മുഴുവനായും സത്യസന്ധമായി ആരും ആത്മകഥകള്‍ എഴുതിയിരിക്കാനിടയില്ല. ജീവിതത്തിലെ എല്ലാ സംഭവങ്ങളും ആരും എഴുതാനും സാധ്യതയില്ല. എഴുതുന്നവ സത്യസന്ധമാണോ എന്ന് പരിശോധിക്കാന്‍ തക്ക മാപിനികളൊന്നുമില്ലല്ലോ! ലോകത്തിലെ മഹത്തായ ആത്മകഥകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഏവരും എടുത്തുകാട്ടുന്ന കൃതികളില്‍ ഒന്നാണ് ഗാന്ധിജിയുടെ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍.’ കുട്ടിക്കാലത്തുള്ള കുറ്റവാസനകളുള്‍പ്പെടെ എല്ലാം മഹാത്മജി ഇതില്‍ തുറന്നെഴുതിയിരിക്കുന്നു. ഭാഷയില്‍ പ്രത്യേകതകളൊന്നുമില്ലെങ്കിലും ലോകം മുഴുവന്‍ ഈ ആത്മകഥയെ വിലമതിക്കുന്നത് അതിലെ സത്യസന്ധതയെ മുന്‍നിര്‍ത്തിയാണ്. ആത്മകഥ ഒരാള്‍ക്കും എഴുതി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കൃതിയാണല്ലോ! അതുകൊണ്ടുതന്നെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടം വരെയുള്ള സംഭവങ്ങളേ അതില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ.
ഗാന്ധിജി 1921 വരെയുള്ള സംഭവങ്ങളാണ് സത്യാന്വേഷണ പരീക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനുശേഷമുള്ള ജീവിതം ഏവര്‍ക്കും പരിചിതമായതിനാല്‍ അതൊന്നും എഴുതുന്നില്ല എന്നു പറഞ്ഞാണ് അഞ്ചാം അധ്യായത്തിലെ അവസാനഭാഗമായ ‘വിട’ എന്ന നാല്പത്തിനാലാം ഖണ്ഡം അവസാനിപ്പിക്കുന്നത്. 1927ലാണ് കൃതി പ്രസിദ്ധീകരിച്ചത് എന്ന് കൃതിയുടെ തുടക്കത്തില്‍ പറയുന്നുണ്ട്. ഈ കൃതി പ്രസിദ്ധീകരിച്ച് വളരെ കഴിഞ്ഞതിനു ശേഷമാണ് ഗാന്ധിയുടെ കുപ്രസിദ്ധം എന്നു പറയാവുന്ന ബ്രഹ്മചര്യ പരീക്ഷണം നടത്തപ്പെടുന്നത്. ഇന്ന് മഹാത്മാവിന്റെ വ്യക്തിത്വത്തെ ചിലരെങ്കിലും സംശയത്തോടെ നോക്കുന്നത് ഈ ബ്രഹ്മചര്യാ പരീക്ഷണത്തിന്റെ പേരിലാണ്. ആത്മകഥയില്‍ അതുകൂടി ഉള്‍പ്പെടുത്താനുള്ള ധൈര്യം മഹാത്മാവിനുണ്ടായിരുന്നെങ്കില്‍ ഇന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സംശയങ്ങളും അപകീര്‍ത്തി പരാമര്‍ശങ്ങളും ഒഴിവായിക്കിട്ടിയേനേ. കുപ്രസിദ്ധമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മചര്യാപരീക്ഷണം നടത്തിയത് 1946-47 കാലഘട്ടത്തിലായിരുന്നുവെന്നു പറയപ്പെടുന്നു. ആത്മകഥ പുറത്തിറങ്ങി വളരെക്കാലം കഴിഞ്ഞശേഷമാണല്ലോ ഈ സംഭവം. ഒരുപക്ഷേ നാല്പത്തിയേഴിനുശേഷമാണ് അത് പുറത്തിറക്കിയിരുന്നതെങ്കില്‍ ഇതും ഉള്‍പ്പെടുത്തുമായിരുന്നിരിക്കണം എന്നേ ഇപ്പോള്‍ പറയാന്‍ കഴിയൂ.
കഴിഞ്ഞുപോയ സംഭവങ്ങളെക്കുറിച്ചും വ്യക്തിയെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ ഒരിക്കലും ആര്‍ക്കും ലഭിക്കാനിടയില്ല. പല സംഭവങ്ങളും നിറം പിടിപ്പിച്ചവയാകാം. സത്യവുമായി അതിനൊന്നും പുലബന്ധംപോലും ഉണ്ടാകണമെന്നില്ല. 2018ല്‍ ഘാനയുടെ തലസ്ഥാനമായ അക്രയില്‍ ഘാനയൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ അക്രമികള്‍ ബലം പ്രയോഗിച്ചു നീക്കം ചെയ്തതും ഇങ്ങനെയൊരു തെറ്റിദ്ധാരണയുടെ പേരിലാവാം. ഗാന്ധിജി വലിയ വംശീയ വാദിയാണെന്നായിരുന്നു പ്രതിഷേധക്കാരുടെ അഭിപ്രായം. കറുത്ത വര്‍ഗ്ഗക്കാരെ ഗാന്ധി കാഫിറുകള്‍ എന്നു വിളിച്ചിട്ടുണ്ടെന്നും ഇന്ത്യക്കാര്‍ പ്രാകൃതരായ കറുത്തവരേക്കാള്‍ എത്രയോ മുകളിലാണെന്നും ഒരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നുമാണ് ആഫ്രിക്കന്‍ വംശജരുടെ വാദം. അന്നത്തെ സാഹചര്യത്തില്‍ ആഫ്രിക്കന്‍ വംശജര്‍ ഇന്ത്യക്കാരേക്കാള്‍ വിദ്യാഭ്യാസംകൊണ്ടും ജീവിതരീതികൊണ്ടും വളരെ താഴെത്തന്നെയായിരുന്നു. അക്കാര്യം ഒരിക്കല്‍ സൂചിപ്പിച്ചതിനെയാണ് വംശീയതയായി അവര്‍ മുദ്ര കുത്തിയത് ”A general belief seems to prevail in the Colony that the Indians are a little better, if at all, than savages or the Natives of Africa.” ‘About the mixing of the Kaffirs with the Indian I must confess I feel most Strongly” ഈ വാക്യങ്ങള്‍ ഗാന്ധിജി എഴുതിയിട്ടുണ്ടെന്നു പറയുന്നത് ബ്രിട്ടീഷുകാരാണെന്നതും സംശയാസ്പദമാണ്. ലണ്ടനിലും പിന്നീട് ഗാന്ധി പ്രതിമ ആക്രമിക്കപ്പെട്ടു.
ഒരുപക്ഷേ ഈ വാക്യങ്ങള്‍ ഗാന്ധിജി എഴുതിയതു തന്നെയാണെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ഒന്നുറപ്പിക്കാം. ഗാന്ധിജി വംശീയവാദിയായാലും അല്ലെങ്കിലും അദ്ദേഹത്തിന് ഇന്ത്യക്കാരോടുള്ള മമത വ്യാജമായിരുന്നില്ല എന്ന്. ഇന്ത്യക്കാരുടെ മഹത്വം പറഞ്ഞപ്പോഴാണല്ലോ ഗാന്ധിജി വംശീയവാദിയായത്. ഈയടുത്തകാലം വരെ നിയമവാഴ്ച തന്നെയില്ലാതിരുന്ന ആഫ്രിക്കന്‍ വംശജരുടെ ഇടയില്‍ താമസിക്കുക അത്രസുഖകരമായ ഏര്‍പ്പാടാകാനിടയില്ല. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും പോലീസുതന്നെ ക്രിമിനലുകളാകുന്ന സ്ഥിതി വ്യാപകമായിരുന്നു ഇക്കാലം വരെയും. അപ്പോള്‍ അന്നത്തെ സ്ഥിതി എത്ര ഭീകരമായിരുന്നിരിക്കണം. അതുകൊണ്ടാവണം ഇന്ത്യക്കാരെ കറുത്തവരോടൊപ്പം താമസിപ്പിക്കരുത് എന്നദ്ദേഹം അന്നു പറഞ്ഞത്.
മലയാള ഭാഷയില്‍ ഉണ്ടായിട്ടുള്ള ആത്മകഥകളില്‍ ഏറ്റവും ശ്രദ്ധേയമായി എല്ലാവരും എടുത്തുകാണിക്കുന്നത് എന്‍.എന്‍. പിള്ളയുടെ ‘ഞാന്‍’ ആണ്. സാഹസികമായ ജീവിതം, എല്ലാകാര്യങ്ങളിലുമുളള കൃത്യമായ നിലപാടുകള്‍, ശക്തവും വികാരക്ഷമതയുമുള്ള ഭാഷ എന്നീ പ്രത്യേകതകള്‍ ഈ കൃതിയെ മലയാളത്തിലെ മറ്റ് ആത്മകഥകളേക്കാള്‍ പ്രത്യേകതയുള്ളതാക്കുന്നു. ചെറുകാടിന്റെ ജീവിതപ്പാത, തിക്കോടിയന്റെ അരങ്ങുകാണാത്ത നടന്‍, ചങ്ങമ്പുഴയുടെ തുടിക്കുന്ന താളുകള്‍, ജിയുടെ ഓര്‍മയുടെ ഓളങ്ങളില്‍, സി. കേശവന്റെ ജീവിതസമരം, വൈലോപ്പിള്ളിയുടെ കാവ്യലോകസ്മരണകള്‍, മന്നത്തുപത്മനാഭന്റെ എന്റെ ജീവിതസ്മരണകള്‍, ഫാദര്‍ വടക്കന്റെ എന്റെ കുതിപ്പും കിതപ്പും തുടങ്ങിയവയൊക്കെ മലയാളത്തിലെ എണ്ണപ്പെട്ട ആത്മകഥനങ്ങളാണ്. കവിതയോടു പക്ഷപാതിത്വമുള്ളതുകൊണ്ടായിരിക്കാം ഈ ലേഖകനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയപ്പെട്ടത് വൈലോപ്പിള്ളിയുടെ കാവ്യലോകസ്മരണകളാണ്.
വൈലോപ്പിള്ളിക്കവിതപോലെ തന്നെ മനോഹരമാണ് അദ്ദേഹത്തിന്റെ കാവ്യലോക സ്മരണകളും. പിയുടെ ആത്മകഥകളായ നിത്യകന്യകയെത്തേടി, കവിയുടെ കാല്‍പാടുകള്‍, എന്നെ തിരയുന്ന ഞാന്‍ എന്നിവയിലെപ്പോലെ ഭാഷകൊണ്ടുള്ള ഭംഗിയാക്കലൊന്നും വൈലോപ്പിള്ളിയുടെ രചനയിലില്ല. എങ്കിലും എഴുത്തിലെ ആത്മാര്‍ത്ഥതയും സത്യസന്ധതയും നമ്മളെ ആകര്‍ഷിക്കുന്നതാണ്. പുസ്തകത്തിന്റെ ആദ്യവരികള്‍ തന്നെ ‘കാവ്യലോകസ്മരണകള്‍’ എന്നത് വലിയ ഒരു വാക്കാണ്. അതിലെ ആര്‍ഭാടം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കവിതാ രംഗത്തെക്കുറിച്ച് ഒരു കവിതക്കാരന്റെ ഓര്‍മ്മകള്‍ എന്നു പറയുന്നതാവും കൂടുതല്‍ ഉചിതം” എന്നിങ്ങനെയാണ്. മറ്റുകവികളെക്കുറിച്ചു പറയുമ്പോഴും തന്റെ കാവ്യവൃത്തിയെക്കുറിച്ചു പറയുമ്പോഴുമൊക്കെയുള്ള മിതത്വവും ആര്‍ജ്ജവവും നമ്മളെ വല്ലാതാകര്‍ഷിക്കുന്നതാണ്.
നടന്നതപ്പടിയാണോ എഴുതുന്നത് എന്നു പരിശോധിക്കാനൊന്നും മാര്‍ഗ്ഗമില്ലല്ലോ! വായിക്കുന്നവര്‍ക്ക് ആകര്‍ഷകമായി തോന്നുന്ന രീതിയിലും സത്യസന്ധമാണെന്നു തോന്നിപ്പിക്കുന്ന രീതിയിലും എഴുതണം എന്നേ ആത്മകഥനങ്ങളെക്കുറിച്ച് പറയുമ്പോള്‍ നമുക്ക് അഭിപ്രായപ്പെടാനാവൂ. നൂറുശതമാനം സത്യമായിരിക്കണം എന്നൊക്കെ ശഠിക്കുന്നതിലര്‍ത്ഥമില്ല. സാക്ഷികളില്ലാത്ത സംഭവങ്ങളില്‍ ആഖ്യാതാവിനെ വിശ്വാസത്തിലെടുക്കാനേ കഴിയൂ. കലാകൗമുദിയില്‍ (മെയ് 24-31) ഡോക്ടര്‍ ആശാലത എന്നൊരാള്‍ ‘മേനോന്‍ സാറിന്റെ നിലവിളി എന്ന പേരില്‍’ തന്റെ ചില അനുഭവങ്ങള്‍ എഴുതിയിരിക്കുന്നു. സ്വന്തം അനുഭവങ്ങളാണെന്ന് ആണയിടുമ്പോള്‍ തന്നെ കൂടെയുള്ളവരുടെയൊക്കെ പേരുകള്‍ മാറ്റിയാണെഴുതുന്നതെന്ന് എഴുത്തുകാരി പറയുന്നുണ്ട്. കുറിപ്പില്‍ പറയുന്നതെല്ലാം സത്യമാണോ യഥാര്‍ത്ഥത്തില്‍ നടന്നതാണോ എന്നൊന്നും നമുക്കറിയില്ല. എന്നാല്‍ സ്വന്തം അനുഭവമാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട്, അല്ലെങ്കില്‍ സ്വന്തം അനുഭവം തന്നെ എന്ന രീതിയില്‍ എഴുതാന്‍ ഡോക്ടര്‍ ആശാലതയ്ക്കു കഴിയുന്നു. നമ്മളെക്കൊണ്ടു വായിപ്പിക്കാനും ഈ ആഖ്യാതാവിനു കഴിയുന്നു. അനുഭവത്തില്‍ പറയുന്ന ഡോക്ടര്‍ മേനോനോടു നമുക്കു വല്ലാത്ത മാനസിക അടുപ്പം അനുഭവപ്പെടുന്ന തരത്തിലാണ് രചന. എന്തായാലും നല്ല കുറിപ്പിനെ അഭിനന്ദിക്കാം.
കുട്ടിക്കാലത്തെ മതപഠനംകൊണ്ട് സംഘടിതമതങ്ങള്‍ അതിഭ്രാന്തന്മാരായ അനുയായികളെ വാര്‍ത്തെടുക്കുന്നതില്‍ സമ്പൂര്‍ണ്ണമായും വിജയിക്കുന്നുണ്ട്. അന്യമതസ്ഥനെ ഒരു മനഃസ്താപവുമില്ലാതെ കടന്നാക്രമിക്കാനും സ്വയം തന്നെ പീഡിപ്പിക്കാനുമൊക്കെ ഇത്തരം ഭ്രാന്ത് ആവാഹിച്ചവര്‍ക്ക് ഒരു മടിയുമില്ല എന്ന് നമ്മള്‍ നിത്യം കാണുന്നുണ്ട്. സ്വര്‍ഗം, നരകം, മാലാഖമാര്‍, ഹൂറിമാര്‍ എന്നിവകളിലൊക്കെയുള്ള വിശ്വാസം ഒരു സാഹചര്യത്തിലും ഇത്തരക്കാരില്‍ നിന്നും വിട്ടുപോകുന്നില്ല. ഒരു സാഹചര്യത്തിലും മതപരമായ ചിട്ടകള്‍ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. എന്നാല്‍ ബാലസംഘം, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നിങ്ങനെ തുടര്‍ച്ചയായി പരിശീലനങ്ങള്‍ക്കു വിധേയരായിട്ടും കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു പോകുന്നതെന്തുകൊണ്ട്? കമ്മ്യൂണിസത്തിനില്ലാത്ത എന്തോ ഒന്ന് സംഘടിത മതങ്ങള്‍ക്കുണ്ട്. അവ നാള്‍ക്കുനാള്‍ വളരുന്നു. എന്നാല്‍ കമ്മ്യൂണിസം മാത്രം അനുദിനം ശുഷ്‌കിക്കുന്നു. ഭാരതത്തില്‍ ആകെ ബാക്കിയുണ്ടായിരുന്ന കേരളത്തിലും അതുടനെ തന്നെ അപ്രത്യക്ഷമാകും എന്നതില്‍ സംശയമേയില്ല.
ദേശാഭിമാനി മേയ് 31 ന്റെ കവര്‍ സ്റ്റോറി ‘ബംഗാളില്‍ നിന്ന് വാര്‍ത്തകള്‍ ഉണ്ട്’ എന്നാണ്. സത്യത്തില്‍ അതുകണ്ടപ്പോള്‍ സഹതാപം തോന്നി. 35 വര്‍ഷം ഭരിച്ച സംസ്ഥാനത്തില്‍ നിന്ന് ഒരു സീറ്റു കിട്ടിയപ്പോഴാണ് ഇങ്ങനെയൊരു തലക്കെട്ടുകൊടുത്തത്. നിരന്തരം ഫാസിസ്റ്റുകള്‍ എന്നു വിളിച്ച് പരിഹസിച്ചിരുന്ന പ്രസ്ഥാനത്തിന്റെ പിന്‍തുണകൊണ്ടാണ് ഈ ഒറ്റ സീറ്റെങ്കിലും ലഭിച്ചത്. ആ പ്രസ്ഥാനത്തിന്റെ പിന്തുണകൊണ്ടാണ് വര്‍ഷങ്ങളായി അടഞ്ഞുകിടന്ന നൂറുകണക്കിന് പാര്‍ട്ടി ഓഫീസുകള്‍ തുറക്കാന്‍ കഴിഞ്ഞത്. സംഘപരിവാര്‍ ഭീകരന്മാരുടെ കാരുണ്യം കൊണ്ടാണ് പാര്‍ട്ടി അനുഭാവികള്‍ക്ക് ജീവഭയമില്ലാതെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായത്. എന്നിട്ടും നന്ദിയോടെ ഒരു വാക്കുപോലും പറയുന്നില്ല. ഇപ്പോഴും അവരുടെ ബുദ്ധിജീവികളായ സുനില്‍ പി. ഇളയിടവും കൂട്ടരും ടിപ്പു കറകളഞ്ഞ മതേതരവാദിയായിരുന്നെന്നും ഔറംഗസീബ് ഭാരതം കണ്ട ഏറ്റവും മഹാനായ ഭരണാധികാരിയാണെന്നും മലബാര്‍ കലാപം ബ്രിട്ടനെതിരെ നടന്ന മതേതര കലാപമാണെന്നും കള്ളം പറഞ്ഞുകൊണ്ടേയിരിക്കുന്നു.
എന്തുകൊണ്ട് ഇടതുപക്ഷം എല്ലായിടത്തും ഇല്ലാതാകുന്നുവെന്നതിന് ഏറ്റവും ലളിതമായ ഉത്തരം സത്യത്തോട് അല്പം പോലും കൂറില്ലാത്തതുകൊണ്ടാണ് എന്നു നിസ്സംശയം പറയാം. കള്ളം പറയുന്നതിനു പോലും ഒരു ഔചിത്യബോധമൊക്കെ വേണം. സ്വന്തം നിലനില്പ് അപകടത്തിലായാല്‍ എല്ലാവരും കള്ളം പറഞ്ഞെന്നിരിക്കും. എന്നാല്‍ നല്ല മനുഷ്യന് അപ്പോഴും താന്‍ പറഞ്ഞത് കള്ളമാണെന്ന കുറ്റബോധം ഉള്ളില്‍ ഉണ്ടാകും. എപ്പോഴെങ്കിലും അതു തുറന്നു പറയുകയും ചെയ്യും. എന്നാല്‍ സുനില്‍ പി. ഇളയിടത്തെപ്പോലുള്ളവര്‍ക്ക് നുണ പറയാന്‍ ഒരു വൈമുഖ്യവും കുറ്റബോധവുമില്ല. തെല്ലും ആദര്‍ശമില്ലാത്ത ഈ മനോഭാവമാണ് ഇടതുപക്ഷത്തെ തൂത്തെറിയുന്നത്. സത്യത്തിന് വില്യം ഷേക്‌സ്പിയര്‍ പറഞ്ഞതുപോലെ ‘No legacy is so rich as honesty’ (സത്യസന്ധതയേക്കാള്‍ വിലപിടിച്ച മറ്റൊരു സമ്പാദ്യവും ഇല്ല) വലിയ മഹത്വമുണ്ട്. ആ മഹത്വം തിരിച്ചറിയാത്തവരെ ചരിത്രം തൂത്തെറിയുകതന്നെ ചെയ്യും. കേരളത്തില്‍ ഒരു സഘപരിവാറുകാരനും ജനിക്കുന്നതിനു മുന്‍പുതന്നെ ഒട്ടുമിക്ക മലയാളികളും തങ്ങളുടെ വളര്‍ത്തു നായയ്ക്കു ടിപ്പുവെന്നാണ് പേരിട്ടിരുന്നത്. അത്രയ്ക്ക് അവര്‍ ടിപ്പുവിനെ വെറുത്തിരുന്നു എന്നര്‍ത്ഥം. എന്തെങ്കിലും നന്മ ആ ഭരണാധികാരിക്ക് ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും ഇത്രയും നികൃഷ്ടനായി ഒരു ജനത മുഴുവന്‍ അയാളെ കാണുമായിരുന്നില്ല. ആ സത്യം പോലും അംഗീകരിക്കാത്തവരാണ് സുനിലിനെപ്പോലുള്ളവര്‍.
മാതൃഭൂമിയില്‍ (മെയ് 31 – ജൂണ്‍ 6) ജെ. രഘു ജാതിക്കെതിരെ കലാപം നടത്തുന്ന ദിവ്യ ദ്വിവേദിയെ അഭിമുഖം നടത്തിയിരിക്കുന്നു. ബ്രാഹ്മണ സമുദായാംഗമായ ദ്വിവേദി ജാതിക്കെതിരെ നടത്തുന്ന സമരം ആത്മാര്‍ത്ഥതയുള്ളതായിരിക്കാനിടയുണ്ടോ? ഭാരതത്തിലിപ്പോള്‍ ജാതി വിരുദ്ധ സമരങ്ങള്‍ നടത്തേണ്ട ആവശ്യമുണ്ടോ? ഭാരതത്തില്‍ ഇന്ന് സമരം ചെയ്ത് അവസാനിപ്പിക്കേണ്ട ജാതിവിവേചനമോ അടിച്ചമര്‍ത്തലോ ഒന്നും എവിടേയുമില്ല. ഏതെങ്കിലും വ്യക്തികള്‍ തമ്മില്‍ നടക്കുന്ന എന്തെങ്കിലും വിയോജിപ്പുകളെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേര്‍ന്ന് ജാതി സംഘര്‍ഷമാക്കി വളര്‍ത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. അത് സദുദ്ദേശ്യം കൊണ്ടല്ല. എങ്ങനേയും സംഘര്‍ഷമുണ്ടാക്കി ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശശക്തികളോടുചേര്‍ന്ന് ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒരു കൂട്ടം രാഷ്ട്രീയക്കാരും അധികാരക്കൊതി മൂത്ത് ഈ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനു പിന്തുണ നല്‍കുന്നു.
ഭാരതത്തില്‍ അയിത്തം മുതലായ ദുരാചാരങ്ങള്‍ നിലനിന്ന ഒരുകാലം ഉണ്ടായിരുന്നു. അന്ന് അത്തരം അനാചാരങ്ങളുടെ ദോഷം എല്ലാ ഹിന്ദുജാതികളും അനുഭവിച്ചിരുന്നു. താഴ്ന്ന ജാതിക്കാര്‍ മാത്രമല്ല. പല അനാചാരങ്ങളും മേല്‍ജാതിക്കാരുടെ ജീവിതവും ദുരിതപൂര്‍ണ്ണമാക്കിയിരുന്നു. ഉദാഹരണത്തിന് പുലപ്പേടി, മണ്ണാപ്പേടി, വിധവാ വിവാഹ നിരോധനം, ബാല്യവിവാഹം, സതി അങ്ങനെ പലതും. ഇപ്പോള്‍ അതെല്ലാം മിക്കവാറും അവസാനിപ്പിച്ചുകഴിഞ്ഞു. തമിഴ്‌നാടു പോലെ അപൂര്‍വ്വം ചിലയിടങ്ങളില്‍ മാത്രം ചില ജാതി സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതൊക്കെ സാധാരണ ക്രമസമാധന പ്രശ്‌നത്തിനപ്പുറം വളരാറില്ല. ലോകത്തെവിടെയും അത്തരം സംഘര്‍ഷങ്ങളൊക്കെ പതിവാണ്. ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ആരാധകര്‍ തമ്മിലേറ്റുമുട്ടി പാശ്ചാത്യരാജ്യങ്ങളില്‍ മരിക്കുന്നതിന്റെ അത്രയുമൊന്നും ഇന്ത്യയിലെ ജാതിസംഘര്‍ഷങ്ങളില്‍ മരിക്കുന്നില്ല. ഇല്ലാത്ത ജാതി ഉണ്ടെന്നു വരുത്തി അതിനെതിരെ സമരം ചെയ്യുന്നവര്‍ മറ്റാര്‍ക്കോവേണ്ടി വിടുപണി ചെയ്യുന്നവരാണ്.





















