പിണറായി വിജയന്റെ ബാഗിനകത്ത് മുമ്പ് വെടിയുണ്ടയായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ മഹാ മാര്‍ക്‌സിസ്റ്റ് സര്‍വ്വസമ്മോഹന ഭൈരവയന്ത്രമാണെന്ന് കുട്ടിസഖാക്കള്‍ കുശുകുശുക്കുന്നു. അതിനു അവര്‍ക്ക് മതിയായ കാരണവുമുണ്ട്. ഏ.കെ. ജി. സെന്ററിലെ ഗുഢ അറയില്‍ വെച്ച് മാര്‍ക്‌സിസ്റ്റ് മന്ത്രം ലക്ഷാവധി ഉരുവിട്ട് സിദ്ധിവരുത്തിയ മഹാ മാര്‍ക്‌സിസ്റ്റ് യന്ത്രം കയ്യിലുണ്ടെങ്കില്‍ സര്‍വ്വാഭിഷ്ടലബ്ധി മാത്രമല്ല സ്തംഭനം, മാരണം എന്നീ ഫലങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. അത്ര ഉഗ്രന്‍ ശേഷിയുള്ള യന്ത്രമാണ് പിണറായിയുടെ ബാഗില്‍ കിടക്കുന്നത്. അതിന്റെ ശക്തി കണ്ട് സഖാക്കള്‍ അന്തം വിട്ടു നില്ക്കുകയാണ്. ഇതിന്റെ ബലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രണ്ടു തവണയല്ലേ നിയമസഭ പ്രമേയം പാസാക്കിയത്. ജനങ്ങളെ മുഴുവന്‍ വിറപ്പിച്ച കൊറോണയെ വരെ പിണറായിയും ശൈലജ ടീച്ചറും കൂടി വളച്ചൊടിച്ച് കീശയിലാക്കിയില്ലേ! കൊറോണ കൊണ്ട് പ്രതിച്ഛായ ഉയര്‍ന്നത് ടീച്ചര്‍ക്കല്ലേ? പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിച്ച സഖാക്കളുടെ കഥ കൊറോണയില്‍ മുങ്ങിപ്പോയില്ലേ! ഇത് യന്ത്രത്തിന്റെ അഭീഷ്ടസിദ്ധിവിശേഷം. സ്തംഭനത്തിന്റെ ഇരയായത് ചെന്നിത്തലയാണ്. ടീച്ചര്‍ക്കെതിരെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ചെന്നിത്തലക്കെതിരെ ട്രോളര്‍മാരുടെ മഹാമാരി പ്രളയം. നിയമസഭയില്‍ ടീച്ചറുടെ നെഞ്ചുപൊട്ടിക്കരച്ചിലും ശപിക്കലും. എല്ലാം ഏറ്റ് പ്രതിപക്ഷ നേതാവ് സ്തംഭിച്ചു പോയി. അടുത്തത് യന്ത്രത്തിന്റെ മാരണ ശക്തിയാണ്. അത് ഏറ്റത് കേന്ദ്രസര്‍ക്കാറിനാണ്. പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്ന് നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ തന്നെ മോദി മനസ്സിലാക്കി കീഴടങ്ങേണ്ടതായിരുന്നു. പിണറായിയുടെ കയ്യിലെ യന്ത്രത്തിന്റെ ശക്തികൊണ്ട് പ്രതിപക്ഷം കൂടി പിന്തുണച്ച നിയമസഭാ പ്രമേയം കേന്ദ്രസര്‍ക്കാറിനെതിരെ തൊടുത്തു വിട്ടു. കൊറോണ മൂലം ഇന്ത്യക്കാര്‍ ഇറ്റലിയില്‍ കുടുങ്ങിയതിന് ഉത്തരവാദി കേന്ദ്രസര്‍ക്കാറാണെന്ന രണ്ടാമത്തെ പ്രമേയവും പാസായത് ഈ യന്ത്രത്തിന്റെ ശക്തികൊണ്ടാണ്. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച തഞ്ചം നോക്കി പ്രമേയം പാസാക്കിയതും ഇതിന്റെ ബലത്തിലാണ്. യന്ത്രത്തിന്റെ ഗുണങ്ങളെക്കുറിച്ച് ഇനി ആര്‍ക്കും സംശയം ഉണ്ടാവില്ല സഖാവേ. ഈ യന്ത്രം ഇനി ആര്‍ക്കൊക്കെ എതിരെ പ്രയോഗിക്കും എന്നതിലേ സംശയമുള്ളു.
പിണറായിയുടെയും കോടിയേരിയുടെയും പ്രതിച്ഛായ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. രണ്ടു പേരും അമേരിക്കയിലെ ചികിത്സയിലുമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ഭരിക്കുന്ന ആദ്യ വനിതാ മുഖ്യമന്ത്രിയായി ശൈലജ ടീച്ചറെ ഉയത്തിപ്പിടിക്കാനാണ് പാര്‍ട്ടി നീക്കം എന്നാണ് സംസാരം. തിരഞ്ഞെടുപ്പ് കഴിയും വരെ ഇങ്ങനെ പറയും. പാലം കടന്നാല്‍ കൂരായണ എന്ന ചൊല്ല് പോലെ പാര്‍ട്ടിക്കാര്‍ ടീച്ചറെ പാലം വലിക്കുമോ? ഗൗരിയമ്മ അതിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെ എം.പി സ്ഥാനത്തിനു വരെ പാലം വലിച്ചവരുണ്ട് കേരളത്തിലെ പാര്‍ട്ടിയില്‍. അതിനാല്‍ മാര്‍ക്‌സിസ്റ്റ് മഹാഭൈരവ യന്ത്രമേ ടീച്ചര്‍ക്ക് നീ തന്നെ തുണ!