രാമാ നിന് ജന്മദിനം
ഇന്നു ഞാനാഘോഷിക്കെ-
ശ്രീമന്‍! നീ മുന്നില്‍ പൂത്ത-
കര്‍ണ്ണികാരമായ് നില്പൂ!
ആയിരമായിരമാ-
ണ്ടപ്പുറം ജീവിച്ച നീ-
യതുല്യപ്രതിഭയാ-
യാരാദ്ധ്യസ്വരൂപനായ്
മാമക മനസ്സില്‍ വാ-
ണരുളീടുന്നു ഇന്നും
രോമാഞ്ചമുണര്ത്തുന്നൂ
ചിന്തകളുദ്ദീപിപ്പൂ!
ഉച്ചത്തില്‍ പഞ്ചഗ്രഹം-
നില്ക്കുന്ന കാലമിപ്പോ-
ളത്യുച്ചം മേടമെന്നു-
ഞങ്ങളിന്നോര്ക്കുമ്പോഴും
കള്ളക്കര്‍ക്കിടകം തീര്‍ത്തും-
നിന് കാവ്യധര്‍മ്മം പാടി-
ഉള്ളുണര്‍ത്തിയ സുപ്ര-
ഭാതങ്ങള് ഞാനോര്‍മ്മിപ്പൂ!
വാല്മീകിപ്രതിഭയില്-
വിടര്‍ന്ന സൂര്യകാന്തീ!
നിന്സേവയെനിക്കന്നാള്-
കായകല്പകസേവ!
ത്യാഗത്തിന് മൂര്‍ത്തിയായും
വാക്കിന്റെ ശുദ്ധിയായും
രാമാ! നീ കാലാകാലം-
വാഴ്ത്തപ്പെട്ടീടും തീര്‍ച്ച
ധര്‍മ്മാര്‍ത്ഥ കാമമോക്ഷ-
പ്പുരുഷാര്ത്ഥങ്ങള് നേടാ-
നിക്കാവ്യം പോലെ ശ്രേഷ്ഠ-
മായെന്തൊന്നുള്ളൂ പാരില്‍?
രാമ! ശ്രീരാമ! രാമ!
പുരുഷോത്തമ! രാമ!
സീതാഭിരാമ! രാമ!
രാവണാന്തക രാമ!
നമസ്തേ! രാമ രാമ!
നമസ്തേ! രാമചന്ദ്ര!
നമസ്തേ! രാമഭദ്ര!
നമസ്തേ! നമോ നമ!