ഭാരതം നേതൃത്വം വഹിച്ച പതിനെട്ടാമത് ബ്രിക്‌സ് ദ്വിദിന ഉച്ചകോടി 2026 സപ്തംബര്‍ 13ന് ദല്‍ഹി പ്രകൃതി മൈതാനിയിലെ ഭാരത് മണ്ഡപത്തില്‍ സമാപിച്ചു. ഇത് നാലാം തവണയാണ് ബ്രിക്‌സ് ഉച്ചകോടിക്ക് ഭാരതം ആതിഥേയത്വം വഹിക്കുന്നത്.
‘പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായുള്ള മുന്നേറ്റം’ എന്ന മുദ്രാവാക്യമാണ് ഭാരതം 18-ാം ഉച്ചകോടിയില്‍ മുന്നോട്ടുവച്ചത്. ഇതിന്റെ ചുവടുപിടിച്ച് ആഗോള ഭരണ പരിഷ്‌കരണം, സമാധാനം, തീവ്രവാദവിരുദ്ധ നിലപാട്, നീതിയുടെ വ്യാപാരം, ഊര്‍ജം, കൃഷി, ഗ്ലോബല്‍ സൗത്ത് സഹകരണം എന്നീ പ്രധാന ചര്‍ച്ചകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും ഉച്ചകോടി വഴിയൊരുക്കി. ലോക ജനസംഖ്യയുടെ 49%, ആഗോള ജിഡിപിയുടെ 40%, ലോക വ്യാപാരത്തിന്റെ 25% ലധികം ഇവയെല്ലാമുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്മ ലോക സാമ്പത്തിക സംവിധാനങ്ങളെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക സ്വാധീനവും പങ്കാളിത്തവും വഹിക്കുന്നു.
സുപ്രധാന പ്രഖ്യാപനങ്ങള്‍
45 പേജുകളിലായി 140 ഉച്ചകോടി പ്രഖ്യാപനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിലേറെ പ്രധാന്യമുള്ളവ മാത്രം താഴെ ചേര്‍ക്കുന്നു.
1. സംവാദവും നയതന്ത്രവും
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ പരമാവധി സംയമനം പാലിക്കണമെന്നും സംവാദവും നയതന്ത്രവും സ്വീകരിക്കണമെന്നും ബ്രിക്‌സ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
2. ഐക്യരാഷ്ട്രസഭാ പരിഷ്‌കരണം
ഏറെ നാളുകളായി ഭാരതം മുന്നോട്ടുവയ്ക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പരിഷ്‌കരണം എന്ന ആവശ്യത്തിന് ഉച്ചകോടി പച്ചക്കൊടി കാണിച്ചു. എന്നാല്‍, റഷ്യയും ചൈനയും കുറച്ചുകൂടി വ്യക്തമായി വിവിധ കൗണ്‍സിലുകളില്‍ ഭാരതത്തിന്റെ പ്രാതിനിധ്യം അനിവാര്യമാണെന്ന് വ്യക്തമാക്കി. യുഎന്നില്‍ ഗ്ലോബല്‍ സൗത്തിന്റെ പ്രാതിനിധ്യം ഉച്ചകോടിയില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി വനിതയുടെ നേതൃത്വം വരണമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ചുരുക്കത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഭരണസംവിധാനം കൂടുതല്‍ പ്രാതിനിധ്യമുള്ളതും നീതിയുക്തമായതും സമത്വപരമായതും കാര്യക്ഷമമായതും ജനാധിപത്യപരമായതുമാക്കണമെന്ന് ഉച്ചകോടി ഒറ്റക്കെട്ടായി വ്യക്തമാക്കി.
3. വ്യാപാരവും തീരുവകളും
ലോകവ്യാപാര സംഘടന ഉള്‍പ്പെടെ വിവിധ ആഗോള വ്യാപാര സാമ്പത്തിക സംവിധാനങ്ങള്‍ വിവിധ രാജ്യങ്ങളും കൂട്ടായ്മകളുമായി വ്യാപാര കരാറുകളില്‍ ധാരണയിലെത്തിയിട്ടുള്ള തീരുവ ചട്ടങ്ങളെ വെല്ലുവിളിച്ച് ഏകപക്ഷീയമായി തീരുവ ഉയര്‍ത്തുന്നതിനും വ്യാപാര നിയന്ത്രണങ്ങള്‍, സാമ്പത്തിക ഉപരോധങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുന്നതും ആഗോള വ്യാപാരത്തിനും വികസ്വര രാജ്യങ്ങള്‍ക്കും ഏറെ ദോഷകരമാണെന്നും നീതിയുക്തവും നിയമാധിഷ്ഠിതവും തുല്യ അവസരമുള്ളതുമായ വ്യാപാര സംവിധാനമുണ്ടാകണമെന്നും ഉച്ചകോടി അഭ്യര്‍ത്ഥിച്ചു.
4. തീവ്രവാദത്തിന് എതിരെ
ഭീകരവാദത്തിനെതിരെയുള്ള ഭാരതത്തിന്റെ ഇടിമുഴക്കം ഉച്ചകോടിയില്‍ ഏറെ ശക്തമായി മുഴങ്ങി. 2025ലെ പഹല്‍ഗാം ഭീകരാക്രമണത്തെ ഈ ഉച്ചകോടിയില്‍ ഒരിക്കല്‍ കൂടി അപലപിച്ചതിനോടൊപ്പം എല്ലാ തീവ്രവാദത്തിനുമേതിരെ ‘സമ്പൂര്‍ണ അസഹിഷ്ണുത’ എന്ന നിലപാട് ഉച്ചകോടിയില്‍ ആവര്‍ത്തിച്ചു. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനെതിരേ ഭാരതം ശക്തമായ നിലപാട് പ്രഖ്യാപിച്ചു. തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുന്നതും സുരക്ഷിത താവളങ്ങള്‍ ഒരുക്കുന്നതും തടയാന്‍ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തുമെന്ന് ഉച്ചകോടി പ്രഖ്യാപിച്ചു.
5. കാര്‍ഷിക സഹകരണം
കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്ന കൃഷിയും ചെറുകിട കര്‍ഷകരുടെ സംരക്ഷണവും ഉച്ചകോടിയുടെ ചര്‍ച്ചാവിഷയമായതും അതിനനുസരിച്ചുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതും ഭാരതത്തിലെ കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു.
വിത്ത് സംവിധാനത്തിലെ കര്‍ഷക അവകാശങ്ങള്‍ക്കായുള്ള ഗ്ലോബല്‍ ഫോറം, ബ്രിക്‌സ് അഗ്രിന്‍, ഡിജിറ്റല്‍ അഗ്രികള്‍ച്ചറല്‍ നെറ്റ്‌വര്‍ക്ക്, ബ്രിക്‌സ് അഗ്രോ എക്കോളജി ആന്റ് റീ ജനറേറ്റീവ് അഗ്രികള്‍ച്ചര്‍ നെറ്റ്‌വര്‍ക്ക് എന്നിവയുടെ വിശദാംശങ്ങളും പ്രവര്‍ത്തനങ്ങളും ഇനിയും പ്രതീക്ഷിക്കാം.
6. ഊര്‍ജ സുരക്ഷ ഉറപ്പാക്കുക
ഊര്‍ജം എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക വികസനത്തിന് നിര്‍ണായകമാണെന്ന് പ്രഖ്യാപനത്തിലുണ്ട്. സുസ്ഥിരതയുള്ള ഊര്‍ജവിതരണം, സുരക്ഷിതമായ ഊര്‍ജ വിപണി, വിതരണ ശൃംഖലകളുടെ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം എന്നിവയാണ് ഉച്ചകോടി മുന്നോട്ടുവച്ചത്. എല്ലാ രാജ്യങ്ങള്‍ക്കും ഊര്‍ജനയം നടപ്പിലാക്കാന്‍ കഴിയില്ല. ഓരോ രാജ്യത്തിന്റെയും സാമ്പത്തിക സാഹചര്യം, വികസനം, ജനസംഖ്യ, പ്രകൃതിവിഭവങ്ങള്‍, ഊര്‍ജ ആവശ്യങ്ങള്‍ എന്നിവ വ്യത്യസ്തമായിരിക്കുമ്പോള്‍ വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള ഹരിത ഊര്‍ജമാറ്റം ബ്രിക്‌സ് ആവശ്യപ്പെട്ടു. ഈ ഊര്‍ജ പരിവര്‍ത്തനം നീതിയുക്തവും പരസ്പര ബന്ധം ഉള്‍ക്കൊള്ളുന്നതുമായിരിക്കണം.
7. ബഹുധ്രുവ ലോകക്രമം
ലോകത്തിലെ രാഷ്ട്രീയവും സാമ്പത്തികവുമായ തീരുമാനങ്ങള്‍ ഒരൊറ്റ കേന്ദ്രത്തെ മാത്രം ആശ്രയിക്കുന്നതിനെതിരെ ശക്തമായ നിലപാട് ഉച്ചകോടിയിലുണ്ടായി. വിവിധ രാജ്യങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും ലോക കാര്യങ്ങളില്‍ പങ്കാളിത്തം ഉണ്ടായിരിക്കണം. റഷ്യയും ചൈനയും അമേരിക്കന്‍ അപ്രമാദിത്വത്തെ ചോദ്യം ചെയ്‌തെങ്കിലും ഇന്ത്യയാകട്ടെ ആരെയും പിണക്കാതെ എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
8. പ്രാദേശിക കറന്‍സി വ്യാപാരം
ഡോളറിനെതിരേ ബ്രിക്‌സ് കറന്‍സി എന്ന ആശയം ബ്രിക്‌സിന്റെ ആരംഭഘട്ടം മുതല്‍ റഷ്യ മുന്നോട്ടുവച്ചിരുന്നു. ഇതിനെ ഗള്‍ഫ് രാജ്യങ്ങളും റഷ്യയും ഇറാനും പിന്തുണച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഡോളറിന്റെ ആധിപത്യം വെല്ലുവിളിക്കാന്‍ ഇനിയും അംഗരാജ്യങ്ങള്‍ക്കായിട്ടില്ല എന്നതാണ് ഇപ്പോഴും നിലനില്‍ക്കുന്ന വസ്തുത. അതിനാല്‍ ബ്രിക്‌സ് കറന്‍സികള്‍ക്ക് ഇപ്പോഴും ചര്‍ച്ചകളില്‍ മാത്രമാണ് സ്ഥാനം. അതേസമയം ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മില്‍ പ്രാദേശിക കറന്‍സിയില്‍ വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തുവാനുള്ള തീരുമാനം ഭാവിയില്‍ അമേരിക്കന്‍ ഡോളറിന് വെല്ലുവിളിയാകും. ലോകത്ത് എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണം ലഭിക്കുന്ന സാഹചര്യം ഭക്ഷ്യസുരക്ഷയിലൂടെ ഉറപ്പാക്കണമെന്നും ഉച്ചകോടി അഭ്യര്‍ത്ഥിച്ചു.
ചുരുക്കത്തില്‍, ആഗോള ഭരണ പരിഷ്‌കരണം, സമാധാനം, തീവ്രവാദവിരുദ്ധ നിലപാട്, നീതിയുക്ത വ്യാപാരം, ഊര്‍ജം, കൃഷി, ഗ്ലോബല്‍ സൗത്തിന്റെ സഹകരണം എന്നിവയ്ക്ക് ഉച്ചകോടിയിലെ ചര്‍ച്ചകളും പ്രഖ്യാപനങ്ങളും മുഖ്യസ്ഥാനം നല്‍കി. അതോടൊപ്പം അംഗരാജ്യങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനം, ധാരണ, പരമാധികാര സമത്വം, ഐക്യദാര്‍ഢ്യം, തുറന്ന സമീപനം, ഉള്‍ക്കൊള്ളല്‍, സഹകരണം, സമവായം എന്നിവയിലുള്ള പ്രതിബദ്ധതയും ആവര്‍ത്തിച്ചു.
സംഘര്‍ഷങ്ങള്‍ – സമാധാനം
അമേരിക്ക – ഇറാന്‍ സംഘര്‍ഷങ്ങളും ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യംവച്ച് ഇറാന്‍ നടത്തിയ കടന്നാക്രമണങ്ങളും സൃഷ്ടിച്ച ആശങ്കകള്‍ വിട്ടൊഴിയാതെ തുടരുന്നതിനിടയിലാണ് ബ്രിക്‌സ് സമ്മേളനം ഭാരതത്തില്‍ നടന്നത്. ഈ വിഷയത്തില്‍ അംഗരാജ്യങ്ങളിലെ അനൈക്യം ഉച്ചകോടിയിലും പ്രതിഫലിച്ചു. ഇറാനും യുഎഇയും ബ്രിക്‌സിലെ അംഗങ്ങളാണ്. 2023 മുതല്‍ ബ്രിക്‌സില്‍ പങ്കാളികളായവര്‍ തന്നെ പരസ്പരം പോരടിക്കുമ്പോള്‍ എങ്ങനെ ഒരുമിച്ചിരുന്ന് തീരുമാനങ്ങള്‍ എടുക്കാനാവുമെന്നത് സ്വാഭാവികം.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്തുവാനും ഈ മേഖലയിലുടനീളം സമാധാനവും സ്ഥിരതയും പുനഃസൃഷ്ടിക്കാനും ഇരു രാജ്യങ്ങളും തയ്യാറായതും അതിന് മധ്യസ്ഥത വഹിക്കാന്‍ സാധിച്ചതും ഭാരതത്തിന്റെ വന്‍ നയതന്ത്ര വിജയമാണ്. സൈനിക നീക്കങ്ങള്‍ക്കു പകരം നയതന്ത്ര ചര്‍ച്ചകളിലൂടെയും സമാധാനശ്രമങ്ങളിലൂടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന ഭാരതത്തിന്റെ നിര്‍ദേശത്തെ ഇരു രാജ്യങ്ങളും അംഗീകരിച്ചപ്പോള്‍ മാത്രമാണ് ഒരു സംയുക്ത ഉച്ചകോടി പ്രസ്താവനയ്ക്ക് കളമൊരുങ്ങിയതും അംഗരാജ്യങ്ങള്‍ ഒറ്റക്കെട്ടായി അംഗീകാരം നല്‍കിയതും.
സംയുക്ത പ്രസ്താവനയിലാകട്ടെ രാജ്യങ്ങളുടെ, പ്രത്യേകിച്ച് അമേരിക്കയുടെ പേരെടുത്തു പറയുന്നത് ഒഴിവാക്കി. പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കണം. സാധാരണക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന വാക്കുകളിലൊതുക്കി എല്ലാ രാജ്യങ്ങള്‍ക്കും സ്വീകാര്യമായ രീതിയില്‍ അവതരിപ്പിക്കുവാന്‍ ഭാരതത്തിനായത് ബ്രിക്‌സ് ഉച്ചകോടിയുടെ വിജയത്തിന്റെ സുപ്രധാന ഘടകമാണ്.
ലെബനിലെ ഇസ്രായേല്‍ ആക്രമണങ്ങളെയും 2025 ഏപ്രിലില്‍ കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമത്തെയും ഉച്ചകോടി ശക്തമായി അപലപിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും അനിവാര്യമാണെന്ന് തുറന്നടിക്കുവാനും ഇന്ത്യ മടിച്ചില്ല.
ആഗോള സാമ്പത്തിക ഭദ്രതയ്ക്കും ജനജീവിതത്തിനും കനത്ത വെല്ലുവിളിയുയര്‍ത്തുന്ന രണ്ടു യുദ്ധങ്ങളാണ് ഇപ്പോള്‍ ലോകം അഭിമുഖീകരിക്കുന്നത്. അമേരിക്ക – ഇറാന്‍ യുദ്ധവും, റഷ്യ – യുക്രെയ്ന്‍ യുദ്ധവും. ഇവ രണ്ടിലും പങ്കാളികളായ രാജ്യങ്ങളുടെ തലവന്മാര്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കുചേര്‍ന്നുവെന്നത് ലോകശ്രദ്ധ പിടിച്ചുപറ്റി.
റഷ്യ – യുക്രെയ്ന്‍ സമാധാനത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധ്യസ്ഥത സ്വാഗതം ചെയ്തു. സമാധാന ചര്‍ച്ചയ്ക്ക് ചൈനയും സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ അഞ്ചാം വര്‍ഷത്തിലേക്ക് നീളുന്ന യുക്രെയ്ന്‍ – റഷ്യ യുദ്ധത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷ ഏറെ ആശ്വാസകരം. ഇരുപക്ഷവും ചേരാതെ റഷ്യയും യുക്രെയ്‌നുമായുള്ള നയതന്ത്രം കാത്തുസൂക്ഷിച്ച് നീങ്ങുവാന്‍ ഇന്ത്യയ്ക്കായതും ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാടുകള്‍ക്ക് സ്വീകാര്യത നഷ്ടപ്പെട്ടതും ഇന്ത്യയ്ക്ക് ഇടപെടാന്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ അവസരമൊരുക്കി.
2026 ഡിസംബറില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ മയാമിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കു മുമ്പ് ‘അവസാനിക്കാത്ത യുദ്ധത്തില്‍ നിന്ന് യുദ്ധത്തിന്റെ അവസാനത്തിലേക്ക്’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചാല്‍ രാജ്യാന്തര തലത്തില്‍ അതൊരു വന്‍ നേട്ടമായിരിക്കും. ഇന്ത്യയുടെ നിഷ്പക്ഷ നിലപാടിന് ലോകത്തിന്റെ അംഗീകാരവും.

സൗദിയുടെ വിചിത്ര നിലപാടുകള്‍
സൗദി അറേബ്യയുടെ വിചിത്ര നിലപാടുകള്‍ ഉച്ചകോടിയിലെ കൗതുകകരമായ വൈരുദ്ധ്യമായി. 2023 ല്‍ സൗദിയെ ബ്രിക്‌സില്‍ അംഗമാക്കുവാന്‍ ക്ഷണിച്ചിരുന്നു. സൗദി ക്ഷണം സ്വീകരിക്കുകയും ചെയ്തു. 2026ല്‍ ഭാരതം പ്രസിദ്ധീകരിച്ച ഔദ്യോഗിക അംഗരാജ്യങ്ങളുടെ ലിസ്റ്റില്‍ സൗദിഅറേബ്യയും ഉള്‍പ്പെട്ടിരുന്നു. സൗദി വിദേശകാര്യ മന്ത്രി ഫൈഡല്‍ ബില്‍ ഫെര്‍ഗാന്‍ അല്‍ സഹദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ദല്‍ഹി ഉച്ചകോടിയില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍, പതിനൊന്നംഗ കുടുംബ ഫോട്ടോയില്‍ സൗദി പ്രതിനിധി ഭാഗമായില്ല.
സൗദി അറേബ്യ ബ്രിക്‌സിലെ അംഗമായിട്ടല്ല ക്ഷണിതാക്കളുടെ ഗണത്തില്‍ മാത്രമാണ് പങ്കെടുത്തതെന്നും പറയപ്പെടുന്നു. സൗദിയുടെ ബ്രിക്‌സ് അംഗത്വത്തില്‍ ഇതുവരെയും വ്യക്തത കൈവന്നിട്ടില്ല. മറ്റ് പത്ത് അംഗരാജ്യങ്ങളില്‍ എട്ടു രാജ്യങ്ങളുടെയും തലവന്മാര്‍ ഉച്ചകോടിയില്‍ എത്തിയിരുന്നു. ബ്രസീല്‍, യുഎഇ എന്നീ രാജ്യങ്ങളെ വിദേശകാര്യമന്ത്രിയും, നാഷണല്‍ സെക്യൂരിറ്റി സെക്രട്ടറി ജനറലും പ്രതിനിധീകരിക്കുകയും ഇവര്‍ രണ്ടുപേരും ബ്രിക്‌സ് കുടുംബ ഫോട്ടോയില്‍ പങ്കുചേരുകയും ചെയ്തപ്പോള്‍ സൗദി അറേബ്യയുടെ വിചിത്ര നിലപാട് നിര്‍ഭാഗ്യകരമായി. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ബ്രിക്‌സിലെ അംഗരാജ്യ ഗണത്തില്‍ ഔദ്യോഗികമായി സൗദി ഇതുവരെയും ഉള്‍പ്പെട്ടിട്ടില്ല എന്ന നിഗമനമാണ്. പശ്ചിമേഷ്യന്‍ യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയുടെ നിലപാട്മറ്റു പലരീതിയിലുമുള്ള വ്യാഖ്യാനങ്ങള്‍ക്കും ഇടനല്‍കാന്‍ സാധ്യതയുണ്ട്.
ഭാരതത്തിന്റെ നേട്ടങ്ങള്‍
ഐക്യരാഷ്ട്ര സഭയുടെ പരിഷ്‌കരണം, ഐഎംഎഫ്, ലോകബാങ്ക് തുടങ്ങിയ ആഗോള സ്ഥാപനങ്ങളില്‍ പ്രാതിനിധ്യം. ഗ്ലോബല്‍ സൗത്തിന്റെ ശക്തീകരണം, പാശ്ചാത്യ രാജ്യങ്ങളെയും പ്രത്യേകിച്ച് അമേരിക്കയേയും മാറ്റി നിര്‍ത്താതെ ബഹുധ്രുവ ലോകക്രമം സൃഷ്ടിക്കുക എന്നീ സമീപനമാണ് ഉച്ചകോടിയില്‍ ഭാരതം സ്വീകരിച്ചത്. അതോടൊപ്പം ബ്രിക്‌സ് അംഗരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരങ്ങളിലെ നിയന്ത്രണങ്ങള്‍ കുറയ്ക്കുക, പ്രാദേശിക കറന്‍സിയിലുള്ള വ്യാപാരം ശക്തിപ്പെടുത്തുക, എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍, സ്റ്റാര്‍ട്ടപ്പുകള്‍, സേവന മേഖലയില്‍ കൂടുതല്‍ സഹകരണം സൃഷ്ടിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഭാരതം മുന്നോട്ടുവച്ചത് സ്വീകാര്യത നേടി.
2026ലെ ബ്രിക്‌സ് അധ്യക്ഷ സ്ഥാനത്തിരുന്ന് ഗ്ലോബല്‍ സൗത്തിന്റെ നേതൃത്വം കൈപ്പിടിയിലൊതുക്കുവാന്‍ ഭാരതത്തിനായി. ഐക്യരാഷ്ട്ര സെക്യൂരിറ്റി കൗണ്‍സിലില്‍ ഭാരതത്തിന്റെ സ്ഥിരാംഗത്വ അവകാശത്തിന് റഷ്യയും ചൈനയുമുള്‍പ്പെടെ എല്ലാ ബ്രിക്‌സ് രാജ്യങ്ങളുടെയും പിന്തുണ ഉറപ്പിക്കുവാനും സാധിച്ചു.
ഭീകരവാദത്തിനെതിരെയുള്ള സമ്പൂര്‍ണ അസഹിഷ്ണുത ഭാരതത്തിന്റെ സുരക്ഷ – നയതന്ത്ര നിലപാടിനുള്ള പിന്തുണയാണ്. ഡിജിറ്റല്‍ ഭാരതത്തിന് അന്താരാഷ്ട്ര വേദിയൊരുക്കുവാനും ബ്രിക്‌സ് ഉച്ചകോടിക്കായി.
ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാ സ്ട്രക്ചര്‍ ബ്രിക്‌സ് സഹകരണത്തിന്റെ ഭാഗമാക്കാനുള്ള നീക്കം ശ്രദ്ധേയമാണ്. യുപിഐ പോലുള്ള സംവിധാനങ്ങള്‍ക്ക് അന്താരാഷ്ട്ര സഹകരണത്തിനുള്ള സാധ്യത ഇതിലൂടെ വര്‍ദ്ധിക്കും. ഗ്ലോബല്‍ സൗത്തിനെ കേന്ദ്രീകരിച്ചുള്ള സുരക്ഷിതത്വം ഉള്‍ക്കൊള്ളുന്നതുമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേണ്‍സിന് ഉച്ചകോടി പിന്തുണ നല്‍കി. ഭാരതത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇംപാക്ട് ഉച്ചകോടിക്കും ബ്രിക്‌സിന്റെ പിന്തുണ ലഭിച്ചു.
ശാസ്ത്ര – സാങ്കേതിക വിദ്യാഭ്യാസ മേഖലകളില്‍ സഹകരണം ഭാരതത്തിന് ഉച്ചകോടി സമ്മാനിച്ച വന്‍ നേട്ടമാണ്. ഉച്ചകോടിക്ക് മുന്നൊരുക്കമായി ചെന്നൈയില്‍ സംഘടിപ്പിച്ച സയന്‍സ് – ടെക്‌നോളജി – ഇന്നവോഷന്‍ സമ്മേളന പ്രഖ്യാപനങ്ങള്‍ പരിപൂര്‍ണമായി ഉച്ചകോടി അംഗീകരിച്ചു. ഗവേഷണം, കണ്ടുപിടുത്തങ്ങള്‍, ഗവേഷണ അടിസ്ഥാന സൗകര്യങ്ങള്‍, അറിവിന്റെ പങ്കുവയ്ക്കല്‍, വിദ്യാര്‍ഥികളുടെ കൈമാറ്റം തുടങ്ങി ഭാരതവും ബ്രിക്‌സ് രാജ്യങ്ങളും തമ്മില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് വന്‍ മുന്നേറ്റത്തിന് അവസരമൊരുങ്ങി. കേരളത്തിന് ഒന്ന് ശ്രമിച്ചാല്‍ വളരെയധികം നേട്ടമുണ്ടാക്കുന്നതാണ് ഈ തീരുമാനങ്ങള്‍. കൂടാതെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇടത്തരം വ്യവസായങ്ങള്‍ക്കും വിപണി പ്രവേശനത്തിനുള്ള അവസരങ്ങളും ഒരുക്കപ്പെട്ടു. പ്രാദേശിക കറന്‍സിയിലെ വ്യാപാരവും ഭാരതത്തിന് നേട്ടമാണ്. കൃഷി – ആരോഗ്യം – കാലാവസ്ഥ – വിദ്യാഭ്യാസം തുടങ്ങി വിവിധ തലങ്ങളില്‍ ബ്രിക്‌സ് രാജ്യങ്ങളുടെ ഏകോപനം തുടര്‍ന്നും നടത്തുവാന്‍ ഭാരതത്തെ അധികാരപ്പെടുത്തിയതും ഉച്ചകോടിയിലെ ഭാരതത്തിന്റെ നേട്ടമാണ്.
ഭാരതം നേരിടുന്ന വെല്ലുവിളികള്‍
ബ്രിക്‌സിലെ ഭാരതത്തിന്റെ പ്രധാന വെല്ലുവിളി ചൈനയാണ്. ബ്രിക്‌സിന്റെ വളര്‍ച്ച ചൈനയുടെ സാമ്പത്തിക രാഷ്ട്രീയ സ്വാധീനം വര്‍ദ്ധിപ്പിക്കും. ബ്രിക്‌സിന്റെ വളര്‍ച്ചയില്‍ നേതൃത്വം നല്‍കുന്നതിനോടൊപ്പം ചൈനയുടെ നിലപാടുകളെയും പാശ്ചാത്യ രാജ്യ വിരുദ്ധതയെയും അനുകൂലിക്കാന്‍ ഭാരതത്തിനാവില്ല. ഭാരതത്തിന്റേത് ചൈനയെയും റഷ്യയെയും പോലെയുള്ള പാശ്ചാത്യ വിരുദ്ധ സമീപനമല്ല. എല്ലാവരെയും ചേര്‍ത്ത് പിടിച്ചുള്ള, ആരെയും മാറ്റിനിര്‍ത്താതെയുള്ള നയമാണ് ഭാരതത്തിന്റേത്.
അംഗരാജ്യങ്ങളായ റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങള്‍ അമേരിക്കയ്‌ക്കെതിരേ ഒരു ബദല്‍ സാമ്പത്തിക സുരക്ഷ സംവിധാനമാണ് ലക്ഷ്യം വയ്ക്കുന്നത്. ഭാരതത്തിന് അതിനോട് പൂര്‍ണമായി യോജിപ്പില്ല. അമേരിക്ക, യൂറോപ്യന്‍ യൂണിയ ന്‍, ജപ്പാന്‍, ആസ്‌ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവരുമായി തന്ത്രപരമായ ബന്ധങ്ങള്‍ നിലനിര്‍ത്തണമെന്ന നിലപാടാണ് ഭാരതത്തിന്റേത്.
വിവിധ തരത്തിലുള്ള സാമ്പത്തിക രാഷ്ട്രീയ താല്പര്യങ്ങളാണ് ബ്രിക്‌സിലെ അംഗരാജ്യങ്ങള്‍ക്കുള്ളത്. ചൈനയും ഭാരതവും കാലങ്ങള്‍ പഴക്കമുള്ള ശത്രുത ഇന്നും തുടരുന്നു. ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ശീതയുദ്ധം തുടരുന്നു. ഭാരതവും അമേരിക്കയും തമ്മില്‍ ചില മേഖലകളില്‍ യോജിപ്പിന്റെ തലങ്ങള്‍ ഇന്നുമുണ്ട്. അമേരിക്ക – ചൈന ബന്ധത്തിലെ അകല്‍ച്ച ഭാരതത്തിന് അവസരമാണ്. അഞ്ച് അംഗരാജ്യങ്ങളില്‍ നിന്ന് പതിനൊന്ന് രാജ്യങ്ങളിലേക്ക് ബ്രിക്‌സ് കൂട്ടായ്മ വളര്‍ന്നപ്പോള്‍ അഭിപ്രായവ്യത്യാസങ്ങളുമേറി. ഇനിയുള്ള നാളുകളില്‍ ഒറ്റക്കെട്ടായ രാഷ്ട്രീയ തീരുമാനങ്ങള്‍ ബ്രിക്‌സില്‍ എളുപ്പമാകില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. അമേരിക്കയുമായി നിലവിലുള്ള സാമ്പത്തിക സംവിധാനബന്ധം തകര്‍ക്കാതെ ബദല്‍ പ്രാദേശിക കറന്‍സി വ്യാപാരം വികസിപ്പിക്കുകയെന്നതും ഭാരതത്തിന് വെല്ലുവിളിയാണ്.
ബ്രിക്‌സ് നിയമപരമായി ചട്ടക്കൂടുള്ള ഒരു വ്യവസ്ഥിതിയല്ല. അതിനാല്‍ ബ്രിക്‌സ് ഉച്ചകോടി പ്രഖ്യാപനങ്ങള്‍ വിവിധ രാജ്യങ്ങളുടെ ഒരു കൂട്ടായ്മയിലെ നിര്‍ദേശങ്ങള്‍ എന്നതിലുപരി നടപ്പിലാക്കുവാന്‍ ഒരു രാജ്യത്തിനും നിയമപരമായ ബാധ്യതയില്ല. അതിനാല്‍ത്തന്നെ ബ്രിക്‌സ് ഉച്ചകോടി പ്രഖ്യാപനങ്ങളെ യാഥാര്‍ത്ഥ്യ പദ്ധതികളാക്കി മാറ്റുവാനുള്ള വെല്ലുവിളിയും ഭാരതത്തിന്റെ മുന്നിലുണ്ട്. 2027 ജനുവരി ഒന്നു മുതല്‍ ബ്രിക്‌സിന്റെ അധ്യക്ഷസ്ഥാനം ചൈനയ്ക്കാണ്
നേട്ടങ്ങള്‍ ജനങ്ങളിലേക്ക്
ബ്രിക്‌സ് സഹകരണവും സംയുക്ത പ്രഖ്യാപനങ്ങളും രാജ്യങ്ങളുടെ നേതൃത്വത്തില്‍ നിന്ന് അഥവാ സര്‍ക്കാര്‍ സംവിധാനതലങ്ങളില്‍ നിന്ന് ജനങ്ങളിലേക്ക് എത്തിച്ചേര്‍ന്ന് തുടര്‍നടപടികളുണ്ടായാല്‍ മാത്രമേ നേട്ടമായി പരിഗണിക്കാനാവൂ. വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊഷ്മളമാക്കാനുള്ള നടപടികളാണ് ഉച്ചകോടിയിലെ പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തില്‍ വൈകാതെ രൂപപ്പെടേണ്ടത്. വിദ്യാഭ്യാസം, സംസ്‌കാരം, കായികം, യുവജന-അക്കാദമിക് സഹകരണം, വ്യാപാര ബന്ധങ്ങള്‍ എന്നിവ സജീവമാക്കാനുള്ള ആഗോള സാധ്യതകള്‍ ബ്രിക്‌സ് തുറന്നിട്ടുണ്ട്. ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഒട്ടേറെ അവസരങ്ങളും ഉച്ചകോടിയിലെ പ്രഖ്യാപനങ്ങളിലുണ്ട്. രാഷ്ട്രീയത്തിന് അതീതമായി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ഈ സാഹചര്യങ്ങള്‍ ജനങ്ങള്‍ക്ക് നേട്ടമാക്കുവാന്‍ ഉപയോഗിക്കുകയാണ് ഇനി വേണ്ടത്.
ബ്രിക്‌സ് തുറന്നിട്ടിരിക്കുന്ന വാതിലുകളിലൂടെ ലോകത്തിന്റെ സമസ്ത മേഖലകളിലേക്കും ചുവടുകള്‍വച്ച് മുന്നേറുവാന്‍ അവസരങ്ങള്‍ കണ്ടെത്താനാവണം.
(കേരള കാത്തലിക് എന്‍ജിനീയറിംഗ് കോളജ്, മാനേജ്‌മെന്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയാണ് ലേഖകന്‍)




















