Friday, July 10, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം

ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍
3 July 2026

മലയാളത്തിന്റെ പ്രിയങ്കരനായ കവി, സംസ്‌കാരഗവേഷകന്‍, നിരൂപകന്‍, വിവര്‍ത്തകന്‍, ജീവചരിത്രകാരന്‍, വൃത്തശാസ്ത്രനിഷ്ണാതന്‍, പ്രഭാഷകന്‍, രംഗകലാപണ്ഡിതന്‍ എന്നിങ്ങനെ പല പല വിശേഷണങ്ങളുണ്ട് പി. നാരായണക്കുറുപ്പ് സാറിന്. തപസ്യ കലാസാഹിത്യ വേദിയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. വ്യക്തിപരമായി വളരെ അടുത്ത ബന്ധം സാറുമായി ഈ ലേഖകനുണ്ടായിരുന്നു. സാറിന്റെ സമ്പര്‍ക്ക വലയം വളരെ വിപുലമായിരുന്നു. അവിടെ ഒരുവിധത്തിലുള്ള വലിപ്പച്ചെറുപ്പങ്ങള്‍ക്കും സ്ഥാനമുണ്ടായിരുന്നില്ല. ബഹുഭാഷാ പണ്ഡിതനെങ്കിലും ആ ഭാവം തൊട്ടുതീണ്ടാതെ ജീവിച്ച ഈ നിര്‍മലമാനസന്‍, പരിചയപ്പെട്ട ഓരോ മനുഷ്യരുടെയും ഹൃദയത്തില്‍ അതിവേഗം ഇരിപ്പിടം നേടിയെടുത്തു. സമുദ്രസമാനമായ ആ മനസ്സ് നിരുപാധിക സ്‌നേഹത്തിന്റെ വിശിഷ്ട രത്‌നങ്ങളാല്‍ സമ്പന്നമായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

പി. നാരായണക്കുറുപ്പ് സാറിനെ കുറിച്ച് ഈ ലേഖകന് പലവട്ടം പലതും എഴുതാന്‍ സാധിച്ചിട്ടുണ്ട്. ‘കവിതയുടെ വരപ്രസാദം’ എന്ന എന്റെ വിമര്‍ശനഗ്രന്ഥത്തില്‍ സാറിന്റെ കവിതകളെ കുറിച്ച് ഒരു ദീര്‍ഘപഠനമുണ്ട്. ഗുരുവായൂരപ്പന്‍ കോളജ് പുറത്തിറക്കിയ റിസര്‍ച്ച് മാഗസിനിലും സാറിന്റെ കവിതയെക്കുറിച്ച് ഒരു ലേഖനം എഴുതിയിട്ടുണ്ട്. പി.നാരായണക്കുറുപ്പിന്റെ തിരഞ്ഞെടുത്ത കവിതകള്‍ ‘ദശപുഷ്പം’എന്ന പേരില്‍ പുസ്തകമായി വെളിച്ചം കണ്ടപ്പോള്‍ പ്രത്യേക താത്പര്യമെടുത്ത് ഞാനെഴുതിയ പഠനം കുറുപ്പ് സാര്‍ ഉള്‍ച്ചേര്‍ത്തിട്ടുമുണ്ട്. അത് മറ്റൊരു അപൂര്‍വധന്യത.

ലേഖകന്റെ വിവാഹത്തിന് തിരുവനന്തപുരത്തു നിന്ന് സാറും സി.ജി. രാജഗോപാല്‍ സാറും ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍ സാറും കോട്ടയത്ത് എത്തിയതും മനസ്സിലെ തെളിഞ്ഞ ഓര്‍മയാണ്. ദക്ഷിണ സ്വീകരിച്ച്, വധൂവരന്മാരെ ആശീര്‍വദിച്ച് നെറുകയില്‍ തന്റെ കൈത്തലങ്ങള്‍ വെച്ചനുഗ്രഹിച്ചു സാര്‍. ആ സ്പര്‍ശത്തിന്റെ പവിത്രമായ ചൂട് ഇന്നും എന്റെ നെറുകയില്‍ ഒരു കവചമായി നിലനില്‍ക്കുന്നു.

ADVERTISEMENT

ഒരു ശിശുവിന്റെ നിര്‍മ്മലതയോടെയും ഒരു താപസന്റെ വ്രതശുദ്ധിയോടെയും കുറുപ്പ് സാര്‍ നിറഞ്ഞു നിന്നപ്പോള്‍ മലയാള കവിതയും സംസ്‌കാര മണ്ഡലവും അതിന്റെ ആര്‍ഷ ചൈതന്യത്തിലേക്ക് തിരിഞ്ഞുനോട്ടം നടത്തുകയായിരുന്നു. മറവിയുടെ മരുഭൂമിയില്‍ മാഞ്ഞു പോകാതെ നമ്മുടെ നാടിന്റെ സാഹിതീയ ദര്‍ശനവും സനാതന ചിന്തയും സംരക്ഷിച്ചു നിര്‍ത്തേണ്ടതിന്റെ പ്രാധാന്യം പേര്‍ത്തും പേര്‍ത്തും അക്ഷരങ്ങളിലൂടെ പ്രകാശിപ്പിച്ച ഒരു മഹാ പുരുഷനായിരുന്നു പി. നാരായണക്കുറുപ്പ്.

സാറിന്റെ കൂടെ എത്രയെത്ര പ്രഭാഷണ വേദികളില്‍ ഒന്നിച്ചിരുന്നിട്ടുണ്ട്, ആ വാഗ്‌ദ്ധോരണി കേട്ട് എത്രയോ വട്ടം വിസ്മയിച്ചിട്ടുണ്ട്, എത്രയോ യാത്രകള്‍ക്ക് കൂട്ടായിപ്പോയിട്ടുണ്ട്. ഹരിതാഭമായ ഓര്‍മകളാണവയൊക്കെയും. വെറ്റില മുറുക്കിയും നര്‍മം പൊഴിച്ചും അവിടവിടെ കുട മറന്നുവെച്ചും പിന്നെ അതന്വേഷിച്ചലഞ്ഞും നിഷ്‌കളങ്കമായി പൊട്ടിച്ചിരിച്ചും കലയുടെ പൂമ്പൊടി വിതറി നടന്ന പ്രതിഭാധനനായ കവി ഗുരുവിനെ എങ്ങനെ മറക്കാനാവും?

പരമേശ്വര്‍ജിയെ കാണാന്‍ വിചാരകേന്ദ്രത്തിന്റെ കേന്ദ്രകാര്യാലയമായ സംസ്‌കൃതിഭവനില്‍ കുറുപ്പ് സാര്‍ കൂടെക്കൂടെ വരുമായിരുന്നു; ഒപ്പം സി.ജി. രാജഗോപാല്‍ സാറുമുണ്ടാവും. അശ്വനീദേവന്മാരുടെ വരവുണ്ടല്ലോ എന്ന് പറഞ്ഞ് ഇരുവരെയും പരമേശ്വര്‍ജി സ്‌നേഹാദരങ്ങളോടെ സ്വീകരിച്ചിരുത്തും. പരമേശ്വര്‍ജിയോട് ഇരുവര്‍ക്കും അവരോട് പരമേശ്വര്‍ജിക്കുമുള്ള സീമാതീതമായ ആദരം അടുത്ത് നിന്ന് പലവട്ടം കാണാനും എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. മൂവരും കവികളായിരുന്നല്ലോ. ( ഈ മൂന്ന് തേജോരൂപങ്ങളും ഇന്ന് ഭഗവല്‍ സന്നിധിയില്‍ ഒന്നിച്ചിരുന്ന് സല്ലപിക്കുന്നുണ്ടാവും). കവികളുടെ സൗഹൃദം എത്ര മാത്രം സര്‍ഗാത്മകമാണെന്ന് ഇവരുടെ സമാഗമവേളകളിലാണ് എനിക്ക് ശരിയായി ബോധ്യമായത്. രാഷ്ട്രഹിതം പൊഴിക്കുന്ന ചിന്താശകലങ്ങളും പൊട്ടിച്ചിരികളും മുഴങ്ങിയ എത്രയെത്ര മുന്തിയ മുഹൂര്‍ത്തങ്ങള്‍. നിത്യ പ്രവാഹിനിയായ കാലത്തിന് പോലും കടപുഴക്കാനാവാത്ത ചന്ദനഗന്ധം നിറഞ്ഞ സ്മരണകളാണിന്നും അതൊക്കെ.

രാഷ്ട്രസ്‌നേഹിയായ പി. നാരായണക്കുറുപ്പ് സാര്‍, സംസ്‌കാര വിരുദ്ധമായ സാഹിത്യത്തെയും രാഷ്ട്രീയത്തെയും കടന്നാക്രമിച്ച ധീരനായ സാംസ്‌കാരിക നായകന്‍ കൂടിയായിരുന്നു. ഈ ഗണത്തില്‍ നമുക്കധികം പേരുണ്ടായിരുന്നില്ല. നമ്മുടെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ നടക്കുന്ന ഫാസിസ്റ്റ് പ്രവണതകളെ തുറന്നെതിര്‍ക്കാന്‍ മുന്‍നിരയില്‍ എന്നും സാര്‍ ഉണ്ടായിരുന്നു. അപ്രിയസത്യങ്ങള്‍ ഏത് കൊലക്കൊമ്പന്റെ മുന്നിലും നെഞ്ചുറപ്പോടെ പറയുവാന്‍ മടി കാട്ടിയിരുന്നില്ല സാര്‍. കുഞ്ചന്‍ നമ്പ്യാരും സഞ്ജയനുമായിരുന്നു ഇക്കാര്യത്തില്‍ അദ്ദേഹത്തിന് മാര്‍ഗദര്‍ശികള്‍. നമ്മുടെ പാരമ്പര്യത്തിലെ വിദൂഷകധാരയുടെ വിമര്‍ശന ശക്തിയെന്തെന്ന് എതിരാളികള്‍ക്ക് ബോധ്യപ്പെടുമാറ് തന്റെ ആവനാഴിയിലെ ആയുധങ്ങള്‍ ലക്ഷ്യം നോക്കി അയക്കാന്‍ സാറിന് പ്രത്യേകമായ പാടവമുണ്ടായിരുന്നു.

നമ്മുടെ ദൃശ്യകലാ പാരമ്പര്യത്തെക്കുറിച്ച് വിശേഷിച്ച് കഥകളിയെ കുറിച്ച് ആഴത്തില്‍ അറിവുണ്ടായിരുന്നു സഹൃദയാഗ്രേസരനായ സാറിന്. വലിയ കഥകളി നടന്മാര്‍ പോലും സാറിന്റെ സാന്നിധ്യത്തെ ആദരിച്ചിരുന്നു. എന്തെങ്കിലും പിശക് പറ്റിയാല്‍ കുറുപ്പ് സാര്‍ അത് മനസ്സിലാക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഉണ്ണായി വാര്യരെ കുറിച്ച് ഇംഗ്ലീഷില്‍ രചിച്ച ജീവചരിത്രം കഥകളിയോട് സാര്‍ പുലര്‍ത്തിയ പ്രതിപത്തിക്ക് ഉത്തമ നിദര്‍ശനമാണ്. കവിത്രയാനന്തര കവികളുടെ രചനകളെ കുറിച്ച് രചിച്ച കനപ്പെട്ട പുസ്തകവും മറക്കാനാവില്ല. സാഹിത്യസിദ്ധാന്തങ്ങളിലെ ക്ലാസ്സിക്കലും നാടോടിയുമായ ഘടകങ്ങളില്‍ പരിനിഷ്ഠിതമായ പാണ്ഡിത്യവും സാറിനുണ്ടായിരുന്നു.

അടിയുറച്ച നിലപാടുകളോടെ നമ്മുടെ വിമര്‍ശന സാഹിത്യത്തെ ശക്തിപ്പെടുത്തിയ ഈ സാഹിത്യനിരൂപകനെ പലരും ക്രൂരമാംവിധം അവഗണിച്ചു. നമ്മുടെ വിമര്‍ശനസാഹിത്യ ചരിത്രരചയിതാക്കള്‍ ഇങ്ങനൊരാള്‍ ഉണ്ടെന്ന വസ്തുത തന്നെ അവഗണിച്ചു. വൈദേശിക അളവുകോല്‍ വച്ചുമാത്രം സാഹിത്യവിമര്‍ശനം നടത്തുന്നവരുടെ എതിര്‍ധ്രുവത്തിലായിരുന്നു കുറുപ്പ്‌സാറിന്റെ എക്കാലത്തെയും നില്‍പ്പ്. കാവ്യബിംബങ്ങള്‍ ഹിന്ദിയിലും മലയാളത്തിലും, കവിയും കവിതയും, കവിയും കവിതയും കുറേക്കൂടി, തനതുകവിത തനതുനാടകം, കവിതയിലെ റിയലിസം, മലയാള വൃത്തപഠനം, തിരനോട്ടം, വിമര്‍ശ വിചാരം തുടങ്ങിയ കൃതികള്‍ സാറിന്റെ വിപുലമായ അറിവിന്റെ നേര്‍സാക്ഷ്യങ്ങളാണ്. അവ നമ്മുടെ നാടിന്റെ സാഹിത്യവിചാരഗരിമയുടെ ദൃഢപ്രഖ്യാപനങ്ങള്‍ കൂടിയായിരുന്നു. അതും ഈ ക്രൂര തമസ്‌കരണത്തിന് അന്തരീക്ഷമൊരുക്കിയിട്ടുണ്ടാവണം. എന്നും ഭാരതീയമായിരുന്നു സാറിന്റെ വിചാരമാര്‍ഗം. പൂര്‍വാശ്രമത്തില്‍ താന്‍ കമ്മ്യൂണിസ്റ്റായിരുന്നുവെന്നും പിന്നീട് ആ നക്രത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ആര്‍ഷദര്‍ശനത്തിലേക്ക് നീങ്ങിയെന്നും കുറുപ്പ് സാര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞത് ഇന്നും ചെവിയില്‍ മുഴങ്ങുന്നു. ആര്‍ഷ മാര്‍ഗത്തില്‍ അടിയുറച്ച ചുവട് വച്ച് തലയുയര്‍ത്തി മുന്നേറുന്നതില്‍ സാര്‍ ഏറെ അഭിമാനിച്ചിരുന്നുതാനും. പാശ്ചാത്യ സിദ്ധാന്തങ്ങളെയും സാഹിത്യ സങ്കല്‍പ്പനങ്ങളെയും വേണ്ടവിധം ഉള്‍ക്കൊള്ളാനും സാര്‍ മടി കാട്ടിയില്ല. കേരളീയതയുടെ ഉള്ളില്‍ തുടിക്കുന്ന ഭാരതീയതയുടെ പ്രാണനറിഞ്ഞ ഈ സാഹിതീസേവകന്‍ ഖണ്ഡന വിമര്‍ശനത്തിന്റെ വാള്‍ ചുഴറ്റിയപ്പോള്‍ മാധവിക്കുട്ടിക്കും സച്ചിദാനന്ദനും ഒഎന്‍വിക്കും എംടിക്കും വരെ ഉള്‍ക്കിടിലമുണ്ടായി എന്നതും ചരിത്രമാണ്.

കവി എന്ന നിലയിലും വിമര്‍ശകന്‍ എന്ന നിലയിലും ഉള്ള സാറിന്റെ മഹത്തായ സംഭാവനകള്‍ വിശദമായി പ്രതിപാദിച്ചുകൊണ്ട് കേസരിവാരികയില്‍ വിവിധ ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ഒരു നീണ്ട ലേഖനം ഈ ലേഖകന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയിരുന്നു. അത് വായിച്ച ശേഷം സാര്‍ സ്‌നേഹത്തോടെ ഫോണില്‍ വിളിച്ചതും സരസമധുരമായ ആ സംഭാഷണം രണ്ടുമണിക്കൂര്‍ നീണ്ടു പോയതും എങ്ങനെ മറക്കാനാവും. കേരള സാഹിത്യഅക്കാദമിക്ക് വേണ്ടി സാറിന്റെ കാവ്യലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് പ്രബന്ധം എഴുതാനും എനിക്ക് അവസരം ലഭിച്ചു. വിജ്ഞാനകൈരളിയുടെ എഡിറ്ററായി ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍ സാര്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് സാറിന്റെ കവിതകളെ കുറിച്ച് ചില ലേഖനങ്ങള്‍ എഴുതാനും നിയോഗമുണ്ടായി. എന്‍എസ്എസ്സിന്റെ സര്‍വീസ് മാഗസിനിലും അദ്ദേഹത്തെക്കുറിച്ച് ചില പഠനങ്ങള്‍ എഴുതി. അപ്പോഴെല്ലാം ആ വാത്സല്യം നിറുകയില്‍ കുളിരായി നേരിട്ടനുഭവിച്ചു. സാറിന്റെ വീട്ടില്‍ പല തവണ പോയിട്ടുണ്ട്. അപ്പോഴൊക്കെ കുലീനമായ ആ ആതിഥ്യമര്യാദ ആവോളം അനുഭവിച്ചിട്ടുമുണ്ട്. രചിച്ച പുസ്തകങ്ങളെല്ലാം ഒന്നൊഴിയാതെ സാര്‍ എനിക്ക് സമ്മാനിച്ചിട്ടുണ്ട്. സ്വന്തം ഉണ്ണിക്കൃഷ്ണന് എന്നെഴുതി ഒപ്പിട്ട് തന്ന ആ അക്ഷര പ്രപഞ്ചങ്ങള്‍ എനിക്കിന്ന് മഹാനിധികള്‍. അരബിന്ദോ ലേഖനങ്ങള്‍, വിവേകാനന്ദന്റെ ജീവചരിത്രം, സമ്പൂര്‍ണ വിപ്ലവത്തിലേക്ക്, വേദങ്ങളിലെ രാഷ്ട്രഗീതം തുടങ്ങിയ കൃതികള്‍ കുറുപ്പ് സാറിന്റെ ദര്‍ശന ശക്തിയുടെ സ്രോതസ്സ് സ്പഷ്ടമാക്കുന്നതാണ്. ഷേക്‌സ്പിയറും ഗെഥേയും ഗാന്ധിയും നെഹ്‌റുവും ആ മനസ്സില്‍ സൃഷ്ടിച്ച ചലനങ്ങളും പുസ്തകങ്ങളായി പിറവികൊണ്ടിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയും നിരവധി കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറി വി.പി. ജോയി, കവി പി. നാരായണക്കുറുപ്പിന് അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് പത്മശ്രീ സമ്മാനിക്കുന്നു.

ഇത്ര തെളിഞ്ഞ ഹൃദയമുള്ള മനുഷ്യര്‍ അധികമുണ്ടാവില്ല. നര്‍മ്മത്തിന്റെയും പരിഹാസത്തിന്റെയും ആഴം ബോധ്യപ്പെടുത്തുന്ന കവിതകള്‍ എഴുതിയ മലയാളത്തിന്റെ ധീരവചസ്സ്; കാവ്യപ്രകാശം അതായിരുന്നു പി. നാരായണക്കുറുപ്പ് സാര്‍. കപടന്മാരായ സാഹിത്യകാരന്മാരെ വാക്കിന്റെ വജ്രായുധം കൊണ്ട് നിലംപരിശാക്കിയ സാരസ്വതോപാസകന്‍. അതായിരുന്നു പി. നാരായണക്കുറുപ്പ്. ആദര്‍ശത്തില്‍ ഒരു തരി വിട്ടുവീഴ്ച ചെയ്യാതിരുന്ന കുറുപ്പ് സാര്‍ അതിന്റെ പേരില്‍ തനിക്ക് നഷ്ടപ്പെടാനിടയുള്ള പദവികളെ കുറിച്ചും പുരസ്‌കാരങ്ങളെ കുറിച്ച് ചിന്തിച്ച് ഖിന്നനായില്ല. സങ്കീര്‍ണമായ ആഖ്യാനശൈലിയുടെ കരുത്തും പാരമ്പര്യത്തിന്റെ ഔഷധക്കൂട്ടുകളില്‍ നിന്ന് ജ്വലിച്ചുയര്‍ന്ന കാവ്യബിംബങ്ങളും ഒന്നിച്ചുചേര്‍ന്ന തനതായൊരു സാഹിത്യഭാഷയില്‍ കവിതകളും ഈടുറ്റ ലേഖനങ്ങളും അദ്ദേഹത്തിന്റെ അനുഗൃഹീതതൂലിക നമുക്ക് സമ്മാനിച്ചു.

സാംസ്‌കാരിക ദേശീയതയുടെ ആശയപക്ഷത്ത് അണിചേര്‍ന്നാല്‍ നിശ്ചയമായും പ്രബുദ്ധകേരളത്തില്‍ നിശിതമായി ആക്രമിക്കപ്പെടുന്ന സാംസ്‌കാരിക കാലാവസ്ഥയിലും കരളുറപ്പോടെ ആര്‍ഷദര്‍ശനത്തിന്റെ വക്താവും പ്രയോക്താവുമായി കുറുപ്പ് സാര്‍ ജീവിതാന്ത്യം വരെ നിലകൊണ്ടു. പരസ്യമായിരുന്നു സംഘദര്‍ശനത്തോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം.

മലയാളകാവ്യഭാഷയില്‍ കുറുപ്പ് സാര്‍ നടത്തിയ അട്ടിമറികള്‍ വേണ്ടവിധം വിലയിരുത്തപ്പെട്ടിട്ടില്ല. ഐറണി നിറഞ്ഞ നാടന്‍ പദപ്രയോഗങ്ങളും സംസ്‌കൃതത്തിന്റെ കനത്ത സാന്നിധ്യവും പുരാണസൂചനകളും ചരിത്രപരാമര്‍ശങ്ങളും സമകാലിക രാഷ്ട്രീയധ്വനികളും ആ രചനകളില്‍ കത്തിജ്വലിച്ചു. ആഖ്യാനത്തിന്റെ കരുത്തും ദൃശ്യകലാസംസ്‌കാരത്തിന്റെയും സംഗീതകലയുടെയും നാനാവിധ സൂചനകളും ചേര്‍ന്ന തനതായൊരു കാവ്യഭാഷയായിരുന്നു പി.നാരായണക്കുറുപ്പിന്റേത്. ആക്ഷേപഹാസ്യത്തിന്റെ ചാട്ടവാര്‍ ചുഴറ്റി തിന്മയുടെ ഗോപുരങ്ങളെ ഈ കവിശ്രേഷ്ഠന്‍ കണക്കറ്റ് പ്രഹരിച്ചു. തപസ്യയുടെ അദ്ധ്യക്ഷനായും രക്ഷാധികാരിയായും സംസ്‌കാര്‍ ഭാരതിയുടെ ഉപാദ്ധ്യക്ഷനായും കുറുപ്പ് സാര്‍ ദീര്‍ഘകാലം പ്രശോഭിച്ചു. ഭോപ്പാലിലെ ഭാരത് ഭവന്‍, സോപാനം നാടകക്കളരി, കേരള കലാമണ്ഡലം എന്നിവയുടെ നേതൃനിരയിലും സാര്‍ സക്രിയമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1934-ല്‍ ആലപ്പുഴ ജില്ലയിലെ ഹരിപ്പാടെന്ന ഗ്രാമത്തിലായിരുന്നു കുറുപ്പ് സാറിന്റെ ജനനം. ഓണാട്ടുകരയുടെ ഗ്രാമീണനൈര്‍മല്യം മാഷിന്റെ സ്വഭാവത്തില്‍ ആദ്യന്തം നന്നായി പ്രതിഫലിച്ചിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡും നേടിയ ശേഷം 1956-ല്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സര്‍വീസിലും, കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിലും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും എഡിറ്റര്‍, റിസര്‍ച്ച് ഓഫീസര്‍ തസ്തികകളില്‍ സാര്‍ സേവനമനുഷ്ഠിച്ചു. വിശ്വവിജ്ഞാനകോശം, സര്‍വവിജ്ഞാനകോശം എന്നിവയുടെ ഗസ്റ്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സേവനമനുഷ്ഠിച്ച ഇടങ്ങളിലെല്ലാം കുറുപ്പ് സാറിന്റെ ആശയദൃഢത മായാത്ത മുദ്രയായി പതിഞ്ഞിരുന്നു.

കവിതയ്ക്കും നിരൂപണത്തിനും ഒരുപോലെ കേരള സാഹിത്യഅക്കാദമി പുരസ്‌കാരം സിദ്ധിക്കുക എന്ന അപൂര്‍വതയും കുറുപ്പ് സാറിന്റെ പേരിനൊപ്പം ചേര്‍ത്തുപറയേണ്ടതാണ്. ഓടക്കുഴല്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, ഉള്ളൂര്‍ അവാര്‍ഡ്, ജന്മാഷ്ടമി പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള പുരസ്‌കാരം, എം. കെ.കെ. നായര്‍ പുരസ്‌കാരം, സഞ്ജയന്‍ പുരസ്‌കാരം, എസ്. ഗുപ്തന്‍നായര്‍ സ്മാരക പുരസ്‌കാരം, ഷാര്‍ജ മലയാളി പുരസ്‌കാരം, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് കൈവന്നിട്ടുണ്ട്. അവിഹിതമായി ഒന്നും നേടാന്‍ ഇഷ്ടപ്പെടാതിരുന്ന സാറിന് സാഹിത്യോപാസന ഒരു വിശുദ്ധകര്‍മമായിരുന്നു.

സമകാലികലോകം അതിവേഗം മാറുമ്പോഴും മൂല്യങ്ങളുടെ അടിത്തറയും വിശുദ്ധിയും നഷ്ടപ്പെടരുതെന്ന് അദ്ദേഹം നിരന്തരം നമ്മെ ഓര്‍മ്മിപ്പിച്ചു. സാഹിത്യകാരന്‍ സമൂഹത്തിന് ശരിയായ ദിശാബോധം നല്‍കേണ്ട സാംസ്‌കാരിക പ്രവര്‍ത്തകനാണെന്ന് തുടര്‍ച്ചയായി എഴുതുകയും പ്രസംഗിക്കുകയും മാത്രമല്ല സ്വകര്‍മങ്ങളിലൂടെ അര്‍ത്ഥശങ്കയ്ക്കിട നല്കാതെ കാട്ടിത്തരികയും ചെയ്തു അദ്ദേഹം. എഴുത്തുകാരന്‍ കാലത്തിന്റെ സാക്ഷി മാത്രമല്ല, വിധാതാവ് കൂടിയാണ് എന്ന നിലപാട് എന്നും ഉയര്‍ത്തിക്കാട്ടിയ കുറുപ്പ് സാര്‍, പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ സങ്കുചിത സമീപനങ്ങളെ അതിരൂക്ഷമായി തന്നെ കടന്നാക്രമിക്കുകയും ചെയ്തു. അപ്പോഴൊക്കെ കുട്ടിക്കൃഷ്ണമാരാരും സഞ്ജയനും കുറുപ്പ് സാറിന്റെ തീക്ഷ്ണമായ വാക്കുകളിലൂടെ പല കുറി പുനര്‍ജനിക്കുന്നത് സാംസ്‌കാരിക കേരളത്തിന് കാണാനായി. യാത്രാവിവരണം, ജീവചരിത്രം, നോവല്‍, ആട്ടക്കഥ എന്നിങ്ങനെ സാഹിത്യത്തിന്റെ വ്യത്യസ്ത ജനുസ്സുകളിലും സാറിന്റെ സംഭാവനകളുണ്ട്. തിരഞ്ഞെടുത്ത തന്റെ കവിതകള്‍ക്ക് ദശപുഷ്പം എന്നു പേരിട്ടത് വഴി വൈവിധ്യത്തിന്റെ ചാരുത ഭംഗിയായി ധ്വനിപ്പിച്ച കവിക്ക് നാനാത്വത്തെ അംഗീകരിക്കുന്ന ഏകത്വഭാവനയുടെ വിശാല ഭാരതീയവീക്ഷണം പ്രിയങ്കരമായതില്‍ അത്ഭുതപ്പെണ്ടേതില്ലല്ലോ.

ദേശവിരുദ്ധതയോട് സന്ധിയില്ലാതെ പൊരുതിയ ഈ മഹാമനുഷ്യന് കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാന്‍ സര്‍വഥായോഗ്യതയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അത് നല്‍കാനുള്ള മനോവിസ്തൃതി മാറി മാറി കേരളം ഭരിച്ചവര്‍ക്കുണ്ടായില്ല. ഭാരതീയതയുടെ ഉപാസകനായത് കൊണ്ട് തന്നെ നമ്മുടെ ഭരണസംവിധാനങ്ങള്‍ ഈ സാഹിത്യപ്രതിഭയെ ആവോളം അവഗണിച്ചു. സ്‌കൂള്‍ കോളജ് സിലബസ്സുകളില്‍ പോലും ആ നാമം വന്നുപെടാതിരിക്കാന്‍ അവര്‍ ജാഗ്രത കാട്ടി. സാറിനെ ഒഴിവാക്കുന്നതില്‍ നിഗൂഢമായ ആനന്ദം അക്കൂട്ടര്‍ക്കുണ്ടായിരുന്നു. എന്‍.വി. കൃഷ്ണവാര്യരും ഡോ. കെ. അയ്യപ്പപ്പണിക്കരും ഡോ. എം. ലീലാവതിയും മറ്റും സാറിന്റെ പ്രതിഭാ ശക്തിയെ അറിഞ്ഞെഴുതിയ വിലപ്പെട്ട വാക്കുകള്‍ ഇത്തരം ഒളിഞ്ഞും തെളിഞ്ഞുമുള്ള തമസ്‌കരണ ശ്രമങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്നതായിരുന്നു. കുറുപ്പ് സാറിനെ വ്യക്തിപരമായി ഇകഴ്ത്തിക്കാട്ടാനും ആരാണ് ഈ പി. നാരായണക്കുറുപ്പ് എന്ന് ആക്രോശിക്കാനും നമ്മുടെ സാഹിത്യരംഗം അടക്കിഭരിച്ച ചിലര്‍ അരയും തലയും മുറുക്കി രംഗത്ത് വന്നതും ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തു പോവുകയാണ്. സംഘിമുദ്ര ചാര്‍ത്തി സാറിനെ ഒറ്റപ്പെടുത്താനും ഇക്കൂട്ടര്‍ കഠിനമായി ശ്രമിച്ചു. എന്നാല്‍ ഇതിനൊക്കെ തക്കതായ മറുപടിയെന്നോണം ശ്രീ നരേന്ദ്രമോദി നയിക്കുന്ന ഭാരത സര്‍ക്കാര്‍ പത്മശ്രീ പുരസ്‌കാരം നല്‍കി കുറുപ്പ് സാറിനെ ഉചിതമായി ആദരിച്ചു. സാറിനെ അവഗണിച്ച ഗുരുത്വദോഷികള്‍ക്ക് ആ വാര്‍ത്ത കനത്ത ആഘാതമായി. എന്നാല്‍ കുറുപ്പ് സാറിന് ലഭിച്ച രാഷ്ട്രത്തിന്റെ ഈ അംഗീകാരം ഭാരതീയമായ പരിപ്രേക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തര്‍ക്ക് നല്‍കിയ ഉണര്‍വ്വും ഊര്‍ജവും ആഹ്ലാദവും അളന്നെടുക്കാനാവാത്തതായിരുന്നു. തനിക്ക് രാഷ്ട്രം സമ്മാനിച്ച പത്മശ്രീ പുരസ്‌കാരം വ്യക്തിപരമായി ലഭിച്ച ഒരു പുരസ്‌കാരമായി കാണുന്നില്ലെന്നും ഭാരതീയതയില്‍ വിശ്വസിക്കുന്ന സാഹിത്യദര്‍ശനത്തിന് ലഭിച്ച വിലപ്പെട്ട അംഗീകാരമാണെന്നും സാര്‍ ഉറച്ച സ്വരത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചതും ഇത്തരുണത്തില്‍ ഓര്‍ക്കാതിരിക്കാനാവില്ല. വാക്ക് ദൈവികമായ വരദാനമാണെന്ന് വിശ്വസിച്ച കവിക്ക് അങ്ങനെയേ പറയാനാവൂ. പരാശക്തിക്ക് മുമ്പില്‍ തന്നെ തന്നെ സമര്‍പ്പിച്ചവനായിരുന്നല്ലോ ഈ മഹാകവി. ഇതാ ആ വരികള്‍ തന്നെ ഞാന്‍ ഉദ്ധരിക്കട്ടേ.

‘ശതമാര്‍ത്താണ്ഡ തേജസ്സേ
ശാപജാഢ്യവിമോചകേ, പൊരുള്‍ കാട്ടുക ഞാനാകും പൊള്ളവാക്ക് നിറയ്ക്കുക’ (കവിയുടെ ഒരു ദിവസം). അക്ഷരം എന്ന വാക്കിലടങ്ങിയ തത്വം ഈശ്വരീയമാണെന്ന് ഇതിലപ്പുറം എങ്ങനെ കവിതയില്‍ ആവിഷ്‌ക്കരിക്കാനാവും?

തൊണ്ണൂറ്റി മൂന്നാമത്തെ വയസ്സിലാണ് കുറുപ്പ് സാര്‍ ജീവിതരംഗവേദിയില്‍ നിന്ന് വിടവാങ്ങിയത്. പി.നാരായണക്കുറുപ്പ് സാറിന്റെ ഭൗതികസാന്നിധ്യം ഇന്ന് നമ്മോടൊപ്പമില്ല എന്ന സത്യം വേദനാജനകമാണ്. എന്നാല്‍ മരണാനന്തരം, രോഗരഹിതവും തേജസ്സാര്‍ന്നതുമായ കാവ്യമയശരീരമായി കുറുപ്പ് സാര്‍ നമ്മോടൊപ്പം സദാ ഉണ്ടാവും. അദ്ദേഹത്തിന്റെ പാത പിന്തുടരുവാനും അദ്ദേഹം എഴുതിയ കൃതികളെ കുറിച്ച് വിലപ്പെട്ട ഗവേഷണം നടത്തുവാനും നാം കടപ്പെട്ടവരാണ്. ആ കരളുറപ്പിന്റെ കാവ്യതീര്‍ത്ഥത്തില്‍ ഒരിക്കല്‍ കൂടി മുങ്ങി നിവരാന്‍ ഞാന്‍ കൊതിക്കുന്നു. മൃത്യുവിന്റെ മുമ്പില്‍ എന്നൊരു കവിതയില്‍ കുറുപ്പ് മാഷ് എഴുതിയ വരികള്‍ സൂചിപ്പിച്ചുകൊണ്ട് ഈ അക്ഷരശ്രാദ്ധമവസാനിപ്പിക്കട്ടെ. ‘ഭാസുരമായോരീനിമിഷത്തില്‍ ഞാനതോര്‍ത്തു, പ്രകൃതിയിലെന്നും, പൂര്‍ണ്ണം മാത്രം അവശേഷിക്കുന്നു.’

(കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ മലയാളഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍).

Tags: പി. നാരായണക്കുറുപ്പ്
ShareTweetSendShare

Related Posts

കവിയുടെ കര്‍മ്മയജ്ഞം

കവിയുടെ കര്‍മ്മയജ്ഞം

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

മലയാളഭാഷയെ മതം വിഴുങ്ങുമ്പോള്‍

മലയാളഭാഷയെ മതം വിഴുങ്ങുമ്പോള്‍

തുഞ്ചനെ തമസ്‌ക്കരിക്കുമ്പോള്‍

തുഞ്ചനെ തമസ്‌ക്കരിക്കുമ്പോള്‍

Shopping Cart

Latest

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies