- നാവം എന്നാല്‍ തോണി.
അപി ചേദസി പാപേഭ്യ:
സര്‍വേഭ്യ: പാപകൃത്തമ:
സര്‍വം ജ്ഞാനപ്ലവേനൈവ
വൃജിനം സന്തരിഷ്യസി (ഭ.ഗീ. 4.36 )
അര്‍ജ്ജുനാ! നീ സര്‍വ പാപികളിലും വെച്ച് മഹാപാപിയായാലും ആ പാപക്കടലിനെ ജ്ഞാനമാകുന്ന തോണി കൊണ്ട് കടന്ന് മറുകര പറ്റാം.
ഇത്തരത്തില്‍ തോണിയുടെ ഉപമ പല സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കപ്പെടുന്നു. ചുറ്റും നടക്കുന്നത് നമ്മെ ബാധിക്കാതെ അതിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടു പോകുക എന്ന സന്ദേശമാണ് നൗകാസനം നമുക്കു തരുന്നത്.
ചെയ്യുന്ന വിധം
കാലുകള്‍ മുന്നോട്ടു നീട്ടി ഇരിക്കുക. കൈപ്പത്തികള്‍ അരക്കെട്ടിന്റെ വശങ്ങളില് പതിച്ചു വെക്കുക. ദേഹം അടി തൊട്ടു മുടിവരെ വലിഞ്ഞിരിക്കട്ടെ. കാല് വിരലുകള്‍ മുന്നോട്ടു വലിഞ്ഞിരിക്കും.
ശ്വാസമെടുത്തു കൊണ്ട് കാലും ദേഹവും 60-65 ഡിഗ്രി ഉയര്‍ത്തുക. ഒരു പരത്തിയ ഢ ആകൃതിയില്‍. ചന്തിയില്‍ മാത്രം ബാലന്‍സ് ചെയ്യണം. നട്ടെല്ലിന്റെ ഭാഗം നിലത്ത് മുട്ടരുത്. കാല് തലയെക്കാള്‍ അല്പം ഉയര്‍ന്നിരിക്കും. കൈകള്‍ ഉയര്‍ത്തി കാല്ത്തുടകള്ക്കൊപ്പം ഭൂമിക്കു സമാന്തരമായി നിര്‍ത്തുക. കൈപ്പത്തികള്‍ അഭിമുഖം.
ഈ പൂര്‍ണ സ്ഥിതിയില്‍, സാധാരണ ശ്വാസത്തില്‍ അല്പനേരം (30 സെക്കന്റ് ) നിന്ന ശേഷം ശ്വാസം വിട്ടുകൊണ്ട് തിരിച്ചുവരിക. ക്രമത്തില്‍ ദൈര്‍ഘ്യം ഒരു മിനിറ്റു വരെ കൂട്ടാം. പിന്നെ ശവാസനത്തില്‍ വിശ്രമിക്കുക.
ഗുണങ്ങള്‍
വയറാണ് ഇതിന്റെ പ്രധാന ഗുണഭോക്താവ്. ഗ്യാസ് ട്രബിള്‍, ദഹനക്കേട് ഇവ മാറും. അരക്കെട്ടിനു മേലെയുള്ള വണ്ണം കുറഞ്ഞ് സൗന്ദര്യം വര്‍ധിക്കും. ഏകാഗ്രതയും കൂടും.