പുരാതന ഗ്രീക്ക് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഇതിഹാസകാവ്യങ്ങളാണ് ഹോമര്‍ എന്ന കവി രചിച്ച ‘ഇലിയഡ്’, ‘ഒഡീസി’ എന്നിവ. ട്രോജന്‍ യുദ്ധത്തിനു ശേഷം ഇത്താക്കയിലെ രാജാവായ ഒഡീസിയസ് സ്വദേശത്തേക്കു മടങ്ങാന്‍ നടത്തുന്ന പത്തു വര്‍ഷത്തെ സാഹസികയാത്രയാണ് ‘ഒഡിസി’യുടെ ഇതിവൃത്തം. 24 ഗ്രന്ഥങ്ങളിലായി ഏകദേശം 12,110 വരികളുള്ള ഈ മഹാകാവ്യം പാശ്ചാത്യസാഹിത്യ പാരമ്പര്യത്തിന്റെ അടിസ്ഥാനശിലയായി കണക്കാക്കപ്പെടുന്നു.
പുരാതന ഗ്രീക്ക് കവി ഹോമറിന്റെ ഇതിഹാസകാവ്യമായ ‘ദി ഒഡീസി’ ക്രിസ്റ്റഫര്‍ നോളന്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. അത് കണ്ടാല്‍ മനസ്സില്‍ തെളിയുക ഭാരതത്തിന്റെ ആദിമഹാകവി വാല്മീകിയാല്‍ വിരചിതമായ, ഭാരതീയസംസ്‌കാരത്തിന്റെ അടിത്തറയായ പുരാതന ഇതിഹാസകാവ്യമായ രാമായണം തന്നെയാണ്. ഏഴ് കാണ്ഡങ്ങളിലായി ഏകദേശം 24,000 ശ്ലോകങ്ങളുള്ള ഈ ബൃഹദ് കാവ്യം ഭാരതീയ സാഹിത്യ -സാംസ്‌കാരിക- ധാര്‍മ്മികപാരമ്പര്യങ്ങളുടെ അടിസ്ഥാനശിലയായി ഇന്നും നിലകൊള്ളുന്നു.
സാംസ്‌കാരിക പശ്ചാത്തലവും ദാര്‍ശനികമായ അടിത്തറയും വ്യത്യസ്തമാണെങ്കിലും പതി-പത്‌നീസ്‌നേഹം, കഠിനമായ യാത്ര, മാര്‍ഗ്ഗതടസ്സങ്ങള്‍, വിരഹം, ദൈവസങ്കല്പങ്ങളുടെ ഇടപെടലുകള്‍ എന്നിവ ഇരുകാവ്യങ്ങളിലും ദര്‍ശിക്കാം.
ബി.സി. എട്ടാം നൂറ്റാണ്ടില്‍ പുരാതന ഗ്രീസില്‍ വാമൊഴിപാരമ്പര്യത്തിലൂടെ രൂപപ്പെട്ട് പിന്നീട് ലിഖിതരൂപം കൈവരിച്ച കാവ്യമാണ് ഒഡീസി. ഭാഷാശൈലി, ഛന്ദശാസ്ത്രം, ഗ്രീക്ക്ഭാഷാ ഭേദത്തിന്റെ സവിശേഷതകള്‍ എന്നിവയുടെ വിശകലനത്തിലൂടെ, ഭാഷാപണ്ഡിതന്മാര്‍ ‘ഒഡിസി’, ബി.സി. എട്ടാംനൂറ്റാണ്ടില്‍ ക്രോഡീകരിക്കപ്പെട്ടു എന്ന് കണക്കാക്കുന്നു. ട്രോജന്‍ യുദ്ധത്തിനുശേഷം ഒഡീസിയസ് എന്ന നായകന്‍ സ്വദേശമായ ഇത്താക്കയിലേക്ക് (ഇത്താക്ക എന്ന ദ്വീപ് ഗ്രീസിലെ വിനോദ സഞ്ചാരകേന്ദ്രമാണ് ഇപ്പോള്‍) തിരിച്ചുപോകാന്‍ നടത്തുന്ന പത്തു വര്‍ഷത്തെ സാഹസികയാത്രയാണ് ഒഡിസിയുടെ ഇതിവൃത്തം. ആദ്യം സൂചിപ്പിച്ചതുപോലെ ഹോമറിന്റെ തന്നെ, ട്രോജന്‍ യുദ്ധത്തിന്റെ അവസാനകാലം പ്രതിപാദിക്കുന്ന ‘ഇലിയഡ്’ എന്ന കൃതിയുടെ തുടര്‍ച്ചയായാണ് ‘ഒഡിസി’ കണക്കാക്കപ്പെടുന്നത്. എഴുത്തുവിദ്യ വ്യാപകമല്ലാതിരുന്ന കാലത്ത് ഗായകര്‍ വാമൊഴിയായി പാടിനടന്ന കാവ്യമായതിനാല്‍, ആവര്‍ത്തിച്ചുപയോഗിക്കുന്ന വിശേഷണപദങ്ങളും ഇതിന്റെ പ്രത്യേകതയാണ്.
ഭാരതത്തിന്റെയും ഗ്രീസി ന്റെയും സാംസ്‌കാരികപശ്ചാത്തലം വേറിട്ടതാണെങ്കിലും രാമായണത്തിലും ഒഡിസിയിലും ശ്രദ്ധേയമായ ചില സാമ്യതകള്‍ കാണാം. (ഭാരതീയ-യൂറോപ്യന്‍ ഇതിഹാസപാരമ്പര്യങ്ങളുടെ പൊതുവായ വേരുകളെക്കുറിച്ചും സമാനസന്ദര്‍ഭങ്ങളെക്കുറിച്ചും നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. വിശാലമായ ആ ഭൂമികയിലേക്ക് തല്‍ക്കാലം കടക്കുന്നില്ല.)
വില്ല് കുലയ്ക്കല്‍
സീതാസ്വയംവരത്തില്‍ ശ്രീരാമന്‍ ശിവധനുസ്സ് കുലച്ചൊടിക്കുന്നത് പ്രശസ്തമായ രംഗമാണല്ലോ. അസാധാരണശക്തിയുള്ള ആ വില്ലു കുലയ്ക്കാന്‍ കഴിയുന്നയാളെ മാത്രമല്ലേ സീതാദേവി വരിക്കുകയുള്ളൂ. നോളന്റെ ഒഡീസിയിലാവട്ടെ പെനലോപ്പി തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരോട് പറയുന്നത് ഒഡീസിയസിന്റെ വില്ല് കുലച്ച്, ഒരൊറ്റ അമ്പ് പന്ത്രണ്ട് കോടാലിത്തലകളിലൂടെ എയ്യുക എന്നാണ്. ഒഡീസിയസിന് മാത്രമേ അത് ചെയ്യാന്‍ കഴിവുള്ളൂ. വേഷപ്രച്ഛന്നനായി തിരിച്ചെത്തിയ ഒഡീസിയസ് ഈ വില്ല് കുലച്ച് തന്റെ യഥാര്‍ത്ഥ വ്യക്തിത്വം വെളിപ്പെടുത്തുകയും, തുടര്‍ന്ന് വിവാഹാഭ്യര്‍ത്ഥകരെ തോല്‍പ്പിക്കുകയും ചെയ്യുന്നു (രാമായണത്തില്‍ വില്ല് കുലയ്ക്കല്‍ ആദ്യഭാഗത്താണെങ്കില്‍ ഒഡിസിയില്‍ ഈ രംഗം വരുന്നത് അവസാനഭാഗത്താണ്).
വിരഹം – യാത്ര
ശ്രീരാമന്‍ പതിനാല് വര്‍ഷം വനവാസത്തിലാണെ ങ്കില്‍, ഒഡീസിയസ് ട്രോജന്‍ യുദ്ധത്തിനുശേഷം പത്തു വര്‍ഷം കടലില്‍ അലഞ്ഞു നടക്കുകയാണ്. രണ്ടു പേരും സ്വന്തം രാജ്യത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും ദീര്‍ഘകാലം അകന്നുനില്‍ക്കുന്നു, ഇരുവരും ഒടുവില്‍ വീട്ടിലേക്ക് മടങ്ങിയെത്തുന്നു. ഇതിവൃത്തത്തിന്റെ പൊതുവായ അടിസ്ഥാനഘടന ഇതാണ്.
‘വീട്ടിലേക്കുള്ള മടക്കയാത്ര’ എന്ന പ്രമേയം ഇരു കൃതികളിലും കേന്ദ്രസ്ഥാനത്തായി കാണാം. (ഗീക്ക് സങ്കല്‍പത്തില്‍ nostos (Homecoming) എന്ന വാക്ക് നിരന്തരം ഉപയോഗിക്കുന്നത് കാണാം.
പാതിവ്രത്യം
സീതാദേവിയും പെനിലോപിയും ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ പാതിവ്രത്യം കാത്തുസൂക്ഷിക്കുന്ന ധീരവനിതകളാണ്. രാമായണത്തില്‍ സീതാദേവിയെ രാവണന്‍ തട്ടിക്കൊണ്ടുപോയി ലങ്കയില്‍ തടവില്‍ പാര്‍പ്പിക്കുന്ന സമയത്ത് രാവണന്റെ പ്രലോഭനങ്ങളെ ചെറുക്കുന്നതും തൃണവല്‍ഗണിക്കുന്നതും നമുക്കറിയാമല്ലോ. ഒഡിസിയില്‍ ഒഡീസിയസിന്റെ പത്‌നിയായ പെനിലോപി ഇത്താക്കയില്‍ വിവാഹാഭ്യര്‍ത്ഥകരുടെ സമ്മര്‍ദ്ദത്തെ ബുദ്ധിപൂര്‍വ്വം അതിജീവിക്കുന്നതായി കാണാം.
തിരിച്ചറിയല്‍
ദീര്‍ഘകാലത്തിനുശേഷം മടങ്ങിയെത്തുന്ന ഒഡിസിയസിനെ അദ്ദേഹത്തിന്റെ കാലിലെ പഴയ മുറിപ്പാടിലൂടെ ദാസി തിരിച്ചറിയുന്ന മുഹൂര്‍ത്തമുണ്ട്. പിന്നീട് അവര്‍ക്കുമാത്രമറിയുന്ന ദാമ്പത്യരഹസ്യത്തിലൂടെ പെനിലോപി തിരിച്ചെത്തിയത് ഭര്‍ത്താവാണെന്ന് സ്ഥിരീകരിക്കുന്നു.
രാമായണത്തില്‍ ഹനുമാന്‍ സ്വാമി സീതാദേവിയെ കണ്ടുമുട്ടുമ്പോള്‍ അടയാളമായി മോതിരവും ചൂഢാമണിയും പരസ്പരം കൈമാറുന്നത് നാം കാണുന്നുണ്ടല്ലോ. ലങ്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം സീതാദേവി അഗ്‌നിപരീക്ഷയ്ക്ക് വിധേയമാകുന്നതും നാം കാണുന്നു. സ്വത്വത്തെ വെളിപ്പെടുത്തല്‍ എന്ന സന്ദര്‍ഭം ഇരു കൃതികളിലും ഇങ്ങനെ കാണാം.
പ്രതിബന്ധങ്ങള്‍ നിറഞ്ഞ യാത്ര
ഒഡിസിയസ് ഒറ്റക്കണ്ണന്‍ സൈക്ലോപ്‌സ്, സൈറണ്‍സ്, സില്ല, കരിബ്ദിസ് തുടങ്ങിയ ഭീകരജീവികളെ അതിജീവിച്ചാണ് യാത്ര പൂര്‍ത്തിയാക്കുന്നത്. ശ്രീരാമന്‍ സീതാദേവിയെ വീണ്ടെടുക്കാന്‍ വാനരസൈന്യത്തിന്റെ സഹായത്തോടെ സമുദ്രലംഘനം നടത്തുന്നതും രാക്ഷസശക്തികളെ നേരിടുന്നതും നമുക്കറിയാം. രണ്ടിടത്തും ജലം/സമുദ്രം ഒരു പ്രധാന പ്രതിബന്ധമായി നിലകൊള്ളുന്നുണ്ട്.
സൈക്ലോപ്‌സിനെ കാണുമ്പോള്‍ കുംഭകര്‍ണ്ണനെ ഓര്‍മ്മ വരാം. രണ്ടുപേരും ഭീമാകാരരായ രാക്ഷസസ്വഭാവമുള്ള കഥാപാത്രങ്ങളാണ്. ലെയ്‌സ്ട്രിഗോണിയന്മാരെ (കപ്പലുകള്‍ തകര്‍ക്കുന്ന ഭീമന്മാരായ യോദ്ധാക്കള്‍) കാണുമ്പോള്‍ വിരാധന്‍, കബന്ധന്‍ തുടങ്ങിയ വനത്തിലെ ഭീകരരാക്ഷസന്മാരെയാണ് നാം കാണുക. വഴിയാത്രക്കാരെ ആക്രമിക്കുന്ന സൈറണ്‍സ് (ഗാനത്തിലൂടെ നാവികരെ ആകര്‍ഷിച്ച് നശിപ്പിക്കുന്നവര്‍) ശൂര്‍പ്പണഖ തന്നെയല്ലേ! സില്ല-കരിബ്ദിസ് (ഇടുങ്ങിയ കടലിടുക്കിലെ രണ്ട് ഭീകരശക്തികള്‍) എന്നിവര്‍ക്ക്, സമുദ്രം കടക്കുമ്പോള്‍ വാനരസൈന്യം നേരിടുന്ന സുരസ, സിംഹിക പോലുള്ള സമുദ്രരാക്ഷസികളുമായി സാമ്യമില്ലേ! അതുപോലെ സിര്‍സി മനുഷ്യരെ പന്നികളാക്കി മാറ്റുന്നത് കാണുമ്പോള്‍ രാമായണത്തിലെ മാരീചന്റെ രൂപമാറ്റം പോലെ മായാരൂപങ്ങളും ഭ്രമാത്മകമായ രൂപമാറ്റങ്ങളും ഓര്‍മ്മ വരില്ലേ! മാരീചന്‍ എന്ന രാക്ഷസന്‍ സ്വര്‍ണ്ണമാനിന്റെ രൂപമെടുത്ത് സീതാദേവിയെ ആകര്‍ഷിക്കുന്നു; ശ്രീരാമന്‍ ആ മാനിനെ പിന്തുടര്‍ന്ന് അമ്പെയ്യുമ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ ഒരു രാക്ഷസനായിരുന്നു എന്ന് വെളിപ്പെടുന്നു. നോളന്റെ ചിത്രത്തിലും അതിശയകരമാംവിധം സമാനമായ ഒരു രംഗമുണ്ട്. സിര്‍സിയുടെ ദ്വീപില്‍ തീരത്തുകണ്ട ഒരു മാനിനെ ഒഡീസിയസ് വേട്ടയാടി എയ്യുന്നു, എന്നാല്‍ അമ്പേറ്റ ഉടനെ അത് ഒരു മനുഷ്യരൂപം കൈവരിക്കുന്നു. സിര്‍സിയുടെ മന്ത്രവാദത്താല്‍ മൃഗരൂപത്തിലാക്കപ്പെട്ട ഒരു മനുഷ്യനായിരുന്നു അത്.
പത്‌നിയെ അപഹരിക്കല്‍
രാവണന്‍ സീതാദേവിയെ അപഹരിക്കുന്നതും തിന്മയ്ക്കുമേല്‍ നന്മ വിജയംവരിക്കുന്നതും രാമായണത്തിന്റെ കേന്ദ്രബിന്ദുവാണല്ലോ. ഒഡിസിയില്‍ പ്രത്യക്ഷത്തില്‍ ഈ സംഭവമില്ലെങ്കിലും, ട്രോജന്‍ യുദ്ധത്തിന് കാരണമായ ഹെലന്റെ അപഹരണം ഒഡിസിയസിന്റെ കഥയുടെ പശ്ചാത്തലമായി വര്‍ത്തിക്കുന്നുണ്ട്. ഒഡിസിയസിന്റെ പത്‌നിയെ അപഹരിക്കാന്‍ ശ്രമിക്കുന്നതും കാണാമല്ലോ. സ്ത്രീയെ അപഹരിക്കല്‍ എന്ന ദുഷ്പ്രവൃത്തി യാത്രകളിലൂന്നിയ യുദ്ധത്തിന് കാരണമാകുന്നുവെന്ന് അനുവാചകര്‍ക്ക് പൗരാണികകാലം തൊട്ടേ മുന്നറിയിപ്പ് ലഭിക്കുന്നുണ്ട്.
അനുചരരുടെ വിശ്വസ്തത
ഹനുമാന്‍സ്വാമിയ്ക്ക് ശ്രീരാമനോടുള്ള അചഞ്ചലമായ ഭക്തിയെയും സേവനസന്നദ്ധതയെയും കുറിച്ച് പറയേണ്ടതില്ലല്ലോ. സീതാദേവിയെ കണ്ടെത്തുന്നതും ലങ്കാദഹനവും മറ്റും വിശ്വസ്തതയുടെ തെളിവായി മുന്നിലുണ്ടല്ലോ. ഒഡിസിയില്‍ പന്നിമേയ്ക്കുന്നവനായ യുമേയൂസും, ഒഡീസിയസിന്റെ വളര്‍ത്തുനായ ആര്‍ഗോസും യജമാനനോടുള്ള അചഞ്ചലമായ വിശ്വസ്തത കാത്തുസൂക്ഷിക്കുന്നു.
കുടുംബ പുന:സമാഗമം
ഒഡിസിയില്‍ ടെലിമാക്കസ് പിതാവിനെ അന്വേഷിച്ചിറങ്ങുകയും, ഒടുവില്‍ പിതാവായ ഒഡിസിയസിനൊപ്പം ചേര്‍ന്ന് അമ്മയെ ശല്യപ്പെടുത്തുന്നവരെയും ഗൂഢാലോചനക്കാരെയും വധിക്കുന്നതില്‍ പങ്കാളിയാവുകയും ചെയ്യുകയാണല്ലോ. രാമായണത്തിലെ ഉത്തരകാണ്ഡം നമുക്കിവിടെ ഓര്‍മ്മ വരും. ഉത്തരകാണ്ഡത്തില്‍ ലവകുശന്മാര്‍ പിതാവിനെ തിരിച്ചറിയുകയും കുടുംബപുന:സമാഗമം സംഭവിക്കുകയും ചെയ്യുകയാണല്ലോ. പിതൃ-പുത്ര ബന്ധം പുനഃസ്ഥാപിക്കപ്പെടുന്ന സന്ദര്‍ഭം ഇരുകൃതികളിലും കാണാം.
വീണ്ടും അധികാരത്തില്‍
ഒഡിസിയസ് ഇത്താക്കയില്‍ മടങ്ങിയെത്തി തന്റെ കൊട്ടാരം കൈയടക്കിവെച്ചവരെ വധിച്ച് അധികാരം തിരിച്ചുപിടിക്കുന്നു. ശ്രീരാമന്‍ രാവണനെ വധിച്ച് സീതാദേവിയെ വീണ്ടെടുക്കുകയും അയോദ്ധ്യയില്‍ തിരിച്ചെത്തി പട്ടാഭിഷിക്തനാവുകയും ചെയ്യുന്നുവല്ലോ. അധര്‍മ്മത്തെ തുടച്ചുനീക്കി ധര്‍മ്മം പുനഃസ്ഥാപിക്കുന്നത് ഇരുകൃതികളുടെയും പരിസമാപ്തിയില്‍ കാണാന്‍ കഴിയുന്നു.
ഈശ്വരന്മാരുടെ ഇടപെടല്‍
ശ്രീരാമന്‍ മഹാവിഷ്ണുവിന്റെ അവതാരമായാണല്ലോ ത്രേതായുഗത്തില്‍ ധര്‍മ്മപുനഃസ്ഥാപനത്തിനായി മനുഷ്യജന്മം എടുക്കുന്നത്. ഒഡിസിയസിനാവട്ടെ അഥീനാദേവിയുടെ നിരന്തരമായ സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭിക്കുന്നത് കാണാം. ഇരുവരും ഈശ്വരന്മാരാല്‍ അനുഗൃഹീതരാണ്.
രണ്ടു സംസ്‌കാരങ്ങളാണെങ്കിലും ഭാരതീയമായ പൗരാണിക സംസ്‌കൃത ഭാഷയും ഗ്രീക്കുഭാഷയും പങ്കുവയ്ക്കുന്ന സമാനതകള്‍ പണ്ടേ ചരിത്രകാരന്മാര്‍ക്കിടയില്‍ താത്പര്യമുണര്‍ത്തിയിട്ടുള്ളതാണ്. ആസുരശക്തികള്‍ക്കും അധിനിവേശശക്തികള്‍ക്കും കീഴടങ്ങാതെ സഹസ്രാബ്ദങ്ങളായി തുടരുന്ന ഭാരതീയസംസ്‌കാരം പുരാതന ഗ്രീക്കുസംസ്‌കാരത്തെ ആകര്‍ഷിച്ചിരിക്കാം; സ്വാധീനിച്ചിരിക്കാം. അതേസമയം, പ്രകൃതിയെയും പഞ്ചഭൂതങ്ങളെയും ദേവീദേവന്മാരെയും ആരാധിച്ചിരുന്ന ഗ്രീക്ക് സംസ്‌കാരം, ഭാരതീയ സംസ്‌കാരംപോലെ നാമാവശേഷമാവാതെ ഇന്നും നിലനിന്നിരുന്നുവെങ്കില്‍ യുറോപ്പിന്റെ വര്‍ത്തമാനം മറ്റൊന്നായേനേ!






















