിരോധനം പ്രഖ്യാപിച്ചശേഷം 1948 മെയ് മാസം അന്നത്തെ പ്രാന്തപ്രചാരകനായ ഭയ്യാജി സഹസ്രബുദ്ധെയുടെ നിര്‍ദ്ദേശമനുസരിച്ച് അടല്‍ജിയുടെ ക്ഷണം കിട്ടിയതിനാല്‍ ഞാന്‍ ഗ്വാളിയോറില്‍നിന്നും പ്രയാഗയില്‍ എത്തി. അടല്‍ജി അന്ന് ശ്രീ രാംരഖ് സഹഗല്‍ നടത്തിക്കൊണ്ടിരുന്ന ‘കര്‍മ്മയോഗി’ മാസികയില്‍ സംഘത്തിന്റെ നിയോഗമനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നെ സഹഗല്‍ നടത്തിക്കൊണ്ടിരുന്ന ഇംഗ്ലീഷ് വാരികയായ ‘ക്രൈസിസില്‍’ പ്രവര്‍ത്തിക്കാനായി വിളിച്ചതായിരുന്നു. അന്ന് ദേശമെമ്പാടും സംഘത്തിനെതിരെ സര്‍ക്കാരും സര്‍ക്കാരിനെതിരെ പ്രസ്ഥാനങ്ങളും നടത്തിക്കൊണ്ടിരുന്ന പ്രചരണങ്ങളെ ശക്തമായി ഖണ്ഡിക്കുന്നതില്‍ വളരെ പ്രസിദ്ധി നേടിയ വാരികയായിരുന്നു അത്. ഞാന്‍ അതില്‍ ജോലിയില്‍ പ്രവേശിച്ചു. ഒരു തരത്തില്‍ ഉത്തര്‍പ്രദേശില്‍ സംഘസ്വയംസേവകരുടെ മനോധൈര്യം ഉയര്‍ത്തുന്നതില്‍ മുഖ്യമായ പങ്കുവഹിച്ച ഒരേയൊരു വാരികയായിരുന്നു ‘ക്രൈസിസ്.’ അ തില്‍ പ്രസിദ്ധീകരിച്ചിരുന്ന വിഷയങ്ങളും മൂര്‍ച്ചയേറിയ ഇംഗ്ലീഷ് ഭാഷയും കാരണം അത് വളരെവേഗം ജനപ്രീതി നേടി. ഇതിലെ ‘ഈസ് ഇറ്റ് ഫാക്ട്’ (Is it fact) എന്ന പേരിലുള്ള ലേഖനം വായിക്കാന്‍ ജനങ്ങള്‍ ഉത്സുകതയോടെ കാത്തിരിക്കാറുണ്ടായിരുന്നു. ഈ ലേഖനത്തിലൂടെ സര്‍ക്കാരിന്റെ അധാര്‍മ്മികതയെ തുറന്നു കാണിക്കുകയും അന്യായത്തിന്റെ മുഖംമൂടി അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. രാംരഖ് സഹഗലിന്റെ പുത്രനും പുത്രിയും അനുഗൃഹീത ലേഖകരായിരുന്നു. സര്‍ക്കാരിന് അവര്‍ക്കെതിരെ നടപടികളൊന്നും എടുക്കാന്‍ സാധിച്ചില്ല. സഹ്ഗല്‍ സംഘത്തെ അനുകൂലിച്ചുകൊണ്ട് ‘ക്രൈസിസി’ല്‍ എഴുതിയ മുഖപ്രസംഗങ്ങള്‍ സംഗ്രഹിച്ച് ഒരു ഇംഗ്ലീഷ് പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ പേര് ‘ദി ക്രൂസിഫിക്കേഷന്‍ ഏന്റ് ആഫ്ടര്‍’ (The crucification and after) എന്നായിരുന്നു. ആ പുസ്തകം ഉത്തര്‍പ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും ജനങ്ങള്‍ക്ക് വളരെ താത്പര്യമുള്ള ഒന്നായിത്തീര്‍ന്നു.”
”കുറച്ചുദിവസങ്ങള്‍ക്കുശേഷം ഞാന്‍ പ്രയാഗില്‍നിന്ന് കാണ്‍പൂരില്‍വന്നു. സംഘ അധികാരികളുടെ ആസൂത്രണമനുസരിച്ച് അവിടെ ‘ഉത്ഥാന്‍’ എന്ന വാരിക ആരംഭിച്ചു. ഞാന്‍ അതിന്റെ പത്രാധിപരും നാഗം വഝെയും രജനീകാന്ത് ലഹരിയും സഹായികളുമായി. ലഹരി കാണ്‍പൂരില്‍ നിന്നുള്ള വ്യക്തിയും വഝെ എന്നോടൊപ്പം ഗ്വാളിയോറില്‍നിന്നു വന്നയാളുമായിരുന്നു. ‘ഉത്ഥാന്‍’ 1948 ഗാന്ധിജയന്തിദിനത്തില്‍ ആരംഭിച്ചു. സത്യഗ്രഹം ആരംഭിച്ചുകഴിഞ്ഞിരുന്നതിനാല്‍ അതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് കാരണം ‘ഉത്ഥാന്റെ’ പ്രസാധകനായ ഭാര്‍ഗവയെ പോലീസ് അറസ്റ്റ്‌ചെയ്തു കൊണ്ടുപോയി. ഞാന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബിര്‍ഹാന റോഡിലുള്ള പത്രമാഫീസ് പോലീസ് കയ്യേറി സാധനങ്ങള്‍ നശിപ്പിച്ച് കൈവശപ്പെടുത്തി. പത്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു. അതിനുശേഷം ദീനദയാല്‍ജി, അടല്‍ജി എന്നിവരോടൊപ്പം ഗ്വാളിയോറിലേയ്ക്കുപോയി. അവിടെ ഇതേ സാഹചര്യത്തില്‍ ‘സുദര്‍ശനം’ വാരിക ആരംഭിച്ചു. എന്നെ അതിന്റെ പത്രാധിപരായി നിയോഗിച്ചു. കാണ്‍പൂരില്‍നിന്ന് നവല്‍കിഷോര്‍ വാജ്‌പേയി എന്റെ സഹായിയായി എത്തിച്ചേര്‍ന്നു. സര്‍ക്കാരിന്റെ കോപത്തിന് പാത്രമായതുകാര ണം അകാലത്തില്‍തന്നെ ഈ പത്രത്തിന്റേയും അന്ത്യം സംഭവിച്ചു. നവല്‍കിഷോര്‍ കാണ്‍പൂരിലേയ്ക്ക് തിരിച്ചുപോയി. നാഗപ്പൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘യുഗധര്‍മ്മ’ എന്ന വാരികയുടെ പത്രാധിപരായി പ്രവര്‍ത്തിക്കാന്‍ സംഘ അധികാരികളുടെ നിര്‍ദ്ദേശാനുസരണം ഞാന്‍ 1949 മെയ്മാസം നാഗപൂരിലെത്തി.
‘ഉത്ഥാന്‍’ നിരോധിച്ചശേഷം ഗിരീഷ്ചന്ദ്ര മിശ്ര ഗ്വാളിയോറിലേ യ്ക്ക് പോയി. കാശിയില്‍ യാദവറാവ് ദേശ്മുഖ് ‘ചേതന’ എന്ന പ്ര സിദ്ധീകരണം ആരംഭിച്ചു. അത് ജനങ്ങള്‍ക്കിടയില്‍ കാര്യമായ ചര്‍ച്ചാവിഷയമായി. അതില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ മറ്റ് സം സ്ഥാനങ്ങളിലെ പത്രങ്ങളും എടുത്ത് പ്രസിദ്ധീകരിച്ചു തുടങ്ങി. ഇതിലെ വാര്‍ത്തകളെല്ലാം അത്യന്തം അന്വേഷണാത്മകമായതായിരുന്നു കാരണം. സ്വാഭാവികമായും ഈ പ്രസിദ്ധീകരണവും സര്‍ക്കാരിന്റെ കോപാഗ്നിയില്‍നിന്ന് രക്ഷപ്പെട്ടില്ല.
നിരോധന പ്രഖ്യാപനത്തിനു മുമ്പുതന്നെ ‘പാഞ്ചജന്യം’, ‘രാഷ്ട്ര ധര്‍മ്മ’ എന്നീ പ്രസിദ്ധീകരണങ്ങള്‍ ലഖ്‌നൗവില്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ദീനദയാല്‍ജി, അടല്‍ജി എന്നിവരെ പോലെയുള്ളവരായിരുന്നു അതിന്റെ കാര്യം നോക്കിയിരുന്നത്. എന്നാല്‍ സംഘത്തെ നിരോധിച്ചശേഷം ‘രാഷ്ട്രധര്‍മ്മ’ പ്രസ്സ് അടച്ചുപൂട്ടി. ലഖ്‌നൗവില്‍ നിന്ന് ‘സ്വദേശ്’ എന്ന ദിനപത്രവും പ്രസിദ്ധീകരിച്ചിരുന്നു. അടല്‍ജിയായിരുന്നു അതിന്റെ പത്രാധിപത്യം വഹിച്ചിരുന്നത്. ഇതും സര്‍ക്കാരിന്റെ കോപത്തിനിരയാകും എന്നറിയാമായിരുന്നതിനാല്‍ നേരത്തേതന്നെ വിവിധ പേരുകളില്‍ രജിസ്‌ട്രേഷന്‍ ചെയ്തുവെച്ചിരുന്നു. ‘സ്വദേശി’ പ്രകാശന്റെ മേല്‍ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. ഉടന്‍തന്നെ ‘ഹിമാലയ’ എന്ന പേരില്‍ മറ്റൊരു പത്രമാരംഭിച്ചു. അതിന്റെ നേരേയും സര്‍ക്കാരിന്റെ നിരോധന ഖഡ്ഗമുയര്‍ന്നപ്പോള്‍ ‘ദേശഭക്ത’ എന്ന പേരിലുള്ള പത്രമാരംഭിച്ചു. എന്നാല്‍ അതും കുറച്ചുനാള്‍ മാത്രമേ നിലനിന്നുള്ളു. സര്‍ക്കാര്‍ അതും നിരോധിച്ചുവെന്നു മാത്രമല്ല അടല്‍ജിയെ അറസ്റ്റ്‌ചെയ്ത് ജയിലിലാക്കുകയും ചെയ്തു. അതിനുശേഷമാണ് പ്രചാരണകേന്ദ്രം കാണ്‍പൂരിലേയ്ക്ക് മാറ്റിയത്.