കാളിദാസന്‍ തന്റെ കുമാര സംഭവം കാവ്യത്തില്‍ വീരഭദ്രന്റെ ജനന കഥ പറയുന്നുണ്ട്. ഒരിക്കല്‍ ദക്ഷപ്രജാപതി മഹത്തായ ഒരു യാഗം നടത്തി. അതില്‍ തന്റെ മകളും ശിവപത്‌നിയുമായ സതിയെ ക്ഷണിച്ചില്ല. അച്ഛന്റെ യാഗമായതിനാല്‍ ക്ഷണിക്കാതെ ചെന്നുവെങ്കിലും അപമാനിതയായി. സ്വയം യോഗാഗ്‌നിയില്‍ ദഹിക്കുകയും ചെയ്തു. രുഷ്ടനായ ശിവന്‍ തന്റെ ജട പറിച്ചു നിലത്തെറിഞ്ഞു. അതില്‍ നിന്ന് ഒരു തേജസ്വിയായ യോദ്ധാവ് ജനിച്ചു – വീരഭദ്രന്‍. അവന്‍ ശിവാജ്ഞ പ്രകാരം ശിവസൈന്യത്തെ നയിച്ച് ദക്ഷയാഗ വേദിയിലേക്ക് ഒരു കൊടുങ്കാറ്റു പോലെ ചെന്ന് സര്‍വ്വതും നശിപ്പിച്ചു. ശിവന്‍ തപസ്സിനായി ഹിമാലയത്തിലേക്കും. സതി പിന്നീട് ഉമയായി ജനിച്ച് തപസ്സിലൂടെ ശിവനെ പ്രാപിച്ചു എന്നത് പിന്നത്തെ കഥ. ആ വീരഭദ്രനെ ഈ ആസനം ഓര്‍മിപ്പിക്കുന്നു.
ചെയ്യുന്ന വിധം
കാലുകള്‍ ചേര്‍ത്ത് നിവര്‍ന്നു നില്ക്കുക. രണ്ടു കൈകളും വശങ്ങളിലൂടെ മുട്ടുമടങ്ങാതെ ഉയര്‍ത്തി തലക്കുമേലെ തൊഴുകൈയാക്കുക. ശ്വാസമെടുത്ത് ചാടി രണ്ടു കാലുകളും 4 അടി അകത്തുക.
ശ്വാസം വിട്ടുകൊണ്ട് വലത്തോട്ടു തിരിയുക. വലതു കാല്‍പ്പത്തി 90 ഡിഗ്രി തിരിക്കുക. ഇടതു കാല്‍പ്പത്തി 10 ഡിഗ്രിയും. വലതു കാല്‍മുട്ടു മടക്കി വലതു തുട ഭൂമിക്കു സമാന്തരമാവും വിധം മുന്നോട്ടായുക. വലതു ജംഘാസ്ഥി ഭൂമിക്കു ലംബം. വലതു കാല്‍ മുട്ടില്‍ 90 ഡിഗ്രി കോണ്‍. ഇടതുകാല്‍ മുട്ടു മടങ്ങാതെ വലിഞ്ഞിരിക്കും. തല പിന്നോട്ടെടുത്ത് തൊഴുകൈയ്യിലേക്കു ദൃഷ്ടിയുറപ്പിക്കുക. ദേഹം മുഴുവന്‍ വലിഞ്ഞിരിക്കും. സാധാരണ ശ്വാസത്തില്‍ 20 സെക്കന്റ് നിന്ന ശേഷം തിരിച്ചുവരിക. ഇടതു ഭാഗം ആവര്‍ത്തിക്കുക.
വൈവിധ്യം
വീരഭദ്രാസനം – 1, 2, 3 എന്നിങ്ങനെ പല വൈവിധ്യങ്ങള്‍ ഈ ആസനത്തിനുണ്ട്. പേരു മാറ്റവും ഉണ്ട്. എങ്കിലും പ്രയോജനപ്രദവും താരതമ്യേന ചെയ്യാന്‍ എളുപ്പവുമായതിനാല്‍ മറ്റുള്ളവയും ഈ പംക്തിയില്‍ പിന്നീടു വരും.
ഗുണങ്ങള്‍
നെഞ്ചിന് വികാസം കിട്ടുന്നതിനാല്‍ ദീര്‍ഘശ്വാസത്തെ സഹായിക്കും. ചുമലിനും നട്ടെല്ലിനും കഴുത്തിനും വലിവും വഴക്കവും ലഭിക്കും. കാലിലെ പേശികള്‍ക്കും ആയാസം കിട്ടും.






















