തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാവസ്തു ഖനനസ്ഥലമാണ് കീഴാടി. അമര്‍നാഥ് രാമകൃഷ്ണയുടെ മേല്‍നോട്ടത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഇത് ഖനനം ചെയ്തത്. 2019 ഒക്ടോബറില്‍ തമിഴ്‌നാട്ടിലെ തമിഴ് ഭാഷാ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ പാണ്ഡ്യരാജന്‍ കീഴാടിയുടെ പൈതൃകത്തെ ‘ഭാരതത്തിന്റെ നാഗരികത’ എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ ഇതിനെ എതിര്‍ത്തുകൊണ്ട്മധുര സെന്‍ട്രല്‍ ഡിഎംകെ എംഎല്‍എ പിടിആര്‍ പളനിവേല്‍ ത്യാഗരാജന്‍ രംഗത്ത് വന്നു. 70 വര്‍ഷം മുമ്പ് രൂപംകൊണ്ട ഒരു ദേശീയതയെ 2600 വര്‍ഷങ്ങള്‍ പഴക്കമുള്ള കണ്ടെത്തലുകള്‍ എങ്ങനെ പ്രതിനിധീകരിക്കുമെന്നും ഇന്ത്യ എന്ന ആശയത്തെ ഒരിക്കലും അംഗീകരിക്കില്ല എന്നും പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. കീഴടിയുടെ കാലഗണന അക്കാലത്ത് ശാസ്ത്രീയമായി പോലും നിശ്ചയിച്ചിരുന്നില്ല. അതിനാല്‍ വസ്തുതകള്‍ മനസ്സിലാക്കാന്‍, ആരാണ് കീഴാടിയെ യഥാര്‍ത്ഥത്തില്‍ നിയന്ത്രിക്കുന്നത് എന്ന രഹസ്യം പുറത്തെത്തിക്കണം.
പുരോഹിതന്മാര്‍ മ്യൂസിയങ്ങളും പുരാതന സ്ഥലങ്ങളും സന്ദര്‍ശിച്ചേക്കാം. എന്നാല്‍ അത് രാഷ്ട്രീയക്കാരിയായി മാറിയ ഒരു അഭിഭാഷകയുടെ അകമ്പടിയോടെയാകുന്നത് സംശയമുളവാക്കുന്നതാണ്. 2016 സപ്തംബര്‍ 24 നു അഭിഭാഷകയായ കനിമൊഴി മതിയോടൊപ്പം തമിഴ് മയ്യം എന്ന സംഘടനയുടെ സ്ഥാപകനായ ജഗത് ഗാസ്പര്‍ രാജ് എന്ന പാതിരി കീഴടി സന്ദര്‍ശിച്ചു. മധുരയുടെ ചരിത്രം, സംസ്‌കാരം, പാരമ്പര്യം എന്നിവയെ ആധാരമാക്കി 2016 ഓഗസ്റ്റില്‍ നടന്ന സംഘം-4 എന്ന പത്തു ദിവസം നീണ്ടുനിന്ന ഉത്സവത്തിന്റെ സംഘാടകനാണ് ഇയാള്‍. അമര്‍നാഥ് രാമകൃഷ്ണന്‍ അവരെ ചുറ്റുമുള്ള കിടങ്ങുകള്‍ കാണിച്ചു. (Keezhadi treasures caught in a swirl, T.S. Subramanian, Frontline, Jan., 20, 2017)
ഫാ.ഗാസ്പര്‍ രാജും കനിമൊഴിയും അമര്‍നാഥ് രാമകൃഷ്ണനും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയത്. ഗാസ്പര്‍ രാജിന്റെ എന്‍.ജി.ഒ ആയ തമിഴ് മയ്യത്തിന്റെ സംയോജക കൂടിയായ കനിമൊഴി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചില്‍ ഒരു പൊതു താത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. കീഴടിയിലെ പുരാവസ്തുക്കള്‍ കര്‍ണാടകയിലേക്ക് മാറ്റാനോ ഖനനം ചെയ്ത കുഴികള്‍ അടയ്ക്കുവാനോ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ (ASI ) യെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. ഖനനം ചെയ്ത കിടങ്ങുകള്‍ അടയ്ക്കുന്നതില്‍ നിന്നും പുരാവസ്തുക്കള്‍ ശിവഗംഗ ജില്ലയ്ക്ക് പുറത്തുള്ള ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റുന്നതില്‍ നിന്നും ജഡ്ജിമാര്‍ അവരുടെ ഇടക്കാല ഉത്തരവില്‍ എ.എസ്.ഐയെ തടഞ്ഞു.
ഡി.എം.കെ നേതാവ് കനിമൊഴിയുമായുള്ള തന്റെ സഹവര്‍ത്തിത്വം ഒരു ദശകത്തിനും മുന്‍പേ താന്‍ പ്രവാസിയായിരുന്നപ്പോള്‍ തുടങ്ങിയതാണെന്നും അന്ന് ഡി.എം.കെ അധികാരത്തിലില്ലായിരുന്നുവെന്നും അവരുമായുള്ള ബന്ധം വിച്ഛേദിക്കുകയില്ലെന്നും റോമന്‍ കത്തോലിക്കാ പുരോഹിതനായ ഫാ. ജഗത്ത് ഗാസ്പര്‍ രാജ് പ്രസ്താവിച്ചു. .(Tamil Maiyam unfairly targeted: Gaspar, The Hindu, Dec., 16, 2010). ഡി.എം.കെയുടെ കുലപതിയായിരുന്ന കരുണാനിധിയുടെ മകള്‍ കനിമൊഴിയുമായി ഫാ. ജഗത്ത് ഗാസ്പര്‍ രാജിനു വളരെ അടുത്ത ബന്ധങ്ങളാണുണ്ടായിരുന്നതെന്നു ഇന്ത്യ ടുഡേയും റിപ്പോര്‍ട്ട് ചെയ്യുന്നു. ‘വിവാദ കത്തോലിക്കാ പുരോഹിതന്‍ എല്ലായ്‌പ്പോഴും ഒരുസംശയത്തിന്റെ നിഴലിലായിരുന്നു. കനിമൊഴിയുമായി ഇടപെടുന്നതിന് മുമ്പുതന്നെ, തമിഴ് പുലികളുടെ (എല്‍ ടി ടി ഇ) സാമ്പത്തിക വ്യവഹാരങ്ങളുടെ പ്രധാനകേന്ദ്രം എന്ന ആരോപണം ഇയാള്‍ക്കെതിരെ ഉണ്ടായി. എല്‍ ടി ടി ഇ അനുകൂല വെബ്‌സൈറ്റുകള്‍ അവരുടെ പണം ഇയാള്‍ ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചു. എല്‍ ടി ടി ഇ ബന്ധങ്ങളിലൂടെ ഗ്യാസ്പര്‍ രാജ് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള കഴിവുകള്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അത് രാജ-രാജാത്തി-കനിമൊഴി ത്രയങ്ങള്‍ക്ക്പ്രയോജനകരമായി മാറിയിരിക്കാം’. (Unmasking of a ‘literary heir’, India Today, Dec., 21, 2010).
‘ഗാസ്പര്‍ രാജ് മരിയ പോളിയന്‍’ എന്നാണ് അമേരിക്കയുടെ ഔദ്യോഗിക ക്രൈം രേഖകളില്‍ ഫാ. ഗാസ്പര്‍ രാജ് പരാമര്‍ശിക്കപ്പെടുന്നത്. 2003 നും ഓഗസ്റ്റ് 2006 നും ഇടയില്‍, ഗാസ്പര്‍ രാജ് മരിയ പോളിയന്‍, നാച്ചിമുത്തു സോക്രട്ടീസ്, ഫ്‌നു ലൂ, വിജയശാന്തര്‍ പട്പനാഥന്‍ എന്നിവര്‍ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് വിദേശ ഭീകരസംഘടനയെന്ന് കണക്കാക്കിയ ശ്രീലങ്കന്‍ സംഘമായ എല്‍ടിടിഇയെ പിന്തുണച്ച് ഒന്നിലധികം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു’ എന്ന് മുതിര്‍ന്ന ദേശീയ സുരക്ഷാവിദഗ്ദ്ധനായ ഡഗ്ലസ് സി. ലവ്‌ലേസ് ജൂനിയര്‍, എസ്‌ക്.(Terrorism Documents of International and Local Control, Academic, OUP, Vol. 91) (2008) ല്‍ ആരോപിച്ചു.
ഗാസ്പര്‍ രാജിന്റെ എല്‍ ടി ടി ഇ ബന്ധത്തെ ക്കുറിച്ച് ആഭ്യന്തര സുരക്ഷാ വിദഗ്ദ്ധന്‍ സിയോ ബന്‍ ഒ നീല്‍ Terrorist Precursor Crimes: Issues and Options for Congress (2007) ല്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ‘ഗാസ്പര്‍ രാജ് മരിയ പോളിയനും നാച്ചിമുത്തു സോക്രട്ടീസിനെ പോലുള്ള ചിലരും ചേര്‍ന്ന് എല്‍ടിടിഇയെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിദേശ തീവ്രവാദ സംഘടനാ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഗൂഢാലോചന നടത്തി” എന്ന് നീല്‍ പ്രസ്താവിച്ചു. 2006 ല്‍ ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്‌ററ്റിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ഗാസ്പര്‍ രാജ്, നാച്ചിമുത്തു സോക്രട്ടീസ് തുടങ്ങിയവര്‍ക്കെതിരെ എഫ്ബിഐയുടെ സ്‌പെഷ്യല്‍ ഏജന്റ് ജെയിംസ് ജെ. താരെക്കോയും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ശ്രീലങ്കന്‍ വിഘടനവാദി ഗ്രൂപ്പിനായി ആയുധ ഇടപാട് , കോഴ ഇടപാട് എന്നീ കുറ്റങ്ങള്‍ ചുമത്തി ഗാസ്പര്‍ രാജുമായി അടുത്ത ബന്ധമുള്ള നാച്ചിമുത്തു സോക്രട്ടീസിനെ അറസ്റ്റ് ചെയ്തിരുന്നു(13 Tied to Sri Lankan Separatists Are Charged by U.S. With Aiding Terrorists, The New York Times, Aug., 22, 2006).2013 സപ്തംബര്‍ 9 ന് രാജ്യസഭയിലെ മുതിര്‍ന്ന എംപി ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ഇപ്രകാരം ട്വീറ്റ് ചെയ്തു, ”തമിഴ് പുലികളുടെ ആയുധക്കടത്ത് സംബന്ധിച്ച ഏജന്റായ റെവറന്റ് ഗാസ്പര്‍ രാജിനെ ഇന്ത്യ കൈമാറണമെന്ന് എഫ്ബിഐ ആഗ്രഹിക്കുന്നു. എന്നാല്‍ ഇയാള്‍ പിസി, ബിസി, ടിഡികെ എന്നിവരുടെ സുഹൃത്താണ്. അതിനാല്‍ പരിരക്ഷിക്കപ്പെട്ടിരിക്കുന്നു’.
കീഴടിയില്‍ ഖനനം നടത്തുന്ന കെ. അമര്‍നാഥ് രാമകൃഷ്ണനുമായി ഗാസ്പര്‍ രാജ് അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. ഇന്ത്യന്‍ പുരാവസ്തു ചരിത്രത്തില്‍ കേട്ടിട്ടില്ലാത്ത വിധമുള്ള വിദേശവിഘടനവാദികളുമായുള്ള ഈ പുരാവസ്തു-ക്രിമിനല്‍ അവിശുദ്ധ ബന്ധത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം ആവശ്യമാണ്. തമിഴ്‌നാട്ടിലെ കൂടംകുളത്ത് ഇന്തോ-റഷ്യന്‍ ആണവ നിലയം കമ്മീഷന്‍ ചെയ്യുന്നതിനെതിരെ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ആണവോര്‍ജ്ജവിരുദ്ധ പീപ്പിള്‍സ് മൂവ്‌മെന്റ്(PMANE) കോര്‍ഡിനേറ്റര്‍ എസ്.പി. ഉദയകുമാറുമായും ഗാസ്പര്‍ രാജ് സജീവമായി ബന്ധപ്പെട്ടിരുന്നു (Kudankulam protesters disallow PM Manmohan Singh’s envoy to speak, The Economic Times, Sept. 21., 2011).
തൊണ്ണൂറുകളുടെ മധ്യത്തില്‍, ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് (എഫ്എബിസി) നടത്തുന്ന ഫിലിപ്പീന്‍സ് ആസ്ഥാനമായുള്ള റേഡിയോ വെരിറ്റാസ് ഏഷ്യയില്‍ ഗാസ്പര്‍ രാജ് ചേര്‍ന്നു. അതിന്റെ തമിഴ് വിഭാഗത്തിന്റെ ഡയറക്ടറുമായി. പിന്നീട്, 2002 ല്‍ കനിമൊഴിയെ സംയോജകയാക്കിക്കൊണ്ട് അയാള്‍ തമിഴ് മയ്യം സ്ഥാപിച്ചു. ഫാ.ജഗത്ത് ഗാസ്പര്‍ രാജ്, ഫാ. ലൂര്‍ഡു ആനന്ദം, ഫാ. വിന്‍സെന്റ് ചിന്നദുരൈ, കനിമൊഴി, ജെറാര്‍ഡ്, ജോസഫ് എനോക്, അഖില ശ്രീനിവാസന്‍, കെ. പാണ്ഡ്യരാജന്‍, ലത പാണ്ഡ്യരാജന്‍, അരുണ്‍ വീരപ്പന്‍ എന്നിവരായിരുന്നു ബോര്‍ഡ് ഓഫ് ട്രസ്റ്റികള്‍.
2 ജി അഴിമതിയുമായി ബന്ധപ്പെട്ട് 2010 ല്‍ സിബിഐ കരുണാനിധിയെയും കുടുംബത്തെയും റെയ്ഡ് ചെയ്തു. ”ചെന്നൈയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ റെയ്ഡ് കരുണാനിധിയും കനിമൊഴിയും ഇടപാടുകള്‍ നടത്തുന്ന കത്തോലിക്കാ പുരോഹിതനും തമിഴ് മയ്യം എന്ന എന്‍ജിഒ മേധാവിയുമായ ഫാദര്‍ ജെഗത്ത് ഗാസ്പര്‍ രാജിന്റേതാണ്. എന്‍ജിഒയുടെ ധനശേഖരത്തെയും വരുമാനത്തെയും സംബന്ധിച്ച് സിബിഐ ഗാസ്പര്‍ രാജിനെ ചോദ്യം ചെയ്തു ‘ എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.(2G scam: CBI raids rattle Karuna family, India Today, Dec., 16, 2010).ചെന്നൈ മാരത്തണ്‍ ഉള്‍പ്പെടെ നിരവധി സാംസ്‌കാരിക, കായിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ കനിമൊഴിയുമായി കൈകോര്‍ത്ത പ്രമുഖനായ എല്‍ടിടിഇ അനുകൂല പുരോഹിതന്‍ ഗാസ്പര്‍ രാജിനെ റെയ്ഡ് ചെയ്തത് പാര്‍ട്ടിക്കുള്ളില്‍ പരിഭ്രാന്തിയുണ്ടാക്കി. ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമായ മനിലയിലെ റേഡിയോ വെരിറ്റാസുമായി ദീര്‍ഘകാല കരാറുണ്ടായിരുന്ന ഗാസ്പര്‍ രാജ് ചെന്നൈയിലേക്ക് മടങ്ങുകയും എല്‍.ടി.ടി.ഇ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ‘തമിഴ് മയ്യം’ സമാരംഭിച്ചപ്പോള്‍ അതിന്റെ നിര്‍വ്വാഹകരില്‍ ഒരാളായിരുന്നു കനിമൊഴി. എല്‍.ടി.ടി.ഇ നേതാവ് പ്രഭാകരനെ കാണാന്‍ വന്നികാടുകളില്‍ പോയ ശേഷം തമിഴ് പ്രവാസികളുമായി ഗാസ്പര്‍ രാജ് സമ്പര്‍ക്കം പുലര്‍ത്തി.
‘ചെന്നൈ സംഗമം’ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇറക്കിയ പരസ്യങ്ങളില്‍ സി.ബി.ഐ റെയ്ഡ് ചെയ്ത എന്‍ജിഒ തമിഴ് മയ്യത്തിന്റെ പേരുണ്ടാകരുതെന്ന് 2011 ജനുവരി 7 ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പിന്നീട്, സര്‍ക്കാര്‍ നടത്തുന്നസാംസ്‌കാരിക പരിപാടിയുടെ പരസ്യങ്ങളില്‍ തമിഴ് മയ്യത്തിന്റെ പേര് ഉള്‍പ്പെടുത്തിയതിന് ഹൈക്കോടതി തമിഴ്‌നാട് ടൂറിസം സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസ് നല്‍കി (HC contempt notice over Chennai Sangamam, The New Indian Express, Jan., 24, 2011).
കീഴടി ഖനനത്തിന്റെ തലവന്‍ കെ. അമര്‍നാഥ് രാമകൃഷ്ണയുടെ ഗാസ്പര്‍ രാജുമായുള്ള ബന്ധം അവഗണിക്കാനാവില്ല. പൊതുതാല്‍പര്യഹരജി സമര്‍പ്പിച്ചതിന് ഗാസ്പര്‍ രാജിനെയും കനിമൊഴിയെയും പിന്തുണയ്ക്കുന്നതില്‍ അമര്‍നാഥ് രാമകൃഷ്ണന്‍ കാണിച്ച ആവേശം മനസ്സിലാക്കേണ്ടതുണ്ട്. 2016 ല്‍ പട്ടണം ഖനനത്തില്‍ കെസിഎച്ച്ആര്‍ സ്വീകരിച്ച അശാസ്ത്രീയ സമീപനങ്ങളെക്കുറിച്ച് എഎസ്‌ഐ അന്വേഷണം തുടങ്ങിയപ്പോള്‍, അമര്‍നാഥ് രാമകൃഷ്ണന്‍ എഎസ്‌ഐ ബംഗളൂരു സര്‍ക്കിളിലെ പുരാവസ്തുഗവേഷണ സൂപ്രണ്ടായിരുന്നു.(ASI probe into KCHR’s ‘Pattanam excavations’, Business Standard, Jan. 5, 2016). അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ അറിയില്ല, പക്ഷേ അമര്‍നാഥ് രാമകൃഷ്ണന്‍ പിന്നീട് കീഴടി ഖനനത്തിന്റെ ചുമതലയേറ്റു. അപ്പോസ്തലനായ തോമസിന്റെ ചരിത്രപരത തെളിയിക്കാന്‍ ഇടതുപക്ഷത്തിനും സഭാചരിത്രകാരന്മാര്‍ക്കും അനുകൂലമായ ഒരു റിപ്പോര്‍ട്ട് അദ്ദേഹം തയ്യാറാക്കിയിരിക്കാം.
പട്ടണത്തെ കീഴടിയുടെ ആശ്രിതസ്ഥാനമാക്കി മാറ്റാന്‍ തീക്ഷ്ണമായ ശ്രമങ്ങള്‍ നടക്കുന്നു. തമിഴ്‌നാട് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ശിവാനന്ദം പട്ടണത്തെക്കുറിച്ച് ഖനനവിദഗ്ദ്ധന്‍ പി.ജെ.ചെറിയാന്റെ ഒരു പ്രഭാഷണം ചെന്നൈയില്‍ നടത്തി. പട്ടണത്തില്‍ നിന്നും കീഴടിയില്‍ നിന്നും ഖനനം ചെയ്‌തെടുത്ത വസ്തുക്കള്‍ സമാനമാണെന്നും അതിനാല്‍ അവ തമ്മില്‍ ബന്ധമുണ്ടെന്നും ചെറിയാന്‍ അവകാശപ്പെട്ടു.(Pattanam, Keezhadi excavated materials similar, says expert, Deccan Chronicle, Oct. 31, 2018).
ഖനനം ചെയ്ത പുരാവസ്തുക്കള്‍ തമിഴ്‌നാട്ടിലെ എന്‍ജിഒകള്‍ക്ക് നേരിട്ട് പ്രാപ്യമാണ്. പി.ജെ.ചെറിയാന്‍ ‘PAMA ‘ എന്ന പേരില്‍ ഒരു എന്‍ജിഒ നടത്തുന്നു, ‘Rediscovering the ancient sites in Tamilakam’ എന്ന അതിന്റെ പുതിയ സംരംഭം വഴി അദ്ദേഹം കേരളത്തിലെയും തമിഴ്‌നാട്ടിലെയും പട്ടണം, കീഴടി, കൊടുമണല്‍ എന്നീ പുരാവസ്തു പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. തമിഴ്‌നാട് പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള നിരവധി പുരാവസ്തു സ്ഥലങ്ങളില്‍ നിന്ന് ഖനനം ചെയ്ത വസ്തുക്കളുടെ രേഖകള്‍ തന്റെ പക്കലുണ്ടായിരുന്നു”എന്ന് അദ്ദേഹം അവകാശപ്പെടുന്നു (Do ancient Tamilakam sites deserve rediscovery, The Times of India, Nov 30, 2018). കീഴടി പുരാവസ്തുക്കള്‍ പഠനത്തിനായി കര്‍ണാടകയിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട്കത്തോലിക്കാ പുരോഹിതന്മാരായ ലൂര്‍ദ് ആനന്ദം, വിന്‍സെന്റ് ചിന്നാദുരൈ എന്നിവരുള്‍പ്പെട്ട ഗാസ്പര്‍ രാജിന്റെ എന്‍ജിഒ തമിഴ് മയ്യം ഒരു പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ഖനനം ചെയ്‌തെടുത്ത വസ്തുക്കളില്‍ ഇവര്‍ക്ക് സ്വാധീനമുണ്ടെന്നും അവയില്‍ കൃത്രിമം കാട്ടി ചരിത്രം വക്രീകരിക്കാന്‍ ഇവര്‍ക്ക് കഴിയുമെന്നും ഈ എന്‍ജിഒകളുടെ അത്തരം ആവശ്യങ്ങള്‍ കാണിക്കുന്നു.
തമിഴ്‌നാട്ടില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഈഎന്‍ജിഒകള്‍ക്ക് 2013-14ല്‍ പരമാവധി 547 കോടി രൂപ വിദേശ ധനസഹായം ലഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ കാണിക്കുന്നു . (T.N. NGOs received maximum foreign funds in 2013-14’, The Hindu, Nov., 26, 2014). ക്രിസ്ത്യന്‍ സംഘടനകളുടെ സാന്നിധ്യം മൂലം വിദേശ ധനസഹായത്തില്‍ തെക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നാമതാണെന്ന് വൊളണ്ടറി ആക്ഷന്‍ നെറ്റ്‌വര്‍ക്ക് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ മാത്യു ചെറിയാന്‍ പറയുന്നു.(Foreign funds pour in; 3,000 Ngo’s get over Rs. 22,000 cr., The Hindu, Aug. 3, 2016).തമിഴ്നാട്ടിലെ എന്‍ജിഒകള്‍ക്ക് ഗണ്യമായ തോതില്‍ ധനസഹായം ലഭിച്ചു, അതില്‍ 33% അമേരിക്കയില്‍ നിന്നാണ്. (Rajnath Singh launches online tool to monitor foreign-funded NGOs, The Economic Times, Jan. 2, 2018).
കീഴടിയില്‍ പുരാവസ്തുക്കള്‍ ഡെറാഡൂണിലെ കെമിസ്ട്രി ബ്രാഞ്ച് ആസ്ഥാനത്തേക്കോ രാജ്യത്തെ മറ്റേതെങ്കിലും പരീക്ഷണശാലയിലേക്കോ മാറ്റാന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് 2016 നവംബര്‍ 24 ന് എ.എസ്.ഐക്ക് അനുമതി നല്‍കി.”പുരാവസ്തുക്കളുടെ ശരിയായ പരിശോധനയ്ക്ക് ആവശ്യമായ വിപുലമായ സൗകര്യങ്ങള്‍ ചെന്നൈയിലെ എ.എസ്.ഐയുടെ കെമിസ്ട്രി ലബോറട്ടറിയില്‍ ഇല്ലാത്തതിനാല്‍ ഖനനം ചെയ്ത വസ്തുക്കളുടെ ആവശ്യമായ എല്ലാ പരിശോധനയും അവിടെനടത്താന്‍ കഴിയില്ല” എന്ന എ.എസ്.ഐ ഡയറക്ടര്‍ ജനറല്‍ രാകേഷ് തിവാരി സമര്‍പ്പിച്ച സബ്മിഷന്‍ അടിസ്ഥാനമാക്കിയാണ് ജഡ്ജിമാര്‍ തീരുമാനമെടുത്തത് (More excavation only after report in Frontline, Jan., 20, 2017).
അമര്‍നാഥ് രാമകൃഷ്ണന്‍ നടത്തിയ കീഴടി ഖനനത്തെക്കുറിച്ച് എ.എസ്.ഐക്ക് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസം ഗവേഷണത്തിന്റെ മൂന്നാം ഘട്ടത്തിലേക്കുള്ള ഉത്ഖനന ലൈസന്‍സും ഫണ്ടും അനുവദിക്കുന്നതിനു തടസ്സമുണ്ടാക്കി. ഇത് അമര്‍നാഥും എന്‍ജിഒകളും മറച്ചുവെച്ചു. മൂന്നാം ഘട്ടത്തില്‍ ഖനനം നടത്താന്‍ അമര്‍നാഥ് രാമകൃഷ്ണന് എ.എസ്.ഐ ലൈസന്‍സ് നല്‍കുമോ എന്ന് 2017-ല്‍ ചോദിച്ചപ്പോള്‍ ഡയറക്ടര്‍ ജനറല്‍ ഇപ്രകാരമാണ് പറഞ്ഞത് : ‘ഉത്ഖനനത്തിന്റെയും ആദ്യത്തെ രണ്ട് വര്‍ഷത്തിനുള്ളില്‍ കണ്ടെത്തിയ പുരാവസ്തുക്കളുടെയും രേഖാനിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം മൂന്നാം വര്‍ഷത്തേക്കുള്ള ലൈസന്‍സ് നല്‍കും. അല്ലെങ്കില്‍, റിപ്പോര്‍ട്ട് ഒരിക്കലും വരികയില്ല.’ (More excavation only after report, Frontline, Jan. 20, 2017). അമര്‍നാഥ് രാമകൃഷ്ണന്‍ ആദ്യ രണ്ട് വര്‍ഷത്തെ ഗവേഷണത്തെക്കുറിച്ച് ഹ്രസ്വവും അപൂര്‍ണ്ണവുമായ രേഖകള്‍ മാത്രമാണ് സമര്‍പ്പിച്ചതെന്നും ”വിശദമായ റിപ്പോര്‍ട്ട്” എഴുതിയതിന് ശേഷമേ അദ്ദേഹത്തിന് അനുമതി നല്‍കുകയുള്ളുവെന്നും പിന്നീട് എ.എസ്.ഐ ഡയറക്ടര്‍ ജനറല്‍ രാകേഷ് തിവാരി വ്യക്തമാക്കി.അമര്‍നാഥ് രാമകൃഷ്ണനെ എ.എസ്.ഐയുടെ ഗുവാഹത്തി സര്‍ക്കിളിലേക്ക് മാറ്റിയ ശേഷമാണ് വിവാദങ്ങള്‍ ആരംഭിച്ചത്. കേരളത്തിലെ അഴിമതി നിറഞ്ഞ പട്ടണം ഖനനം നടത്തിയതിന് അമര്‍നാഥ് രാമകൃഷ്ണനോട് നന്ദിയുള്ള ഇടതുപാര്‍ട്ടികള്‍ സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ചു. (CPI-M) flays Centre’s direction on Keezhadi excavations, The Hindu, Oct. 6, 2018).
2018 ഏപ്രിലില്‍, വടക്കേ അമേരിക്കയിലെ തമിഴ് സംഘങ്ങളുടെ ഫെഡറേഷന്‍ (ഫെറ്റ്‌ന) അമര്‍നാഥ് രാമകൃഷ്ണനെ കീഴടി ഉത്ഖനനത്തെക്കുറിച്ച് ഒരു പ്രഭാഷണം നടത്താന്‍ ക്ഷണിച്ചു. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ ശ്രീലങ്കന്‍ തമിഴ് വംശജരായ ജനതയെ ഫെറ്റ്‌ന പരസ്യമായി പിന്തുണച്ചതുകൊണ്ടാകാം ഈ പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാന്‍ എ.എസ്.ഐ അദ്ദേഹത്തിന് അനുമതി നിഷേധിച്ചത്. ഗാസ്പര്‍ രാജ് ഒരു അഭിമുഖത്തില്‍ ശ്രീലങ്കയിലെ തമിഴ് ഗ്രൂപ്പുകളെക്കുറിച്ച് സംശയലേശമെന്യേ ഇങ്ങനെ പറഞ്ഞു, ”ഞങ്ങള്‍ക്ക് ഒരു മാതൃരാജ്യമുണ്ടായിരുന്നു, ഞങ്ങള്‍ക്ക് ഒരു മാതൃരാജ്യമുണ്ട്, ഞങ്ങള്‍ക്ക് ഒരു മാതൃരാജ്യത്തിനുള്ള അവകാശവുമുണ്ട്. ഞങ്ങള്‍ക്ക് സ്വന്തമായി ചരിത്രം, ഭാഷ, സംസ്‌കാരം, ജീവിതരീതി എന്നിവ ഉള്ളതിനാല്‍ സ്വയം നിര്‍ണ്ണയിക്കാനുള്ള അവകാശമുണ്ട്.” (Tamil Eelam not a lost cause: Fr. Jegath Gaspar, TamilNet, Nov. 3, 2009). തമിഴ് സംസ്‌കാരത്തെ ക്രൈസ്തവവല്‍ക്കരിക്കുന്നതിനു ഫെറ്റ്‌ന ഗാസ്പര്‍ രാജിനെ ആദരിച്ചു.
ഫെറ്റ്‌ന മുഖ്യ സ്‌പോണ്‍സര്‍ ആയ പത്താമത് ലോക തമിഴ് സമ്മേളനം 2019 ജൂലൈയില്‍ ചിക്കാഗോയില്‍ നടന്നു. തമിഴ് പണ്ഡിതനായ റവ. ജി.യു. പോപ്പിന്റെ 200ാം ജന്മവാര്‍ഷികത്തിലേക്ക് സമര്‍പ്പിച്ച അതിന്റെ പ്രധാന പ്രമേയം ‘കീഴടി നം തായ് മടി’ (ഞങ്ങളുടെ തമിഴ് അമ്മയുടെ മടിയില്‍ – കീഴടി ഉത്ഖനനം) ആയിരുന്നു. 10th edition of World Tamil Conference in Chicago from July 4, The New Indian Express, June 26, 2019). ബിഷപ്പ് റോബര്‍ട്ട് കാള്‍ഡ്‌വെല്‍ ആണ് തമിഴ്‌നാട്ടില്‍ ദ്രാവിഡ പ്രത്യയശാസ്ത്രം ആരംഭിച്ചത്. കാള്‍ഡ്‌വെല്ലിനെ ദ്രാവിഡ പഠനങ്ങളില്‍ സഹായിച്ചത് ജി.യു. പോപ്പ്, ജെ. ബ്രിഗല്‍, ജെ. ക്ലേ, ജെ. ഡോസണ്‍, ഇ. ഡീസ്, എഫ്. കിറ്റെല്‍, എഫ്. മെറ്റ്‌സ്, എ. ഗ്രേറ്റര്‍, സി ഗ്രൗള്‍, എച്ച്. ഗുണ്ടര്‍ട്ട് തുടങ്ങിയ മിഷനറിമാരുടെ ഒരു നിരയായിരുന്നു.
കീഴടി ഖനനത്തിനൊപ്പം, അപ്പോസ്തലനായ തോമസിനെ ചരിത്രവത്കരിക്കാനുള്ള തീക്ഷ്ണമായ ശ്രമങ്ങളും ശക്തി പ്രാപിച്ചു. ‘മതപരിവര്‍ത്തനം ഇഷ്ടപ്പെടാത്ത ഒരു കൂട്ടം ഹിന്ദുക്കളാണ് അപ്പോസ്തലനായ തോമസിനെ കൊലപ്പെടുത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു” എന്ന് കത്തോലിക്കാ പുരോഹിതന്‍ പി ജെ ലോറന്‍സ് രാജ് കത്തോലിക്കാ ലോകത്തെ മെത്രാന്മാരെ അറിയിച്ചു. ചെന്നൈയിലെ റോമന്‍ കത്തോലിക്കാ ലോകത്തിന്റെ മുഖ്യധാരയില്‍ സെന്റ് തോമസിനെ പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഗാസ്പര്‍ രാജ് നടത്തി. (An apostle returns: Bringing St. Thomas back to Chennai, The Hindu, Oct. 27, 2018).
തമിഴ് സംസ്‌കാരത്തിന്റെ വക്താക്കളായി ചമഞ്ഞുകൊണ്ട്,സാംസ്‌കാരിക ശേഷിപ്പുകള്‍ കൃത്രിമവല്‍ക്കരിക്കുക, അപ്പോസ്തലനായ തോമസിനെപ്പോലുള്ള മിഷനറിമാരെ സംസ്‌കാരത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തുക, തമിഴ്‌നാട്, കേരളത്തിന്റെ ചില ഭാഗങ്ങള്‍, ശ്രീലങ്ക എന്നിവയുള്‍പ്പെടെ ഒരു പ്രത്യേക രാഷ്ട്രം ആവശ്യപ്പെടുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചര്‍ച്ച് സ്‌പോണ്‍സര്‍ ചെയ്ത എന്‍ജിഒകളാണ് കീഴടി പോലുള്ള പുരാവസ്തു കേന്ദ്രങ്ങള്‍ നിയന്ത്രിക്കുന്നത്.
ലയണല്‍ കാപ്ലാനും (1987) സൂസന്‍ ബെയ്‌ലിയും (1994) തമിഴ്‌നാട്ടില്‍ വളരുന്ന ക്രിസ്ത്യന്‍ മതമൗലികവാദം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്റ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ആന്റ് കമ്മ്യൂണിക്കേഷന്റെ പ്രൊഫ. പ്രദീപ് നൈനാന്‍ തോമസ്, ക്രിസ്ത്യന്‍ മതമൗലികവാദ ഗ്രൂപ്പുകളുടെ കുത്തകാവകാശമുള്ള തമിഴ്‌നാട്ടിലെ പ്രധാന പള്ളികള്‍ക്ക്, അവരുടെ തീക്ഷ്ണമായ ഹിന്ദു വിരുദ്ധ പ്രചാരണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. യുഎസ് ആസ്ഥാനമായുള്ള യാഥാസ്ഥിതിക വിഭാഗങ്ങള്‍ ഇന്ത്യയിലെ നവ ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നുവെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ വിഭാഗീയ സംഘര്‍ഷത്തെ ഉളവാക്കുന്നുവെന്നും തോമസ് പറഞ്ഞു.(Mainline Churches Must Address Christian Fundamentalism, Says Scholar, Ucanews, Aug. 14, 2008).
ദ്രാവിഡ രാഷ്ട്രീയവും പ്രത്യയശാസ്ത്രവുംതമിഴ്‌നാട്ടിലെ ക്രിസ്ത്യന്‍ മതമൗലികവാദവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനെക്കുറിച്ചു Religion, Zealous Media: Christian Fundamentalism and Communication എന്ന തന്റെ പുസ്തകത്തില്‍, പ്രദീപ് നിനാന്‍ തോമസ് ചര്‍ച്ച ചെയ്യുന്നുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം 1991 ല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഇടത് ബുദ്ധിജീവികള്‍ക്കുള്ള ഒരു ബദല്‍ നിയമന പരിശീലന കേന്ദ്രമായി ആരംഭിച്ച സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി (സിഇയു) സ്ഥാപിച്ചത് ഇടതുപക്ഷ-കോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് ആണ്. എന്നാല്‍ ദേശീയ സ്വത്വം ഇല്ലാതെയാക്കുന്നതിന് സോറോസ് ഒരു ‘സോറോസ് പദ്ധതിക്ക്’ ധനസഹായം നല്‍കുന്നുവെന്ന് ആരോപിച്ച പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ സര്‍ക്കാര്‍ സി.ഇ.യുവിനെ ഹംഗറിയില്‍ നിന്ന് പുറത്താക്കി. പട്ടണം ഖനനം മുന്‍ ഡയറ്കടര്‍ പി.ജെ. ചെറിയാന്റെ കീഴിലായിരുന്ന കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചുമായി (കെ.സി.എച്ച്.ആര്‍) സഹകരിച്ചാണ് സി.ഇ.യു കേരളത്തില്‍ അവരുടെ സ്വപ്‌നപദ്ധതി ആരംഭിച്ചത്. 2018 ഒക്ടോബര്‍ 31 ലെ ഡെക്കാന്‍ ക്രോണിക്കിളില്‍ റിപ്പോര്‍ട്ടുചെയ്ത പ്രകാരം പട്ടണവും കീഴാടിയും തമ്മില്‍ പുരാവസ്തു തെളിവുകളുടെ അടിസ്ഥാനത്തില്‍ സമാനമായ സാംസ്‌കാരിക ബന്ധമുണ്ടെന്ന് പിജെ ചെറിയാന്‍ അവകാശപ്പെടുന്നു. ബൈസന്റൈന്‍ ചരിത്രത്തെയും മധ്യകാല ക്രിസ്തുമതത്തെയും കുറിച്ചുള്ള പണ്ഡിതനായ സിഇയുവിലെ പ്രൊഫ. ഇസ്താന്‍ പെര്‍സെല്‍, കേരളത്തിലെപട്ടണം ഉത്ഖനനത്തിന്റെ രക്ഷാധികാരികളില്‍ ഒരാളാണ്.
പുരാതന തമിഴകം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ പട്ടണം, മതിലകം എന്നിവ ഖനനം ചെയ്യുന്നതിന് പി.ജെ.ചെറിയന്റെ എന്‍ജിഒ പാമയ്ക്ക് അടുത്തിടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അനുമതി നല്‍കി (ടൈംസ് ഓഫ് ഇന്ത്യ ജനുവരി 27, 2020). നേരത്തെ, ഖനനത്തില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ കാരണം, എ.എസ്.ഐയുടെ കേന്ദ്ര ഉപദേശക സമിതി 2015 സെപ്റ്റംബറില്‍ പട്ടണം ഖനനം നിര്‍ത്താന്‍ കെ.സി.എച്ച്.ആറിനോട് ആവശ്യപ്പെട്ടു. പരാതികളെത്തുടര്‍ന്ന് 2016 ജനുവരിയില്‍ പട്ടണം ഖനനത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ എ.എസ്.ഐ ഉത്തരവിട്ടു. പ്രൊഫസര്‍ ആര്‍.വി.ജി മേനോന്‍ ആണ് പാമയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍. സി.പി.ഐ (എം) കയ്യടക്കിയകേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു മേനോന്‍. പട്ടണത്തിലെ സംശയാസ്പദമായ ഖനനത്തെക്കുറിച്ചും സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും ഉള്ള ശക്തമായ ആരോപണങ്ങളെക്കുറിച്ച് പ്രൊഫ. മേനോന്‍ അജ്ഞനാണോ എന്നതാണ് ഈ ഘട്ടത്തില്‍ ഉണ്ടാകുന്ന ചോദ്യം. ഫാദര്‍ ഗാസ്പര്‍ രാജിന്റെയും വിദേശധനസഹായമുള്ള എല്‍ടിടിഇ ഗ്രൂപ്പുകളുടെയും നിയന്ത്രണത്തിലുള്ള കീഴടിയുമായുള്ള പട്ടണത്തിന്റെ ശക്തമായ ബന്ധം പദ്ധതിയുടെ പിന്നിലെ ആഗോള അജണ്ടയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
(ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)