Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

പാര്‍ട്ടി കോണ്‍ഗ്രസ് എന്ന കമ്മ്യൂണിസ്റ്റ് കോമഡിഷോ…!

രാമചന്ദ്രൻരാമചന്ദ്രൻ
22 April 2022

ആഗോള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ അവലോകനമാണ് പാര്‍ട്ടി കോണ്‍ഗ്രസ് എന്നറിയപ്പെടുന്നത്. മുകളില്‍ നിന്ന് കെട്ടിപ്പടുക്കുന്ന ഘടനയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളത്; ഇതിനെ ജനാധിപത്യ കേന്ദ്രീകരണം എന്ന് വിളിക്കുന്നു. അതുകൊണ്ടാണ്, എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നോ, അവിടെയൊക്കെ ഏകാധിപത്യം നിലവില്‍ വന്നത്. മുകളിലെ പ്രമാണി പറയുന്നതൊക്കെ താഴെയുള്ള സഖാവ് അനുസരിക്കണം എന്നതാണ്, അലിഖിത നിയമം. കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അക്രമിയും നിരവധി ഉന്മൂലനങ്ങള്‍ നടത്തിയ ഏകാധിപതിയും ജൂത വംശഹത്യ നടത്തിയവനുമായ സ്റ്റാലിന്റെ ചിത്രവും കണ്ണൂരില്‍ സി.പി.എം.പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടായിരുന്നത് ആകസ്മികമല്ല.

Google NewsAdd Kesari Weekly as a preferred source on Google

വലിയ ആഡംബരത്തോടെയും മാധ്യമ ലാളനയോടെയും നടത്തുന്ന ഈ കോണ്‍ഗ്രസ്സുകളില്‍ ഗൗരവമുള്ള ചര്‍ച്ചകള്‍ ഒന്നും നടക്കാറില്ല. ഒരു കാലത്തും പാര്‍ട്ടി വ്യക്തമായ പാര്‍ട്ടി ലൈന്‍ സ്വീകരിക്കാറില്ല. അതിന് കാരണം, അടവുനയം എന്ന നയ ശൂന്യതയാണ്. കോണ്‍ഗ്രസ്സുമായി സഖ്യം വേണ്ട എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ച ശേഷം, തമിഴ് നാട് പോലുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് മുന്നണിയില്‍ അംഗമാകുന്ന തട്ടിപ്പിനാണ് അടവ് നയം എന്ന് പറയുന്നത്. രാജ്യത്ത് കമ്മ്യൂണിസം നിലനില്‍ക്കുന്ന ഏക തുരുത്തായ കേരളത്തില്‍ നിന്നല്ല, തമിഴ്‌നാട്ടില്‍ നിന്നാണ് ആ പാര്‍ട്ടിക്ക് കൂടുതല്‍ എം.പി മാര്‍ ഉണ്ടായത് എന്നത് വിചിത്രമാണ്. അതിന്റെ ഉപകാരസ്മരണ ആയിരുന്നു മുഖ്യമന്ത്രി സ്റ്റാലിന്റെ സാന്നിധ്യം.കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൂത്തെറിയപ്പെട്ടത് ശബരിമല പ്രശ്‌നത്തില്‍ ഹിന്ദുക്കള്‍ കൈവിട്ടത് കൊണ്ടാണെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ കുമ്പസാരവുമുണ്ട്.

മുഖ്യമന്ത്രിമാരായ സ്റ്റാലിനും പിണറായി വിജയനും

തമിഴ്‌നാട്ടില്‍ ഈ അടവ് നയം സ്വീകരിക്കുമ്പോള്‍, പശ്ചിമ ബംഗാളില്‍ അത് പാടില്ല എന്നാണ് കേരള ഘടകം വാദിക്കുന്നത്. അങ്ങനെയാണ്, സീതാറാം യെച്ചൂരിക്ക് കോണ്‍ഗ്രസ് പിന്തുണയോടെ പാര്‍ലമെന്റില്‍ എത്താനുള്ള അവസരം നിഷേധിച്ചത്. വ്യക്തിപരമായ വൈരനിര്യാതനം പാര്‍ട്ടിയുടെ രീതിയാണ്. അതു കൊണ്ടാണ്, കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ചര്‍ച്ച ചെയ്ത സെമിനാറില്‍ കെ.വി.തോമസ് വരികയും ജനറല്‍ സെക്രട്ടറി യെച്ചൂരി ഒഴിവാക്കപ്പെടുകയും ചെയ്തത്. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ്സില്‍ പ്രസംഗിച്ച പി.രാജീവ്, കെ.കെ.രാഗേഷ്, ടി.എന്‍. സീമ എന്നിവര്‍ യെച്ചൂരിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ മുകളില്‍ നിന്നുള്ള തിട്ടൂരം ശിരസാ വഹിച്ചു.

ADVERTISEMENT

കേരളത്തെ അഭിനന്ദിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം പാസാക്കിയെങ്കിലും കെ-റെയിലിന് അംഗീകാരം കിട്ടിയില്ല. യെച്ചൂരിയും ബംഗാള്‍ ഘടകവും മാത്രമല്ല, തമിഴ്‌നാട് പാര്‍ട്ടിയും അതിന് അനുകൂലമായ നിലപാട് കോണ്‍ഗ്രസ്സില്‍ സ്വീകരിച്ചില്ല. എങ്കിലും യെച്ചൂരി വീണ്ടും ജനറല്‍ സെക്രട്ടറിയായത്, ആ പദ്ധതിക്കും കീഴടങ്ങിക്കൊണ്ടാണ്. ആ പദ്ധതിക്ക് എതിരെ സ്ത്രീകളും കുട്ടികളും ഇറങ്ങുന്നത്, ശബരിമല സമര കാലത്തെ ഓര്‍മ്മിപ്പിക്കുന്നു. ശബരിമല സമരത്തില്‍ ഇല്ലാതിരുന്ന മേധാ പട്കര്‍ റെയില്‍ സമരത്തിലുള്ളത് യെച്ചൂരിയെ ആശങ്കയിലാഴ്ത്തി. ശാസ്ത്ര സാഹിത്യ പരിഷത്തിനെ പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നത്. ശബരിമല കാലത്ത് സമരത്തിന് എതിരായിരുന്ന ഇടതു കപട മതേതരവാദികളില്‍ പലരും കെ-റെയിലിന് എതിരാണ്.

എന്നിട്ടും, ആ പ്രശ്‌നത്തില്‍ ഒരു നയം സ്വീകരിക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല. അതുകൊണ്ട് കെ.വി തോമസിനെ വച്ച് ഒരു അസംബന്ധ നാടകം നടത്തി സഖാക്കള്‍ക്ക് പിരിയേണ്ടിവന്നു. സകല പാര്‍ട്ടി കോണ്‍ഗ്രസ്സുകളും തുടങ്ങിയതും അവസാനിച്ചതും അസംബന്ധത്തിലാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണ്, കൊല്‍ക്കത്തയിലെ രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് (1948), മധുരയിലെ മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് (1954), പാലക്കാട്ടെ നാലാം പാര്‍ട്ടി കോണ്‍ഗ്രസ് (1956), അമൃത്സറിലെ അഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ് (1958), വിജയവാഡ യിലെ ആറാം പാര്‍ട്ടി കോണ്‍ഗ്രസ് (1961) എന്നിവ. പാര്‍ട്ടി കോണ്‍ഗ്രസ്സുകളുടെ പൈതൃകം അവ്യക്തതയും ആശയക്കുഴപ്പവും നിറഞ്ഞതാണ്.

ബ്രിട്ടന്റെ ചെരുപ്പ് നക്കി
എം.എന്‍.റോയ് 1920 ല്‍ താഷ്‌കെന്റില്‍ രൂപീകരിച്ച പ്രവാസ പാര്‍ട്ടിയെ ആണ് സി.പി.എം സ്ഥാപക പാര്‍ട്ടി ആയി അംഗീകരിക്കുന്നത്. സി.പി.ഐ ആകട്ടെ, പത്രപ്രവര്‍ത്തകനായ സത്യഭക്ത 1925 ല്‍ കാണ്‍പൂരില്‍ സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് സമ്മേളനത്തെയാണ് സ്ഥാപക സമ്മേളനമായി സ്വീകരിക്കുന്നത്. സമ്മേളനം നടക്കുമ്പോള്‍ തന്നെ ഇടഞ്ഞ സത്യഭക്ത പിന്നീട് ഹിന്ദുത്വ ആശയ പ്രചാരകനായി. അദ്ദേഹത്തെപ്പറ്റി ധാരാളം വിവരങ്ങള്‍ ചിത്രം സഹിതം, ഇപ്പോള്‍ ലഭ്യമാണ്. അതിനാല്‍, ഹിന്ദുത്വയിലാണ് സി.പി.ഐ ജനിച്ചത് എന്ന് പറഞ്ഞാല്‍ തെറ്റാവില്ല.

1920 ല്‍ ജനിച്ച ഇന്ത്യയിലെ പാര്‍ട്ടി ആദ്യ പാര്‍ട്ടി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്, 1943 ല്‍ മാത്രമാണ്-മുംബൈയില്‍. മെയ് 23 മുതല്‍ ജൂണ്‍ ഒന്നു വരെ എട്ടു ദിവസമായിരുന്നു, മഹാമഹം. 15,563 അംഗങ്ങള്‍ ആയിരുന്നു പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത് ( ഇന്ന് ഒന്‍പത് ലക്ഷം; അതില്‍ അഞ്ചു ലക്ഷവും കേരളത്തില്‍). ഇവരെ പ്രതിനിധീകരിച്ച് 139 പേര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തു. പാര്‍ട്ടി പല മേഖലകളിലും വളരുന്നു എന്ന് തോന്നിയിട്ടാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. അന്ന് പാര്‍ട്ടി കേന്ദ്രം മുംബൈ ആയിരുന്നു. 1941 ല്‍ സോഹന്‍ സിംഗ് ബക്‌നയുടെ ഗദര്‍ ഗ്രൂപ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ലയിച്ചിരുന്നു.

മാനവേന്ദ്രനാഥ് റോയ്‌

ആദ്യ പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നത്, 1933 ഒടുവില്‍ ആകെ പാര്‍ട്ടി അംഗങ്ങള്‍ 150 ആയിരുന്നു എന്നാണ്. 1942 ല്‍ ഇത് 4,400 ആയി. 1943 മെയ് ദിനത്തില്‍ ഇത് 15,563. ഇതില്‍ 2,637 പേര്‍ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ ആയിരുന്നു. 700 പേരായിരുന്നു സ്ത്രീ അംഗങ്ങള്‍. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത 139 പേരില്‍ 22 തൊഴിലാളികളും 25 കൃഷിക്കാരും 86 ബുദ്ധിജീവികളും മൂന്ന് ജമീന്ദാര്‍മാരും രണ്ട് ചെറുകിട ജന്മിമാരും ഒരു വ്യവസായിയും ഉണ്ടായിരുന്നതായി ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ കാണുന്നു. പ്രതിനിധികളില്‍ 13 സ്ത്രീകള്‍. മൂന്ന് ദളിതര്‍. മുസ്ലിംകള്‍ 13, സിഖുകാര്‍ എട്ട്, പാഴ്‌സികള്‍ രണ്ട്, ജെയിന്‍ ഒന്ന്. അന്ന് കേരളത്തില്‍ പാര്‍ട്ടി ക്ലച്ചു പിടിച്ചിട്ടില്ല എന്നര്‍ത്ഥം. ബംഗാളിലെ പാര്‍ട്ടി മുസ്ലിം പാര്‍ട്ടി ആയിരുന്നു.

ആ പാര്‍ട്ടി കോണ്‍ഗ്രസ് സമയത്ത് പാര്‍ട്ടിക്കെതിരായ നിരോധനം പിന്‍വലിച്ചിരുന്നു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ പാര്‍ട്ടി ഒറ്റിയതായിരുന്നു പശ്ചാത്തലം. 695 പാര്‍ട്ടി അംഗങ്ങള്‍ ജയിലില്‍ ആയിരുന്നു. 105 പേര്‍ ജീവപര്യന്തം തടവില്‍ ആയിരുന്നു. പ്രതിനിധികളില്‍ 70 ശതമാനവും ജയിലില്‍ പോയിരുന്നു. പ്രതിനിധികളില്‍ 68 ശതമാനവും 35 വയസില്‍ താഴെ ഉള്ളവര്‍ ആയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് പ്രസീഡിയത്തിലെ ഏക മലയാളി പി.കൃഷ്ണപിള്ള. മറ്റുള്ളവര്‍ എസ്.എ.ഡാങ്കെ, മുംബൈ സംസ്ഥാന സെക്രട്ടറി ഭയ്യാജി കുല്‍ക്കര്‍ണി, മുസഫര്‍ അഹമ്മദ്, മണികുന്തള സെന്‍, മുംബൈ നഗര സെക്രട്ടറി ഡി.എസ്.വൈദ്യ, വിദ്യാര്‍ത്ഥി നേതാവ് നര്‍ഗീസ് ബാട്‌ലിവാല.

ഒന്‍പതു മണിക്കൂര്‍ എടുത്താണ് ജനറല്‍ സെക്രട്ടറി പി.സി.ജോഷി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്. ‘ദേശീയ പ്രതിരോധവും തൊഴിലാളി വര്‍ഗ്ഗ കടമകളും’ എന്ന റിപ്പോര്‍ട്ട് ബി.ടി.രണദിവെ അവതരിപ്പിച്ചു.

രാവിലെ ആറു മുതല്‍ രാത്രി 11 വരെ ആയിരുന്നു നടപടികള്‍. ഗാന്ധി, നെഹ്റു, ജിന്ന എന്നിവരുടെ ചിത്രങ്ങള്‍ വേദിയില്‍ ഉണ്ടായിരുന്നു എന്നത് അദ്ഭുതമാണ്. സ്റ്റാലിന്റെ ചിത്രവും ഉണ്ടായിരുന്നു. ഈ ചിത്രങ്ങള്‍ പാര്‍ട്ടിയുടെ അടവു നയം വിളംബരം ചെയ്യുന്നതായി പാര്‍ട്ടി രേഖകള്‍ പറയുന്നു-ഫാഷിസത്തിനെതിരായ ഐക്യ മുന്നണി, കോണ്‍ഗ്രസ്-മുസ്ലിം ലീഗ് ഐക്യം.

പി.സി.ജോഷി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ അസംബന്ധം പ്രകടമാണ്. അന്ന് ബ്രിട്ടീഷ് ചാരന്‍ ആയിരുന്ന ജോഷി, റിപ്പോര്‍ട്ടില്‍ പറയുന്നത്, രണ്ടാം ലോകയുദ്ധ കാലത്ത് പാര്‍ട്ടി, വ്യവസായ ഉല്‍പാദനം കൂട്ടുന്നതിലും ഭക്ഷ്യോല്‍പാദനം കൂട്ടുന്നതിലും ശ്രദ്ധിച്ചു എന്നാണ്. ബ്രിട്ടനൊപ്പം നിന്ന പാര്‍ട്ടി, ജര്‍മ്മനി റഷ്യയെ ആക്രമിച്ചപ്പോള്‍ അത് ജനകീയ യുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം പാര്‍ട്ടിക്ക് പ്രശ്‌നം ആയിരുന്നില്ല. ഈ നിലപാട് സ്വീകരിച്ചത് കൊണ്ടാണ്, പാര്‍ട്ടി നിരോധനം പിന്‍വലിച്ചത്. ഈ നയവും സ്വന്തം ആയിരുന്നില്ല. ലണ്ടനിലിരുന്ന് രജനി പാമേ ദത്ത് പടച്ച നയമായിരുന്നു അത്. എസ്.ജി.സര്‍ദേശായ് മാത്രമല്ല, ഇ.എം.എസ് നമ്പൂതിരിപ്പാടും ഭക്ഷ്യോല്‍പാദനം കൂട്ടുന്നതിനെപ്പറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പാര്‍ട്ടിയുടെ കടമ ‘ദേശീയ ഐക്യവും ദേശീയ സര്‍ക്കാരിനുള്ള ദേശീയ പ്രതിരോധവും’ ആണെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം വ്യക്തമാക്കി. ബ്രിട്ടന്റെ വാലാട്ടികള്‍ ആയിരിക്കുക എന്ന് സാരം. പൂഴ്ത്തി വയ്പിനെതിരെ പോരാടാന്‍ പ്രമേയം സഖാക്കളെ ഉപദേശിച്ചു.

മുസഫര്‍ അഹമ്മദ് സമാപന പ്രസംഗം നടത്തി. ഈ കോണ്‍ഗ്രസിനെപ്പറ്റി ഇനി അധികം പറയേണ്ടതില്ല. തൊഴിലാളിയുടെ കടമ ബ്രിട്ടന്റെ ആസനം താങ്ങുക എന്നതാണെന്ന് പ്രഖ്യാപിച്ച അസംബന്ധ കോണ്‍ഗ്രസ്.

രണദിവെ, അധികാരി, ജോഷി എന്നിവര്‍ 1945-ല്‍ മുംബൈയില്‍

കല്‍ക്കട്ട തീസിസ്
കല്‍ക്കട്ട തീസിസ് എന്നറിയപ്പെടുന്ന ഭീകരവാദം സംഭാവന ചെയ്ത ഒന്നാണ് കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്. 1948 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ആറു വരെ നടന്ന കോണ്‍ഗ്രസില്‍ ബി.ടി.രണദിവെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് രാജ്യമാകെ ഭീകരത നടമാടി.

ഈ കോണ്‍ഗ്രസ് നടക്കുമ്പോള്‍ പാര്‍ട്ടി അംഗങ്ങള്‍ 89,000 ആയിരുന്നു. ജോഷി സെക്രട്ടറി സ്ഥാനത്ത് 13 വര്‍ഷം തികച്ചിരുന്നു. ഇന്ത്യ സ്വതന്ത്രമായിരുന്നു. എന്നാല്‍ അത് പാര്‍ട്ടി അംഗീകരിച്ചിരുന്നില്ല. അതിനാല്‍, ഭരണഘടനയ്ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണോ സായുധ കലാപം നടത്തണോ എന്നതായിരുന്നു ചോദ്യം. ജോഷി സ്വാഭാവികമായും ആദ്യ നിലപാടില്‍ ആയിരുന്നു. തെലങ്കാനാ കലാപത്തില്‍ നിന്ന് വീര്യം ഉള്‍ക്കൊണ്ട പി.സുന്ദരയ്യയും രണദിവെയും കലാപത്തെ അനുകൂലിച്ചു. കേരളത്തിലെ പുന്നപ്ര വയലാറില്‍ അനാവശ്യ കലാപവും നടന്നിരുന്നു. അനാവശ്യം എന്ന് പറയാന്‍ കാരണം, അവ നടന്നത്, ബ്രിട്ടീഷ് സര്‍ക്കാരിന് എതിരെ അല്ല, നെഹ്രുവിന്റെ ഇടക്കാല സര്‍ക്കാരിന്റെ കാലത്തായിരുന്നു എന്നതിനാലാണ്. മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമായി കാണുന്ന മാര്‍ക്‌സിസ്റ്റുകള്‍ പുന്നപ്ര വയലാര്‍ കലാപത്തെയും സ്വാതന്ത്ര്യ സമരമായി വ്യാഖ്യാനിക്കുന്നു.

മാത്രമല്ല, സ്വാതന്ത്ര്യത്തിന് മുന്‍പ് പാര്‍ട്ടി പാകിസ്ഥാന്‍ വാദത്തെയും ബംഗാളില്‍ 4000 ഹിന്ദുക്കളുടെ കൂട്ടക്കൊലയ്ക്ക് ഇടയാക്കിയ മുസ്ലിംലീഗിന്റെ പ്രത്യക്ഷ സമരത്തെയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പി.ബി അംഗം ഡോ.ജി അധികാരി, പാകിസ്ഥാനെ അനുകൂലിച്ച് ലഘുലേഖ തന്നെ ഇറക്കിയിരുന്നു.

1947 ഡിസംബറില്‍ രണദിവെയുടെ നേതൃത്വത്തിലെ ഗ്രൂപ്പ്‌കേന്ദ്രകമ്മിറ്റി പിടിച്ചടക്കി. മുസ്ലിം ലീഗുമായി ജോഷി ഉണ്ടാക്കിയ ചങ്ങാത്തം വിഡ്ഢിത്തമായെന്ന് ആരോപിച്ചാണ് ഇവര്‍ ഭൂരിപക്ഷം നേടിയത്. ഡിസംബറില്‍ ചേര്‍ന്ന സി.സി യോഗം ഉടന്‍ പ്രതിനിധികളെ പാര്‍ട്ടി കോണ്‍ഗ്രസിന് അയയ്ക്കാന്‍ അടിയന്തര ഉത്തരവ് പാര്‍ട്ടി ഘടകങ്ങള്‍ക്ക് നല്‍കി. 919 പ്രതിനിധികളില്‍ 632 പേര്‍ക്ക് മാത്രമാണ് കൊല്‍ക്കത്തയില്‍ എത്താന്‍ കഴിഞ്ഞത്. തെലങ്കാന തിരഞ്ഞെടുത്ത 75പേരില്‍ വിരലില്‍ എണ്ണാവുന്നവരേ എത്തിയുള്ളൂ. എത്തിയ 632 പേരില്‍ 565പേര്‍ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ ആയിരുന്നു. പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബ്രാഞ്ചുകളില്‍ നിന്ന് മൂന്ന് പ്രതിനിധികള്‍ എത്തി. കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് 60 പേര്‍ എത്തിയെന്ന് പാര്‍ട്ടി രേഖകളില്‍ ഉണ്ടെങ്കിലും, 32 പേര്‍ വന്നെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ളത്. ജോഷിയുടെ ഭാര്യ കല്‍പന ദത്തും അതില്‍ ഉണ്ടായിരുന്നു. എന്തായാലും, പാകിസ്ഥാനില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു എന്നത് ശ്രദ്ധേയം.

നാലര മണിക്കൂര്‍ ആയിരുന്നു രണദിവെയുടെ ഉദ്ഘാടന പ്രസംഗം. ജോഷിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. പാര്‍ട്ടി റിഫോമിസ്റ്റ് പാതയില്‍ ആയിരുന്നെന്നും ബൂര്‍ഷ്വകളുമായി കൂട്ടു ചേര്‍ന്നെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘കോണ്‍ഗ്രസിലെ തിരുത്തല്‍വാദികളും മുസ്ലിം ലീഗും സഖ്യത്തില്‍ ഏര്‍പ്പെട്ടാണ് സ്വാതന്ത്ര്യം എന്ന് വിളിക്കപ്പെടുന്ന ഒന്നിനെ വരവേറ്റത്’, രണദിവെ പുച്ഛിച്ചു. ‘ഇത് യഥാര്‍ത്ഥ സ്വാതന്ത്ര്യം അല്ല, വ്യാജമാണ്’!.

വിപ്ലവത്തിന് ഇനിയും കോപ്പുള്ളതിനാല്‍, ബൂര്‍ഷ്വക്കെതിരെ പോരാടാന്‍ രണദിവെ ആഹ്വാനം ചെയ്തു. പ്രക്ഷോഭങ്ങളും കലാപങ്ങളും വഴി സ്വാതന്ത്ര്യം എന്ന വ്യാജ തോന്നലിനെ ചെറുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ടാമത് പ്രസംഗിച്ച ഭവാനി സെന്‍, ‘പാകിസ്ഥാനെ സംബന്ധിച്ച റിപ്പോര്‍ട്ട്’ അവതരിപ്പിച്ചു. 1942 -1948 ലെ പാര്‍ട്ടി ലൈനിനെ, പ്രത്യേകിച്ചും കശ്മീരില്‍ ഷെയ്ഖ് അബ്ദുള്ളയുടെ പ്രസ്ഥാനത്തെ തുണച്ചതിനെ വിമര്‍ശിച്ചു. ഉപഭൂഖണ്ഡത്തിനാകെ തെലങ്കാന മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട ജോഷിയാണ് അടുത്തതായി പ്രസംഗിച്ചത്. അദ്ദേഹം സ്വയം വിമര്‍ശനത്തില്‍ മുഴുകി.’ഞാന്‍ ജനറല്‍ സെക്രട്ടറി ആയിരിക്കെ പാര്‍ട്ടിയെ ആശയക്കുഴപ്പത്തിലാക്കുകയും മലിനപ്പെടുത്തുകയും (corrupted) ചെയ്തു’, ജോഷി സമ്മതിച്ചു.

ഈ പാര്‍ട്ടി കോണ്‍ഗ്രസ് രണദിവെ സിദ്ധാന്തം അംഗീകരിക്കുക മാത്രമല്ല, പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യുകയുമുണ്ടായി. ജോഷിയെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ഭവാനി സെന്നിന്റെ പാകിസ്ഥാന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, പാകിസ്ഥാനില്‍ നിന്നുള്ള പ്രതിനിധികള്‍ ഇതേ പന്തലില്‍ മാര്‍ച്ച് ആറിന് പ്രത്യേക യോഗം ചേര്‍ന്ന് പാകിസ്ഥാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാക്കി. സജ്ജാദ് സഹീര്‍ അതിന്റെ ജനറല്‍ സെക്രട്ടറി ആയി.

പുതുതായി രൂപം കൊണ്ട ഇന്ത്യക്കെതിരെ കലാപം നടത്താന്‍ ആയിരുന്നു, പാര്‍ട്ടി തീരുമാനം. ‘ലോകം രണ്ടു ചേരി ആയിരിക്കുന്നു, സാമ്രാജ്യത്വ ചേരിയും സോഷ്യലിസ്റ്റ് ചേരിയും, നിങ്ങള്‍ ഏതു ചേരിയില്‍?’ എന്ന ഷഡാനോവ് സിദ്ധാന്തം ആയിരുന്നു കല്‍ക്കട്ട തീസിസിന് പ്രചോദനം.

ആദ്യ മലയാളി ഇ.എം.എസ് അല്ല
കൊല്‍ക്കത്തയില്‍ രണദിവെ ജനറല്‍ സെക്രട്ടറിയായി. തൃശൂരില്‍ നിന്നുള്ള എന്‍.കെ.കൃഷ്ണന്‍ പി.ബി.യില്‍ എത്തി. ഇ എം.എസ്.അല്ല മലയാളിയായ ആദ്യ പി.ബി അംഗം. തൃശ്ശൂര്‍ നടവരമ്പിലെ ചെറയത്തു മഠത്തില്‍ എന്‍ജിനീയര്‍ എന്‍.ഡി നാരായണയ്യരുടെ മകനായ നാരായണ കല്യാണ കൃഷ്ണന്‍ (1913-1992) ബ്രിട്ടനില്‍ വിദ്യാര്‍ത്ഥി ആയിരുന്നു. 1918 ല്‍ കുടുംബം കൊച്ചിയിലേക്കും 1922 ല്‍ പാലക്കാട്ടേക്കും മാറി. കൊച്ചി സംസ്ഥാനത്ത് എസ്.എസ്.എല്‍.സി ക്ക് കൃഷ്ണന് ഒന്നാം റാങ്ക് ആയിരുന്നു. തൃശ്ശൂര്‍ സെന്റ് തോമസ് കോളജിലും എറണാകുളം മഹാരാജാസ് കോളജിലും പഠിച്ചു. ഇന്റര്‍മീഡിയറ്റിനും ഒന്നാം റാങ്ക് നേടി. മദ്രാസ് പ്രസിഡന്‍സി കോളജില്‍ നിന്ന് ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ഐ.സി.എസ് തയ്യാറെടുപ്പിനാണ് ബ്രിട്ടനില്‍ പോയത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ചേര്‍ന്ന കൃഷ്ണന്‍ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്തു. പ്രിന്‍സിപ്പല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ആയതിനാല്‍ കോളജ് മാറി ഹൈമാന്‍ ലെവിക്ക് കീഴില്‍ ഹൈഡ്രോഡൈനാമിക്‌സ് പഠിക്കാന്‍ ചേര്‍ന്നു. കമ്മ്യൂണിസ്റ്റ് ബന്ധത്താല്‍ ഐ.സി.എസി നിരാകരിക്കപ്പെട്ടു. പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായി.

മദ്രാസ് മുഖ്യമന്ത്രി പി.സുബ്ബരായന്റെ മകള്‍ പാര്‍വതി ആയിരുന്നു, കൃഷ്ണന്റെ ഭാര്യ. 1938 ല്‍ ഓക്‌സ്ഫഡിലാണ് അവര്‍ പരിചയപ്പെട്ടത്. 1939 ല്‍ മുംബൈയില്‍ മടങ്ങി എത്തിയ കൃഷ്ണന്‍ പി.സി ജോഷിയെ കണ്ട് മുഴുവന്‍ സമയ പ്രവര്‍ത്തകനായി. 1943ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ സി.സി യില്‍ എത്തി.

ഇ.എം.എസ്, പി.കൃഷ്ണ പിള്ള, കെ.സി.ജോര്‍ജ് എന്നിവര്‍ സി.സിയില്‍ എത്തി.

കല്‍ക്കട്ട തീസിസ് അംഗീകരിക്കുന്നതിനിടെ കൊച്ചിയില്‍ നിന്നുള്ള സാത്വിക ബ്രാഹ്‌മണ പ്രതിനിധി സുബ്രഹ്‌മണ്യന് ഭ്രാന്ത് വന്നു. ഒരു കൂടാരത്തില്‍ ദേഹമാസകലം വാസലിന്‍ പുരട്ടി നിന്ന അദ്ദേഹത്തെ കെ.എ.രാജന്‍ കേരളത്തില്‍ എത്തിച്ചു ചികില്‍സിച്ചു.

ഈ കോണ്‍ഗ്രസ്സിനെ തുടര്‍ന്ന് 18 മാസം പശ്ചിമ ബംഗാള്‍ (കാകദ്വീപ്), തെലങ്കാന, ത്രിപുര, തിരു-കൊച്ചി എന്നിവിടങ്ങളില്‍ കലാപം നടത്തി. 1948 ഏപ്രില്‍ -മെയ് കാലത്ത് മലബാറില്‍ ജന്മിമാരുടെ പത്തായങ്ങള്‍ കൊള്ളയടിച്ചു. ശൂരനാട് കലാപവും ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണവും പൂജപ്പുര ജയില്‍ കലാപവും നടന്നു.’തെറ്റായ സിദ്ധാന്തം തെറ്റായി നടപ്പാക്കിയ’ തിരുവിതാംകൂര്‍ പാര്‍ട്ടി സെക്രട്ടറി കെ. വി പത്രോസിനെ പിന്നീട് പാര്‍ട്ടി പുറത്താക്കി.

തെലങ്കാന കലാപം

1950 തുടക്കത്തില്‍ പാര്‍ട്ടിയില്‍ നിന്ന് 25,000 പേര്‍ കൊഴിഞ്ഞു പോയി. 1950 മാര്‍ച്ച് 26 ന് ബംഗാളില്‍ പാര്‍ട്ടിയെ നിരോധിച്ചു, തുടര്‍ന്ന് രണ്ടു കൊല്ലം മലബാറിലും തിരു-കൊച്ചിയിലും നിരോധിച്ചു. 1950 ജനുവരിയില്‍ കലാപ സിദ്ധാന്തം ഉപേക്ഷിക്കാന്‍ കോമിന്റേണ്‍ ആവശ്യപ്പെട്ടു. ഡാങ്കെ, ഘാട്ടെ, അജയ ഘോഷ് എന്നിവര്‍ കല്‍ക്കട്ട തീസിസിനെതിരെ ‘ത്രീ പീസ് രേഖ’ ഉണ്ടാക്കി. പാര്‍ലമെന്ററി മാര്‍ഗത്തിന് വാദിച്ചതായിരുന്നു, രേഖ. ഒളിവില്‍ ഇവര്‍ പ്രകാശ്, പ്രസാദ്, പ്രമോദ് എന്നീ പേരുകളില്‍ പ്രവര്‍ത്തിച്ചത് കൊണ്ടാണ് രേഖ 3 ജ രേഖ എന്നറിയപ്പെട്ടത്.

1950 ജൂണില്‍ രണദിവെയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് കൊല്‍ക്കത്ത പ്രത്യേക സമ്മേളനം പുറത്താക്കി. സി.രാജേശ്വര റാവു താല്‍ക്കാലിക ജനറല്‍ സെക്രട്ടറി. എന്‍.കെ.കൃഷ്ണന്‍ പി.ബി.യില്‍ നിന്ന് സസ്‌പെന്‍ഷനിലായി.

1954-ലെ മധുര പാര്‍ട്ടി കോണ്‍ഗ്രസ്സും 1956-ലെ പാലക്കാട് കോണ്‍ഗ്രസ്സും സായുധ പാത വിട്ട് പാര്‍ലമെന്ററി പാത സ്വീകരിച്ചു.

മധുരയില്‍ ചര്‍ച്ചയില്ല
1952 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ 16 സീറ്റ് നേടി സി. പി.ഐ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായി. ആന്ധ്രയില്‍ ഒന്നാം കക്ഷി. കേരളത്തില്‍ കരുത്തുള്ള കക്ഷി. ബംഗാളില്‍ മുഖ്യ പ്രതിപക്ഷം, ത്രിപുരയില്‍ മുഖ്യ കക്ഷി. വിപ്ലവം വേണ്ടെന്ന് വയ്ക്കാം എന്ന് വന്നു. പാര്‍ട്ടി തിരുത്തല്‍ പ്രക്രിയയിലേക്ക് നീങ്ങി. 1952 ഡിസംബര്‍ 30 മുതല്‍ 1953 ജനുവരി 10 വരെ കൊല്‍ക്കത്തയില്‍ രഹസ്യ സമ്മേളനം നടന്നു. അജയ ഘോഷ് ജനറല്‍ സെക്രട്ടറി. 1953 ഡിസംബര്‍ 27 മുതല്‍ 1954 ജനുവരി നാല് വരെ മധുരയില്‍ ആയിരുന്നു, മൂന്നാം കോണ്‍ഗ്രസ്. 50,000 അംഗങ്ങളാണ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്.

പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നത്, നേതാവ്-അനുയായി രീതിയാണെന്നും അണികള്‍ ചര്‍ച്ചകള്‍ അറിയാതെ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണെന്നും അതിനാല്‍ അണികള്‍ വെറും ഫോസിലുകള്‍ ആണെന്നും രാഷ്ട്രീയ പ്രമേയം ആത്മവിമര്‍ശനം നടത്തി. അതിനാല്‍ മേല്‍കമ്മിറ്റി മുതല്‍ കീഴ്ക്കമ്മിറ്റി വരെ തിരുത്തല്‍ ആവശ്യമാണ്. ഇന്ത്യ സ്വതന്ത്രമാണെന്നും എന്നാല്‍ സാമ്പത്തിക നയം അര്‍ദ്ധ കൊളോണിയല്‍ ആണെന്നും ഘോഷ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കാണുന്നു.

കൃത്യമായ പാര്‍ട്ടി സെന്റര്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ്സില്‍ കാര്യമായ ചര്‍ച്ച നടന്നില്ലെന്ന് പാര്‍ട്ടി രേഖകളില്‍ കാണുന്നു. തര്‍ക്കം ഒഴിവാക്കാന്‍ കോമിന്റേണ്‍ ബ്രിട്ടീഷ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹാരി പൊളിറ്റിനെ അയച്ചിരുന്നു. കൊല്‍ക്കത്ത പ്ലീനം അംഗീകരിച്ച രേഖകള്‍ പാസാക്കുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തത്. ഒന്‍പതംഗ പി.ബിയും 39 അംഗ സി.സിയും നിലവില്‍ വന്നു.

പാലക്കാട് കരിനിഴല്‍
പാലക്കാട്ട് നാലാം പാര്‍ട്ടി കോണ്‍ഗ്രസ് 1956 ഏപ്രില്‍ 19 മുതല്‍ 29 വരെ ആയിരുന്നു. സ്റ്റാലിന്റെ പൈതൃകം ക്രൂഷ്‌ചേവ് കുഴിച്ചു മൂടിയ സോവിയറ്റ് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് വെറും 24 ദിവസത്തിന് ശേഷം അതിന്റെ കരിനിഴലില്‍ ആയിരുന്നു, ഈ സമ്മേളനം. കേരള ഘടകം സ്റ്റാലിന്റെ പൈതൃകത്തിന്റെ കൂടെ നില്‍ക്കുക മാത്രമല്ല, സ്റ്റാലിന്റെ ജഡം കേരളത്തില്‍ സംസ്‌കരിക്കാമെന്ന് ‘നവയുഗം’ എഴുതുകയും ചെയ്തു. അങ്ങനെ സോവിയറ്റ് യൂണിയന്റെ കൂടെ നില്‍ക്കുന്ന ചേരിയും എതിര്‍ക്കുന്ന ചേരിയും രൂപപ്പെട്ടു. പാലക്കാട് കോണ്‍ഗ്രസിനായി വിതരണം ചെയ്ത രേഖകള്‍ സോവിയറ്റ് സംഭവ വികാസത്തിന്റെ പശ്ചാത്തലത്തില്‍ പിന്‍വലിക്കേണ്ടി വന്നു. പരിഷ്‌കരിച്ച രാഷ്ട്രീയ പ്രമേയം എങ്ങനെ വേണം എന്നതിനെ ചൊല്ലി അജയ ഘോഷിന്റെയും സുന്ദരയ്യയുടെയും ചേരികള്‍ ഏറ്റുമുട്ടി. പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിസന്ധിയിലായി.

കോണ്‍ഗ്രസ്സില്‍ മൂന്ന് ചേരികള്‍ ഉണ്ടായി. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കണം എന്ന് വാദിക്കുന്ന ഒരു ചേരി. അതിനെ എതിര്‍ക്കുന്ന മറു ചേരി. സമാധാനപരമായ സഹവര്‍ത്തിത്വം മുന്നോട്ടു വച്ച ഘോഷിന്റെ ചേരി. 1945 ല്‍ ചൈനയില്‍ ഭരണകക്ഷി ആയ കുമിന്താങ് പാര്‍ട്ടിയുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണം പങ്കിട്ടത് ആദ്യ ചേരി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ ആവഡി സോഷ്യലിസം തട്ടിപ്പാണെന്ന് ഇടതു ചേരി വാദിച്ചു.

ഘോഷ് അവതരിപ്പിച്ച ഔദ്യോഗിക രാഷ്ട്രീയ പ്രമേയത്തിനെതിരെ പി.സി.ജോഷി ബദല്‍ രേഖ അവതരിപ്പിച്ചു. ഭവാനി സെന്‍ പിന്താങ്ങി. അന്ന് എ.കെ. ഗോപാലനും മറ്റും കോണ്‍ഗ്രസ്സില്‍ എടുത്ത നിലപാട് അവരോട് തോന്നിയിരുന്ന ആദരം ഇല്ലാതാക്കിയെന്ന് സി.അച്യുത മേനോന്‍ പില്‍ക്കാലത്ത് എഴുതി. കെ.ദാമോദരന്‍ തന്റെ ലൈനിന് പിന്തുണ തേടി പ്രതിനിധികളെ സ്വാധീനിക്കുന്നു എന്നാരോപിച്ച് എ.കെ.ജി, ദാമോദരനെ ചീത്ത വിളിച്ചു. ദാമോദരനെതിരെ അച്ചടക്ക നടപടി വേണമെന്ന് അദ്ദേഹം വാദിച്ചു. ദാമോദരന്റെ ലൈന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തള്ളി. എന്നിട്ടും ദാമോദരനെ സി.സിയിലേക്ക് തിരഞ്ഞെടുത്തു. ജോഷിയും രണദിവെയും സി.സിയില്‍ തിരിച്ചെത്തി. ഡോ.റാണന്‍ സെന്നിനെ പി.ബി.യില്‍ നിന്ന് നീക്കി ഭൂപേശ് ഗുപ്തയെ എടുത്തു. ഇ.എം.എസ് ഘോഷിനൊപ്പം നിന്നു. ഇന്ത്യ സ്വതന്ത്രമാണെന്നും എന്നാല്‍ സാമ്പത്തിക നയം അര്‍ദ്ധ കൊളോണിയല്‍ ആണെന്നും ഘോഷ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കാണുന്നു. കോണ്‍ഗ്രസിനോടുള്ള സി.പി. ഐ സ്‌നേഹം അന്നാണ് തുടങ്ങിയത്.

അമൃത്സറിലെ ചാണകം
പാലക്കാട് കോണ്‍ഗ്രസ് കഴിഞ്ഞ് പതിവ് വിട്ട് രണ്ടു വര്‍ഷത്തിനകം ഘോഷ് അമൃത്സറില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയത്, ഇ.എം.എസ് കേരളത്തില്‍ മുഖ്യമന്ത്രിയായ പശ്ചാത്തലത്തില്‍ ആയിരുന്നു. ഈ മന്ത്രിസഭയോട് ചൈനയ്ക്ക് യോജിപ്പ് ഉണ്ടായിരുന്നില്ല. പ്രത്യയശാസ്ത്രവും ഭരണവും തമ്മിലുള്ള സംഘര്‍ഷം പാര്‍ട്ടിയെ ഉത്കണ്ഠയില്‍ ആഴ്ത്തി. ഇ.എം.എസ്സും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.എന്‍. ഗോവിന്ദന്‍ നായരും ഒത്തു പോയില്ല. ഇ.എം.എസ് സി.സിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ‘ജനാധിപത്യപരവും സോഷ്യലിസ്റ്റുമായ’പാത മുന്നോട്ട് വച്ചു. അത് ആര്‍ക്കും വ്യക്തമായില്ല.’സ്വഭാവത്തില്‍ ദേശീയവും ഉള്ളടക്കത്തില്‍ സോഷ്യലിസ്റ്റുമായ നയം’ പിന്തുടരാന്‍ ഇ.എം.എസ് വാദിച്ചു. അദ്ദേഹം നെഹ്രുവിന്റെ പഞ്ചവത്സര പദ്ധതി പോലുള്ള പരിപാടികളെ അതില്‍ പിന്തുണച്ചു. ഇ.എം.എസ്സിന്റെ ഈ വലതു പക്ഷ നയത്തെ ഭൂപേശ് ഗുപ്തയുടെ നേതൃത്വത്തില്‍ ബംഗാള്‍ ഘടകം ആക്രമിച്ചു.

1957-ല്‍ ഇ.എം.എസ്.നമ്പൂതിരിപ്പാട്
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

ഈ സാഹചര്യത്തിലാണ്, 1958 ഏപ്രില്‍ ആറു മുതല്‍ 13 വരെ അമൃത്സറില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനകീയ പാര്‍ട്ടിയാക്കി മാറ്റാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പാര്‍ട്ടി ഭരണഘടനയ്ക്ക് പുതിയ ആമുഖം എഴുതി ചേര്‍ത്തു. തൊഴിലാളി വര്‍ഗ സര്‍വാധിപത്യം എന്ന പ്രയോഗം ഭരണഘടനയില്‍ നിന്ന് നീക്കി. പകരം, സോഷ്യലിസ്റ്റ് ഭരണകൂടം എന്നാക്കി. ഫലത്തില്‍, പാര്‍ട്ടിക്ക് പ്രത്യയശാസ്ത്രം കൈമോശം വന്നു.

ഘോഷിനെ രണദിവെയുടെ നേതൃത്വത്തില്‍, ബംഗാള്‍, പഞ്ചാബ് ഘടകങ്ങള്‍ അടങ്ങിയ ഇടതുചേരി വിമര്‍ശിച്ചു. തീവ്ര വലതുപക്ഷത്തെ ചെറുക്കാന്‍ കോണ്‍ഗ്രസിനെ തോല്‍പിക്കണമെന്ന് റാണന്‍ സെന്‍ വാദിച്ചു. ‘ചാണകത്തിനു മുകളില്‍ എപ്പോഴും ഈച്ചകള്‍ ഉണ്ടാകും’, അദ്ദേഹം പറഞ്ഞു. ഈച്ചകള്‍ ഇല്ലാതിരിക്കാന്‍ ചാണകം നീക്കണം. കോണ്‍ഗ്രസിനെ തോല്‍പിക്കണം.

സെന്‍ ചാണകത്തില്‍ നിര്‍ത്തിയത് എന്തുകൊണ്ടാണെന്ന് ഡാങ്കെ ചോദിച്ചു. ‘ഈച്ചകളും ചാണകവും ഇല്ലാതിരിക്കാന്‍ നല്ല പരിപാടി ചാണകത്തിന്റെ സൃഷ്ടികര്‍ത്താവായ പശുവിനെ തന്നെ കൊല്ലുന്നതാണ്.’

കോണ്‍ഗ്രസ്സിനകത്തെ പുരോഗമന ശക്തികളുമായി സഹകരണം എന്ന നയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. നെഹ്റുവിനെ തുണയ്ക്കും എന്നര്‍ത്ഥം.: ‘കേരളം വഴികാട്ടുന്നു’ എന്ന വാചകം രാഷ്ട്രീയ പ്രമേയത്തില്‍ സ്ഥാനം പിടിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പുതിയ ഭരണഘടന പ്രകാരം, സി.സിക്ക് പകരം ദേശീയ കൗണ്‍സില്‍ വന്നു. പി.ബിക്ക് പകരം സെന്‍ട്രല്‍ എക്സിക്യൂട്ടീവും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സെക്രട്ടേറിയറ്റ് ഉണ്ടായി. സെല്‍ പോയി ബ്രാഞ്ച് വന്നു. കേരളത്തിലെ പാര്‍ട്ടി സെല്ലുകള്‍ കുപ്രസിദ്ധമായിരുന്നു.കേരളത്തില്‍ നിന്ന് എ.കെ.ജി സെക്രട്ടേറിയറ്റില്‍ എത്തി.

തുടര്‍ന്ന് രണ്ടു വര്‍ഷം ബാലറ്റ് പെട്ടിയിലൂടെ അധികാരം പിടിക്കുക എന്ന അമൃത്സര്‍ ലൈനിനെ ചൊല്ലിയായി തര്‍ക്കം.അത് റിവിഷനിസമാണെന്ന് രണദിവെ നിലപാട് എടുത്തു. ഇ.എം. എസ് നടുക്കടലിലായി.

ചൈനയെ ചാരി നാറുന്നു
ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷത്തിനിടയിലാണ് വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നത്. അജയ് ഘോഷ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സോവിയറ്റ് പാര്‍ട്ടിക്കും രഹസ്യ കത്തുകള്‍ എഴുതിയിരുന്നു. ചൈന, ടിബറ്റിനെ ആക്രമിച്ചപ്പോള്‍, 1958 ല്‍ ദലൈലാമ ഇന്ത്യയില്‍ അഭയം തേടി. ഇന്ത്യ അദ്ദേഹത്തെ രക്ഷപ്പെടുത്തി കൊണ്ടു വരികയായിരുന്നു എന്ന് ചൈന കരുതി. ഇത്, ചൈനാ നേതൃത്വത്തെ ചൊടിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയെ അനുകൂലിച്ചു.

സുന്ദരയ്യ, ചന്ദ്രശേഖര റാവു, രാജേശ്വര റാവു, വാസുദേവ റാവു, ബസവ പുന്നയ്യ എന്നിവര്‍ 1951ലെ വിജയവാഡ സമ്മേളനത്തില്‍.

ചൈനയില്‍ സ്ഥാനപതിയായി നെഹ്റു ആദ്യം അയച്ചത്, സര്‍ദാര്‍ കെ.എം.പണിക്കരെ (ചൈനയില്‍ 1948-1952) ആയിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ദേവകി കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി എം. എന്‍.ഗോവിന്ദന്‍ നായരുടെ ഭാര്യ ആയിരുന്നു. ചൈന ടിബറ്റില്‍ നടത്തിയ അധിനിവേശത്തെ പണിക്കര്‍ അനുകൂലിച്ചു. സര്‍ദാര്‍ പട്ടേല്‍ ഇടപെട്ട് പണിക്കരെ നീക്കി.

ഇന്ത്യയുടെ വടക്കു കിഴക്കും വടക്കു പടിഞ്ഞാറുമുള്ള പ്രദേശങ്ങള്‍ തങ്ങളുടേതാക്കി ചൈന ഭൂപടങ്ങള്‍ ഇറക്കി. ഭൂപടത്തില്‍ കാണിച്ച പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന് ചൈന ഇന്ത്യയെ അറിയിച്ചു. അത്, ബ്രിട്ടന്‍ കൂട്ടിച്ചേര്‍ത്തതാണ്. 1914- ല്‍ അതിര്‍ത്തിയായ വടക്കുകിഴക്ക് ബ്രിട്ടന്‍ വരച്ച മക് മഹോന്‍ രേഖ അംഗീകരിക്കില്ലെന്നും ചൈന നിലപാട് എടുത്തു. ഈ മേഖലയിലാണ് തങ്ങളുടെ പൂര്‍വികരുടെ ഭൗതികാവശിഷ്ടങ്ങള്‍ എന്ന് ചൈന അവകാശപ്പെട്ടു. ചൈന പരസ്യമായി നെഹ്‌റുവിനെ എതിര്‍ത്തു. 19 ഇന്ത്യന്‍ സൈനികരെ കൊങ്ക ചുരത്തില്‍ ചൈനീസ് പട്ടാളം കൊന്നു. ഇന്ത്യന്‍ പാര്‍ട്ടി പ്രതിസന്ധിയിലായി.

മാവോ ബുദ്ധനാകാന്‍ ശ്രമിക്കുന്നുവെന്ന് ഡാങ്കെ പരിഹസിച്ചു. ഡാങ്കെയും എസ്.ജി.സര്‍ദേശായിയും ചൈനീസ് പാര്‍ട്ടിക്കെതിരെ നീങ്ങി. അവര്‍ നെഹ്റുവിനൊപ്പം നിന്നു. ഡാങ്കെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍, പാര്‍ട്ടി അദ്ദേഹത്തെ പരസ്യമായി ശാസിച്ചു. ഭൂപടങ്ങളും പുരാരേഖകളുമായി പാര്‍ട്ടി യോഗത്തില്‍ എത്തി സുന്ദരയ്യ ചൈനയുടെ അവകാശ വാദങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് വാദിച്ചു.സുന്ദരയ്യയെ ബി.ടി.രണദിവെ, എം.ബസവപുന്നയ്യ, പ്രമോദ് ദാസ്ഗുപ്ത, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, സി.എച്ച് കണാരന്‍ തുടങ്ങിയവര്‍ അനുകൂലിച്ചു. ജനറല്‍ സെക്രട്ടറി അജയ് ഘോഷ് ഡാങ്കെയുടെ നിലപാടിനെ അനുകൂലിക്കുകയും പ്രവൃത്തിയെ തള്ളുകയും ചെയ്തു. ഘോഷിനെ സി.രാജേശ്വര റാവു, ഭവാനി സെന്‍, ഭൂപേശ് ഗുപ്ത, സെഡ്.എ.അഹമ്മദ്, എന്‍.കെ. കൃഷ്ണന്‍, എം.എന്‍.ഗോവിന്ദന്‍ നായര്‍, സി.അച്യുത മേനോന്‍ തുടങ്ങിയവര്‍ പിന്താങ്ങി. ഇ.എം.എസ്, എ.കെ.ഗോപാലന്‍, ജ്യോതി ബസു എന്നിവര്‍ ഒരു പക്ഷത്തും ചേര്‍ന്നില്ല.

തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളില്‍, ഇന്ത്യന്‍ പാര്‍ട്ടിയിലെ തീവ്ര പക്ഷവുമായി ചൈന രഹസ്യ ബന്ധത്തില്‍ ഏര്‍പ്പെട്ടു. വിഭാഗീയതയില്‍ പെട്ട് ദേശീയ സമിതിയില്‍ ചര്‍ച്ച നടക്കാതായി. 1961 ആദ്യം നടക്കേണ്ട വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കേണ്ട ചുമതല ഘോഷിനായിരുന്നു. ഇടതുപക്ഷം സഹകരിച്ചില്ല. വലതുപക്ഷം റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഡാങ്കെയെ ചുമതലപ്പെടുത്തി. പാര്‍ട്ടി കോണ്‍ഗ്രസിന് തലേന്ന് റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി മാത്രം തയ്യാറാക്കി ഘോഷ് പോക്കറ്റിലിട്ടു.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും സി.പി.ഐയും തമ്മിലുള്ള ബന്ധമായിരുന്നു, ചര്‍ച്ച. കോണ്‍ഗ്രസിനെ മുച്ചൂടും എതിര്‍ക്കണമെന്ന് ഇടതുപക്ഷം വാദിച്ചു. ജനവിരുദ്ധമായ നയങ്ങളെ എതിര്‍ത്ത് കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് പി.സി.ജോഷിയും ഡാങ്കെയും വാദിച്ചു. ഘോഷ് ഒപ്പം നില്‍ക്കുമെന്ന് ഡാങ്കെ ഗ്രൂപ്പ് പ്രതീക്ഷിച്ചു. എന്നാല്‍ ഘോഷ് അവതരിപ്പിച്ച റിപ്പോര്‍ട്ട് അവരെ നിരാശപ്പെടുത്തി. ഘോഷ് മദ്ധ്യ നിലപാട് എടുത്തു. ജനറല്‍ സെക്രട്ടറി ഡാങ്കെ-ജോഷി പക്ഷത്തു ചേരാതിരുന്നതില്‍, ഇടതുപക്ഷം സന്തോഷിച്ചു. അതിനാല്‍, അവര്‍ ഘോഷിന്റെ റിപ്പോര്‍ട്ടിനെ അനുകൂലിച്ചും രാഷ്ട്രീയ പ്രമേയത്തെ എതിര്‍ത്തും വോട്ട് ചെയ്യാന്‍ തീരുമാനിച്ചു. പ്രതിനിധി ചര്‍ച്ചകളില്‍ രോഷം അണ പൊട്ടി. ചെറിയ ഹൃദയാഘാതം വന്ന് ഘോഷ് രണ്ടു ദിവസം കിടപ്പിലായി.

ഒരു രാത്രി പ്രതിനിധികളോട് ഉടന്‍ സമ്മേളിക്കാന്‍ നിര്‍ദ്ദേശം വന്നു. പ്രതീക്ഷയ്ക്ക് വിപരീതമായി, സോവിയറ്റ് പ്രതിനിധി സുസ്ലോവ്, യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ചതായി അറിയിച്ചു.

ഘോഷിന്റെ പ്രസംഗം ഏകകണ്ഠമായി പാസാക്കി. രാഷ്ട്രീയ പ്രമേയം അതനുസരിച്ചു ഭേദഗതി ചെയ്യാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. തുടര്‍ന്ന് ദേശീയ സമിതി തിരഞ്ഞെടുപ്പായിരുന്നു. സമിതിയില്‍ അംഗങ്ങള്‍ 101. ഔദ്യോഗിക പാനല്‍ അവതരിപ്പിച്ചപ്പോള്‍ ബഹളമായി. ഇടതിന് മേല്‍ക്കൈ ഉള്ള ബംഗാളില്‍ നിന്ന് ഡാങ്കെ -ജോഷി പക്ഷത്തെ വെട്ടി നിരത്തിയിരുന്നു. പുതിയ ദേശീയ സമിതിയില്‍ മൂന്നിലൊന്ന് ഇടതുപക്ഷം അഥവാ ചൈനാ പക്ഷം. തൃപ്തി ഇല്ലാതെ ഇടതുപക്ഷം ഇറങ്ങിപ്പോയി. അവര്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് ശ്രുതി പരന്നു. പാതിരയ്ക്ക് സുഖമില്ലാത്ത ഘോഷ് ഹാളില്‍ എത്തി. ദേശീയസമിതി അംഗങ്ങളുടെ എണ്ണം 110 ആക്കി പ്രമേയം പാസാക്കി. ഒരു ഒത്തുതീര്‍പ്പ് പട്ടിക പാസാക്കി. തല്‍ക്കാലം പിളര്‍പ്പ് ഒഴിവായി. കേന്ദ്ര എക്‌സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണത്തില്‍ സമ്മതം ഉണ്ടായില്ല. അതിനാല്‍, ഘോഷിനെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുക മാത്രം ചെയ്തു.

1961 സപ്തംബര്‍ -ഒക്ടോബറില്‍ മോസ്‌കോയില്‍ ചികിത്സയ്ക്ക് പോകാന്‍ ഘോഷ് അവധി എടുത്തു. എന്നാല്‍, ആക്ടിങ് ജനറല്‍ സെക്രട്ടറിയായ ഇ.എം.എസ് ആ അവധി റദ്ദാക്കി. വിജയവാഡ കോണ്‍ഗ്രസ്സിന് ശേഷം, ഇ.എം.എസ് ഇടതു പക്ഷത്ത്, അഥവാ ചൈനാ ചേരിയില്‍ എത്തിയിരുന്നു. ഘോഷ് മോസ്‌കോയ്ക്ക് പോയില്ല. ജനറല്‍ സെക്രട്ടറിയായി തിരികെ പ്രവേശിച്ചു. 1962 ജനുവരി 13 ന് അദ്ദേഹം മരിച്ചു. പലരും വിലാപയാത്രയില്‍ പങ്കെടുത്തില്ല. ഈ തര്‍ക്കം പാര്‍ട്ടിയെ 1964 ല്‍ പിളര്‍പ്പില്‍ എത്തിച്ചു.

1964ലെ പിളര്‍പ്പിനുശേഷം സി.പി.എം പക്ഷത്ത് നിലയുറപ്പിച്ച നേതാക്കള്‍

സി.പി.എം വന്ന ശേഷം
സി.പി.എം രൂപീകരിച്ച ശേഷവും പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ വൈരനിര്യാതന വേദികളായി തുടര്‍ന്നു. പാര്‍ട്ടി ആദ്യം നേരിട്ട പ്രതിസന്ധി 1969-ലെ നക്‌സല്‍ പ്രസ്ഥാനം ആയിരുന്നു. കണ്ണൂരില്‍ നക്‌സല്‍ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ആയിരുന്നു, പാട്യം രാജനും പിണറായി വിജയനും. നക്‌സല്‍ ഭീകരതയുടെ പശ്ചാത്തലത്തില്‍, 1970 ല്‍ സി.എച്ച്.കണാരനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി എ.കെ.ജി താല്‍ക്കാലിക സെക്രട്ടറി ആയി. അദ്ദേഹമാണ്, പിണറായി വിജയനെ മടക്കി കൊണ്ടുവന്നത്.

പാട്യം രാജന്‍

കണ്ണൂരില്‍ നിന്ന് തന്നെ 1986 ല്‍ അടുത്ത പ്രതിസന്ധി ഉണ്ടായി. എം.വി രാഘവന്റെ ബദല്‍ രേഖ മുസ്ലിം ലീഗിനൊപ്പം പാര്‍ട്ടി സഖ്യത്തില്‍ ഏര്‍പ്പെടണമെന്ന് വാദിച്ചു. ഇ.കെ.നായനാര്‍ ബദലിനൊപ്പം നിന്നെങ്കിലും 1987-ല്‍ കൊല്‍ക്കത്തയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചേരുമ്പോള്‍ കൂറുമാറി. ബദല്‍ രേഖയ്ക്ക് വേണ്ടി സംസാരിച്ചത് ടി.ശിവദാസ മേനോന്‍ ആയിരുന്നു.

വി.എസ്.അച്യുതാനന്ദനാണ് എസ്.രാമചന്ദ്രന്‍ പിള്ളയെ പി.ബിയില്‍ എത്തിച്ചതും ഇ.എം.എസ്സിനെ കേരളത്തില്‍ വിശ്രമത്തിന് വിധിച്ചതും. 2015-ലെ വിശാഖപട്ടണം കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി ആകുമ്പോള്‍ അദ്ദേഹത്തിന് അച്യുതാനന്ദന്റെയും ബംഗാള്‍ ഘടകത്തിന്റെയും പിന്തുണ ഉണ്ടായിരുന്നു.

ഇപ്പോള്‍ പൂര്‍ണമായും കേരളഘടകത്തിന് കീഴടങ്ങിയിരിക്കുകയാണ് യെച്ചൂരി. ഇപ്പോള്‍ പാര്‍ട്ടിക്ക് ഒരു ദേശീയ ലൈനില്ല. അതിന്റെ നയം കേരള നയമായി ചുരുങ്ങിപ്പോയി. മുഖ്യശത്രു ബി.ജെ.പി ആണെന്നു പറഞ്ഞു കൊണ്ടിരിക്കാം -ബി.ജെ.പി ഉള്ളിടത്തൊന്നും സി.പി.എം ഇല്ല. ബി.ജെ.പിയെ ഒരു ചുക്കും ചെയ്യാനും ത്രാണിയില്ല.

പാര്‍ട്ടിക്കിപ്പോള്‍ പ്രത്യയശാസ്ത്രവും ഇല്ല. ചൈനയില്‍ മാവോ ഒരു നാടന്‍ മാര്‍ക്‌സിസമാണ് പ്രയോഗിച്ചത് എങ്കില്‍, ഇവിടെ മാര്‍ക്‌സിസം ഇറക്കുമതി ചരക്ക് മാത്രമായിരുന്നു. അതിന് ഭാരതീയമായ വേരുകള്‍ ഉണ്ടായില്ല. അതിനാല്‍, ആഗോളമായി മാര്‍ക്‌സിസം അപ്രസക്തമായപ്പോള്‍, പാര്‍ട്ടി കേരളത്തില്‍ മാത്രമായി ചുരുങ്ങുകയും ഭാരതീയമായി ശോഷിക്കുകയും ചെയ്തു. അങ്ങനെ പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ അന്തഃസത്ത ഇല്ലാത്ത അസംബന്ധ നാടകങ്ങളായി അവസാനിച്ചു.

 

Tags: FEATURED
Share1TweetSendShare

Related Posts

പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം

പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം

കവിയുടെ കര്‍മ്മയജ്ഞം

കവിയുടെ കര്‍മ്മയജ്ഞം

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

പ്രതിഭ, സിദ്ധന്‍, ബുദ്ധന്‍

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies