സാഹസികത ചേര്‍ന്ന ശക്തിയെയാണ് നാം വീരത എന്നു വിളിക്കുന്നത്. യോഗത്തില്‍ വീര്യം എന്നാല്‍ ബ്രഹ്മചര്യത്തില്‍ നിന്നു കിട്ടുന്ന ഒരു ശക്തിയാണ് (ബ്രഹ്മചര്യ പ്രതിഷ്ഠായാം വീര്യലാഭ:). മനസ്സിനാണ് ഇവിടെ മൂര്‍ച്ചയും ഏകാഗ്രതയും കൂട്ടുന്നത്. പഠനത്തിലൊക്കെ വളരെ ഗുണകരമാണ് അത്. അതുകൊണ്ടാണ് ‘സഹവീര്യം കരവാവഹൈ’ എന്ന് പണ്ട് ഗുരുവും ശിഷ്യനും ഒന്നു ചേര്‍ന്ന് പ്രാര്‍ത്ഥിച്ചത്. ആ വീര്യമാണ് ഇവിടെയും പ്രസക്തം.
ചെയ്യുന്ന ക്രമം
കാല് നീട്ടിയിരിക്കുക. ഇടതുകാല് മടക്കി വജ്രാസനത്തിലേതുപോലെ പൃഷ്ഠത്തിന്റെ വശങ്ങളില് ചേര്‍ക്കുക. വലതു കാല് മടക്കി കാല്‍പ്പത്തി ഇടതു മുട്ടിന്റെ അടുത്തായി നിലത്തു പതിച്ചു വെക്കുക. വലതു കൈമുട്ട് വലതു കാല്‍മുട്ടില്‍ ചേര്‍ത്ത് താടി വലതു കൈപ്പത്തി കൊണ്ട് താങ്ങുക. ഇടതു കൈപ്പത്തി നിലത്തു പതിച്ചു വെച്ച ഇടതു കാല്‍മുട്ടിനു മേല്‍ വെക്കുക. കണ്ണുകള്‍ അടഞ്ഞിരിക്കും. നട്ടെല്ല് നിവര്‍ന്നിരിക്കും. ഒരു പ്രതിമ പോലെ അനങ്ങാതെയിരിക്കുക. ശ്വാസം ദീര്‍ഘമായും ആഴത്തിലും ക്രമീകരിക്കുക. ശ്രദ്ധ ഭ്രൂമധ്യത്തിലായിരിക്കും.
അല്പനേരം ഈ സ്ഥിതിയില്‍ തുടര്‍ന്ന ശേഷം കാലുകള്‍ മാറ്റി ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
മനസ്സ് സന്തുലിതമായിത്തീരുന്നു. ഏകാഗ്രത വര്‍ധിക്കുന്നു. ചിന്തകളും വിചാരങ്ങളും തെളിഞ്ഞതാവുന്നു. ദുഷ്ചിന്തകള്‍ അലട്ടുന്നവര്‍ അല്പനേരം അലോസരങ്ങള്‍ മാറ്റിവെച്ച് ഇതു ചെയ്താല്‍ ശാന്തത ലഭിക്കും.