രണ്ടായിരത്തി ഇരുപത്തിരണ്ടില്‍ സി.എം.ഒ. പോര്‍ട്ടല്‍ മുഖേന യു.ഡി.എഫ് കണ്‍വീനറായ എം.എം. ഹസ്സന്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഒരു അപേക്ഷ നല്‍കി. തുഞ്ചത്തെഴുത്തച്ഛന്റെ ജന്മദിനം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സമുചിതമായി ആഘോഷിക്കണമെന്നായിരുന്നു ആവശ്യം. കര്‍ക്കിടകത്തിലെ ആയില്യം നക്ഷത്രത്തിലാണ് എഴുത്തച്ഛന്‍ ജനിച്ചതെന്ന ഒരു വിശ്വാസത്തെ ആധാരമാക്കിയാണ് ഹസ്സന്‍ ഇങ്ങനെയൊരു അപേക്ഷ കൊടുത്തത്. പ്രസ്തുത അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സാംസ്‌കാരിക വകുപ്പ് എം.ടി.വാസുദേവന്‍ നായര്‍ അടങ്ങുന്ന ഒരു സമിതിയെ ചുമതലപ്പെടുത്തി. തുഞ്ചത്തെഴുത്തച്ഛന്‍ ജീവിച്ചിരു ന്നുവെന്നതിന് തെളിവില്ല എന്ന റിപ്പോര്‍ട്ടാണ് അവര്‍ സമര്‍പ്പിച്ചത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ചെലവില്‍ തുഞ്ചന്‍ ജയന്തി ആഘോഷിക്കാന്‍ വയ്യെന്ന മറുപടി സാംസ്‌കാരിക വകുപ്പില്‍ നിന്നും എം.എം. ഹസ്സന് ലഭിക്കുകയും ചെയ്തു (നമ്പര്‍: സി.3/267/2022/സാം.കാ.വ).
പൂര്‍ണ്ണമായ മറുപടി ഇങ്ങനെയാണ്: ‘മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ ജന്മദിനം സമുചിതമായി ആഘോഷിക്കണമെന്ന താങ്കളുടെ നിര്‍ദ്ദേശം ശ്ലാഘനീയമാണ്. ഇത് സംബന്ധിച്ച് സമാദരണീയരായ എം.ടി. വാസുദേവന്‍ നായര്‍, കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിദാനന്ദന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ഡോ.എം. സത്യന്‍, മലയാളം സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ സാബു തോമസ് എന്നിവരുമായി ചര്‍ച്ച ചെയ്ത് ക്രോഡീകരിച്ച അഭിപ്രായം അറിയിക്കുന്നതിനായി സാംസ്‌കാരിക വകുപ്പ് ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. സാംസ്‌കാരികവകുപ്പ് ഡയറക്ടര്‍ ലഭ്യമാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുകയുണ്ടായി. തുഞ്ചത്തെഴുത്തച്ഛന്റെ ജനനം, ജന്മസ്ഥലം, ആകാരം തുടങ്ങിയവയെ സംബന്ധിച്ച് വ്യക്തവും വിശ്വസനീയവുമായ ചരിത്രരേഖകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് ഉചിതമായിരിക്കുകയില്ല എന്നതാണ് വിദഗ്ദാഭിപ്രായം. അദ്ദേഹത്തിന്റെ കൃതികള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുകയും മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുവാന്‍ കഴിയുന്ന അഭികാമ്യമായ നടപടി എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്’. ഈ അപേക്ഷയും സര്‍ക്കാരിന്റെ മറുപടിയും മലയാളികള്‍ ഇതുവരെ അറിഞ്ഞിട്ടില്ല.
തുഞ്ചത്തെഴുത്തച്ഛന്‍ ജീവിച്ചിരുന്നില്ല എന്ന അഭിപ്രായം പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതകാലഘട്ടത്തെക്കുറിച്ച് മാത്രമാണ് അഭിപ്രായവ്യത്യാസമുണ്ടായിരുന്നത്. മേല്‍പ്പത്തൂര്‍ ഭട്ടതിരി ജീവിച്ചിരുന്ന കാലത്ത് എഴുത്തച്ഛന്‍ ജീവിച്ചിരുന്നുവെന്ന് ഐകകണ്‌ഠ്യേന അംഗീകരിച്ച പണ്ഡിതന്മാര്‍ കൊല്ലവര്‍ഷം 700 നും 800നുമിടയിലാണ് എഴുത്തച്ഛന്റെ ജീവിതകാലമെന്ന് തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സമാധി ധനുമാസത്തിലെ ഉത്രം നക്ഷത്രത്തിലാണെന്നും സംശയലേശമെന്യെ പണ്ഡിതന്മാര്‍ തീരുമാനിച്ചിട്ടുള്ളതുമാണ്. തുഞ്ചത്തെഴുത്തച്ഛന്റെ ജനിച്ച നാളും പക്കവും അസ്വീകാര്യമെങ്കില്‍ തര്‍ക്കമറ്റസമാധി ദിനം സര്‍ക്കാര്‍ തലത്തില്‍ നടത്താന്‍ തയ്യാറാവുമോ? തുഞ്ചന്‍ മഠത്തിന്റെ മാനേജിംങ്ങ് ട്രസ്റ്റിയായിരുന്ന എം.ടി. വാസുദേവന്‍ നായരടങ്ങുന്ന മാര്‍ക്‌സിസ്റ്റ് ചിന്താഗതിക്കാരായ സംഘം തുഞ്ചത്തെഴുത്തച്ഛന്റെ ജനനത്തെക്കുറിച്ചു പോലും സംശയിച്ച സാഹചര്യത്തില്‍ ആദ്യകാല പണ്ഡിതരുടെ രേഖപ്പെടുത്തലുകള്‍ക്ക് ഒരു വിലയും ഇല്ലാതെ പോയിരിക്കുകയാണ്. ഈ മറുപടിയില്‍ത്തന്നെ ഇരട്ടത്താപ്പു പ്രകടമാണ്. തുഞ്ചത്തെഴുത്തച്ഛന്റെ കൃതികള്‍ക്ക് കൂടുതല്‍ പ്രചാരം കൊടുക്കുകയും മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയുമാവാം എന്നതില്‍ നിന്നും തുഞ്ചത്തെഴുത്തച്ഛന്‍ ജീവിച്ചിരുന്നുവെന്ന സത്യം വരികള്‍ക്കിടയില്‍ വായിച്ചെടുക്കാവുന്നതാണല്ലോ.
ഭാവിയില്‍ തുഞ്ചത്തെഴുത്തച്ഛന്‍ ജീവിച്ചിരുന്നില്ല എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എം.ടി. വാസുദേവന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ഒരു തീരുമാനം. അത് തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ വെക്കുന്നതുമായി ബന്ധപ്പെട്ടാണ്. തുഞ്ചത്തെഴുത്തച്ഛനെ ആരും കണ്ടിട്ടില്ലാത്തതിനാല്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛന്‍ പ്രതിമ സ്ഥാപിക്കേണ്ടതില്ല എന്നാണ് തീരുമാനം. അതാകട്ടെ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് പ്രസിദ്ധീകരിച്ച തുഞ്ചന്‍ പറമ്പിന്റെ ചരിത്രം എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. താനൂര്‍ക്കാരനായ ആര്‍ട്ടിസ്റ്റ് ബക്കര്‍ വരച്ച തുഞ്ചത്തെഴുത്തച്ഛന്റെ ചിത്രം 1975 കാലഘട്ടത്തില്‍ തുഞ്ചന്‍ സ്മാരകമാനേജ്‌മെന്റ് കമ്മിറ്റി അംഗീകരിച്ചതാണ്. പ്രസ്തുത ചിത്രം നിരാകരിച്ചാണ് തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ തീരുമാനമെന്നും ഓര്‍ക്കേണ്ടതാണ്. ഇനി തുഞ്ചത്തെഴുത്തച്ഛന്‍ ജീവിച്ചിരുന്നുവെന്ന് സ്ഥാപിക്കപ്പെടുകയാണെങ്കില്‍ത്തന്നെ എഴുത്തച്ഛന്‍ ഒരു മതേതരക്കാരനായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമങ്ങളുണ്ട്. ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. സാംസ്‌കാരിക മേഖലയില്‍ ശക്തമായ ഒരു അധിനിവേശം നടന്നുകൊണ്ടിരിക്കുകയാണ്. ഹിന്ദുക്കള്‍ക്ക് സ്വന്തമായി ഒരു അസ്തിത്വമില്ല. ഉണ്ടെങ്കില്‍ത്തന്നെ അത് ഞങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ്. മുസ്ലീം – ക്രൈസ്തവ വിഭാഗങ്ങളാണ് ഇത് ഒരു അജണ്ടയായി പ്രായോഗവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നത്.
ദക്ഷിണ ഭാരതത്തിന്റെ സാംസ്‌കാരികോത്സവമായ കുംഭമേളയ്ക്ക് സമാനമായ ഭാരതപ്പുഴയുടെ മാഘമക മഹോത്സവം മതേതരമാമാങ്കം എന്ന പേരില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഒരു വിഭാഗം ആളുകള്‍ നടത്തിവരുന്നത് സാംസ്‌കാരിക മേഖലയിലെ മത അധിനിവേശത്തിന്റെ ഒരു ഉദാഹരണമാണ്. മറ്റൊന്ന് തുഞ്ചന്‍പറമ്പും തുഞ്ചത്തെഴുത്തച്ഛനും. ഇതിനെല്ലാം പിന്നില്‍ കമ്മ്യൂണിസ്റ്റ് – ജിഹാദി അച്ചുതണ്ടാണെന്ന് വ്യക്തമാണ്. ഇതിന് ഹിന്ദുനാമധാരികളായ കമ്മ്യൂണിസ്റ്റ് എഴുത്തുകാര്‍ തൂലിക ഉന്തുന്നുമുണ്ട്. തുഞ്ചത്തെഴുത്തച്ഛനെ തഞ്ചാവൂരില്‍ കൊണ്ടുപോയി പഠിപ്പിച്ചത് ജലാലുദ്ദീന്‍ മൂപ്പന്‍ എന്ന മുസ്ലീം മത്സ്യവ്യാപാരിയാണെന്നും അദ്ദേഹത്തിന്റെ മകന്‍ കുഞ്ഞാലി മൂപ്പന്‍ എത്തിച്ചു കൊടുത്ത പണം കൊണ്ടാണ് ചിറ്റൂരിലെ രാമാനന്ദാഗ്രഹാരവും ക്ഷേത്രങ്ങളും എഴുത്തച്ഛന്‍ നിര്‍മ്മിച്ചതെന്നുമുള്ള ശുദ്ധ അസംബന്ധം എഴുതി വെച്ചതും മേല്‍പ്പറഞ്ഞ കടന്നുകയറ്റത്തിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ട് വലിയൊരു ഗുണമുണ്ടായി, ജലാലുദ്ദീന്‍ മൂപ്പന്റെ വളര്‍ത്തു പുത്രനായ തുഞ്ചത്തെഴുത്തച്ഛന്റെ തുഞ്ചന്‍ പറമ്പിലേക്ക് മുസ്ലീം സന്ദര്‍ശകര്‍ വര്‍ദ്ധിച്ചു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളികളുടെ ആചാര്യനാണ്. ജാതി മതദേഭമെന്യെ എല്ലാവര്‍ക്കും തുഞ്ചത്തെപടിപ്പുര കടന്നു വരാം; വന്നിട്ടുമുണ്ട്, വരികയും വേണം. എന്നാല്‍ ജലാലുദ്ദീന്‍ മൂപ്പന്‍, കുഞ്ഞാലി മൂപ്പന്‍ എന്നീ വ്യാജ കഥാപാത്രങ്ങളെ ആധാരമാക്കി ഒരു പ്രത്യേക അജണ്ടയുടെ ഭാഗമായി വരികയാണെങ്കില്‍ അത് ഗൗരവമേറിയതാണ്. ഒരു വെള്ളിയാഴ്ച ഈ ലേഖകന്‍ തുഞ്ചന്‍ പറമ്പിലുള്ള സമയത്ത് സന്ദര്‍ശകരായ മൂന്നു പേര്‍ തുഞ്ചന്‍ പറമ്പില്‍ ജുമാ നമസ്‌ക്കരിക്കുന്നത് കണ്ടിട്ടുണ്ട്. ഒരു വിളിപ്പാടകലെ പള്ളി ഉണ്ടായിരിക്കെ തുഞ്ചന്‍ പറമ്പില്‍ നമസ്‌കരിക്കുന്നതില്‍ ദുരൂഹത തോന്നാതിരുന്നില്ല. തുഞ്ചന്‍പറമ്പ് സന്ദര്‍ശിക്കുന്നവര്‍ക്ക് നമസ്‌ക്കരിക്കാന്‍ സ്ഥലം അനുവദിക്കണമെന്ന ഒരാവശ്യം ഭാവിയില്‍ ഉയര്‍ന്നു കൂടായ്കയില്ല എന്നും അതുകണ്ടപ്പോള്‍ തോന്നി. ഈ ലേഖകന്റെ ആശങ്ക തുഞ്ചന്‍സ്മാരക ട്രസ്റ്റിലെ ഒരു ട്രസ്റ്റിയോട് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. തുഞ്ചന്‍ പറമ്പിലെ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ ചെറിയൊരു മിനാരവും കുരിശുംവെച്ചത് ഒരു വിജയദശമി ദിവസം ഹിന്ദുസംഘടനകളുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ട്രസ്റ്റ് തന്നെ രാത്രിയില്‍ ഇതെല്ലാം മൂടി വെക്കുകയും പിറ്റേന്ന് മാറ്റുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ ഉള്ളിലുണ്ടാവുന്ന ഉല്‍ക്കണ്ഠകള്‍ കേവലം ഒരുതോന്നലായി തള്ളിക്കളയാവുന്നതല്ലല്ലോ. ഇതെല്ലാം തുഞ്ചത്തെഴുത്തച്ഛനെ കേന്ദ്രീകരിച്ചാവുമ്പോള്‍ അത് കേവലം യാദൃച്ഛിമാണെന്ന് കരുതി ആശ്വസിക്കാനാവില്ല. അടുത്തിടെ വിനോയ് തോമസ് എന്ന എഴുത്തുകാരന്‍ തുഞ്ചത്തെഴുത്തച്ഛന്‍ ജീവിച്ചിരുന്നില്ല എന്ന വാദവുമായി വന്നതും യാദൃച്ഛികമല്ല. ക്രിസ്ത്യന്‍ മിഷണറിമാരാണ് ഭാഷാ സ്രഷ്ടാക്കളെന്നും പറഞ്ഞു. ഹെര്‍മന്‍ ഗുണ്ടര്‍ട്ടും, ബെഞ്ചമിന്‍ ബെയ്‌ലിയുമൊക്കെയാണ് വിനോയ്‌തോമസിന്റെ വീക്ഷണത്തില്‍ മലയാള ഭാഷാപിതാക്കന്മാര്‍. ജീവിച്ചിരുന്നിട്ടില്ലാത്ത തുഞ്ചത്തെഴുത്തച്ഛനെ ഭാഷാപിതാവെന്ന് വിളിക്കുന്നതു തെറ്റാണെന്നു പറയുകയാണ് അദ്ദേഹം. പിന്നീട് ഒരു ഓണ്‍ലൈന്‍ ചാനലിന്റെ അഭിമുഖത്തില്‍ വിനോയ് തോമസ് ക്ഷമാപണം നടത്തിയതായും കണ്ടു. ആദ്യം അധിക്ഷേപിക്കുകയും അതിനുശേഷം മാപ്പുപറയുന്നതുമായ പരിപാടി അടുത്ത കാലത്ത് കേരളത്തില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ്.
ക്രിസ്ത്യന്‍ മിഷണറിമാരാണോ മലയാള ഭാഷയുടെ പിതാക്കന്മാരായി പരിഗണിക്കേണ്ടത് എന്ന കാര്യം വിശകലനം ചെയ്യും മുമ്പ് മലയാളിയുടെ ചരിത്രബോധത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. മലയാളിക്ക് ചരിത്രബോധം ഉണ്ടായിരുന്നില്ല എന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടു തന്നെ നമുക്ക് പുരാതന സംസ്‌ക്കാരത്തെക്കുറിച്ചും മഹാരഥന്മാരെക്കുറിച്ചും രേഖാമൂലമുള്ള ചരിത്രം ഉണ്ടായിരുന്നില്ല. വരവുചെലവു കണക്കുകളും പാട്ടക്കണക്കുകളും പൈമാശി കണക്കുകളുമൊക്കെ കണക്കപ്പിള്ളമാര്‍ എഴുതിവെച്ചു. ചില തിരുവെഴുത്തുകളും. പില്‍ക്കാലത്ത് ചരിത്രം രചിക്കാന്‍ ഇവയൊക്കെ ആധാരമാക്കിയിട്ടുണ്ട്. മലയാളിക്ക് ചരിത്രത്തോടുള്ള വിമുഖത പിന്നീടു വന്ന വിദേശീയര്‍ ശരിക്കും മുതലെടുത്തു. അവര്‍ സ്വദേശിയരായ പണ്ഡിതന്മാരെ വരുതിക്ക് നിര്‍ത്തി ചരിത്രത്തില്‍ വെള്ളംചേര്‍ത്തു. ക്രിസ്ത്യന്‍ മിഷണറിമാരാണ് അതില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. ഇനി എഴുത്തച്ഛന് മുമ്പ് മലയാള ഭാഷ ഉണ്ടായിരുന്നുവോ എന്ന കാര്യം പരിശോധിക്കാം. തമിഴ്പാരമ്പര്യത്തില്‍ അധിഷ്ഠിതമാണെങ്കിലും സംസ്‌കൃതത്തിന്റെ സ്വാധീനവലയത്തിലായിരുന്നു മലയാളം. മലയാള ഭാഷയുടെ ശക്തി സൗന്ദര്യമുറ്റിയ ആദ്യ കൃതി കൃഷ്ണഗാഥയാണ്. പ്രാചീന കവിത്രയങ്ങളില്‍ ഒരാളായ ചെറുശ്ശേരിയുടെ രചനയാണത്. മലയാള കവിതയില്‍ മഞ്ജരി എന്ന വൃത്തം കൊണ്ടുവന്നത് ചെറുശ്ശേരിയാണ്. CE 1375 നും 1475 നുമിടയിലാണ് ചെറുശ്ശേരിയുടെ ജീവിതകാലം. അതായത് ചെറുശ്ശേരി നമ്പൂതിരിയുടെ കാലത്തു തന്നെ മലയാള ഭാഷ ഉണ്ടായിരുന്നുവെന്ന് സാരം. ഇഋ .829 കാലഘട്ടത്തിലെ വാഴപ്പള്ളി ശാസനം മലയാളത്തിലെ ആദ്യ രേഖയാണ്. പാട്ടു പ്രസ്ഥാനത്തില്‍ മലയാള ഭാഷയിലെ ആദ്യത്തെ കൃതി പന്ത്രണ്ടാം ശതകത്തില്‍ ചീരാമന്‍ എഴുതിയ രാമചരിതമാണ്. മലയാളഭാഷയ്ക്ക് അത്രയും പഴക്കമുള്ള കാര്യം വിസ്മരിക്കാവുന്നതല്ല.
തുഞ്ചത്തെഴുത്തച്ഛന്‍ ജീവിച്ചിരുന്നത് പതിനാറാംനൂറ്റാണ്ടിലാണ്. മേല്‍പ്പത്തൂര്‍ ഭട്ടതിരി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ എഴുത്തച്ഛനും ജീവിച്ചിരുന്നുവെന്ന വസ്തുത പരിഗണിക്കുമ്പോള്‍ എഴുത്തച്ഛന്റെ ജീവിതകാലം കൊല്ലവര്‍ഷം 700 നും 800നുമിടയിലാണ്. മലയാളഭാഷയ്ക്ക് ചില ക്രമങ്ങളും ചിട്ടകളും രൂപപ്പെടുത്തിയത് തുഞ്ചത്തെഴുത്തച്ഛനാണ്. തമിഴില്‍ നിന്നും കിളിപ്പാട്ടു പ്രസ്ഥാനത്തെ മലയാളത്തിലേക്ക് പകര്‍ത്തിയതും എഴുത്തച്ഛന്‍ തന്നെ. എഴുത്തുകളരിയില്‍ അക്ഷരം പഠിക്കാന്‍ വരുന്ന കുട്ടികളെ പഠിപ്പിച്ചിരുന്ന മുകുന്ദാഷ്ടകം, ഗണപതിവന്ദനം ഇത്യാദികളിലൊക്കെ എഴുത്തച്ഛന്റെ സംഭാവനകള്‍ പ്രകടമാണ്. തനിക്ക് മുമ്പുണ്ടായിരുന്ന മലയാളഭാഷയെ പരിഷ്‌കരിക്കുകയും സ്വതന്ത്രമാക്കുകയും ചെയ്യുക എന്ന മഹത്തായ ദൗത്യമാണ് എഴുത്തച്ഛന്‍ ചെയ്തത്. മലയാളിയെ ഭക്തിയുടെ മാര്‍ഗ്ഗത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന് അവരെ വേദമാര്‍ഗ്ഗത്തിലെത്തിക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. എഴുത്തച്ഛന് മുമ്പും മലയാള ഭാഷ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ മലയാള ഭാഷയുടെ പിതാവ് എന്നു സംബോധന ചെയ്യുന്നതില്‍ പഴയകാല പണ്ഡിതന്മാര്‍ക്ക് തെറ്റുപറ്റിയെന്ന് പറയാനാവില്ല. പിതാവ് എന്ന പദത്തിന് പര്യായങ്ങള്‍ ഏറെയുണ്ട്. കാരണഭൂതന്‍, പാലകന്‍ എന്നെല്ലാം ആ പര്യായത്തില്‍ പെടുന്നുണ്ട്. ഒരു ദര്‍ശനത്തിന്റേയോ ലക്ഷ്യത്തിന്റെയോ ഉപജ്ഞാതാക്കളെ പിതാവ് എന്നു വിളിക്കാം. മോക്ഷത്തിന് ഭക്തി സിദ്ധൗഷധമെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിച്ച തുഞ്ചത്തെഴുത്തച്ഛനെ ഭാഷാപിതാവ് എന്നു വിളിക്കുന്നതില്‍ തെറ്റുപറയാനാവില്ല.
ഇനി തുഞ്ചത്തെഴുത്തച്ഛന്‍ ജീവിച്ചിരുന്നില്ല എന്ന വാദത്തെയാണ് പരിശോധിക്കുന്നത്. പാലക്കാട് ജില്ലയിലെ നാഗലശ്ശേരി പഞ്ചായത്തില്‍ പെരിങ്ങോട് എന്ന സ്ഥലത്ത് ഭദ്രകാളി സങ്കല്‍പ്പത്തിലുള്ള ആമക്കാവ് ദേവീക്ഷേത്രമുണ്ട്. ഈ ക്ഷേത്രത്തിനു സമീപം എടപ്പാള്‍ എന്നു പേരുള്ള ഏഴോളം വീടുകളുണ്ട്. നായര്‍ സമുദായക്കാരായ ഇവര്‍ എഴുത്തച്ഛന്മാരായാണ് അറിയപ്പെടുന്നത്. ശ്രീചക്ര ഉപാസകനായ തുഞ്ചത്തെഴുത്തച്ഛന്‍ ഒരു മണ്ഡലം ഭജനമിരിക്കാന്‍ ആമക്കാവിലെത്തുകയും അതില്‍പ്പിന്നെ എടപ്പാള്‍ എന്ന തറവാട്ടിലെ കന്യകയെ വിവാഹം ചെയ്ത് ഗൃഹസ്ഥാശ്രമിയാവുകയും ചെയ്തു. എടപ്പാള്‍ തറവാട്ടില്‍ ഇന്നു ജീവിച്ചിരിക്കുന്നവര്‍ തുഞ്ചത്തെഴുത്തച്ഛന്റെ പരമ്പരയാണ്. തറവാട്ടില്‍ എഴുത്തിനിരുത്ത് തുടങ്ങിയത് എഴുത്തച്ഛന്റെകാലത്താണ്. അത് ഇപ്പോഴും തുടര്‍ന്ന് വരുന്നുമുണ്ട്. ഇവിടെ എടപ്പാള്‍ ആമക്കാവ് തുഞ്ചന്‍ സ്മാരക ട്രസ്റ്റും തുഞ്ചന്‍ സ്മാരകവും പ്രതിമയും ലൈബ്രറിയുമൊക്കെയുണ്ട്. ചിന്താരത്‌നം കിളിപ്പാട്ട്, വില്വാദ്രി മാഹാത്മ്യം, ഏകാദശി മാഹാത്മ്യം എന്നിവയൊക്കെ പത്‌നീ ഗൃഹത്തില്‍ വസിക്കുന്ന കാലത്താണ് എഴുത്തച്ഛന്‍ രചിച്ചതെന്ന് കെ.പി. നാരായണപിഷാരടി എഴുതിയ തുഞ്ചത്താചാര്യന്‍ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനൊക്കെ രേഖയുണ്ടോ എന്നു ചോദിക്കുന്ന ഓരോരുത്തരും അവരുടെ കുടുംബ ചരിത്രം രേഖാമൂലം പറയാന്‍ കഴിയുന്നവരാണോ എന്ന് ആത്മപരിശോധന നടത്തിയിട്ടുമതി തുഞ്ചത്തെഴുത്തച്ഛന്‍ ജീവിച്ചിരുന്നില്ല എന്നു പറയാന്‍. മലയാളിയുടെ ചരിത്രബോധത്തെക്കുറിച്ച് നേരത്തെ പറഞ്ഞു. പഴയ ചരിത്രമെല്ലാം വാമൊഴിച്ചരിത്രമായി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ട്. അവഗണിക്കാനാവാത്ത ചരിത്രശാഖയാണ് ഓറല്‍ ഹിസ്റ്ററി. എഴുത്തച്ഛന്റെ ജീവിതവുമായി ബന്ധപ്പെട്ട് ധാരാളം വാമൊഴിച്ചരിത്രമുണ്ട്. ചിറ്റൂരില്‍ തുഞ്ചത്തെഴുത്തച്ഛന്‍ ഭൂമി വാങ്ങിയതിനും ഗ്രാമദാനം നല്‍കിയതിനുംതുഞ്ചത്തുഗ്രന്ഥാവലിയില്‍ രേഖയുള്ളതാണ്. നാല് വര്‍ണ്ണാശ്രമങ്ങളും പൂര്‍ത്തിയാക്കി സന്ന്യാസം സ്വീകരിച്ച് രാമാനന്ദ സ്വാമികള്‍ എന്ന പേരോടെയാണ് എഴുത്തച്ഛന്‍ ജീവിച്ച് സമാധിയായത്. എഴുവത്ത് ഗോപാല മേനോന്‍ അടക്കമുള്ള ശിഷ്യര്‍ക്ക് തുഞ്ചത്തുസ്വാമിയാര് സന്ന്യാസം നല്‍കി. ഗോപാല മേനോന്‍ വലിയ കോപ്പ സ്വാമികള്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. മദ്രാസ് യൂണിവേഴ്‌സിറ്റി സംസ്‌കൃത ഡിപ്പാര്‍ട്ടുമെന്റ് 1955ല്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ.വി. ശര്‍മ്മ എഴുതിയ ‘എഴുത്തച്ഛന്‍ സാഹിത്യം’ എന്ന പുസ്തകമാണത്. 1955 കാലഘട്ടം വരെ തുഞ്ചത്തെഴുത്തച്ഛനുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടേയും ലേഖനങ്ങളുടേയും കവിതകളുംടേയും പട്ടികാ പുസ്തകമാണത്. ഇതില്‍ എഴുത്തച്ഛന്റെ മകള്‍ ശ്രീദേവിയെക്കുറിച്ചും ശ്രീദേവിയുടെ മകന്‍ ആമക്കാവില്‍ ഇട്ടി എഴുത്തച്ഛനേയും കുറിച്ചു പറയുന്നുണ്ട്. ചിറ്റൂര്‍ തുഞ്ചത്ത് ഗ്രന്ഥാവലി നാലാം നമ്പര്‍ രേഖലക്ഷ്മീ കടാക്ഷ രസവും ശനീശ്വര സ്‌തോത്രവുമാണ്. ശ്രീദേവിയാല്‍ വിരചിതമായ ഗ്രന്ഥമാണത്. ആമക്കാവില്‍ ഇട്ടിരാമനെഴുത്തച്ഛന്‍ ‘അരിയിട്ട് മുടി ചൂട്’ എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. എഴുത്തച്ഛന്റെ പരമ്പരയില്‍ ജ്യോതിഷ പണ്ഡിതരും ഗ്രന്ഥരചയിതാക്കളും ഉണ്ടായിരുന്നു. കളവു കണ്ടു പിടിക്കുന്ന ‘ചോരശാസ്ത്രം’ രചിച്ചത് എഴുത്തച്ഛന്‍ പരമ്പരയിലെ ഒരു അംഗമാണ്. ആമക്കാവ് എടപ്പാള്‍ വീട്ടില്‍ നിന്നും ബ്രിട്ടീഷ് ഭരണകാലത്ത് വാറണ്ടുമായി വന്ന് നിരവധി ഗ്രന്ഥങ്ങള്‍ കൊണ്ടു പോയിട്ടുണ്ട്. ഇത്രയൊക്കെ തെളിവുകള്‍ ഉണ്ടായിട്ടും എഴുത്തച്ഛന്‍ ജീവിച്ചിരുന്നില്ല എന്നു വാദിക്കുന്നവരുടെ തൊലിക്കട്ടിയെക്കുറിച്ച് വേറെയൊരു പഠനം നടത്തണം.
ഭാഷാ സ്രഷ്ടാക്കള്‍ ക്രിസ്ത്യന്‍ മിഷണറിമാരാണെന്ന് പറയുന്നതിലെ ഔചിത്യമില്ലായ്മ എന്താണെന്നു നോക്കാം. ചെറുശ്ശേരി നമ്പൂതിരിയുടെ കാലത്ത്, അതായത് CE 1375-1475 കാലഘട്ടത്തില്‍ തന്നെ മലയാള ഭാഷയും ഗ്രന്ഥവും ഉണ്ടായിരിക്കെ ക്രിസ്ത്യന്‍ മിഷണറിമാരെ ഭാഷാ പിതാക്കന്മാരായി എങ്ങനെ അംഗീകരിക്കാന്‍ സാധിക്കും? ഗുണ്ടര്‍ട്ടിനെയാണ് ഈ പട്ടികയില്‍ പെടുത്താന്‍ ശ്രമിക്കുന്നത്. ചെറുശ്ശേരിയുടെ ജീവിതകാലത്തിനും 400 വര്‍ഷം കഴിഞ്ഞ് 1814 ഫിബ്രവരി 4 നാണ് ഗുണ്ടര്‍ട്ട് ജനിക്കുന്നത്. സുവിശേഷകനായ ഗുണ്ടര്‍ട്ട് തലശ്ശേരിയില്‍ എത്തുന്നത് 1839 ഏപ്രില്‍ 12 നാണ്. അതിനുശേഷമാണ് അദ്ദേഹം മലയാളം പഠിക്കാനും സംസാരിക്കാനും തുടങ്ങുന്നത്. അതിനുമുമ്പുതന്നെ മലയാളഭാഷ ഉണ്ടായിരുന്നുവെന്നതിന് വേറെ തെളിവ് വേണ്ടതുണ്ടോ? ബാസല്‍ മിഷന്റെ ക്രിസ്തുമത പ്രചാരകനായ ഗുണ്ടര്‍ട്ട് കേരളത്തിലെ ഗ്രന്ഥങ്ങളും ഭാഷയും ഒക്കെ പഠിക്കുകയും അപഗ്രഥിക്കുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം കേരളത്തിലെ പണ്ഡിതരെ സ്വാധീനിച്ചും ഒപ്പംനിര്‍ത്തിയും ചെയ്തതാണ്. ഗുണ്ടര്‍ട്ട് മലയാള ഭാഷാ വ്യാകരണം എഴുതിയത് തിരുന്നാവായ കൊടക്കലുള്ള ബംഗ്ലാവില്‍ വച്ചാണ്. പടിഞ്ഞാറെ പിഷാരത്ത് ഗോവിന്ദപിഷാരടിയെ ബംഗ്ലാവിലേക്ക് വരുത്തി നിര്‍മ്മിച്ചതാണ്. ഗുണ്ടര്‍ട്ട് തിരുന്നാവായക്ക് വന്നത് ഗ്രന്ഥം രചിക്കാനായിരുന്നില്ല. ബാസല്‍ മിഷനു വേണ്ടി ഇവിടെയുള്ള നായാടിമാരെ മതംമാറ്റി ക്രിസ്ത്യാനികളാക്കാനായിരുന്നു. അങ്ങനെയാണ് വെട്ടത്തു നാട്ടിലെ പണ്ഡിതരെക്കുറിച്ച് കേള്‍ക്കുന്നതും അവരെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചതും.
ഗുണ്ടര്‍ട്ടിന്റെ മലയാള ഭാഷാ വ്യാകരണ നിഘണ്ടുവിന്റെ രചന നടത്തിയത് തൃക്കണ്ടിയൂര്‍ അച്യുത പിഷാരടിയുടെ കുടുംബത്തിലെ പണ്ഡിതനായ ഗോവിന്ദപിഷാരടിയാണെന്നും അതിന്റെ പിതൃത്വം ഗുണ്ടര്‍ട്ടിനായി മാറ്റുകയുമാണ് ചെയ്തത് എന്നൊരു വാമൊഴിയുണ്ട്. അക്കാലത്ത് ഇങ്ങനെയുള്ള പണ്ഡിതരെ കൊണ്ടു പോയി അവരുടെ അറിവുകള്‍ അപഹരിച്ചെടുക്കുന്നത് ബ്രിട്ടീഷുകാരുടെ പതിവായിരുന്നു. ഭാഷാസ്രഷ്ടാവായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന മറ്റൊരാളാണ് ബെഞ്ചമിന്‍ ബെയ്‌ലി. വിവര്‍ത്തകനും ഗവേഷകനുമൊക്കെ ആയ ബെഞ്ചമിന്‍ ബെയ്‌ലി എന്ന ബ്രിട്ടീഷുകാരന്‍ 1871 ലാണ് ജനിച്ചത്. ക്രിസ്തുമത പ്രചാരകരായ ഇവര്‍ മലയാള ഭാഷയില്‍ ഗവേഷണം നടത്തുകയും ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം നടത്തുകയും ചെയ്തവരാണ്. തുഞ്ചത്തെഴുത്തച്ഛനും ചെറുശ്ശേരിയുമൊക്കെ ചെയ്തതുപോലെ ഭാഷയുടെ പരിഷ്‌കരണത്തിന് ഇവര്‍ യാതൊന്നും ചെയ്തിട്ടില്ല. അവര്‍ കേരളത്തിലെ ഗ്രന്ഥങ്ങള്‍ തെരഞ്ഞു നടന്നത് അവ സ്വായത്തമാക്കാനും അവയുടെ പിതൃത്വം തങ്ങള്‍ക്കാണെന്നു വരുത്താനുമാണ്. അതാകട്ടെ, മതപരിവര്‍ത്തന ശ്രമങ്ങളുടെ മറ്റൊരു രൂപവുമാണ്. ഇന്നത്തെ കാലത്ത് ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ കൊടിമരം സ്ഥാപിക്കുന്നതും, ദീപസ്തംഭം സ്ഥാപിക്കുന്നതും, തുലാഭാരം നടത്തുന്നതുമൊക്കെ അതിന്റെ തുടര്‍ച്ച തന്നെ.
അവലംബം:
1. തുഞ്ചത്താചാര്യന്‍:കെ.പി.നാരായണ പിഷാരടി, തുഞ്ചന്‍ സ്മാരക മാനേജ്‌മെന്റ് കമ്മിറ്റി – 1975
2. സാംസ്‌കാരിക വകുപ്പില്‍ നിന്നും എം.എം.ഹസ്സന് ലഭിച്ച നമ്പര്‍.സി. 3/267/2022 മറുപടി.
3. തുഞ്ചത്ത് രാമാനന്ദ സ്വാമികള്‍: തിരൂര്‍ ദിനേശ് – കുരുക്ഷേത്ര പ്രകാശന്‍
4. ശ്രീ. തുഞ്ചത്തു ഗുരുവര്യരുടെ കൃതികള്‍: വിദ്യാരത്‌നം പാഴൂര്‍ നാരായണ മേനോന്‍
5. കേരള സാഹിത്യ ചരിത്രം, വാല്യം – 2, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍




















