Monday, June 22, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ജാതിനിരാസ സൈദ്ധാന്തികന്റെ പിന്‍തുടര്‍ച്ച

നവോത്ഥാനാചാര്യനായ ആദിശങ്കരന്‍ 3

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
Jun 12, 2026

ജന്മം കൊണ്ടു ക്ഷത്രിയനായ ജാനശ്രുതി അപമാനഭാരത്താല്‍ ദുഃഖിതനായി ബ്രഹ്മവിദ്യയ്ക്കു സമീപിച്ചപ്പോള്‍ ശൂദ്രാ എന്ന് വിളിച്ച് രൈക്വന്‍ അയാള്‍ക്ക് ബ്രഹ്മവിദ്യ നിഷേധിച്ചു. മനസ്സുശാന്തമായ ശേഷം വീണ്ടും രൈക്വനെ സമീപിച്ചപ്പോള്‍ വിദ്യപഠിക്കാന്‍ യോഗ്യനെന്നു കണ്ട് പഠിപ്പിക്കുകയും ചെയ്തു. ബ്രാഹ്മണാദി കുടുംബങ്ങളില്‍ പിറന്നാലും ദുഃഖിതനായാല്‍ ശൂദ്രനാണ്. ശൂദ്രകുലത്തില്‍ പിറന്നാലും മനസ്സിന്റെ സന്തുലിതാവസ്ഥ കൈവരിച്ചാല്‍ ബ്രാഹ്മണനാകും. ഇതാണു ആചാര്യ സ്വാമികളുടെ അഭിപ്രായം.

Google NewsAdd Kesari Weekly as a preferred source on Google

ശ്രീശങ്കരാചാര്യര്‍ പടുത്തുയര്‍ത്തിയ ജാതിനിരാസവാദത്തിന്റെ സൈദ്ധാന്തികാടിത്തറ ആ ജീവിതകാലഘട്ടത്തില്‍ തന്നെ കേരളസംസ്‌കൃതിയിലും ഭാരത സംസ്‌കൃതിയില്‍ മൊത്തത്തിലും പ്രഛണ്ഡമായ അനുരണനങ്ങള്‍ സൃഷ്ടിച്ചു. സന്ന്യാസിവര്യന്മാരും കവികളുമായ നായനാര്‍മാരുടെയും ആള്‍വാര്‍മാരുടെയും മറ്റനേകം തമിഴ് സിദ്ധന്മാരുടെയും എണ്ണമറ്റ തമിഴ് പാടലുകളിലൂടെ സാധാരണ ജനങ്ങളുടെ നാവിന്‍ തുമ്പിലും ഹൃദയമുകുരങ്ങളിലും അതു ചിരപ്രതിഷ്ഠനേടി. പറയിപെറ്റ പന്തിരുകുലത്തിന്റെയും മാവേലി നാടുവാണ നല്ല നാളുകളുടേയും അയിത്തക്കാരന്‍ തെയ്യം കെട്ടിവരുമ്പോള്‍ നിലവിളക്കും നിറപറയും വച്ചു സ്വീകരിച്ചു നമസ്‌കരിക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെയും വര്‍ണ്ണിച്ചു തീര്‍ക്കാന്‍ കഴിയാത്ത ബഹുശതം ഇതരാനുഷ്ഠാനങ്ങളുടെയും മധുരാനുഭവങ്ങളുള്‍ക്കൊള്ളുന്ന കേരള ജനജീവിതത്തിന് സ്വന്തം ഹൃദയവികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന ആ പാട്ടുകള്‍ ഹരമായിത്തീര്‍ന്നതില്‍ അത്ഭുതമില്ല. ഭരണയന്ത്രങ്ങളില്‍ സ്വാധീനമുണ്ടായിരുന്ന പുരോഹിത പ്രബലര്‍ ജാതിമേധാവിത്വം നിലനിര്‍ത്താന്‍ ശ്രമിക്കവേ തന്നെ അതിനെ നിരാകരിക്കാന്‍ വെമ്പുന്ന പൊതുജനമനസ്സാക്ഷിക്കു പിന്തുണയായി ശാങ്കരഭാഷ്യങ്ങള്‍ തമിഴ്പാടലുകളിലൂടെ പ്രവര്‍ത്തിച്ചകൊണ്ടിരുന്നത് ശ്രദ്ധാലുക്കള്‍ക്കു കാണാം. മലയാളഭാഷയുടെ വളര്‍ച്ചയില്‍ പ്രമുഖമായ പങ്കുവഹിച്ച പാട്ടുപ്രസ്ഥാനപ്രവര്‍ത്തകര്‍ക്കും ശാങ്കരയുക്തികള്‍ താങ്ങും തണലുമായി നിന്നു. ”ഊനമറ്റെഴുമിരാമചരിതത്തിലൊരു തെല്ല് ഊഴിയില്‍ ചെറിയവര്‍ക്കറിയുമാറും ചെയ്‌വാന്‍” ചീരാമകവിക്ക് അല്ലെങ്കില്‍ സാധിക്കുമായിരുന്നില്ല. കണ്ണശ്ശന്മാരുടെയും അയ്യിപിള്ള മുതലായവരുടെയും കൃതികളില്‍ പൗരോഹിത്യ മേല്‍ക്കോയ്മയ്‌ക്കെതിരേ പൊന്തുന്ന തീനാളങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും കാണാം. ആ പാരമ്പര്യത്തിന്റെ കരുത്തുറ്റ പിന്‍തുടര്‍ച്ചയാണ് മലയാള സാഹിത്യസാംസ്‌കാരിക വേദിയില്‍ ഇന്നും സൂര്യതുല്യം വിലസുന്ന തുഞ്ചത്താചാര്യന്റെ കവിത.

”ജാതിനാമാദികള്‍ക്കല്ല ഗുണഗണ
ഭേദമെന്നത്രേ ബുധന്മാരുടെ മതം” എന്ന് ശ്രീ ഹനുമാനെക്കൊണ്ടും
”പൂരുഷ സ്ത്രീ ജാതി നാമാശ്രമാദികളല്ല
കാരണം മമ ഭജനത്തിനു ജഗത്ത്രയേ” എന്നു ശ്രീരാമ ചന്ദ്രനെക്കൊണ്ടും
”ഋതുവായ പെണ്ണിനുമിരപ്പന്നുദാഹകനും
പതിതന്നുമഗ്നിയജനം ചെയ്തഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട
നരുതാത്തതല്ല ഹരി നാരായണായ നമഃ”

ADVERTISEMENT

എന്നു ഹരിനാമകീര്‍ത്തനത്തില്‍ നേരിട്ടും അദ്ദേഹം ജാതിവാദ കോലാഹലങ്ങളെ കര്‍ക്കശം നിരസിക്കുന്നത് അദ്വൈത ദര്‍ശനത്തിന്റെ ബലത്തിലാണ്. ഈ ദൃശ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ ധാരാളം കിടക്കുന്നത് വിസ്തൃതി ഭയന്നുമാത്രം ഉദ്ധരിക്കാതെ വിടുന്നു. ജാതിനിഷേധദര്‍ശന വിഷയത്തില്‍ മാത്രമല്ല മൂലകൃതിയെ അതിശയിച്ചും അതിലംഘിച്ചും എഴുത്തച്ഛന്‍ പാടുന്നതെല്ലാം ശാങ്കരചിന്താപരമ്പരകളാലും ശാങ്കരതര്‍ക്ക യുക്തികളാലും ആദ്യന്തം നിറഞ്ഞു കവിയുന്നത് ശ്രദ്ധാലുക്കളില്‍ അത്ഭുതമുളവാക്കും. എഴുത്തച്ഛന്റെ കൃതികള്‍ക്ക് സമൂഹമദ്ധ്യത്തില്‍ കൈവന്ന പ്രചാരം ശാങ്കര തത്ത്വസംഹിതകളെ ജനസാമാന്യത്തിനു സ്വന്തമാക്കിക്കൊടുത്തു. സംസ്‌കൃതമറിയാത്ത സാധാരണക്കാരില്‍ ശ്രീശങ്കരന്‍ സ്വാധീനം ചെലുത്തുന്നതെങ്ങനെയെന്നു ശങ്കിക്കുന്നവര്‍ ആള്‍വാര്‍ മുതല്‍ ഇങ്ങോട്ടുള്ള സിദ്ധന്മാരുടെ കൃതികള്‍ വായിച്ചുനോക്കണം.

ജനസംഖ്യ വര്‍ദ്ധിക്കുകയും ശാസ്ത്രസാങ്കേതിക വിദ്യകളുടെ വികാസത്താല്‍ പുത്തന്‍ ജീവിതസാഹചര്യങ്ങള്‍ ഏര്‍പ്പെടുകയും ജനസമൂഹങ്ങളുടെ സമ്പര്‍ക്കവിനിമയങ്ങള്‍ ദ്രുതതരമാവുകയും ചെയ്ത പുത്തന്‍ യുഗത്തിലാണ് ജാതിചിന്തയുടെ മതില്‍ക്കെട്ടുകള്‍ തികച്ചും ക്ലേശകരമായി ഏവര്‍ക്കും അനുഭവപ്പെട്ടു തുടങ്ങിയത്. അയിത്തോച്ഛാടനം അനിവാര്യമായിത്തീര്‍ന്ന ആ ഘട്ടത്തില്‍ അതിനു ചുക്കാന്‍ പിടിച്ച ചട്ടമ്പിസ്വാമികളുടേയും നാരായണഗുരു സ്വാമികളുടെയും നിലാപടുതറ ശാങ്കരാദ്വൈതമായിരുന്നു എന്നതിന് അവരുടെ കൃതികള്‍ സാക്ഷ്യം വഹിക്കുന്നു. ജാതിനിര്‍ണ്ണയമെന്ന കൃതിയില്‍ ശ്രീനാരായണഗുരുദേവന്‍ പറയുന്നതു ശ്രദ്ധിക്കുക.

”ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്
ഒരുയോനിയൊരാകാരമൊരുഭേദവുമില്ലതില്‍.
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയാന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍?”

അദ്വൈതദര്‍ശനമാണ് ഇതില്‍ അനുരണനം ചെയ്യുന്നതെന്ന് വ്യക്തമാണ്. അദ്വൈതപ്പൊരുള്‍ പലപാട് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതില്‍ നിന്നും ആത്മോപദ്ദേശ ശതകാന്തര്‍ഗതമായ ഒരു ശ്ലോകം കൂടി ഉദ്ധരിക്കട്ടെ.
”അറിവുമറിഞ്ഞിട്ടു കര്‍മ്മവും പുമാന്‍ ത-
ന്നറിവുമൊരാറ്റി മനസ്സുമാത്രമാകും;
വിരളത വിറ്റു വിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നതു മാത്രമായിടേണം.”

ചട്ടമ്പിസ്വാമികളുടേയും ശ്രീനാരായണ ഗുരുവിന്റെയും കൃതികളില്‍ ശങ്കരാചാര്യരുടെ ചിന്താധാരകളും തര്‍ക്കയുക്തികളും തിങ്ങിനില്‍ക്കുന്നത് ശാങ്കരസ്വാധീനത്തിന്റെ ആഴവും പരപ്പും സ്പഷ്ടീകരിക്കുന്നു. ഒരുദാഹരണം മാത്രം.
”നേരല്ല ദൃശ്യമിതു ദൃക്കിനെ നീക്കിനോക്കിന്‍
വേറല്ല വിശ്വമറിവാം മരുവിന്‍ പ്രവാഹം…
എന്ന് അദ്വൈത ദീപികയിലും
ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം.”

എന്ന് ദൈവദശകത്തിലും ശങ്കരാചാര്യസ്വാമികളുടെ ദൃക്ദൃശ്യ വിവേകമെന്ന പ്രകരണഗ്രന്ഥത്തെ സ്പഷ്ടമായിത്തന്നെ കേള്‍ക്കാം.

നവോത്ഥാനത്തിന്റെ അദ്വൈത ഭൂമിക
യതിവര്യന്മാരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ശ്രമഫലമായി ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ സംഭവിച്ച സാംസ്‌കാരിക നവോത്ഥാനത്തിന്റെ ബൗദ്ധികശക്തിയും കര്‍മ്മപ്രേരണയും ശാങ്കരദര്‍ശനജന്യമാണെന്നു ചുരുക്കം. ദയാനന്ദസരസ്വതിയുടെയും ശ്രീരാമകൃഷ്ണദേവന്റെയും സ്വാമി വിവേകാനന്ദന്റെയും അരവിന്ദഘോഷിന്റെയുമെല്ലാം നേതൃത്വത്തില്‍ ഭാരതത്തിലെമ്പാടും നടന്ന നവോത്ഥാന പ്രക്രിയയുടെ ശക്തി കേന്ദ്രവും വേറൊന്നല്ല. അവരുടെയെല്ലാം കൃതികളും പ്രഭാഷണങ്ങളും പ്രവൃത്തികളും ശാങ്കരാദ്വൈതത്തെ നേരിട്ട് അനുസ്പന്ദിപ്പിക്കുന്നു. ശ്രീശങ്കരദര്‍ശന പരാമര്‍ശങ്ങളുടെ ധാരാളിമ അവരുടെ മുഖമുദ്രയാണ്. ഭഗവദ്ഗീതയ്ക്ക് സ്വന്തമായ ഭാഷ്യങ്ങള്‍ ചമച്ച ലോകമാന്യ ബാലഗംഗാധര തിലകന്റേയും മഹാത്മാഗാന്ധിയുടേയും സ്വാതന്ത്ര്യസമരോത്സാഹത്തിന്റെയും കര്‍മ്മപദ്ധതികളുടെയും ആധാരം അദ്വൈതാനുഭൂതി തന്നെയായിരുന്നു. അവരുടെ പ്രസംഗങ്ങളിലും പ്രബന്ധങ്ങളിലും കത്തുകളിലുമായി അതിന്റെ നാനാവശങ്ങള്‍ അവര്‍ സ്പഷ്ടമാക്കിയിട്ടുള്ളത് നേരിട്ടു പരിശോധിച്ചുകൊള്‍ക. ശ്രീശങ്കരാചാര്യരുടെ ബുദ്ധിശക്തി സ്വന്തം ഗുരുനാഥനില്‍ ദര്‍ശിച്ച വള്ളത്തോളിന്റെ വാക്കുകള്‍ സ്തുതിവചനമല്ല സത്യം മാത്രമാണെന്നു ഗാന്ധിസാഹിത്യം വായിച്ചാല്‍ മനസ്സിലാകും. ‘സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്, അതു ഞാന്‍ നേടുകയും ചെയ്യു’മെന്ന തിലക സിംഹഗര്‍ജ്ജനത്തിന്റെ അര്‍ത്ഥ വ്യാപ്തി കേട്ടുനിന്നവരും പുനരാവര്‍ത്തിക്കുന്നവരും നേരേ മനസ്സിലാക്കിയിട്ടില്ലെന്നതാണു സത്യം. അതേവിധം നാം മനസ്സിലാക്കാതെ പോയ വേറൊരു ‘മഹാവാക്യ’മാണ് സ്വാതന്ത്ര്യത്തിന് മഹാത്മജി നല്‍കിയിരിക്കുന്ന നിര്‍വചനം. ശ്രീശങ്കരനെ നന്നായി പഠിച്ച് കര്‍മ്മരംഗത്ത് പ്രയോഗിച്ചുകാണിച്ച കര്‍മ്മയോഗികളാണവര്‍. കോളനിവാഴ്ചയെ സമൂലം അവസാനിപ്പിക്കാന്‍ ശാങ്കരദര്‍ശനം അവരിലൂടെ കര്‍മ്മോര്‍ജ്ജമായി പ്രവഹിക്കുകയായിരുന്നു. അതിനു ദീപം ജ്വലിപ്പിച്ചത് സ്വാമി വിവേകാനന്ദനും അദ്ധ്യക്ഷം വഹിച്ചത് മഹര്‍ഷി അരവിന്ദ ഘോഷുമായിരുന്നു (കോണ്‍ഗ്രസ്സിന്റെ സൂററ്റ് സമ്മേളനം). അദ്വൈതം പ്രായോഗികമല്ലെന്നു പരിഹസിക്കുന്നവര്‍ക്കുള്ള ചുട്ടമറുപടി കൂടിയാണ് അഹിംസാധിഷ്ഠിതമായ ഭാരതസ്വാതന്ത്ര്യസമരം. അതിന്റെ സമ്പൂര്‍ണ്ണ തത്ത്വസംഹിത കൊളംബോ മുതല്‍ അല്‍മോറ വരെ സ്വാമി വിവേകാനന്ദന്‍ ചെയ്ത പ്രസംഗങ്ങളിലും അരവിന്ദ ഘോഷിന്റെ ഉത്തരപ്പാറ പ്രസംഗത്തിലും കേള്‍ക്കാം.

ആള്‍വാര്‍മാരെയും നായനാര്‍മാരെയും പൂന്താനത്തെയും എഴുത്തച്ഛനെയുമെല്ലാം പ്രോത്സാഹിപ്പിച്ച അദ്വൈതദര്‍ശനാനുഭൂതി ശാങ്കരയുക്തികളുടെ പിന്‍ബലത്തോടെ പുതുയുഗത്തിലെ നവോത്ഥാനപ്രക്രിയയില്‍ പ്രഭാവം ചെലുത്തുന്നതു കാണാന്‍ ആശാന്‍, വള്ളത്തോ ള്‍, ഉള്ളൂര്‍ തുടങ്ങിയവരുടെ കവിതകളും സാമൂഹിക പ്രവര്‍ത്തനങ്ങളും പരിശോധിച്ചാല്‍ മതി. ശ്രീനാരായണനിലൂടെയും സ്വാമി വിവേകാനന്ദനിലൂടെയും പകര്‍ന്നു കിട്ടിയ ശാങ്കരാദ്വൈത പ്രകാശത്തിന്റെ സ്ഫുടപ്രസരം ഭാഷ്യാദ്ധ്യായനത്തിലൂടെ പുഷ്‌കലമായി സൗന്ദര്യ ലഹരീ വിവര്‍ത്തനത്തിലൂടെ തളിരണിഞ്ഞ് ആശാന്‍ കൃതികളെയാകമാനം പ്രഭാവിതമാക്കിയിരിക്കുന്നു. സാമൂഹിക തിന്മകള്‍ക്കെതിരായി അദ്ദേഹം പാടിയതും പ്രവര്‍ത്തിച്ചതുമെല്ലാം അദ്വൈതത്തിന്റെ ഉറപ്പുറ്റ ഭൂമിയില്‍ നിന്നുകൊണ്ടാണ്. മലയാളത്തിന്റെ തലയുള്‍പ്പെടെ അനേകം കൃതികളിലൂടെ ശങ്കരമഹത്വം പാടിയ വള്ളത്തോളും അദ്വൈതംപാടാന്‍ വേണ്ടി കാവ്യോപാസന ചെയ്ത ഉള്ളൂരും കൈകാര്യം ചെയ്ത വിഷയങ്ങളും അവരുടെ കാവ്യരചനാപ്രകാരങ്ങളും പരിശോധിച്ചാല്‍ ശങ്കരാചാര്യരുടെ സ്വാധീനം പ്രകടമായിതന്നെ കാണാം. ദൈനംദിനജീവിതത്തില്‍ ശാങ്കരഭാഷ്യം എങ്ങനെ നടപ്പാക്കണമെന്ന് കാന്താസമ്മിതമായി ഉപദേശിക്കുന്നവയാണ് കവിത്രയകൃതികള്‍. അതു സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം സര്‍വവിക്രിതമാകയാല്‍ ഇവിടെ വിവരിക്കേണ്ട കാര്യമില്ല. വിവേകാനന്ദസ്വാമികളുടെ ഉപദേശബലത്തില്‍ രൂപം കൊണ്ട് കേരളത്തിലെ സാമൂഹിക പരിഷ്‌കൃതികള്‍ക്കു ചുക്കാന്‍ പിടിച്ച എസ്.എന്‍.ഡി.പി. യോഗത്തിന്റെയും വിവേകോദയമെന്ന മുഖപത്രത്തിന്റെയും സ്വാതന്ത്ര്യസമരഗാഥകളുടെയും കേരളകലാമണ്ഡലസ്ഥാപനോത്സാഹത്തിന്റെയുമെല്ലാമുള്ളില്‍ അദ്വൈതാനുപ്രാണിതമായ സമസൃഷ്ടിസ്‌നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രചണ്ഡപ്രേരണ പ്രകടമാണ്.

ശാങ്കരാദ്വൈതം ഒരു മതത്തേയും വിദ്വേഷിക്കുന്നില്ല. ഒരു മതാചാരത്തേയും നിരാകരിക്കുന്നുമില്ല. ശാശ്വതശാന്തി സമാധാനങ്ങളിലേക്കു മനുഷ്യനെ നയിക്കുന്ന ആരാധനാപദ്ധതികളെയെല്ലാം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ദര്‍ശനമാണ് ശാങ്കരാദ്വൈതം. നിര്‍ഗുണ നിരാകാരമാണ് പരമാത്മതത്ത്വമെന്നും അതില്‍ ഉണ്ടായിക്കാണുന്ന താല്‍ക്കാലിക ദൃശ്യങ്ങള്‍ മാത്രമാണ് പ്രപഞ്ചമെന്നും പരമാത്മപ്രകാശം ആര്‍ക്കും ഒരിക്കലും നഷ്ടപ്പെട്ടുപോയിട്ടില്ലെന്നും സംഭവിച്ചിരിക്കുന്നത് വിസ്മൃതി മാത്രമാണെന്നും താന്‍ പരമാത്മാവുതന്നെയാണെന്ന തിരിച്ചറിവു മാത്രമേ പ്രശ്‌ന പരിഹാരത്തിന് ആവശ്യമായുള്ളൂ എന്നും ശ്രീശങ്കരന്‍ ഉദ്‌ബോധിപ്പിക്കുന്നു. അതിനാല്‍ ഒാരോരുത്തരും സ്വകീയ വാസനാനുരൂപമായ ഉപാസനാപദ്ധതികളെ അവലംബിച്ച് ആത്മബോധോദയത്തിനായി യത്‌നിക്കണം. മനുഷ്യസ്വഭാവം വൈവിദ്ധ്യപൂര്‍ണ്ണമാകയാല്‍ ഒരേ ആരാധനാപദ്ധതി എല്ലാവര്‍ക്കും ചേരില്ലെന്നും അതിനാല്‍ ഏതെങ്കിലുമൊന്ന് ഏവരുടേയും പുറത്ത് അടിച്ചേല്പിക്കരുതെന്നും എല്ലാ മതങ്ങളുടെയും സഹവര്‍ത്തിത്വമാണ് ആവശ്യമെന്നും അദ്ദേഹത്തിന്റെ യുക്തികള്‍ നമ്മെ പഠിപ്പിക്കുന്നു. ഋഗ്വേദമന്ത്രപ്രസിദ്ധമായ ഈ അദ്വൈതദര്‍ശന ഭൂമിക ഹിന്ദുത്വത്തിന്റെ ജീവനാഡിയാണ്. മതപീഡനംമൂലം പിറന്നനാട്ടില്‍ നിന്നു പലായനം ചെയ്യേണ്ടിവന്ന ജൂതന്മാര്‍ക്കും പാര്‍സികള്‍ക്കും ഭാരതം അഭയം കൊടുത്തത് അതുകൊണ്ടാണ്. വേദോക്തമായ അദ്വൈതദര്‍ശനത്തിനു ശ്രീശങ്കരാചാര്യര്‍ നല്‍കിയ യുക്തിയുടെ ബലം ഭാരതീയരുടെ സര്‍വ്വമത ബഹുമതിക്കു നവോന്മേഷം പകര്‍ന്നു. അതിന്റെ സദ്ഫലങ്ങള്‍ ഏറെ അനുഭവപ്പെട്ടതു കേരളത്തിലായിരുന്നു. എ.ഡി. 1000-മാണ്ട് ജൂതപ്രമാണിക്ക് അനേകം അവകാശാധികാരങ്ങള്‍ അനുവദിച്ചുകൊണ്ട് കേരളചക്രവര്‍ത്തിയായ ഭാസ്‌ക്കര രവിവര്‍മ്മ പുറപ്പെടുവിച്ച ചെടിപ്പടു, ചേരചക്രവര്‍ത്തിയായ രാജസിംഹന്‍ (എ.ഡി. 1023 -1043) ക്രിസ്ത്യന്‍ വ്യവസായികള്‍ക്ക് ചില അവകാശങ്ങളും അധികാരങ്ങളും അനുവദിക്കുന്ന താഴക്കാറ്റുപള്ളിശാസനം, കൊല്ലത്തെ തരിസാപ്പള്ളിക്ക് എഡി 849ല്‍ രാജാവായ അയ്യനടികള്‍ നല്‍കിയ ദാനങ്ങള്‍ പ്രതിപാദിക്കുന്ന ചേപ്പേട് മുതലായി അനേകം ലക്ഷ്യങ്ങള്‍ അക്കഥകളെല്ലാം പ്രകാശിപ്പിച്ചുകൊണ്ട് ഇന്നും ലഭിക്കുന്നുണ്ട്. ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ജൂതന്മാര്‍ക്കും പള്ളികള്‍ പണിതുകൊടുത്തും ആരാധനാ സ്വാതന്ത്ര്യം സമ്പൂര്‍ണ്ണമായനുവദിച്ചും സംരക്ഷിച്ച കേരളീയ ഹൈന്ദവ ജനതയുടെയും ഭരണാധികാരികളുടെയും ഊര്‍ജ്ജം ശാങ്കരാദ്വൈത സ്വാധീനത്തിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്. സമാധാന പൂര്‍ണ്ണമായ ഈ അന്തരീക്ഷത്തെ കലുഷിതമാക്കിയത് പോര്‍ച്ചുഗീസുകാരുടെ ആഗമനവും അവരുടെ മതഭ്രാന്തുമായിരുന്നു. ഹൈദറിന്റെയും ടിപ്പുവിന്റെയും ബ്രിട്ടീഷുകാരുടെയും നേതൃത്വത്തില്‍ പിന്നീടുണ്ടായ രാഷ്ട്രീയ സാമൂഹിക അധിനിവേശങ്ങള്‍ പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണു ചെയ്തത്. അതിനു ഒരളവുവരെ ശാന്തി വരുത്തിയ പുതുയുഗത്തിലെ നവോത്ഥാന പ്രക്രിയയെപ്പറ്റി നേരത്തേ പ്രതിപാദിച്ചുവല്ലൊ.

Tags: നവോത്ഥാനാചാര്യനായ ആദിശങ്കരന്‍
ShareTweetSendShare

Related Posts

നെഹ്‌റുവില്‍ നിന്ന് മോദിയിലേക്ക്

നെഹ്‌റുവില്‍ നിന്ന് മോദിയിലേക്ക്

സ്വത്വത്തിന്റെ ആവിഷ്‌ക്കരണം

സ്വത്വത്തിന്റെ ആവിഷ്‌ക്കരണം

ഗോദയ്ക്ക് പുറത്തെ ഗുസ്തികൾ

ഗോദയ്ക്ക് പുറത്തെ ഗുസ്തികൾ

പ്രധാനമന്ത്രിയുടെ ആഹ്വാനവും ഭാരതത്തിന്റെ സ്വര്‍ണ്ണസാമ്പത്തിക തത്ത്വവും

പ്രധാനമന്ത്രിയുടെ ആഹ്വാനവും ഭാരതത്തിന്റെ സ്വര്‍ണ്ണസാമ്പത്തിക തത്ത്വവും

പുത്തന്‍ ചിന്തകളും പ്രത്യാശകളും

പുത്തന്‍ ചിന്തകളും പ്രത്യാശകളും

അനധികൃത കുടിയേറ്റത്തിന് അന്ത്യംകുറിക്കുമ്പോള്‍

അനധികൃത കുടിയേറ്റത്തിന് അന്ത്യംകുറിക്കുമ്പോള്‍

Shopping Cart

Latest

മാനസിക അടിമത്തത്തിൽ നിന്നും ഭാരതസമൂഹം ഉണരണം: സുനിൽ ജി കുൽക്കർണി

മാനസിക അടിമത്തത്തിൽ നിന്നും ഭാരതസമൂഹം ഉണരണം: സുനിൽ ജി കുൽക്കർണി

പി.നാരായണക്കുറുപ്പിന് ആദരാഞ്ജലി അർപ്പിച്ച് ആര്‍.എസ്.എസ്.

പി.നാരായണക്കുറുപ്പിന് ആദരാഞ്ജലി അർപ്പിച്ച് ആര്‍.എസ്.എസ്.

യോഗ : ആത്മ സംയോജനത്തിൻ്റെ ശാസ്ത്രം

യോഗ : ആത്മ സംയോജനത്തിൻ്റെ ശാസ്ത്രം

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

അസഹിഷ്ണുതയുടെ അവതാരങ്ങള്‍

അസഹിഷ്ണുതയുടെ അവതാരങ്ങള്‍

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

ഭാരതത്തിന്റേത് പോരാട്ടത്തിന്റെയും സ്വാഭിമാനത്തിന്റെയും ചരിത്രം: ഡോ. മോഹൻ ഭാഗവത്

ഭാരതത്തിന്റേത് പോരാട്ടത്തിന്റെയും സ്വാഭിമാനത്തിന്റെയും ചരിത്രം: ഡോ. മോഹൻ ഭാഗവത്

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം നല്‍കണം: ദേശീയ അദ്ധ്യാപക പരിഷത്ത്

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം നല്‍കണം: ദേശീയ അദ്ധ്യാപക പരിഷത്ത്

സംഘം പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും: ഡോ. മോഹൻ ഭാഗവത്

സംഘം പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും: ഡോ. മോഹൻ ഭാഗവത്

മതം ഭരിക്കുന്ന മലയാളനാട്

മതം ഭരിക്കുന്ന മലയാളനാട്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies