ഭാരതീയ സംഗീത വിഹായസ്സില്‍ ഒരേസമയം ഉദിച്ചുനിന്ന രണ്ട് സൂര്യന്മാരായിരുന്നു ലതാ മങ്കേഷ്‌കറും ആഷാ ഭോസ്‌ലെയും. ഒരാള്‍ ശാന്തമായ പ്രകാശത്തോടെ ഒഴുകിയപ്പോള്‍, മറ്റെയാള്‍ വര്‍ണ്ണവൈവിധ്യങ്ങള്‍ വാരിവിതറി ആകാശത്തെ പ്രകമ്പനം കൊള്ളിച്ചു. ആഷാ ഭോസ്‌ലെ എന്നത് കേവലം ഒരു ഗായികയുടെ പേരല്ല; മറിച്ച് ഏഴ് പതിറ്റാണ്ടുകളായി ഭാരതീയ സിനിമാസംഗീതത്തെ നനച്ചു വളര്‍ത്തിയ ഒരു പ്രതിഭാസമായിരുന്നു. 1933 സപ്തംബര്‍ 8-ന് സാംഗ്ലിയിലെ ഒരു സംഗീത കുടുംബത്തിലാണ് ആഷാ ഭോസ്‌ലെ ജനിച്ചത്. പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞനും നാടകപ്രതിഭയുമായിരുന്ന പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കര്‍ എന്ന പിതാവില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യക്ഷരങ്ങള്‍ അവര്‍ അഭ്യസിച്ചത്. ഒന്‍പതാം വയസ്സില്‍ പിതാവിന്റെ വിയോഗം ആ കുടുംബത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. സംഗീതം അന്നവര്‍ക്ക് കലയേക്കാളുപരി അതിജീവനത്തിനുള്ള ഉപാധിയായിരുന്നു. 1943-ല്‍ ‘മാഝാ ബാല്‍’ എന്ന മറാത്തി ചിത്രത്തിലൂടെയാണ് ആഷാ ഭോസ്‌ലെ ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്. ലതാ മങ്കേഷ്‌കര്‍ എന്ന ഇതിഹാസം സിനിമാസംഗീതത്തെ അടക്കിവാണിരുന്ന കാലത്താണ് ആഷാ ഭോസ്‌ലെ തന്റെ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്നത്. തുടക്കത്തില്‍ ലത നിരസിക്കുന്ന പാട്ടുകളും രണ്ടാംനിര നായികമാര്‍ക്കുള്ള പാട്ടുകളുമാണ് ആഷയെ തേടിയെത്തിയിരുന്നത്. എന്നാല്‍ പരിമിതികളെ പ്രതിഭകൊണ്ട് മറികടക്കാന്‍ അവര്‍ തീരുമാനിച്ചു. ഏതുതരം ഗാനവും തനിക്ക് വഴങ്ങുമെന്ന് ആ സ്വരം തെളിയിച്ചു.
ഒ.പി. നയ്യാര്‍ എന്ന സംഗീതസംവിധായകനുമായുള്ള കൂട്ടുകെട്ട് ആഷാ ഭോസ്‌ലെയുടെ ജീവിതത്തിലെ വഴിത്തിരിവായി. ‘നയാ ദൗര്‍’, ‘ഹൗറ ബ്രിഡ്ജ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ആധുനികതയുടെയും ഊര്‍ജ്ജസ്വലതയുടെയും പര്യായമായി ആഷ മാറി. ലതയുടെ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി, പാട്ടുകളില്‍ ഒരുതരം കുസൃതിയും ആവേശവും സന്നിവേശിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. സംഗീത സംവിധായകന്‍ ആര്‍.ഡി. ബര്‍മനുമായുള്ള ഒത്തുചേരല്‍ ഭാരതീയ സംഗീത ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. വെസ്റ്റേണ്‍ ബീറ്റുകളും റോക്ക് ആന്‍ഡ് റോള്‍ താളങ്ങളും ഭാരതീയ സംഗീതത്തില്‍ ഇത്രമേല്‍ മനോഹരമായി ആവാഹിച്ച മറ്റൊരു ഗായികയുണ്ടാവില്ല. ‘ദം മാരോ ദം’, ‘ചുരാ ലിയാ ഹേ തുംനേ’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും യുവതലമുറയെ ആവേശം കൊള്ളിക്കുന്നു. എന്നാല്‍ ഇതേ ആഷാ ഭോസ്‌ലെ തന്നെയാണ് ‘ഉമ്രാവോ ജാന്‍’ എന്ന ചിത്രത്തിലൂടെ ഗസലുകളുടെ ലോകത്ത് വിസ്മയം തീര്‍ത്തത് എന്നതും ശ്രദ്ധേയമാണ്. ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറ എത്രത്തോളം ഭദ്രമാണെന്ന് ‘ദില്‍ ചീസ് ക്യാ ഹേ’ പോലുള്ള ഗാനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ആഷാ ഭോസ്‌ലെയുടെ ആലാപന ശൈലി പരിശോധിച്ചാല്‍ അതില്‍ വല്ലാത്തൊരു വന്യതയും അതോടൊപ്പം തന്നെ അതിലോലമായ ലാസ്യവും കാണാം. ഭജനകള്‍, ഗസലുകള്‍, പോപ്പ് ഗാനങ്ങള്‍, ശാസ്ത്രീയ സംഗീതം എന്നിങ്ങനെ അവര്‍ സ്പര്‍ശിക്കാത്ത മേഖലകളില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഗായിക എന്ന ഗിന്നസ് റെക്കോര്‍ഡ് ആഷാ ഭോസ്‌ലെയുടെ പേരിലാണ്. മലയാളം ഉള്‍പ്പെടെ ഇരുപതിലധികം ഭാഷകളില്‍ അവര്‍ പാടിയിട്ടുണ്ട്. ‘സുജാത’ എന്ന ചിത്രത്തിലെ ”സ്വയംവര ശുഭദിന മംഗളങ്ങള്‍…” എന്ന ഗാനം മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ആഷാ ഭോസ്‌ലെ ഒരു വ്യക്തിയല്ല, ഒരു കാലഘട്ടത്തിന്റെ ശബ്ദമാണ്. ആധുനികതയും പാരമ്പര്യവും ഒരേ സ്വരത്തില്‍ ലയിക്കുന്ന അത്ഭുതം. മൈക്രോഫോണിന് മുന്നില്‍ നില്‍ക്കുമ്പോള്‍ അവര്‍ ഒരു തപസ്വിയെപ്പോലെ മാറുന്നു. കാലം എത്ര കഴിഞ്ഞാലും, സംഗീതത്തില്‍ പുതിയ പരീക്ഷണങ്ങള്‍ വന്നാലും ആഷാ ഭോസ്‌ലെ എന്ന സംഗീത മാന്ത്രിക ശബ്ദം ഭാരതീയ സംഗീതത്തിന്റെ നിത്യയൗവനമായി നിലനില്‍ക്കും.
ആഷാ ഭോസ്‌ലെ എന്ന ഗായികയെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത് സംഗീതത്തിലെ പരീക്ഷണങ്ങളോടുള്ള അവരുടെ അടങ്ങാത്ത അഭിനിവേശമാണ്. 1960-കളിലും 70-കളിലും ഇന്ത്യന്‍ ചലച്ചിത്ര സംഗീതം ഒരു മാറ്റത്തിന് വിധേയമായപ്പോള്‍ അതിന്റെ മുന്‍നിരയില്‍ ആഷാ ഉണ്ടായിരുന്നു. ക്ലബ്ബ് ഗാനങ്ങള്‍ എന്നും കാബറേ ഗാനങ്ങള്‍ എന്നും മുദ്രകുത്തി മാറ്റിനിര്‍ത്തപ്പെട്ട പാട്ടുകളെ തന്റെ സ്വരമാധുര്യം കൊണ്ട് ഉന്നതമായ കലാസൃഷ്ടികളാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു. ഹെലന്‍ എന്ന നര്‍ത്തകിക്ക് വേണ്ടി ആഷാ ഭോസ്‌ലെ പാടിയ പാട്ടുകള്‍ ഭാരതീയ സിനിമാ ചരിത്രത്തിലെ വിസ്മയങ്ങളാണ്. ‘പിയാ തൂ അബ് തോ ആജാ’, ‘ഓ ഹസീനാ സുല്‍ഫു വാലി’ തുടങ്ങിയ ഗാനങ്ങളില്‍ ആഷാ നല്‍കിയ ശ്വാസതാളങ്ങളും ഭാവങ്ങളും അന്നുവരെയുള്ള പിന്നണിഗാന രീതികളെ പൊളിച്ചെഴുതുന്നവയായിരുന്നു. പാട്ടിന്റെ വരികള്‍ക്കിടയില്‍ അവര്‍ കൊണ്ടുവന്ന ചെറിയ ചിരികള്‍, ഗദ്ഗദങ്ങള്‍, ദീര്‍ഘനിശ്വാസങ്ങള്‍ എന്നിവ ആ ഗാനങ്ങള്‍ക്ക് ജീവന്‍ നല്‍കി. ഒ.പി. നയ്യാറുടെ തനതായ താളത്തിനൊപ്പം ആഷാ ഭോസ്‌ലെ സഞ്ചരിച്ചപ്പോള്‍ പിറന്നത് സംഗീതത്തിലെ വസന്തകാലമായിരുന്നു. എന്നാല്‍ ആര്‍.ഡി. ബര്‍മന്‍ എന്ന പ്രതിഭയുമായുള്ള സംഗമമാണ് ആഷയെ ഒരു ഗ്ലോബല്‍ ഐക്കണാക്കി മാറ്റിയത്. പാശ്ചാത്യ സംഗീതത്തിലെ ജാസ്സ്, റോക്ക് ശൈലികള്‍ ഭാരതീയര്‍ക്ക് പരിചിതമല്ലാത്ത കാലത്ത്, അവയെ ഏറ്റവും ലളിതമായി അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഓരോ പാട്ടിനും ആവശ്യമായ ‘മൂഡ്’ കൃത്യമായി പിടിച്ചെടുക്കുന്നതില്‍ ആഷാ ഭോസ്‌ലെ പ്രകടിപ്പിച്ച വൈഭവം അതുല്യമാണ്. ‘യേ മേരാ ദില്‍’ എന്ന ഗാനത്തിലെ തീക്ഷ്ണതയല്ല ‘ചുരാ ലിയാ ഹേ’ എന്ന ഗാനത്തിലെ പ്രണയാതുരതയ്ക്കും അവര്‍ നല്‍കിയത്. ഈ വൈവിധ്യമാണ് ആഷയെ എക്കാലത്തെയും വിപ്ലവകാരിയായ ഗായികയാക്കി മാറ്റിയത്.
സംഗീതത്തിലെന്നപോലെ ജീവിതത്തിലും പതറാത്ത പോരാളിയായിരുന്നു ആഷാ ഭോസ്‌ലെ. വ്യക്തിജീവിതത്തില്‍ നേരിട്ട കഠിനമായ പ്രതിസന്ധികള്‍ ആഷാജിയെ തളര്‍ത്തിയില്ല. കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ അവഗണിച്ച് പതിനാറാമത്തെ വയസ്സില്‍ വിവാഹിതയായ ആഷാജിക്ക് പിന്നീട് ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു. മൂന്ന് മക്കളുമായി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ കഷ്ടപ്പെടുമ്പോഴും സംഗീതത്തെ അവര്‍ മുറുകെ പിടിച്ചു. ആഷാ ഭോസ്‌ലെ എന്ന വ്യക്തിയെ കുറിച്ച് പറയുമ്പോള്‍ അവരുടെ പാചകകലയിലുള്ള പ്രാവീണ്യവും എടുത്തു പറയേണ്ടതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ‘ആഷാസ്’ എന്ന പേരില്‍ റെസ്റ്റോറന്റുകള്‍ അവര്‍ വിജയകരമായി നടത്തുന്നു. സംഗീതവും ഭക്ഷണവും സ്‌നേഹം വിതറാനുള്ള വഴികളാണെന്ന് അവര്‍ വിശ്വസിക്കുന്നു. സംഗീത രംഗത്തെ പുതുതലമുറയോട് അവര്‍ കാണിക്കുന്ന വാത്സല്യം എടുത്തു പറയേണ്ടതാണ്. റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായി എത്തുമ്പോള്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉപദേശങ്ങള്‍ കേവലം സാങ്കേതികമല്ല, മറിച്ച് ദീര്‍ഘകാലത്തെ അനുഭവങ്ങളില്‍ നിന്ന് ഊറ്റിയെടുത്ത പാഠങ്ങളാണ്. എഴുപതുവയസ് പിന്നിട്ടപ്പോഴും സംഗീത ആല്‍ബങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ആഷാ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു. ലതാ മങ്കേഷ്‌കര്‍ എന്ന മഹാഗായികയുടെ നിഴലില്‍ ഒതുങ്ങിപ്പോകാന്‍ സാധ്യതയുണ്ടായിരുന്ന ഒരു കരിയറിനെ, സ്വന്തം കഠിനാധ്വാനം കൊണ്ട് മറ്റൊരു സൂര്യനായി വളര്‍ത്തിയെടുത്തതാണ് ആഷാ ഭോസ്‌ലെയുടെ വിജയം.
പ്രതിഭയുള്ളവര്‍ക്ക് ഒരു കാലത്തും വിസ്മൃതിയിലാകാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് ആ സ്വരം. ആഷാ ഭോസ്‌ലെ പാടിത്തീര്‍ത്ത ആയിരക്കണക്കിന് ഗാനങ്ങള്‍ കേവലം ശബ്ദതരംഗങ്ങളല്ല, മറിച്ച് പല തലമുറകളുടെ വികാരങ്ങളുടെയും സ്വപ്‌നങ്ങളുടെയും പ്രതിഫലനമാണ്. കാലം എത്ര മുന്നോട്ട് പോയാലും ആ സ്വരമാധുര്യം ഇന്ത്യന്‍ ആത്മാവില്‍ ഒരു സുഗന്ധമായി അവശേഷിക്കും. ആഷാ ഭോസ്‌ലെ തന്റെ സുദീര്‍ഘമായ സംഗീത യാത്രയില്‍ ഇരുപതിലധികം ഭാരതീയ ഭാഷകളിലും വിദേശ ഭാഷകളിലുമായി പതിനായിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഹിന്ദി, മലയാളം, മറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, ഒറിയ, ആസാമീസ്, ഭോജ്പുരി, പഞ്ചാബി, ഉറുദു, സംസ്‌കൃതം, കൊങ്കണി, നേപ്പാളി തുടങ്ങിയ ഭാരതീയ ഭാഷകളിലും ഇംഗ്ലീഷ് (വെസ്റ്റേണ്‍ ആര്‍ട്ടിസ്റ്റുകളുമായുള്ള കൊളാബറേഷനുകള്‍) റഷ്യന്‍, ചെക്ക്, മലായ് ഭാഷകളിലും ആഷാജി സംഗീത വിസ്മയങ്ങള്‍ സൃഷ്ടിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത വ്യക്തി എന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കുമ്പോള്‍, ആ വൈവിധ്യമാര്‍ന്ന ഭാഷാപ്രാവീണ്യം വലിയൊരു ഘടകമായിരുന്നു. ഓരോ ഭാഷയിലെയും ഉച്ചാരണശുദ്ധിയും ഭാവവും തനിമ ചോരാതെ അവതരിപ്പിക്കാനുള്ള ആഷാജിയുടെ കഴിവ് അതിശയിപ്പിക്കുന്നതാണ്.
ആഷാ ഭോസ്‌ലെയുടെ ജീവിതം പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും വലിയൊരു പാഠപുസ്തകമാണ്. സംഗീതത്തിലെ തിളക്കത്തിനപ്പുറം കല്ലും മുള്ളും നിറഞ്ഞ ഒരു പാതയിലൂടെയാണ് അവര്‍ നടന്നുനീങ്ങിയത്. ലതാ മങ്കേഷ്‌കര്‍, മീനാ ഖാദികര്‍, ഉഷ മങ്കേഷ്‌കര്‍, ഹൃദയനാഥ് മങ്കേഷ്‌കര്‍ എന്നിവരായിരുന്നു സഹോദരങ്ങള്‍. പിതാവില്‍ നിന്നാണ് സംഗീതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ സ്വായത്തമാക്കിയത്. പതിനാറാം വയസ്സില്‍ ആഷാ ഭോസ്‌ലെ എടുത്ത ഒരു തീരുമാനം അവരുടെ ജീവിതത്തെ മാറ്റിമറിച്ചു. കുടുംബത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് സഹോദരി ലതാ മങ്കേഷ്‌കറുടെ പേര്‍സണല്‍ സെക്രട്ടറി ആയിരുന്ന മുപ്പത്തിയൊന്നുകാരനായ ഗണപത് റാവു ഭോസ്‌ലെയെ അവര്‍ വിവാഹം കഴിച്ചു. എന്നാല്‍ ആ ദാമ്പത്യം ഒട്ടും സുഖകരമായിരുന്നില്ല. 1960-ല്‍ ആ ബന്ധം അവസാനിക്കുമ്പോള്‍, ഗര്‍ഭിണിയായ ആഷാ രണ്ട് മക്കളുമായി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടു. പിന്നീട് തന്റെ മാതൃഗൃഹത്തിലേക്ക് മടങ്ങിയെത്തിയ അവര്‍ മക്കള്‍ക്ക് വേണ്ടി സംഗീതത്തെ ജീവിതമാര്‍ഗ്ഗമായി സ്വീകരിച്ചു. 1980-ലാണ് പ്രശസ്ത സംഗീത സംവിധായകന്‍ ആര്‍.ഡി. ബര്‍മനെ ആഷാ വിവാഹം കഴിക്കുന്നത്. സംഗീതപരമായും വൈകാരികമായും ഇരുവരും വലിയ ആത്മബന്ധം പുലര്‍ത്തിയിരുന്നു. 1994-ല്‍ ബര്‍മന്റെ മരണം വരെ ആ ബന്ധം തുടര്‍ന്നു. ആഷാ ഭോസ്‌ലെയ്ക്ക് മൂന്ന് മക്കളാണുള്ളത് മൂത്ത മകന്‍ ഹേമന്ത് ഭോസ്‌ലെ സംഗീത സംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. 2015-ല്‍ അദ്ദേഹം അന്തരിച്ചു. ഏക മകള്‍ വര്‍ഷ ഭോസ്‌ലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകയും ഗായികയുമായിരുന്നു. 2012-ല്‍ അവര്‍ ആത്മഹത്യ ചെയ്തത് ആഷാ ഭോസ്‌ലെയെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. ഇളയ മകന്‍ ആനന്ദ് ഭോസ്‌ലെ ബിസിനസ് മാനേജ്‌മെന്റ് പഠിച്ച് അമ്മയുടെ കരിയറും റെസ്റ്റോറന്റ് ശൃംഖലകളും നിയന്ത്രിക്കുകയായിരുന്നു. മക്കളുടെയും പ്രിയപ്പെട്ടവരുടെയും വേര്‍പാടുകള്‍ നല്‍കിയ ആഘാതങ്ങളില്‍ നിന്നും സംഗീതം കൊണ്ടാണ് അവര്‍ മോചിതയായത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും തളരാതെ സംഗീതവേദികളില്‍ സജീവമാകാന്‍ അവര്‍ക്ക് സാധിച്ചു. ദുരന്തങ്ങള്‍ വേട്ടയാടുമ്പോഴും പുഞ്ചിരിയോടെയും ഊര്‍ജ്ജസ്വലതയോടെയും മൈക്രോഫോണിന് മുന്നില്‍ നില്‍ക്കുന്ന ആഷാ ഭോസ്‌ലെ ഒരു വലിയ വിസ്മയമാണ്.
ആഷാ ഭോസ്‌ലെയുടെ സംഗീത സപര്യയെ രാജ്യം ആദരിച്ചത് ഏറ്റവും വലിയ പുരസ്‌കാരങ്ങള്‍ നല്‍കിയാണ്. എട്ടു പതിറ്റാണ്ടിലേറെ നീണ്ട ആ സംഗീതയാത്രയ്ക്ക് രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ (2008) നല്‍കി ഭാരതം ആദരിച്ചു. ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം (2000), മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം രണ്ട് തവണ അവരെ തേടിയെത്തി. 1981- ചിത്രം: ഉമ്രാവോ ജാന്‍ (ഗാനം: ‘ദില്‍ ചീസ് ക്യാ ഹേ’) 1986 ചിത്രം: ഇജാസത്ത് (ഗാനം: ‘മേരാ കുച്ച് സമാന്‍’) 2011ല്‍, സംഗീത ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഗായികയായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ആഷാ ഭോസ്‌ലെയെ ഔദ്യോഗികമായി അംഗീകരിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി, ബംഗാ വിഭൂഷണ്‍ (2018), പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉയര്‍ന്ന ബഹുമതി. ഗ്രാമി അവാര്‍ഡ് നാമനിര്‍ദ്ദേശം, 1997-ലും 2005-ലും വിദേശ സംഗീതജ്ഞര്‍ക്കൊപ്പമുള്ള ആല്‍ബങ്ങളിലൂടെ ഗ്രാമി അവാര്‍ഡിന്റെ പട്ടികയില്‍ ഇടംപിടിച്ചു. ഭാരതീയ സംഗീത ലോകത്ത് ഒരു ഗായികയ്ക്ക് ലഭിക്കാവുന്ന മിക്കവാറും എല്ലാ ആദരങ്ങളും ആഷാ ഭോസ്‌ലെയെ തേടിയെത്തിയിട്ടുണ്ട്. ഓരോ പുരസ്‌കാരവും ആഷാ ഭോസ്‌ലെയുടെ കഠിനാധ്വാനത്തിന്റെയും വൈവിധ്യമാര്‍ന്ന ആലാപന ശൈലിയുടെയും അംഗീകാരമാണ്. ആഷാ ഭോസ്‌ലെ വെറുമൊരു ഗായികയല്ല; മറിച്ച് ഇന്ത്യയുടെ ഏഴ് പതിറ്റാണ്ടുകളുടെ വികാരഭൂപടമാണ്. ലതയുടെ ശബ്ദം ആത്മീയമായ ഒരു അനുഭൂതിയായിരുന്നെങ്കില്‍, ആഷയുടെ ശബ്ദം ജീവിതത്തിന്റെ ആഘോഷമായിരുന്നു. വിടവാങ്ങുമ്പോഴും ആ സ്വരം നമ്മോട് പറയുന്നത് ഒന്നുമാത്രം ”ജീവിതം എങ്ങനെയൊക്കെ പരീക്ഷിച്ചാലും അതിനെയൊക്കെ പാടി തോല്‍പ്പിക്കാം.”






















