ജി. പത്മനാഭസ്വാമി പത്മനാഭനില്‍ വിലയിച്ചു. ആരോടും ഒന്നും ഉരിയാടാതെ പൊട്ടിച്ചിരിച്ചും തമാശകള്‍ പറഞ്ഞും ഗൗരവമുള്ള കാര്യങ്ങളില്‍ ഇടപെട്ടും ഒരസുഖത്തിന്റെ ലാഞ്ചന പോലും പ്രകടിപ്പിക്കാതെ എല്ലാവരേയും ഞെട്ടിപ്പിച്ചും പൊട്ടിക്കരയിപ്പിച്ചും പെട്ടെന്നൊരു വിടവാങ്ങല്‍. എട്ട് പതിറ്റാണ്ട് കാലത്തെ കര്‍മ്മനിരതമായ ജീവിതം. ഇതില്‍ നാലര പതിറ്റാണ്ട് കാലം സാമൂഹ്യസേവനത്തിനായുള്ള സമര്‍പ്പണം. ജീവിതം സമ്പൂര്‍ണ്ണമായി സംഘത്തിനായ് സമര്‍പ്പിച്ച പ്രചാരകന്‍മാര്‍ക്ക് തുല്യമായി ചില സന്ദര്‍ഭങ്ങളില്‍ അവരെപോലും അത്ഭുതപ്പെടുത്തു മാറായിരുന്നു സ്വാമിയുടെ ശ്രേഷഠമായ ജീവിതം. തലമുറകളായി പകര്‍ന്നു കിട്ടിയ കുടുംബ പാരമ്പര്യത്തിന്റെ മഹത്വത്തെ ജീവിതത്തില്‍ പിന്തുടര്‍ന്ന് എളിമയുടെയും ലാളിത്യത്തിന്റെയും സ്‌നേഹത്തിന്റെയും കാവലാളായി മാറിയ സ്വാമി. ഗീതാകാരന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കും വിധം സ്ഥിരോല്‍സാഹിയും ധൈര്യശാലിയും നിരന്തരമായി കര്‍മ്മം ചെയ്തു കൊണ്ടിരിക്കുന്നവനുമായ സാത്വികനായ ഒരു കാര്യകര്‍ത്താവായിരുന്നു സ്വാമി. കര്‍മ്മം ചെയ്തു കൊണ്ടിരിക്കെ തന്നെ മരണം. താന്‍ നട്ടുവളര്‍ത്തിയ തന്റെ സര്‍വ്വസ്വവും സമര്‍പ്പിച്ച തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ച വ്യാസവിദ്യാനികേതന്‍ വിദ്യാലയത്തിലേക്ക് പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് സ്വാമിക്ക് നെഞ്ച് വേദന വരുന്നതും ആശുപത്രിയിലെത്തിക്കുന്നതും. വൈകാതെ തന്നെ മരണവും സംഭവിച്ചു.
ചാലക്കുടിയുടെ സാമൂഹ്യ – വിദ്യാഭ്യാസ സാംസ്‌കാരിക സേവന രംഗങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ജഗദ്ഗുരു ട്രസ്റ്റിന്റെ മുഖ്യശില്പി, സംഘത്തിന്റെ ചാലക്കുടിയുടെ മുഖം, ബഹുമുഖ പ്രതിഭ. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വെളിച്ചം വിതറുന്ന വ്യാസവിദ്യാനികേതന്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ചത് സ്വാമിയുടെ തറവാട്ട് മുറ്റത്ത് ഒരു ഓലഷെഡ്ഡില്‍. ഇന്ന് പോട്ട വ്യാസപുരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാലയത്തിന്റെ ഓരോ സ്പന്ദനങ്ങളിലും സ്വാമിയുണ്ട്. വ്യാസയെന്നാല്‍ സ്വാമിയാണ്. 80-ാമത്തെ വയസ്സിലും ചുറുചുറുക്കോടെ എല്ലാകാര്യങ്ങളിലും ഇടപ്പെട്ട് വ്യാസയെ നേര്‍വഴിക്കു നയിച്ചു കൊണ്ടിരുന്ന ആ കസേര ഇനി ശൂന്യം. വിദ്യാലയത്തിന്റെ അവസാന വാക്ക് ഇനിയില്ല.
വിദ്യാര്‍ത്ഥികള്‍ക്ക് സ്വാമി അവരുടെ മുത്തച്ഛനാണ്. വ്യാസയിലെ ഇതുവരെ പഠിച്ച മൂവ്വായിരത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ക്കും സ്വാമി അവരുടെ സ്വന്തമാണ്. അദ്ധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സ്വാമി ഒരച്ഛന്റെ സ്ഥാനത്താണ്. ഒരോ രക്ഷകര്‍ത്താക്കള്‍ക്കും സ്വാമി അവരുടെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ്. സ്വാമിയെ അറിയാത്തവരായി ചാലക്കുടിയില്‍ ആരുമുണ്ടാവും എന്നു തോന്നുന്നില്ല. സാമി സംഘത്തിന്റെ മാത്രം സ്വത്തായിരുന്നില്ല. സമാജത്തിന്റെ സര്‍വ്വസ്വമായിരുന്നു. സ്വാമിയുടെ നിര്യാണ വാര്‍ത്തയറിഞ്ഞ് അവിടെക്ക് ഒഴുകിയെത്തിയ ആയിരങ്ങളില്‍ ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-രാഷ്ട്രീയ-സാമൂഹ്യ വത്യാസമില്ലാതെ എല്ലാവരുമുണ്ടായിരുന്നു. അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ മനസ്സില്‍ സ്വാമി ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ലെന്ന് അവരുടെ സ്മരണകളില്‍ നിന്ന് വ്യക്തമായി.
കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ അദ്ദേഹം സ്വാമിയായിരുന്നു. ആദ്യകാലത്ത് നാഗപൂരിലെ ജനങ്ങള്‍ എന്താണ് ആര്‍എസ്എസ് എന്ന് ചോദിക്കുമ്പോള്‍ ഡോക്ടര്‍ജിയെ ചൂണ്ടി, ദാ പോകുന്നു ആര്‍എസ്എസ് എന്നു പറയാറുള്ളതുപോലെ ചാലക്കുടിയിലെ ജനങ്ങളില്‍ ജീവിക്കുന്ന ആര്‍എസ്എസ്സിന്റെ പ്രതിരൂപമായിരുന്നു സ്വാമി. ആ പ്രതിരൂപത്തെ കണ്ടുകൊണ്ടാണ് സംപൂജ്യ ഋതാനന്ദപുരി സ്വാമികളും അംബുജാക്ഷി ടീച്ചറുമെല്ലാം അവരുടെ കോടികള്‍ വില മതിക്കുന്ന ഭൂമികള്‍ സംഘത്തിനായി, ട്രസ്റ്റിനായി ദാനം നല്‍കിയത്. ചാലക്കുടിയുടെ ഹൃദയഭാഗത്തുള്ള കണ്ണമ്പുഴേശ്വരിയുടെ തട്ടകത്തുള്ള അദ്ദേഹത്തിന്റെ അയോദ്ധ്യ എന്ന ഭവനം എല്ലാവര്‍ക്കുമായി തുറന്നിട്ടു. ആര്‍ക്കും ഏതു സമയത്തും കയറി ചെല്ലാവുന്നിടം. അവിടെ പോയാല്‍ ഒരു നേരത്തെ ആഹാരത്തിന് മുട്ടില്ല. അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയായ ജാനകി ചേച്ചിയുടെ കൈ കൊണ്ട് വിളമ്പിയ ആഹാരം കഴിച്ച എത്രയോ സംഘഅധികാരിമാര്‍. സാധാരണ പ്രവര്‍ത്തകര്‍. സ്വാമിയുടെ സര്‍വ്വസ്വവും സംഘത്തിനായിരുന്നു. അദ്ദേഹം ‘ആഹാരം’ മാത്രമല്ല നല്‍കിയത് ‘ആധാരവും’ നല്‍കി. അദ്ദേഹത്തിന്റെ വീടും സ്‌കൂട്ടറും കാറും എല്ലാം കൂടുതല്‍ ഉപയോഗിച്ചത് സംഘപ്രവര്‍ത്തകരാണ്. ഒരുവേള ട്രസ്റ്റിന് ഒരു വാഹനം വാങ്ങിയാലോ എന്ന് ചിന്തിച്ചപ്പോള്‍ സ്വാമി പറഞ്ഞു. ”ഇപ്പോള്‍ എന്തിനാണ് നമുക്ക് വാഹനം. എന്റെ വണ്ടിയുണ്ടല്ലോ…” അതായിരുന്നു സ്വാമി. സംഘത്തില്‍ നാം പറയുന്ന ‘തന മന ധന’ പൂര്‍വ്വകമായ സമര്‍പ്പണത്തിന്റെ സന്ദേശവാഹകന്‍ തന്റെ പേരിനെ അന്വര്‍ത്ഥമാക്കും വിധം ശുദ്ധതയുടെ അതേസമയം ശാന്തതയുടെയും സ്‌നേഹത്തിന്റേയും സാന്ത്വനത്തിന്റേയും സമവായത്തിന്റേയും ജീവിത മാതൃക.
കൊച്ചിന്‍ ട്രാവന്‍കൂര്‍ കെമിക്കല്‍സില്‍ ചീഫ് എഞ്ചിനീയറായി ജീവിതമാരംഭിച്ച് വിശ്വഹിന്ദു പരിഷത്തിലൂടെ കടന്നുവന്ന് സംഘത്തിലൂടെ വളര്‍ന്ന് ഒരു മാതൃകാ സ്വയംസേവകനും കാര്യകര്‍ത്താവുമായി പ്രവര്‍ത്തിച്ചു. തുടര്‍ ന്ന് താലൂക്ക്, ജില്ലാ വിഭാഗ് സംഘചാലക് പദവികള്‍ നിര്‍വ്വഹിച്ച് പ്രാന്തീയ സേവാ പ്രമുഖ് എന്ന ചുമതലയിലും എറണാകുളം കേന്ദ്രമായ അയോദ്ധ്യ പ്രിന്റേഴ്‌സിന്റെ ചെയര്‍മാനായും ട്രസ്റ്റ് ചെയര്‍മാനും ഖണ്ഡ് സംഘചാലക് പദവിയും നിര്‍വ്വഹിച്ച് വരവെയാണ് അന്ത്യം. പണത്തിന്റെ പിന്നാലെ പോകാത്ത സ്വാമി തന്റെ കയ്യിലുള്ളത് സമൂഹത്തിനായി സമര്‍പ്പിച്ചു. അധികാരത്തിനായി അടരാടാത്ത സ്വാമി അനീതിക്കെതിരെ അടരാടി. സാമൂഹ്യ പ്രവര്‍ത്തനം ചെയ്തുകൊണ്ട് സാമൂഹ്യ തിന്മകള്‍ക്കെതിരെ നിലകൊണ്ടു. പ്രളയ ദുരന്തത്തില്‍ സ്വന്തം കുടുംബം മുങ്ങുമ്പോള്‍ പോലും മറ്റു കുടുംബങ്ങളെ സംരക്ഷിക്കാന്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സ്വാമിയുണ്ടായിരുന്നു. നമ്മുടെ വിദ്യാലയത്തിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഒരഭയാര്‍ത്ഥിയായി താമസിക്കേണ്ടിവന്നപ്പോഴും സ്വാമിയുടെ ചിന്ത മറ്റുള്ളവരെ കുറിച്ചായിരുന്നു. പിന്നീട് രണ്ടാഴ്ചകാലം സേവാഭാരതിയുടെ നേതൃത്വത്തില്‍ ക്ലീന്‍ ചാലക്കുടിക്കായി പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ മുന്‍പന്തിയിലും സ്വാമിയുണ്ട്.
ഏത് ചുമതലയില്‍ ഇരിക്കുമ്പോഴും സ്വാമിക്ക് ഒരേ ഭാവമായിരുന്നു. സംഘവും സ്‌കൂളും സ്വാമിയുടെ സര്‍വ്വസ്വമായിരുന്നു. സാധാരണ സ്വയംസേവകര്‍ മുതല്‍ സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ വരെയുള്ളവരുമായി സ്വാമിക്ക് ബന്ധമുണ്ട്. സ്വാമിയുടെ വീട്ടിലെ ആതിഥ്യം സ്വീകരിക്കാത്ത സംഘകാര്യകര്‍ത്താക്കള്‍ ആരും തന്നെയുണ്ടാവും എന്ന് തോന്നുന്നില്ല. ഏതൊരു കാര്യത്തിലും സ്വാമി മാതൃകയായിരുന്നു. തിരഞ്ഞെടുപ്പു രംഗത്ത് വീട് വീടാന്തരം കയറിയിറങ്ങി വോട്ട് പിടിക്കാന്‍, സംഘത്തിന്റെ ശതാബ്ദിയുള്‍പ്പെടെയുള്ള ഏതൊരു സമ്പര്‍ക്കത്തിനും കേസരിവരിക്കാരെ കണ്ടെത്താന്‍, ജന്മഭൂമി പ്രചാരത്തിന്, സംഘപരിശീലനങ്ങള്‍ക്ക് ശിക്ഷാര്‍ത്ഥികളെ അയക്കാന്‍, ബാലഗോകുലം ശോഭായാത്രക്ക് കൃഷ്ണന്മാരെ ഒരുക്കാന്‍, ക്ഷേത്രസംരക്ഷണ സമിതിയുടെ ശിബിരങ്ങള്‍ക്കും സാമൂഹ്യ ആരാധനകള്‍ക്കും സഹായങ്ങള്‍ ചെയ്യാന്‍, ഹിന്ദുഐക്യവേദിയുടെ സമ്മേളനങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും മുന്നില്‍ നില്‍ക്കാന്‍ വേണ്ടി വന്നാല്‍ പ്രസംഗിക്കാന്‍, ഇതിനെല്ലാം സാമ്പത്തിക സഹായങ്ങള്‍ ചെയ്യാന്‍, വിദ്യാലയത്തിലെ കുട്ടി കളുടെ വീടുകള്‍ സമ്പര്‍ക്കം ചെയ്യാന്‍, പഠിക്കാന്‍ വിഷമമുള്ള വരെ കണ്ടെത്തി അവരെ പ്രേരിപ്പിക്കാനും സാമ്പത്തിക സഹായം വേണ്ടവര്‍ക്ക് അത് ചെയ്തു കൊടുക്കാനും സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ മക്കളെ കൊണ്ടെല്ലാം അത് ചെയ്യിപ്പിക്കാനും എല്ലാം സ്വാമി മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
സ്വാമി ഒരു ഹോമിയോ ഡോക്ടറായിരുന്നില്ല, പക്ഷേ എത്രയോ ആളുകള്‍ക്ക് അദ്ദേഹം ഹോമിയോ മരുന്ന് കൊടുത്തിരിക്കുന്നു. അദ്ദേഹം ഔദ്യോഗികമായി ഒരു കൗണ്‍സിലിംഗ് കണ്‍സല്‍ട്ടല്‍സി നടത്തിയിരുന്നില്ല. പക്ഷേ എത്രയോ ജീവിതങ്ങളെയാണ് നേര്‍വഴിയിലിലേക്ക് നയിച്ചത്. അദ്ദേഹം ഒരു വിദ്യാഭ്യാസ വിചക്ഷണനായിരുന്നില്ല. പക്ഷേ എത്രയോ വിദ്യാര്‍ത്ഥികളെയാണ് അദ്ദേഹം വിദ്യാഭ്യാസത്തിന്റെ പുത്തന്‍ ചക്രവാളങ്ങള്‍ താണ്ടാന്‍ പ്രാപ്തമാക്കിയത്. ആരോടും വിദ്വേഷമില്ലാത്ത, വെറുപ്പില്ലാത്ത, വീക്ഷണമുള്ള, ധീക്ഷണയുള്ള ചാലക്കുടിയുടെ സ്വന്തം സ്വാമി. ജി. പത്മനാഭ സ്വാമി ഇനി ഓര്‍മ്മ മാത്രം.
(ആര്‍എസ്എസ് ഉത്തരപ്രാന്ത കാര്യകാരി സദസ്യനും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് ലേഖകന്‍)






















