നല്ലതു കാണുവാന്‍, നല്ലതുകേള്‍ക്കുവാന്‍
നാളേയ്ക്കു നല്ല വഴിക്കാവലാകുവാന്‍
ചിത്തവിശുദ്ധിയും സന്മാര്ഗ്ഗബോധവും
കൃത്യചാതുര്യവും ഭക്ത്യാദരങ്ങളും
ദീനരില്‍ കരുണയും സ്നേഹവും വിനയവും
ദാനമായേകിയ വിദ്യാനികേതനം
അറിവിന്റെ അക്ഷയച്ചെപ്പു തുറക്കുവാന്‍
അക്ഷരത്താക്കോല്തന്ന വിദ്യാലയം
ജീവിതത്തിന്റെ പരീക്ഷയോരോന്നിലും
വീഴാതെ കാത്തിടുമാചാര്യമണ്ഡലം
നന്മകള് മാത്രമളക്കാന്‍ പഠിപ്പിച്ച
ജന്മാന്തരപുണ്യമെന്റെ വിദ്യാലയം
നാടകശാലയാമീ ജഗത്തില്‍ നമു-
ക്കാടുവാന് വേഷം വിധിച്ച വിദ്യാലയം.
മേലെയാകാശാന്തരത്തിലെങ്ങോനിന്നു-
മോലപ്പഴുതിലൂടെത്തുന്ന രശ്മികള്‍ƒ
ശാശ്വതാനന്ദപ്രകാശം ചൊരിഞ്ഞുളള
വാസരങ്ങള്‍ ഞങ്ങള്ക്കുല്ലാസവേളകള്ƒ
അന്യഥാചിന്തയില്ലാതെയെല്ലാരെയും
ഒന്നായിക്കാണാന്‍ കഴിഞ്ഞൊരാനാളുകള്
ഉത്സാഹഹര്ഷതരംഗമുയര്ത്തിയ
ഉത്സവവേദിയീ വിദ്യാലയാങ്കണം
മര്‍ത്ത്യന്റെ ജീവിതഭാവിതന് ജാതകം
ഇത്തിരുമുറ്റത്തിലല്ലോ കുറിക്കുന്നു.
ധര്മ്മരണത്തില് നിശ്ചേതനനായ് നിന്ന
കര്മ്മവിമുഖനാം പാര്ത്ഥനെയെന്നപോല്
ഗീതാമൃതം തൂവിയെന്നെ ഉണര്‍ത്തിയ
ശ്രീതാവും വേദസംപൂജ്യധര്മ്മാലയം