എല്ലാ കണക്കുകൂട്ടലുകള്‍ക്കും ഉപരിയായി, സപ്തംബര്‍ 12, 13 തീയതികളില്‍ ന്യൂദല്‍ഹിയില്‍ നടന്ന പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടി ഒരു വിജയമായിരുന്നു. പതിനൊന്ന് അംഗരാജ്യങ്ങളിലെയും പത്ത് പങ്കാളിത്ത രാജ്യങ്ങളിലെയും ഭൂരിഭാഗം നേതാക്കളും ഉയര്‍ന്ന തലത്തില്‍ തന്നെ പങ്കെടുത്തതിനാല്‍ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി (ജി) പങ്കെടുക്കുന്ന കാര്യത്തില്‍ കുറച്ചുകാലം അനിശ്ചിതത്വം നിലനിന്നിരുന്നുവെങ്കിലും, ഉച്ചകോടിക്ക് തൊട്ടുമുമ്പ് ഇന്ത്യയുടെയും ചൈനയുടെയും പ്രത്യേക പ്രതിനിധികള്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ച അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന നിമിഷങ്ങളൊന്നും ഉണ്ടാകില്ലെന്ന ഉറപ്പ് നല്‍കിയിട്ടുണ്ടാകാം. എന്നാല്‍ അന്തിമ വിരുന്നില്‍ പങ്കെടുക്കാതെയുള്ള അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മടക്കം, അദ്ദേഹത്തിന്റെ അസുഖം ഒരു ‘നയതന്ത്ര തന്ത്രം’ ആകാം എന്ന സംശയത്തിന് വഴിതെളിച്ചു. എങ്കിലും മോദിയുമായുള്ള അദ്ദേഹത്തിന്റെ ഉഭയകക്ഷി കൂടിക്കാഴ്ച കാമ്പുള്ളതായിരുന്നു. കൂടാതെ ഇരുപക്ഷത്തുനിന്നുമുള്ള പത്രക്കുറിപ്പുകള്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ പൂര്‍ണ്ണമായൊരു മാറ്റമല്ലെങ്കിലും ഒരു പുനഃസമാഗമത്തിന്റെ സൂചനകള്‍ നല്‍കി. എന്നാല്‍ ഇന്ത്യയും ചൈനയും എതിരാളികളല്ല, മറിച്ച് പങ്കാളികളാണെന്ന ചൈനയുടെ പ്രസ്താവന ഇന്ത്യന്‍ പത്രക്കുറിപ്പ് ആവര്‍ത്തിച്ചില്ല. ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയായിരിക്കും ഉച്ചകോടിയുടെ മികച്ച ഫലമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഉച്ചകോടി അവസാനിച്ചപ്പോള്‍ അതിന് തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും, ‘ഇരുപക്ഷവും ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനും അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനും പ്രതിജ്ഞാബദ്ധരായിരിക്കണം, സമാന്തരവും പരസ്പരം ശക്തിപ്പെടുത്തുന്നതുമായ പുരോഗതി തേടണം, അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്തണം’എന്ന പ്രസ്താവന രാജീവ് ഗാന്ധിയുടെയും നരസിംഹറാവുവിന്റെയും കാലത്തെ ഓര്‍മ്മകളെ തിരികെ കൊണ്ടുവന്നു. ലഡാക്കിലെ കടന്നുകയറ്റത്തിന് ശേഷമുള്ള ചര്‍ച്ചകളില്‍ ചൈന ഈ വാഗ്ദാനങ്ങള്‍ മറന്നിരുന്നു.
ദല്‍ഹി ജി20 ഉച്ചകോടിയില്‍ ഗ്ലോബല്‍ സൗത്ത് എന്ന് നിര്‍വ്വചിച്ചപ്പോള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും, റഷ്യയ്‌ക്കൊപ്പം ഗ്ലോബല്‍ സൗത്തിലേക്ക് സുഗമമായി പ്രവേശിക്കാന്‍ കഴിഞ്ഞതാണ് ഉച്ചകോടിയില്‍ ചൈനയ്ക്കുണ്ടായ പ്രധാന നേട്ടം. വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 77 (G77) നിലനിന്നിരുന്ന സമയത്ത് പോലും, ‘ജി 77 ഉം ചൈനയും’ എന്നായിരുന്നു പൊതുവെ അറിയപ്പെട്ടിരുന്നത്; ഇത് ചൈന ഇപ്പോഴും ഒരു വികസ്വര രാജ്യമാണെങ്കിലും ജി 77 ന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് ബ്രിക്‌സ് മാറിയിരിക്കുന്ന ഗ്ലോബല്‍ സൗത്തിന്റെ ശബ്ദത്തിലെ അംഗമെന്ന നിലയില്‍, ഗ്ലോബല്‍ സൗത്തിന്റെ നേതൃത്വം തങ്ങള്‍ക്കാണെന്ന് ചൈന അവകാശപ്പെട്ടേക്കാം.

ഉച്ചകോടിയുടെ ഒന്നാം ദിവസം തന്നെ ഇന്ത്യ പുറത്തിറക്കിയ സംയുക്ത പ്രസ്താവന ഏവരെയും അത്ഭുതപ്പെടുത്തി, ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ സമര്‍ത്ഥരായ കരടു രചയിതാക്കളാണെന്ന് അത് തെളിയിച്ചു. ബ്രിക്‌സിനെ ‘പാശ്ചാത്യ വിരുദ്ധം’ ആക്കാതെ ‘പാശ്ചാത്യ ഇതര’കൂട്ടായ്മ മാത്രമായി നിലനിര്‍ത്താന്‍ കാലക്രമേണ വികസിപ്പിച്ചെടുത്ത സുരക്ഷിതമായ ശൈലികളുടെ ഒരു ശേഖരമായിരുന്നു അത്. സംയുക്ത പ്രസ്താവനയിലെ വാക്കുകള്‍ വളരെ സമര്‍ത്ഥമായി തയ്യാറാക്കിയതായതിനാല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് പോലും അതില്‍ എതിര്‍പ്പ് തോന്നാനിടയില്ല. ട്രൂത്ത് സോഷ്യലില്‍ അദ്ദേഹത്തിന്റെ പ്രതികരണത്തിനായി ലോകം കാത്തിരിക്കുകയാണ്. തന്നെയോ തന്റെ രാജ്യത്തെയോ എവിടെയും പേരെടുത്തു പറയാത്തതിനാല്‍ അദ്ദേഹം അത് അവഗണിച്ചേക്കാം. ബ്രിക്‌സ് അംഗങ്ങളില്‍ ചിലര്‍ നേരിട്ട് പങ്കാളികളായതിനാല്‍, ലോകമെമ്പാടുമുള്ള യുദ്ധങ്ങളെക്കുറിച്ചുള്ള വിശദമായ പരിശോധന ബ്രിക്‌സ് പൊതുവെ ഒഴിവാക്കുകയും അവ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.
സഹിഷ്ണുത, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ പ്രമേയങ്ങള്‍ വ്യത്യസ്ത ഘട്ടങ്ങളിലുള്ള അറുപത് പുതിയ സംരംഭങ്ങള്‍ക്ക് വാതില്‍ തുറന്നു. ഇത് രാഷ്ട്രീയ സമവായത്തില്‍ നിന്ന് സ്ഥാപനപരമായ സഹകരണത്തിലേക്കുള്ള ഒരു പരിണാമത്തെ അടയാളപ്പെടുത്തുന്നു. ഇനി ചെയ്യേണ്ടത് നടപ്പാക്കലിലേക്ക് നയിക്കുന്ന ഒരു സ്ഥാപനപരമായ ചട്ടക്കൂട് ഉണ്ടാക്കുക എന്നതാണ്. ഈ നാല് തൂണുകളെ പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്തം വഹിക്കുന്ന അടുത്ത അധ്യക്ഷന്മാരായ ചൈനയെ ആശ്രയിച്ചായിരിക്കും ബാക്കി കാര്യങ്ങള്‍.
ചൈന തുടക്കമിട്ട ‘ഡോളര്‍ ഒഴിവാക്കല്‍'(dedollarisation) നീക്കങ്ങള്‍ അമേരിക്കയ്ക്ക് ഒരു വെല്ലുവിളിയായിരുന്നു, എന്നാല്‍ ദല്‍ഹിയില്‍ ഇന്ത്യയോ റഷ്യയോ അതിനെ പിന്തുണച്ചില്ല. എങ്കിലും ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് സ്വന്തം കറന്‍സികളില്‍ വ്യാപാരം നടത്താനുള്ള നിലവിലെ സംവിധാനം കൂടുതല്‍ ശക്തമാക്കി. ചില യുഎസ് പേയ്‌മെന്റ് ഏജന്‍സികള്‍ പോലും ഈ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയെ പരിഷ്‌കരിക്കുന്നതില്‍ ബ്രസീലിനും ഇന്ത്യയ്ക്കുമുള്ള താല്പര്യം കാരണം ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു. വീറ്റോ അധികാരത്തോടെയുള്ള രക്ഷാസമിതിയിലെ സ്ഥിരം അംഗത്വ വിപുലീകരണത്തെ ചൈനയോ റഷ്യയോ പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാണ്, എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ പരിഷ്‌കരണത്തിനായുള്ള ബ്രിക്‌സ് സമവായത്തില്‍ അവര്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ബൈഡന്‍ ഭരണകൂടത്തിന്റെ അവസാന കാലത്ത് വീറ്റോയില്ലാത്ത ആറ് അധിക സ്ഥിരം അംഗങ്ങളെ നല്‍കാം എന്ന അമേരിക്കന്‍ വാഗ്ദാനം സ്വീകരിക്കാന്‍ ആരും തയ്യാറായില്ല.
അടുത്ത ഉച്ചകോടിയിലേക്ക് കടക്കുമ്പോള്‍ ബ്രിക്‌സ് നേരിടുന്ന ഒരു വെല്ലുവിളി അംഗത്വം വികസിപ്പിക്കണമെന്ന ആവശ്യമായിരിക്കും. ഇരുപത്തൊന്ന് രാജ്യങ്ങള്‍ ദല്‍ഹിയില്‍ ഉന്നതതലത്തില്‍ പങ്കെടുത്തു, അംഗങ്ങളല്ലാത്ത രാജ്യങ്ങള്‍ അംഗത്വത്തിനായി അപേക്ഷിക്കാന്‍ സാധ്യതയുണ്ട്. അടുത്ത ഉച്ചകോടിക്ക് മുമ്പ് അംഗത്വത്തിന് ചില മാനദണ്ഡങ്ങള്‍ വികസിപ്പിക്കേണ്ടത് ആവശ്യമായി വന്നേക്കാം. വലിയ അംഗസംഖ്യ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ സംഘടനാ ഘടനകളെ ബാധിച്ചേക്കാം.
ബ്രിക്സും വനിതാശാക്തീകരണവും
രൂപം കൊണ്ടിട്ട് ഒന്‍പതു വര്‍ഷങ്ങളേ ആയിട്ടുള്ളൂവെങ്കിലും ബ്രിക്‌സിന്റെ വനിതാ വ്യാപാര സഖ്യം ഒരു നിശ്ശബ്ദ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. ന്യൂദല്‍ഹിയില്‍ ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി നടന്ന സഖ്യത്തിന്റെ ഉന്നതതല യോഗം വനിതാ ശാക്തീകരണത്തിന്റെ രാജ്യാന്തര അനുഭവത്തെ പൊതു സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിച്ചു.
2017 ല്‍ റഷ്യയിലെ നോവോസിബിര്‍സ്‌ക് നഗരത്തില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ വെച്ചാണ് വുമന്‍സ് ബിസിനസ്സ് അലയന്‍സ് (ഡബ്ല്യുബിഎ) രൂപീകരിച്ചത്. ഒരിക്കല്‍ സ്വപ്‌നം മാത്രമായിരുന്ന വനിതകളുടെ വ്യാപാര നേതൃത്വം ഇന്ന് യാഥാര്‍ത്ഥ്യമായി മാറിയിരിക്കുകയാണെന്ന് ചെയര്‍പേഴ്‌സണ്‍ അപര്‍ണ ജെയിന്‍ ന്യൂദല്‍ഹിയിലെ ഉച്ചകോടിയില്‍ വെച്ചു പറഞ്ഞു. വനിതകള്‍ തൊഴിലന്വേഷകരല്ല, തൊഴില്‍ ദാതാക്കളായി മാറണം എന്നതാണ് സഖ്യത്തിന്റെ കാഴ്ചപ്പാട്. സരെഗാമ ഇന്ത്യയുടെ വൈസ് ചെയര്‍പേഴ്‌സണും ആര്‍പിഎസ്ജി ലൈഫ്‌സ്‌റ്റൈല്‍ മീഡിയയുടെ ചെയര്‍പേഴ്‌സണുമാണ് അപര്‍ണ. സഖ്യത്തിന്റെ നേതൃത്വത്തില്‍ മുഴുവന്‍ ബ്രിക്‌സ് അംഗരാജ്യങ്ങളിലും ഘടകങ്ങള്‍ രൂപീകരിച്ചു കഴിഞ്ഞു. വിവിധ രംഗങ്ങളില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ ഉള്‍പ്പെടെ നിരവധി സംരംഭങ്ങള്‍ വനിതകളുടെ നേതൃത്വത്തില്‍ ആരംഭിച്ചതായും അവര്‍ പറഞ്ഞു. വനിതാ ശാക്തീകരണത്തിന്റെ മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ് ബ്രിക്‌സിന്റെ വനിതാ വ്യാപാര സഖ്യം.
വേഗത്തില്‍ വളരുന്ന വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായി ആരംഭിച്ച ബ്രിക്‌സ്, സഖ്യങ്ങളുടെ ബലഹീനതയും ഐക്യരാഷ്ട്രസഭയുടെ ഫലപ്രദമല്ലാത്ത അവസ്ഥയും കാരണം ഗണ്യമായ പ്രാധാന്യം നേടിയിട്ടുണ്ട്. ബ്രിക്‌സ് ഒരു പ്രധാന ബഹുരാഷ്ട്ര സംഘടനയായി മാറിയേക്കാം, എന്നാല്‍ അതിനെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ ആവശ്യമായ കരുത്ത് അതിനുണ്ടോ എന്ന ചോദ്യം ബാക്കിയാണ്.
(ഭാരത നയതന്ത്രജ്ഞനും ഹൈക്കമ്മീഷണറും സംസ്ഥാന ഉന്നത വിദ്യാഭ്യസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും ആയിരുന്നു ലേഖകന്‍)




















