ഭോജ് ശാല സരസ്വതി ക്ഷേത്രമാണെന്നും അത് പൂര്‍ണ്ണമായും ഹിന്ദു ആരാധന കേന്ദ്രമാണെന്നും വിധിച്ചുകൊണ്ട് മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിന്റെ വിധി വൈദേശിക ആക്രമണങ്ങളുടെ ഫലമായി ശോഷണം സംഭവിച്ച ഭാരതീയതയുടെ ഉജ്വലമായ ഘര്‍വാപസിയാണ് എന്ന് വിലയിരുത്തുന്നതാകും ശരി. ഉന്നതമായ ഭാരതീയ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും മകുടോദാഹരണമായിരുന്നു അറിവിന്റെ തലസ്ഥാനമെന്ന് അറിയപ്പെട്ടിരുന്ന ഭോജ് ശാല. ചരിത്രപരമായി ഒരു ഹിന്ദുരാജാവ് നിര്‍മ്മിച്ച ക്ഷേത്ര സമുച്ചയം എന്നതിലുപരി അറിവിന്റെ സര്‍വ്വകലാശാലയായി നിലകൊണ്ട ഈ കേന്ദ്രം ഒരു ജനതതിയുടെ നഷ്ടപ്പെട്ടുപോയ സ്വത്വത്തിന്റെ പ്രതീകമാണ്. 2026 മെയ് 15 ന് മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് മദ്ധ്യപ്രദേശ് ധാറിലെ ഭോജ് ശാല സമുച്ചയം സരസ്വതി ദേവി ക്ഷേത്രമാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വിധി പുറപ്പെടുവിച്ചു. ചരിത്രപരവും സാംസ്‌കാരികവും നിയമപരവുമായി ഏറെ പ്രത്യാഘാതങ്ങളുള്ള ഈ വിധി ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരു നാഴിക്കല്ലായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന പാരമ്പര്യമായുള്ള അറിവിന്റെ കേന്ദ്രങ്ങള്‍ ചരിത്രത്തിന്റെ നിരാശാജനകമായ ഘട്ടങ്ങളില്‍ പലപ്പോഴും ആക്രമിക്കപ്പെട്ടെങ്കിലും അത്തരം കേന്ദ്രങ്ങളെയൊക്കെ നഷ്ടപ്പെട്ട പ്രതാപങ്ങളിലേക്ക് തിരിച്ചുകൊണ്ടുവന്ന് അവയെ ശക്തിപ്പെടുത്താന്‍ പ്രചോദനമാകുന്ന വിധിയാണ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് പുറപ്പെടുവിച്ചിട്ടുള്ളത്.
കഴിഞ്ഞ സഹസ്രാബ്ദത്തില്‍ വൈദേശിക ശക്തികളുടെ ആക്രമണങ്ങളില്‍ നടന്ന ക്രൂരമായ വംശഹത്യയുടെയും തകര്‍ക്കപ്പെട്ട ജ്ഞാന ശാസ്ത്ര പാരമ്പര്യങ്ങളുടെയും സാംസ്‌കാരിക വൈഭവത്തിന്റെയും അവശേഷിക്കുന്ന കേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ഈ വിധി ദേശീയ ജനതയ്ക്ക് വലിയ പ്രചോദനമാകുകയാണ്.
1991 ലെ ആരാധനാലയ നിയമം മറികടന്ന വിധി
ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവത്തെ ചൊല്ലിയുള്ള ചരിത്രപരമായ തര്‍ക്കങ്ങള്‍ക്ക് തടയിട്ടുകൊണ്ടാണ് 1991 ലെ ആരാധനാലയ നിയമം പ്രാവര്‍ത്തികമാക്കിയത്. മെയ് 15 ന് മദ്ധ്യപ്രദേശ് ഹൈക്കോടതി ഭോജ് ശാല – കമാല്‍ മൗല മസ്ജിദ് കേസില്‍ വിധി പുറപ്പെടുവിച്ചുകൊണ്ട് ഈ വിഷയം 1991 ലെ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടി. ഇത് ഭൂമിയുടെയോ സ്വത്തിന്റെയോ അവകാശവുമായി ബന്ധപ്പെട്ട കേസല്ലെന്നും മറിച്ച് 1947 ആഗസ്റ്റ് 15 ലെ ആരാധനാലയത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്നതിനുള്ള ഹര്‍ജിയും കേസുമാണെന്നും കോടതി വ്യക്തമാക്കി. ഈ കേസിലെ വിഷയം സ്വത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടതല്ലെന്നും ആരാധനയ്‌ക്കോ പ്രാര്‍ത്ഥനയ്‌ക്കോ ഉള്ള മൗലികാവകാശത്തിന്റെ അവകാശവാദവുമായി ബന്ധപ്പെട്ടതാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 1947 ആഗസ്റ്റ് 15 ന് നിലവിലുണ്ടായിരുന്ന സ്ഥലത്തിന്റെ സ്വഭാവം സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13 പരാമര്‍ശിക്കുന്ന പ്രഖ്യാപനം ആവശ്യപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരകങ്ങളെ 1991 ലെ നിയമത്തിന്റെ പ്രയോഗത്തില്‍ നിന്നും ഒഴിവാക്കാമെന്ന് ഹിന്ദുവിഭാഗത്തിന്റെ ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍ നിയമത്തിലെ സെക്ഷന്‍ 4(3) പ്രകാരം ഇത് നിയമത്തില്‍ നിന്ന് പരിധിയില്ലാത്ത വെല്ലുവിളികള്‍ക്ക് വിധേയമാകുമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് മുസ്ലിം വിഭാഗത്തിന്റെ ഹര്‍ജിക്കാരും വാദിച്ചു. എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നിയമം ഒരു സ്വയംപര്യപ്തമായ നിയമസംഹിതയായതിനാലാണ് 1991 ലെ നിയമത്തില്‍ നിന്നുള്ള ഒഴിവാക്കല്‍ നിലനില്‍ക്കുന്നതെന്ന നിഗമനമാണ് ഹൈക്കോടതി സ്വീകരിച്ചത്. ഭോജ് ശാലയിലെ ഹര്‍ജി സിവില്‍ സ്യൂട്ടല്ല മറിച്ച് ഒരു റിട്ട് ഹര്‍ജിയായതിനാല്‍ ഇത്തരം തര്‍ക്കങ്ങളില്‍ പുതിയ സര്‍വ്വേകള്‍ക്ക് വേണ്ടി ഉത്തരവും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നുമുള്ള 2024 ഡിസംബര്‍ 12 ലെ സുപ്രീംകോടതി ഉത്തരവില്‍ നിന്നുള്ള ഒഴിവാകലും സംഭവിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ സാഹചര്യം. അതായത് ഭോജ് ശാല സ്ഥിതി ചെയ്യുന്ന സ്ഥലം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള പ്രത്യേക നിയമനിര്‍മ്മാണത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സംരക്ഷിത പുരാതന സ്മാരകമായതിനാലും ഹൈക്കോടതിയുടെ റിട്ട് അധികാരപരിധിയിലാണ് നടപടികള്‍ ആരംഭിച്ചത് എന്നതിനാലും 1991 ലെ നിയമം ഒരു തടസ്സമായി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വിധിച്ചു. അതിനാല്‍ ഈ സുപ്രധാന വിധി 1991 ലെ ആരാധനാലയ നിയമത്തിന്റെ സംരക്ഷണ കവചം ദുര്‍ബ്ബലപ്പെടുത്തുക മാത്രമല്ല മറികടക്കുന്നതാണെന്നും നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു.

ഭോജ് ശാല എവിടെയാണ്?
മദ്ധ്യപ്രദേശിലെ ചരിത്രപ്രസിദ്ധമായ ധാര്‍ നഗരത്തിലാണ് ഭോജ് ശാല സ്ഥിതി ചെയ്യുന്നത്. 11-ാം നൂറ്റാണ്ടില്‍ പര്‍മര്‍ രാജവംശത്തിലെ രാജാ ഭോജ് ആണ് ഭോജ് ശാല സ്ഥാപിച്ചത്. 1010 മുതല്‍ 55 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം. 1034 ലാണ് ഭോജ് ശാല സ്ഥാപിച്ചത്. ഏറ്റവും ശക്തമായ ഇന്ത്യയിലെ കുതിരപ്പടയായിരുന്നു രാജാ ഭോജിനുണ്ടായിരുന്നത്. വാഗ്‌ദേവിയായ സരസ്വതി വിഗ്രഹം സ്ഥാപിച്ച ഇവിടം ഒരു ക്ഷേത്രം മാത്രമല്ല അറിവിന്റെ കേന്ദ്രമായ സര്‍വ്വകലാശാല തന്നെയായിരുന്നുവെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു.
അക്രമികളായെത്തി ഖില്‍ജിയും ഘോറിയും
1305 ലാണ് അലാവുദീന്‍ ഖില്‍ജി ധാര്‍ ആക്രമിക്കുന്നത്. തുടര്‍ന്ന് ദിലാവര്‍ ഖാന്‍ ഘോറിയും ആക്രമണം നടത്തി. ഇത് 1409 വരെ നീണ്ടുനിന്നു. ധാറിലെ മഹാലക് ദേവിനെയും ഗോകാല്‍ ദേവിനെയും പരാജയപ്പെടുത്തിയ ഖില്‍ജിയും ഘോറിയുമൊക്കെ ധാറിന്റെ ഭരണം ഏറ്റെടുക്കുകയും ഭോജ് ശാല ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തു. മഹമുദ് ഷാ ഖില്‍ജി രണ്ടാമനാണ് ഈ സ്ഥലത്ത് പള്ളിയെന്ന് അവകാശപ്പെടുന്ന കെട്ടിടം നിര്‍മിച്ചതത്രെ.
തുടര്‍ന്ന് സ്വതന്ത്ര മാല്‍വ സുല്‍ത്താനേറ്റ് സ്ഥാപിച്ചു. മൗലാന കമാലുദീന്റെ നേതൃത്വത്തില്‍ ഭരണം തുടര്‍ന്നു. ഇവിടെ ശവകുടീരങ്ങള്‍ സ്ഥാപിച്ചു. പിന്നീട് 1732 ല്‍ മറാത്ത ഭരണാധികാരികള്‍ മുസ്ലീം രാജവംശത്തെ പരാജയപ്പെടുത്തി ധാറിന്റെ ഭരണം ഏറ്റെടുത്തു. എന്നാല്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇവിടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. 1875 ല്‍ ബ്രിട്ടീഷ് രാജവംശത്തിന്റെ പ്രതിനിധിയായ മേജര്‍ ജനറല്‍ വില്യം കെന്‍കെയ്ഡ് ഭോജ് ശാലയ്ക്ക് സമീപം ഖനനം നടത്തി. ഈ ഖനനത്തില്‍ വാഗ്‌ദേവിയായ സരസ്വതിയുടെ വിഗ്രഹം ഇവിടെ നിന്ന് കണ്ടെടുത്തു. 1880 ല്‍ ഈ സരസ്വതി വിഗ്രഹം കെന്‍കെയ്ഡ് ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലേക്ക് കൊണ്ടുപോയി. 1909 ല്‍ ധാറില്‍ പുരാതന സ്മാരക നിയമം (1904ലെ) നടപ്പിലാക്കി 1908 – 09 ലെ ധാര്‍ ദര്‍ബാര്‍ ഗസറ്റിലൂടെ ഭോജ് ശാല ഒരു സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. 1934 ല്‍ ധാര്‍ ദിവാന്‍ കെ. നദ്കര്‍ ഭോജ് ശാലയെ കമാല്‍ പള്ളിയായി പ്രഖ്യാപിക്കുന്ന നിയമം പുറപ്പെടുവിക്കുകയും മുസ്ലീങ്ങള്‍ക്ക് വെള്ളിയാഴ്ച നമസ്‌കാരം അനുവദിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് 1944 ല്‍ മൗലാന കമാലുദീന്റെ ആദ്യ ഉറൂസ് സംഘടിപ്പിച്ചത് വലിയ വര്‍ഗ്ഗീയ കലാപത്തില്‍ കലാശിച്ചു. 1952 ബസന്ത് പഞ്ചമി നാളില്‍ ഹിന്ദുക്കള്‍ ഭോജ് ഉത്സവം നടത്തി. ഇതേ വര്‍ഷം തന്നെ ഭോജ് ശാലയെ സംരക്ഷിത സ്മാരകമായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ (എഎസ്‌ഐ) പ്രഖ്യാപിച്ചു. 1988-ല്‍ ഭോജ് ശാലയുടെ അറ്റകുറ്റ പണികള്‍ നടന്നുകൊണ്ടിരിക്കെ ഇവിടെ നിന്ന് മറ്റൊരു വിഗ്രഹം കണ്ടെത്തുകയും അത് എഎസ്‌ഐക്ക് കൈമാറുകയും ചെയ്തു. ഭോജ് ശാലയ്ക്ക് സമീപത്തെ ശ്മശാനം മദ്ധ്യപ്രദേശിലെ ലാന്‍ഡ് റവന്യൂ കോഡ് പ്രകാരം 1997 ല്‍ അടച്ചു. ഇതേ വര്‍ഷം ധാര്‍ ജില്ല കളക്ടര്‍ എല്ലാ വെള്ളിയാഴ്ചകളിലും മുസ്ലീങ്ങള്‍ക്ക് വെള്ളിയാഴ്ച നമസ്‌കാരവും വര്‍ഷത്തിലെരിക്കല്‍ നടക്കുന്ന ബസന്ത് പഞ്ചമി നാളില്‍ ആഘോഷത്തിനായി ഹിന്ദുക്കള്‍ക്ക് അനുമതിയും നല്‍കി. മറ്റ് ദിവസങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം നിരോധിച്ചു.
2003 ലെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം എല്ലാ ചൊവ്വാഴ്ചയും ഹിന്ദുക്കള്‍ക്ക് ക്ഷേത്രദര്‍ശനവും വെള്ളിയാഴ്ചകളില്‍ മുസ്ലീങ്ങള്‍ക്ക് നമസ്‌കാരവും അനുവദിച്ചു. 2003 ലും 2006ലും ബസന്ത് പഞ്ചമിയും വെള്ളിയാഴ്ചയും ഒരേ ദിവസം വന്നതിനെ തുടര്‍ന്ന് ഹിന്ദുക്കള്‍ക്ക് പ്രവേശനം തടഞ്ഞ ഒരു വിഭാഗത്തിന്റെ നടപടി സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചു.

കേസിന്റെ ഉത്ഭവവും വിധിയും
ഭോജ് ശാല സമുച്ചയത്തിന്റെ യാഥാര്‍ത്ഥ്യം കണ്ടെത്തുന്നതിനും അതിന്റെ പേര് നിര്‍ണ്ണയിക്കുന്നതിനുമായി കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു ശാസ്ത്രീയമായ സര്‍വ്വേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് വൈസ് പ്രസിഡന്റ് ആശിഷ് ഗോയലും ഭോജ് ഉത്സവ് സമിതി കണ്‍വീനര്‍ അശോക് ജെയിനും മദ്ധ്യപ്രദേശ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. 2024 മാര്‍ച്ച് ഒന്നിന് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം എഎസ്‌ഐ അഡീഷണല്‍ ഡിജി അലോക് ത്രിപാഠിയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി സംഘം 2024 മാര്‍ച്ച് 22 ന് സര്‍വ്വേ ആരംഭിച്ചു. ഹൈക്കോടതി ഉത്തരവ് കമാല്‍ മസ്ജിദ് ഭാരവാഹികള്‍ എന്ന് അവകാശപ്പെടുന്നവര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. 2024 ഏപ്രില്‍ ഒന്നിന് സുപ്രീം കോടതിയും സ്ഥലത്തിന്റെ നിലവിലെ സ്ഥിതി മാറ്റുന്ന തരത്തിലുള്ള ഭൗതികമായ ഖനനം പാടില്ലെന്ന ഉപാധിയോടെ സര്‍വ്വെ നടത്താന്‍ അനുമതി നല്‍കി. 98 ദിവസത്തെ ശാസ്ത്രീയമായ സര്‍വ്വേയ്ക്ക് ശേഷം 2024 ജൂലായ് 15 ന് 2,189 പേജുള്ള സീല്‍ ചെയ്ത റിപ്പോര്‍ട്ട് എഎസ്‌ഐ മദ്ധ്യപ്രദേശ് ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ചു. രണ്ട് വര്‍ഷക്കാലത്തെ നിയമനടപടികള്‍ക്ക് ശേഷം റിപ്പോര്‍ട്ട് തുറക്കാന്‍ സുപ്രീം കോടതി മദ്ധ്യപ്രദേശ് ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കി. 2026 ഫെബ്രുവരി 16 മുതല്‍ 24 വരെ ഹൈക്കോടതി റിപ്പോര്‍ട്ട് സൂക്ഷ്മമായി അവലോകനം ചെയ്തു. റിപ്പോര്‍ട്ടിന്മേലുള്ള ശുപാര്‍ശകളും എതിര്‍പ്പുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
മുസ്ലീം വിഭാഗം റിപ്പോര്‍ട്ട് തള്ളി
ഹൈക്കോടതിയുടെ മേല്‍ നോട്ടത്തില്‍ സുപ്രീം കോടതിയുടെ അനുമതിയോടെ നടത്തിയ സര്‍വ്വെയുടെ റിപ്പോര്‍ട്ട് മൗലാന കമാലുദ്ദീന്‍ വെല്‍ഫെയര്‍ സൊസൈറ്റി തള്ളിക്കളഞ്ഞു. തെറ്റായ ദിശാബോധം സൃഷ്ടിക്കാന്‍ വേണ്ടി ഗൂഢലക്ഷ്യത്തോടെയുള്ള റിപ്പോര്‍ട്ടാണെന്ന് സൊസൈറ്റി ചെയര്‍മാന്‍ അബ്ദുള്‍ സമദ് പറഞ്ഞു. 1903 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് എഎസ്‌ഐ നടത്തിയ സര്‍വ്വേയില്‍ ഇത് കമാല്‍ മൗല മസ്ജിദായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇവിടെ സമസ്‌കാരം തുടരുമെന്നും 2026 മാര്‍ച്ച് 16 നുള്ള ഹിയറിംഗില്‍ എഎസ്‌ഐ റിപ്പോര്‍ട്ട് കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കമാല്‍ മൗല പള്ളി സമുച്ചയം ക്ഷേത്രം: പള്ളിയിലെ പ്രാര്‍ത്ഥനാനുമതി ഹൈക്കോടതി റദ്ദാക്കി
മദ്ധ്യപ്രദേശിലെ ധാര്‍ ജില്ലയിലുള്ള ഭോജ്ശാല സമുച്ചയത്തിന് സമീപത്തെ കമാല്‍ മൗല പള്ളി ക്ഷേത്രമാണെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി 2026 മെയ് 15 ന് വിധിച്ചു. പള്ളിയില്‍ വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥന നടത്താനുള്ള അനുമതി റദ്ദാക്കിയ ഹൈക്കോടതി പള്ളി നിര്‍മ്മാണത്തിനായി മറ്റൊരു ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ജനവിഭാഗത്തിന് മദ്ധ്യപ്രദേശ് സര്‍ക്കാരിനെ സമീപിക്കാമെന്നും വ്യക്തമാക്കി. ജസ്റ്റിസ് വിജയ് കുമാര്‍ ശുക്ല, അലോക് അശ്വതി എന്നിവരടങ്ങിയ മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിന്റെ ഉത്തരവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ വകുപ്പ് കണ്ടെത്തിയ പുരാവസ്തുക്കളുടെയും ചരിത്രപരമായ വസ്തുതകളുടെയും അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകളും അയോധ്യ കേസിലെ സുപ്രീം കോടതി വിധിയുമാണ് ഈ വിധിക്കാധാരമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭോജ് ശാല സമുച്ചയത്തില്‍ ആരാധന നടത്താനുള്ള സൗകര്യങ്ങളൊരുക്കാനും സുരക്ഷ ഉറപ്പാക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും കോടതി മദ്ധ്യപ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഭോജ്ശാല – കമാല്‍ മൗല മസ്ജിദ് സമുച്ചയം 1958 ലെ നിയമപ്രകാരം സംരക്ഷിത സ്മാരകമാണെന്നും 1904 മാര്‍ച്ച് 18 മുതല്‍ സംരക്ഷിത പദവിയുണ്ടെന്നും കോടതി വിധിയില്‍ പറയുന്നു.

സമുച്ചയത്തിന്റെ മതപരമായ സ്വഭാവം ഹിന്ദുക്കളുടേത്
കെട്ടിട സമുച്ചയത്തിന്റെ മതപരമായ സ്വഭാവം ഹിന്ദുമത്തിന്റേതാണെന്നും സരസ്വതി ദേവിയുടെ ക്ഷേത്രമായി ഇത് തിരിച്ചറിഞ്ഞതായും വിധിയില്‍ വിശദീകരിക്കുന്നു. ഒരു സംസ്‌കൃത പഠന കേന്ദ്രത്തിന്റെയും സരസ്വതി ദേവി ക്ഷേത്രത്തിന്റെയും തെളിവുകള്‍ സര്‍വ്വേയില്‍ കാണാനുണ്ടെന്നും വിധിയില്‍ പറയുന്നു. ഭോജ് ശാല നടത്തിപ്പിന്റെ ചുമതല ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്ക് തന്നെയായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
ഇവിടെ ക്ഷേത്രമുണ്ടായിരുന്നതിന്റെ തെളിവുകളും അടയാളങ്ങളും ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയെന്നും കമാല്‍ മൗല പള്ളിയെന്ന് അവകാശപ്പെടുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി തകര്‍ക്കപ്പെട്ട ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ചെന്നും പുരാവസ്തു വകുപ്പിന്റെ സര്‍വ്വേയില്‍ കണ്ടെത്തിയതായി കോടതി വിധിയില്‍ വ്യക്തമാക്കുന്നു.
സരസ്വതി വിഗ്രഹം തിരികെയെത്തിക്കണം എന്ന് കോടതി
ഈ ക്ഷേത്രത്തിലേതെന്ന് കരുതുന്ന ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള സരസ്വതി വിഗ്രഹം നാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള ഔപചാരിക ശ്രമങ്ങള്‍ നടത്താന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
72 കലകളിലും 36 ആയുധ ശാഖകളിലും പ്രാവീണ്യമുള്ള പാര്‍മര്‍ രാജവംശത്തിലെ രാജ ഭോജന്‍ എന്ന രാജാവാണ് ഇവിടെ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് വിശ്വാസം. 1875 ല്‍ ബ്രിട്ടീഷ് ഓഫീസര്‍ മേജര്‍ ജനറല്‍ വില്യം കിന്‍കെയ്ഡ് ഇവിടെ ഖനനം നടത്തി കണ്ടെത്തിയ സരസ്വതി വിഗ്രഹവും മറ്റ് വിലപ്പെട്ട രേഖകളും ബ്രിട്ടനിലേക്ക് കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ 151 വര്‍ഷമായി ഈ വിഗ്രഹം ഗ്രേറ്റ് റസ്സല്‍ സ്ട്രീറ്റിലെ ബ്രിട്ടീഷ് മൃൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ക്ഷേത്രാവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച മുസ്ലിം ദര്‍ഗ
ധാറിലെ മസ്ജിദ് എന്ന് അവകാശപ്പെടുന്ന ദര്‍ഗയടക്കമുള്ള ഭാഗം സരസ്വതി ക്ഷേത്രത്തിന്റെ കെട്ടിടാവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടത്തിന്റെ നാല് ദിശകളിലേക്ക് വ്യാപിച്ച് കിടക്കുന്ന ഭാഗങ്ങളിലെ 106 തൂണുകളുടെയും മുകള്‍ ഭാഗത്ത് ഉയര്‍ന്ന് നില്‍ക്കുന്ന സ്തംഭങ്ങളുടെയും മച്ച് താങ്ങി നിര്‍ത്തിയ ഉത്തരത്തിന്റെയും ഭാഗങ്ങള്‍ ക്ഷേത്രങ്ങളുടെ വാസ്തുവിദ്യയും കലയും അടങ്ങിയ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്ന് സര്‍വ്വേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ കെട്ടിടഭാഗങ്ങളില്‍ വികൃതമാക്കപ്പെട്ട ദേവതകളുടെയും മററും രൂപങ്ങളുണ്ട്. സംസ്‌കൃതത്തിലും മറ്റ് പ്രാകൃത ഭാരതീയ ഭാഷകളിലുമുള്ള ലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. എഡി 1094 നും 1133നും ഇടയില്‍ ഇവിടെ ഭരണം നടത്തിയിരുന്ന പരമാര രാജവംശത്തിലെ രാജാവായ നരവര്‍മ്മനെ പരാമര്‍ശിക്കുന്ന ഒരു ലിഖിതവും ഇതിനിടയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കെട്ടിടത്തിന്റെ ചുമരുകളുടെ ഭാഗങ്ങളില്‍ നിന്നും 94 ശില്പങ്ങളും സങ്കീര്‍ണ്ണമായ കൊത്തുപണികളും കണ്ടെത്തിയതായും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അവകാശപ്പെടുന്നു.

അയോധ്യ വിധിയിലെ 10 സുപ്രീം കോടതി പരാമര്‍ശങ്ങള്‍
പുരാതനമായ മതങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സിവില്‍ നിയമങ്ങളുടെ മാനദണ്ഡമായ സാധ്യതകളുടെ പ്രാധാന്യം അടിസ്ഥാനമാക്കി തീര്‍ക്കാന്‍ കഴിയണം. കോടതികള്‍ ചരിത്രപരമായ ആരാധനയും മതപരമായ തുടര്‍ച്ചയും പരിശോധിച്ച് തീരുമാനമെടുക്കണം. സ്ഥലവുമായി ബന്ധപ്പെട്ട ദീര്‍ഘകാല വിശ്വാസത്തിലും നിരന്തരമായ ആരാധനാ പാരമ്പര്യം നിലവിലുണ്ടോ എന്നതിലും ജുഡീഷ്യല്‍ അന്വേഷണം കേന്ദ്രീകരിക്കണം. ദേവതകളുടെയും മതപരമായ ദാനങ്ങളുടെയും സംരക്ഷണം പരമപ്രധാനമാണ്. ഒരു ദേവന്റെയോ മതസ്ഥാപനത്തിന്റെയോ താല്പര്യം സംരക്ഷിക്കാന്‍ ആരാധകര്‍ക്ക് കോടതികളെ സമീപിക്കാം.
ഒരു സ്ഥലത്ത് ഉണ്ടായിരുന്ന വിഗ്രഹം നശിപ്പിക്കുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്യുന്നത് മൂലം ആ സ്ഥലത്തിന്റെ മതപരമായ പവിത്രത ഇല്ലാതാകുന്നില്ല. സ്ഥലത്തിന്റെ ആത്മീയമായ ലക്ഷ്യവും ആരാധനയുടെ തുടര്‍ച്ചയും നിലനില്‍ക്കും. യുക്തിസഹമായ സൂക്ഷ്മ പരിശോധനയേക്കാള്‍ വിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യവും ആത്മാര്‍ത്ഥവുമായ തുടര്‍ച്ച കോടതികള്‍ പരിശോധിച്ച് തീരുമാനത്തിലെത്തേണ്ടതുണ്ട്. രേഖാമൂലമുള്ള തെളിവുകളുടെ അഭാവം കൊണ്ട് മാത്രം ഒരു സമൂഹം ദീര്‍ഘകാലമായി നിലനിര്‍ത്തി വരുന്ന ഒരു വിശ്വാസത്തെ നിഷേധിക്കാന്‍ കഴിയില്ല.
തര്‍ക്കമുള്ള ഒരു മതകേന്ദ്രത്തിന്റെയും സ്ഥലത്തിന്റെയും ചരിത്രപശ്ചാത്തലം മനസ്സിലാക്കുന്നതിന് ഗസറ്റിയറുകളും ഔദ്യോഗിക ചരിത്രരേഖകളും സ്വീകാര്യവും പ്രസക്തവുമാണ്. എന്നാല്‍ ഇത് പുരാവസ്തു തെളിവുകള്‍, സര്‍ക്കാര്‍ രേഖകള്‍, ആരാധന തെളിവുകള്‍ എന്നിവയോടൊപ്പം ചേര്‍ത്ത് വായിക്കണം.
സര്‍ക്കാര്‍ രേഖകള്‍ക്ക് മതപരമായ ഐഡന്റിറ്റിയെ പിന്തുണക്കാന്‍ കഴിയും. മതപരമായ സ്ഥലം തിരിച്ചറിയുന്നതിന് ഔദ്യോഗിക രേഖകളിലും സര്‍ക്കാര്‍ ഇടപാടുകളിലും ആവര്‍ത്തിച്ചുള്ള വിവരണങ്ങള്‍ ചരിത്രപരമായ ഐഡന്റിറ്റിയെയും ദീര്‍ഘകാല ആരാധനയെയും പിന്തുണയ്ക്കും.
ശരിയായ തെളിവുകളുടെ പിന്തുണയില്ലാതെ ഒരു വഖഫ് സ്ഥാപിത അവകാശവാദത്തിനും മറ്റൊരു മത സമൂഹത്തിന്റെ സ്ഥാപിത അവകാശങ്ങളെ ഇല്ലാതാക്കുന്ന രീതിയില്‍ യാന്ത്രികമായി മറികടക്കാന്‍ കഴിയില്ല. സാങ്കേതിക വൈദഗ്ദ്ധ്യമുള്ള വിദഗ്ദ്ധരാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതെന്നും അതുകൊണ്ട് അവ ഗണ്യമായ പ്രാധാന്യം അര്‍ഹിക്കുന്നതുമാണ്.
ഇതുപോലുള്ള തര്‍ക്കങ്ങളില്‍ മതചിഹ്നങ്ങളും പുരാവസ്തു അവശിഷ്ടങ്ങളും പ്രധാന തെളിവുകള്‍ തന്നെയാണ്. തര്‍ക്ക പ്രദേശത്തിന്റെ ചരിത്രപരവും മതപരവുമായ സ്വഭാവം നിര്‍ണ്ണയിക്കുന്നതില്‍ ലിഖിതങ്ങള്‍, ശില്പങ്ങള്‍, വാസ്തുവിദ്യ അവശിഷ്ടങ്ങള്‍, രൂപരേഖകള്‍, പുരാവസ്തുക്കള്‍ എന്നിവയ്ക്ക് വലിയ സാധ്യതയാണുള്ളത്.
ബലിദാനി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ
ധാറിലെ തര്‍ക്ക കെട്ടിട സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2003 ഫെബ്രുവരിയിലെ പ്രക്ഷോഭത്തില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ച വാന്‍ സിംഗ് ആരാഡി, ലക്ഷ്മണ്‍ സിംഗ്, അന്‍വര്‍ സിംഗ് എന്നിവരുടെ കുടുംബങ്ങള്‍ക്ക് മെയ് 25 ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. 2003 ഫെബ്രുവരി മാസം വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പൂര്‍ണ്ണമായ ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടത്തിയതായിരുന്നു പ്രതിഷേധം. ഇതിനിടയിലാണ് മൂന്ന് പേരും കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് 2003 ഏപ്രില്‍ 7 ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ചൊവ്വാഴ്ച ഹിന്ദുക്കള്‍ക്ക് ക്ഷേത്രാരാധന നടത്താന്‍ അനുമതി നല്‍കിയത്. മദ്ധ്യപ്രദേശ് ഹൈക്കോടതി വിധിയെ 750 വര്‍ഷം നീണ്ടുനിന്ന പോരാട്ടത്തിന്റെ ഫലമാണെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
മുസ്ലീം വിഭാഗം സുപ്രീം കോടതിയില്‍
ഭോജ് ശാല സമുച്ചയം സരസ്വതി ക്ഷേത്രമാണെന്ന മദ്ധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ മുസ്സിം വിഭാഗം മെയ് 21 ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കമാല്‍ മൗല പള്ളി പരിപാലകന്‍ ഖാസി മോയ്‌നുദ്ദീന്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി സുപ്രീം കോടതി പരിഗണനയ്ക്കായി മാറ്റി. സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ വഴിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്.





















