മലയാള നോവല്‍ സാഹിത്യം എന്നും പൊയ്ക്കാലിലാണ് നിന്നിട്ടുള്ളത്. എക്കാലത്തേയും മികച്ച ആഖ്യായികാകാരനായ സി.വി. മുതല്‍ ചന്തുമേനോന്‍ തുടങ്ങി പുതിയകാല നോവലിസ്റ്റുകള്‍ വരെ അന്യഭാഷാ കൃതികളുടെ അനുകരണങ്ങളോ സ്വാധീനങ്ങളോ ആയിരുന്നിട്ടുണ്ട്. സി.വിയെ സ്വാധീനിച്ചത് വാള്‍ട്ടര്‍സ്‌കോട്ട് ആയിരുന്നെങ്കില്‍ ചന്തുമേനോനെ ബഞ്ചമിന്‍ ഡിസ്രേലിയായിരുന്നു. ഹെമിങ്‌വേ, ഹെര്‍മന്‍ മെല്‍വില്‍, ആര്‍തര്‍ കേസ്‌ലര്‍, ന്യൂട്ട് ഹാംസന്‍, ദസ്തയോവ്‌സ്‌കി, ഫ്രാന്‍സ് കാഫ്ക, അല്‍ബേര്‍കാമു, യാസുനാരികവാബത്ത, യൂകിയോ മിഷിമ, ഹാരുകി മുറാകാമി തുടങ്ങി പാശ്ചാത്യരും പൗരസ്ത്യരുമായ അനേകം നോവലിസ്റ്റുകളില്‍ നിന്നും മലയാളി എഴുത്തുകാര്‍ ഊര്‍ജ്ജം സ്വീകരിച്ചിട്ടുണ്ട്. ചിലര്‍ കുറച്ചൊക്കെ പ്രത്യക്ഷമായും മറ്റു ചിലര്‍ പരോക്ഷമായും ഈ സ്വാധീനങ്ങള്‍ക്കു വിധേയരായി. അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് ലാറ്റിനമേരിക്കന്‍ എഴുത്തുകാരാണ്. ഗബ്രിയേല്‍ ഗാര്‍സീയ മാര്‍കേസും പൗലോ കൊയ്‌ലയും മറിയ വര്‍ഗാസ് യോസയുമൊക്കെ മലയാളി എഴുത്തുകാരുടെ പ്രകാശഗോപുരങ്ങളാണ്.
ഉമ്പെര്‍ട്ടോ എക്കോയുടേയും ഡാണ്‍ ബ്രൗണിന്റെയുമൊക്കെ സ്വാധീനങ്ങളെക്കുറിച്ച് മുന്‍ ലക്കങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. അത്തരം സ്വാധീനത്തിന്റെ ചെടിപ്പിക്കുന്ന ആവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ടെന്ന് ഇ. സന്തോഷ്‌കുമാറിന്റെ ‘തപോമയിയുടെ അച്ഛന്‍’ എന്ന വയലാര്‍ അവാര്‍ഡു കൃതി വായിച്ചപ്പോള്‍ മനസ്സിലായി. അഭയാര്‍ത്ഥികളുടെ കഥ പറയുന്ന നോവലില്‍ പുതിയ ആവിഷ്‌കാരം എന്ന പൊടിക്കൈ കാണിക്കാനായി നിഗൂഢഭാഷയെന്ന പേരില്‍ ചിലതൊക്കെ കുത്തി വരച്ചു വച്ചിരിക്കുന്നു. സത്യത്തില്‍ ഈ ഗൂഢഭാഷയ്ക്ക് നോവലിന്റെ പ്രധാനകഥയുമായി ഒരു ബന്ധവും തോന്നുന്നില്ല.
ലോകത്തില്‍ ഏറ്റവും ദുരിതമയമായ ജീവിതം ജീവിച്ചുതീര്‍ക്കേണ്ടി വരുന്നവരാണ് അഭയാര്‍ത്ഥികള്‍. അവരുടെ ജീവിതത്തെക്കുറിച്ച് ബംഗാളിയിലും ഹിന്ദിയിലും ധാരാളം രചനകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ അത്തരം കൃതികള്‍ ശരിക്കും വിരളമാണെന്നു പറയാം. അതിനുള്ള കാരണം ഇവിടെ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ ഇല്ല എന്നതാണ്. ടിപ്പുവിന്റെ ആക്രമണം, മലബാര്‍ കലാപം ഈ രണ്ടു സന്ദര്‍ഭങ്ങളില്‍ മാത്രമാണ് കേരളത്തില്‍ മനുഷ്യര്‍ക്കു കൂട്ടപലായനം വേണ്ടിവന്നത്. രണ്ടും താല്‍ക്കാലികമായിരുന്നു. ടിപ്പു പെട്ടെന്നു തന്നെ ബ്രിട്ടീഷുകാരുടെ വെടിയുണ്ടയ്ക്കു കീഴടങ്ങിയതിനാല്‍ മലബാറില്‍ നിന്നും തിരുവിതാംകൂറിലേയ്ക്കു വന്നവര്‍ പെട്ടെന്നുതന്നെ തിരിച്ചു പോയി. മലബാര്‍ കലാപത്തിന്റെ സ്ഥിതിയും അതുതന്നെയായിരുന്നു. കലാപകാരികളെ ബ്രിട്ടീഷ് സൈന്യം പെട്ടെന്നുതന്നെ മുഴുവനായും കീഴടക്കിയതിനാല്‍ അഭയാര്‍ത്ഥികള്‍ വൈകാതെ അവരുടെ കൃഷിയിടങ്ങളിലേയ്ക്കും വീടുകളിലേയ്ക്കും തിരിച്ചുപോയിരുന്നു. ഉത്തരേന്ത്യന്‍ അഭയാര്‍ത്ഥികളെപ്പോലെ കിലോമീറ്ററുകള്‍ അവര്‍ക്കു സഞ്ചരിക്കേണ്ടി വന്നില്ല. ജന്മനാട്ടിലേയ്ക്ക് ഒരിക്കലും തിരിച്ചുപോകാനാവാത്ത സ്ഥിതിയും ഉണ്ടായിരുന്നില്ല.
എം.ടിയും ഉറൂബും ഒക്കെ നോവലുകളിലൂടെ മലബാര്‍ കലാപം പരാമര്‍ശിച്ചു പോകുന്നുണ്ടെങ്കിലും അവയൊന്നും അഭയാര്‍ത്ഥികളുടെ ജീവിതദുരിതങ്ങളിലേയ്ക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നില്ല. ആനന്ദ് ‘അഭയാര്‍ത്ഥികള്‍’ എന്ന പേരില്‍ത്തന്നെ ഒരു നോവല്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ അത് അഭയാര്‍ത്ഥികള്‍ എന്ന സമസ്യയെ ദാര്‍ശനികമായി സമീപിക്കാനുള്ള ശ്രമമാണ്. അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ യഥാതഥമായ ആവിഷ്‌ക്കാരമൊന്നും അഭയാര്‍ത്ഥികളിലില്ല. അത്തരം കൃതികള്‍ കേരളത്തിലുണ്ടാകാത്തതിനു കാരണം അങ്ങനെയുള്ള രൂക്ഷമായ പ്രശ്‌നങ്ങള്‍ 1921നു ശേഷം കേരളത്തിലുണ്ടായില്ല എന്നതുതന്നെയാണ്. എല്ലാം എഴുത്തുകാരന്‍ സ്വയം അനുഭവിച്ചുതന്നെ എഴുതണമെന്നില്ല. സംഭവങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ചു മനസ്സിലാക്കി അതിനെ സ്വാംശീകരിച്ചാല്‍ എഴുതാനാവും. കുമാരനാശാന്‍ മലബാര്‍ കലാപത്തെക്കുറിച്ച് അറിയാന്‍ ഏറനാട്ടില്‍ എത്തുകയും അവിടെ സാധുക്കളും ദരിദ്രരുമായ ജനങ്ങള്‍ മതഭീകരന്മാരില്‍ നിന്നും നേരിട്ട ക്രൂരതകള്‍ നേരിട്ടറിയുകയും ചെയ്തതിനു ശേഷമാണ് ‘ദുരവസ്ഥ’ എഴുതിയത്. അത്തരം പഠനങ്ങള്‍ പല എഴുത്തുകാരും നടത്തിയതായി അനുഭവക്കുറിപ്പുകളുണ്ട്.

ബംഗ്ലാദേശില്‍ നിന്നും ഭാരതത്തിലേയ്ക്കുള്ള അഭയാര്‍ത്ഥികളുടെയും കടന്നുകയറ്റക്കാരുടേയും കഥകള്‍ സ്വാതന്ത്ര്യം ലഭിച്ച അന്നു മുതല്‍ നമ്മള്‍ കേള്‍ക്കുന്നു. ഇന്നും അതു നിലയ്ക്കാതെ തുടരുന്നു. ബംഗ്ലാദേശില്‍ നിരന്തരം ആക്രമണങ്ങള്‍ക്കു വിധേയമാകുന്ന ന്യൂനപക്ഷങ്ങള്‍ കൂട്ടംകൂട്ടമായി ഭാരതത്തിലേയ്ക്ക് വരുന്നുണ്ട്. അവരുടെ കഥയും ബോധപൂര്‍വ്വം ഭാരതത്തിലേയ്ക്കു നുഴഞ്ഞുകയറുന്ന ബംഗ്ലാദേശ് ഭൂരിപക്ഷത്തിന്റെ കഥയും രണ്ടാണ്. അവരെയെല്ലാം അഭയാര്‍ത്ഥികള്‍ എന്ന ഒറ്റ വാക്കില്‍ ഉള്‍പ്പെടുത്തുന്നതു തന്നെ സത്യത്തിനു നിരക്കുന്നതല്ല. ബംഗ്ലാ അഭയാര്‍ത്ഥികളെക്കുറിച്ച് നോവലിസ്റ്റിന് വ്യക്തമായ ധാരണയൊന്നുമില്ലെന്നു നോവല്‍ വായിക്കുമ്പോള്‍ നമുക്കു മനസ്സിലാകും. വര്‍ഷങ്ങള്‍ക്കു മുന്‍പ് അരവിന്ദന്‍ ‘വാസ്തുഹാര’ എന്ന ചലച്ചിത്രത്തില്‍ ഇത്തരത്തില്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നം കൈകാര്യം ചെയ്തത് ഓര്‍മ വരുന്നു. അതു സി.വി. ശ്രീരാമന്റെ കഥയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. അതും അത്ര ഗൗരവമായി അഭയാര്‍ത്ഥികളെക്കുറിച്ചു മനസ്സിലാക്കിയിട്ട് ആയിരുന്നുവെന്നു തോന്നുന്നില്ല. എങ്കിലും അതിന്റെ തീവ്രത കുറച്ചൊക്കെ അനുഭവിപ്പിക്കാന്‍ സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട്.
ഇ. സന്തോഷ്‌കുമാര്‍ തപോമയിയുടെ അച്ഛനില്‍ ഒന്നിലധികം കഥ പറഞ്ഞ് ദയനീയമായി പരാജയപ്പെടുന്നതാണ് നമ്മള്‍ കാണുന്നത്. അഭയാര്‍ത്ഥികളുടെ ദുരിതത്തിനിടയില്‍ ഗോപാല്‍ ബറുവ എന്ന പ്രധാന കഥാപത്രത്തിന്റെ പ്രണയനഷ്ടത്തിന്റെ പേരില്‍ ശ്യാമള്‍ദായെന്ന സാധുമനുഷ്യനോടു നടത്തുന്ന ക്രൂരതയുടെ കഥയും പിന്നെ ഗൂഢഭാഷയുടെ കഥയും അഭയാര്‍ത്ഥികളുടെ ജീവിത ദുരിതവും ഒക്കെ പറയുന്നതു മൂലം നോവലിന് എകാഗ്രത ഇല്ലാതായിരിക്കുന്നു. അഭയാര്‍ത്ഥി പ്രശ്‌നത്തെക്കുറിച്ച് കുറച്ചുകൂടി സമഗ്രമായി മനസ്സിലാക്കി അതുമാത്രം പറയാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും മഹത്തായ നോവല്‍ ആകുമായിരുന്നു. യുദ്ധങ്ങളും ദാരിദ്ര്യവും വംശീയതയുമൊക്കെ ചേര്‍ന്ന് അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നത് ഇന്നും ഒരു പഴങ്കഥയല്ല. മനുഷ്യന് സാന്ത്വനവും പ്രതീക്ഷയുമാകേണ്ട മതം അവന്റെ തന്നെ ഘാതകനായി മാറുന്നതാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ സംഭവിച്ചത്. ആരും ഇന്ന് റോഹിം ഗ്യരോട് സഹതാപം കാണിക്കുന്നില്ല. കാരണം കടുത്ത മതഭ്രാന്താണ് അവരെ അഭയാര്‍ത്ഥികളാക്കിയിരിക്കുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരില്‍ ഇവരുമുണ്ട് എന്നത് നോവലിസ്റ്റ് സൂചിപ്പിക്കുന്നതുപോലുമില്ല.
അഭയാര്‍ത്ഥികള്‍ ആയിത്തീരേണ്ടി വന്നവരുടെ ആദ്യകാലജീവിതവും അവരുടെ അനാഥത്വത്തിന്റെ കാരണവും ഒന്നും ആഖ്യായികയില്‍ ഇല്ല. എന്നാല്‍ അദ്ദേഹം ഇടയ്ക്കും മുറയ്ക്കും വരച്ചു വയ്ക്കുന്ന ഗൂഢഭാഷയുടെ ആവശ്യമെന്തെന്ന് വായനക്കാരനെ ബോധ്യപ്പെടുത്താനും സന്തോഷിനാകുന്നില്ല. പാശ്ചാത്യരായ ചിലര്‍ ഇങ്ങനെ ചിലത് നോവലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അതുകൊണ്ട് ഞാനും ഉള്‍പ്പെടുത്തി എന്നേ ഒരു സമാധാനം പറയാന്‍ എഴുത്തുകാരനു കഴിയൂ. ഇത്തരം വികൃതാനുകരണങ്ങള്‍ ഉപേക്ഷിച്ച് തന്റേതു മാത്രമായ ചിലതു സൃഷ്ടിക്കാന്‍ പുതിയ എഴുത്തുകാര്‍ ശ്രമിക്കേണ്ടതാണ്. ശ്രീലങ്കന്‍ പ്രശ്‌നം ടി.ഡി. രാമകൃഷ്ണന്‍ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ യില്‍ നന്നായി പറഞ്ഞിരിക്കുന്നു. കുറച്ച് അതിഭാവുകത്വമുണ്ടെങ്കിലും ‘റാം C/o ആനന്ദി’ യില്‍ അഖില്‍ പി. ധര്‍മ്മജനും തീരെ മോശമല്ലാതെ കഥ പറഞ്ഞിരിക്കുന്നു. ആ രണ്ടു കൃതികളുടെ വിജയം കണ്ടിട്ടാവാം സന്തോഷ്‌കുമാര്‍ മറ്റൊരഭയാര്‍ത്ഥി പ്രശ്‌നവുമായി വന്നത്. ‘മുമ്പേ ഗമിച്ചീടിന ഗോവുതന്റെ പിമ്പേഗമിക്കുന്ന ഗോവാ’ കാതെ തന്റേതായ ചിലത് ചെയ്യാന്‍ ശ്രമിക്കുകയല്ലേ വേണ്ടത്. നല്ല ചെറുകഥകള്‍ എഴുതുന്ന സന്തോഷിന് നല്ല നോവലെഴുതാനും തീര്‍ച്ചയായും കഴിയും. കുറച്ചുകൂടി ആത്മാര്‍ത്ഥത വേണം എന്നുമാത്രം.
മറ്റുള്ളവരുടെ പ്രശ്‌നം അവരുടേതു മാത്രമാണ് എന്ന തോന്നലുണ്ടായാല്‍ ഒരിക്കലും വായനക്കാരുടെ ഉള്ളിലേക്കു കയറുന്ന കൃതി സൃഷ്ടിക്കാനാവില്ല. നമുക്കുചുറ്റുമുള്ളവരുടെ വേദന തന്റേതുകൂടിയാണെന്ന് എഴുത്തുകാരനു തോന്നുകയും ഉള്ളില്‍ അയാള്‍ അതനുഭവിക്കുകയും ചെയ്താലേ മഹത്തായ കൃതികള്‍ സൃഷ്ടിക്കാനാവൂ. വേദന എന്നു പൊതുവെ പറഞ്ഞെങ്കിലും ദുഃഖം മാത്രമല്ല ഉദ്ദേശിക്കുന്നത്. ഏകാന്തതയും അസ്വസ്ഥതയും ഒറ്റപ്പെടലുമെല്ലാം സ്വാംശീകരിക്കാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥയിലേയ്ക്ക് എത്താന്‍ രചനയുടെ മുഹൂര്‍ത്തത്തിലെങ്കിലും എഴുത്തുകാരനുകഴിയണം. ആ തന്മയീഭാവത്തിലേയ്ക്കു വളരാനായില്ലെങ്കില്‍ മഹത്തായ രചനകള്‍ സൃഷ്ടിക്കാനാവില്ല. അങ്ങനെയൊരു തന്മയീഭാവം, ‘തപോമയി’യുടെ അച്ഛനില്‍ കാണാനില്ല.
‘ലെനിനും കര്‍ഷകനും’ എന്ന പേരില്‍ പണ്ടൊരു കഥ പഠിച്ചിട്ടുണ്ട്. ലെനിനെ കാണാനായി നാട്ടിന്‍ പുറത്തു നിന്നെത്തുന്ന കര്‍ഷകന്‍ ഒരു പിഞ്ഞാണത്തില്‍ ഗോതമ്പു കഞ്ഞി കുടിച്ചുകൊണ്ടിരിക്കുന്ന, വളരെ പ്രാകൃതമായ മുഷിഞ്ഞ വേഷം ധരിച്ച, ഉയരം കുറഞ്ഞ വ്യക്തിയോട് ‘ലെനിന്‍ എവിടെ?’ എന്നു ചോദിച്ചു. ‘എന്താ ആവശ്യം?’ എന്ന മറു ചോദ്യം കര്‍ഷകനിഷ്ടമായില്ലെങ്കിലും അയാള്‍ ചോദ്യം ആവര്‍ത്തിച്ചു. താനാണ് ലെനിന്‍ എന്ന് ആ പ്രാകൃതന്‍ പറഞ്ഞപ്പോള്‍ അയാള്‍ തന്നെ കളിപ്പിക്കുകയാണെന്നാണ് കര്‍ഷകന്‍ കരുതിയത്. ഒടുവില്‍ അത് ലെനിന്‍ തന്നെയാണെന്ന സത്യം മനസ്സിലാക്കിയപ്പോള്‍ അയാള്‍ അത്ഭുതപ്പെട്ടുപോയി. വെറും ഇരുമ്പുപിഞ്ഞാണത്തില്‍ കഞ്ഞി കുടിക്കുന്ന പ്രാകൃതമായ വേഷം മാത്രം ധരിച്ചിരിക്കുന്ന ഒരാളാണോ രാജ്യത്തിന്റെ തലവനായ ലെനിന്‍ എന്നയാള്‍ സ്വയം ചോദിച്ചുപോയി. ഈ കഥ ഒരു രാജ്യത്തിന്റെ ഭരണാധികാരി പൊതുമുതല്‍ ഉപയോഗിച്ചാണ് ജീവിക്കുന്നത് എന്നതിനാല്‍ ഏറ്റവും ലളിതമായ ജീവിതരീതിയേ പിന്‍തുടരാന്‍ പാടുളളൂ എന്നു പഠിപ്പിക്കാനാണ് പുസ്തകത്തില്‍ ചേര്‍ത്തിരുന്നത്. അതോടൊപ്പം കൊടുത്തിരുന്ന വര്‍ണ്ണ ചിത്രത്തില്‍ വരച്ചിരുന്നത് രണ്ടു വെള്ളക്കാരെയായിരുന്നു. പാടത്തു പണിയെടുക്കുന്ന കര്‍ഷകനും ലളിതജീവിതം നയിക്കുന്ന ലെനിനും വെളുത്ത നിറക്കാരാണ്. ലോകത്തിലേറ്റവും കൂടുതല്‍ ഗോതമ്പു കയറ്റിയയച്ച് ലോകത്തെ മുഴുവന്‍ തീറ്റുന്ന റഷ്യ മുഴുവന്‍ വെള്ളക്കാരുടെ രാജ്യമാണ്. അവിടെ പാടങ്ങളില്‍ പണിയെടുക്കുന്ന ആരും കറുത്തനിറക്കാരല്ല. ഗോതമ്പു കയറ്റുമതിയില്‍ രണ്ടാംസ്ഥാനക്കാരായ ആസ്‌ട്രേലിയയിലും കര്‍ഷകരില്‍ ബഹുഭൂരിപക്ഷവും വെളുത്തവര്‍ തന്നെ. അമേരിക്കയിലും ഭൂരിപക്ഷം കര്‍ഷകര്‍ വെളുത്തിട്ടുതന്നെ. വെളുപ്പിന്റെ സൗന്ദര്യത്തെക്കുറിച്ച് ഈ കര്‍ഷകരുടെ കാര്യം മുന്‍നിര്‍ത്തിയെങ്കിലും ആരെങ്കിലും കവിത എഴുതേണ്ടതല്ലേ?
എന്തുകൊണ്ടാണ് മുകളില്‍ സൂചിപ്പിച്ചതരത്തില്‍ ഒരു ചോദ്യം എന്ന് ചിലരെങ്കിലും അത്ഭുതപ്പെട്ടേക്കാം. കറുത്തവര്‍ മാത്രമാണ് അധ്വാനിക്കുന്നവര്‍, അവരാണ് ലോകത്തെ മുഴുവന്‍ തീറ്റുന്നതെന്നൊക്കെ ചില മണ്ടന്‍ ധാരണകള്‍ പരത്താന്‍ ഭാരതത്തില്‍, പ്രത്യേകിച്ചും കേരളത്തില്‍, ചിലര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ കറുപ്പിന്റെ മാഹാത്മ്യത്തെക്കുറിച്ച് എഴുതിക്കൊണ്ടേയിരിക്കുന്നു. മാതൃഭൂമിയില്‍ (മെയ് 17-23) ‘കറുത്ത പെണ്‍കുട്ടി’ എന്ന പേരില്‍ കണിമോള്‍ ഒരു കവിത എഴുതിയിരിക്കുന്നു. കവിത അവസാനിക്കുന്നത് ‘ദരിദ്രദേവതയ്ക്കിരുന്നരുളുവാന്‍ കറുത്ത കല്ലുടല്‍ പടുത്തൊരമ്പലം’ എന്നിങ്ങനെയാണ്. കറുത്തവരെല്ലാം ദരിദ്രരോ വെളുത്തവരെല്ലാം ധനികരോ അല്ല. താരതമ്യേന വെളുത്തവരിലാണ് ധനികര്‍ കൂടുതലുള്ളതെങ്കിലും കറുത്തവരിലും ധനികരും ദരിദ്രരുമുണ്ട്. കറുപ്പിന്റെ മാഹാത്മ്യം വിളമ്പലുകള്‍ക്കു പിറകില്‍ കടുത്ത വംശീയബോധമാണുള്ളത്. നിറത്തിന്റെ പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അത്തരക്കാര്‍ക്കു വളം വച്ചുകൊടുക്കലാണ് ഈ കറുപ്പുവാഴ്ത്തലുകള്‍. കറുപ്പിനു പ്രത്യേകിച്ചു പാതിത്യമോ മഹത്വമോയില്ല. വെളുപ്പിനും അങ്ങനെയില്ല. കറുത്ത മനുഷ്യര്‍ കൂടുതലുള്ള ഭാരതത്തില്‍ വെളുപ്പിനോടു താല്പര്യം തോന്നുന്ന ചിലര്‍ ഉള്ളത് സ്വഭാവികം. അത് വ്യത്യസ്തയ്ക്കുവേണ്ടിയുള്ള മനുഷ്യന്റെ പ്രകൃതമാണ്. അതൊക്കെ വംശീയതയാണെന്നു പറയുന്നത് കടുത്ത വര്‍ഗീയതയാണ്. ഈ കറുപ്പു വാഴ്ത്തലുകള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.






















