ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തകര്‍ച്ചയും കേരള രാഷ്ട്രീയത്തില്‍ ബിജെപിയുടെ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചുമാണ് പത്ത് വര്‍ഷത്തെ പിണറായി വിജയന്‍ സര്‍ക്കാരിനെ പുറത്താക്കി ജനങ്ങള്‍ ഒരിക്കല്‍ കൂടെ കോണ്‍ഗ്രസ് മുന്നണിയ്ക്ക് അനുകൂലമായി വിധി എഴുതിയത്. ശക്തമായ മുസ്ലീം-ക്രിസ്ത്യന്‍ ധ്രുവീകരണവും, ഇടതുദുര്‍ഭരണത്തിനെതിരായ അമര്‍ഷവും യുഡിഎഫിന് തുണയായി. മലപ്പുറം, വയനാട്, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ സമ്പൂര്‍ണ്ണ വിജയം നേടിയ യുഡിഎഫ് മറ്റു മേഖലകളിലും വിശേഷിച്ച് ഇടതുകോട്ടകളില്‍ വന്‍വിജയം നേടി. യുഡിഎഫിന് 102 സീറ്റും ഇടതു മുന്നണിയ്ക്ക് 35 സീറ്റും, ബിജെപി മൂന്ന് സീറ്റും നേടി. യുഡിഎഫ് 46.56 ശതമാനം വോട്ടും, ഇടതുമുന്നണി 37.62 ശതമാനവും നേടിയപ്പോള്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് 14.22 ശതമാനം വോട്ട് ലഭിച്ചു.
കേരളത്തോടൊപ്പം തിരഞ്ഞെടുപ്പു നടന്ന മറ്റു നാലു സംസ്ഥാനങ്ങളില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ അസാമിലും പോണ്ടിച്ചേരിയിലും ഭരണതുടര്‍ച്ച നേടുകയും ബംഗാളില്‍ പതിനഞ്ചു വര്‍ഷത്തെ മമതാ ബാനര്‍ജിയുടെ ഭരണത്തെ പരാജയപ്പെടുത്തി 206 സീറ്റുകള്‍ നേടി ചരിത്രവിജയവും കരസ്ഥമാക്കി. തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തെ വലിച്ചെറിഞ്ഞ് ജനങ്ങള്‍ സിനിമാതാരം വിജയ്‌യുടെ ടിവികെയ്ക്ക് അനുകൂലമായും വിധി എഴുതി.
കേരളത്തില്‍ ബിജെപി യുഗം പിറന്നു: യുഡിഎഫ് തരംഗത്തെ അതിജീവിച്ച വിജയം
കഴിഞ്ഞ പത്തുവര്‍ഷത്തെ പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ ജനരോഷത്തിന്റെ സുനാമി കോണ്‍ഗ്രസ് മുന്നണിയ്ക്ക് വന്‍വിജയം നേടികൊടുത്തു. ഒപ്പം ശക്തമായ മത ധ്രുവീകരണം വിജയത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ബിജെപി മൂന്നു സീറ്റുകള്‍ നേടി സ്വന്തം കരുത്ത് തെളിയിച്ചു. നേമം സീറ്റില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനും കഴകൂട്ടത്ത് വി. മുരളീധരനും ചാത്തന്നൂരില്‍ ബി.ബി. ഗോപകുമാറും ഇടതു-വലതു മുന്നണികളെ പുറത്താക്കി ചരിത്രവിജയം നേടി. ആറ്റിങ്ങല്‍, തിരുവല്ല, പാലക്കാട്, മലമ്പുഴ, കാസര്‍കോട്, മഞ്ചേശ്വരം തുടങ്ങി ആറു മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തു വന്നു. കൂടാതെ തിരുവനന്തപുരം, തിരുവല്ല, പൂഞ്ഞാര്‍, പാല, നാട്ടിക, മണലൂര്‍, കാട്ടാക്കട, വട്ടിയൂര്‍ക്കാവ്, ചിറയിന്‍കീഴ്, നെടുമങ്ങാട്, ആറന്മുള, ചെങ്ങന്നൂര്‍, കുന്നത്തുനാട്, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, കുന്ദമംഗലം, ഹരിപ്പാട് ചേലക്കര, ബത്തേരി തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് 30,000 നും 45,000 നും ഇടയില്‍ വോട്ട് ലഭിച്ചു.
എന്നാല്‍ എന്‍ഡിഎ ഘടകകക്ഷികള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ കുന്നത്തു നാട് ഒഴിച്ച് മറ്റെല്ലയിടത്തും ബിജെപി സഖ്യത്തിന്റെ പ്രകടനം വളരെ നിരാശാജനകമായിരുന്നു.
ബിജെപി കേരള നിയമസഭയില്‍ മാത്രമല്ല കേരള രാഷ്ട്രീയത്തിലും ശക്തമായ മൂന്നാം ബദലായി കടന്നുവന്നു എന്നതാണ് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രപ്രാധാന്യം. അനുഭവ പാരമ്പര്യമുള്ള ബിജെപിയുടെ മൂന്ന് എംഎല്‍എമാര്‍ തീര്‍ച്ചയായും നിയമസഭയില്‍ ഗുണപരമായ പ്രകടനം കാഴ്ച വയ്ക്കും. 2021ല്‍ ബിജെപി രണ്ടാം സ്ഥാനത്തു വന്ന മൂന്നു മണ്ഡലങ്ങളിലാണ് 2026ല്‍ വിജയം നേടിയത് എന്നതും ശ്രദ്ധേയമാണ്.

യുഡിഎഫിന്റെ തിരിച്ചുവരവ്
പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്ന കോണ്‍ഗ്രസ് ഒരു പ്രതിപക്ഷം എന്ന നിലയില്‍ തികഞ്ഞ പരാജയമായിരുന്നു. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം യുഡിഎഫിന് തുണയായി. പിണറായിയുടെ ജനാധിപത്യവിരുദ്ധ സമീപനവും അഹങ്കാരവും ജനങ്ങളെ കൂടുതല്‍ വെറുപ്പിച്ചു. എല്ലാ മണ്ഡലത്തിലും സര്‍ക്കാരിന്റെ പ്രകടനം പരാജയമായിരുന്നു. കോണ്‍ഗ്രസ് മുന്നണിയ്ക്ക് 102 മണ്ഡലങ്ങളില്‍ വിജയം ഉണ്ടായത് പ്രതിപക്ഷത്തിന്റെ മേന്മയിലല്ല, മറിച്ച് പിണറായിക്കെതിരായ ജനരോഷം കൊണ്ടാണ്. കോണ്‍ഗ്രസ്സിനും യുഡിഎഫിനും ഈ തരത്തിലുള്ള മിന്നുന്ന വിജയം 1960, 1977, 2001 എന്നീ വര്‍ഷങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെപ്പുകളിലും ഉണ്ടായി. ഈ മൂന്നു അവസരങ്ങളിലും മാതൃകപരമായ ഭരണം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ല. 1960ല്‍ വന്‍വിജയം നേടിയ കോണ്‍ഗ്രസ് രണ്ടു മുഖ്യമന്ത്രിമാരെ പരീക്ഷിച്ചു എങ്കിലും സ്വന്തം അംഗങ്ങള്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയം അംഗീകരിച്ചതിനാല്‍ കാലാവധി പൂര്‍ത്തിയാക്കാതെ 1964ല്‍ പുറത്തായി. 1977ല്‍ 111 അംഗങ്ങള്‍ പിന്തുണച്ചിട്ടും രണ്ടരവര്‍ഷത്തിനുള്ളില്‍ നാലു മുഖ്യമന്ത്രിമാരെ അവതരിപ്പിച്ച് രാഷ്ട്രിയ അസ്ഥിരതയ്ക്ക് കളമൊരുക്കി. വീണ്ടും 2001ല്‍ 100 സീറ്റ് നേടിയ കോണ്‍ഗ്രസ് മുന്നണിയും രണ്ടു മുഖ്യമന്ത്രിമാരെ അഞ്ചുവര്‍ഷത്തിനുളളില്‍ രംഗത്തിറക്കി. 2026ലും തുടക്കത്തിലെ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി പോരാടുന്ന കോണ്‍ഗ്രസ് നേതൃത്വം ജനങ്ങള്‍ നല്‍കിയ വിശ്വാസത്തെ വഞ്ചിക്കുകയാണ്. മുസ്ലീം ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയമാണ് ഇത്തവണയുണ്ടായത്. 22 സീറ്റ് നേടിയ ലീഗ് യുഡിഎഫിനെ നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടാവും.
ഒരുപാട് മോഹന വാഗ്ദാനങ്ങള്‍ നടത്തിയ കോണ്‍ഗ്രസ് ഭരണത്തില്‍ വരുമ്പോള്‍ സ്വാഗതം ചെയ്യുന്നത് കാലിയായ കേരളത്തിന്റെ ഖജനാവാണ്. വലിയ സാമ്പത്തിക ബാദ്ധ്യതകള്‍ ഉള്ള പ്രഖ്യാപനങ്ങള്‍ നടപ്പാകാതെ പോയാല്‍ ജനങ്ങള്‍ തെരുവിലിറങ്ങും. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പാക്കിയാല്‍ കെ.എസ്.ആര്‍.ടി.സി തന്നെ അടച്ചു പൂട്ടുന്ന സാഹചര്യം ഉണ്ടാവും. അടുത്ത മാസം മുതല്‍ ക്ഷേമ പെന്‍ഷന്‍ 3000 രൂപ ലഭിക്കുമെന്നു പ്രതീക്ഷയും യുഡിഎഫിനെ വിജയിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. വര്‍ഗ്ഗീയ മതമൗലികവാദ പ്രസ്ഥാനങ്ങള്‍ ഇക്കുറി പരസ്യമായാണ് യുഡിഎഫിന് പിന്തുണ നല്‍കിയത്. പത്തു വര്‍ഷത്തെ പിണറായി ദുര്‍ഭരണത്തില്‍ നിന്ന് രക്ഷനേടാന്‍ തിരഞ്ഞെടുത്ത യുഡിഎഫിന് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ കഴിയുമോ എന്നതില്‍ ആശങ്കയുണ്ട്. കേരളം ”എരിതീ”യില്‍ നിന്നും രക്ഷപ്പെട്ട് ”വറച്ചട്ടി”യില്‍ വീണതു പോലെയാകുമോ എന്ന് സംശയിക്കുന്നവരും ഉണ്ട്.
കേരളത്തിലെ സി.പി.എം- പശ്ചിമ ബംഗാള്‍, ത്രിപുര ഘടകങ്ങളുടെ പാതയില്‍ പുറത്തേയ്ക്ക്
2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പോടെ സി.പി.എം ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് അപ്രസക്തമാകുകയാണ്. പിണറായി വിജയന്‍ ചരിത്രത്തില്‍ ഇടം നേടുന്നത് രാജ്യത്തെ അവസാന കമ്മ്യൂണിസ്റ്റു മുഖ്യമന്ത്രി എന്ന നിലയിലായിരിക്കും. ഇടതുപക്ഷത്തിന്റെ അവസാന തരി കനലും അണഞ്ഞിരിക്കുന്നു. തന്റെ മന്ത്രിസഭയിലെ പതിമൂന്നു മന്ത്രിമാരെ ജനങ്ങള്‍ പരാജയപ്പെടുത്തി എന്ന ചരിത്രവും പിണറായിക്ക് അവകാശപ്പെടാം. ഇടതുപക്ഷം 99 സീറ്റില്‍ നിന്ന് 35 സീറ്റിലേയ്ക്ക് താണു. എന്നാല്‍ സി.പി.എം കേവലം 26 സീറ്റുകളില്‍ ഒതുങ്ങി. സാധാരണ സിപിഎം പരാജയപ്പെടുന്നതുപോലെയല്ല ഇപ്പോള്‍ തോറ്റത്. സംഘടനാപരമായി വന്‍ തകര്‍ച്ചയാണ് പാര്‍ട്ടിയ്ക്കുണ്ടായത്. സിപിഎമ്മിലെ മുതിര്‍ന്ന അഞ്ചു നേതാക്കള്‍ കോണ്‍ഗ്രസ് ചേരിയില്‍ നിന്നാണ് മത്സരിച്ചത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ തളിപ്പറമ്പ്, പയ്യന്നൂര്‍, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ സി.പി.എം വിമതരാണ് വിജയിച്ചത്. കണ്ണൂരിലെ പാര്‍ട്ടി കോട്ടകള്‍ സി.പി.എം. അണികള്‍ തന്നെ തകര്‍ത്തെറിഞ്ഞു എന്നുവേണം കരുതാന്‍.
പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് സിപിഎം പുറത്തായതുപോലെ കേരളവും ക്രമേണ ഇടതുപക്ഷവിരുദ്ധ സംസ്ഥാനമായി മാറുകയാണ്. മൂന്ന് സീറ്റുകളില്‍ വിജയിച്ച ബിജെപി നല്‍കുന്ന ഒരു സന്ദേശം അതാണ്. 2016ല്‍ ബിജെപി ബംഗാളില്‍ നേടുന്നത് കേവലം മൂന്ന് സീറ്റുകളാണ്. 2021ല്‍ അത് 72 സീറ്റ് ആയി ഉയര്‍ത്തി. 2026ല്‍ 206 സീറ്റുമായാണ് ബിജെപി ആദ്യമായി ബംഗാളില്‍ അധികാരത്തില്‍ വരുന്നത്. കേരളത്തിലും ബിജെപി ആ തരത്തില്‍ ഇടതുപക്ഷത്തെ മാറ്റി താമസിയാതെ രംഗം കയ്യടക്കും. സിപിഎമ്മിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ട്ടിയ്ക്കുള്ള ജനപിന്തുണ ഈ തരത്തില്‍ താഴുന്നത്. കേവലം 21.77% വോട്ടാണ് സിപിഎമ്മിനു ലഭിക്കുന്നത്. 26 സീറ്റുകളില്‍ വിജയിച്ചു. എങ്കിലും നാമമാത്രമായ ഭൂരിപക്ഷത്തിലാണ് പല സിപിഎം അംഗങ്ങളും വിജയിച്ചത്. 2011 ല്‍ സിപിഎം പരാജയപ്പെടുമ്പോള്‍ 28.2 ശതമാനം വോട്ട് ലഭിച്ചിരുന്ന പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തിയ പിണറായി വിജയന്‍ സര്‍ക്കാരിനെയും, പാര്‍ട്ടിയെയും തന്റെ കീഴിലാക്കിയിരുന്നു. പാര്‍ട്ടി സെക്രട്ടറിയ്ക്കും, എകെജി സെന്ററിനും കാര്യമായ റോള്‍ പിണറായി ഭരണത്തില്‍ ലഭിച്ചില്ല. പത്തു വര്‍ഷത്തെ തുടര്‍ഭരണം പാര്‍ട്ടിയെ അഴിമതിയുടെ കൂത്തരങ്ങാക്കി. സഹകരണ ബാങ്ക് കൊള്ള, ശബരിമല സ്വര്‍ണ്ണക്കൊള്ള തുടങ്ങി നിരവധി ആരോപണങ്ങള്‍ പാര്‍ട്ടിയെ സ്വന്തം അണികളില്‍ നിന്ന് അകറ്റി. ചുരുക്കത്തില്‍ ബിജെപിക്ക് വലിയ സാദ്ധ്യതകള്‍ നല്‍കികൊണ്ടാണ് പിണറായി വിജയന്‍ ഭരണത്തില്‍ നിന്നും പുറത്തു പോകുന്നത്. ഇടതുപക്ഷത്തെ മൂന്നു സിറ്റിംഗ് എം.എല്‍.എമാരെ പരാജയപ്പെടുത്തിയാണ് ബിജെപിയുടെ മൂന്ന് അംഗങ്ങള്‍ നിയമസഭയിലേയ്ക്ക് കടന്നുവരുന്നത്. പിണറായി വിജയന്‍ അല്ലാതെ മറ്റൊരു സീനിയര്‍ പാര്‍ട്ടി നേതാവും ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഇടതുപക്ഷ മുന്നണി തകര്‍ന്നു: എട്ട് ഘടകകഷികള്‍ക്ക് സമ്പൂര്‍ണ്ണപരാജയം
ഇടതുപക്ഷ മുന്നണിയിലെ എട്ട് ഘടകകഷികള്‍ക്ക് നിയമസഭയില്‍ കടക്കാന്‍ ജനങ്ങള്‍ അനുമതി നല്‍കിയില്ല. പന്ത്രണ്ട് സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിന് ചരിത്രത്തില്‍ ആദ്യമായി നിയമസഭയില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല.
ഇടതുമുന്നണിയില എസ്‌ജെഡി, ഐഎന്‍എല്‍, എന്‍സിപി, കേരള കോണ്‍ഗ്രസ് (ബി), ആര്‍.എസ്.പി(എല്‍), കോണ്‍ഗ്രസ് (എസ്), ജനാധിപത്യ കേരള കോണ്‍ഗ്രസ്, എല്‍ജെഡി തുടങ്ങിയ പാര്‍ട്ടികളും ഒരു സീറ്റ് പോലും നേടാതെ പുറത്തായി. ഈ പാര്‍ട്ടികളെ പ്രതിനിധീകരിച്ച മന്ത്രിമാരും പരാജയപ്പെട്ടു. നിലവില്‍ ഇടതു മുന്നണിയില്‍ നിയമസഭയില്‍ സിപിഎം, സിപിഐ, ആര്‍ജെഡി എന്നീ മൂന്നു കക്ഷികള്‍ മാത്രമാണ് ഉള്ളത്. കൂടാതെ സിപിഎം പതിനഞ്ച് മണ്ഡലങ്ങളില്‍ സ്വതന്ത്രന്മാരെ ഇറക്കി മത്സരിപ്പിച്ചിട്ടും ഒരാളും ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ല.
സിപിഎമ്മിന്റെ കണ്ണൂര്‍ കോട്ട തകര്‍ന്നു
കൊലപാതക രാഷ്ട്രീയവും ബോംബ് രാഷ്ട്രീയവും പാര്‍ട്ടി ഗുണ്ടകളും പാര്‍ട്ടിഗ്രാമങ്ങളും സൃഷ്ടിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കാത്തു സൂക്ഷിച്ച കണ്ണൂരിലെ പാര്‍ട്ടി കോട്ട പാര്‍ട്ടി അംഗങ്ങള്‍ തന്നെ തകര്‍ത്തു. ധര്‍മ്മടം മണ്ഡലത്തില്‍ ആദ്യ ആറ് റൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിറകിലായിരുന്നു. പയ്യന്നൂരും, തളിപ്പറമ്പും മാര്‍ക്‌സിസ്റ്റ് പാളയം വിട്ട യഥാക്രമം കെ. കുഞ്ഞികൃഷ്ണനും, ടി.കെ. ഗോവിന്ദനും കോണ്‍ഗ്രസ് പക്ഷത്തു നിന്ന് വിജയം നേടി. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ പരാജയപ്പെട്ടത് പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ തന്നെയാണ്. കുഞ്ഞികൃഷ്ണനും, ടി.കെ. ഗോവിന്ദനും പാര്‍ട്ടി വിട്ടപ്പോള്‍ കൂടെ ഇറങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും ഉണ്ടായില്ല. എന്നാല്‍ അതേ അണികള്‍ ബാലറ്റിലൂടെ പാര്‍ട്ടിയിലെ വിമത ശബ്ദങ്ങള്‍ക്ക് വിജയം നല്‍കി. സി.പി.എം. സ്ഥാനാര്‍ത്ഥിക്കള്‍ക്ക് വേണ്ടി പരസ്യമായി പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് രഹസ്യമായി വിമതന്മാര്‍ക്ക് വോട്ട് ചെയ്തത്. ചുരുക്കത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് ശത്രുക്കള്‍ പരസ്യമായി പാര്‍ട്ടിയ്ക്ക് പുറത്തുവന്നവര്‍ അല്ല, മറിച്ച്, പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ്. എന്നാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിയുകയുമില്ല. പരസ്പരം അവിശ്വസിക്കുന്ന അണികളെയും നേതാക്കളെയും കൊണ്ട് സിപിഎമ്മിന് ഇനി കണ്ണൂരിലെ പാര്‍ട്ടി കോട്ടയെ ശക്തിപ്പെടുത്താന്‍ കഴിയില്ല. ചുരുക്കത്തില്‍ പാര്‍ട്ടിയുടെ ശത്രുക്കള്‍ പാര്‍ട്ടിയ്ക്ക് അകത്താണ് എന്നതാണ് സിപിഎം കണ്ണൂരിലും ആലപ്പുഴയിലും നേരിടുന്ന വലിയ പ്രതിസന്ധി. കണ്ണൂരിലെ സിപിഎമ്മിന്റെ മുന്നണിപ്പോരാളികളായ മൂന്നു ജയരാജന്മാരും ഇന്ന് മുന്നില്‍ ഇല്ല. പിണറായി ഒഴിച്ചുള്ള കണ്ണൂരിലെ എല്ലാ മുതിര്‍ന്ന നേതാക്കളെയും പിണറായി തന്നെ വെട്ടി നിരത്തിയതാണ് കണ്ണൂരില്‍ പാര്‍ട്ടിയെ തകര്‍ത്തത്. കണ്ണൂരിലെ ആറ് സീറ്റുകളില്‍ സിപിഎം വിജയിച്ചു എങ്കിലും അവരുടെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. 2021ല്‍ ധര്‍മ്മടം മണ്ഡലത്തില്‍ 59.61 ശതമാനം വോട്ടു നേടിയാണ് പിണറായി വിജയന്‍ വിജയിച്ചത്. 2026ല്‍ അദ്ദേഹത്തിന്റെ വോട്ട് പത്ത് ശതമാനം കുറഞ്ഞ് 49.87 ശതമാനമായി. ഇടതുപക്ഷം വിജയിച്ച കൂത്തുപറമ്പ്, തലശ്ശേരി, കല്ല്യാശ്ശേരി, അഴിക്കോട്, ധര്‍മ്മടം, മട്ടന്നൂര്‍ തുടങ്ങിയ ആറുമണ്ഡലങ്ങളിലും ഭൂരിപക്ഷത്തില്‍ ഗണ്യമായ കുറവുണ്ടായി.
അപകടകരമായ മതധ്രുവീകരണം
2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടുതരത്തിലുള്ള തരംഗം ഉണ്ടായി. ഒരു ഭാഗത്ത് പിണറായി സര്‍ക്കാരിനെതിരായ ജനരോഷം യുഡിഎഫിന് തുണയായി. മറുഭാഗത്ത് ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കളായ ജമാഅത്തെ ഇസ്ലാമിയും മുസ്ലീം ലീഗും സംയുക്തമായി രൂപപ്പെടുത്തിയ മുസ്ലീം ധ്രുവീകരണവും യുഡിഎഫിന് തുണയായി. മലപ്പുറം ജില്ലയിലെ പതിനാറുമണ്ഡലങ്ങളും കോണ്‍ഗ്രസ് പക്ഷത്ത് നിലയുറപ്പിച്ചത് മതപരമായ ധ്രുവീകരണത്തിന്റെ പശ്ചാത്തലത്തിലാണ്. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം സര്‍വ്വകാല റിക്കാര്‍ഡാണ്. മുസ്ലീം ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് 22 സീറ്റില്‍ വിജയിക്കുന്നത്. 2011 ല്‍ 20 സീറ്റുകളില്‍ വിജയിച്ച പശ്ചാത്തലത്തിലാണ് മുസ്ലീം ലീഗ് അഞ്ചാം മന്ത്രി വിവാദം തുറന്നു വിട്ടതും അതു നേടി എടുത്തതും.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്ന വേളയില്‍ പോലും പരസ്യമായി പോരാടുന്ന കോണ്‍ഗ്രസ് ഭരണത്തില്‍ വരുമ്പോള്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്നതും, സുപ്രധാന വകുപ്പുകള്‍ കയ്യാളുന്നതും മുസ്ലീം ലീഗായിരിക്കും. ഉപമുഖ്യമന്ത്രി, മലപ്പുറം ജില്ലാ വിഭജനം തുടങ്ങിയ ആവശ്യങ്ങള്‍ വരുന്ന ദിവസങ്ങളില്‍ ശക്തിപ്രാപിക്കും. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കാന്‍ കേരളകോണ്‍ഗ്രസിലെ കേവലം ഏഴ് എംഎല്‍എമാര്‍ മാത്രമാണ് ഉണ്ടാവുക. ഭൂരിപക്ഷ ഹിന്ദുസമൂഹത്തിന്റെ താല്പര്യങ്ങള്‍ വരും നാളുകളില്‍ സര്‍ക്കാരിന്റെ മുന്‍ഗണനാവിഷയങ്ങളല്ലാതാകും. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലാ മുസ്ലീം വിഭാഗങ്ങളും പാര്‍ട്ടികളും ഒരുപക്ഷത്ത് അണി നിരക്കുന്നത്. അതാണ് മതേതര ജനാധിപത്യത്തിന് അപകടമായി മാറുന്നതും.
മതധ്രുവീകരണം ലീഗിന് ചരിത്ര വിജയം
കേരളത്തിലെ മുസ്ലീം ലീഗിന്റെ ചരിത്രത്തില്‍ റിക്കാര്‍ഡ് വിജയമാണ് 2026ല്‍ ഉണ്ടായത്. 26 സീറ്റുകളില്‍ മത്സരിച്ച മുസ്ലീംലീഗിന് 22 സീറ്റ് ലഭിച്ചു. 2011 ല്‍ 20 സീറ്റ് നേടിയതാണ് മുന്‍കാലത്തെ വലിയ റിക്കാര്‍ഡ്. 2021ല്‍ പതിനഞ്ച് സീറ്റുകള്‍ നേടിയ ലീഗ് ഏഴുസീറ്റുകള്‍ ഇക്കുറി അധികം നേടി. യുഡിഎഫ് തരംഗത്തിന്റെ പ്രഭവ കേന്ദ്രമായി മലപ്പുറം ജില്ല മാറി. ജില്ലയിലെ 16 മണ്ഡലങ്ങളും യുഡിഎഫ് നേടി. ഏഴിടത്ത് അരലക്ഷത്തിലധികമാണ് ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം. കുഞ്ഞാലിക്കുട്ടിയ്ക്ക് 85,327 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ലീഗിന് ആകെ 23.78 ലക്ഷം വോട്ടുകള്‍ ലഭിച്ചു.
ജമാഅത്തെ ഇസ്ലാമി – മുസ്ലീം ലീഗ് ഐക്യം മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് വന്‍ ധ്രൂവീകരണം നടത്തി ഉന്നത വിജയം നേടി. രണ്ടു പതിറ്റാണ്ടായി ഇടതുപക്ഷം വിജയിച്ചിരുന്ന പൊന്നാനി മണ്ഡലം ഇത്തവണ യുഡിഎഫ് നേടി. എടുത്തു പറയേണ്ട വസ്തുത മലപ്പുറം ജില്ലയില്‍ മാത്രം യുഡിഎഫിന് 7,08,171 വോട്ടിന്റെ ഭൂരിപക്ഷം തൊട്ടടുത്ത എല്‍ഡിഎഫിനെക്കാള്‍ ഉണ്ട് എന്നതാണ്. പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ ജനരോഷവും ഒപ്പം മുസ്ലീം മത ധ്രുവീകരണവും ലീഗിന്റെ ചരിത്ര വിജയത്തിന് വേദിയൊരുക്കി. (പട്ടിക 1 കാണുക)

ബിജെപിയെ തോല്പിക്കാന്‍ ഇടതു-കോണ്‍ഗ്രസ്-ലീഗ് ധാരണ
മഞ്ചേശ്വരം, പാലക്കാട്, നേമം തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഇടതു-കോണ്‍ഗ്രസ്-ജിഹാദി ധാരണയുണ്ടായി. പാലക്കാട് മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ തോല്‍പിക്കാന്‍ ഇടതുപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസ്സിലേക്ക് പോയി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2024 ലെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ലഭിച്ചത് 39,549 (28.63%) വോട്ടുകളായിരുന്നു. 2026ല്‍ ശോഭാസുരേന്ദ്രന്‍ അത് 49,052 (33.8%) വോട്ടായി ഉയര്‍ത്തി. സിപിഎമ്മിന് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ 37,156 വോട്ടുകള്‍ ലഭിച്ചു എങ്കില്‍ 2026ല്‍ അത് 33,931 വോട്ടായി കുറഞ്ഞു. അതേ സമയം കോണ്‍ഗ്രസ് 58,389 വോട്ടില്‍ നിന്ന് 62,199 വോട്ടായി ഉയര്‍ത്തി.
മഞ്ചേശ്വരം മണ്ഡലത്തില്‍ കെ. സുരേന്ദ്രന് 2021ല്‍ 65,013 (37.7%) വോട്ട് ലഭിച്ചു. 2026ല്‍ കെ. സുരേന്ദ്രന് ലഭിച്ചത് 67,676 (36.5%)വോട്ടാണ്. എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് 2021ല്‍ 40,639 (23.5%) വോട്ട് ലഭിച്ചു. അത് 2026ല്‍ 21.212 (11.29%) വോട്ടായി കുറഞ്ഞു. മാത്രമല്ല, കെട്ടിവച്ച തുകയും സിപിഎമ്മിന് ലഭിക്കാതെയായി. സിപിഎമ്മിന്റെ വോട്ടുകള്‍ ബിജെപിയെ തോല്‍പിയ്ക്കാന്‍ ലീഗിലേയ്ക്ക് ഒഴുകി എന്നത് വ്യക്തമാണ്. നേമം നിയോജമണ്ഡലത്തില്‍ ന്യൂനപക്ഷവോട്ടുകള്‍ പൂര്‍ണ്ണമായും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയ്ക്ക് ലഭിച്ചു. 2021ല്‍ 36,524 വോട്ട് (25.1%) ലഭിച്ച കോണ്‍ഗ്രസിന് 2026ല്‍ ലഭിച്ചത് കേവലം 29,730 (21.8%) വോട്ടുകള്‍ മാത്രമാണ്. എന്നിരുന്നാലും നേമത്ത് ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്‍ 57,192 വോട്ടുകള്‍ നേടി വിജയിച്ചു.
ശ്രദ്ധേയമായ മറ്റൊരു വസ്തുത കേരളം മുഴുവന്‍ യുഡിഎഫിന് അനുകൂല തരംഗം ഉണ്ടായപ്പോഴും ബിജെപി വിജയിച്ച നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ കൂടാതെ ബിജെപി രണ്ടാംസ്ഥാനത്തു വന്ന ആറ്റിങ്ങല്‍ നിയോജകമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ഏറെ ദുര്‍ബ്ബലമായ മൂന്നാം സ്ഥാനത്താണ് വന്നത്. യുഡിഎഫിന് ലഭിക്കേണ്ട ന്യൂനപക്ഷ വോട്ടുകള്‍ ഇടതുപക്ഷത്തേയ്ക്ക് പോയി. ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തു തന്നെയായിരുന്നു. ഇത്തവണ ബിജെപി വിജയം ഉറപ്പായതുകൊണ്ടാണ് യുഡിഎഫിന്റെ വോട്ടുകള്‍ ഇടതുപക്ഷത്തേയ്ക്ക് പോയത്. നേമം നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ 2024ലെ ലോകസഭയില്‍ കോണ്‍ഗ്രസിന് 39,901 വോട്ടുകള്‍ ലഭിച്ചു. ഇടതുപക്ഷത്തിന് 33,322 വോട്ടും ലഭിച്ചു. എന്നാല്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം 52,214 വോട്ടായി ഉയര്‍ത്തി. കോണ്‍ഗ്രസ് 23,791 വോട്ടില്‍ ചുരുങ്ങി. ബിജെപിയ്ക്ക് ലോകസഭാതിരഞ്ഞെടുപ്പില്‍ നേമത്ത് 61,227 വോട്ടുകള്‍ ലഭിച്ചിരുന്നു. ആറ്റിങ്ങലിലും കോണ്‍ഗ്രസിന് ലോകസഭയില്‍ ലഭിച്ച വോട്ട് നിയമസഭയില്‍ ലഭിച്ചില്ല. ഇതു സൂചിപ്പിക്കുന്നത് ബിജെപിയ്ക്ക് വിജയസാധ്യതയുണ്ടാവുമ്പോള്‍ ഇടതു-വലതു മുന്നണി വോട്ടുകള്‍ മണ്ഡലത്തിന്റെ ശക്തിയനുസരിച്ച് പരസ്പരം കൈമാറുന്നു എന്നത് തന്നെയാണ്. പാലക്കാടും, മഞ്ചേശ്വരത്തും അത് യുഡിഎഫിന് ഗുണമായി. നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഇടതുപക്ഷം വിജയിക്കാതെ പോയത് ബിജെപി ഈ ഗൂഢാലോചന പുറത്തു കൊണ്ടുവന്നതുകൊണ്ട്, ഇടതു-വലതു മുന്നണികള്‍ രണ്ടല്ല ഒന്നാണ് എന്ന് ജനം തിരിച്ചറിഞ്ഞു.


2026ലെ തിരഞ്ഞെടുപ്പ് ബിജെപിയ്ക്ക് നല്‍കുന്ന പാഠം
ചരിത്രവിജയം നേടിയ ബിജെപിയ്ക്കും എന്‍ഡിഎയ്ക്കും ഈ തിരഞ്ഞെടുപ്പ് ചില സന്ദേശങ്ങള്‍ നല്‍കുന്നു.
1. കേരള രാഷ്ട്രീയത്തില്‍ ബിജെപിയുഗം പിറന്നിരിക്കുന്നു. ആത്മവിമര്‍ശനപരമായി ബിജെപിയുടെ കേരള-കേന്ദ്ര നേതൃത്വങ്ങള്‍ മുന്നോട്ടു പോയാല്‍ കേരളത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാം. ജനങ്ങള്‍ ബിജെപിയില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നു. എന്നാല്‍ പല മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. ബിജെപിയ്ക്ക് ലഭിക്കേണ്ട ഇടതു സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളില്‍ ഒരു ഭാഗം ചില മണ്ഡലങ്ങളിലെങ്കിലും യുഡിഎഫിന് പോയി എന്നുവേണം കരുതാന്‍.
2. സീസണല്‍ സ്ഥാനാര്‍ത്ഥികള്‍ (seasonal candidates)- തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഗുണം ചെയ്തില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തില്‍ ജനകീയരാകുന്ന നേതാക്കളെല്ലാം ഒരേ മണ്ഡലത്തിലോ, ഒരു പ്രദേശത്തോ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരാണ്. കെ.കരുണാകരന്‍, ഉമ്മന്‍ചാണ്ടി, കെ.എം.മാണി തുടങ്ങി പ്രമുഖ മുന്‍കാല നേതാക്കളെല്ലാം ഒരു മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. കഴക്കൂട്ടത്ത് വിജയിച്ച വി. മുരളീധരനും, ചാത്തന്നൂരില്‍ നിന്ന് വിജയിച്ച ബി.ബി. ഗോപകുമാറും ഒരു ദശകമായി അതാതു മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചവരും മുമ്പും അവിടെ നിന്ന് മത്സരിച്ചവരുമാണ്. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ വലിയ സാദ്ധ്യതയുണ്ടായിട്ടും ബിജെപിക്ക് വിജയിക്കാന്‍ കഴിയാത്തത്, ആ തരത്തിലുള്ള ശ്രമം നടത്താത്തതുകൊണ്ടാണ്. 2016ല്‍ കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് മത്സരിച്ച് രണ്ടാം സ്ഥാനത്ത് വന്നിരുന്നു. 2016ല്‍ 32.19 ശതമാനം ലഭിച്ച ബിജെപിയ്ക്ക് 20.21 ശതമാനം വോട്ട് വര്‍ദ്ധനവാണ് വട്ടിയൂര്‍ക്കാവില്‍ അന്ന് ഉണ്ടായത്. എന്നാല്‍ 2021ല്‍ കുമ്മനം രാജശേഖരന്‍ നേമത്തും, 2026ല്‍ ആറന്മുളയിലുമാണ് ജനവിധി തേടിയത്. അതുപോലെ ബിജെപിയിലെ ഏറ്റവും ജനപിന്തുണയുള്ള വനിതാ നേതാവായ ശോഭാ സുരേന്ദ്രന്‍ വടക്കാഞ്ചേരി, പൊന്നാനി, എറണാകുളം, പുതുക്കാട്, പാലക്കാട്, കഴകൂട്ടം തുടങ്ങി വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ മുന്‍പ് മത്സരിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തില്‍ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ വിജയസാദ്ധ്യത വളരെ വലുതാകുമായിരുന്നു. ഒരു പക്ഷെ 2026ല്‍ ബിജെപി (എന്‍ഡിഎ) സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കൂടുതല്‍ കരുതലോടെ എടുത്തിരുന്നെങ്കില്‍ വട്ടിയൂര്‍ക്കാവ്, ചെങ്ങന്നൂര്‍, തൃപ്പൂണ്ണിത്തുറ, കൊടുങ്ങല്ലൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയുമായിരുന്നു.
3. എന്‍ഡിഎ ഒരു മുന്നണി എന്ന നിലയില്‍ 2016ല്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. 2021 ലും 2026ലും ബിഡിജെഎസ്, ട്വന്ററി 20 സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ല. മാത്രമല്ല എന്‍ഡിഎ കുറച്ചുകൂടെ ഏകോപിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടായിരുന്നു. ഏതാണ്ട് നാല്പതു മണ്ഡലങ്ങളില്‍ എന്‍ഡിഎ ഘടകകക്ഷികള്‍ ശ്രദ്ധേമായ മത്സരം കാഴ്ചവെച്ചില്ല. ഇടതുമുന്നണിയും, വലതു മുന്നണിയും ചെറിയ ഘടകക്ഷികളെ പൂര്‍ണ്ണരൂപത്തില്‍ പിന്തുണ നല്‍കിയാണ് വിജയിപ്പിച്ച് എടുക്കുന്നത്. എന്നാല്‍ എന്‍ഡിഎയില്‍ ആ തരത്തിലുള്ള മുന്നണി ശാക്തീകരണം ഉണ്ടായില്ല. ബിഡിജെഎസ്. 1.35 ശതമാനം വോട്ടും, ട്വന്റി 20 1.41. ശതമാനം വോട്ടുമാണ് നേടിയത്.
4. ബിജെപിയുടെ ക്രിസ്ത്യന്‍ ഔട്ട് റീച്ച് പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല. അതേ സമയം ഹിന്ദു സമൂഹത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ല. ക്രിസ്ത്യന്‍ സഭകളുടെ പിന്തുണ തേടിയതുപോലെ ഹിന്ദുക്കളിലെ അടിസ്ഥാന ജനവിഭാഗങ്ങളെ ആകര്‍ഷിക്കുന്ന ഔട്ട് റീച്ച് പരിപാടികള്‍ ഒന്നും ഉണ്ടായില്ല. തിരുവനന്തപുരം ജില്ലയില്‍ വട്ടിയൂര്‍ക്കാവ് ഒഴിച്ചുള്ള മണ്ഡലങ്ങളില്‍ എല്ലാം ബിജെപി വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചു എങ്കിലും മറ്റു ജില്ലകളില്‍ പ്രതിക്ഷീച്ചതുപോലെ വോട്ട് ഉയര്‍ന്നില്ല.
5. ബിജെപി-എന്‍ഡിഎ വോട്ടില്‍ കാര്യമായ ചാഞ്ചാട്ടം കാണാം. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 6 ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാല്‍ 2016ല്‍ ബിജെപി സഖ്യത്തിന് 15 ശതമാനം വോട്ട് ലഭിച്ചു. 2021ല്‍ അത് 12.41 ശതമാനമായി കുറഞ്ഞു. 2026 ല്‍ എന്‍ഡിഎയ്ക്ക് 14.22 ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാല്‍ 2024ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ 19.6 ശതമാനം വോട്ടും, 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 14.7 ശതമാനം വോട്ടുമാണ് ലഭിച്ചത്. ബിജെപിയുടെ സപ്പോര്‍ട്ട് ബേസ് സ്ഥിരമായി നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതലായി ഉണ്ടാവണം.
6. ഇടതുപക്ഷത്തിന്റെ സംഘടനാപരമായ ദൗര്‍ബ്ബല്യം ഉപയോഗപ്പെടുത്താന്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിനു പൂര്‍ണ്ണമായും കഴിഞ്ഞില്ല. ജനകീയ വിഷയങ്ങളില്‍ നിരന്തരമായി ഇടപെട്ട് ജനവിശ്വാസം ആര്‍ജ്ജിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തുനിന്നും ഇക്കുറി കൂടുതല്‍ വോട്ടുകള്‍ ഒഴുകിയത് കോണ്‍ഗ്രസ് മുന്നണിയിലേയ്ക്കാണ്. ബിജെപിയ്ക്ക് വിജയ സാദ്ധ്യതയുണ്ടെങ്കില്‍ തീര്‍ച്ചയായും ഇടതുപക്ഷ അണികളെ ആകര്‍ഷിക്കാന്‍ കഴിയും.
7. കുറഞ്ഞത് നൂറില്‍ അധികം മണ്ഡലങ്ങളില്‍ ബിജെപി സഖ്യത്തിന് കാര്യക്ഷമമായ ബൂത്ത് തല ഏകീകരണം നടന്നില്ല എന്നുവേണം കരുതാന്‍. എന്‍ഡിഎയ്ക്ക് 2016ല്‍ ലഭിച്ച വോട്ടുപോലും ലഭിക്കാത്ത മണ്ഡലങ്ങള്‍ 2026ല്‍ ഉണ്ട്.
8. മുസ്ലീം സമൂഹം ചരിത്രത്തില്‍ ആദ്യമായി മതാടിസ്ഥാനത്തില്‍ സമ്പൂര്‍ണ്ണ കേന്ദ്രീകരണം ഉണ്ടായപ്പോള്‍ ഹിന്ദുസമൂഹം നിസ്സംഗതയോടെ നോക്കി നിന്നു എന്നുവേണം കരുതാന്‍. മുസ്ലീംലിഗിന് ചരിത്രത്തില്‍ ആദ്യമായി 22 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞത് കേരളത്തിലെ മുസ്ലീംവോട്ടുകളെ മതാടിസ്ഥാനത്തില്‍ ഏകീകരിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്.
9. എന്‍ഡിഎ – ബിജെപി സംഖ്യം സംസ്ഥാനത്തെ 140 മണ്ഡലങ്ങളെയും ‘എ’ ക്ലാസ്സായികണ്ട് തന്നെ പ്രവര്‍ത്തനം നടത്തണം. ഒപ്പം മുന്‍വിധിയില്ലാത്ത വോട്ടര്‍മാരെ കാണാന്‍ കഴിയണം. പശ്ചിമബംഗാളില്‍ മൂന്ന് സീറ്റില്‍ നിന്ന് 77 ആയും അഞ്ചു വര്‍ഷം കഴിഞ്ഞ് 206 സീറ്റായും ബിജെപി വളര്‍ന്നത് ശക്തമായ ജന മുന്നേറ്റത്തിലൂടെയാണ്. ജനകീയ വിഷയങ്ങളില്‍ ശക്തമായതും സ്ഥായിയായതുമായ ജനമുന്നേറ്റങ്ങളും സമരങ്ങളും ഉണ്ടാവണം. കൂടാതെ അടിസ്ഥാന ജനവിഭാഗങ്ങളെ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം.
ഹിന്ദു സമൂഹത്തിലെ 25 ശതമാനം പേരുടെ പിന്തുണ പോലും നേടാന്‍ എന്‍ഡിഎ സഖ്യത്തിനു കഴിഞ്ഞിട്ടില്ല. 75 ശതമാനം ഹിന്ദുക്കള്‍ ബിജെപിയ്ക്ക് എതിരായ മുന്നണികളെയാണ് സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ഹിന്ദു ഔട്ട്‌റീച്ച് പരിപാടികള്‍ക്ക് രൂപം നല്‍കണം.
10. ഓരോ ബൂത്തിലെയും മുന്‍കാല പ്രവര്‍ത്തകരെയും മുതിര്‍ന്ന പ്രവര്‍ത്തകരെയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കണം. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ശക്തമായ ഏകീകരണത്തിനും തിരഞ്ഞെടുപ്പുവേളയില്‍ ശ്രദ്ധ നല്‍കണം. പ്രവര്‍ത്തനം ഇല്ലാത്ത ബൂത്തുകളെ തിരഞ്ഞെടുത്ത് ശാക്തീകരിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.
11. ഇടതുപക്ഷ കോട്ടകളില്‍ ശക്തമായ വിള്ളല്‍ വീണു കഴിഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങള്‍ ഇന്നും ഇടതുപക്ഷത്ത് തന്നെയാണ് നില്‍ക്കുന്നത്. അവരെ ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കണം. കേരളത്തില്‍ ന്യൂനപക്ഷ ധ്രുവീകരണം നടന്നാലും, 95 മണ്ഡലങ്ങളില്‍ ഹിന്ദു സമൂഹത്തിന് മേല്‍ക്കോയ്മയുണ്ട്. കൂടുതല്‍ ഏകീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ ബിജെപിയ്ക്ക് വലിയ വിജയം നേടാം. ഇടതുപക്ഷത്തെ ജീര്‍ണ്ണത ബിജെപിയുടെ വളര്‍ച്ചയ്ക്കുള്ള വളമാണ്.
(കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഗ്ലോബല്‍ സ്റ്റഡീസ് മുന്‍ പ്രൊഫസര്‍&ഡീനും മുന്‍ പ്രോ-വൈസ്ചാന്‍സലറുമായിരുന്നു ലേഖകന്‍)






















