കലാപം ഹിന്ദുത്വവിരുദ്ധര്‍ക്ക് ചാകരയാണ്. ഒരു കലാപമുണ്ടാവാന്‍ വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നവരാണവര്‍. കുറ്റം ഹിന്ദുക്കളുടെ തലയില്‍ കെട്ടിവെക്കാം; കലാപത്തിന്റെ പേരില്‍ വലിയ ഫണ്ട് പിരിച്ച് കീശവീര്‍പ്പിക്കാം – കലാപം വന്നാല്‍ അവര്‍ക്ക് രണ്ടാണ് നേട്ടം. മുതലക്കണ്ണീരുമായി കലാപബാധിതപ്രദേശത്തേയ്ക്ക് ഇക്കൂട്ടരുടെ പ്രവാഹമാണ്. അവിടുത്തെ മുസ്ലീങ്ങളെ കെട്ടിപ്പിടിക്കല്‍, ആശ്വസിപ്പിക്കല്‍, സഹായ വാഗ്ദാനം നല്‍കല്‍ ഇതൊക്കെ സ്ഥിരം നമ്പറുകളാണ്. എന്‍.ജി.ഒകളടക്കമുള്ള ഇക്കൂട്ടര്‍ വാഗ്ദാനം ചെയ്ത പണം കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ കലാപബാധിത പ്രദേശത്തെ ഓരോ മുസ്ലീമും ടാറ്റയേയും ബിര്‍ളയേയും വെല്ലുന്ന സമ്പന്നരാകുമായിരുന്നു. എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചാണ്. തിരിച്ചു നാട്ടിലെത്തി ബക്കറ്റു പിരിവു മുതല്‍ വന്‍തുകയുടെ ഫണ്ട് പിരിവു വരെ നടത്തി ഹിന്ദുവിരുദ്ധര്‍ കീശവീര്‍പ്പിക്കും. ആരെങ്കിലും ഒച്ചപ്പാടാക്കിയാല്‍ കലാപബാധിതര്‍ക്ക് നക്കാപ്പീച്ച നല്‍കി വായടപ്പിക്കും. വീടുനിര്‍മ്മിച്ചു നല്‍കാമെന്നു യൂത്തുലീഗുകാര്‍ വാഗ്ദാനം നല്‍കിയ ഗുജറാത്ത് കലാപബാധിതരുടെ കഥ മറക്കാറായിട്ടില്ല. ടീറ്റ സെത്തല്‍വാദ് ഗുല്‍ബര്‍ഗ കോളനി നിവാസികളുടെ പേരില്‍ കയ്യിലാക്കിയ ഫണ്ട് സംബന്ധിച്ച് കോടതിയില്‍ കേസ് നടക്കുകയാണ്. അന്നത്തെ ‘ഇര’കളായ കുത്തബുദ്ദീന്‍ അന്‍സാരി മുതലായവര്‍ ഇന്നും ദരിദ്രവാസികളായി കഴിയുന്നു.
കേന്ദ്രത്തില്‍ മോദി ഭരണം വന്നതോടെ കലാപ ഫണ്ട് എന്ന ഹിന്ദുത്വവിരുദ്ധരുടെ വയറ്റുപ്പിഴപ്പ് നിന്നുപോയിരുന്നു. അവരെത്ര ശ്രമിച്ചിട്ടും രാജ്യത്ത് കലാപങ്ങള്‍ ഉണ്ടായില്ല. ഇപ്പോഴിതാ അവര്‍ക്കു മുമ്പില്‍ ഒരു കലാപം വീണുകിട്ടിയിരിക്കുന്നു – ദല്‍ഹി കലാപം. സി.എ.എ. വിരോധത്തിന്റെ കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍ കിട്ടിയ സുവര്‍ണ്ണാവസരം. ലീഗുനേതാക്കള്‍ ദല്‍ഹിയ്ക്ക് വെച്ചുപിടിച്ചു. സകലവാഗ്ദാനവും നല്‍കി അവര്‍ തിരിച്ചെത്തി. ഇനി പണപ്പിരിവിന്റെ സമയം. മാര്‍ക്‌സിസ്റ്റുകാര്‍ ബക്കറ്റുമായി രംഗത്തെത്തി. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും ഫണ്ടുപിരിവു തുടങ്ങി. വെള്ളിയാഴ്ച പള്ളികളില്‍ പിരിവു നടക്കുന്നു. മഹല്ലുകമ്മിറ്റികളും പള്ളിക്കമ്മറ്റികളും പണം പിരിക്കാന്‍ തുടങ്ങി. ഇതൊക്കെ ദല്‍ഹിയിലെത്തുമോ എന്നേ അറിയേണ്ടതുള്ളു.