മലയാളബാലസാഹിത്യരംഗത്തെ പ്രതിഭാധനരില്‍ അഗ്രഗാമി യായിരുന്ന ശങ്കരനാരായണന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വിഷ്ണുപദം പൂകി. 1945 ല്‍ കണ്ണൂരില്‍ ജനിച്ച അദ്ദേഹം ‘ശങ്കരനാരായണന്‍’ എന്ന തൂലികാനാമത്തിലാണ് അറിയപ്പെട്ടത്. കോളേജ് വിദ്യാഭ്യാസത്തിനുശേഷം ആദ്യം കോഴിക്കോടും പിന്നീട് എറണാകുളത്തുമായി ആറ് വര്‍ഷത്തോളം പത്രപ്രവര്‍ത്തനം. തുടര്‍ന്ന് ഏലം ബോര്‍ഡില്‍ ഉദ്യോഗസ്ഥനായി. ഏലം ബോര്‍ഡിന്റെ എക്കാലത്തെയും പ്രശസ്തമായ ‘ഏലം ഒരു ശീലമാക്കൂ’ എന്ന പരസ്യ വാചകത്തിന്റെ ഉപജ്ഞാതാവ് ശ്രീ ശങ്കരനാരായണനായിരുന്നു. ‘സ്‌പൈസസ് ഇന്ത്യ’ മാസികയുടെ പത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചു. എന്നാല്‍ ഏറെ താമസിയാതെ സ്‌പൈസസ് ബോര്‍ഡുമായുള്ള തന്റെ ബന്ധം വിച്ഛേദിക്കുവാനും അദ്ദേഹം തയ്യാറായി.
ഈസോപ്പുകഥകള്‍, രാമായണ കഥകള്‍, അറിയൂ ഗാന്ധിജിയെ തുടങ്ങി 90ലധികം കൃതികള്‍ രചിച്ചിട്ടുണ്ട്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കവിതാ പുരസ്‌കാരം, ഉപഭോക്തൃ ബോധവല്‍ക്കരണ അവാര്‍ഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവര്‍ണ്ണ ജൂബിലി പുരസ്‌കാരം, സമഗ്ര സംഭാവനയ്ക്കുള്ള കവി സമാജം പുരസ്‌കാരം, കുഞ്ഞുണ്ണി പുരസ്‌കാരം എന്നിവയും ലഭിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സംസ്ഥാന നിര്‍വാഹക സമിതി അംഗമായി അടുത്തിടെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
പ്രഫ. എം.പി. മന്മഥന്‍, പ്രഫ.ജി. കുമാരപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മദ്യവിരുദ്ധസമരങ്ങളിലും സജീവമായി പങ്കെടുത്തു. ‘ലഹരിക്കെതിരെ ലഹരി’ എന്ന ബോധവല്‍ക്കരണ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷനിലെ അംഗമായിരുന്നു. കോഴിക്കോട് സര്‍വകലാശാല ഗാന്ധി ചെയറിന്റെ ആദരം ലഭിച്ചിരുന്നു. ഗാന്ധിയന്‍ ആശയപ്രചരണത്തെ മാനിച്ച് കൊല്‍ക്കത്തയിലെ ‘വാക്’ എന്ന സംഘടന ഏര്‍പ്പെടുത്തിയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
കൊച്ചി ആകാശവാണിയില്‍ സ്ഥിരമായി സുഭാഷിതങ്ങള്‍ അവതരിപ്പിച്ചിരുന്നു. ജീവിതമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന രചനകളും പ്രഭാഷണങ്ങളുമാണ് തന്റെ മേഖലയായി അദ്ദേഹം തെരഞ്ഞെടുത്തത്.
കുഞ്ഞുണ്ണി മാസ്റ്റര്‍, മാലി മാധവന്‍ നായര്‍ എന്നിവരെ പിന്തുടര്‍ന്ന് പി.ഐ. ശങ്കരനാരായണനും ബാലഗോകുലവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ബാലസാഹിതി പ്രകാശന്‍, കുരുക്ഷേത്ര പ്രകാശന്‍ തുടങ്ങിയ പുസ്തക പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായും അദ്ദേഹം ഉറ്റബന്ധം പുലര്‍ത്തി.
1987-88 മുതല്‍ ‘മലയാളം ഒരു ശീലമാക്കൂ’ എന്ന പ്രചരണവുമായി സാഹിത്യ പരിഷത്ത് വഴി ഭാഷാ ദിനാചരണത്തിന് തുടക്കം കുറിച്ചു. കുട്ടികളില്‍ വായനശീലം വളര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എറണാകുളത്ത് നവമന ബാലവികാസകേന്ദ്രം ആരംഭിച്ചു. തൃശ്ശൂര്‍ സ്വദേശിനിയായ നളിനിയാണ് ഭാര്യ.






















