നിര്‍മ്മിത ബുദ്ധി (Artificial Intelligence – AI) ഇന്ന് ലോകത്തെ അതിവേഗം മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന പ്രബലസാങ്കേതിക ശക്തിയാണ്. മനുഷ്യന്റെ ചിന്താശേഷിയെ അനുകരിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറുകളും സംവിധാനങ്ങളുമാണ് എഐ. ആരോഗ്യരംഗം മുതല്‍ കാര്‍ഷിക രംഗംവരെ, വിദ്യാഭ്യാസം മുതല്‍ വ്യവസായം വരെ എല്ലാ മേഖലകളിലും എഐയുടെ സ്വാധീനം ശക്തമായി പ്രകടമാകുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ എഐ രംഗത്ത് മുന്നേറ്റരാജ്യമാകാന്‍ ലക്ഷ്യമിട്ട് ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.
ഭാരതത്തില്‍ അടുത്തിടെ നടന്ന എഐ ഉച്ചകോടി (AI Summit) ലോകത്തിന്റെ ശ്രദ്ധ നേടിയിരുന്നു. ‘AI for People’ എന്ന ആശയവുമായി ബന്ധപ്പെട്ട ഈ സമ്മേളനം ഒരു പ്രധാന സന്ദേശമാണ് നല്‍കുന്നത്. എഐ മനുഷ്യനെ മാറ്റി സ്ഥാപിക്കാന്‍ വേണ്ടിയല്ല, മനുഷ്യനെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. സാങ്കേതിക പുരോഗതി സമൂഹനന്മയുമായി ചേര്‍ന്നിരിക്കണം എന്നതാണ് ഭാരതത്തിന്റെ സന്ദേശം.
ആശങ്കയും അവസരവും
എഐ വന്നാല്‍ ജോലി നഷ്ടമാകുമോ എന്ന ആശങ്ക ലോകമെമ്പാടും ഉണ്ട്. ചില ജോലികള്‍ ഓട്ടോമേഷന്‍ മൂലം കുറയാം. എന്നാല്‍ അതിനൊപ്പം തന്നെ പുതിയ തൊഴില്‍ അവസരങ്ങളും സംരംഭങ്ങളും സൃഷ്ടിക്കപ്പെടും. പുതിയ കഴിവുകള്‍ ആവശ്യമാകും. ഡാറ്റാ അനാലിസിസ്, സോഫ്റ്റ്‌വെയര്‍ വികസനം, സൈബര്‍ സുരക്ഷ, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളില്‍ വലിയ സാധ്യതകള്‍ തുറക്കപ്പെടുന്നു.
ഇന്ത്യയിലെ യുവജനസംഖ്യ ഒരു വലിയ ശക്തിയാണ്. ശരിയായ പരിശീലനവും നൈപുണ്യ വികസനവും നല്‍കിയാല്‍ എഐ അധിഷ്ഠിത തൊഴില്‍ മേഖലകളില്‍ ഇന്ത്യക്ക് മുന്‍പന്തിയില്‍ എത്താന്‍ കഴിയും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതികളും ഡിജിറ്റല്‍ വിദ്യാഭ്യാസവും ശക്തിപ്പെടുത്തുകയാണ്.
എഐയുടെ പ്രയോഗം സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഗുണകരമാകണം. ഉദാഹരണത്തിന്:
◊ കൃഷിയില്‍ വിളവെടുപ്പ്/കാലാവസ്ഥ പ്രവചനം
◊ ആരോഗ്യരംഗത്ത്/മൃഗസംരക്ഷണ മേഖലയില്‍ രോഗനിര്‍ണയം
◊ വിദ്യാഭ്യാസത്തില്‍ വ്യക്തിഗത പഠനരീതികള്‍
◊ തൊഴില്‍ മേഖലയിലെ സുരക്ഷാ സംവിധാനങ്ങള്‍.
ഇങ്ങനെ എഐ ഉപയോഗിക്കുമ്പോള്‍ സമസ്ത മേഖലകളിലും സാമൂഹിക നീതി ഉറപ്പാക്കാനും, സമത്വം വളര്‍ത്താനും കഴിയും. സാങ്കേതികവിദ്യ ചിലര്‍ക്ക് മാത്രം പ്രയോജനപ്പെടുന്ന രീതിയിലാകരുത്. ഗ്രാമപ്രദേശങ്ങളിലേക്കും, സാധാരണ ജനങ്ങളിലേക്കും അതിന്റെ പ്രയോജനം എത്തിക്കേണ്ടത് അനിവാര്യമാണ്. ഇതിന് പ്രതിജ്ഞാബദ്ധമായ നിലയില്‍ തന്നെയാണ് ഇന്നത്തെ ഭാരത സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍.
ഭാരതത്തിന്റെ എഐ ദൗത്യം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ”ഡിജിറ്റല്‍ ഇന്ത്യ”, ”സ്റ്റാര്‍ട്ടപ്പ് ഇന്ത്യ”, ”മേക്ക് ഇന്‍ ഇന്ത്യ” എന്നീ പദ്ധതികള്‍ വഴി സാങ്കേതിക രംഗത്തെ വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ എഐ രംഗത്ത് ഇന്ത്യയെ ഒരു ആഗോള കേന്ദ്രമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ദേശീയ തലത്തില്‍ എഐ ഗവേഷണ കേന്ദ്രങ്ങള്‍, ഡാറ്റാ സെന്ററുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം, സര്‍വകലാശാലകളില്‍ എഐ പഠനകേന്ദ്രങ്ങള്‍ തുടങ്ങിയവ ആരംഭിച്ചിരിക്കുന്നു. സര്‍ക്കാര്‍ സേവനങ്ങളില്‍ എഐ ഉപയോഗിച്ച് കാര്യക്ഷമതയും ലഭ്യതയും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.
ഭാരതത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ എഐ ഉപയോഗിച്ച് പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നു. ഹെല്‍ത്ത്‌ടെക്, എഡ്യൂടെക്, ഫിന്‍ടെക് തുടങ്ങിയ മേഖലകളില്‍ ഭാരതീയ യുവ സംരംഭകര്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നു. ഇതിലൂടെ ഭാരതം ഒരു ഉപഭോക്തൃരാജ്യമായി മാത്രം നില്‍ക്കാതെ, ലോകത്തിന് വേണ്ടി സാങ്കേതിക പരിഹാരങ്ങള്‍ സൃഷ്ടിക്കുന്ന രാജ്യമാകുകയാണ്.

നൈതികതയും നിയന്ത്രണവും
എഐയുടെ ഉപയോഗത്തില്‍ നൈതികത വളരെ പ്രധാനമാണ്. സ്വകാര്യത യുടെ സംരക്ഷണം, ഡാറ്റാ സുരക്ഷ, വിവേചനമില്ലായ്മ, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കണം. എഐ ഉപയോഗിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കണം. മനുഷ്യന്റെ മാന്യതയും അവകാശങ്ങളും സംരക്ഷിക്കുന്ന രീതിയില്‍ മാത്രമേ സാങ്കേതികവിദ്യ ഉപയോഗിക്കാവൂ. ഇതിനായി വ്യക്തമായ നയങ്ങളും നിയമങ്ങളും രൂപപ്പെടുത്തേണ്ടതുണ്ട്. സാങ്കേതിക പുരോഗതിയും മനുഷ്യാവകാശങ്ങളും തമ്മില്‍ ശരിയായ സന്തുലനം പാലിക്കേണ്ടത് അനിവാര്യമാണ്.
ഗ്രാമീണ ഭാരതവും എഐയും
ഭാരതത്തിന്റെ ഭൂരിഭാഗം ജനങ്ങളും ഗ്രാമങ്ങളില്‍ താമസിക്കുന്നു. അതിനാല്‍ എഐയുടെ പ്രയോജനം നഗരങ്ങളില്‍ മാത്രം ഒതുങ്ങരുത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിംഗ് എന്നിവയില്‍ എഐ ഉപയോഗിച്ച് ഗ്രാമീണ ജീവിത നിലവാരം ഉയര്‍ത്താം. മൊബൈല്‍ ഫോണുകളുടെയും ഇന്റര്‍നെറ്റിന്റെയും വ്യാപക ഉപയോഗം ഇതിനായി വലിയ സാധ്യതയാണ് നല്‍കുന്നത്.
ആഗോള തലത്തില്‍ ഭാരതത്തിന്റെ പങ്ക്
എഐ ഉച്ചകോടി പോലുള്ള പരിപാടികള്‍ വഴി ഭാരതം ലോക രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയാണ്. വികസിത രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ, സ്വന്തം ഗവേഷണ ശേഷി വളര്‍ത്തുകയാണ് ലക്ഷ്യം. ഗ്ലോബല്‍ സൗത്തില്‍ (Global South) വരുന്ന രാജ്യങ്ങള്‍ക്ക് മാതൃകയാകുന്ന രീതിയില്‍ എഐ മാതൃക വികസിപ്പിക്കാനാണ് ശ്രമം.
എഐ ഒരു ശക്തമായ ഉപകരണമാണ്. അതിനെ മനുഷ്യനന്മയ്ക്കായി ഉപയോഗിക്കാനുള്ള ഉത്തരവാദിത്തം നമുക്കെല്ലാവര്‍ക്കുമുണ്ട്. വിദ്യാഭ്യാസം, പരിശീലനം, നൈതിക നിയന്ത്രണം, സര്‍ക്കാര്‍സ്വകാര്യ മേഖല സഹകരണം എന്നിവയിലൂടെ മാത്രമേ എഐയുടെ പൂര്‍ണശേഷി ഉപയോഗപ്പെടുത്താനാകൂ.
ഭാരതം ഇന്ന് ഒരു നിര്‍ണായക ഘട്ടത്തിലാണ്. യുവജനശക്തി, സാങ്കേതിക അടിസ്ഥാന സൗകര്യം, ശക്തമായ നയപരമായ പിന്തുണ എന്നിവയോടെ ഭാരതം എഐ രംഗത്ത് ലോകത്തിന് മാതൃകയാകാനുള്ള സാധ്യത വലുതാണ്. ”സാങ്കേതിക വിദ്യ മനുഷ്യനുവേണ്ടി” എന്ന ആശയം മുന്‍നിര്‍ത്തി മുന്നേറുമ്പോള്‍ ഭാരതം സമീപഭാവിയില്‍ തന്നെ ഒരു ആഗോള എഐ ശക്തിയായി ഉയരുമെന്നത് സംശയമില്ല.
എഐയുടെ ലക്ഷ്യം മനുഷ്യനെ മാറ്റിനിര്‍ത്തല്‍ അല്ല, മറിച്ച് മനുഷ്യന്റെ കഴിവുകളെ ക്രിയാത്മകമായി വര്‍ധിപ്പിച്ച് സമത്വപരവും നീതിപൂര്‍ണവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതായിരിക്കണം. ആ ദിശയിലാണ് ഇന്ന് ഭാരതം ആത്മവിശ്വാസത്തോടെ മുന്നേറുന്നത്.





















