Monday, June 29, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ബംഗാള്‍ മാറിച്ചിന്തിക്കുമ്പോള്‍

അജിത് വെണ്ണിയൂര്‍അജിത് വെണ്ണിയൂര്‍
19 June 2026

‘ബംഗാള്‍ ഇന്ന് ചിന്തിക്കുന്നത് ഭാരതം നാളെ ചിന്തിക്കും’ – പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗോപാലകൃഷ്ണ ഗോഖലെ പറഞ്ഞ പ്രസിദ്ധമായ ഈ വാക്കുകള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സുവര്‍ണ്ണ ലിപികളാണ്. എന്നാല്‍ കാലം മാറി, രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി. ഭാരതം മുന്നേറുമ്പോള്‍ ബംഗാള്‍ പിന്നിലായിപ്പോയെന്ന പരിദേവനം പങ്കുവെച്ചുകൊണ്ട് ബംഗാളിലെ ഒരു രാഷ്ട്രീയ നിരീക്ഷകന്‍ അടുത്തിടെ ഒരു ചാനല്‍ചര്‍ച്ചയില്‍ ഗോഖലെയുടെ ആ ഉദ്ധരണി ഓര്‍ത്തെടുത്ത് ഇങ്ങനെ പറയുന്നത് കേട്ടു: ‘ഭാരതം എങ്ങനെ ചിന്തിക്കുന്നുവെന്ന് വൈകിയാണെങ്കിലും ബംഗാള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.’ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്ന് ദശാബ്ദങ്ങളായി അകന്നുനിന്ന ബംഗാള്‍, ഒടുവില്‍ ദേശീയതയുടെയും വികസനത്തിന്റെയും പാതയിലേക്ക് ചുവടുവെക്കുന്നു എന്ന പ്രതീക്ഷയാണ് ഈ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയനിരീക്ഷകര്‍ കേവലം ഭരണമാറ്റമായല്ല, മറിച്ച് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ അന്ത്യമായാണ് കാണുന്നത്. ദശാബ്ദങ്ങളായി ബംഗാള്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന പ്രതിലോമശക്തികള്‍ തകര്‍ന്നു വീഴുകയും, പുതിയൊരു രാഷ്ട്രീയ സംസ്‌കാരം അവിടെ വേരുറപ്പിക്കുകയും ചെയ്തിരിക്കുന്നു.

സാംസ്‌കാരിക ഔന്നത്യത്തില്‍ നിന്ന് രാഷ്ട്രീയ ജീര്‍ണ്ണതയിലേക്ക്
ഒരുകാലത്ത് ഭാരതത്തിന്റെ ആത്മീയവും ബൗദ്ധികവുമായ വെളിച്ചമായിരുന്നു ബംഗാള്‍. ദേശീയത, സാഹിത്യം, ശാസ്ത്രം, കലകള്‍ എന്നിവയിലെല്ലാം ഭാരതത്തിന്റെ ഇതരഭാഗങ്ങളെ വിസ്മയിപ്പിച്ച ഒരു ഭൂതകാലം ആ മണ്ണിനുണ്ട്. സ്വാമി വിവേകാനന്ദന്‍, ടാഗോര്‍, സുഭാഷ് ചന്ദ്രബോസ്, ജഗദീഷ് ചന്ദ്ര ബോസ് തുടങ്ങിയ മഹാരഥന്മാരുടെ ആ മണ്ണ് ഉന്നതവിദ്യാഭ്യാസത്തിന്റെ അറിവുപുരയായിരുന്നു. എന്നാല്‍, കാലക്രമത്തില്‍ രാഷ്ട്രീയ അധികാരത്തിനുവേണ്ടിയുള്ള പടയോട്ടത്തില്‍ ബംഗാളിന് ആ സാംസ്‌കാരിത്തിളക്കം നഷ്ടപ്പെട്ടു.

ADVERTISEMENT

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഏകാധിപത്യം, അക്രമം, അഴിമതി, സ്വജനപക്ഷപാതം എന്നിവയുടെ വിളനിലമായി ബംഗാള്‍ മാറി. ഇടതുപക്ഷത്തിന്റെ 34 വര്‍ഷത്തെ ഭരണത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറികളും കൊലപാതക രാഷ്ട്രീയവും ജനാധിപത്യത്തിന്റെ അന്തസ്സുതന്നെ കെടുത്തുന്ന രീതിയിലേക്ക് വളര്‍ന്നു. ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ‘മാ, മാട്ടി, മാനുഷ്’ (അമ്മ, മണ്ണ്, മനുഷ്യന്‍) എന്ന മുദ്രാവാക്യവുമായി അധികാരത്തില്‍ വന്ന മമതാ ബാനര്‍ജി, ഇടതുപക്ഷത്തിന്റെ അതേ തെറ്റുകള്‍ കൂടുതല്‍ തീവ്രതയോടെ ആവര്‍ത്തിക്കുന്നതാണ് പിന്നീട് കണ്ടത്. സ്വജനപക്ഷപാതവും വോട്ട്ബാങ്ക് ലക്ഷ്യമിട്ടുള്ള ന്യൂനപക്ഷ പ്രീണനവും ബംഗാളിനെ വികസന പാതയില്‍ നിന്ന് പിന്നോട്ട് വലിച്ചു. മമതയുടെ തൃണമൂല്‍ ഭരണത്തില്‍ ‘സിന്‍ഡിക്കേറ്റ് രാജ്’ എന്ന പേരില്‍ അഴിമതിയും അക്രമരാഷ്ട്രീയവും വ്യവസ്ഥാപിതമായി. ഭരണകൂടത്തിന്റെ ഈ അടിച്ചമര്‍ത്തലുകളില്‍ നിന്നും അഴിമതിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നുമുള്ള മോചനത്തിനായി ബംഗാളിന്റെ മനസ്സ് ദാഹിക്കുകയായിരുന്നു.

തങ്ങളെ ഈ ഇരുട്ടില്‍ നിന്ന് മോചിപ്പിക്കാന്‍ ശേഷിയുള്ള കരുത്തുറ്റ ഒരു ദേശീയ പാര്‍ട്ടി എന്ന നിലയിലാണ് ബംഗാളിലെ ജനത ബിജെപിയില്‍ അഭയം കണ്ടെത്തിയത്. ‘രാഷ്ട്രം ആദ്യം’ എന്ന നയവും ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ (എല്ലാവരുടെയും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും ശ്രമം) എന്ന പരിപാടിയും ബംഗാളിന്റെ നഷ്ടപ്പെട്ടുപോയ പഴയ പ്രതാപവും ദേശീയബോധവും വീണ്ടെടുക്കാനുള്ള പ്രത്യാശയായി വോട്ടര്‍മാര്‍ ഏറ്റെടുത്തു.

മുപ്പത്തിനാല് വര്‍ഷം ഭരിച്ച് ബംഗാളിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ച ഇടതുപക്ഷത്തെ ജനങ്ങള്‍ സഹിച്ചത് അവരുടെ ‘പ്രത്യയശാസ്ത്ര’ പകിട്ടിലായിരുന്നു. എന്നാല്‍ അവരെ താഴെയിറക്കി അധികാരത്തിലേറിയ മമതാ ബാനര്‍ജി, ഇടതുപക്ഷം അനുവര്‍ത്തിച്ച അടിച്ചമര്‍ത്തലിന്റെയും അഴിമതിയുടെയും രാഷ്ട്രീയ ശൈലി, മുസ്ലീം പ്രീണനം കൂടി കൂട്ടിച്ചേര്‍ത്ത് കൂടുതല്‍ തീവ്രതയോടെ നടപ്പാക്കി. പക്ഷേ, ഇടതുപക്ഷത്തെ മുപ്പത്തിനാല് വര്‍ഷം സഹിച്ച ബംഗാള്‍ ജനതയ്ക്ക് മമതയെ അത്രത്തോളം സഹിക്കാന്‍ കഴിഞ്ഞില്ല.

ഡിജിറ്റല്‍ ഇന്ത്യയുടെ കുതിപ്പ് യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ബംഗാള്‍ ജനതയെ പ്രാപ്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികളും അയല്‍സംസ്ഥാനങ്ങളുടെ പുരോഗതിയും വിരല്‍ത്തുമ്പിലൂടെ തിരിച്ചറിഞ്ഞ പുതിയ തലമുറ, മമതയുടെ പതിനഞ്ച് വര്‍ഷം നീണ്ട ‘സിന്‍ഡിക്കേറ്റ് രാജിന്’ അന്ത്യം കുറിച്ചു.ഭരണകക്ഷി നേതാക്കള്‍ നിയന്ത്രിച്ച ‘സിന്‍ഡിക്കേറ്റ്’ സംവിധാനത്തില്‍ ബംഗാളിലെ വികസനം അഴിമതിയില്‍ മുങ്ങി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുതല്‍ തൊഴില്‍ മേഖല വരെ ഈ സംഘങ്ങളുടെ പിടിയിലായി. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ പാവപ്പെട്ടവര്‍ക്കുപോലും കമ്മീഷന്‍ നല്‍കേണ്ട ‘കട്ട് മണി’ കള്‍ച്ചര്‍ ജനങ്ങളെ മടുപ്പിച്ചു. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകള്‍ സാധാരണക്കാരുടെ സമ്പാദ്യം കവര്‍ന്നപ്പോള്‍, അധ്യാപക നിയമന അഴിമതി അഭ്യസ്തവിദ്യരായ യുവാക്കളുടെ പ്രതീക്ഷകള്‍ തകര്‍ത്തു.

ഇടതുപക്ഷത്തെ ഇറക്കിവിട്ടതില്‍ വലിയ പങ്ക് വഹിച്ച യുവതലമുറ പിന്നീട് മമതയില്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു. എന്നാല്‍ വ്യവസായങ്ങള്‍ പടിയിറങ്ങിയ ബംഗാളില്‍ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടായില്ല. വ്യവസായങ്ങളുടെ അഭാവവും തൊഴിലില്ലായ്മയും അഴിമതി നിറഞ്ഞ നിയമന രീതികളും ‘സിന്‍ഡിക്കേറ്റ്’ നിയന്ത്രണങ്ങളും അവരെ നിരാശരാക്കി. ഐടി മേഖലയിലും നിര്‍മ്മാണ മേഖലയിലും ബിജെപി ഭരിക്കുന്ന അയല്‍ സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ ബംഗാള്‍ പിന്നോട്ട് പോകുന്നത് കണ്മുന്നില്‍കണ്ട യുവജനത അമര്‍ഷത്തോടെ മമതയ്‌ക്കെതിരെ തിരിഞ്ഞു. ഇടതുപക്ഷത്തെ താഴെയിറക്കാന്‍ ഉപയോഗിച്ച അതേ ആയുധങ്ങള്‍ മമതയ്ക്ക് തിരിച്ചടിയായി.

രാഷ്ട്രീയ അക്രമങ്ങളും ചോരപ്പുഴകളും
ബംഗാള്‍ രാഷ്ട്രീയത്തില്‍ തിരഞ്ഞെടുപ്പ് വേളകള്‍ രക്തച്ചൊരിച്ചിലിന്റെയും കൊലപാതകങ്ങളുടെയും കാലമാണ്. പഞ്ചായത്ത്-ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ടെടുപ്പ് ദിനത്തിലും അതിനുശേഷവും നിരവധിപേര്‍ കൊല്ലപ്പെടുന്ന സ്ഥിതി. പതിറ്റാണ്ടുകള്‍ക്കുശേഷം അതിനു വിരാമം കുറിക്കപ്പെട്ടത് ഈ തിരഞ്ഞെടുപ്പോടെയാണ്. സമകാലിക ബംഗാള്‍ ജനതയുടെ ഓര്‍മയില്‍ വോട്ടെടുപ്പുദിനം വരെ ഒരു രാഷ്ട്രീയകൊലപാതകം പോലുമില്ലാതെ നടന്ന ഏക പൊതുതെരഞ്ഞെടുപ്പാണിത്. ഫലപ്രഖ്യാപനശേഷം പരാജയത്തില്‍ ഹാലിളകിയ ഗുണ്ടാസംഘം അക്രമമഴിച്ചുവിടാന്‍ തുടങ്ങിയെങ്കിലും അതിനെ പ്രതിരോധിക്കാന്‍ സേനയും ജനങ്ങളും കൈകോര്‍ത്തപ്പോള്‍ അവര്‍ക്ക് പിന്‍വാങ്ങേണ്ടിവന്നു. 2018-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ മാത്രം എണ്‍പതിലധികം പേര്‍ കൊല്ലപ്പെട്ടു. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ പോലും അനുവദിക്കാത്തത്ര ക്രൂരമായ അക്രമങ്ങളാണ് അന്ന് അരങ്ങേറിയത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെ നടന്ന അക്രമങ്ങളില്‍ അമ്പതോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുവിട്ട് പലായനം ചെയ്യേണ്ടി വന്നു.

2023-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഫലം വരുന്നത് വരെ നീണ്ട അക്രമങ്ങളില്‍ അമ്പതിലധികം പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ ഗുരുതരമായ പരിക്കുകളോടെ ജീവിതം മുഴുവന്‍ നരകിക്കുന്നു. ബലാല്‍സംഗം, വീട്, വാഹന തീവെപ്പ്, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ക്രൂരകൃത്യങ്ങള്‍ പുറമെയും. ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ നിശ്ശബ്ദമാക്കാന്‍ പോലീസ്‌സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന ഏകാധിപത്യ ശൈലിയാണ് മമതയുടേതെന്ന വിമര്‍ശനം ഇടതുപക്ഷ ഭരണത്തെ ഓര്‍മ്മിപ്പിക്കുന്നു. ഈ ഘടകങ്ങളെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഉണ്ടായ ജനരോഷമാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഇടതുഭരണകാലത്ത് നടന്ന സിംഗൂരിലെയും നന്ദിഗ്രാമിലെയും അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഉയര്‍ന്ന ജനകീയ മുന്നേറ്റം പോലെ തന്നെ, തൃണമൂലിന്റെ ദുര്‍ഭരണത്തിനെതിരെ ബംഗാള്‍ ജനതയ്ക്ക് ബിജെപി ഒരു രക്ഷാകവചമായി മാറി.

സ്ത്രീകളുടെ മാറ്റം; നിശ്ശബ്ദവിപ്ലവം
സ്ത്രീസുരക്ഷയെക്കുറിച്ച് വാചാലയായ ഒരു വനിതാ മുഖ്യമന്ത്രിയുടെ കീഴില്‍ സ്ത്രീകള്‍ വേട്ടയാടപ്പെട്ടത് സാംസ്‌കാരിക ബംഗാളിനെ നടുക്കി. അഴിമതിയും അക്രമവും പ്രീണനവും മുഖമുദ്രയാക്കിയ ഭരണകൂടത്തിന്റെ മുഖംമൂടി തുറന്നുകാട്ടിയ സമീപകാല ദുരന്തങ്ങളായിരുന്നു സന്ദേശ്ഖാലിയിലെയും ആര്‍.ജി. കാറിലെയും സംഭവങ്ങള്‍.

വര്‍ഷങ്ങളായി തൃണമൂല്‍ രാഷ്ട്രീയനേതൃത്വത്തിന്റെ കീഴില്‍ സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ അനുഭവിച്ച ക്രൂരതകള്‍ പുറംലോകം അറിഞ്ഞത് 2024 ല്‍ ഗവര്‍ണര്‍ മാധ്യമസംഘവുമായി ആ ദ്വീപ് സന്ദര്‍ശിച്ചതോടെയാണ്. പ്രാദേശികനേതാക്കള്‍ പോലീസിനെയും ഭരണസംവിധാനത്തെയും നോക്കുകുത്തിയാക്കി നടത്തിയ പീഡനങ്ങള്‍ക്കെതിരെ ഗ്രാമീണ സ്ത്രീകള്‍ തെരുവിലിറങ്ങി. അവര്‍ക്ക് സുരക്ഷയും നീതിയും നേടിക്കൊടുക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ഇറങ്ങേണ്ടിവന്നു. അത് ലോക്ഭവനും സര്‍ക്കാരും തമ്മിലുള്ള പോരിന് ഇടയാക്കി. കേസ് അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും തെളിവുകള്‍ നശിപ്പിക്കാന്‍ നടന്ന ശ്രമങ്ങളും ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടാക്കി. ‘രാത്രി പിടിച്ചെടുക്കല്‍’ (Re-claim the Night) എന്ന മുദ്രാവാക്യവുമായി ലക്ഷക്കണക്കിന് സ്ത്രീകള്‍ അര്‍ദ്ധരാത്രി തെരുവിലിറങ്ങിയത് ഭരണകൂടത്തിന് നേരെയുള്ള തുറന്ന വെല്ലുവിളിയായിരുന്നു. ഉന്നതവിദ്യാഭ്യാസമുള്ളവരും സാധാരണക്കാരുമായ സ്ത്രീകള്‍ ഒരേപോലെ ഈ അനീതിക്കെതിരെ ഒന്നിച്ചു.

തങ്ങളെ സംരക്ഷിക്കേണ്ട ‘ദീദി’യുടെ പാര്‍ട്ടി തന്നെ തങ്ങളെ വേട്ടയാടുന്നു എന്ന തിരിച്ചറിവ് സ്ത്രീകളില്‍ വലിയ അമര്‍ഷമുണ്ടാക്കി. ‘ലക്ഷ്മി ഭണ്ഡാര്‍’ പോലുള്ള സാമ്പത്തിക ആനുകൂല്യങ്ങളേക്കാള്‍ തങ്ങളുടെ അന്തസ്സും സുരക്ഷയുമാണ് വലുതെന്ന് സ്ത്രീകള്‍ വിളിച്ചുപറഞ്ഞു. ഭരണകൂടം ഈ ക്രിമിനലുകളെ സംരക്ഷിക്കുന്നു എന്ന ബോധ്യം തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ ഏറ്റവും വലിയ വോട്ട് ബാങ്കായ സ്ത്രീകളില്‍ വലിയൊരു ശതമാനത്തെ ബിജെപിയിലേക്ക് അടുപ്പിച്ചു. ഈ രണ്ടു സംഭവങ്ങളിലെയും ഇരകളുടെ ഉറ്റവര്‍ തിരഞ്ഞെടുപ്പില്‍ തൃണമൂലിനെതിരെ മത്സരിച്ചു ജയിച്ചു.

ന്യൂനപക്ഷ പ്രീണനവും അവഗണനയും
ബംഗാള്‍ രാഷ്ട്രീയത്തില്‍ ദശാബ്ദങ്ങളായി നിലനിന്നിരുന്ന വോട്ട് ബാങ്ക് സമവാക്യങ്ങളെ അപ്പാടെ തകിടം മറിച്ച ഒന്നാണ് ഇത്തവണ കണ്ട ഹിന്ദുവോട്ടുകളുടെ അഭൂതപൂര്‍വ്വമായ ഏകീകരണം. മതനിരപേക്ഷതയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പല നയങ്ങളും ഭൂരിപക്ഷ സമൂഹത്തിനിടയില്‍ വലിയ തോതിലുള്ള അരക്ഷിതാവസ്ഥയും അവഗണനയുമാണ് സൃഷ്ടിച്ചത്. ഇത് ബിജെപിക്ക് അനുകൂലമായ ഒരു തരംഗമായി മാറുകയായിരുന്നു.

ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വത്തിന് വിരുദ്ധമായി, വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള കടുത്ത ന്യൂനപക്ഷ പ്രീണന രാഷ്ട്രീയമാണ് മമത സ്വീകരിച്ചത്. ഇത് ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഹനിക്കുന്ന രീതിയിലേക്ക് വളര്‍ന്നു. ബംഗാളിന്റെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായ ദുര്‍ഗ്ഗാപൂജയും വിഗ്രഹനിമജ്ജനവും ശ്രീരാമാനവമിയും സരസ്വതീപൂജയും പോലും രാഷ്ട്രീയവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. മുസ്ലീം വിഭാഗത്തിന്റെ ആഘോഷങ്ങള്‍ക്കായി ഹൈന്ദവ ആചാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സ്വന്തം മണ്ണില്‍ മൗലികമായ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ കോടതിയെ ആശ്രയിക്കേണ്ടി വന്നത് ബംഗാളി ഹിന്ദുക്കള്‍ക്കിടയില്‍ തങ്ങള്‍ രണ്ടാം തരം പൗരന്മാരായി മാറുന്നു എന്ന ഭയമുണ്ടാക്കി. ‘ജയ് ശ്രീറാം’ വിളിക്കുന്നതുപോലും ഒരു കുറ്റകൃത്യമായി കാണുന്ന ഭരണകൂടശൈലി ഈ വികാരത്തെ വീണ്ടും ആളിക്കത്തിച്ചു.

സാമൂഹിക ക്ഷേമപദ്ധതികളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനം ജനങ്ങളില്‍ വലിയ അതൃപ്തി ഉണ്ടാക്കി. ഇമാം ബത്ത (Imam Bhatta) പോലുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മാത്രം നല്‍കിയപ്പോള്‍, സമാനമായ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള മറ്റുള്ളവര്‍ അവഗണിക്കപ്പെട്ടു. സര്‍ക്കാരിന്റെ ഈ ഏകപക്ഷീയമായ പ്രീണന രാഷ്ട്രീയത്തെ ബിജെപി ഫലപ്രദമായി പ്രതിരോധിക്കുകയും ഭൂരിപക്ഷ സമൂഹത്തിന്റെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇത് ബംഗാളില്‍ പരമ്പരാഗതമായി നിലനിന്നിരുന്ന ജാതി വേര്‍തിരിവുകള്‍ക്ക് മുകളില്‍ ഒരു ‘ഹിന്ദു ഐക്യം’ കെട്ടിപ്പടുക്കാന്‍ അവസരമൊരുക്കി. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ ലക്ഷ്യംവച്ചുള്ള തൃണമൂലിന്റെ വികസനപദ്ധതികള്‍ പലപ്പോഴും കടലാസിലൊതുങ്ങിയപ്പോള്‍, സംഘപ്രസ്ഥാനങ്ങളുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ അവരെ ബിജെപിയുടെ വോട്ടര്‍മാരാക്കി മാറ്റി. പ്രത്യേകിച്ചും മതുവാസമുദായം പോലുള്ള നിര്‍ണ്ണായക വിഭാഗങ്ങള്‍ ബിജെപിക്ക് പിന്നില്‍ അണിനിരന്നത് വിജയത്തില്‍ വലിയ പങ്കുവഹിച്ചു. ചുരുക്കത്തില്‍, തങ്ങളുടെ സംസ്‌കാരവും വിശ്വാസവും സുരക്ഷിതമല്ലെന്ന ബോധ്യത്തില്‍ നിന്നാണ് ബംഗാളിലെ ഹിന്ദു വോട്ടര്‍മാര്‍ തൃണമൂലിനെതിരെ തിരിഞ്ഞത്. ഇത് കേവലം മതപരമായ ഒരു ഏകീകരണമല്ല, മറിച്ച് തുല്യനീതിക്കും മാന്യമായ പരിഗണനയ്ക്കും വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടമായിരുന്നു.

സ്വത്വരാഷ്ട്രീയത്തിന്റെ സ്വാധീനം
ബംഗാളിന്റെ യഥാര്‍ത്ഥ സാംസ്‌കാരിക പൈതൃകവും ദേശീയതയും സമന്വയിപ്പിച്ചുകൊണ്ടുള്ള ബിജെപിയുടെ പ്രചാരണം വോട്ടര്‍മാരെ സ്വാധീനിച്ചു. വിഭജനകാലത്തെ ഓര്‍മ്മകളും കുടിയേറ്റ പ്രശ്‌നങ്ങളും അതിര്‍ത്തി മേഖലകളിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിക്ക് അനുകൂലമായ വികാരം സൃഷ്ടിച്ചു.

അതിര്‍ത്തി ജില്ലകളില്‍ ജനസംഖ്യാപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന അനധികൃത നുഴഞ്ഞുകയറ്റം തിരഞ്ഞെടുപ്പ് ഫലങ്ങളെ വലിയതോതില്‍ സ്വാധീനിക്കാറുണ്ട്. ഒപ്പം സാധാരണക്കാരായ വോട്ടര്‍മാരുടെ സമാധാനജീവിതത്തെ ദുരിതമയമാക്കുകയും ചെയ്തു. ഇത്തരം നുഴഞ്ഞുകയറ്റക്കാരെ രാഷ്ട്രീയ നേട്ടത്തിനായി വോട്ട് ബാങ്കുകളായി ഉപയോഗിക്കുന്ന തൃണമൂല്‍നയം പ്രാദേശിക ഹിന്ദുജനവിഭാഗങ്ങളെ ബിജെപിയിലേക്ക് അടുപ്പിച്ചു. സുശക്തമായ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്‌ഐആര്‍) സംവിധാനം വന്നതോടെ വോട്ടര്‍മാരുടെ കൃത്യമായ രേഖകള്‍ പരിശോധിക്കപ്പെട്ടു. ഇത് ദശാബ്ദങ്ങളായി തുടരുന്ന ‘വോട്ട് ബാങ്ക്’ രാഷ്ട്രീയത്തിന് വലിയ പ്രഹരമായി മാറി. നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുന്നതിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ സാധ്യതയുള്ള ഘടകങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കാന്‍ കമ്മീഷന് സാധിച്ചു. അതുപോലെ ദേശീയ പൗരത്വനിയമം (CAA) നടപ്പിലാക്കുന്നതിലൂടെ പ്രശ്‌നപരിഹാരമുണ്ടാകുമെന്ന വാഗ്ദാനവും അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തി.

എസ്.ഐ.ആര്‍ പ്രക്രിയ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് മമത തെരുവില്‍ ആക്രോശിച്ചു, ജനങ്ങളെ ഇളക്കിവിട്ടു. സുപ്രീംകോടതിവരെ പോയി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിയമയുദ്ധം നടത്തി. അനധികൃതമായി വോട്ടര്‍പട്ടികയില്‍ കടന്നുകൂടിയവരെ പുറത്താക്കാനുള്ള നീക്കം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതെന്ന സംശയം ശക്തമായിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും പിന്തുണ ലഭിച്ചതോടെ ഈ പ്രക്രിയയുമായി മുന്നോട്ട് പോകാന്‍ കമ്മീഷനു സാധിച്ചു. ഇത് ജനങ്ങളില്‍ വലിയ ആത്മവിശ്വാസമുണ്ടാക്കി. കള്ളവോട്ടുകള്‍ തടയപ്പെടുമെന്ന ബോധ്യം വന്നതോടെ സാധാരണക്കാരായ വോട്ടര്‍മാര്‍ കൂടുതല്‍ ആവേശത്തോടെ പോളിംഗ് ബൂത്തുകളിലേക്കെത്തി. ഇത്തവണ പോളിംഗ് ശതമാനം ഗണ്യമായി വര്‍ദ്ധിച്ചതില്‍ ഈ പുതിയ സംവിധാനത്തിന് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷിതമായും സുതാര്യമായും തങ്ങളുടെ വോട്ട് രേഖപ്പെടുത്താമെന്ന ഉറപ്പ് ജനവിധി ബിജെപിക്ക് അനുകൂലമാക്കുന്നതില്‍ നിര്‍ണ്ണായകമായി.

കാവല്‍വിളക്കായി തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സേനയും
തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ വോട്ടെണ്ണല്‍ വരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭയരഹിതമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് സ്വീകരിച്ച കണിശമായ നിലപാടുകള്‍ ഭരണപക്ഷത്തിന് കടുത്ത വെല്ലുവിളിയായി. ഒട്ടേറെ ഘട്ടങ്ങളിലായി വോട്ടെടുപ്പ് ക്രമീകരിച്ചത് സുരക്ഷാ ഉദ്യോഗസ്ഥരെ കൃത്യമായി വിന്യസിക്കാന്‍ സഹായിച്ചു. നിഷ്പക്ഷത പാലിക്കാത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഭരണനിര്‍വ്വഹണ തലപ്പത്തുള്ളവരെയും വോട്ടെടുപ്പിന് മുന്‍പ് തന്നെ മാറ്റിനിര്‍ത്തിയത് സംവിധാനത്തിന്മേലുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച പ്രമുഖ നേതാക്കള്‍ക്ക് പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശക്തമായ മുന്നറിയിപ്പായി.

സാധാരണ വോട്ടര്‍മാരില്‍ സുരക്ഷിതബോധം വളര്‍ത്തുന്നതില്‍ കേന്ദ്ര സേനയുടെ (CRPF, BSF) സാന്നിധ്യം വലിയ പങ്ക് വഹിച്ചു. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയോ ഭരണകക്ഷിയുടെയോ സ്വാധീനവലയത്തിന് പുറത്ത് നിന്ന് വോട്ടെടുപ്പ് നിയന്ത്രിക്കാന്‍ കേന്ദ്ര സേനയ്ക്ക് സാധിച്ചു. മുന്‍പ് ബൂത്തുകളുടെ പരിസരത്ത് മാത്രം നിന്നിരുന്ന സേനയെ ഇത്തവണ ഗ്രാമങ്ങളിലെ ഇടവഴികളില്‍ പോലും വിന്യസിച്ചു. അക്രമികളെ അടിച്ചമര്‍ത്താന്‍ സേനയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. കള്ളവോട്ടുകളും ബൂത്ത് പിടുത്തങ്ങളും തടയാന്‍ ഇത് സഹായിച്ചു. പ്രവര്‍ത്തകര്‍ക്ക് ബൂത്തുകളില്‍ ഏജന്റുമാരായി ഇരിക്കാനും സജീവമായി പ്രവര്‍ത്തിക്കാനുമുള്ള ആത്മവിശ്വാസം നല്‍കി.

ബംഗാളിലെ രാഷ്ട്രീയമാറ്റം കേവലം ഒരു പാര്‍ട്ടിയുടെ മാത്രം വിജയമല്ല, മറിച്ച് വോട്ടര്‍മാരുടെ ചിന്താഗതിയിലുണ്ടായ വലിയൊരു പരിവര്‍ത്തനമാണ്. ദശാബ്ദങ്ങളായി ഇടതുപക്ഷത്തെയും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും പിന്തുണച്ചിരുന്ന ജനത എങ്ങനെ ബിജെപിയിലേക്ക് തിരിഞ്ഞു എന്നത് ഗൗരവമായ വിശകലനം അര്‍ഹിക്കുന്നു. ഏതൊരു ഭരണകൂടവും നേരിടുന്ന സ്വാഭാവികമായ ഭരണവിരുദ്ധ വികാരം (Anti-incumbency) ബംഗാളിലും ശക്തമായിരുന്നു. തദ്ദേശ സ്വയംഭരണ തലത്തിലുള്ള അഴിമതിയും വികസന മുരടിപ്പും ജനങ്ങളെ മടുപ്പിച്ചു. ഇടതുപക്ഷം ദുര്‍ബലമായതോടെ, തൃണമൂലിന് ശക്തമായ ഒരു ബദല്‍ എന്ന നിലയില്‍ ബിജെപിയെ ജനങ്ങള്‍ കണ്ടു തുടങ്ങി. മമത സര്‍ക്കാരിന്റെ ചില നയങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തോടുള്ള പ്രീണനമാണെന്ന തോന്നല്‍ ഹിന്ദു വോട്ടര്‍മാര്‍ക്കിടയില്‍, പ്രത്യേകിച്ച് ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന, ഉജ്ജ്വല യോജന, കിസാന്‍ സമ്മാന്‍ നിധി തുടങ്ങിയവ നേരിട്ട് ലഭിക്കുന്ന ഗുണഭോക്താക്കള്‍ ബിജെപിക്ക് അനുകൂലമായ വോട്ട് ബാങ്കായി മാറി.

‘ഗുജറാത്ത് മോഡല്‍’ വികസനം ബംഗാളിലും സാധ്യമാകുമെന്ന ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ തൊഴില്‍രഹിതരായ യുവാക്കളെ ആകര്‍ഷിച്ചു. തൃണമൂലിന്റെ ‘സിന്‍ഡിക്കേറ്റ് രാജി’നോടുള്ള അമര്‍ഷം പുതിയ തലമുറയെ മാറ്റത്തിന് പ്രേരിപ്പിച്ചു.

ബംഗാളിലെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ചലനങ്ങളെ നിയന്ത്രിക്കുന്ന ഉപരി-മധ്യവര്‍ഗ്ഗ ബുദ്ധിജീവി സമൂഹമാണ് ‘ഭദ്രലോക്’. ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രത്തെയും മമതയുടെ പോരാട്ടവീര്യത്തെയും ഒരുകാലത്ത് പിന്തുണച്ചിരുന്ന ഇവര്‍, തൃണമൂല്‍ ഭരണത്തിലെ സാംസ്‌കാരിക തകര്‍ച്ചയിലും അഴിമതിയിലും അങ്ങേയറ്റം അതൃപ്തരായിരുന്നു. സംസ്ഥാനത്തിന്റെ അന്തസ്സ് ദേശീയതലത്തില്‍ ഇടിയുന്നു എന്ന തിരിച്ചറിവ് ഈ വിഭാഗത്തെ ബിജെപിയുടെ ദേശീയ കാഴ്ചപ്പാടിനോട് അടുപ്പിച്ചു. ബംഗാളിന്റെ പ്രതാപം വീണ്ടെടുക്കാന്‍ ബിജെപിക്ക് കഴിയുമെന്ന പ്രതീക്ഷ ഈ വിഭാഗത്തിനിടയില്‍ ശക്തമായി. ചുരുക്കത്തില്‍, രാഷ്ട്രീയമായ അടിച്ചമര്‍ത്തലുകളില്‍ നിന്നുള്ള മോചനവും സാമ്പത്തികമായ പുരോഗതിയും സാംസ്‌കാരികമുന്നേറ്റവും ആഗ്രഹിച്ച വോട്ടര്‍മാര്‍, ബിജെപിയെ ഒരു രക്ഷകസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന കാഴ്ചയാണ് ബംഗാളില്‍ കണ്ടത്.

മൂന്നുപതിറ്റാണ്ടിലധികം ബംഗാള്‍ അടക്കിഭരിച്ച ഇടതുപക്ഷം ഇന്ന് കേവലം ഒരു നിഴല്‍ മാത്രമായി മാറിയിരിക്കുന്നു. കാലഹരണപ്പെട്ടതും പ്രായോഗികമല്ലാത്തതുമായ പ്രത്യയശാസ്ത്രങ്ങളില്‍ കടിച്ചുതൂങ്ങിയതാണ് അവരെ ജനങ്ങളില്‍ നിന്ന് അകറ്റിയത്. ലോകമെമ്പാടും പരാജയപ്പെട്ട കമ്മ്യൂണിസ്റ്റ് മോഡലുകള്‍ വികസനക്കുതിപ്പ് ആഗ്രഹിക്കുന്ന പുതിയ തലമുറ തള്ളിക്കളഞ്ഞു. ഒരിക്കല്‍ സിംഗൂരിലും നന്ദിഗ്രാമിലും കണ്ടതുപോലെ ജനവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചതോടെ ഇടതുപക്ഷത്തിന്റെ അടിത്തറ പൂര്‍ണ്ണമായും തകര്‍ന്നു. ഇന്ന് ആ വോട്ട് ബാങ്ക് വലിയ തോതില്‍ ബിജെപിയിലേക്ക് ഒഴുകിയത് മാറ്റത്തിനായുള്ള ജനങ്ങളുടെ അടങ്ങാത്ത ആഗ്രഹത്തിന്റെ തെളിവാണ്.

മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് കൃത്യമായ ഒരു പ്രത്യയശാസ്ത്ര അടിത്തറയുള്ള പാര്‍ട്ടിയല്ല. അക്രമവും പ്രീണനവും അധികാരത്തോടുള്ള ആര്‍ത്തിയും മാത്രമാണ് ആ പാര്‍ട്ടിയെ നയിക്കുന്നത്. ‘മാ, മാട്ടി, മാനുഷ്’ മുദ്രാവാക്യം വെറും വാചകക്കസര്‍ത്തായി മാറുകയും, താഴെത്തട്ടില്‍ അഴിമതിയും ഏകാധിപത്യവും പടരുകയും ചെയ്തു. ഒരു നയവുമില്ലാത്ത ഇത്തരം പ്രാദേശിക പാര്‍ട്ടികള്‍ക്ക് ദേശീയ കാഴ്ചപ്പാടുള്ള ഒരു സംഘടനയെ നേരിടാന്‍ കഴിയില്ലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു.

ദേശീയപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ബംഗാളിലെ കോണ്‍ഗ്രസ് അവിടെ അപ്രസക്തമായിക്കഴിഞ്ഞു. ദേശീയതലത്തിലെന്നപോലെ ബംഗാളിലും പ്രത്യയശാസ്ത്രപരമായ വ്യക്തത കൈമോശം വന്ന കോണ്‍ഗ്രസ്, നാമമാത്രമായി. ശക്തമായ പ്രാദേശികനേതൃത്വത്തിന്റെ അഭാവവും തൃണമൂലിനോടുള്ള മൃദുസമീപനവും കോണ്‍ഗ്രസ്സിനെ തറപറ്റിച്ചു. ദേശീയ താല്പര്യങ്ങളേക്കാള്‍ നിക്ഷിപ്തതാല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പാര്‍ട്ടിയായി മാറിയതോടെ ജനങ്ങള്‍ ആ ബദല്‍ ഉപേക്ഷിച്ചു. ദേശീയതലത്തില്‍ രൂപീകരിക്കപ്പെട്ട പ്രതിപക്ഷമുന്നണിയിലെ ഘടകകക്ഷികളായ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബംഗാളില്‍ പരസ്പരം മത്സരിക്കുന്നതും രാഹുല്‍ഗാന്ധി മമ്മതയ്‌ക്കെതിരെ ശക്തമായ പ്രചാരണം നടത്തിയതും ജനങ്ങള്‍ കൗതുകത്തോടെയും അവിശ്വാസത്തോടെയുമാണ് കണ്ടത്. ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തിനോ, അലിഞ്ഞുതീരുന്ന ഇടതുപക്ഷത്തിനോ ബംഗാളിന്റെ ‘അസ്മിത’ കാത്തുസൂക്ഷിക്കാന്‍ കഴിയില്ലെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു. ഈ രാഷ്ട്രീയ ശൂന്യതയില്‍, ബംഗാളിന്റെ പൈതൃകത്തെയും ദേശീയതയെയും ഉയര്‍ത്തിപ്പിടിക്കാന്‍ ശേഷിയുള്ള പാര്‍ട്ടി ബിജെപിയാണെന്ന ബോധ്യം ജനഹൃദയങ്ങളില്‍ ഉറച്ചു. ആ തിരിച്ചറിവാണ് ബംഗാളിലെ രാഷ്ട്രീയ ചരിത്രത്തില്‍ ഈ പുതിയ അധ്യായം കുറിച്ചത്.

ബംഗാളിലെ ബിജെപി ഭരണം എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് വെറുമൊരു തിരഞ്ഞെടുപ്പ് വിജയമല്ല; അത് ഒരു വൈകാരിക നേട്ടം കൂടിയാണ്. ബിജെപിയുടെ പൂര്‍വ്വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാവായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മനാടാണ് ബംഗാള്‍. അതുകൊണ്ടുതന്നെ ഈ വിജയം പാര്‍ട്ടിയുടെ ഓരോ പ്രവര്‍ത്തകനും തന്റെ വേരുകളിലേക്കുള്ള അഭിമാനകരമായ മടക്കമായി കാണുന്നു.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ‘ഒരു രാജ്യം, ഒരു ഭരണഘടന’ എന്ന മുദ്രാവാക്യമുയര്‍ത്തി രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കായി പോരാടിയ മഹാനാണ് ശ്യാമപ്രസാദ് മുഖര്‍ജി. എന്നാല്‍, ദശാബ്ദങ്ങളായി ബംഗാള്‍ ഭരിച്ച ഇടതുപക്ഷ-തൃണമൂല്‍ സര്‍ക്കാരുകള്‍ അദ്ദേഹത്തിന്റെ ചരിത്രപരമായ പങ്കിനെ വിസ്മരിക്കാനാണ് ശ്രമിച്ചത്. ഈ അവഗണനയ്‌ക്കെതിരെയുള്ള മറുപടി കൂടിയാണ് ഇപ്പോഴത്തെ ജനവിധിയെന്ന ബിജെപി നേതൃത്വത്തിന്റെ പ്രഖ്യാപനം ബംഗാളിലെ ബിജെപി അണികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

ബംഗാളിലെ ബിജെപിയുടെ വളര്‍ച്ച കേവലം ഒരു തരംഗമല്ല, മറിച്ച് വിവിധ രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ നിന്നുള്ള നേതാക്കളെ ഒരു കുടക്കീഴില്‍ അണിനിരത്താ ന്‍ കഴിഞ്ഞ പാര്‍ട്ടിയുടെ സംഘടനാ വൈഭവത്തിന്റെ ഫലം കൂടിയാണ്. പ്രത്യയശാസ്ത്രപരമായ അടിത്തറ കാത്തുസൂക്ഷിക്കുന്ന ആര്‍.എസ്.എസ് പാരമ്പര്യമുള്ളവരും, മറ്റു പാര്‍ട്ടികളില്‍ നിന്നെത്തിയ അനുഭവസമ്പന്നരായ നേതാക്കളും ചേര്‍ന്ന ഒരു ‘ഹൈബ്രിഡ്’ നേതൃനിരയാണ് ബംഗാളില്‍ ബിജെപിക്കായി പടനയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി തന്നെയായിരുന്നു ബംഗാളിലും ബിജെപിയുടെ പ്രധാന പ്രചാരണായുധം. ബംഗാളി ‘അസ്മിത’യുള്‍ക്കൊണ്ട പ്രസംഗങ്ങളിലൂടെ സാധാരണക്കാരായ ബംഗാളികളുടെ മനസ്സ് കീഴടക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മമതയുടെ ‘ദീതി’ ഇമേജിന് പകരമായി ഒരു ‘ദാദ’ (ജ്യേഷ്ഠന്‍) എന്ന പരിവേഷം മോദിക്ക് നല്‍കാന്‍ ബിജെപിക്ക് കഴിഞ്ഞു. തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ കാര്യത്തില്‍ അമിത് ഷായുടെ പങ്ക് നിസ്തുലമാണ്. ‘മിഷന്‍ ബംഗാള്‍’ എന്ന പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ അദ്ദേഹം തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാലിനൊപ്പം അവിടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

വിവിധ രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ നിന്നുള്ള നേതാക്കളെ ഏകോപിപ്പിച്ചും, ആര്‍.എസ്.എസ്സിന്റെ സംഘടനാശക്തി താഴെത്തട്ടില്‍ ഉറപ്പിച്ചുമാണ് ബിജെപി ഈ കോട്ട പിടിച്ചത്. തെരുവിലും തിരഞ്ഞെടുപ്പിലും തന്റെ മുന്‍നേതാവായ മമതയ്ക്ക് നേരിട്ട് വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിക്ക് സാധിച്ചു. ‘സ്ട്രീറ്റ് ഫൈറ്റര്‍’ എന്ന് അറിയപ്പെടുന്ന മമതയെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്ത്രപ്രധാനമായ നന്ദിഗ്രാമിലും ഇക്കുറി ഭവാനിപ്പൂരിലും തോല്‍പ്പിച്ച് ഒരു പോരാളിയുടെ വീര്യം അദ്ദേഹം തെളിയിച്ചു. അദ്ദേഹത്തിനൊപ്പം പിതാവും മുന്‍കേന്ദ്രമന്ത്രിയുമായ സിസിര്‍ അധികാരി, സഹോദരങ്ങളായ മുന്‍ എം.പി ദിവ്യേന്ദു, ദീര്‍ഘകാലം മുനിസിപ്പാലിറ്റി ചെയര്‍മാനായിരുന്ന സൗമേന്ദു എന്നിവര്‍ ബിജെപിയിലെത്തിയത് ടിഎംസിയുടെയും കോണ്‍ഗ്രസ്സിന്റെയും പഴയ വോട്ട് ബാങ്കുകളെ ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ ഏറെക്കുറെ സഹായിച്ചു. ‘അംഗ-ബംഗ-കലിംഗ’ (അസം, ബംഗാള്‍, ഒഡീഷ) ദൗത്യത്തിലൂടെ പൂര്‍വ്വഭാരതം പിടിച്ചടക്കി കിഴക്കന്‍ കോട്ടകള്‍ ഭദ്രമാക്കിയതോടെ കിഴക്കന്‍ ഭാരതത്തിന്റെ രാഷ്ട്രീയഗതി ബിജെപിയുടെ നിയന്ത്രണത്തിലായി എന്നുപറയാം. ഇനി ലക്ഷ്യം ദക്ഷിണഭാരതമാണെന്ന മുന്നറിയിപ്പ് ബംഗാള്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ദ്ധിച്ച ഉദ്വേഗത്തോടെയാണ് രാഷ്ട്രീയവിശാരദന്മാര്‍ നോക്കിക്കാണുന്നത്.

 

Tags: TrinamoolTMCBJPമമത ബാനര്‍ജിBengal
ShareTweetSendShare

Related Posts

പാറ്റകളെ പര്‍വ്വതീകരിക്കുന്നവര്‍

പാറ്റകളെ പര്‍വ്വതീകരിക്കുന്നവര്‍

ജനാധിപത്യത്തിന്റെ ജയില്‍വാസകാലം

ജനാധിപത്യത്തിന്റെ ജയില്‍വാസകാലം

കൊട്ടിയൂരിലെ കെട്ടുകഥ

കൊട്ടിയൂരിലെ കെട്ടുകഥ

സ്വധര്‍മ്മബോധത്തിന്റെ ഭാരതീയ മാതൃക

സ്വധര്‍മ്മബോധത്തിന്റെ ഭാരതീയ മാതൃക

കേസരിയിൽ എഴുതിയാൽ സംഘിയാകുമോ?- ഫ്രാൻസിസ് ടി. മാവേലിക്കര

കേസരിയിൽ എഴുതിയാൽ സംഘിയാകുമോ?- ഫ്രാൻസിസ് ടി. മാവേലിക്കര

‘സമ്രാട്ട് ചന്ദ്രഗുപ്തന്‍’

‘സമ്രാട്ട് ചന്ദ്രഗുപ്തന്‍’

Shopping Cart

Latest

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

മാതൃഭൂമിയുടെ മദപ്പാടുകള്‍

മാതൃഭൂമിയുടെ മദപ്പാടുകള്‍

അമൃതഭാരതത്തിനായി സമൂഹത്തെ സമഗ്രപരിവർത്തനത്തിന് വിധേയമാക്കണം: ജെ. നന്ദകുമാർ

അമൃതഭാരതത്തിനായി സമൂഹത്തെ സമഗ്രപരിവർത്തനത്തിന് വിധേയമാക്കണം: ജെ. നന്ദകുമാർ

കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്ക് യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്ക് യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

ആർഎസ്എസ് വിവേകാനന്ദ ദർശനത്തിന്റെ പ്രായോഗിക ആവിഷ്കാരം: ജെ.നന്ദകുമാർ

സംഘം പ്രവർത്തിച്ചിട്ടുള്ളത് ഭാരതീയ നാഗരികതയെ സംരക്ഷിക്കാൻ: മുകുന്ദ് സി.ആർ.

സംഘം പ്രവർത്തിച്ചിട്ടുള്ളത് ഭാരതീയ നാഗരികതയെ സംരക്ഷിക്കാൻ: മുകുന്ദ് സി.ആർ.

മാനസിക അടിമത്തത്തിൽ നിന്നും ഭാരതസമൂഹം ഉണരണം: സുനിൽ ജി കുൽക്കർണി

മാനസിക അടിമത്തത്തിൽ നിന്നും ഭാരതസമൂഹം ഉണരണം: സുനിൽ ജി കുൽക്കർണി

പി.നാരായണക്കുറുപ്പിന് ആദരാഞ്ജലി അർപ്പിച്ച് ആര്‍.എസ്.എസ്.

പി.നാരായണക്കുറുപ്പിന് ആദരാഞ്ജലി അർപ്പിച്ച് ആര്‍.എസ്.എസ്.

യോഗ : ആത്മ സംയോജനത്തിൻ്റെ ശാസ്ത്രം

യോഗ : ആത്മ സംയോജനത്തിൻ്റെ ശാസ്ത്രം

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies