ഞാന്‍ എന്റെ അമ്മയെ സ്‌നേഹിക്കുന്നതിന് അന്യന്റെ അമ്മയെ വെറുക്കേണ്ടതുണ്ടോ? ഇല്ലതന്നെ. സ്വദേശി എന്നാല്‍ വിദേശവിരോധം അല്ല. സ്വാതന്ത്ര്യസമരകാലത്ത് വിദേശാധിപത്യം നിലനിന്നിരുന്നതുകൊണ്ടാണ് അവരുടെ വസ്തുക്കള്‍ ബഹിഷ്‌കരിക്കുക എന്ന ആഹ്വാനം ഉണ്ടായത്. ഇന്ന് നമ്മള്‍ സ്വതന്ത്രരാണ്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ സ്വരാജ്യം നമുക്കുണ്ട്. പക്ഷേ ‘സ്വ തന്ത്രം’ ആണോ നമ്മള്‍ ആവിഷ്‌കരിച്ചത് എന്ന് ആഴത്തില്‍ പരിശോധിക്കേണ്ടതാണ്. സ്വന്തം നാടിന്റെ രാഷ്ട്രതന്ത്രവും ഭരണക്രമങ്ങളും സാംസ്‌കാരികസങ്കല്പങ്ങളും ജീവിതശൈലികളും ജീവിതക്രമങ്ങളും ഒക്കെ ആവിഷ്‌കരിക്കപ്പെടുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ആയി എന്നു പറയാന്‍ കഴിയുന്നത്.
ഓരോ ജനതയും സംസ്‌കാരവും നിലനില്‍ക്കുന്നത് ആ ജനതയെ അടയാളപ്പെടുത്തുന്ന അവരുടെ തനിമ നിലനിര്‍ത്തുമ്പോള്‍ മാത്രമാണ്. അല്ലെങ്കില്‍ അതൊരു ജനക്കൂട്ടം മാത്രം! പുതിയൊരു രാജ്യം എന്നതിനപ്പുറം പ്രാചീനമായ ഒരു ജനതയായി കണക്കാക്കാന്‍ കഴിയില്ല. ഇന്നത്തെ അമേരിക്കയും ആഫ്രിക്കയും പാശ്ചാത്യരാജ്യങ്ങളും ഒക്കെ പുതിയ രാജ്യങ്ങളാണ്. ഏതാനും നൂറ്റാണ്ടുകള്‍ മാത്രമാണ് അവയ്ക്ക് പഴക്കം. പുതിയ ജനതയാണ്. ആ നാടുകളിലൊക്കെ ഉണ്ടായിരുന്ന പ്രാചീന ജനതയും സംസ്‌കാരവും സമ്പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു. ഇപ്പോഴുള്ള അവരുടെ പുതിയ ജീവിതശൈലികളും സങ്കല്‍പ്പങ്ങളും അതേപടി അനുകരിക്കുക എന്നത് നമ്മുടെ തനിമ നഷ്ടപ്പെടുന്നതിന് കാരണമാകും.
എന്നാല്‍ ഭാരതത്തിനു വെളിയിലുള്ള മറ്റെല്ലാ ജനതകളുടെ നേരെയും വാതിലുകള്‍ കൊട്ടിയടച്ച് നാം നമ്മുടെ പുരയ്ക്കുള്ളില്‍ കുത്തിയിരിക്കുന്നതല്ല സ്വത്വ സംരക്ഷണം. കൊള്ളാവുന്ന എല്ലാ സങ്കല്‍പ്പങ്ങളും പരിഷ്‌കാരങ്ങളും ശൈലികളും നമുക്ക് സ്വീകരിക്കാന്‍ തടസ്സമില്ല. മാത്രമല്ല ഭാരത സംസ്‌കാരത്തിന്റെ സവിശേഷത ലോകം മുഴുവനും ഉള്ള എല്ലാ നന്മകളെയും സ്വീകരിക്കുന്നതുമാണ്. ഒരു ഋഗ്വേദമന്ത്രം ഇങ്ങനെയാണ്.
‘ആനോ ഭദ്രാ ക്രതവോ യന്തു വിശ്വത:’
ലോകത്തിലെ എല്ലാ നല്ല ആശയങ്ങളും നമ്മിലേക്ക് വരട്ടെ എന്ന് ആഹ്വാനം ചെയ്ത ഒരു ജനതയ്ക്ക് ജനവാതിലുകള്‍ അടച്ചിടാന്‍ കഴിയില്ല. നമ്മുടെ സംസ്‌കാരം വളര്‍ന്നതും വികസിച്ചതും അതിജീവിച്ചതും അത്തരം സ്വീകാരമനോഭാവം കൊണ്ടുകൂടിയാണ്.
ഇവിടെ നാം സ്വദേശി എന്നു പറയുമ്പോള്‍ വെറും ഉല്‍പ്പന്നങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല. ഭാരതത്തിന്റെ ഓരോ പ്രദേശത്തും ഓരോ ഗ്രാമങ്ങളിലും അതിന്റേതായ തനിമയും ആചാരവും ആഘോഷവും ആഹാരക്രമവും ഭാഷയും ഒക്കെയുണ്ട്. അതെല്ലാം സംരക്ഷിക്കുന്നതിനെയാണ് സ്വദേശി എന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പറയുന്നത്.
നമ്മുടെ മാതൃഭാഷ നിത്യജീവിതത്തില്‍ ഉപയോഗിക്കുക. ഔദ്യോഗിക സ്ഥാനങ്ങളില്‍ നിശ്ചയിക്കപ്പെട്ട ഔപചാരികഭാഷ ഉണ്ടായേക്കാം. അവിടെ അതുതന്നെ പറയേണ്ടിവരും. എന്നാല്‍ അത്തരം വേളകളിലല്ലാതെ നാം ഇടപഴകുമ്പോള്‍ എന്തിനാണ് ഒരു വിദേശഭാഷ ഉപയോഗിക്കുന്നത്? അമ്മിഞ്ഞപ്പാലിനൊപ്പം ചുണ്ടില്‍ തത്തിക്കളിച്ച അമ്മഭാഷയെ തട്ടിത്തെറിപ്പിച്ച് നാം എന്തിനാണ് സ്വയം പരിഹാസ്യരാകുന്നത്?
ഭാഷ സംസ്‌കാരത്തിന്റെ പ്രതിഫലനം കൂടിയാണ്. ഓരോ നാട്ടിലെയും ജീവിത വീക്ഷണവും സംസ്‌കാരവും ഭാഷയിലും സ്വാധീനിക്കും. അഥവാ ഭാഷയിലെ സംസ്‌കാരം മനുഷ്യന്റെ സ്വത്വത്തെ അടയാളപ്പെടുത്തും. ഉദാഹരണത്തിന്, രണ്ട് സായിപ്പന്മാര്‍ ഒന്നിച്ചിരുന്ന് മൂന്നാമതൊരാളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു എന്ന് വിചാരിക്കുക. ആ സമയം ഈ പരാമര്‍ശിക്കപ്പെട്ട മൂന്നാമന്‍ കടന്നുവന്നാല്‍ അവര്‍ പറയുന്ന ഒരു ചൊല്ലുണ്ട്: ‘ടോക് ഓഫ് ദ ഡെവിള്‍…'(ഠമഹസ ീള വേല റല്ശഹ) എന്നാണ് അത്. അത് വിശദീകരിച്ചു പറഞ്ഞാല്‍ ഇങ്ങനെയാണ്, ഈ ചെകുത്താനെക്കുറിച്ച് ഇപ്പോള്‍ പറഞ്ഞതേയുള്ളൂ, ഇതാ അവന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇതിന് സമാനമായ ഒരു ചൊല്ല് മലയാളത്തിലുണ്ട്. അതിങ്ങനെയാണ്: ‘താങ്കളെക്കുറിച്ച് ഇപ്പോള്‍ പറഞ്ഞ് നാക്ക് വായിലേക്ക് ഇട്ടതേയുള്ളൂ, നൂറായുസ്സാണ്.’ എന്താണ് ഈ രണ്ട് ഭാഷാപ്രയോഗങ്ങളും തമ്മിലുള്ള വ്യത്യാസം? നമ്മുടെ കാഴ്ചപ്പാടില്‍ ഒരു ആശംസയാണ് ദീര്‍ഘായുസ്സ് എന്നുള്ളത്. ഒരുപക്ഷേ അവരുടെ കാഴ്ചപ്പാടില്‍ രണ്ടാമതൊരാള്‍ ശല്യക്കാരനോ മറ്റോ ആയി കാണുന്നുണ്ടാവാം. ഒന്ന്, ആശംസയാണ് മറ്റൊന്ന് തമാശപോലെയാണെങ്കിലും ആക്ഷേപിക്കലാണ്. ഇത് ഭാഷയിലൂടെ സംസ്‌കാരത്തെ പകരാനും തിരസ്‌കരിക്കാനും കഴിയുമെന്നതിന്റെ തെളിവാണ്. അതുകൊണ്ട് നാം നമ്മുടെ അമ്മഭാഷയും ശൈലിയും അതിന്റെ തനിമയോടെ, സൗന്ദര്യത്തോടെ നിലനിര്‍ത്തണം. അതിനുള്ള ഏറ്റവും നല്ല വഴി അതിനെ പ്രയോഗിക്കുക, അനുവാദമുള്ള എല്ലാ ഇടങ്ങളിലും എന്നതാണ്.
വസ്ത്രധാരണരീതിയില്‍ ഇത്രയധികം വൈവിധ്യമുള്ള ഒരു ജനത ലോകത്ത് വേറെ കാണില്ല. ആ വേഷഭൂഷാദികളുടെ തനിമ നിലനിര്‍ത്തുക. ഒരുപക്ഷേ ഔദ്യോഗിക ആവശ്യത്തിന് അതത് സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വേഷക്രമം (ഡ്രസ്സ് കോഡ്) ഉണ്ടാകാം. അത് അനുസരിക്കേണ്ടിവരും. എന്നാല്‍ അതല്ലാത്ത സന്ദര്‍ഭങ്ങളില്‍ നമ്മുടെ തനത് വേഷം ധരിക്കാന്‍ നാം എന്തിനു മടിക്കുന്നു? ആരെ ഭയക്കുന്നു? നമ്മുടെ തനിമ അതിലൂടെയും നിലനിര്‍ത്തപ്പെടുന്നില്ലേ? വിവാഹത്തിനും മറ്റ് മംഗളകര്‍മ്മങ്ങള്‍ക്കും ഒക്കെ അതത് പ്രദേശത്തിന്റെ, അതതു സമൂഹത്തിന്റെ വേഷം ധരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു സ്വാഭിമാനം! അതു വളര്‍ത്തുക എന്നതും സ്വദേശിയില്‍ പെടും. അതില്‍ അപകര്‍ഷതാബോധം തോന്നേണ്ട കാര്യമില്ല. അനുകരണഭ്രാന്തിലൂടെ നാം മറ്റൊരു രാജ്യത്തെ ജനങ്ങളെപ്പോലെ ആകുന്നതുകൊണ്ട് എന്താണ് പ്രയോജനം? നമ്മുടെ നാട്ടില്‍ ഇന്നും കുറെയധികം പേരും, വിവാഹത്തിന് പുരുഷന്മാര്‍ മുണ്ടും ഷര്‍ട്ടും, സ്ത്രീകള്‍ സാരിയും ധരിക്കുന്നുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള വിവാഹസല്‍ക്കാരത്തിലും ആഘോഷവേളകളിലും യൂറോപ്യന്‍ വേഷത്തില്‍ത്തന്നെ വന്നാലേ ഒരു പ്രൗഢിയുള്ളൂ എന്ന അടിമമനോഭാവം എന്തുകൊണ്ടാണ് ഉണ്ടാകുന്നത്?
നമ്മുടെ നാട്ടില്‍ വിവാഹം ഒരു സാമൂഹ്യവ്യവസ്ഥയാണ്. അത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള കരാര്‍ അല്ല. കരാര്‍ എന്നതില്‍ ഒരു വ്യാപാരസങ്കല്പമാണ് ഉള്ളത്. കൊടുക്കല്‍ വാങ്ങല്‍! ഭാരതീയ വിവാഹസങ്കല്പം കരാര്‍ അല്ല. ഒന്നാകലാണ്. രണ്ടുപേരുടെയും താല്‍പര്യങ്ങള്‍ ഒന്നാകുന്നു. അവരുടെ ജീവിതസങ്കല്പങ്ങള്‍ പരസ്പരം ലയിപ്പിച്ചുചേര്‍ത്ത് ഒന്നാക്കുന്നു. സമൂഹനന്മയ്ക്കുവേണ്ടി ഗാര്‍ഹസ്ഥ്യം എന്ന ജീവിതത്തിലെ രണ്ടാംഘട്ടത്തിലേക്ക് പദമൂന്നുന്നു. അത് പവിത്രമായ, ഉന്നതമായ ഒരു ജീവിതസങ്കല്പവും സംസ്‌കാരവുമാണ്.
ഇന്ന് പലയിടങ്ങളിലും വിവാഹം ഒരു തെരുവാഘോഷംപോലെ ആയി മാറുന്നു. പലയിടങ്ങളിലും പപ്പടത്തിനും പായസത്തിലും വേണ്ടി ചേരിതിരിഞ്ഞ് സംഘട്ടനംപോലും നടത്തുന്നു. വാസ്തവത്തില്‍ പരസ്പരം രണ്ടുപേര്‍ ഒന്നായി മാറുമ്പോള്‍ അതോടൊപ്പംതന്നെ അവരുടെ കുടുംബങ്ങളും ബന്ധുക്കളായി പരിണമിക്കുന്നു. രണ്ടുവിഭാഗം ജനങ്ങളും വധൂവരന്മാരുടെ മൊത്തം ബന്ധുക്കളായി പരിവര്‍ത്തിക്കുന്നു. അവിടെ എങ്ങനെയാണ് സംഘര്‍ഷം സാധ്യമാവുക? അങ്ങനെ സംഭവിക്കുന്നുവെങ്കില്‍ ഈ സാമൂഹികവും സാംസ്‌കാരികവുമായ സങ്കല്പം വലിച്ചെറിഞ്ഞ് മറ്റാരോ ഇറക്കുമതി ചെയ്ത കച്ചവടസംസ്‌കാരം നമ്മിലേക്ക് നാം അറിയാതെ സന്നിവേശിപ്പിക്കപ്പെട്ടു എന്നതല്ലേ സത്യം? അതുമാറ്റിയെടുക്കുക എന്നതും ഈ സ്വദേശി സങ്കല്പത്തില്‍ പെടും.
പിറന്നാള്‍ ദിനത്തിലും ഇതേ അനുകരണഭ്രാന്ത് നാം കാണിക്കാറുണ്ട്. പിറന്നാള്‍ ഒരു പുണ്യദിനമായും, ഭക്തിയും വിനയവും സംസ്‌കാരവും കൂടുതല്‍ ആര്‍ജിക്കുന്നതിനുള്ള ഓര്‍മ്മപ്പെടുത്തലായും ഒക്കെയാണ് നമ്മുടെ നാട്ടില്‍ ആഘോഷിക്കാറുള്ളത്. അതിനുപകരം മധുരം വിതരണം ചെയ്യുന്നു എന്ന വ്യാജേന മധുര പലഹാരങ്ങള്‍ പിറന്നാളുകാരന്റെ/പിറന്നാളുകാരിയുടെ മുഖത്തും തലയിലും വാരി പുതയുന്നത് എന്തു തരം സംസ്‌കാരമാണ്? അതില്‍നിന്ന് എന്ത് സന്ദേശമാണ് കിട്ടുന്നത്? ആഘോഷം സംസ്‌കാരവിരുദ്ധമാകുന്നത് നല്ലതാണോ?
അതുപോലെതന്നെയാണ് നമ്മുടെ ഓരോരോ നാട്ടിലെയും ആഘോഷങ്ങളും. അതിന്റെ തനിമകള്‍ നിലനിര്‍ത്തുക എന്നതും സ്വദേശി മനോഭാവത്തിന്റെ ഭാഗമാണ്. വീട്ടിലും പൊതു ഇടങ്ങളിലും നമ്മുടെ തനതു ഭാഷയില്‍ സംസാരിക്കുക. നമ്മുടെ നാടന്‍ വേഷത്തില്‍ ജീവിക്കുക. നമ്മുടെ നാടന്‍ ആഘോഷങ്ങള്‍ നടത്തുക.
നമ്മള്‍ സമ്പത്തിന്റെ വളര്‍ച്ചയെക്കുറിച്ചും വരുമാനത്തിന്റെ വര്‍ദ്ധനവിനെക്കുറിച്ചും ഒക്കെ ചര്‍ച്ച ചെയ്യാറുണ്ട്. ഒരു നാട്ടിലുള്ള ജനങ്ങളുടെ ഭൗതികവളര്‍ച്ച ഉണ്ടാകണമെങ്കില്‍ ആ നാട്ടില്‍ തൊഴില്‍ ഉണ്ടാവണം. വ്യവസായം വളരണം. വാണിജ്യം ശക്തിപ്പെടണം. അത് സാധിക്കണമെങ്കില്‍ പ്രാദേശികമായ അത്തരം സംരംഭങ്ങള്‍ വര്‍ദ്ധിച്ചുവരണം. വര്‍ദ്ധിച്ച സംരംഭങ്ങള്‍ നിലനില്‍ക്കുകയും വിജയിക്കുകയും ചെയ്യണമെങ്കില്‍ അവര്‍ ഉത്പാദിപ്പിക്കുന്ന വസ്തുവകകള്‍ക്ക് അര്‍ഹമായ ലാഭവും കിട്ടണം. അപ്പോള്‍ നാട്ടിലെ സാമ്പത്തികമേഖല വളരും. അത് ആ നാട്ടില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും ഗുണം ചെയ്യുകയും ചെയ്യും. എന്നാല്‍ നമ്മള്‍ അത്തരം ഗ്രാമീണ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ ഉത്സുകരാണോ? പളുപളുപ്പുള്ള വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ വസ്തുക്കളാണ് കേമം എന്നു നാം തെറ്റിദ്ധരിച്ചിരിക്കുന്നു. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളാണ് ഗുണനിലവാരം കൂടിയത് എന്ന പ്രചാരണതള്ളിച്ചയില്‍ നാം വീണുപോയിരിക്കുന്നു. വില കൂടുതല്‍ നല്‍കി അത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ നമ്മുടെ സ്വന്തം സ്ഥലത്തെ ഉല്‍പ്പന്നങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നു. അതിലൂടെ മറ്റാരോ, മറ്റെവിടെയോ അതിന്റെ മെച്ചം ഉണ്ടാക്കുമ്പോള്‍ നമ്മുടെ ഗ്രാമം ദാരിദ്ര്യത്തിലേക്കും അധ:പതനത്തിലേക്കും പോകും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കുന്നതിനെയുമാണ് സ്വദേശി മനോഭാവം എന്നുപറയുന്നത്. ഒരു രാജ്യത്തിന്റെ പുരോഗതി എന്നത് ആ നാടിന്റെ എല്ലാ പ്രദേശങ്ങളിലും ഉള്ള ജനതയുടെ ഭൗതികവും സാംസ്‌കാരികവുമായ പുരോഗതിയെയാണ് കണക്കാക്കേണ്ടത്.
പ്രാദേശികമായ ജനജീവിതം സുരക്ഷിതമാക്കുന്നതിനും സമ്പന്നമാക്കുന്നതിനും വേണ്ടിയാണ് സമ്പത്തിന്റെ വിതരണം. എന്നാല്‍ ഉള്ളവന്റെ ധനം കൊള്ളയടിച്ച് ഇല്ലാത്തവര്‍ക്ക് വിതരണം ചെയ്യല്‍ അല്ല, മറിച്ച് ഇല്ലാത്തവര്‍ക്ക് സ്വയം സമ്പാദിക്കാനുള്ള സാഹചര്യം സൃഷ്ടിക്കലാണ് വേണ്ടത്. അതിലൂടെ അവര്‍ സ്വയംപര്യാപ്തരായി മാറുകയും ഓരോ ഗ്രാമവും സാമ്പത്തികമായി മുന്നേറുകയും ചെയ്യണം. അത് സാധിക്കണമെങ്കില്‍ അതതു നാട്ടിലെ ഉല്‍പ്പന്നങ്ങള്‍, അത് കാര്‍ഷികമാണെങ്കിലും വ്യാവസായികമാണെങ്കിലും, പരമാവധി അവിടെത്തന്നെ വിറ്റഴിക്കപ്പെടുമ്പോഴാണ് വാങ്ങുന്നവര്‍ക്ക് സാമ്പത്തിക ഞെരുക്കം ഉണ്ടാകാതിരിക്കുന്നതും കൊടുക്കുന്നവര്‍ക്ക് വേണ്ടത്ര ലാഭകരമാകുന്നതും.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം കഴിഞ്ഞുവെങ്കിലും നമ്മുടെ തനിമ വീണ്ടെടുത്തു എന്നു പറയാന്‍ കഴിയില്ല. തനിമയോടുകൂടി ഒരു രാഷ്ട്രം പുരോഗമിക്കുമ്പോഴാണ് അത് അതിന്റെ വേരില്‍ ഉറച്ചുനില്‍ക്കുന്നു എന്നുപറയാന്‍ കഴിയുക. വേര് ദുര്‍ബ്ബലപ്പെടുകയും അറ്റുപോവുകയും ചെയ്താല്‍ ഏതു വലിയ വടവൃക്ഷവും കടപുഴകും. നമ്മുടെ വിശാലമായ, പ്രാചീനമായ ഈ രാഷ്ട്രസൗധം അടര്‍ന്നുവീഴാതിരിക്കണമെങ്കില്‍ തായ്‌വേര് പോലെതന്നെ അതിനെ കരുത്തുറ്റതാക്കി, മണ്ണില്‍ പടര്‍ന്നുകിടക്കുന്ന വേരുകള്‍ ശക്തമായിരിക്കണം. പൊടിവേരുകളാണ് വൃക്ഷത്തിന് ആവശ്യമായ ജീവനരസം വലിച്ചെടുക്കുന്നത്. അത് വലിയ വേരുകളിലൂടെ തായ്‌വേരിലെത്തി, തടിയിലൂടെ പകര്‍ന്ന്, ശിഖരങ്ങളിലൂടെ പടര്‍ന്ന്, അവസാന തുഞ്ചത്തും എത്തുമ്പോഴാണ് ആ വൃക്ഷം കരുത്തും നിലനില്‍പ്പും ഉള്ളതായി മാറുന്നത്. അതുകൊണ്ട് നാം സ്വദേശി എന്നു പറയുമ്പോള്‍ ചില ചടങ്ങുകളോ കീഴ്‌വഴക്കങ്ങളോ മാത്രമായി ചുരുങ്ങിപ്പോകാതെ ദൈനംദിന ജീവിതത്തിന്റെ ഓരോ അംശത്തിലേക്കും അതിനെ സന്നിവേശിപ്പിക്കണം. അപ്പോഴാണ് ഈ രാഷ്ട്രവൃക്ഷം നിലനില്‍ക്കുക.
സ്വദേശി എന്നത് ഒരു മനോഭാവവും ജീവിതവുമാണ്. കൊച്ചുകൊച്ച് തനിമകളെ സംരക്ഷിക്കുകയും അതിന്റെ ആചരണത്തിലൂടെ വരുംതലമുറകള്‍ക്ക് കൈമാറുകയും ചെയ്യുക എന്നതാണ് സ്വദേശിജീവിതത്തിന്റെ അടിസ്ഥാന കാര്യം!
സ്വാതന്ത്ര്യത്തിന്റെ നൂറാംവര്‍ഷം ആകുമ്പോഴേക്കും അത്തരം ഒരു സ്വാഭിമാനബോധമുള്ള, ജീവിതാവിഷ്‌കാരമുള്ള ജനതയായി നമുക്കു മാറാം. രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ നൂറാം വര്‍ഷമായ ഈ വേളയില്‍ മുഴുവന്‍ സമൂഹത്തോടും ആഹ്വാനം ചെയ്യാന്‍ ആഗ്രഹിക്കുന്നത്, നാം നമ്മുടെ വേരുകളില്‍ ഉറച്ചുനില്‍ക്കുക എന്നതാണ്. സ്വദേശി മനോഭാവത്തിന്റെ അര്‍ത്ഥം അതാണ്.





















