- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- സമയോചിതബുദ്ധി (ആദ്യത്തെ അഗ്നിപരീക്ഷ 26)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
ഉന്നതമായ ലക്ഷ്യം മുന്നിലുണ്ടെങ്കില്‍ സംഘര്‍ഷത്തിന്റെയും കഷ്ടപ്പാടിന്റെയും സമയത്ത് സാഹസികതയുടേയും സമയോചിതബുദ്ധിയുടേയും ഗുണങ്ങള്‍ സ്വാഭാവികമായും പ്രകടമാകാന്‍ തുടങ്ങും. നിരോധനത്തിന്റെ ആ കാലയളവിലും സമയോചിതബുദ്ധി ഉപയോഗിച്ച് വരാനിരിക്കുന്നതും വന്നതുമായ അപകടങ്ങളില്‍ നിന്ന് സ്വയംസേവകര്‍ രക്ഷപ്പെട്ടതിന്റെ പല സംഭവങ്ങളുമുണ്ടായി.
വിദര്‍ഭയിലെ അകോലയിലെ ശങ്കര്‍ മഹാരാജ് വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് അചലപൂര്‍ ജില്ലയിലെ അമരാവതി ശാഖയിലെ സ്വയംസേവകനായിരുന്നു. വീട്ടില്‍നിന്ന് അനുവാദമില്ലായിരുന്നെങ്കിലും അയാള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. സത്യഗ്രഹത്തില്‍ പങ്കെടുക്കേണ്ടതിന്റെ തലേന്നാള്‍ രാത്രി അയാള്‍ വീട്ടില്‍ നിന്നിറങ്ങി കൂട്ടുകാരനായ ലഖപതിയോടൊപ്പം അമരാവതിയിലേയ്ക്ക് പുറപ്പെട്ടു. അമരാവതിയില്‍ സ്റ്റേഷനു മുന്നില്‍ത്തന്നെ ഒരു ഭോജനശാലയിലായിരുന്നു താമസിക്കാനുള്ള വ്യവസ്ഥ. ഭോജനാലയത്തിന്റെ ഉടമസ്ഥന്‍ അവര്‍ക്ക് താമസിക്കാനുള്ള വ്യവസ്ഥ ചെയ്തു. അവര്‍ ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പോലീസുദ്യോഗസ്ഥന്‍ വന്ന് ”ഇവിടെ പുറമെനിന്നു ചില സത്യഗ്രഹികള്‍ വന്ന് താമസിക്കുന്നുണ്ടെന്ന വിവരം കിട്ടിയിരിക്കുന്നു” എന്നു പറഞ്ഞു. ഇതുകേട്ട കടയുടമ തെല്ലും പരിഭ്രമിക്കാതെ തന്റെ ജോലി തുടര്‍ന്നുകൊണ്ടുതന്നെ ശാന്തമായി ”സാറേ! ഇത് ഭോജനശാലയാണ്. ഇവിടെ എല്ലാവരും ആഹാരം കഴിക്കാന്‍ വരാറുണ്ട്. ഇതുപോലെയുള്ള പൊതുസ്ഥലത്ത് രഹസ്യ സംഘടനയുടെ പ്രവര്‍ത്തകര്‍ എങ്ങനെ വരാനാണ്? വരൂ, താങ്കളും ആഹാരം കഴിച്ചുപോകൂ” എന്ന് പറഞ്ഞു. ഇത്രയും സഹജമായ രീതിയിലുള്ള കടയുടമയുടെ ഉത്തരം കേട്ട പോലീസ് ഉദ്യോഗസ്ഥന്‍ ശങ്കയുടെ ലാഞ്ചനപോലുമില്ലാതെ തിരിച്ചുപോയി. സത്യഗ്രഹത്തിനു വന്ന സ്വയംസേവകര്‍ അവിടെത്തന്നെ താമസിച്ച് നിശ്ചയിച്ചതനുസരിച്ച് സത്യഗ്രഹത്തില്‍ പങ്കെടുത്തു. നിര്‍ഭയമായി സമയോചിത ബുദ്ധിയോടെയുള്ള സ്വയംസേവകരുടെ സമീപനം കാര്യങ്ങളെല്ലാം കൃത്യമായി നിര്‍വ്വഹിക്കാന്‍ സഹായകമായി.
ഏതെല്ലാം തരത്തിലുള്ള പ്രശ്‌നങ്ങള്‍ – രക്ഷാമാര്‍ഗ്ഗങ്ങള്‍
ഒളിവില്‍ പ്രവര്‍ത്തിക്കുന്ന കാര്യകര്‍ത്താക്കള്‍ ഏതെല്ലാം പരിതഃസ്ഥിതിയെ നേരിടേണ്ടിവരുന്നു, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിവരുന്നു എന്ന കാര്യം ആഗ്രയിലെ താഴെ ഉദ്ധരിക്കുന്ന സംഭവത്തില്‍നിന്ന് ഊഹിക്കാന്‍ കഴിയും:-
സീയാറാം പാലീവാലും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും വാര്‍ത്താബുള്ളറ്റിന്‍ അച്ചടിക്കുന്നതിന്റെ ചുമതലക്കാരായിരുന്നു. ഇക്കൂട്ടത്തില്‍ പാലീവാലിനോടൊപ്പം, ഒരു പ്രസ്സുടമയായ ഗംഗാറാമും പി. സി. ലാല, കമലേശ് എന്നിവരും ഉള്‍പ്പെട്ടിരുന്നു. അവരെല്ലാം ചേര്‍ന്ന് ഒരു കല്ലച്ച് സംഘടിപ്പിച്ച് ആഗ്ര നഗരത്തിന് അഞ്ച് മൈല്‍ ദൂരെ നൂനിഹായി ഗ്രാമത്തില്‍ ഒരു വീട് തങ്ങളുടെ കേന്ദ്രമാക്കി. ആ വീട്ടില്‍ രഹസ്യമായി സൗകര്യപ്രദമായ സ്ഥലത്ത് അച്ചടിയന്ത്രം ഉറപ്പിച്ചു. ആഗ്ര നഗരത്തില്‍ അദ്ധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടവരെന്ന നിലയ്ക്ക് താമസം തുടങ്ങി. കമലേശ് നഗരത്തിലെ രഹസ്യകേന്ദ്രത്തില്‍നിന്ന് വാര്‍ത്തകള്‍ ശേഖരിച്ചുവരുന്ന കാര്യവും മറ്റുള്ളവര്‍ ആഹാരം പാകപ്പെടുത്തലും നടത്തിവന്നു. ബുള്ളറ്റിന്‍ അച്ചടിക്കലും എല്ലാം അവിടെത്തന്നെ നിര്‍വഹിച്ചു. അവര്‍ നിശ്ചിതസമയങ്ങളില്‍ പുറത്തുപോയി സാധനങ്ങള്‍ കൈമാറുകയും വിവരങ്ങള്‍ ശേഖരിക്കുകയും മറ്റും ചെയ്തുവന്നു. ബുള്ളറ്റിനില്‍ അതിന്റെ വിലയായി ‘വായിക്കുക-വായിപ്പിക്കുക’ എന്ന് എഴുതിയിരുന്നതിനാല്‍ വായിക്കുന്നവരെല്ലാം അത് മറ്റുള്ളവര്‍ക്ക് കൈമാറിത്തുടങ്ങി. അതുകൊണ്ട് ഈ പത്രികയോട് ജനങ്ങളുടെ താത്പര്യം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. കോണ്‍ഗ്രസ് നേതാക്കന്മാരുടെ വീടുകളിലും പോലീസ് സ്റ്റേഷനുകളിലും ഉദ്യോഗസ്ഥന്മാരുടെ വീടുകളിലും എല്ലാം അതിരാവിലെ കിട്ടുന്ന രീതിയില്‍ വളരെ സമര്‍ത്ഥമായിത്തന്നെ സ്വയംസേവകര്‍ അത് വിതരണം ചെയ്തിരുന്നു.
നിത്യവും പ്രസിദ്ധീകരണത്തിലൂടെ തങ്ങള്‍ പ്രചാരണം നല്‍കി വരുന്ന സത്യഗ്രഹം ഒരു പ്രാവശ്യമെങ്കിലും നേരില്‍ കാണണമെന്ന ആഗ്രഹം ഒളിവില്‍ പ്രവര്‍ത്തിക്കുന്ന കാര്യകര്‍ത്താക്കന്മാരുടെ മനസ്സില്‍ ഉടലെടുത്തു. അതുകൊണ്ട് സത്യഗ്രഹം ആരംഭിക്കുന്ന കച ഹരിഘാട്ട് കവലയില്‍ സമയത്തിനു മുമ്പുതന്നെ സാധാരണ കാഴ്ചക്കാരെപോലെ ഒരു കടയില്‍ അവര്‍ എത്തിച്ചേര്‍ന്നു. സത്യഗ്രഹികളെ അറസ്റ്റുചെയ്ത പോലീസ് കാണികളില്‍ ചിലരേയും അറസ്റ്റുചെയ്തു. അക്കൂട്ടത്തില്‍ പാലീവാലും ഉള്‍പ്പെട്ടു. മറ്റുള്ളവര്‍ അവിടെനിന്ന് രക്ഷപ്രാപിച്ചു. പാലീവാലിനെ അറസ്റ്റുചെയ്തതോടെ ബുള്ളറ്റിന്‍ അച്ചടിക്കുന്ന പദ്ധതിയാകെ താറുമാറായി. അതിനാല്‍ ഏറ്റെടുത്ത കാര്യം നിര്‍വിഘ്‌നം നടക്കേണ്ടതിനാല്‍ മാപ്പെഴുതിക്കൊടുത്തിട്ടാണെങ്കിലും അദ്ദേഹം പുറത്തുവരണമെന്ന നിര്‍ദ്ദേശം ജയിലില്‍ രഹസ്യമായി എത്തിച്ചു. പൊതുജനങ്ങളായ മറ്റു ചിലരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നതിനാല്‍ പാലീവാല്‍ അവരിലൊരാളായി. സംഘവുമായോ സത്യഗ്രഹപരിപാടിയുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടെടുത്തു. ”എന്നെ ഒരു കാരണവുമില്ലാ തെ അറസ്റ്റുചെയ്തിരിക്കയാണ്. വീട്ടുകാരെല്ലാം വളരെ വിഷമിച്ചിരിക്കുകയായിരിക്കും” എന്നെല്ലാം പറഞ്ഞു. അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അവിടെയും എനിക്ക് ഇതുമായി ഒരു ബന്ധവുമില്ല. ഇത്രയും അപകടകാരിയായ സംഘടനയുമായി കുഞ്ഞുകുട്ടികളോടെ കുടുംബമായി കഴിഞ്ഞുകൂടുന്ന ഞങ്ങളെങ്ങനെ ബന്ധപ്പെടാനാണ് എന്നെല്ലാം വിലപിക്കുന്ന സ്വരത്തില്‍ പ്രസ്താവിച്ചു. അതിന്റെ ഫലമായി മാപ്പപേക്ഷിക്കാതെതന്നെ അദ്ദേഹം മോചിതനായി. രഹസ്യതാവളത്തിലേയ്ക്ക് പോകാതെ അദ്ദേഹം നേരെ ബേഗംഗഞ്ചിലുള്ള തന്റെ വീട്ടിലേയ്ക്ക് പോയി. അടുത്തദിവസം മാത്രം രഹസ്യതാവളത്തിലെത്തി തന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.
15 ദിവസം കഴിയുമ്പോഴേയ്ക്കും, ഈ താവളത്തെക്കുറിച്ച് പോലീസിന് ചില സൂചനകള്‍ കിട്ടിയിട്ടുണ്ടെന്നും ഉടന്‍തന്നെ അവിടം വിട്ടുപോകണമെന്നുമുള്ള വിവരം കിട്ടി. അതിനാല്‍ പോലീസ് എത്തുന്നതിനു മുമ്പുതന്നെ രാത്രി 12 മണിക്ക് അച്ചടിയന്ത്രവും മറ്റു സാധനങ്ങളുമായി പാലീവാലും പ്രസ്സിന്റെ ഉടമ ഗംഗാറാമും കാട്ടുവഴിയിലൂടെ റെയില്‍പാലത്തിലൂടെ നടന്ന് യമുനാ ബ്രിഡ്ജില്‍ തൊഴിലാളികളുടെ വേഷത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ രാത്രി കഴിയുന്ന തൊഴിലാളികളോടൊപ്പം തീകാഞ്ഞുകൊണ്ടിരുന്നു. തീവണ്ടി വന്ന ഉടനെ അതില്‍ കയറി രാജമണ്ഡി സ്റ്റേഷനില്‍ ഇറങ്ങി. അവരെ സംബന്ധിച്ചിടത്തോളം പിടിക്കപ്പെടുന്നതിനേക്കാള്‍ അപകടകരമായത് അച്ചടിമിഷ്യന്‍ പിടിക്കപ്പെടുക എന്നതായിരുന്നു. അതുകൊണ്ട് അതൊരു പീടികത്തിണ്ണയില്‍ വെച്ച് അതിന്റെ വാതിലിലെ ചങ്ങലയില്‍ പിടിച്ചുവലിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ശബ്ദം കേട്ട് കടയുടമ വാതില്‍തുറന്ന് പുറത്തുവന്ന ഉടനെ നേരത്തേ പരിചയമുള്ള തരത്തില്‍ അവര്‍ നമസ്‌കാരം പറഞ്ഞു. ഇതിനകം അവിടെ എത്തിയ പോലീസ് നിങ്ങള്‍ എവിടെനിന്നു വരുന്നു എന്നും മറ്റും ചോദിച്ചു. ഉടന്‍തന്നെ ”ഞങ്ങള്‍ ഇപ്പോള്‍ വണ്ടി ഇറങ്ങിവന്നതാണ്, എന്റെ സ്‌നേഹിതനെ കണ്ടിട്ടുപോകാം എന്നു കരുതി നില്‍ക്കുകയാണ്’ എന്ന് പറഞ്ഞു. പാവം കടക്കാരന്‍ സംഭവമെന്തെന്നറിയാതെ പരിഭ്രമിച്ചുനില്‍ക്കുകയായിരുന്നു. സംശയമൊന്നുമില്ലാതെ പോലീസ് പൊയ്ക്കഴിഞ്ഞശേഷം പാലീവാല്‍ കടക്കാരനോട് വിഷമിപ്പിച്ചതില്‍ ക്ഷമായാചനം ചെയ്ത് ഗംഗാറാവുമായി നേരത്തെ ആസൂത്രണം ചെയ്തതനുസരിച്ച് ബേഗംഗഞ്ചിലുള്ള പോലീസ് സ്റ്റേഷനുമുമ്പില്‍ത്തന്നെ തങ്ങളുടെ പ്രകാശനപ്രവര്‍ത്തനം ആരംഭിച്ചു. അങ്ങനെ പല സ്ഥലങ്ങളിലായി മാറേണ്ടിവന്നെങ്കിലും പത്രികയുടെ പ്രസിദ്ധീകരണം നിരന്തരം തുടര്‍ന്നു. ഇതിനകം പത്രികയ്ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത വളരെയധികം വര്‍ദ്ധിച്ച് 6000 പ്രതികള്‍ വരെ എത്തിയിരുന്നു. ഇത് പോലീസിനെ വളരെയേറെ വിഷമിപ്പിച്ചു. കോണ്‍ഗ്രസുകാരും സ്വയംസേവകരെ പ്രത്യേകം നിരീക്ഷിച്ചു കൊണ്ടിരുന്നെങ്കിലും ലഘുലേഖ പ്രസിദ്ധീകരിക്കുന്ന സ്ഥലം അവസാനംവരെ ആര്‍ക്കുംതന്നെ കണ്ടുപിടിക്കാന്‍ സാധിച്ചില്ല.
കുശലത
പഞ്ചാബിലെ ഫിറോസ്പൂരിലെ ഒരു ബാല സ്വയംസേവകന്‍ ഇത്തരം ലഘുലേഖകള്‍ വിതരണം ചെയ്യുന്നതില്‍ അസാമാന്യ സാമര്‍ത്ഥ്യം പ്രകടിപ്പിച്ചു. ലഘുലേഖകള്‍ വിതരണം ചെയ്യുന്നവരുടെ നിപുണത കണ്ട് ജനങ്ങള്‍ ആശ്ചര്യപ്പെടുകയും അതിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. മാര്‍ക്കറ്റില്‍ സാധനം വാങ്ങിച്ചുക്കൊണ്ടിരിക്കുന്നവര്‍, ബസ്സിലും തീവണ്ടിയിലും മറ്റും തിക്കിക്കയറിക്കൊണ്ടിരിക്കുന്നവര്‍ എന്നിവരുടെ പോക്കറ്റില്‍ അവരറിയാതെ ലഘുലേഖ ഇടുന്നതില്‍ ഈ ബാലന്‍ വളരെ സമര്‍ത്ഥനായിരുന്നു. ജനങ്ങള്‍ അവരുടെ പോക്കറ്റില്‍ കൈയിട്ടു ലഘുലേഖയെടുക്കുമ്പോള്‍ അത്ഭുതപ്പെടുമായിരുന്നു. പലപ്പോഴും പോലീസുകാര്‍ക്കും ഇത്തരം അനുഭവമുണ്ടായി. എന്നാല്‍ ഇത് ഫിറോസ്പൂരിലെ ഒരു ബാലന്‍ മാത്രമായിരുന്നില്ല. ഭാരതത്തിലങ്ങോളമിങ്ങോളം സമര്‍ത്ഥന്മാരായ ഇത്തരം നൂറുകണക്കിന് ബാല സ്വയംസേവകര്‍ ഉണ്ടായിരുന്നു.
മുദ്രാവാക്യം എഴുതിയ സാഹസികത
കര്‍ണാടകയിലെ ഷിമോഗയില്‍ ഒളിവിലുള്ള പ്രവര്‍ത്തകര്‍ മുദ്രാവാക്യമെഴുതാന്‍ കാണിച്ച സാഹസികത പൊതുജനങ്ങളില്‍ അത്ഭുതമുളവാക്കുകയും വളരെ നാളത്തേയ്ക്ക് നാട്ടില്‍ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. വലിയ വീതിയും ആഴവുമുള്ള അവിടത്ത ന്നെ ദിക്ക് കുറുകെ ഒരു റെയില്‍പാലമുണ്ടായിരുന്നു. താഴെ നദി, മുകളില്‍ ഇടയ്ക്കിടെ ചീറിപ്പായുന്ന തീവണ്ടികള്‍. ഇതിനിടയില്‍ ആ പാലത്തിന്റെ തൂണുകളില്‍ ‘സംഘ അമര്‍രഹേ’ എന്ന മുദ്രാവാക്യം വലിയ അക്ഷരങ്ങളില്‍ എഴുതിവെച്ചിരുന്നു. ‘ആരാണ്, എങ്ങനെയാണ് ഇതെഴുതിയത്’ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. അതു മായ്ച്ചുകളയാന്‍ പോലീസുദ്യോഗസ്ഥന്‍ ഹോം ഗാര്‍ഡുകളോട് ആവശ്യപ്പെട്ടെങ്കിലും അത് അവരുടെ കഴിവിന് അതീതമായതിനാല്‍ നടന്നില്ല. സ്വയംസേവകരുടെ സാമര്‍ത്ഥ്യത്തെ പ്രശംസിക്കാന്‍ പോലീസുദ്യോഗസ്ഥനും മടിച്ചില്ല.
പോലീസ് വിഷമാവസ്ഥയില്‍
ജബല്‍പൂരിലെ ശ്രീഅമല്‍കുമാര്‍ ബസു സത്യഗ്രഹം നയിച്ചുകൊണ്ട് ജാഥയായി ഗംജീപുരയില്‍നിന്ന് പുറപ്പെട്ടു. സത്യഗ്രഹപരിപാടിയുടെ അവസാന നാളുകളായിരുന്നു. അന്നേവരെ സത്യഗ്രഹം എവിടെ നിന്ന് ആരംഭിക്കുമെന്ന വിവരം നേരത്തേ പോലീസിനെ അറിയിക്കുമായിരുന്നു. അതനുസരിച്ച് സത്യഗ്രഹം ആരംഭിക്കുന്ന സമയത്തുതന്നെ പോലീസ് അവിടെയെത്തി സത്യഗ്രഹികളെ അറസ്റ്റുചെയ്ത് ജനങ്ങള്‍ക്കിടയില്‍ സത്യഗ്രഹത്തെ സംബന്ധിച്ച് ചലനമുണ്ടാകാനുള്ള അവസരം നഷ്ടപ്പെടുത്തുമായിരുന്നു. അതിനാല്‍ അന്നത്തെ സത്യഗ്രഹം മറ്റൊരു സ്ഥലത്തുനിന്ന് ആരംഭിക്കുമെന്ന വിവരം പോലീസിന് നല്‍കി. പോലീസ് അവിടെ സന്നദ്ധരായി നില്‍ക്കുകയും ചെയ്തു. എന്നാല്‍ സത്യഗ്രഹം ഗംജിപുരയില്‍നിന്ന് ആരംഭിച്ച് നഗരത്തില്‍ ഘോഷയാത്രയായി മുദ്രാവാക്യം മുഴക്കി നീങ്ങിത്തുടങ്ങിയതോടെ ജനക്കൂട്ടവും പിന്നില്‍ അണിനിരന്നു. തങ്ങള്‍ കബളിക്കപ്പെട്ടതായറിഞ്ഞ പോലീസ് ഓടിയെത്തി സത്യഗ്രഹികളെ അറസ്റ്റുചെയ്തതായി പ്രഖ്യാപിച്ചു. എന്നാല്‍ സത്യഗ്രഹികളെ കൊണ്ടുപോകാന്‍ പോലീസിന്റെ കൈവശം വാഹനമുണ്ടായിരുന്നില്ല. അതിനാല്‍ അവരെയെല്ലാം സൈക്കിള്‍റിക്ഷയില്‍ കയറ്റി പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകാന്‍ തുടങ്ങി. അത് ഒരു തരത്തില്‍ സൈക്കിള്‍റിക്ഷാ റാലിയായിത്തീര്‍ന്നു. മുദ്രാവാക്യവിളിയോടെ ജനങ്ങളും പിന്തുടര്‍ന്നു. ഇടയ്ക്ക് ചിലര്‍ സൈക്കിള്‍ റിക്ഷായുടെ ടയറിന്റെ കാറ്റ് കുത്തിക്കളഞ്ഞു. ഒരുതരത്തില്‍ ഉന്തിത്തള്ളി എല്ലാവരേയും സ്റ്റേഷനില്‍ എത്തിച്ചു. സത്യഗ്രഹികളെ നിരത്തി നിര്‍ത്തി പോലീസുദ്യോഗസ്ഥന്‍ സത്യഗ്രഹനേതാവായ അമല്‍കു മാറിനോട് ”നിങ്ങള്‍ എവിടെ താമസിക്കുന്നു” എന്ന ചോദ്യത്തിന് ”ഭൂമിയില്‍” എന്നതായിരുന്നു ഉത്തരം. എവിടെയാണ് ഉറങ്ങുന്നതെന്ന ചോദ്യത്തിന് ”ആകാശത്തിനുതാഴെ” എന്ന ഉത്തരം കൊടുത്തു. ഇതുകേട്ട് കോപാകുലനായ ഇന്‍സ്‌പെക്ടര്‍ ”ഞാനൊരു പോലീസുദ്യോഗസ്ഥനാണെന്ന ഓര്‍മ്മവേണം” എന്നുപറഞ്ഞപ്പോള്‍ ”ഞാന്‍ എല്‍. എല്‍. സി. ക്കാരനാണെന്ന് മനസ്സിലാക്കണം” എന്നുപറഞ്ഞ തോടെ പോലീസിനു പ്രശ്‌നമായി. ഇത്തരത്തിലുള്ള സംഭ്രമത്തിനിടയില്‍ രാംശങ്കര്‍ അഗ്നിഹോത്രി അവിടെനിന്നും സ്ഥലംവിട്ടു. കാരണം, അന്ന് തടവില്‍ പോകണമെന്ന് നിശ്ചയിച്ചിരുന്ന ആളായിരുന്നില്ല അദ്ദേഹം.
അമ്മമാരും സഹോദരിമാരും സജീവം
മദ്ധ്യപ്രദേശിലെ സാഗറില്‍ സംഘത്തിന്റെ രഹസ്യ ലഘുലേഖ വിതരണം ചെയ്യുന്നതില്‍ അമ്മമാരും സഹോദരിമാരും കാര്യമായ പങ്കുവഹിച്ചു. വളരെ ശ്രദ്ധയോടെയും സാമര്‍ത്ഥ്യത്തോടെയും അവര്‍ ആ കര്‍ത്തവ്യം നിര്‍വഹിച്ചു. മറ്റു സഹോദരിമാര്‍ക്ക് ലഘു ലേഖ വിതരണം ചെയ്യാനുള്ള സഹോദരി കുളിക്കാനായി കുളത്തിലേയ്ക്ക് പോകുമ്പോള്‍ വസ്ത്രങ്ങളെന്ന നിലയ്ക്ക് ഒരു പാത്രത്തില്‍ ലഘുലേഖകള്‍ നിറച്ച് പോകുമായിരുന്നു. അവര്‍ വരുന്ന സമയം ലഘുലേഖ വാങ്ങിക്കേണ്ടവര്‍ക്ക് മുന്‍കൂട്ടി അറിയാമെന്നതിനാല്‍ ആ സമയത്ത് അവരും പാത്രങ്ങളുമായി എത്തുകയും ലഘുലേഖ സ്വീകരിച്ചു പാത്രങ്ങളിലാക്കികൊണ്ടുപോയി അവരവരുടെ ഭാഗത്ത് വിതരണം നടത്തുകയും ചെയ്യുമായിരുന്നു. ലഘുലേഖയുടെ വിതരണം എങ്ങനെ നടക്കുന്നു എന്നത് സംബന്ധിച്ച് പോലീസിന് ഒരു എത്തുംപിടിയും കിട്ടിയില്ല.
ജബല്‍പൂരിലെ അപ്പാ ഗോറെ സത്യഗ്രഹം നടത്തി ജയിലിലായിരുന്നു. അതുകൊണ്ട് ഈ വീടിനെ സംബന്ധിച്ച് പോലീസിന് ഒരു സംശയവുമുണ്ടാകാന്‍ വഴിയില്ല എന്നു ചിന്തിച്ച് അവിടെ സൈക്ലോസ്റ്റൈല്‍ മെഷീന്‍ വെച്ച് പ്രവര്‍ത്തിപ്പിച്ചുതുടങ്ങി. ഒരു ദിവസം രാത്രി അവരുടെ വാതിലില്‍ ആരോ മുട്ടിവിളിക്കുന്നതായറിഞ്ഞ് നോക്കിയ പ്പോള്‍ ഒരു പോലീസുകാരനാണെന്ന് മനസ്സിലായി. ആ അമ്മ മുന്‍വശത്തെ വാതില്‍ തുറക്കാതെ പിന്‍വാതില്‍ തുറന്ന് അടുത്ത വീട്ടിലെ ചെറുപ്പക്കാരനെ ഉണര്‍ത്തി. അയാള്‍ മദ്യപിച്ച അവസ്ഥയിലായിരുന്നു. എങ്കിലും അയാള്‍ പണ്ടെങ്ങോ ശാഖയില്‍പോയ വ്യക്തി യായിരുന്നു. അതിനാല്‍ സംഘത്തിനുനേരെ നടന്നുകൊണ്ടിരിക്കുന്ന അന്യായമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അയാളുടെ മനസ്സിലും വിഷമമുണ്ടായിരുന്നു. സാഹസിക സ്വഭാവക്കാരനും കൂടിയായ അയാള്‍ ഉടനെ അപ്പായുടെ വീട്ടില്‍വന്ന് മെഷീന്‍ എടുത്തുപുറത്തു പോയി. രാത്രി മുഴുവന്‍ മെഷീന്‍ ചുമന്നുകൊണ്ട് അങ്ങുമിങ്ങും ചുറ്റിത്തിരിഞ്ഞു. ഇത്തരത്തിലുള്ള വ്യക്തികള്‍ അക്കാലത്ത് വളരെ സഹായികളായിരുന്നു.
അച്ഛനും മകനും തമ്മില്‍ വാക്ക് തര്‍ക്കം
ബാംഗ്ലൂരില്‍, സംഘത്തിന്റെ രഹസ്യ ലഘുലേഖ വലിയ സംഖ്യയില്‍ കല്ലച്ചില്‍ അച്ചടിച്ച് വിതരണം നടത്തിയിരുന്നു. പോലീസിനും മറ്റ് ഭരണാധികാരികള്‍ക്കും ഇത്തരം ലഘുലേഖയുടെ അച്ചടിയും വിതരണവും സംബന്ധിച്ച വിവരങ്ങളൊന്നും ശേഖരിക്കാന്‍ സാധിക്കാത്തതിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ചോദ്യശരങ്ങള്‍ തുടരെ വന്നുകൊണ്ടിരുന്നു. അവസാനം ഈ കാര്യത്തിനുവേണ്ടി മാത്രം അതിസമര്‍ത്ഥനായ ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചു. അദ്ദേഹം വളരെ തന്ത്രപരമായ നടപടികള്‍ സ്വീകരിച്ചെങ്കിലും അച്ചടിയന്ത്രം പ്രവര്‍ത്തിക്കുന്ന സ്ഥലമോ വിതരണസംവിധാനമോ കണ്ടെത്താന്‍ സാധിച്ചില്ല. അദ്ദേഹത്തിന്റെ മകന്‍ അവിടെ ശാഖയിലെ ബാല സ്വയംസേവകനായിരുന്നു. ലഘുലേഖ വിതരണം ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ അയാളും വളരെ സാമര്‍ത്ഥ്യപൂര്‍വ്വം വ്യാപൃതനായിരുന്നു.
അച്ഛനും മകനും തമ്മില്‍ സംഘത്തിന്റെ രഹസ്യ ലഘുലേഖ അച്ചടിക്കുന്ന സ്ഥലത്തെ സംബന്ധിച്ച് നിത്യവും വാഗ്വാദം നടക്കാറുണ്ടായിരുന്നു. ”സംഘത്തിന്റെ അച്ചടികേന്ദ്രം സംബന്ധിച്ച വിവരം കിട്ടിക്കഴിഞ്ഞു. അത് അടച്ച് സീല്‍ ചെയ്യേണ്ട കാര്യം മാത്രമേയുള്ളൂ” എന്ന് അച്ഛന്‍ പറയുമ്പോള്‍ ”നിങ്ങളുടെ സര്‍ക്കാര്‍ ഞങ്ങളുടെ മെഷീന്‍ എവിടുന്ന് പിടിച്ചെടുക്കാനാണ്. ഇങ്ങനെ നിങ്ങള്‍ അവസാനംവരെ വിഡ്ഢികളാക്കപ്പെടുകയായിരിക്കും ഫലം” എന്നു മകന്‍ പറയുമായിരുന്നു. ഈ വാദപ്രതിവാദം എന്നും നടക്കാറുണ്ടായിരുന്നു. ഒരു ദിവസം രാത്രി, ഇപ്പോള്‍ നിങ്ങളുടെ അച്ചടിയന്ത്രം വെച്ചിട്ടുള്ള സ്ഥലം കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞു എന്ന് അച്ഛന്‍ വളരെ ഗൗരവത്തോടെ പറഞ്ഞു. താന്‍ പറഞ്ഞത് സത്യമാണെന്ന് വ്യക്തമാക്കാനായി അദ്ദേഹം ഇന്ന തെരുവിലെ ഇത്രാമത്തെ കെട്ടിടത്തിന്റെ മുകളിലെ മുറിയിലാണ് വെച്ചിട്ടുള്ളത്. നാളെ അവിടെ പരിശോധന നടക്കും. അതോടെ കുഴപ്പക്കാരെയെല്ലാം ജയിലിലാക്കും” എന്ന് വിശദീകരിച്ചു.
ഇതുപോലെ അച്ഛന്‍ നിത്യവും ഓരോ സ്ഥലത്തെക്കുറിച്ച് പറയാറുണ്ടെങ്കിലും അന്ന് അച്ഛന്‍ വിശദീകരിച്ച രീതി ഗൗരവമുള്ളതായി ആ ബാലന് തോന്നി. അതിനാല്‍ രാത്രിതന്നെ ഒരു കാരണം പറഞ്ഞ് അയാള്‍ വീട്ടില്‍നിന്നിറങ്ങി തനിക്ക് ലഘുലേഖ വിതരണം ചെയ്യുന്ന തരുണ സ്വയംസേവകന്റെ വീട്ടില്‍പോയി വിവരം പറഞ്ഞു. അയാള്‍ക്കും മറ്റൊരു കാര്യകര്‍ത്താവാണ് ലഘുലേഖ കൊടുത്തിരുന്നത്. അതിനാല്‍ അവര്‍ രണ്ടുപേരുംകൂടി ആ കാര്യകര്‍ത്താവിന്റെ വീട്ടില്‍പോയി കാര്യങ്ങള്‍ വ്യക്തമാക്കി. ഈ വിവരം കിട്ടിയ ബാലന്‍ ബന്ധപ്പെട്ടവര്‍ക്ക് വിവരം നല്‍കിയതോടെ ഉത്തരവാദപ്പെട്ടവര്‍ രാത്രിയ്ക്കു രാത്രി ആ വീട്ടില്‍നിന്ന് സാധനങ്ങളെല്ലാം മാറ്റി. പിറ്റേദിവസം പരിശോധനയ്ക്ക് എത്തിയ പോലീസിന് അവിടെനിന്ന് ഒന്നുംതന്നെ കണ്ടെത്താന്‍ സാധിച്ചില്ല. അന്നുരാത്രി ഉദ്യോഗസ്ഥനായ അച്ഛനോട് മകന്‍ ചോദിച്ചു ”ഇന്നലെ രാത്രി സംഘത്തിന്റെ അച്ചടിയന്ത്രം പിടിച്ചെടുക്കുമെന്ന് അച്ഛന്‍ പറഞ്ഞല്ലോ. അതിന്റെ കാര്യം എന്തായി. ആരെയെല്ലാം ജയിലിലാക്കി” എന്നു ചോദിച്ചു. ”നിന്റെ സംഘക്കാര്‍ ഭയങ്കരന്മാരാണ്, പരിശോധനയ്ക്കുമുമ്പായി അവര്‍ സകല സാധനങ്ങളും അവിടെനിന്ന് നീക്കിയിരിക്കുന്നു.” തന്റെ പദ്ധതികളെല്ലാം പരാജയപ്പെടുത്തിയത് സ്വന്തം വീട്ടില്‍നിന്നുതന്നെയായിരുന്നു എന്ന കാര്യം പാവം ആ ഉദ്യോഗസ്ഥന് മനസ്സിലായില്ല.