നിരന്തരം നല്ല കവിതകളെഴുതുക വളരെ പ്രയാസമേറിയ പണിയാണ്. മുഴുവനും നല്ലതു മാത്രമെഴുതിയ കവികള്‍ മലയാളത്തില്‍ കുറച്ചേയുള്ളൂ. ധാരാളം നല്ല കവിതയെഴുതിയിട്ട് അനേകം പാഴ് കവിതകളുമെഴുതിയ പലരുമുണ്ട്. ഓണം വിശേഷാല്‍ പ്രതികള്‍ക്കുവേണ്ടി എന്തെങ്കിലും കുത്തിക്കുറിച്ചു കൊടുത്ത എത്രയോ മഹാകവികളെ നമുക്കറിയാം. ഒരിക്കലും ഒരു പാഴ്ക്കവിത എഴുതാത്തവര്‍ ആശാന്‍, വൈലോപ്പിള്ളി, ഇടശ്ശേരി തുടങ്ങി കുറച്ചു പേര്‍ മാത്രം. ആയിരക്കണക്കിന് കവിതകളെഴുതിയ കവികളുണ്ട്. അതില്‍ ഏറിയാല്‍ ഒരു നൂറെണ്ണമേ ശരിയായ കവിത്വം കൊണ്ട് അനുഗ്രഹിക്കപ്പെട്ടതായി കണ്ടിട്ടുള്ളൂ. പുതിയ കവികളില്‍ കെ.ജി. ശങ്കരപ്പിള്ളയെ എടുത്താല്‍ ആദ്യകാലങ്ങളിദ്ദേഹം എഴുതിയ കവിതകള്‍ മഹത്തായവയായിരുന്നു. എന്നാലിപ്പോള്‍ എഴുതുന്നതൊന്നും ആ നിലവാരം പുലര്‍ത്തുന്നില്ല.
കടമ്മനിട്ട വളരെ കുറച്ചേ എഴുതിയുളളൂ. എന്നാലെഴുതിയതെല്ലാം കവിത്വത്തിന്റെ പരകോടിയില്‍ നില്‍ക്കുന്നവ തന്നെ. പ്രതിഭ വറ്റിത്തുടങ്ങിയെന്നു സ്വയം ബോധ്യപ്പെട്ടപ്പോള്‍ അദ്ദേഹം എഴുത്തുനിര്‍ത്തി. ബാലചന്ദ്രന്റെ ആദ്യകാല കവിതകളുടെ നിലവാരം ഇപ്പോഴത്തെ കവിതകള്‍ക്കു കാണാനില്ലെങ്കിലും മോശം രചനകളൊന്നും അദ്ദേഹം എഴുതാറില്ല. ദേശമംഗലം രാമകൃഷ്ണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ ഒരിക്കലും മോശം രചനകള്‍ എഴുതാറില്ലെങ്കിലും മഹത്തായ രചനകളും സൃഷ്ടിച്ചിട്ടില്ല. എന്നും ഒരു ശരാശരി നിലവാരത്തില്‍ എഴുതിക്കൊണ്ടേയിരിക്കുന്നു. രണ്ടു പേരില്‍ നിന്നും ഓര്‍മ്മിച്ചു വയ്ക്കാന്‍ പോന്ന രചനകള്‍ ഒന്നും ഉണ്ടായിട്ടില്ല. ഭാഷാപരമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഗൗരവമേറിയ രചനകള്‍ ഇല്ലെങ്കിലും ഒരുവിധം വൈകാരിക സ്ഫൂര്‍ത്തിയുള്ളവയാണ് കുരീപ്പുഴ ശ്രീകുമാറിന്റേത്. അത്തരം രചനകള്‍ അദ്ദേഹം തുടര്‍ച്ചയായി എഴുതാറുണ്ട്. ഒരു ശരാശരി നിലവാരത്തില്‍ നിന്ന് ഒരിക്കലും കുരീപ്പുഴ താഴേയ്ക്കു പോകാറില്ല.
ഗൗരവമുള്ള രചനകള്‍ കൊണ്ട് ശ്രദ്ധേയനായിരുന്നു ഡി. വിനയചന്ദ്രന്‍. അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തിനു ലഭിക്കാതെ പോയി. ഉത്തരാധുനികന്മാരില്‍ ആരും തുടര്‍ച്ചയായി നല്ല കവിതകള്‍ എഴുതാന്‍ തക്ക ഭാഷാസിദ്ധി ഉള്ളവരല്ല. ഒന്നോ രണ്ടോ കവിതകളില്‍ തീര്‍ന്നു അവരുടെ കാവ്യ സിദ്ധി. സമര്‍പ്പണം, ആഴത്തിലുള്ള വായന എന്നിവയുടെ അഭാവമാണ് ഉത്തരാധുനികന്മാരെ ശലഭ സദൃശമാക്കുന്നത്. ആരും ഒരു വര്‍ഷം തികച്ചുപോലും കവികളായി തുടരുന്നില്ല. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് സച്ചിദാനന്ദന്‍. ഓന്ത് നിറം മാറുന്നതുപോലെ രാഷ്ട്രീയ നിലപാടുകള്‍ മാറുമെങ്കിലും അദ്ദേഹത്തിന്റെ കവിത്വം ശൂഷ്‌ക്കിക്കുന്നതേയില്ല. പച്ചക്കുതിര മെയ് ലക്കത്തില്‍ ഈ കവിയുടെ ‘അ’ എന്ന ഒരു കവിത ചേര്‍ത്തിരിക്കുന്നു. അത്യന്തം സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ കൊണ്ട് എന്നും സമ്പന്നമാണീ കവിയുടെ രചനകള്‍. മലയാള ഭാഷയിലെ അക്ഷരങ്ങളെക്കുറിച്ചദ്ദേഹം നടത്തുന്ന നിരീക്ഷണങ്ങള്‍ എത്ര മാത്രം വ്യത്യസ്തമാണ് എന്നു പറയാതെ വയ്യ. ‘അ’ എന്നതിന് ഒരു തുമ്പിക്കൈ കൂടി വരച്ചപ്പോള്‍ ‘ആ’ ആയത്രേ! അതില്‍ പിടിച്ചു കയറി കവി ഭാഷയിലെത്തി എന്ന കണ്ടെത്തല്‍ ചേതോഹരം തന്നെ.
ഇംഗ്ലീഷ് അധ്യാപകനായിരുന്നിട്ടും ‘എനിക്കിഷ്ടമല്ല വടിപോലെ മിണ്ടാതെ എണീറ്റുനില്‍ക്കുന്ന അനുസരണയുള്ള അക്ഷരങ്ങള്‍ അവ യജമാനന്മാര്‍ക്കുള്ളതാണ്’ എന്നിങ്ങനെ ഇംഗ്ലീഷ് അക്ഷരങ്ങളെ കവി ആക്ഷേപിക്കുകയാണ്. എന്നിട്ട് ‘എനിക്കീവൃക്ഷങ്ങളും വള്ളികളും മൃഗങ്ങളുമുള്ള കാടുമതി’ എന്നു പറഞ്ഞുകൊണ്ടു മലയാളം അക്ഷരങ്ങളെ സ്വീകരിക്കുകയാണ്. മലയാളത്തിനു വേണ്ടിപ്പറയാന്‍ ഇപ്പോള്‍ കുറച്ചു കവികള്‍ മാത്രം എന്നതാണ് സ്ഥിതി. മലയാളത്തിനുവേണ്ടിപ്പറയുന്നത് തമിഴര്‍ ചെയ്യുന്നതുപോലെ ഹിന്ദിയെ എതിര്‍ക്കാനല്ല. രാജ്യത്തെ തള്ളിപ്പറയാനല്ല. മലയാളത്തിനുവേണ്ടി വാതോരാതെ പറയാറുണ്ടെങ്കിലും സച്ചിദാനന്ദനെന്ന കവി രാജ്യവിരുദ്ധ ശക്തികളുടെ രാഷ്ട്രീയാഭിപ്രായങ്ങളെയാണ് പിന്‍താങ്ങുന്നത് എന്നതുവേദനയുണ്ടാക്കുന്നു. പാകിസ്ഥാനുവേണ്ടി വാദിച്ചു എങ്കിലും ‘സാരേ ജഹാംസെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ’ എന്നു പാടിയ അല്ലാമ മുഹമ്മദ് ഇഖ്ബാല്‍ എന്ന കവിയെ തള്ളിക്കളയുന്നതെങ്ങനെ? ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയാഭിപ്രായങ്ങളാണ് സച്ചിദാനന്ദന്‍ പിന്‍താങ്ങുന്നതെങ്കിലും കവി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രതിഭയെ തള്ളിക്കളയാന്‍ വയ്യ!
കവി സദസ്സില്‍ സച്ചിദാനന്ദനെ കൂടാതെ എട്ട് കവികള്‍ കൂടി തങ്ങളുടെ കവിത്വസിദ്ധി വെളിവാക്കുന്നുണ്ട്. ബോഗന്‍ ശങ്കര്‍ എന്ന തമിഴ് കവിയുടെ പേരില്ലാത്ത കവിത പൊന്മന വത്സകുമാര്‍ എന്നയാള്‍ വിവര്‍ത്തം ചെയ്തിരിക്കുന്നു. ബുദ്ധനാകുന്നതിന്റെ മഹത്വമാണ് കവിതാവിഷയം. ഉത്ഭവകാലത്ത് പുരോഗമനപരമായ ചിലതൊക്കെ മറ്റു മതങ്ങളെപ്പോലെ ബുദ്ധമതവും മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ സംഘടിത മതമായിത്തീര്‍ന്ന ബുദ്ധമതം ലോകത്തെല്ലായിടത്തും അധഃപ്പതിച്ചു. ഹിസം അവര്‍ക്ക് അന്യമല്ലാതായും തീര്‍ന്നു. കടുത്ത മതഫണ്ടമെന്റലിസം പ്രകടമാക്കുന്ന പുതിയ കാലത്തെ ബുദ്ധമതം കേരളത്തില്‍ ചില കവികള്‍ വാഴ്ത്തുന്നതുപോലെ മേന്മയൊന്നുമുള്ളതല്ല എങ്കിലും തെറ്റിദ്ധരിച്ചു ചിലര്‍ ബുദ്ധമത വാഴ്ത്തുകള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.
രതീഷ് പാണ്ടനാടിന്റെ കവിത ‘കാലന്‍ വാള’ ഒരു ദളിത് സ്വത്വം സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ്. ഈ നാടിന്റെ പൊതുസംസ്‌കാരത്തില്‍ നിന്നും വേറിട്ട് ഒരു ദളിത് സ്വത്വം ഇല്ലതന്നെ. ഈ പംക്തിയില്‍ പല തവണ അക്കാര്യം ആവര്‍ത്തിച്ചിട്ടുള്ളതിനാല്‍ പഴയ കാര്യങ്ങള്‍ ഇനി പറയുന്നില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തെയ്യം മാത്രം എടുത്തു പരിശോധിച്ചാല്‍ മതി. തെയ്യം കെട്ടുന്നത് മലയര്‍, വണ്ണാര്‍ തുടങ്ങിയ പട്ടികജാതി വിഭാഗക്കാരാണ്. ആ തെയ്യം അവതരിപ്പിക്കപ്പെടുന്നതോ സവര്‍ണ്ണരുടെ മേല്‍ നോട്ടത്തിലുള്ള കാവുകളിലും അവരുടെ തറവാടുകളിലുമാണ്. കെട്ടിയുറഞ്ഞു നില്‍ക്കുന്ന തെയ്യങ്ങളുടെ മുന്‍പില്‍ തൊഴുകൈയോടെ ഭക്ത്യാദരപൂര്‍വ്വം നില്‍ക്കുന്ന സവര്‍ണര്‍ അവിടെ പതിവു കാഴ്ചയാണ്. ഇതില്‍ ജാതിവേര്‍തിരിവില്ലാത്ത ഭക്തികാണാം. കവി ദളിത് സ്വത്വം സ്ഥാപിക്കാനുദ്ദേശിച്ച് എടുത്തു നല്‍കുന്നതില്‍ ഒന്ന് പ്രശസ്തമായ ചെങ്ങന്നൂരാതിയില്‍ നിന്നുള്ള നാലുവരി ഇങ്ങനെയാണ്.
”കുളിയും കുളി കഴിഞ്ഞേയവന്‍ ചെങ്ങന്നൂരാതി
യാത്തിരം മുണ്ടുടുത്തേയവന്‍ ചെങ്ങന്നൂരാതി
ചന്ദനക്കുറിത്തൊട്ടൊരു തൊടുകുറിതൊട്ടേ
നമ്പൂതിരിക്കുറിതൊട്ടു മനക്കുറിതൊട്ടേ”
ഈ വരികളില്‍ ‘ചെങ്ങന്നൂരാതി’ എന്ന സാംബവ വീരന്റെ ഒരുക്കങ്ങളും വേഷങ്ങളുമെല്ലാം തച്ചോളി ഒതേനന്റേയും ആരോമല്‍ ചേകവരുടേതുമൊക്കെപ്പോലെ തന്നെ. ചന്ദനക്കുറിയൊക്കെ അക്കാലത്ത് എല്ലാവരും അണിഞ്ഞിരുന്നുവെന്ന് വ്യക്തം. സവര്‍ണര്‍ എന്നു വിളിക്കപ്പെട്ടവരെപ്പോലെതന്നെയാണ് ഈ സാംബവ വീരന്റെയും വേഷം. തുടര്‍ന്നുള്ള വരികളില്‍ ആ വീരന്റെ ഭാര്യ മേല്‍മുണ്ടുകൊണ്ടു മാറുമറച്ചിരുന്നതായും പറയുന്നു. അപ്പോള്‍ പിന്നെ മുലക്കരം, നങ്ങേലി ഒക്കെ തട്ടിപ്പാണെന്നു വരുന്നു. വാദപ്രതിവാദങ്ങളില്‍ സവര്‍ണരേക്കാള്‍ കേമന്മാരായി വേഷം ധരിക്കുന്നവരും വലിയ ജീവിതസാഹചര്യങ്ങളുള്ളവരുമായിരുന്നുവെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സണ്ണി കാപിക്കാടിനെപ്പോലുള്ളവര്‍ സംവരണത്തിന്റെ പ്രശ്‌നം വരുമ്പോള്‍ ഞങ്ങള്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നുവെന്നു വിലപിക്കുകയും ചെയ്യും. തരം കിട്ടുമെങ്കില്‍ സ്വന്തം സമുദായത്തില്‍ നിന്നും പെണ്‍കുട്ടികളെ കണ്ടെത്തി ഭാര്യമാരാക്കും. എന്നിട്ട് സവര്‍ണരുടെ ജാതിബോധത്തെക്കുറിച്ച് വലിയ പ്രസംഗങ്ങള്‍ നടത്തും. യഥാര്‍ത്ഥത്തില്‍ ജാതിബോധം മനസ്സിലുള്ളതുകൊണ്ടല്ലേ സ്വസമുദായത്തില്‍ നിന്നും വിവാഹം കഴിക്കാതെ മറ്റു സമുദായക്കാരെ ബോധപൂര്‍വ്വം തിരക്കിപ്പോകുന്നത്. അതില്‍ തന്റെ സമുദായത്തിലെ പെണ്‍കുട്ടികളെ തരംതാഴ്ത്തിക്കാണുന്ന മനോഭാവവും ഉണ്ട്.
വിമീഷ് മണിയൂര്‍ ‘കൊടുവാള്‍ ചര്‍ച്ച’ എന്നൊരു കവിതയും എം. ഗോകുല്‍ദാസ് ‘അര്‍ദ്ധ’ രാത്രിയില്‍, എല്‍. ഇന്ദിര അശോക് ‘അതിപൂരിതം’, സീനജോസഫ് ‘സ്ഥലവും സമയവും’, ശ്രീജവിധു ‘അവളുടെ അമ്പതാണ്ടിന്റെ സ്വതന്ത്ര്യപ്രഖ്യാപനം’ അങ്ങനെ ധാരാളം കവിതകള്‍. കൂട്ടത്തില്‍ ഇന്ദിര അശോകിന്റെ കവിത വായനയെ ത്വരിപ്പിക്കുന്നതാണ്. മറ്റുള്ളതെല്ലാം പതിവു സമ്പ്രദായങ്ങളിലൂടെ സഞ്ചരിക്കുന്നു. വിമീഷ് മണിയൂരിന്റെ ‘കൊടുവാള്‍ ചര്‍ച്ച’യില്‍ ഒരു തരം കറുത്ത ഫലിതമുണ്ട്. ‘അവള്‍ പ്രസവിച്ചപ്പോള്‍ വയറ്റില്‍ നിന്നൊരു കൊടുവാളുകിട്ടി’ എന്നാരംഭിക്കുന്ന കവിത അവസാനിക്കുന്നത് ‘വര്‍ഷങ്ങള്‍ക്കു മുന്‍പ് നാലഞ്ചു പേര്‍ കൂടി കൂട്ടബലാല്‍സംഗം ചെയ്ത് കുത്തിക്കേറ്റിയതാണ്. തിരിച്ചെടുത്തു കൊടുക്കാന്‍ ഞാനും മറന്നുപോയി’ എന്നിങ്ങനെയാണ്. ദല്‍ഹിയിലെ നിര്‍ഭയകേസിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ വരികള്‍. ആ കേസില്‍ 18 വയസ്സുതികഞ്ഞില്ല എന്ന കാരണം പറഞ്ഞ് പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിലേയ്ക്ക് ഇരുമ്പുദണ്ഡ് കുത്തിക്കയറ്റിയ പ്രതിയെ വെറും മൂന്നുവര്‍ഷത്തെ നല്ലനടപ്പിനു മാത്രം ശിക്ഷിച്ചു കോടതി പറഞ്ഞുവിട്ടു. എന്നാല്‍ ബീഹാറില്‍ സമാനമായ മറ്റൊരു കേസില്‍ ഇത്രത്തോളം ക്രൂരനല്ലാത്ത മറ്റൊരു 16 കാരന് കോടതി മുതിര്‍ന്നവര്‍ക്കു നല്‍കിയ അതേ ശിക്ഷതന്നെ നല്‍കിയത്രെ! 18 തികയാന്‍ കുറച്ചു ദിവസങ്ങള്‍ മാത്രം ബാക്കിയുണ്ടായിരുന്ന ആ കൊടുംക്രൂരനെ വെറുതേ വിടാന്‍ കാരണമായ നിയമം തിരുത്തേണ്ടതാണ്. ജൂവനൈല്‍ നിയമത്തിന്റെ പ്രായപരിധി താഴ്‌ത്തേണ്ടതുതന്നെയാണ്. പോസ്‌കോ കേസുകളിലും പ്രായപരിധി താഴ്‌ത്തേണ്ടതാവശ്യമാണ്.
ഉത്തര കേരളത്തില്‍ ഇടവിളയായി വെള്ളരി കൃഷി ചെയ്യുമ്പോള്‍ അതിന് കാവലിരിക്കുന്നവര്‍ നടത്തുന്ന കലാപ്രകടനമാണ് വെള്ളരിനാടകം. ഇപ്പോള്‍ അത് എവിടെയെങ്കിലും നടക്കുന്നുണ്ടെന്നു തോന്നുന്നില്ല. പ്രത്യേകിച്ച് സ്‌ക്രിപ്‌റ്റോ തയ്യാറെടുപ്പോ ഒന്നും ഇല്ലാതെ ഗ്രാമീണര്‍ ഒരു തമാശയ്ക്കു വേണ്ടി നടത്തുന്നതായിരുന്നു ഇത്. വെള്ളരിക്കു കാവലിരിക്കുന്നവര്‍ ഉറങ്ങിപ്പോകാതിരിക്കാനാണ് ഇതു സംഘടിപ്പിച്ചിരുന്നത്. ഇന്ന് പൂര്‍ണമായും അന്യം നിന്നുപോയ ഈ കാര്‍ഷിക കലാരൂപത്തെ ഒരു ചെറുകഥയിലൂടെ ഓര്‍മ്മിപ്പിക്കാന്‍ കൃപ അമ്പാടി ശ്രമിച്ചിരിക്കുന്നു. (മാധ്യമം മേയ് 11-18). കഥയുടെ പേരും വെള്ളരിനാടകം എന്നുതന്നെ. ഇവിടെ പറയുന്ന വെള്ളരിനാടകം ഒരുകൂട്ടം ഗ്രാമീണരുടെ ജീവിതം തന്നെയാണ്. കുറച്ചു ഫാന്റസിയും കുറച്ചു യാഥാര്‍ത്ഥ്യവും കൂട്ടിക്കുഴച്ചെഴുതിയിരിക്കുന്നു. ഒരു പെരുങ്കിണറും അതിനെചുറ്റിപ്പറ്റിയുള്ള ജീവിതനാടകവുമാണ് ഇതിവൃത്തം. ദിലീപിന്റെ ഫാന്റസി ചലച്ചിത്രമായ സുന്ദര കില്ലാഡിയെ ഓര്‍മ്മിപ്പിക്കുന്ന ചിലതൊക്കെ കഥയിലുണ്ട്. കാരൂരിന്റെ ഉതുപ്പാന്റെ കിണറും ഓര്‍മ്മവരുന്നു. രണ്ടും കൂടി സംയോജിപ്പിച്ച് കഥാകൃത്ത് ഒരു ശ്രമം നടത്തിയതാണോ എന്തോ? ആകെക്കൂടി ഒരു കുഴമറിച്ചിലാണ് കഥയിലാകെ അനുഭവപ്പെടുന്നത്. വെള്ളരിനാടകം എന്നു പേരു നല്‍കിയതിനു കഥയില്‍ വലിയ പ്രസക്തിയൊന്നുമില്ലെങ്കിലും ആ പഴയ കലാരൂപത്തെ ഓര്‍മിക്കാന്‍ ഒരവസരം ഒരുക്കിയത് നല്ല കാര്യം.
കഥയില്‍ വലിയ കഴമ്പൊന്നുമുണ്ടെന്നു പറയാന്‍ വയ്യ. ഇടയ്ക്കു തിരുകിക്കയറ്റിയിരിക്കുന്ന ഫാന്റസി എന്തിനുവേണ്ടിയാണെന്നു മനസ്സിലാകുന്നില്ല. എങ്കിലും ”സൂര്യനെ അപ്പൊഴേയ്ക്കും കാട്ടുമരങ്ങള്‍ വാട്ടയിലകളില്‍ പൊതിഞ്ഞെടുത്തു” എന്നും ”അടിഞ്ഞുകൂടിയ നിരാശകള്‍ തുടച്ചെടുത്ത് ഒരു ചെമ്പുഴ ചേപ്പന്റെ പെരുങ്കിണറിലേക്ക് ഒഴുകി” എന്നുമൊക്കെ എഴുതുന്നിടങ്ങളില്‍ കവിതയുടെ സ്പര്‍ശമുണ്ടെന്നു പറയാം. കാവ്യാത്മകമായ ഭാഷ ചിലയിടങ്ങളിലൊക്കെ ഉപയോഗിക്കാന്‍ കഥാകാരി നടത്തുന്ന ശ്രമം മാത്രമാണ് കഥയ്‌ക്കെന്തെങ്കിലും മേന്മ നല്‍കുന്നത്. അതിനപ്പുറം ആനന്ദമൊന്നും കഥ നല്‍കുന്നില്ല. റിയലിസ്റ്റിക് ആയിട്ട് ഒരു കഥ പറയുമ്പോള്‍ ഇടയ്ക്കു തിരുകുന്ന ഫാന്റസി കഥയെ പലപ്പോഴും നശിപ്പിച്ചുകളയും. അരവിന്ദന്റെ മനോഹരമായ ചലച്ചിത്രം ചിദംബരം പോലെ അത്തരം സങ്കേതങ്ങള്‍ ഒരുതരം അവിയല്‍ അനുഭവമാണു തരുക.





















