രണ്ടായിരത്തി ഇരുപത്താറ് മെയ് മാസം 30, ദല്‍ഹിയിലെ കെ.ഡി. ജാഥവ് അറീനയാണ് വേദി. അടുത്ത് നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് ഗുസ്തി മത്സരത്തില്‍ പങ്കെടുക്കേണ്ടുന്ന താരങ്ങളെ തെരഞ്ഞെടുക്കാനുള്ള അന്തിമ സെലക്ഷന്‍ ട്രയല്‍സ് നടക്കുകയാണവിടെ. 53 കി.ഗ്രാം ഭാരവിഭാഗത്തിലെ സെമി ഫൈനലില്‍ മുന്‍ ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ടും ഹരിയാനക്കാരി മീനാക്ഷി ഗോയട്ടും ഗുസ്തി പിടിക്കാനായി റഫറിയുടെ വിസിലിന് കാത്ത് ഗോദയില്‍ നേര്‍ക്കുനേര്‍ തയ്യാര്‍. ഇവിടെ ജയിച്ച് ഫൈനലിലെത്തിയാല്‍ പിന്നെ ഒരു കടമ്പ കൂടിയേയുള്ളൂ ഏഷ്യന്‍ ഗെയിംസിനെത്താന്‍.
ദേശീയ ഗുസ്തി ഫെഡറേഷന്‍, തന്നോട് വിവേചനം കാട്ടുകയാണെന്ന വിനേഷിന്റെ ആരോപണങ്ങളുടേയും തല്‍സംബന്ധമായ കോടതി കയറ്റങ്ങളുടേയും പേരില്‍ അതിനകം തന്നെ വിനേഷിന്റെ ദല്‍ഹിയിലെ മത്സരങ്ങള്‍ ദേശീയശ്രദ്ധ നേടിയിരുന്നു. ഇരു മത്സരാര്‍ത്ഥികളുടേയും പിന്തുണക്കാരുയര്‍ത്തുന്ന ആരവങ്ങള്‍ക്കിടയില്‍ മത്സരവേദി തന്നെ സംഘര്‍ഷഭരിതമായിക്കഴിഞ്ഞിരുന്നു. ഉദ്വേഗം നിറഞ്ഞ മത്സരസമയമായ 6 മിനിട്ടുകള്‍, അതിനിടയിലെ 30 സെക്കന്റ് ഇടവേള- റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരെ ഇരുവരും ഇടയ്ക്കുയര്‍ത്തുന്ന ചലഞ്ചുകള്‍- എല്ലാ നാടകീയതകള്‍ക്കുമൊടുവില്‍ മത്സരം തീര്‍ന്നപ്പോള്‍ വിജയവും (6-4) അതുവഴി ഫൈനല്‍ പ്രവേശവും ഉറപ്പാക്കി മീനാക്ഷി ഗോയട്ട്. അതോടെ വിഖ്യാത ഗുസ്തിക്കാരി വിനേഷ് ഫോഗട്ട്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയര്‍ത്തിവിട്ട വിവാദങ്ങള്‍, വെല്ലുവിളികള്‍, കോടതി കയറ്റങ്ങള്‍ ഫലം കാണാതെ അവസാനിച്ചു. നീതിപീഠങ്ങളില്‍ നിന്നും സമ്പാദിച്ചെടുത്ത പരിഗണനാ നിര്‍ദ്ദേശങ്ങളൊന്നും താരത്തിന് സഹായകമായില്ല. ഒരു കായികതാരത്തിന്റെ അന്തിമവിജയം കളിയിടത്തിന് പുറത്തുനിന്നും ആവാഹിച്ചെടുക്കുന്ന പിന്തുണകളിലല്ലാ, മറിച്ച് പോരിന്റെ വേദിയിലെ അതിതീക്ഷ്ണതകളെ അതിജീവിക്കാനായി സ്വരൂപിക്കുന്ന തന്ത്രങ്ങളും അടവുകളും സര്‍വ്വോപരി കായിക കരുത്തുമാണെന്ന പാഠമാണ് ദല്‍ഹിയിലെ മത്സരവേദിയില്‍ തെളിഞ്ഞു കണ്ടത്.
വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും രാജ്യത്തിനായി മികച്ച നേട്ടങ്ങളുണ്ടാക്കിയ താരമാണ്. എന്നാല്‍ പങ്കെടുത്ത മൂന്ന് ഒളിമ്പിക്‌സുകളിലും (2016, 2021, 2024) രാജ്യം അര്‍പ്പിച്ച പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. 2016ലെ റിയോ ഒളിമ്പിക്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരിക്കേറ്റ് പുറത്തായശേഷം വലിയ പ്രതീക്ഷകളുമായാണ് ഭാരതം താരത്തെ 2021ല്‍ ടോക്കിയോയിലേക്ക് നിയോഗിക്കുന്നത്. എന്നാല്‍ അവിടെ ക്വാര്‍ട്ടറില്‍ ബലാറസ് താരത്തോട് വിനേഷ് വന്‍ തോല്‍വി (2-9) ഏറ്റുവാങ്ങുകയാണുണ്ടായത്. തുടര്‍ന്നു താരത്തിന്റെ ഭാഗത്തുനിന്നുണ്ടായ അച്ചടക്കലംഘനത്തിന്റെ പേരില്‍ ഫെഡറേഷന്‍ നടപടി സ്വീകരിക്കുകയുണ്ടായി. ശേഷമുള്ള കാലത്ത് ദേശീയ ഫെഡറേഷനുമായി ലോഹ്യത്തിലായിരുന്നില്ല വിനേഷ്. ഇക്കാലയളവിലാണ് രാജ്യമാകെ ചര്‍ച്ചാവിഷയമായ, ദേശീയ ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷന്‍ ബ്രിജ്ഭൂഷനെതിരായി സാക്ഷി മാലിക് അടക്കമുള്ള താരങ്ങള്‍ ലൈംഗികാരോപണ പരാതി ഉന്നയിക്കുന്നത്. ആരോപണവിധേയനെ സ്ഥാനത്ത് നിന്നും നീക്കണമെന്ന ആരോപണ കര്‍ത്താക്കളുടെ ആവശ്യം നിറവേറ്റപ്പെടാത്തതിനാല്‍ പ്രതിഷേധം ദല്‍ഹിയില്‍ ജന്തര്‍ മന്ദറിലേക്ക് എത്തുകയും ക്രമേണ ഒളിമ്പിക് അസോസിയേഷനും കായിക മന്ത്രാലയത്തിനുമെതിരായ സമരമായി വ്യാപിപ്പിക്കുകയും ചെയ്തു. വിഷയത്തില്‍ കായിക മന്ത്രി അനുരാഗ് താക്കൂറുംഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയും ഇടപെട്ടെങ്കിലും ഫലപ്രദമായ അനുരഞ്ജനം സാദ്ധ്യമായില്ല. മാത്രമല്ല, വളരെ വേഗത്തില്‍ സമരത്തിന്, രാഷ്ട്രീയമാനം കൈവരുകയും ചെയ്തു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സമരക്കാര്‍ക്ക് പിന്നില്‍ അണിനിരന്നു. വനിതാ താരങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ നീതി തേടുക എന്നതിനപ്പുറം കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും എതിരെയുള്ള പോരാട്ടമായി പ്രതിഷേധത്തെ തല്‍പരകക്ഷികള്‍ വളര്‍ത്തി. പരിഹാരസാദ്ധ്യമായ ഒരു കായിക വിഷയം രാഷ്ട്രീയ വിഷയമായി മാറിയ ആദ്യത്തെ സംഭവമായിരുന്നു ഇത്. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ വിഷയത്തെ അത്യന്തം വഷളാക്കി. സമര രംഗത്തുള്ള താരങ്ങള്‍, തങ്ങള്‍ക്ക് രാജ്യം നല്‍കിയ ബഹുമതികള്‍ നദിയിലേക്കെറിയുകയും തെരുവില്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി.
താമസിയാതെ തന്നെ, സമരമുഖത്തുള്ള താരങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ഉപകരണങ്ങളായി മാറിയെന്നതിന് പ്രത്യക്ഷ തെളിവുമെത്തി. വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയുമടക്കമുള്ള താരങ്ങള്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനേഷ് ജൂലാനാ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. ഇതോടെ പ്രതിഷേധരംഗത്തുണ്ടായിരുന്ന ഗുസ്തിക്കാരിലധികവും പിന്മാറി. യോഗേശ്വര്‍ ദത്തും ഗീതാ ഫോഗട്ടുമടക്കമുളള പ്രമുഖ ഗുസ്തിക്കാര്‍ സമരക്കാരുടെ നിലപാടുകള്‍ക്കെതിരെ രംഗത്തെത്തി. മാത്രമല്ല ആരോപിതനായ ഫെഡറേഷന്‍ അദ്ധ്യക്ഷന്‍ സ്ഥാനമൊഴിഞ്ഞിട്ടും പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തതിന്റെ കാരണം രാഷ്ട്രീയ ഇടപെടലാണെന്ന് വ്യക്തമാവുകയും ചെയ്തു.
ഇതിനിടയിലാണ് 2024 പാരീസ് ഒളിമ്പിക്‌സ് എത്തുന്നത്. പാരീസില്‍ ഫെഡറേഷന്‍ വിനേഷ് ഫോഗട്ടിന് അവസരം നല്‍കി. എന്നാല്‍ ഭാരതത്തിന്റെ പ്രതീക്ഷക്ക് വിരുദ്ധമായ കാര്യങ്ങളാണ് പാരീസില്‍ സംഭവിച്ചത്. തന്റെ വിഭാഗം ഫൈനലിനിറങ്ങും മുന്‍പ് താരത്തെ ഭാരക്കൂടുതലിന്റെ പേരില്‍ ഒളിമ്പിക് കമ്മറ്റി അയോഗ്യയാക്കി. അതോടെ രാജ്യത്തിന് ലഭിക്കുമായിരുന്ന ഉറച്ച ഒരു മെഡല്‍ നഷ്ടമായി. മത്സരങ്ങള്‍ക്ക് മുന്‍പായി ഭാരപരിശോധനാവേളയില്‍, കൃത്യമായി ശരീരഭാരം പരിപാലിക്കാനുള്ള ചുമതല അതത് താരങ്ങള്‍ക്ക് തന്നെയാണ്. വ്യക്തിഗത പരിശീലകന്‍ ആയത് ശ്രദ്ധിക്കേണ്ടതുമാണ്. താരം ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കാതിരുന്നതിനാലാണ് ദേശീയമായ അപമാനം സംഭവിച്ചത്. എന്നാല്‍ ഇക്കാര്യം സ്വയം ബോധ്യപ്പെടാതെ, തിരിച്ച് നാട്ടിലെത്തിയ താരം ഫെഡറേഷനേയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനേയും പ്രധാനമന്ത്രിയെത്തന്നെയും കുറ്റപ്പെടുത്തി, സ്വന്തം വീഴ്ചയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനാണ് മുതിര്‍ന്നത്.
പാരീസ് ഒളിമ്പിക്‌സിന് ശേഷം മത്സരരംഗത്തു നിന്നും വിരമിക്കുകയാണെന്നറിയിച്ച വിനേഷ്, 2026 ഏഷ്യന്‍ ഗെയിംസിനുള്ള ട്രയലില്‍ താന്‍ പങ്കെടുക്കുമെന്ന് പൊടുന്നനെ പ്രഖ്യാപിക്കുകയാണുണ്ടായത്. എന്നാല്‍ പല സന്ദര്‍ഭങ്ങളിലായുള്ള അച്ചടക്കലംഘനങ്ങളുടെ പേരില്‍ 2026 ജൂണ്‍ 26 വരെ ഫെഡറേഷന്‍ വിനേഷിനെ മത്സരങ്ങളില്‍ നിന്നും വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്, തന്നെ ഏഷ്യന്‍ ഗെയിംസ് ട്രയല്‍ മത്സരങ്ങള്‍ക്കായി പരിഗണിക്കണമെന്ന ആവശ്യവുമായി താരം ആദ്യം ഹൈക്കോടതിയേയും തുടര്‍ന്ന് സുപ്രീംകോടതിയേയും സമീപച്ചത്. താരത്തിന്റെ മുന്‍കാല നേട്ടങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് ട്രയല്‍സില്‍ പരിഗണിക്കാനുള്ള നിര്‍ദ്ദേശം കോടതിയില്‍ നിന്നുണ്ടാകുകയും അപ്രകാരം മെയ് 30ന്റെ അന്തിമ ട്രയല്‍സില്‍ വിനേഷിന് പങ്കെടുക്കാന്‍ ഫെഡറേഷന്റെ അനുവാദം ലഭിക്കുകയും ചെയ്തു.
എന്നാല്‍ പ്രശ്‌നം ഇതുകൊണ്ടും അവസാനിച്ചില്ല. വിനേഷ് സാധാരണയായി പങ്കെടുക്കാറുള്ള 50 കിലോ വിഭാഗത്തിലാണ് മത്സരാനുമതി ലഭിച്ചത്. അതിന് തയ്യാറല്ലെന്നും 53 കിഗ്രാം ഭാരവിഭാഗത്തിലാണ് തന്നെ ഉള്‍പ്പെടുത്തേണ്ടതെന്നും താരം വാശിപിടിച്ചു. ഒടുവില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷന്‍ സഞ്ജയ് സിങ്ങിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ വിനേഷിന്റെ ആവശ്യത്തിന് വഴങ്ങി. മുന്‍പ് പല സന്ദര്‍ഭങ്ങളിലും ക്രമപ്രകാരമുള്ള പ്രാഥമിക ട്രയല്‍സുകളില്‍ മത്സരിക്കാന്‍ വിസമ്മതിക്കുകയും, തന്റെ മുന്‍കാല പെരുമയും നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടി പ്രത്യേക പരിഗണന, സമ്മര്‍ദ്ദത്താല്‍ നേടിയെടുക്കുകയും ചെയ്യുന്ന പതിവ് ശൈലി ഇതര ഗുസ്തിക്കാരുടെ ഇടയില്‍ അമര്‍ഷത്തിനും അതൃപ്തിയ്ക്കും പലപ്പോഴും കാരണമായിരുന്നു. ദല്‍ഹിയിലെ മത്സരവേദിയിലും വിനേഷിനോടുള്ള മറ്റു ഗുസ്തിക്കാരുടെ എതിര്‍പ്പ് പ്രകടമായിരുന്നു.
ഇക്കാരണങ്ങളുടെയൊക്കെ പശ്ചാത്തലത്തില്‍ ദല്‍ഹിയിലെ മത്സരവേദി സംഘര്‍ഷഭരിതമായിരുന്നു. 53 കി.ഗ്രാം വിഭാഗത്തിലെ ആദ്യ റൗണ്ട് മത്സരത്തില്‍ അനായാസ വിജയമാണ് വിനേഷ് നേടിയത്. രണ്ടാം റൗണ്ടില്‍ ഹരിയാനയിലെ നിഷുവിനോട്, പരാജയത്തില്‍ നിന്നും കഷ്ടിച്ചാണ് കരകയറിയത്. ആദ്യഘട്ടത്തില്‍ 0-5 ന്റെ മുന്‍തൂക്കം നിഷുവിനായിരുന്നു. എന്നാല്‍ പല തവണയുള്ള നിര്‍ത്തിവയ്ക്കലിന്റേയും, സമ്മര്‍ദ്ദതന്ത്രങ്ങളുടേയും പ്രയോജനം മുതലെടുത്തു വിനേഷ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തുകയും ഒടുവില്‍ 7-6 എന്ന പോയിന്റിന്റെ നേരിയ വിജയം നേടുകയുമാണുണ്ടായത്. നിര്‍ണായകമായ മൂന്നാം റൗണ്ടില്‍ വിനേഷിന്റെ തന്ത്രങ്ങളൊന്നും മീനാക്ഷി ഗോയട്ടിനോട് ഫലിച്ചില്ല. 4-6 ക്രമത്തില്‍ മത്സരം തോറ്റ വിനേഷ് ഫോഗട്ടിന് മുന്നില്‍ ഏഷ്യന്‍ ഗെയിംസിലേക്കുള്ള വാതില്‍ അടയുകയാണുണ്ടായത്. തോറ്റെങ്കിലും താന്‍ മത്സരവേദിയില്‍ ഇനിയും തിരിച്ചെത്തുമെന്ന വെല്ലുവിളി ഉയര്‍ത്തിയിട്ടാണ് താരം മടങ്ങിയത്.
അന്താരാഷ്ട്ര ഗുസ്തിരംഗത്ത് ഭാരതത്തിന് സവിശേഷമായൊരു പാരമ്പര്യമാണുള്ളത്. 1952ല്‍ ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍, ഹോക്കിയിലല്ലാതെ മറ്റൊരു മെഡല്‍ ആദ്യമായി ലഭിച്ചത് ഗുസ്തിയിലാണ്. ബാന്റം വെയിറ്റ് വിഭാഗത്തില്‍ കെ.ഡി.ജാഥവ് നേടിയ വെങ്കലം.ഒളിമ്പിക്‌സില്‍ മറ്റൊരു ഗുസ്തി മെഡലിനായി 56 നീണ്ട വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. 2008ല്‍ ബീജിങ്ങില്‍ സുശീല്‍കുമാറിന്റെ വെങ്കലത്തിലൂടെയാണ് രണ്ടാം മെഡല്‍ വന്നത്. പിന്നെ 2012ല്‍ ലണ്ടനില്‍ സുശീല്‍കുമാറും (വെള്ളി) യോഗേശ്വര്‍ ദത്തും (വെങ്കലം) 2016ല്‍ റിയോവില്‍ സാക്ഷി മാലിക്കും (വെങ്കലം) 2021ല്‍ ടോക്കിയോവില്‍ ബജ്‌റംഗ് പൂനിയയും (വെങ്കലം) രവി ദഹിയയും (വെള്ളി) 2024ല്‍ പാരീസില്‍ അമന്‍ ഷെരാവത്തും (വെങ്കലം) രാജ്യത്തിന്റെ അഭിമാനങ്ങളായി. അക്കാലങ്ങളിലും ചിലപ്പോഴൊക്കെ ഫെഡറേഷനും താരങ്ങളും തമ്മില്‍ അഭിപ്രായഭേദങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ വ്യത്യസ്ത രാഷ്ട്രീയപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് സജീവ ഗുസ്തി താരങ്ങള്‍ ഫെഡറേഷനോടും മന്ത്രാലയത്തോടും പോരടിക്കുന്ന സ്ഥിതി ഇതാദ്യമായാണ് ദേശത്തുണ്ടാകുന്നത്. ഇത്തരം വിഭാഗീയതകള്‍ രൂപപ്പെടുന്നതിന് കാരണക്കാര്‍ ആര് തന്നെയായാലും അന്തിമ വിശകലനത്തില്‍ അത് ദോഷകരമായി ബാധിക്കുന്നത് താരങ്ങളെയാണ്. നിരന്തര സാധനകളിലൂടെ സ്വരൂപിച്ചെടുക്കുന്ന ശക്തിയും ഊര്‍ജ്ജവുമെല്ലാം ഗോദയ്ക്ക് പുറത്തെ കോലാഹലങ്ങളിലൂടെ ചോര്‍ന്ന് പോകുകയാണ് ഫലത്തില്‍ സംഭവിക്കുന്നത്.
ഭാരതത്തിലെ കായിക ഫെഡറേഷനുകള്‍ക്ക് സ്വയംഭരണാവകാശമുണ്ട്. അവ ഏറെക്കുറെ ബാഹ്യനിയന്ത്രണത്തില്‍ നിന്നും മുക്തവുമാണ്. കായികാധികാരം കയ്യാളുന്നവര്‍ താരങ്ങള്‍ക്ക് നീതിനിഷേധിക്കുമ്പോള്‍ ന്യായപീഠങ്ങളെ സമീപിക്കാനുള്ള അവകാശവും അവസരവും അവര്‍ക്ക് നിശ്ചയിച്ചിട്ടുണ്ട്. അതിനപ്പുറം കാര്യസാദ്ധ്യങ്ങള്‍ക്ക്, രാഷ്ട്രീയ മേലങ്കികള്‍ വാങ്ങിയണിഞ്ഞ്, വെല്ലുവിളികളുമായി വന്ന് കായിക നടത്തിപ്പുകാരെ ശത്രുപക്ഷത്ത് നിര്‍ത്താനുള്ള പരിശ്രമങ്ങള്‍, കുറഞ്ഞപക്ഷം താരങ്ങള്‍ക്കെങ്കിലും പ്രയോജനം ചെയ്യില്ല. അത്തരം ഉരസലുകളിലൂടെ ഉടലെടുക്കുന്ന സ്പര്‍ദ്ധകള്‍ ദേശീയ കായികതാല്‍പര്യങ്ങള്‍ക്ക് ഹാനികരമാകും. പൊതുഇടങ്ങളിലെ ജനാധിപത്യപ്പോരാട്ടങ്ങളും കളി ഇടങ്ങളിലെ നേര്‍ക്കുനേര്‍ പോരും രണ്ട് തന്നെയാണ്, ഒരു സാമ്യവുമില്ല. ആദ്യത്തേത് വളയമില്ലാക്കളിയും മറ്റേത് പലവിധ ചിട്ടകളാല്‍ ബന്ധിതവുമാണ്. ഈ തിരിച്ചറിവ് പോരാളികള്‍ക്ക് തീര്‍ച്ചയായുമുണ്ടാകണം; പോരാട്ടം നയിക്കുന്നവര്‍ക്കുമതാകാം. ഭാരതം വന്‍ കായിക കുതിപ്പുകള്‍ക്ക് തയ്യാറാകുന്ന ഇന്നിന്റെ ആവശ്യവും ഇതു തന്നെയാണ്.






















