ആജ്ഞാ നാമാംബുജം തദ്ഹിമകരസദൃശം
ധ്യാനധാമപ്രകാശം
ഹക്ഷാദ്യാം വൈ കലാഭ്യാം പരിലസിത വപുര്‍ നേത്രപത്രം സുശുഭ്രം
തന്മദ്ധ്യേ ഹാകിനീ സാ ശശിസമധവളാ
വക്ത്ര ഷട്കം ദധാനാ
വിദ്യാം മുദ്രാം കപാലം ഡമരു ജപവതീം ബിഭ്രതീ ശുദ്ധചിത്താ
ധ്യാനം കൊണ്ട് പ്രകാശിക്കുന്ന ആജ്ഞാചക്രം ചന്ദ്രനേപ്പോലെ വെളുത്തിട്ടാണ്. അതിന്റെ രണ്ടിതളില് ഹം, ക്ഷം എന്നീ അക്ഷരങ്ങള്‍ വിളങ്ങുന്നു. പത്മത്തിന്റെ മധ്യത്തില്‍ തൂവെള്ള നിറമുള്ള, ആറുമുഖമുള്ള, നാലു കൈകളില്‍ പുസ്തകമുദ്രാ, കപാലം, ഡമരു, ജപമാല ഇവ ധരിച്ച ഹാകിനീ ദേവി ഇരിക്കുന്നു.
ഏതത് പത്മാന്തരാളേ നിവസതി ച മന:
സൂക്ഷ്മരൂപം പ്രസിദ്ധം
യോനൗ തത് കര്ണികായാമിതര ശിവ പദം ലിംഗചിഹ്ന പ്രകാശം
വിദ്യുന്മാലാ വിലാസം പരമകുലപദം ബ്രഹ്മസൂത്ര പ്രബോധം
വേദാനാമാദിബീജം സ്ഥിരതര ഹൃദയ – ശ്ചിന്തയേത്തത് ക്രമേണ
ഈ പത്മത്തിലാണ് സൂക്ഷ്മരൂപത്തിലുള്ള മനസ്സ് ഇരിക്കുന്നത്. അതിന്റെ കര്‍ണികയിലെ ത്രികോണത്തില്‍ ലിംഗ രൂപത്തിലുള്ള മിന്നലുപോലെ തിളങ്ങുന്ന ജ്ഞാനദാതാവായ ശിവനിരിക്കുന്നു. അവിടെ വേദങ്ങളുടെ ആദിബീജമായ ഓം എന്ന നാദം ഇരിക്കുന്നു.
മെഡുല്ല പ്ലെക്സസ് ആണ് ഇത്. ഭ്രൂമധ്യത്തിലാണ് ഇതിന്റെ സ്ഥാനം. ലിംഗാകാരം മഹത്തത്വത്തിന്റേതാണ്. ഇത് തപോലോകമാണ്.
മറ്റു ചക്രങ്ങളെ ധ്യാനിച്ചാല്‍ കിട്ടുന്ന എല്ലാ ഗുണങ്ങളും ഈ ഒരു ചക്രത്തെ ധ്യാനിക്കുമ്പോള്‍ തന്നെ ലഭിക്കും. ഇവിടെ മനസ്സുറച്ചാല്‍ സമ്പ്രജ്ഞാത സമാധി കിട്ടും. മൂലാധാരത്തില്‍ നിന്ന് മുക്ത – ത്രിവേണിയായി പുറപ്പെട്ട ഇഡാ – പിങ്ഗളാ – സുഷുമ്നാ നാഡി ഇവിടെ യുക്ത – ത്രിവേണിയായി സന്ധിക്കുന്നു.
ഇഡാ ഭാഗീരഥീ ഗംഗാ
പിംഗളാ യമുനാ നദീ
തയോര്‍ മധ്യഗതാ നാഡീ
സുഷുമ്നാഖ്യാ സരസ്വതീ
ഇഡ ഗംഗയും പിങ്ഗള യമുനയും സുഷുമ്ന സരസ്വതിയുമാണ്.
ത്രിവേണീസംഗമോ യത്ര
തീര്ഥരാജ: സ ഉച്യതേ
തത്ര സ്നാനം പ്രകുര്‍വീത
സര്വപാപൈ: പ്രമുച്യതേ
ഈ ത്രിവേണീ സംഗമം (പ്രയാഗ) തീര്‍ഥങ്ങളില്‍ രാജാവാണ്. ഇവിടെ കുളിച്ചാല്‍ സര്‍വ പാപങ്ങളും ക്ഷയിക്കും എന്ന് ജ്ഞാനസങ്കലിനീ തന്ത്രം പറയുന്നു.
തദേവ ഹൃദയം നാമ
സര്‍വ ശാസ്ത്രാദി സമ്മതം
ഇതിനെയാണ് സര്‍വശാസ്ത്രങ്ങളും ഹൃദയം എന്നു വിളിക്കുന്നത് എന്ന് യോഗ സ്വരോദയം പറയുന്നു.
എല്ലാറ്റിനെയും നിയന്ത്രിക്കുന്ന കേന്ദ്രമായതിനാല്‍ ഇതിനെ അജ്ഞാചക്രമെന്നു വിളിക്കുന്നു. ജ്യോതിഷത്തിലെ ഗുരു (വ്യാഴം) ബൃഹസ്പതിയായി ഇവിടെ ഉണ്ട്. മൂന്നാം കണ്ണ് എന്നും ദിവ്യദൃഷ്ടി, അഥവാ ജ്ഞാനദൃഷ്ടി എന്നും ഈ സ്ഥാനത്തെ പറയാം. ഇവിടെ പൊട്ടു തൊടുന്നത് ഇതിന്റെ പ്രാധാന്യം കൊണ്ടാണ്.