മാര്ജ്ജാരനെന്നാല് പൂച്ച. പുലിയുടെ വംശക്കാരനാണ് പൂച്ച. പക്ഷെ മനുഷ്യനുമായി ഇണങ്ങി ജീവിക്കും. മാത്രവുമല്ല എലിയുടെ ശത്രുവുമാണ്. കര്ഷകന് സൂക്ഷിച്ചു വെക്കുന്ന ധാന്യങ്ങളും മറ്റും നശിപ്പിക്കുന്ന എലിയെയും മറ്റും ഇല്ലാതാക്കാന്‍ മനുഷ്യന് ഇതിനെ വളര്‍ത്തുന്നു. ‘മണ്‍പൂച്ചയായാലും മരപ്പൂച്ചയായാലും എലിയെ പിടിക്കണം’ എന്ന ചൊല്ല് ഇങ്ങിനെ വന്നതാണ്. പൂച്ച തന്റെ ശരീരം കോച്ചി ചുരുക്കുകയും വലിച്ചു നീട്ടുകയും ചെയ്യുന്നത് ഒരു സാധാരണ കാഴ്ച്ചയാണ്. അതാണ് ഈ ആസനത്തില്‍ അനുകരിച്ചിരിക്കുന്നത്.
ചെയ്യുന്ന വിധം
കാല് മടക്കി കാലിന്മേല് ഇരിക്കുക. അരക്കെട്ടുയര്‍ത്തുക. തുട ഭൂമിക്കു ലംബം. കാലുകള്‍ തമ്മില്‍ അല്പം അകന്നും സമാന്തരമായും ഇരിക്കും. കൈപ്പത്തി മുന്നില്‍ നിലത്ത് തോളകലത്തില്‍ തോളുകള്‍ക്കു ലംബമായി പതിച്ചു വെക്കുക. കൈപ്പത്തികളുടെ അകലവും കാല് മുട്ടുകളുടെ അകലവും ഒരുപോലെ.
1. സാവധാനത്തില്‍ ശ്വാസമെടുത്തുകൊണ്ട് തല ഉയര്‍ത്തി പിന്നോട്ട് വളക്കുകയും നട്ടെല്ല് താഴോട്ടു പരമാവധി വളക്കുകയും ചെയ്യുക. വയറു വികസിക്കണം. ശ്വാസകോശത്തില്‍ വായു നിറയണം. രണ്ടോ മൂന്നോ സെക്കന്റ് ഈ നിലയില്‍ നില്ക്കുക.
2. ശ്വാസം സാവധാനത്തില്‍ വിട്ടുകൊണ്ട് തല താഴ്ത്തുക. നട്ടെല്ല് മേലോട്ട് പരമാവധി വളക്കുക. വയറു പരമാവധി ചുരുങ്ങണം.
തല കൈത്തണ്ടകള്‍ക്കിടയില്‍. ദൃഷ്ടി തുടയില്‍. ശ്വാസം പൂര്‍ണമായും വിട്ട് രണ്ടോ മൂന്നോ സെക്കന്റു നിന്നശേഷം ശ്വാസമെടുത്തുകൊണ്ട് ഒന്നാം നിലയിലേക്കു പോവുക.
ചലനത്തിനിടയില്‍ കൈമുട്ടുകള്‍ മടങ്ങരുത്.
(ഇങ്ങിനെ 10 റൗണ്ട് ചെയ്യാം.)
ഗുണങ്ങള്‍
കഴുത്തിനും നട്ടെല്ലിനും തോളുകള്‍ക്കും വഴക്കം കിട്ടും. സ്ത്രീകള്‍ക്ക് ആര്‍ത്തവത്തിന്റെ പ്രശ്നങ്ങള്‍ക്ക് ശമനം കിട്ടും. ഗര്‍ഭിണികള്‍ക്കും ചെയ്യാം – അപ്പോള്‍ വയറിന്റെ ബലം പിടിച്ചുള്ള വികാസവും സങ്കോചവും ഒഴിവാക്കണമെന്നു മാത്രം.