ശ്രീശങ്കരന്റേതെന്നു പുരാതനകാലം മുതല്‍ പ്രസിദ്ധമായിരിക്കുന്ന സ്‌തോത്രകൃതികള്‍ ശങ്കരന്റേതല്ലെന്ന വാദവുമായി ഈയിടെ രംഗത്തു വന്നിരിക്കുന്ന പണ്ഡിതന്മാരുടെ സമീപനം വിലയിരുത്തേണ്ടത് ഈ സന്ദര്‍ഭത്തിലാണ്. സ്‌തോത്രകൃതികളുടെ കര്‍ത്തൃത്വം ആചാര്യസ്വാമികളില്‍ നിന്ന് എടുത്തുമാറ്റാന്‍ ഭൗതികമായ തെളിവുകള്‍ യാതൊന്നും അവര്‍ക്കു കാണിക്കാനില്ല. അദ്വൈതി സ്‌തോത്രരചന ചെയ്യില്ലെന്ന ന്യായം മാത്രമാണ് അവര്‍ പുറപ്പെടുവിക്കുന്നത്. അദ്വൈതമാണ് പരമസത്യമെങ്കിലും പ്രപഞ്ചാനുഭവവേളയിലെ ദ്വൈതാവസ്ഥയെ അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ലെന്ന കാര്യം ഈ വാദമുന്നയിക്കുന്ന പണ്ഡിതന്മാര്‍ മറന്നുപോയിരിക്കുന്നു. പ്രപഞ്ചത്തിന്റെ വ്യാവഹാരിക സത്യതയെ അദ്ദേഹം അംഗീകരിക്കുന്നു. അതുപാരമാര്‍ത്ഥിക സത്യമാണെന്നു തെറ്റിദ്ധരിക്കരുതെന്നേ ആചാര്യന് അഭിപ്രായമള്ളൂ. വ്യാവഹാരിക ദശയില്‍ ദ്വൈതമുണ്ട്. ഉപാസകനായ താനും ഉപാസ്യനായ ഈശ്വരനുമുണ്ട്. ഉപാസകന്‍ നില്‍ക്കുന്ന ആദ്ധ്യാത്മികൗന്നത്യമനുസരിച്ച് ഈശ്വരനെ സഗുണമായോ നിര്‍ഗ്ഗുണമായോ കാണാം. സഗുണമായി ദര്‍ശിക്കാനിഷ്ടപ്പെട്ടാല്‍ അവരവരുടെ ഹൃദയത്തിനിണങ്ങുന്ന രൂപഭാവങ്ങളിലും നാമഭേദങ്ങളിലും ഉപാസിക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കുമുണ്ട്. ഇതാണ് മുന്‍പ് പ്രതിപാദിച്ച സര്‍വമതസമഭാവനയുടെ തത്ത്വശാസ്ത്രം. ഇക്കാര്യത്തില്‍ ആരുടെ ഇഷ്ടവും മറ്റുള്ളവരുടെ പുറത്ത് അടിച്ചേല്പിക്കാന്‍ പുറപ്പെടരുത്. ശ്രീശങ്കരന്‍ ആക്രാമകമായ മതപരിവര്‍ത്തനങ്ങള്‍ക്കു വിരുദ്ധനായി നില്‍ക്കുന്നത് ഈ അടിസ്ഥാനത്തിലാണ്. തന്റെ കാലത്തു നിലവിലുണ്ടായിരുന്ന എല്ലാ ആരാധനാക്രമങ്ങളെയും അദ്ദേഹം അംഗീകരിച്ചു. അതിനെല്ലാം വേണ്ടി സ്‌തോത്രങ്ങളും രചിച്ചു. അതിലൂടെ എല്ലാ ആചാരാനുഷ്ഠാനങ്ങളിലും അന്തര്‍ഹിതമായിരിക്കുന്ന ഏകത്വബുദ്ധിയെ പ്രകാശിപ്പിച്ചു സമന്വയിക്കുകയും ചെയ്തു. അങ്ങനെ ശരിയായ മതേതരത്വത്തിന് അടിത്തറയിട്ടതാണ് അദ്ദേഹത്തിന്റെ മഹത്വപൂര്‍ണ്ണമായ സാംസ്‌കാരിക സംഭാവന.
ശ്രീശങ്കരന്‍ ഈ ഭൂമിയിലൂടെ സഞ്ചരിച്ചു, ശ്വസിച്ചു, ഭക്ഷണം കഴിച്ചു, പ്രവര്‍ത്തിച്ചു, ഭാഷ്യങ്ങളെഴുതി, ദ്വിഗ്വിജയം നടത്തി. ദ്വൈതത്തെ അംഗീകരിച്ചില്ലെങ്കില്‍ ഇതുവല്ലതും സാദ്ധ്യമാണോ? നിര്‍വികല്പസമാധ്യവസ്ഥയില്‍ മാത്രമേ അദ്വൈതാനുഭവമുള്ളൂ. പ്രപഞ്ചാനുഭവമുള്ളിടത്തോളം ദ്വൈതമാണുളളത്. ദ്വൈതം പരമമല്ലെന്നു മാത്രമേയുള്ളൂ. അതാണു ദ്വൈതത്തെ വ്യാവഹാരികസത്യമെന്നു പറഞ്ഞത്. അല്ലെങ്കില്‍ ശ്രീശങ്കരനെന്ന വ്യക്തിത്വമെങ്ങനെയുണ്ടാകും? ആര് ഭാഷ്യം രചിക്കും? ആര്‍ക്കുവേണ്ടി ഭാഷ്യം? അതിനുവേണ്ടുന്ന ഭാഷ എവിടെ? ആശയങ്ങളെവിടെ? അദ്വൈതാനുഭവത്തില്‍ ഈ വകയെല്ലാം ലയിച്ചടങ്ങിക്കഴിഞ്ഞിരിക്കും. ശങ്കരാചാര്യര്‍ ഭാഷ്യമെഴുതി എന്നും മഠം സ്ഥാപിച്ചു എന്നുമെല്ലാം പറഞ്ഞാല്‍ ദ്വൈതത്തെ വ്യാവഹാരികതലത്തില്‍ അംഗീകരിച്ചു എന്നാണര്‍ത്ഥം. അപ്പോള്‍ സ്‌തോത്ര രചനകൂടി ചെയ്‌വാന്‍ എന്താണു തടസ്സം? തന്റെ മതം മാത്രം ശരി ശേഷമെല്ലാം നിന്ദ്യം എന്നു കല്പിക്കുന്ന അല്പബുദ്ധിയല്ല ശങ്കരാചാര്യരെന്നു നേരത്തേ പല പ്രകാരം വ്യക്തമാക്കിയിട്ടുണ്ടല്ലോ.
അദ്വൈതികള്‍ സ്‌തോത്രം രചിക്കുമെന്നതിനും ക്ഷേത്രപ്രതിഷ്ഠ ചെയ്യുമെന്നതിനും ജനങ്ങള്‍ക്കു മാര്‍ഗ്ഗം കാട്ടാന്‍ സാമൂഹിക രംഗത്ത് ഇറങ്ങി പ്രവര്‍ത്തിക്കുമെന്നതിനും ദൃഷ്ടാന്തങ്ങള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്. ഇരുപതാം നൂറ്റാണ്ടു കണ്ട അദ്വൈതാചാര്യന്മാരാണ് ശ്രീനാരയണ ഗുരുദേവനും ചട്ടമ്പിസ്വാമികളും സ്വാമി വിവേകാനന്ദനും. പഞ്ചകങ്ങളും അഷ്ടകങ്ങളും നവരത്‌ന മഞ്ജരികളും ശതകങ്ങളുമായി ഗുരുദേവന്‍ രചിച്ച സ്‌തോത്രകൃതികള്‍ നാല്പതില്‍പരമുണ്ട്. ക്ഷേത്രപ്രതിഷ്ഠകളുമുണ്ട് അസംഖ്യം. അദ്വൈതം അവര്‍ക്ക് പേരിനോ പ്രശസ്തിക്കോ ഉപജീവനത്തിനോ ഉള്ള അക്കാദമിക് ഉപകരണമായിരുന്നില്ല. മറിച്ച് ആത്മാനുഭൂതിപൂര്‍ണ്ണമായ ജീവിതം തന്നെയായിരുന്നു. സാധുക്കളുടെ കണ്ണുനീര്‍ തുടക്കാന്‍ പൊതുജനമദ്ധ്യത്തിലിറങ്ങി നടന്ന ആ മഹാപുരുഷന്മാരുടെ കാരുണ്യം അദ്വൈതരസാമൃതത്തില്‍ നിന്ന് ഉദ്ഭവിക്കുന്നതുമാണ്. അദ്വൈതികള്‍ക്കു പരമപ്രധാനമാണ് ലോകഹിതം. ”ശാന്തോ മഹാന്തോ നിവസന്തി സന്തോ വസന്തവന് ലോകഹിതം ചരന്തഃ” എന്നാണ് ആചാര്യസ്വാമികള്‍ വിവേകചൂഢാമണിയില്‍ അദ്വൈതാചാര്യന്മാരെപ്പറ്റി പറഞ്ഞിരിക്കുന്നത്. അതെ; വസന്തത്തെപ്പോലെ ലോകനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന അവര്‍ക്കു സ്‌തോത്രരചന എങ്ങനെ നിഷിദ്ധമാകും?
ശ്രീശങ്കരന്‍: സ്വാതന്ത്ര്യസമരത്തിന്റെ ശിഖ
ബ്രഹ്മസത്യം ജഗന്മിഥ്യയെന്നു പഠിപ്പിച്ച് ഭാരതത്തിലെ ജനങ്ങളെ പ്രതികരണ ശൂന്യരാക്കി അടിമത്തത്തിലേക്കു ശങ്കരന്‍ തള്ളിവിട്ടു എന്ന ആരോപണവുമായി ഈയിടെ ചില അക്കാദമിക് പണ്ഡിതന്മാര്‍ രംഗത്ത് വന്നിട്ടുണ്ട്. മറുപടി അര്‍ഹിക്കാത്ത ആരോപണമാണെന്നിരിക്കിലും ജിജ്ഞാസുക്കളുടെ ഉപയോഗത്തിലേക്കായി അതും പരിഗണിക്കുന്നു. ഭാരത ചരിത്രം ശ്രദ്ധപൂര്‍വ്വം പഠിച്ചിട്ടുള്ളവര്‍ക്കും അടിമത്തം വന്നവഴി നന്നായി മനസ്സിലാകും. വിഭവങ്ങള്‍ക്കോ വീരന്മാര്‍ക്കോ കര്‍മ്മശേഷിക്കോ കുറവുണ്ടായതിനാലല്ല നാം അടിമകളാക്കപ്പെട്ടത്. ഇംഗ്ലീഷുകാരുടെ മേല്‍ത്തരം ആയുധങ്ങളും നാട്ടുരാജാക്കന്മാരുടെ തമ്മില്‍ത്തല്ലും ഒറ്റുകാരുടെ ദുരയും ചേര്‍ന്നാണ് ഭാരതത്തെ അടിമത്തത്തിലേക്കു വലിച്ചിഴച്ചത്. ഇംഗ്ലീഷുകാരന്റെ സാമ്രാജ്യം നിര്‍മ്മിക്കാനും നിലനിര്‍ത്താനും പോരാടിയവരില്‍ ഭാരതീയരുമുണ്ടായിരുന്നു. അവര്‍ സംഹരിച്ചത് സ്വന്തം നാട്ടുകാരേയുമായിരുന്നു. ജഗന്മിഥ്യയെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ ബ്രിട്ടീഷ് മേല്‍ക്കോയ്മ എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണങ്ങളില്‍ കൊതിമൂത്ത് ഇതെല്ലാം ചെയ്യുമായിരുന്നോ? ആരോപണമുന്നയിക്കുന്നവര്‍ മറുപടി പറയട്ടെ. ജഗന്മിഥ്യാത്വബോധവും സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിക്കലും വെളിച്ചവുമിരുട്ടും പോലെ പരസ്പരവിരുദ്ധമാണ്.

വിദേശശക്തികള്‍ക്കു മുന്നില്‍ ഭാരതീയന്‍ നിസ്സംഗനും നിഷ്‌ക്രിയനുമായിരുന്നിരുന്നെങ്കില്‍ മാത്രമേ ശങ്കരനു നേരേ ആരോപണമുന്നയിക്കാന്‍ പറ്റൂ. അതല്ലല്ലോ സംഭവിച്ചത്. ജഗന്മിഥ്യയെന്നു ധരിച്ചതുകൊണ്ടാണോ മരുമകനായ പൃഥ്വിരാജിനെ കൊല്ലാന്‍ രാജാജയചന്ദ്രന്‍ ഗോറിയെ ക്ഷണിച്ചു വരുത്തിയത്? മായാവാദം തലയ്ക്കുപിടിച്ചിട്ടാണോ പ്ലാസിയുദ്ധത്തില്‍ മിര്‍ജാഫര്‍ കാലുമാറി ക്ലൈവിന്റെ പക്ഷം ചേര്‍ന്ന് സിറാജ് ഉദ് ദൗളയെ ഹിംസിച്ചത്? ഉമ്മിണിത്തമ്പി വേലുത്തമ്പിയെ ഒറ്റിക്കൊടുത്തതും പഴവീട്ടില്‍ ചന്തു പഴശ്ശിരാജാവിനെ ചതിച്ചതും മായാവാദത്തില്‍ മയങ്ങിയാണോ? അധികാര ഗര്‍വവും ദുരയും സ്ഥാനമാന ദുര്‍മോഹവുമായിരുന്നു അതിനെല്ലാം കാരണമെന്ന് ഏവര്‍ക്കുമറിയാം. ബ്രഹ്മസത്യം ജഗന്മിഥ്യയെന്ന് ഉറപ്പുള്ളവന് കാമക്രോധലോഭമോഹമമോത്സര്യാദികളൊന്നും മനസ്സിലുണ്ടാവുകയില്ല. ജഗത്ത് സത്യമെന്നു ഭ്രമിക്കുന്ന ഭൗതികവാദികള്‍ക്കും സ്വാര്‍ത്ഥികള്‍ക്കും മാത്രം സംഭവിക്കുന്ന ദോഷങ്ങളാണിവയെല്ലാം. അത്തരക്കാരില്‍ ചിലര്‍ കാര്യസാദ്ധ്യത്തിനായി ഈശ്വരഭക്തിയുടെ മൂടുപടം ധരിക്കുമെന്നേയുള്ളൂ.
അക്കാലത്തെ ഭാരതഭരണകര്‍ത്താക്കളില്‍ വലിയ പങ്കും ശ്രീശങ്കരാചാര്യരുടെ ഉപദേശങ്ങള്‍ തിരസ്‌കരിച്ചതുകൊണ്ടാണു നാട് അടിമയാക്കപ്പെട്ടതെന്നു സ്പഷ്ടം. വര്‍ത്തമാനകാല കേരള സംസ്‌കൃതിയിലേക്കും ഭാരത സംസ്‌കൃതിയിലേക്കും വിരല്‍ ചൂണ്ടുന്ന പരമസത്യം കൂടിയാണിത്. സ്വാര്‍ത്ഥലോലുപതയും അമിതഭോഗാസക്തിയും തമ്മില്‍ തല്ലും ഇന്ന് അനേകമടങ്ങു വര്‍ദ്ധിച്ചിരിക്കുന്നു. രാജാക്കന്മാരുടെയും രാജകുടുംബങ്ങളുടെയും സ്ഥാനത്ത് ജനനേതാക്കന്മാരുടെയും നേതൃകുടുംബങ്ങളുടെയും കിടമത്സരമെന്നേ ഭേദമുള്ളൂ. ശങ്കരാചാര്യരുടെ പ്രസക്തി അസാധാരണമായി വര്‍ദ്ധിക്കുന്ന ചുറ്റുപടുകളാണിത്. ആയിരം വര്‍ഷം ഭൂമുഖത്തു ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ചാല്‍ പോലും ഒരു മനുഷ്യനു ചെയ്തുതീര്‍ക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് കേവലം മുപ്പത്തിരണ്ടു വര്‍ഷം കൊണ്ട് ജഗന്മിഥ്യാത്വവാദിയായ ശ്രീശങ്കരന്‍ ചെയ്തുതീര്‍ത്തതെന്നു മറന്നു പോകരുത്. ബ്രഹ്മസത്യം ജഗന്മിഥ്യയെന്നു അദ്ദേഹം പഠിപ്പിച്ചതിന്റെ അര്‍ത്ഥം ശരിക്കു മനസ്സിലാക്കണമെങ്കില്‍ ആ ഗ്രന്ഥങ്ങളും പരാജയമെന്തെന്നറിയാത്ത ദ്വിഗ്വിജയ പരിശ്രമങ്ങളും കൂട്ടി വായിക്കണം.
ബ്രഹ്മം മാത്രമേ സത്യമായുള്ളൂ എന്നു തിരിച്ചറിഞ്ഞ് മിഥ്യാജഗത്ത് വച്ചു നീട്ടുന്ന പ്രലോഭനങ്ങളില്‍ കുടുങ്ങിപ്പോകാതെ ലോകഹിതാര്‍ത്ഥം നിസ്വാര്‍ത്ഥമായി നിരന്തരം പ്രവര്‍ത്തിക്കാനുള്ള സിംഹഗര്‍ജ്ജിതമാണ് ഒരു നിമിഷത്തേക്കുപോലും നിഷ്‌ക്രിയത ബാധിക്കാത്ത ശാങ്കരചരിതം. അല്ലാതെ ആലസ്യമാണ്ട് കൈയും കെട്ടി ഇരിപ്പാനുള്ള ഒഴുകഴിവല്ലത്. യോഗേശ്വരനായ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് വില്ലെടുത്തു പോരാടുന്ന പാര്‍ത്ഥനാണ് മനുഷ്യത്വത്തിന്റെ ജിവിതാദര്‍ശമെന്ന് ഭഗവദ്ഗീതാഭാഷ്യത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. അതാണല്ലോ അദ്ദേഹം പ്രവര്‍ത്തിച്ചു കാണിച്ചതും. ബ്രഹ്മസൂത്രശാങ്കര ഭാഷ്യത്തിലും ദശോപനിഷത് ഭാഷ്യങ്ങളിലും ഇതുതന്നെ മുഴങ്ങിക്കേള്‍ക്കാം. കര്‍മ്മയോഗശാസ്ത്രമെന്നും അനാസക്തിയോഗമെന്നും ഭഗവദ്ഗീതയെ വ്യാഖ്യാനിച്ചുകൊണ്ട് സ്വാതന്ത്ര്യസമരാദര്‍ശം വ്യക്തമാക്കിയ ലോകമാന്യന്റെയും ഗാന്ധിജിയുടേയും വാക്കുകളിലും പ്രവൃത്തികളിലും അതാണല്ലോ പ്രസ്ഫുരിക്കുന്നത്. എന്തിനു കര്‍മ്മയോഗാദര്‍ശം? എന്തിനു അനാസക്തി? ബ്രഹ്മസത്യവും ജഗത്ത്മിഥ്യയുമാകകൊണ്ടുതന്നെ. ഇതാണ് ശാങ്കരോപദേശത്തിന്റെ മൗലിക സാരം. അതുള്‍കൊണ്ട ഒരുകൂട്ടം യുവാക്കള്‍ വിദേശ മേല്‍ക്കോയ്മ നീട്ടിയ പീരങ്കികള്‍ക്കു മുന്നിലും കൊലക്കയറുകളുടെ കുടുക്കുകളിലും സ്വജീവിത സാഫല്യം കണ്ടു. ഭാരതത്തെയും ഏഷ്യാവന്‍കരയെയും ആഫ്രിക്കയെയും സ്വാതന്ത്ര്യപ്പുതുപുലരിയിലെത്തിച്ചത് അതാണ്. അദ്വൈതദര്‍ശനപ്രഭാവിതമായ അവരുടെ ശബ്ദം സ്വാമി വിവേകാനന്ദനിലൂടെയും മഹര്‍ഷി അരവിന്ദനിലൂടെയും ലോകമാന്യ തിലകനിലൂടെയും മഹാത്മജിയിലൂടെയും എണ്ണമറ്റ മറ്റനേകം കണ്ഠങ്ങളിലൂടെയും തൂലികത്തുമ്പിലൂടെയും ഗംഗ പോലൊഴുകി. ഭാഗ്യംകൊണ്ട് അതില്‍ കുറെയൊക്കെ ഇന്നും വായിക്കുവാന്‍ ലഭിക്കും. അതില്‍ ഒരു തെല്ലെങ്കിലും പഠിച്ചാല്‍ സ്വാതന്ത്ര്യം കൈവന്ന വഴി മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവുകയില്ല. ശ്രീശങ്കരാചാര്യരെ മറന്നതിന്റെ ഫലമായിരുന്നു അടിമത്തമെന്നും ശാങ്കരതത്ത്വസംഹിത പഠിച്ചുപ്രയോഗിച്ചതിന്റെ ഫലമാണു സ്വതന്ത്ര്യമെന്നും അപ്പോള്‍ തെളിഞ്ഞു കിട്ടും.
ശ്രീശങ്കരാചാര്യര്‍ പുനഃപ്രതിഷ്ഠിച്ച അദ്വൈതദര്‍ശനം കേരളക്കരയ്ക്കും ഭാരതത്തിനും മാത്രമല്ല ലോകത്തിനാകമാനവും അനുഗ്രഹം ചൊരിയുന്ന നവോത്ഥാന മഹാമന്ത്രമാണ്. സങ്കുചിതമായ സ്വാര്‍ത്ഥ മോഹങ്ങളാലും കാലഹരണപ്പെട്ട ഭൗതികവാദ പദ്ധതികളാലും വിദ്വേഷ കലുഷിതമായ വൈദേശിക ചിന്താപരിപാടികളാലും പങ്കിലമാകാത്ത മനസ്സുമായി ശാങ്കര ദര്‍ശനത്തെ സമീപിച്ചാല്‍ ആ കാമധേനു ഏവര്‍ക്കും വേണ്ടുന്നതെല്ലാം നല്‍കും. സ്വാമികളെപ്പറ്റിയും അദ്വൈതത്തെക്കുറിച്ചും അവിവേകികള്‍ പ്രചരിപ്പിച്ചു വച്ചിരിക്കുന്ന വ്യാജങ്ങളെ ആദ്യമേ പരിത്യജിക്കണം. വിശ്വശാന്തിക്കും ക്ഷേമൈശ്വര്യങ്ങള്‍ക്കും ശാങ്കരാദ്വൈതമല്ലാതെ വേറൊരു സിദ്ധൗഷധമില്ല.
(അവസാനിച്ചു)






















