ഭാരതത്തില്‍ ന്യൂനപക്ഷങ്ങള്‍ വലിയ ഭീഷണി നേരിടുകയാണെന്ന് ആവര്‍ത്തിച്ചു പറയുന്ന അന്താരാഷ്ട്ര ലോബികള്‍ ഉയര്‍ത്തിക്കാട്ടുന്ന മാതൃക ഏതു രാജ്യത്തിന്റേതാണ്? ന്യൂനപക്ഷമായ കറുത്ത വര്‍ഗ്ഗക്കാര്‍ക്കു തിരഞ്ഞെടുപ്പില്‍ സംരക്ഷണം നല്‍കിയിരുന്ന വോട്ടവകാശനിയമത്തെ ദുര്‍ബ്ബലമാക്കിയ അമേരിക്കന്‍ മാതൃകയോ? 1965- ആഗസ്റ്റ് 6 ന് അമേരിക്കന്‍ പ്രസിഡന്റ് ലൈണ്‍ഡോണ്‍ ബി ജോണ്‍സണ്‍ ഒപ്പുവെച്ച വോട്ടവകാശ നിയമം ഇയ്യിടെ സുപ്രീം കോടതി ദുര്‍ബ്ബലമാക്കിയിരിക്കുന്നു. അമേരിക്കയിലെ അലഭാമയിലുള്ള സെല്‍മയില്‍ സിവില്‍ അവകാശ സംരക്ഷണത്തിനായി മാര്‍ച്ച് നടത്തിയ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെ അക്രമമഴിച്ചുവിട്ട ‘കറുത്ത ഞായറാഴ്ച’ക്കു ശേഷം അഞ്ചു മാസത്തിനുശേഷമാണ് വോട്ടവകാശ നിയമം കൊണ്ടുവന്നത്. ഈ നിയമം വഴിയാണ് ക്രിമിനല്‍ നീതി, തൊഴില്‍, ആരോഗ്യസംരക്ഷണം, വോട്ടവകാശം എന്നിവയിലെല്ലാം കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നീതി ലഭിച്ചിരുന്നത്. ഈ നിയമത്തെ ഘട്ടം ഘട്ടമായി സുപ്രീം കോടതി ദുര്‍ബ്ബലമാക്കികൊണ്ടിരിക്കയായിരുന്നു. 2013 -ല്‍ സുപ്രീം കോടതി ഈ നിയമത്തെ വിമര്‍ശിച്ചു. വംശീയ വിവേചന ചരിത്രമുള്ള സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും തിരഞ്ഞെടുപ്പു നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനു മുമ്പ് ഫെഡറല്‍ സര്‍ക്കാരിന്റെ അംഗീകാരം നേടണമെന്ന വ്യവസ്ഥ ഈ നിയമത്തില്‍ ഉണ്ടായിരുന്നു. പ്രീക്ലിയറന്‍സ് എന്നാണ് ഈ വ്യവസ്ഥ അറിയപ്പെട്ടത്. അതാണ് താല്ക്കാലികമായി സുപ്രീം കോടതി നിര്‍ത്തിവെച്ചിരിക്കുന്നത്.
ഒബാമ പ്രസിഡന്റായതുള്‍പ്പെടെ, 2008 ലെയും 2012ലെയും തിരഞ്ഞെടുപ്പില്‍ വംശീയ പോളിങ് വിടവ് പൂജ്യമായി കുറഞ്ഞു എന്നാണ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് അഭിപ്രായപ്പെട്ടത്. അതുകൊണ്ട് ഈ നിയമവും അതു കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നല്‍കുന്ന പരിഗണനയും ഇനി വേണ്ട എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സുപ്രീംകോടതി വരെ വംശീയ സ്വഭാവം കാണിക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് അമേരിക്കയില്‍. കറുത്തവന് നീതി ഉറപ്പാക്കുന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണ് എന്ന് പച്ചയ്ക്ക് പറയുന്ന യാഥാസ്ഥിതികരായ ജഡ്ജിമാരുടെ വിധിയെഴുത്തിനൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് അമേരിക്ക ഭരിക്കുന്ന പ്രസിഡന്റ് ട്രംപിന്റെ ഭരണരീതി.
ഈ അമേരിക്കയാണ് ലോകത്തെ മനുഷ്യാവകാശവും നീതിയും പഠിപ്പിക്കുന്നത്. കറുത്തവന്റെ കഴുത്തില്‍ ഷൂസിട്ട് ചവിട്ടി ശ്വാസംമുട്ടിച്ചു കൊന്ന അമേരിക്കന്‍ വെള്ളക്കാരന്‍ മുഷ്‌ക്കിന്റെ ഭാഷയില്‍ ഭാരതത്തെ ഭീഷണിപ്പെടുത്തുന്നത് ന്യൂനപക്ഷങ്ങള്‍ക്കു നേരെയും അവരുടെ ആരാധനാലയങ്ങളുടെ നേരെയും അക്രമം നടക്കുന്നുവെന്ന് ആക്ഷേപിച്ചു കൊണ്ടാണ്. അമേരിക്കന്‍ ഭരണകൂടം ഫണ്ടു നല്‍കി റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ആഭ്യന്തര കമ്മീഷന്‍ ഓരോ വര്‍ഷവും പറയുന്നത് ഭാരതത്തില്‍ ന്യൂനപക്ഷം അപകടത്തില്‍ എന്നാണ്. ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന 30-ാം വകുപ്പ് റദ്ദാക്കാന്‍ ശ്രമിക്കുന്നു എന്നും വിദേശ സംഭാവന സ്വീകരിക്കല്‍ നിയമം ഭേദഗതി ചെയ്തുകൊണ്ട് ന്യൂനപക്ഷത്തെ ദ്രോഹിക്കുന്നു എന്നും നുണപ്രചരണം നടത്തുന്നവര്‍ക്ക് പിന്തുണ കിട്ടുന്നതും അമേരിക്കയില്‍ നിന്നാണ്. പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ രാജ്യത്ത് അട്ടിമറിശ്രമം വരെ ഉണ്ടായി. തീവ്രവോട്ടര്‍പട്ടിക പരിഷ്‌ക രണം ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാനാണ് എന്നും മുറവിളി ഉയര്‍ന്നു. ഇതിനൊക്കെ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടായിരുന്നു. ഇതിനെയൊക്കെ അതിജീവിച്ച മോദി സര്‍ക്കാര്‍ വര്‍ണ്ണവിവേചനക്കാരായ അമേരിക്കയെയാണോ മാതൃകയാക്കേണ്ടത്?
തലവര:
ബി.ജെ.പിയും ആര്‍.എസ്.എസ്സും പത്രപ്രവര്‍ത്തകരെ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് ഖാര്‍ഗെ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും പത്രമാരണ നിയമം നടപ്പാക്കിയതും ഇന്ദിരയായിരുന്നോ അതോ മോദിയോ?





















