ഇത് കഠിനമായ ആസനങ്ങളില്‍ പെടും. നല്ല വഴക്കമുള്ളവരേ പരീക്ഷിക്കാവൂ.
ത്രിവിക്രമന്‍ എന്നത് മഹാവിഷ്ണുവിന്റെ പേരാണ്. ത്രി എന്നാല്‍ മൂന്ന്. വിക്രമമെന്നാല് പദം, സ്റ്റെപ്പ്. മൂന്ന് അടി അളന്ന വിഷ്ണു. വാമനാവതാര കഥ ഓര്‍ക്കുക. മഹാബലി അഹങ്കാരിയായി ദേവലോകത്തേ പോലും വിറപ്പിച്ചപ്പോള്‍ ആ ഗര്വ്വമടക്കാന് വിഷ്ണു വാമനനായി അവതരിച്ച് ബലിയോട് മൂന്നടി മണ്ണ് യാചിച്ചു. ഭക്തനായ ബലി അനുവദിക്കുകയും ചെയ്തു. പിന്നെ വിഷ്ണു വാനോളം വലുതായി രണ്ടടി കൊണ്ട് സര്‍വതും അളന്നു. മൂന്നാമത്തേതിന് സ്ഥലമില്ലാതെ ബലിയുടെ തലയില്‍ കാല് വെച്ചു (അനുഗ്രഹിച്ചു).
ചെയ്യുന്ന വിധം
നിവര്‍ന്നു നില്ക്കുക. വലതുകാല്‍ മുട്ടില്‍ മടക്കി ഉയര്‍ത്തി വലതു കൈ കൊണ്ട് മടമ്പില്‍ പിടിക്കുക. ഇടതു കൈ കൊണ്ട് കാല്‍വിരലുകളും പിടിക്കുക. വലതു കൈയുടെ ബലത്തില്‍ കാല് ഉയര്‍ത്തുക. കാല് വലതു കൈയിന്റെ പിറകില്‍ കൊണ്ടുവരിക. കാല്‍മുട്ട് നിവര്‍ത്തി കുത്തനെയാക്കുക. വലതു കൈകൊണ്ട് മടമ്പില്‍ പിടിക്കുക. ദൃഷ്ടി നേരെ. മുഖം പ്രസന്നം. വലതു കൈ ഭൂമിക്കു സമാന്തരമായി വലത്തോട്ട് നീട്ടുകയും ആവാം. തിരിച്ചു വന്ന് മറുകാലില്‍ ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
കാലുകള്‍ക്കും അരക്കെട്ടിനും പരമാവധി വലിവും വഴക്കവും കിട്ടുന്നു. മനസ്സിന് ശ്രദ്ധയും ഏകാഗ്രതയും കിട്ടുന്നു.