- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- സംഘം ഒരിക്കലും കോണ്‍ഗ്രസ് വിരുദ്ധമായിരുന്നില്ല (ആദ്യത്തെ അഗ്നിപരീക്ഷ 2)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
സംഘം കോണ്‍ഗ്രസ്സിനോ ഗാന്ധിജിക്കോ എതിരായ സംഘടനയായിരുന്നില്ല. ഗാന്ധിജിയുടെ ചില ചിന്തകളോടും നയങ്ങളോടും സംഘത്തിന് മൗലികമായ വ്യത്യസ്താഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ഗാന്ധിജിയോട് നിഷേധാത്മകമനോഭാവമോ അനാദരവോ സംഘത്തിനുണ്ടായിരുന്നില്ല. എന്നുമാത്രമല്ല ഗാന്ധിജിയടക്കം അനവധി കോണ്‍ഗ്രസ് നേതാക്കള്‍ സംഘത്തെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തിരുന്നു. പല സന്ദര്‍ഭങ്ങളിലും സംഘത്തിന്റെ പരിപാടികളില്‍ അവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണത്? സംഘസ്ഥാപകനായ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാറും ഒരു കോണ്‍ഗ്രസ് നേതാവായിരുന്നു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളില്‍ പങ്കാളിയായ അദ്ദേഹം പല തവണ ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. 1940നു ശേഷം ഡോ. രാധാകൃഷ്ണന്‍, ലോകനായക് ബാപുജി ആണേ, കാകാ സാഹിബ് ഗാഡ്ഗില്‍, കെ.എം. മുന്‍ഷി, വീരവാമന്റാവ് ജോഷി, കര്‍ണ്ണാടക കേസരി ഗംഗാധര്‍ ദേശ്പാണ്ഡേ എന്നിങ്ങനെ ആദരണീയരായ പല നേതാക്കളും സംഘത്തിന്റെ ഉത്സവങ്ങളില്‍ അദ്ധ്യക്ഷപദം അലങ്കരിച്ചിട്ടുണ്ട്. 1948 ജനുവരി എട്ടിന് ലഖ്‌നൗവില്‍ നടത്തിയ പ്രസംഗത്തില്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ സംഘ സ്വയംസേവകര്‍ ദേശഭക്തരാണെന്ന് പ്രശംസിച്ചിരുന്നു.
ഗാന്ധിജി പറഞ്ഞത്
1947 സപ്തംബര്‍ 28-ാം തീയതി മഹാത്മജി ദല്‍ഹിയിലെ ഭംഗി കോളനിയിലെ സംഘശാഖയില്‍ ഒത്തുകൂടി 400 സ്വയംസേവകരെ അഭിസംബോധന ചെയ്തു. ”കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് സംഘസ്ഥാപകനായ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ വര്‍ദ്ധയില്‍ ഞാന്‍ സംഘശിബിരത്തില്‍ പോയിരുന്നു. ജമ്‌നലാല്‍ ബജാജാണ് എന്നെ അവിടെ കൂട്ടിക്കൊണ്ടുപോയത്. അവിടുത്തെ അനുശാസനം, ലാളിത്യം, തൊട്ടുകൂടായ്മയുടെ ലാഞ്ചനപോലുമില്ലാതെയുള്ള സ്വയംസേവകരുടെ പെരുമാറ്റം എന്നിവയെല്ലാം കണ്ട് ഞാന്‍ വളരെയധികം പ്രഭാവിതനായി. അന്നുമുതലേ സംഘം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉന്നത ആദര്‍ശത്താലും, ആത്മത്യാഗത്താല്‍ പ്രേരിതവുമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന വിജയിക്കുകതന്നെ ചെയ്യുമെന്നാണെന്റെ വിശ്വാസം” എന്നായിരുന്നു ഗാന്ധിജി പറഞ്ഞത്. ചില നയങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും സംഘവും അതിന്റെ നേതാക്കളും ഗാന്ധിജിയോട് എത്രമാത്രം ഭക്ത്യാദരവുകള്‍ പ്രകടമാക്കിയിരുന്നു എന്നത് താഴെ പറയുന്ന സംഭവത്തിലൂടെ വ്യക്തമാകുന്നതാണ്:-
ദേശത്തിന്റെ വിഭജനം കഴിഞ്ഞ് ഉടനെയുള്ള കാലഘട്ടത്തില്‍ എങ്ങും പരസ്പര സംഘര്‍ഷങ്ങള്‍ നടന്നുകൊണ്ടിരുന്നു. (പാകിസ്ഥാനില്‍പ്പെട്ടുപോയ) പഞ്ചാബില്‍നിന്നു വന്നുകൊണ്ടിരുന്ന അഭയാര്‍ത്ഥികളുടെ കരളലിയിപ്പിക്കുന്ന കഥകള്‍ കേട്ട് ജനങ്ങളുടെ മനസ്സില്‍ പ്രതികാരമനോഭാവവും വിദ്വേഷവും തിളച്ചുമറിഞ്ഞുകൊണ്ടിരുന്നു. സമാധാനത്തിനായി ഗാന്ധിജി പരിശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ജനങ്ങള്‍ കോണ്‍ഗ്രസ്സുകാരുടെ ആഹ്വാനം ചെവിക്കൊള്ളില്ലെന്ന് അദ്ദേഹത്തിനു മനസ്സിലായി. മുറിവില്‍ ഉപ്പുതേയ്ക്കുന്ന ഫലമാണ് അവരുടെ ആഹ്വാനം കൊണ്ടുണ്ടാവുക എന്നത് അദ്ദേഹം തിരിച്ചറിഞ്ഞു. ജനങ്ങളുടെ മനസ്സില്‍ സംഘത്തിന് നല്ല സ്ഥാനമുണ്ടായിരുന്നു. 1947 സപ്തംബര്‍ 12-ാം തീയതി സര്‍സംഘചാലക് ഗുരുജി ദല്‍ഹിയിലുണ്ടെന്ന് മനസ്സിലാക്കിയ ഗാന്ധിജി ഗുരുജിയെ കാണാന്‍ ആഗ്രഹിച്ചുകൊണ്ട് സന്ദേശമയച്ചു. സന്ദേശം കൈപ്പറ്റിയ ഉടന്‍തന്നെ ഗുരുജി ഗാന്ധിജിയെ കാണാനെത്തിച്ചേര്‍ന്നു. ഗുരുജി, ഗാന്ധിജിയെ നമസ്‌കരിച്ചശേഷം അവര്‍ സംഭാഷണമാരംഭിച്ചു. നാട്ടില്‍ സര്‍വ്വത്ര നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളായിരുന്നു ചര്‍ച്ചയുടെ പ്രധാന വിഷയം. ഈ വിഷയത്തിലുള്ള തന്റെ ആശങ്ക യും മനോവേദനയും ഗുരുജിയും വ്യക്തമാക്കി. സമാധാനാന്തരീക്ഷം ഉണ്ടാവണമെന്ന് ഇരുവരും ആഗ്രഹിക്കുന്നു എന്നതായിരുന്നു അതില്‍ വ്യക്തമായ കാര്യം. ഇതു സംബന്ധിച്ച് ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന ഒരു പ്രസ്താവനയില്‍ ഗുരുജി ഒപ്പിട്ടുകൊടുത്തു. ആ ആഹ്വാനം ആകാശവാണിയിലും മറ്റു പത്രങ്ങളിലുമെല്ലാം പ്രസിദ്ധീകരിച്ചു. പ്രാര്‍ത്ഥനായോഗത്തില്‍ ഗാന്ധിജിതന്നെ ഗുരുജിയുടെ സഹകരണത്തെക്കുറിച്ചും ചിന്തയെക്കുറിച്ചും വിശദീകരിച്ചു.
സംഘസ്ഥാപകനായ ഡോക്ടര്‍ജി സ്വയം ഗാന്ധിജിയെ വളരെയധികം ആദരിച്ചിരുന്നു. ഗാന്ധിജിയുടെ ചില നയങ്ങളോട് വിയോജിപ്പുണ്ടായിരുന്നെങ്കിലും ഡോക്ടര്‍ജി ഗാന്ധിജിയെ പ്രശംസിക്കുകയും ഉത്തമഹിന്ദു എന്ന നിലയ്ക്ക് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു. തന്റെ പ്രഭാഷണങ്ങളിലും ചര്‍ച്ചകളിലും ”ഹിന്ദുസമാജത്തെ വിഘടിപ്പിക്കാനായി ഇംഗ്ലീഷുകാര്‍ 1932 ല്‍ കമ്മ്യൂണല്‍ അവാര്‍ഡില്‍ മുസ്ലീങ്ങളെപോലെ ഹിന്ദുക്കളില്‍ നിന്ന് ഹരിജനങ്ങളെ വേറിട്ട് നിര്‍ത്താനും, വ്യത്യസ്തമായ തിരഞ്ഞെടുപ്പ് സംവിധാനം ചെയ്യാനും ശ്രമിച്ചപ്പോള്‍ അതിന്റെ അപകടം മനസ്സിലാക്കിയ ഗാന്ധിജി മരണംവരെ നിരാഹാരസമരമാരംഭിച്ചു. ഇംഗ്ലീഷുകാരുടെ അത്യന്തം അപകടകരമായ ചതിയെ അതിലൂടെ പരാജയപ്പെടുത്താന്‍ കഴിഞ്ഞു” എന്ന കാര്യം അദ്ദേഹം പറയാറുണ്ടായിരുന്നു. നാഗപ്പൂരിലെ സിറ്റി കോളേജില്‍ ഗാന്ധിജിയുടെ ചിത്രം അനാച്ഛാദനം ചെയ്ത് ‘ഭാരത് വ്യായാമശാല’യില്‍ നടന്ന സമ്മേളനത്തില്‍ ഹിന്ദുസമാജത്തിന്റെ സേവനാര്‍ത്ഥം ഗാന്ധിജി ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡോക്ടര്‍ജി സവിസ്തരം പ്രതിപാദിച്ചിരുന്നു.
ഗാന്ധിജിയും ഹിന്ദു സംഘടനയും
ഹിന്ദു സംഘടനയെ സംബന്ധിച്ച് ഗാന്ധിജിയുടെ ചിന്തയും സംഘത്തിന്റെ ആശയത്തോട് സമാനമായതായിരുന്നു. ഒരു സന്ദര്‍ഭത്തില്‍ ഡോക്ടര്‍ജി ഗാന്ധിജിയുമായി കണ്ടു സംസാരിച്ചപ്പോള്‍ ഹിന്ദു സംഘടനയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ അഭിപ്രായമെന്താണെന്ന് ആരാഞ്ഞു. ആ സമയത്ത് ”ഞാനും ഹിന്ദുവാണ്. ഹിന്ദു സമാജത്തിലാണ് ജനിച്ചത്. സമാജം സംഘടിതമാവണമെന്ന് ഞാനും ആഗ്രഹിക്കുന്നു. എന്നാല്‍ എന്റെ ആഗ്രഹം ഇത് അന്യസമുദായങ്ങള്‍ക്ക് എതിരാകരുതെന്നാണ്” എന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടു. ”അതിനോട് ഞങ്ങളും പൂര്‍ണ്ണമായി യോജിക്കുന്നു. വാസ്തവത്തില്‍ സംഘം മറ്റേതെങ്കിലും സമുദായത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന സംഘടനയല്ല” എന്ന് ഡോക്ടര്‍ജി അതിന് മറുപടി പറഞ്ഞു.
ജീവന്‍ കളഞ്ഞും കോണ്‍ഗ്രസ് നേതാക്കളുടെ സംരക്ഷണം
സ്വയംസേവകര്‍ സ്വന്തം ജീവന്‍ പണയംവെച്ച് ഗാന്ധിജിയുടെയും മറ്റ് നേതാക്കന്മാരുടെയും രക്ഷയ്ക്കായി പ്രവര്‍ത്തിച്ചിരുന്നു. അതിലൊരു സംഭവം ഇപ്രകാരമാണ്. അക്കാലത്ത് ദല്‍ഹിയില്‍ ഭംഗി കോളനിയിലെ വാത്മീകിമന്ദിരത്തില്‍ താമസിക്കുകയായിരുന്നു ഗാന്ധിജി. വാത്മീകിമന്ദിരത്തിനടുത്തുതന്നെ മുസ്ലീംലീഗിന് ശക്തമായ സ്വാധീനമുള്ള ഒരു ഭാഗമുണ്ടായിരുന്നു. അവിടെനിന്ന് ഗാന്ധിജിയുടെ ജീവന് ഭീഷണിയുണ്ടായിരുന്നു. തന്റെ സുരക്ഷയ്ക്കായി പോലീസിനേയോ പട്ടാളത്തെയോ നിയോഗിക്കുന്നത് ഗാന്ധിജിക്ക് സമ്മതമായിരുന്നില്ല. അദ്ദേഹത്തിന്റെ സുരക്ഷിതത്വം എങ്ങനെ ഉറപ്പുവരുത്തുമെന്ന പ്രശ്‌നം ഉയര്‍ന്നു. ഗാന്ധിജിയുടെ അടുത്ത സഹായിയായ കൃഷ്ണന്‍ നായര്‍ ദല്‍ഹിയിലെ പ്രാന്തപ്രചാരക് വസന്തറാവ് ഓക്കിനെയും മറ്റു ചില സംഘ അധികാരിമാരെയും കണ്ട് കാര്യം ധരിപ്പിച്ചു. തുടര്‍ന്ന് പക്വമതികളായ കുറച്ചു സ്വയംസേവകരെ അവിടെ നിയോഗിച്ചു. അവിടെ രാപ്പകല്‍ പാറാവു നിന്നുകൊണ്ട് തങ്ങളുടെ കര്‍ത്തവ്യം അവര്‍ സ്തുത്യര്‍ഹമായി നിര്‍വ്വഹിച്ചു. ലീഗ് ഗുണ്ടകള്‍ ആയുധങ്ങളുമായി സന്ദര്‍ഭം കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ധീരരായ സ്വയംസേവകരെ കണ്ടതോടെ അക്രമികള്‍ അവരുടെ ശ്രമത്തില്‍ നിന്ന് പിന്തിരിഞ്ഞു.
പണ്ഡിറ്റ് നെഹ്രുവിന് സംരക്ഷണം
പണ്ഡിറ്റ് നെഹ്രുവിന്റെ സംരക്ഷണവും അനേകം തവണ സ്വയംസേവകര്‍ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. പണ്ഡിറ്റ് നെഹ്രു പങ്കെടുക്കുന്ന പൊതുയോഗങ്ങളില്‍ ലീഗുകാര്‍ കുഴപ്പമുണ്ടാക്കുമെന്ന ഭീഷണി പല സ്ഥലങ്ങളിലുമുണ്ടായിരുന്നു. ഭാരത വിഭജനത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ നെഹ്രുവിന്റെ യോഗങ്ങള്‍ സമാധാനപൂര്‍വം നടത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ സംഘ സ്വയംസേവകരുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അക്കാലത്ത് വിഭജനത്തെ കോണ്‍ഗ്രസ് അനുകൂലിച്ചില്ല, എതിര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു. വിഭജനത്തിനുമുമ്പ് സിന്ധില്‍ സംഘം ഒരു ശക്തിയായി വളര്‍ന്നുകഴിഞ്ഞിരുന്നു. 1946 ല്‍ സിന്ധിലെ ഹൈദരാബാദില്‍ ഒരു പൊതുസ മ്മേളനത്തില്‍ പങ്കെടുക്കാനായി നെഹ്രു എത്തി. മറ്റു സ്ഥലങ്ങളിലെ പോലെ അവിടെയും വിഭജനത്തെ എതിര്‍ത്ത് സംസാരിച്ചാല്‍ മുസ്ലീം ലീഗുകാര്‍ കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന ഭയം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായി. അതിനാല്‍ അവിടുത്തെ കോണ്‍ഗ്രസ് നേതാക്കളായ ഡോ.ചിമന്‍ദാസ്, ബാബാ കിഷന്‍ചന്ദ് എന്നിവര്‍ സംഘത്തെ ശരണം പ്രാപിച്ചു. അതിന്റെ ഫലമായി സ്വയംസേവകര്‍ വലിയ സംഖ്യയില്‍ യോഗത്തില്‍ ഉപസ്ഥിതരായി. യോഗം അലങ്കോലപ്പെടുത്താനുള്ള ലീഗുകാരുടെ ശ്രമം പരാജയപ്പെടുത്തി.
പട്ടേലിന്റെ പ്രശംസ
വിഭജനത്തിന്റെ ഫലമായി പഞ്ചാബില്‍ അത്യന്തം വിഷമകരമായ സ്ഥിതി സംജാതമായി. പടിഞ്ഞാറെ പഞ്ചാബില്‍നിന്നും കൂട്ടമായി വരുന്ന ശരണാര്‍ത്ഥികളെ സുരക്ഷിതമായി ഭാരതത്തില്‍ എത്തിക്കുവാനും, അവരെ അഭയാര്‍ത്ഥി ശിബിരങ്ങളില്‍ എത്തിച്ച് ആവശ്യമായ സേവാകാര്യങ്ങള്‍ ചെയ്യുന്നതിനുമായി ഹിന്ദു സഹായതാസമിതി, പഞ്ചാബ് റിലീഫ് കമ്മറ്റി എന്നീ പേരുകളില്‍ സ്വയംസേവകര്‍ അശ്രാന്ത പരിശ്രമം ചെയ്യുന്നുണ്ടായിരുന്നു. സ്വയംസേവകരുടെ ഇത്തരം പരിശ്രമങ്ങളെ പട്ടേല്‍ പരസ്യമായിത്തന്നെ പ്രശംസിക്കാന്‍ തയ്യാറായി. ഗുരുജി ഗോള്‍വല്‍ക്കര്‍ ഏവം ആര്‍എസ്സ്എസ്സ് എന്ന പുസ്തകത്തില്‍ ബ്രൈറ്റ് എഴുതുന്നു: – ”സംഘം അന്ന് റെഡ്‌ക്രോസ് സൊസൈറ്റിയുടെ കര്‍ത്തവ്യം നിര്‍വ്വഹിച്ചു. സ്വാതന്ത്ര്യത്തിനുമുമ്പും പിന്നീടും നടന്ന കലാപത്തില്‍ ഭ്രാന്തുപിടിച്ച മുസ്ലീങ്ങളുടെ ആക്രമണങ്ങള്‍ക്കു വിധേയരായ നിരപരാധികളും നിസ്സഹായരുമായ ജനങ്ങളെ സംരക്ഷിച്ചുകൊണ്ടുവരുന്നതില്‍ സംഘം അത്യന്തം ശ്രേഷ്ഠമായ പങ്കുവഹിച്ചു. സംഘം അന്നു നിര്‍വ്വഹിച്ച സേവാപ്രവര്‍ത്തനത്തെ അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ”സംഘത്തിന്റെ ധീരന്മാരായ സ്വയംസേവകര്‍ അസംഖ്യം നിസ്സഹായരായ സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്നവരെ സാഹസികമായി രക്ഷപ്പെടുത്തി കൊണ്ടുവന്നുവെന്നുള്ളത് നിഷേധിക്കാന്‍ സാധ്യമല്ല. അതിവിദൂരമായ സ്ഥലങ്ങളില്‍നിന്നുപോലും അവര്‍ ജനങ്ങളെ രക്ഷപ്പെടുത്തിക്കൊണ്ടുവന്നു.” (പേജ് 16)
ഖാക്‌സാര്‍മാരുടെ ആക്രമണത്തില്‍
ഹൈദരാബാദിലെ നിസാം ഭരണത്തിന്‍ കീഴില്‍ അല്ലാമ മശ്‌രികിയുടെ നേതൃത്വത്തില്‍ ആയുധധാരികളായ ഖാക്‌സാര്‍മാര്‍ തുറന്ന ആക്രമണത്തിന് ഒരുക്കം കൂട്ടുകയായിരുന്നു. അവിടെ ഹിന്ദുക്കള്‍ക്കെതിരെ പരസ്യമായിത്തന്നെ ആക്രമണം നടന്നുകൊണ്ടിരുന്നു. മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വിദര്‍ഭ, മറാഠ്‌വാഡ തുടങ്ങിയ സമീപസ്ഥലങ്ങളിലെ ഗ്രാമപ്രദേശങ്ങളിലും ഇവര്‍ സക്രിയരായിരുന്നു. ആയുധധാരികളായ ഖാക്‌സാര്‍ അക്രമികളാല്‍ യവത് മാല്‍, അകോല, ബുല്‍ഡാന തുടങ്ങിയ ജില്ലകളിലെ ജനങ്ങള്‍ നിരന്തരം ആക്രമണത്തിന് വിധേയരായിക്കൊണ്ടിരുന്നു. ഇത്തരം അതിര്‍ത്തിപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാനും നൈസാമിന്റെ ഭരണപ്രദേശത്ത് ഈ ഹിന്ദുക്കളുടെ സംരക്ഷണത്തിനുമായി സര്‍ദാര്‍ പട്ടേലിന്റെ പ്രേരണയോടെ മദ്ധ്യപ്രദേശിന്റെ മുഖ്യമന്ത്രി രവിശങ്കര്‍ ശുക്ലയും ആഭ്യന്തരമന്ത്രി ദ്വാരികാ പ്രസാദ് മിശ്രയും കഠിനമായി പരിശ്രമിച്ചുകൊണ്ടിരുന്നു. ഈ രണ്ടു കോണ്‍ഗ്രസ് നേതാ ക്കന്മാരും ബറാറിലെ പ്രാന്തസംഘചാലകനായ ബാപ്പുസാഹേബ് സോണിയെക്കണ്ട് ഖാക്‌സാറുമാരെ നേരിടാനായി സംഘത്തിന്റെ സഹായം ആവശ്യപ്പെട്ടു. സംഘ അധികാരികള്‍ സസന്തോഷം അത് സ്വീകരിക്കുകയും അവരുടെ നിര്‍ദ്ദേശാനുസരണം സ്വയംസേവകര്‍ ആ കാര്യം പ്രാണാര്‍പ്പണഭാവത്തോടെ നിര്‍വ്വഹിക്കുകയും ചെയ്തു.
രാഷ്ട്രീയനേതാക്കന്മാരുടെ അഭിമാനസംരക്ഷണം
1946 സപ്തംബറില്‍ ആദ്യമായി കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും സംയുക്ത സര്‍ക്കാരിന്റെ സമ്മേളനം കേന്ദ്രീയ അസംബ്ലി ഹാളില്‍ ആരംഭിച്ചു. തല്‍സമയം ലീഗ് ഗുണ്ടകള്‍ അതിനെതിരെ പ്രകടനം നടത്തി. അപമാനകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് നേതാക്കന്മാരുടെ മനോവീര്യം കെടുത്താനുള്ള ശ്രമമാരംഭിച്ചു. ഒരു പ്രാവശ്യം നേടാന്‍ സാധിച്ച വിജയത്തിന്റെ ഉത്സാഹത്തില്‍ രണ്ടാം ദിവസവും അവര്‍ കൂടുതല്‍ സംഖ്യയില്‍ അസംബ്ലി ഹാളില്‍ എത്തി. പ്രമുഖ കോണ്‍ഗ്രസ് നേതാവായ ലാലാ ദേശബന്ധു തുടങ്ങിയ നേതാക്കള്‍ സംഘത്തിന്റെ അധികാരികളെക്കണ്ട് സഹായം അഭ്യര്‍ത്ഥിച്ചു. അഭ്യര്‍ത്ഥന സ്വീകരിച്ചുകൊണ്ട് സംഘ അധികാരികള്‍ വെല്ലുവിളി നേരിടാന്‍ സജ്ജരായി. അടുത്തദിവസം നൂറുകണക്കിന് സ്വയംസേവകര്‍ കോണ്‍ഗ്രസ് നേതാക്കന്മാരുടെ മാനം രക്ഷിക്കാനായി അസംബ്ലി ഹാളില്‍ എത്തിച്ചേര്‍ന്നു. സ്വയംസേവകരെ കണ്ടതോടെ ലീഗ് ഗുണ്ടകള്‍ പ്രകടനം മതിയാക്കി സ്ഥലംവിട്ടു. പിന്നീടൊരിക്കലും അവര്‍ ആ സാഹസത്തിന് മുതിര്‍ന്നില്ല.
ദല്‍ഹിയുടെ രക്ഷ
1947 സപ്തംബര്‍ 10-ാം തീയതി ദല്‍ഹിയിലെ ചെങ്കോട്ടയില്‍ പച്ചക്കൊടി നാട്ടി അധികാരത്തിലിരിക്കുന്ന പ്രമുഖ നേതാക്കന്മാരെ കൊല ചെയ്യാനുള്ള ഗൂഢാലോചന മുസ്ലീം ആക്രമണകാരികള്‍ ഒരുക്കിയിരുന്നു. അതിനാവശ്യമായ ആയുധസംഭരണവും അവര്‍ നടത്തി. അപ്രതീക്ഷിത ആക്രമണത്തിന് അവര്‍ ഒരുക്കം കൂട്ടുകയായിരുന്നു. ജീവന്‍ പണയംവെച്ചും ഇത് സംബന്ധിച്ച വിവരം പൂര്‍ണ്ണമായും നേടിയെടുക്കുന്നതില്‍ സ്വയംസേവകര്‍ വിജയിച്ചു. ആ വിവരങ്ങള്‍ എല്ലാം സര്‍ദാര്‍ പട്ടേലിന് കൈമാറി. അതിന്റെ ഫലമായി മുസ്ലീങ്ങള്‍ പഹാഡ്ഗഞ്ചില്‍ ശേഖരിച്ചുവെച്ച ആയുധശേഖരം പിടിച്ചെടുക്കുകയും അവരുടെ കുടിലതന്ത്രം പരാജയപ്പെടുത്തുകയും ചെയ്യാന്‍ ഭാരത ഭരണകൂടത്തിന് സാധിച്ചു. ഈ സംഭവം സംബന്ധിച്ച് അസമിലെ മുന്‍ഗവര്‍ണര്‍ പ്രകാശ്ജിയുടെ പിതാവ് ഭാരതരത്‌നം ഡോ.ഭഗവന്‍ദാസ് എഴുതി:- ”ഉന്നതാദര്‍ശത്താല്‍ പ്രേരിതരായി ആത്മബലിദാനത്തിന് സന്നദ്ധരായ സംഘത്തിന്റെ യുവാക്കന്മാര്‍ പണ്ഡിറ്റ് നെഹ്രുവിനും സര്‍ദാര്‍ പട്ടേലിനും ഉചിതസമയത്ത് വിവരം നല്‍കിയില്ലായിരുന്നെങ്കില്‍ ഇന്നത്തെ സര്‍ക്കാരിന്റെ അസ്തിത്വംപോലും ഉണ്ടാകുമായിരുന്നില്ല” (‘ക്രൈസിസ്’, പുറം -19, 1947: പ്രയാഗ).
എന്നിട്ടുമെന്തിന് ഈ ഗൂഢാലോചന?
അന്ന് കോണ്‍ഗ്രസ്സിന്റെ അനവധി നേതാക്കന്മാരുമായി സംഘത്തിന് സൗഹാര്‍ദ്ദപരമായ ബന്ധമുണ്ടായിരുന്നു. കോണ്‍ഗ്രസ് കുടുംബങ്ങളിലെ ധാരാളംപേര്‍ സംഘകാര്യകര്‍ത്താക്കളായുണ്ടായിരുന്നു. പലപ്പോഴും കോണ്‍ഗ്രസ് നേതാക്കന്മാരുടെ രക്ഷയ്ക്കായി സ്വയംസേവകര്‍ക്ക് ഇടപെടേണ്ടിവന്നിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ പല നേതാക്കന്മാരും സംഘത്തെ പ്രശംസിക്കുന്നവരുമായിരുന്നു. രാജര്‍ഷി പുരുഷോത്തമദാസ് ഠണ്ഡനെപ്പോലെയും, സര്‍ദാര്‍ വല്ലഭഭായി പട്ടേലിനെയും പോലെയുള്ള ഉന്നതനേതാക്കന്മാരുടെ ദൃഷ്ടിയില്‍ കോണ്‍ഗ്രസിലെ അംഗങ്ങളാക്കാന്‍ യോഗ്യതയുള്ള ദേശഭക്തരെന്ന നിലയ്ക്ക് കണക്കാക്കിവന്ന സ്വയംസേവകരെ ഒറ്റയടിക്കെങ്ങനെ ദേശദ്രോഹികളായി കണക്കാക്കാന്‍ തുടങ്ങി? സംഘത്തിനെതിരായ ഈ ഗൂഢാലോചന എന്തുകൊണ്ടുണ്ടായി? ഈ വക കാര്യങ്ങളുടെ കാരണങ്ങള്‍ വിശകലനം ചെയ്യാനായി അക്കാലത്തെ പരിതഃസ്ഥിതിയേയും സംഭവങ്ങളേയും ശരിയായ രീതിയില്‍ മനസ്സിലാക്കേണ്ടതുണ്ട്. മേലുന്നയിച്ച ചോദ്യങ്ങള്‍ക്കു ശരിയായ ഉത്തരം കിട്ടാന്‍ ചില നേതാക്കളുടെ മനോഭാവവും സ്വഭാവവും വിശ്ലേഷണം ചെയ്യേണ്ടതുണ്ട്. അക്കാലത്തെ കോണ്‍ഗ്രസില്‍ നടന്നുകൊണ്ടിരുന്ന അന്തര്‍ദ്വന്ദ്വത്തെ സംബന്ധിച്ച പോസ്റ്റ്‌മോര്‍ട്ടവും ആവശ്യമാണ്.
(തുടരും)