- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- അസഹിഷ്ണുവായ പണ്ഡിറ്റ് നെഹ്രു (ആദ്യത്തെ അഗ്നിപരീക്ഷ 3)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
സര്‍ദാര്‍ പട്ടേലിനെ പോലെയുള്ള നേതാക്കന്മാര്‍ സംഘ സ്വയംസേവകരെ പൂര്‍ണ്ണമായ ദേശഭക്തരായി അംഗീകരിക്കുകയും പരസ്യമായിത്തന്നെ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാഷ്ട്ര നിര്‍മ്മാണകാര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ നയമനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ സംഘത്തിന്റെ സഹകരണം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ കമ്മ്യൂണിസ്റ്റ് ചിന്താഗതിയാല്‍ പ്രഭാവിതനും അസഹിഷ്ണുവുമായ പണ്ഡിറ്റ് നെഹ്രു ആദ്യം മുതല്‍തന്നെ സംഘവിരോധിയായിരുന്നു. അദ്ദേഹം സംഘത്തോട് എത്രമാത്രം അസഹിഷ്ണുവായിരുന്നു എന്നത് താഴെ പറയുന്ന ഒരുസംഭവത്തില്‍കൂടി മനസ്സിലാക്കാന്‍ കഴിയും.
1936-ല്‍ മഹാരാഷ്ട്രയിലെ ഫൈസാപൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ നെഹ്രു പതാകയുയര്‍ത്തുകയായിരുന്നു. ഏകദേ ശം 80 അടി ഉയരമുള്ള കൊടിമരമായിരുന്നു. ഉയര്‍ത്തുന്നതിനിടയില്‍ ഇടയ്ക്ക് പതാക കുരുങ്ങിപ്പോയി. പതാകയുയര്‍ത്താന്‍ സാധിക്കാതെ എല്ലാവരും ഇതികര്‍ത്തവ്യതാമൂഢരായി നിലകൊണ്ടു. എല്ലാവരുടെ മനസ്സിലും അതൊരു അപശകുനമായി തോന്നി. ഇതിനകം ഒരു കിശോരന്‍ ജനക്കൂട്ടത്തിനിടയില്‍കൂടി തിക്കിത്തിരക്കി മുന്നോട്ടുവന്നു. ഒരു കൂസലുമില്ലാതെ അവന്‍ കൊടിമരത്തില്‍ വലിഞ്ഞുകയറി പതാകയുടെ കുരുക്കഴിച്ച് പതാകയുയര്‍ത്താന്‍ സഹായിച്ചു. എല്ലാവരും കയ്യടികളോടെ ആ കിശോരനെ ഹൃദയംഗമമായി അനുമോദിച്ചു. പൊതുസഭയില്‍ ആ കിശോരനെ അനുമോദിക്കുമെന്ന് പണ്ഡിറ്റ് നെഹ്രു പ്രഖ്യാപിച്ചു. എന്നാല്‍ ആ കിശോരന്‍ ശിര്‍പൂര്‍ സംഘശാഖയിലെ കിഷന്‍സിംഗ് പരദേശി എന്ന സ്വയംസേവകനാണെന്ന് പിന്നീട് അദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇതുകേട്ടതോടെ പൊതുവേദിയില്‍ അയാളെ അനുമോദിക്കുന്ന പരിപാടി പണ്ഡിറ്റ് നെഹ്രു റദ്ദ് ചെയ്തു. ഈ സംഭവം ആരംഭകാലം മുതല്‍ തന്നെ നെഹ്രുവിന്റെ മനസ്സില്‍ ഉണ്ടായിരുന്ന സംഘത്തോടുള്ള എതിര്‍പ്പും മുന്‍വിധിയും കക്ഷിരാഷ്ട്രീയസ്വാര്‍ത്ഥതയും അസഹിഷ്ണുതാമനോഭാവവും പ്രകടമാക്കുന്നു. അതോടൊപ്പം, നിരന്തരമായ ഉപജാപങ്ങളിലൂടെ അദ്ദേഹത്തിന്റെ സംഘവിരോധം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസില്‍ നുഴഞ്ഞുകയറി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റുകാരും നടത്തിയിരുന്നു. സ്വഭാവത്തിലും സിദ്ധാന്തത്തിലും സംഘത്തോട് വിരോധമുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന്റെയും സഹായികളുടെയും കണ്ണില്‍ സംഘത്തിന്റെ വളര്‍ച്ച എന്നും കരടായിത്തീര്‍ന്നു.
നിരോധനത്തിനു മുമ്പുള്ള സ്ഥിതി
ജനങ്ങള്‍ക്കിടയില്‍ സംഘത്തിനുണ്ടായിരുന്ന സ്വീകാര്യതയും സംഘവിരോധികളോടുള്ള അവരുടെ അവഗണനയും താഴെ വിവരിക്കുന്ന ദൃശ്യത്തില്‍നിന്ന് വ്യക്തമായി മനസ്സിലാക്കാം. ”1947 ഒക്‌ടോബര്‍ 30-ാം തീയതി പൂണെയില്‍ സര്‍ പരശുറാം കോളേജ് മൈതാനിയില്‍ ഒരു ലക്ഷത്തോളം ജനങ്ങള്‍ തടിച്ചുകൂടിയ ഉത്സാഹത്തിന്റെ അന്തരീക്ഷത്തില്‍ സംഘത്തിന്റെ സര്‍സംഘചാലക് ഗുരുജി രാഷ്ട്രസമര്‍പ്പിത ജീവിതം സ്വായത്തമാക്കാനുള്ള പ്രേരണ നല്‍കുന്ന തന്റെ പ്രഭാഷണം നടത്തുകയായിരുന്നു. എന്നാല്‍ അതേസമയത്ത് കോണ്‍ഗ്രസ് ഹൗസിലെ ഒരു മരച്ചുവട്ടില്‍ 25 പേരുടെ മുന്നില്‍ അച്യുത് റാവു പട്‌വര്‍ദ്ധന്‍ സംഘത്തെ ചീത്തവിളിച്ചു സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനു കുറച്ചുദിവസം മുമ്പ് സംഘത്തെ എതിര്‍ത്തുകൊണ്ടു ജയപ്രകാശ് നാരായണന്‍ നടത്തിയ പ്രസംഗം കേള്‍ക്കാന്‍പോലും ജനങ്ങള്‍ സന്നദ്ധരായിരുന്നില്ല.
മഹാരാഷ്ട്രയില്‍ കണ്ട ദൃശ്യം അഖിലഭാരതീയ തലത്തിലുള്ള അവസ്ഥയുടെ ഒരു പതിപ്പു മാത്രമാണെന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയായിരിക്കുകയില്ല. യഥാര്‍ത്ഥത്തില്‍ ഭാരതമെമ്പാടുമുള്ള സംഘത്തിന്റെ ശാഖകള്‍, അതില്‍ നിത്യേന പങ്കെടുക്കുന്ന സ്വയംസേവകരുടെ സംഖ്യ, അവരുടെ ഉത്സാഹം എന്നിവയെല്ലാം വളരെ വലിയ തോതിലായിരുന്നു. ജനങ്ങള്‍ അതിവേഗം സംഘത്തിലേയ്ക്ക് ആകൃഷ്ടരായിക്കൊണ്ടിരുന്നു. അത്രതന്നെ വേഗത്തില്‍ അവര്‍ സംഘവിരോധികളോട് വിമുഖരുമായിക്കൊണ്ടിരുന്നു. ഖാണ്ഡ്വാ, ജബല്‍പൂര്‍, ബിലാസ്പൂര്‍, ഛിന്ദ്‌വാഡാ, റീവാ തുടങ്ങിയ വിഭാഗുകളുള്‍പ്പെടുന്ന മഹാകോശല്‍ പ്രാന്തത്തില്‍ അന്ന് 600 ശാഖകളുണ്ടായിരുന്നു. അവയില്‍ ദൈനംദിനം പങ്കെടുത്തുകൊണ്ടിരുന്ന സ്വയംസേവകരുടെ സംഖ്യ ഏകദേശം മുപ്പത്താറായിരമായിരുന്നു. സംസ്ഥാനത്ത് 250 പ്രചാരകന്മാരും വിസ്താരകന്മാരും രാപ്പ കല്‍ സംഘപ്രവര്‍ത്തനവികാസത്തിനായി അന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ആ ഭാഗത്ത് ഹിന്ദു ആഘോഷങ്ങള്‍ക്കുനേരേ ഇടയ്ക്കിടെ നടന്നിരുന്ന വര്‍ഗീയ ആക്രമണങ്ങള്‍ കേവലം ഓര്‍മ്മകള്‍ മാത്രമായി മാറിയിരുന്നു.
ബിറാര്‍ ഭാഗത്തെ സ്ഥിതിയും ഇതുതന്നെയായിരുന്നു. 1947 നവം ബറില്‍ അകോലയില്‍ നടന്ന ശിബിരത്തില്‍ പതിനയ്യായിരം സ്വയംസേവകര്‍ പങ്കെടുത്തു. അതിനായി ജി.ആര്‍.പി. റെയില്‍വേ പ്രത്യേകം ബോഗികള്‍ തന്നെ സൗകര്യപ്പെടുത്തി. ബസുടമകള്‍ പ്രത്യേക ബസ് സര്‍വ്വീസുകളും ഏര്‍പ്പെടുത്തി. 1947 ല്‍ ബോംബെയിലെ ഗുരുപൂര്‍ണ്ണിമ ഉത്സവം ദാദറിലെ ശിവാജിപാര്‍ക്കില്‍വെച്ച് നടന്നു. ശ്രീഗുരുജിയുടെ പ്രഭാഷണം കേള്‍ക്കാനായി ആ ഉല്‍സവത്തില്‍ 75000 പേര്‍ ഉപസ്ഥിതരായി. സ്വയംസേവകന്മാരുടെ സംഖ്യ പതിനഞ്ചായിരമായിരുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ മാത്രം 31 ശാഖകള്‍ പ്രവര്‍ത്തിച്ചിരുന്നു. ദൈനംദിന ഉപസ്ഥിതി 3000വും. കുറച്ചുവര്‍ഷം മുമ്പ് അവിടെയുണ്ടായിരുന്ന സംഘവിരോധം ഒന്നുമല്ലാതായിത്തീര്‍ന്നു. സംഘത്തിന്റെ ജനസ്വാധീനം കണ്ട് മൗനമായിരിക്കുകയാണ് ഉചിതമെന്നു സംഘവിരോധികള്‍ മനസ്സിലാക്കി. ഡോ. പട്ടാഭി സീതാരാമയ്യ, ടി. സി. പ്രകാശം, ആചാര്യ എന്‍. ജി. രംഗ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പൊതുസഭകളില്‍ സംഘത്തെയും സ്വയംസേവകരുടെ പെരുമാറ്റത്തെയും കുറിച്ച് പ്രശംസിച്ചു സംസാരിച്ചു. കര്‍ണ്ണാടക പ്രാന്തത്തിലും 1947 ആകുമ്പോഴേക്കും സംഘത്തിന്റെ സ്വാധീനം സാമാന്യം നല്ലപോലെ വളര്‍ന്നുകഴിഞ്ഞിരുന്നു. ബംഗ്ലൂരുവില്‍ നടന്ന സംസ്ഥാന ശിബിരത്തില്‍ 8000 സ്വയംസേവകര്‍ പങ്കെടുത്തു.
ഉത്തര്‍പ്രദേശിലെ വളര്‍ച്ചയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ 1947 ല്‍ ആ സംസ്ഥാനത്തെ ബനാറസ്, പ്രയാഗ്, കാണ്‍പൂര്‍, ലഖ്‌നൗ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഗുരുജിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള ഗണവേഷധാരി സ്വയംസേവകരുടെ പരിപാടികളില്‍ ഓരോ സ്ഥലത്തും ഒന്നും രണ്ടും ലക്ഷം സംഘാനുഭാവികളും പങ്കാളികളായി. ഇങ്ങനെ സംഘത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ജനസ്വാധീനം കണ്ട് പരിഭ്രാന്തരായ ഭരണാധികാരികള്‍ സംഘത്തിന്റെ പ്രമുഖ കാര്യകര്‍ത്താക്കളുടെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള കള്ളക്കേസുകള്‍ ഉണ്ടാക്കി തടവിലാക്കാന്‍ രഹസ്യമായി പോലീസുദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതനുസരിച്ച് ചില അറസ്റ്റുകളും നടന്നു. എ ന്നാല്‍ ജനങ്ങള്‍ക്കിടയില്‍നിന്ന് അതിനെതിരെ ശക്തമായ പ്രതികരണമുണ്ടായി. ഈ നിര്‍ദ്ദേശം കൊണ്ട് സ്വയംസേവകരുടെ ആത്മവീര്യവും ഉത്സാഹവും വര്‍ദ്ധിക്കുകയാണുണ്ടായത്. പൊതുജനങ്ങളും കൂടുതലായി സംഘത്തിലേക്ക് ആകൃഷ്ടരായി. ഭരണാധികാരികള്‍ക്കിടയിലും ഈ വിഷയത്തില്‍ അഭിപ്രായഭിന്നത ഉടലെടുത്തു. ഇത്തരം നിര്‍ദ്ദേശമയച്ച ഭരണാധികാരികളെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍തന്നെ മുന്നോട്ടുവന്നു. സംഘത്തിന്റെ വിരോധികളായവരുടെ വായടപ്പിക്കാന്‍ അവര്‍ തന്നെ തയ്യാറായി. സംഘനിരോധനം ഏര്‍പ്പെടുത്തുന്നതിന് കഷ്ടിച്ച് മൂന്നാഴ്ചമുമ്പ് 1948 ജനുവരിയില്‍ ലഖ്‌നൗവിലെ ഒരു പൊതുയോഗത്തില്‍ സര്‍ദാര്‍ പട്ടേല്‍ പ്രസംഗിച്ചു:- ”ബലം പ്രയോഗിച്ചും മര്‍ദ്ദനമുറകള്‍ ഉപയോഗിച്ചും സംഘത്തെ നശിപ്പിക്കാമെന്നൊരു തോന്നല്‍ കോണ്‍ഗ്രസ്സിന്റെ നേതാക്കളുടെ മനസ്സിലുണ്ട്. എന്നാല്‍ അധികാരത്തിന്റെ ദണ്ഡുപയോഗിച്ചുകൊണ്ട് നിങ്ങള്‍ക്ക് (കോണ്‍ഗ്രസ്സിന്) ഈ സംഘടനയെ നശിപ്പിക്കാന്‍ സാദ്ധ്യമല്ല. ദണ്ഡ, കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമെതിരെ ഉപയോഗിക്കാനുള്ളതാണ്. സംഘത്തിന്റെ ആളുകള്‍ ഒരിക്കലും കള്ളന്മാരോ കൊള്ളക്കാരോ അല്ലതന്നെ. അവര്‍ മാതൃഭൂമിയെ സ്‌നേഹിക്കുന്ന ദേശഭക്തരാണ്. അവരുടെ കാഴ്ചപ്പാട് വിഭിന്നമാണെന്നുമാത്രം.”
അഭയാര്‍ത്ഥികളുടെ കരളലിയിപ്പിക്കുന്ന കഥ
സംഘത്തിന്റെ സ്വയംസേവകരിലുള്ള വിശ്വാസം ജനങ്ങളില്‍ ദൃഢമായി വളര്‍ന്നുകൊണ്ടിരുന്നു. 1946 ആഗസ്റ്റ് 16 ന് മുസ്ലീംലീഗ് കല്‍ക്കത്തയില്‍ ആസൂത്രണം ചെയ്ത ‘പ്രത്യക്ഷനടപടി’യുടെ ഭീകരമായ ദുഷ്പരിണാമത്തെ തടയുന്നതില്‍ കോണ്‍ഗ്രസ്ഭരണം എല്ലാ വിധത്തിലും പരാജയപ്പെട്ടു. ഇതുകാരണം സ്വാഭാവികമായും ജനങ്ങളുടെ മനസ്സില്‍ വിപരീതഫലമുണ്ടായി. 1947 മാര്‍ച്ചിനുശേഷം ഗത്യന്തരമില്ലാതെ തങ്ങളുടെ സര്‍വ്വതും പശ്ചിമബംഗാളില്‍ ഉപേക്ഷിച്ച് ഭാരതത്തില്‍ അഭയാര്‍ത്ഥികളായവരുടെ കരളലിയിക്കുന്ന കഥകള്‍ ജനഹൃദയങ്ങളെ മരവിപ്പിക്കുന്നതായിരുന്നു. അവര്‍ക്ക് നേരിടേണ്ടിവന്ന ദുരന്തപൂര്‍ണ്ണമായ കഥകള്‍കേട്ട ജനങ്ങളില്‍ ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ്സിനോട് ശക്തമായ എതിര്‍മനോഭാവം ഉടലെടുത്തു. അവര്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധ്യമല്ലാത്ത അവസ്ഥയിലായി. കോണ്‍ഗ്രസ് നയമനുസരിച്ച് ഭരിക്കുന്ന സര്‍ക്കാരിന് ഹിന്ദുക്കളുടെ താത്പര്യം സംരക്ഷിക്കാനാവില്ല എന്ന ഭാവം ജനമനസ്സില്‍ ഉറച്ചുകഴിഞ്ഞിരുന്നു. ഇതിനു വിപരീതമായി, പാകിസ്ഥാനില്‍പ്പെട്ടുപോയ അഭയാര്‍ത്ഥികളെ സുരക്ഷിതമായി ഭാരതത്തിലെത്തിക്കുന്ന സാഹസികകാര്യം തങ്ങളുടെ ജീവന്‍ പണയം വെച്ചും സംഘ സ്വയംസേവകര്‍ നിര്‍വ്വഹിച്ചു. അതോടൊപ്പം ഇവിടെ അഭയാര്‍ത്ഥി ശിബിരങ്ങള്‍ ആരംഭിച്ച് അവര്‍ക്കാവശ്യമായ താമസ സൗകര്യവും ഭക്ഷണവ്യവസ്ഥകളുമെല്ലാം ഒരുക്കി. പ്രതിഫലേച്ഛ കൂടാതെയുള്ള ഇത്തരം വിപുലമായ സേവനത്തിന്റെ സ്വാഭാവികമായ പ്രഭാവത്തിന്റെ പരിണിതഫലമായിരുന്നു സംഘത്തിനു ലഭിച്ച വിശ്വാസ്യതയും ജനപ്രീതിയും. സ്വാഭാവികമായും സംഘം കൂടുതല്‍ ശക്തിപ്രാപിച്ചു തുടങ്ങി.
അധികാരമോഹികളും സ്വാര്‍ത്ഥ കേന്ദ്രിതമായി പ്രവര്‍ത്തിക്കുന്നവരുമായ ചില കോണ്‍ഗ്രസ് നേതാക്കളെ സംഘത്തിനനുകൂലമായി വളര്‍ന്നുവരുന്ന വിശ്വാസവും ശക്തിയും ചിന്താകുലരാക്കി. അത്തരം നേതാക്കന്മാരുടെ മനസ്സില്‍ സംഘത്തിനുനേരെയുണ്ടായിരുന്ന ഈര്‍ഷ്യയും കോപവുമെല്ലാം പതിന്മടങ്ങ് വര്‍ദ്ധിച്ചു.
സംഘത്തിന്റെ യുവശക്തി
വിദ്യാസമ്പന്നരായ യുവാക്കള്‍ക്കിടയില്‍ സംഘത്തോടുള്ള ആ കര്‍ഷണീയത വളരെ വേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. നാടിന്റെ അഖണ്ഡത സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന കാരണത്താല്‍ വിദൂരഗ്രാമങ്ങളിലെ യുവജനങ്ങളുടെ മനസ്സില്‍പോലും സംഘത്തോട് അത്യധികമായ താത്പര്യം പ്രകടമായിരുന്നു.
തരുണന്മാരില്‍ പ്രകടമായ ഇത്തരം ആകര്‍ഷണത്തേയും അതുമൂലം കോണ്‍ഗ്രസിലുയര്‍ന്നുവന്ന അസ്വസ്ഥതയേയും കുറിച്ച് സുപ്രസിദ്ധ സര്‍വ്വോദയ നേതാവായ ന. ബനഹട്ടി നാഗപ്പൂരിലെ ‘സമാ ധാന്‍’ വാരികയില്‍ ഇങ്ങനെ എഴുതി:- ”വര്‍ത്തമാനകാലഘട്ടത്തില്‍ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തുന്ന ഏകമാത്ര സംഘടന രാ ഷ്ട്രീയ സ്വയംസേവക സംഘമാണ്. സംഘത്തിന്റെ സംഘടിത ശ ക്തിയാല്‍ ആകൃഷ്ടരായി പ്രതിഭാശാലികളും ചാരിത്ര്യസമ്പന്നരും സമര്‍പ്പിതരുമായ യുവാക്കള്‍ സംഘത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെടു ന്നു. ഇതുകാരണം കോണ്‍ഗ്രസ് നേതാക്കന്മാരുടെ കണ്ണില്‍ സംഘം കരടായി തീര്‍ന്നിരിക്കുന്നു. സംഘത്തിന്റെ ദേശവ്യാപകമായ വളര്‍ച്ച, പരിശീലനം സിദ്ധിച്ചവരും ബുദ്ധിമാന്മാരുമായ യുവാക്കന്മാരില്‍ നാട്ടിലുടനീളം സംഘത്തിനുള്ള സ്വാധീനം, ആപത്കാലഘട്ടങ്ങളില്‍ സ്വയംസേവകര്‍ പ്രകടമാക്കുന്ന സംയമനം തുടങ്ങിയ അപൂര്‍വഗുണങ്ങള്‍ കോണ്‍ഗ്രസ് അവരുടെ മുന്നില്‍ വെല്ലുവിളിയായി കാണുന്നു. സര്‍വ്വശ്രേഷ്ഠമായി കോണ്‍ഗ്രസ് കണക്കാക്കിവന്ന ആദ്ധ്യാത്മികഗുണങ്ങള്‍ ഇന്ന് സംഘമാണ് വളര്‍ത്തിക്കൊണ്ടുവരുന്നതെന്നു കണ്ട് കോണ്‍ഗ്രസ്സ് അസ്വസ്ഥമാകുന്നു.”
മുസ്ലീം ലോബി
നെഹ്രുവിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ്സിലെ മുസ്ലീം ലോ ബിയും സംഘത്തെ എതിര്‍ക്കുന്നതില്‍ സജീവമായി. സംഘത്തിന്റെ സദ്ഗുണങ്ങളെ ദുര്‍ഗുണങ്ങളായി അവര്‍ പ്രചരിപ്പിച്ചു. ഇത്തരം കാര്യങ്ങള്‍ അവര്‍ നിരന്തരം നെഹ്രുവിന്റെ ചെവിയിലെത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അക്കാലത്ത് നെഹ്രു പറയാറുണ്ടായിരുന്നു ”അപ്പുറ(പാകിസ്ഥാനില്‍)ത്ത് എന്തുതന്നെ സംഭവിക്കട്ടെ. എന്നാല്‍ ഇവിടെയുള്ള ഏതെങ്കിലും മുസ്ലീമിന് ഒരു പോറലെങ്കിലും സംഭവിച്ചാല്‍ അതിന് കാരണക്കാരായവരെ വെടിവെച്ചിടാന്‍ എന്റെ അംഗരക്ഷകരോട് ഞാന്‍ ഉത്തരവിടുന്നതാണ്.” ഇവിടെനിന്ന് ഒരു മുസ്ലീം പോലും പോകാതിരിക്കാനായിരുന്നു നെഹ്രുവിന്റെ മുഴുവന്‍ പരിശ്രമവും. ഈ മനോഭാവം മനസ്സിലാക്കിയ മുസ്ലീംലോബി ഇവിടുത്തെ മുസ്ലീങ്ങളെ മുഴുവന്‍ പാകിസ്ഥാനിലേയ്ക്ക് അടിച്ചോടിക്കാനാണ് സംഘം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് നെഹ്രുവിന്റെ കാതുകളില്‍ സദാ ഓതിക്കൊണ്ടിരുന്നു. യഥാര്‍ത്ഥത്തില്‍, തങ്ങളുടെ സഹജമായ മനുഷ്യത്വംകൊണ്ട് സംഘസ്വയംസേവകര്‍ മുസ്ലീങ്ങളെയും സുരക്ഷിതമായി അവരുടെ ശിബിരങ്ങളിലെത്തിക്കാന്‍ സഹായിച്ചിരുന്നു. സേവാപ്രവര്‍ത്തനത്തില്‍ മുസ്ലീം-ഹിന്ദു എന്ന പരിഗണന അവര്‍ വെച്ചിരുന്നില്ല. പാകിസ്ഥാനില്‍ പോകാനാഗ്രഹിച്ച മുസ്ലീങ്ങള്‍ക്കും സുരക്ഷിതമായി അവിടെ എത്തിച്ചേരാനുള്ള സഹായം സ്വയംസേവകര്‍ ചെയ്തിരുന്നു. സ്വയംസേവകരുടെ ഈ നന്മയെയാണ് അവര്‍ തെറ്റായി പ്രചരിപ്പിച്ചത്. ഡോ. സക്കീര്‍ ഹുസൈനേയും റാഫി അഹമ്മദ് കിദ്വായിയേയും പോലെയുള്ള മുസ്ലീം നേതാക്കള്‍ ഈ ആരോപണത്തെ ഖണ്ഡിക്കാന്‍ മുന്നോട്ടുവന്നു:- ”മുസ്ലീങ്ങളോട് പകവെച്ചുകൊണ്ട് അവരെ ഇല്ലാതാക്കാന്‍ സംഘം പരിശ്രമിക്കുന്നുവെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്.” സംഘവുമായി സ്‌നേഹവും സഹകരണവും പുലര്‍ത്തി അവരില്‍ നിന്ന് സംഘടനാപരമായ ഗുണങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയാണ് മുസ്ലീങ്ങള്‍ ചെയ്യേണ്ടതെന്ന് അവര്‍ സ്പഷ്ടമായി പറഞ്ഞിരുന്നു.
(തുടരും)