ഈ അത്യുഷ്ണകാലത്ത് പാമ്പുകടിയുടെ വാര്‍ത്തയില്ലാത്ത ദിവസങ്ങളില്ല. പാമ്പുകള്‍ തണുപ്പ് തേടി വീടുകളുടെ പരിസരത്ത് എത്താമെന്നതിനാല്‍ ജാഗ്രത പുലര്‍ത്തണം എന്ന ഔദ്യോഗിക നിര്‍ദ്ദേശവും ഉണ്ട്. കുറച്ച് നാളായി കോണ്‍ഗ്രസ്സിന്റെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്റെ മുറ്റത്ത് ചില ഇലയനക്കം കോണ്‍ഗ്രസ്സുകാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട്. അതു കരിമൂര്‍ഖനാണോ എന്നു ചിലര്‍ക്ക് സംശയം. മറ്റുചില കൊങ്കികള്‍ പറയുന്നത് അത് പെരിച്ചായിയാണ് എന്നാണ്. ഇയ്യിടെ മനോരമ ഓണ്‍ലൈനില്‍ ഒരു വാര്‍ത്ത വന്നപ്പോഴാണ് ഇനം ഏതാണെന്നു പിടികിട്ടിയത്. കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ സച്ചിദാനന്ദന്റെ ലേഖന സമാഹാരം പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്നു എന്നാണ് വാര്‍ത്ത. ‘മഹാകവി’ യുടെ ഇംഗ്ലീഷ് ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്ത് കോണ്‍ഗ്രസ്സുകാര്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചപ്പോഴേ വ്യക്തമായി ആരാണ് ഇതിനെ കീശയിലിട്ട് പ്രിയദര്‍ശിനിയില്‍ എത്തിച്ചതെന്ന്. തുടര്‍ഭരണം ജനാധിപത്യത്തിന് ദോഷമാണെന്ന സച്ചിദാനന്ദസിദ്ധാന്തത്തെ ഖദറില്‍ പൊതിഞ്ഞ കള്ളച്ചിരിയോടെ വി.ഡി. സതീശന്‍ ന്യായീകരിച്ചത് അധികം മുമ്പല്ലല്ലോ. തനിക്കു പറ്റിയ മാളം നേരത്തെ കണ്ടെത്തി റിസര്‍വ്വു ചെയ്തു വെക്കുന്നതില്‍ സച്ചിദാനന്ദനുള്ള സാമര്‍ത്ഥ്യം അദ്ദേഹത്തിന്റെ കാവ്യപടുത്വത്തെയും വെല്ലുന്നതാണ് എന്ന് നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.
കോളേജധ്യാപക കാലം കഴിയുമ്പോഴേക്കും, കോണ്‍ഗ്രസ് ഭരണ കാലത്ത് തന്നെ ദല്‍ഹിയില്‍ കേന്ദ്ര സാഹിത്യ അക്കാദമിയില്‍ കയറി മാളം ഉറപ്പിച്ചതാണ് അദ്ദേഹം. ഇനി കേരളത്തിലേക്കില്ല എന്നു തീര്‍ച്ചപ്പെടുത്തിയപ്പോഴാണ് നരേന്ദ്രമോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നത്. അതോടെ രാഷ്ട്രീയ അധികാരത്തിന്റെ ഇടനാഴിവാസവും സാഹിത്യ പെരിച്ചാഴിപ്പണിയും അത്ര സുഖകരമല്ല എന്നു തിരിച്ചറിഞ്ഞു. തന്നാലാവുന്ന മോദിവിരോധം എഴുതിയും പ്രസംഗിച്ചും സിദ്ധാന്തിച്ചും നടന്നിട്ടും കാര്യമായ ഫലമുണ്ടായില്ല. പതിനെട്ടടവും പയറ്റി തോറ്റ് പിന്‍വാങ്ങി എന്ന് കുമ്പസരിച്ചതോടെ ഇടത് സഹയാത്രിക കവിക്ക് കേരളമാണ് സ്വര്‍ഗ്ഗം എന്ന തിരിച്ചറിവുണ്ടായി. സംസ്ഥാന സാഹിത്യ അക്കാദമി എന്ന മാളത്തിലെ അദ്ധ്യക്ഷ പദവി ഉറപ്പിച്ചുവെച്ച ശേഷമേ അദ്ദേഹം നാട്ടിലേക്ക് വിമാനം കയറിയുള്ളൂ. ആ കസേരയിലിരുന്ന് കേരളം നമ്പര്‍ വണ്‍ എന്ന പി. ആര്‍. വര്‍ക്കിനുവേണ്ടി പണിയെടുക്കേണ്ട സച്ചിദാനന്ദന്‍ വിജയന്‍ സഖാവിനു നേരെ പെരിച്ചാഴിപ്പണിചെയ്യുന്നതാണ് സഖാക്കള്‍ കണ്ടത്. തുടര്‍ഭരണം ജനാധിപത്യമല്ലെന്നും ജനാധിപത്യത്തെ പാര്‍ട്ടി സൊസൈറ്റിയാക്കി മാറ്റി എന്നുമൊക്കെ കവി സാമൂഹ്യമാധ്യമങ്ങളില്‍ വിപ്ലവം സൃഷ്ടിച്ചപ്പോള്‍ പാര്‍ട്ടി സൈബര്‍ പോരാളികള്‍ വെറുതെയിരിക്കുമോ? പിന്നെ ഇരുവശത്തും തെറിവിളി യുദ്ധം. കവിയെ തണുപ്പിക്കാന്‍ അശോകന്‍ ചെരുവില്‍ മധ്യസ്ഥനാവുകയും വെടിനിര്‍ത്തല്‍ കൊണ്ടുവ രാന്‍, തുടര്‍ഭരണം ജനാധിപത്യമല്ല എന്ന സിദ്ധാന്തം കവിയുടേതല്ല, കാരശ്ശേരി മാഷുടേ താണ് എന്ന് സഖാക്കളെ സാന്ത്വനിപ്പിക്കുകയും ചെയ്തു. ഇതൊന്നും ഫലം ചെയ്തില്ല.
‘ഇളകിപ്പുളഞ്ഞാടിക്കയറിപ്പോകും വിഷമിളകുന്നൊരു നീലനാഗിനിയാണെന്‍ ഗാനം’ എന്നാണ് ഒരഭിമുഖത്തില്‍ കവി തന്റെ കാവ്യശൈലിയെ വാഴ്ത്തിയത്. ഇത്തരം സാഹിത്യ വാചാടോപമൊന്നും വശമില്ലെങ്കിലും പാലു കൊടുത്ത കയ്ക്ക് കടിക്കുക എന്ന ശൈലി വിജയന്‍ സഖാവിനു കൃത്യമായി ബോധ്യപ്പെട്ടു. തന്റെ ലേഖനങ്ങള്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കാന്‍ പ്രമുഖ പ്രസാധകര്‍ തയ്യാറുള്ളപ്പോള്‍ ആരും ശ്രദ്ധിക്കാത്ത പ്രിയദര്‍ശിനിക്ക് തന്നെ അതു വിട്ടുകൊടുക്കാന്‍ സച്ചിദാനന്ദന്‍ മണ്ടനല്ല. വി.ഡി. സതീശന്‍ എന്തു ഓഫര്‍ നല്‍കി എന്നതും അവിടെയെത്തിയാല്‍ കവി തന്റെ തനിസ്വഭാവം പുറത്തെടുക്കുമോ എന്നതും കാണാനിരിക്കുന്ന കാര്യങ്ങളാണ്.
തലക്കുറി:
വീണാജോര്‍ജ്ജ് അദ്ധ്യക്ഷയായ ആരോഗ്യ സൊസൈറ്റിയില്‍ കോടികളുടെ തീക്കൊള്ള വാര്‍ത്ത. ഈ കപ്പലിന് ഒരു കപ്പിത്താന്‍ ഉണ്ട് സാര്‍





















