കുംഭമേള വൈറല്‍ താരവും അവരുടെ ഭര്‍ത്താവ് റോളിലുള്ള ഫര്‍മാന്‍ ഖാനും മുഖ്യകഥാപാത്രങ്ങളായി എ.കെ.ജി. സെന്റര്‍ അവതരിപ്പിച്ച ‘റിയല്‍ കേരള സ്റ്റോറി’എന്ന ഹ്രസ്വ സിനിമ സംവിധായകരുടെ പിടിയില്‍ നിന്നും കുതറിച്ചാടി, തട്ടുപൊളിപ്പന്‍ മെഗാസീരിയലായി കേരളത്തില്‍ കളം നിറഞ്ഞ് ഓടുകയാണ്. ഓരോ ദിവസവും പിറ്റേന്നത്തെ കഥ എന്താണെന്ന് നാട്ടുകാര്‍ക്ക് മാത്രമല്ല അതിന്റെ സംവിധായകനായ ഗോവിന്ദന്‍ സഖാവിനുപോലും നിശ്ചയമില്ല. കേരള സ്റ്റോറി 2 ന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഡിഫി കുട്ടികള്‍ അത് നടപ്പാക്കുകയും ചെയ്തു. തടയല്‍ മാത്രം പോര റിയല്‍ കേരള സ്റ്റോറി എന്താണെന്ന് മലയാളികളെ കാണിച്ചു കൊടുക്കുകയും വേണമെന്ന പി.ആര്‍. ഗ്രൂപ്പിന്റെ ചിന്തയില്‍ നിന്നാവാം കുംഭമേള താരത്തെ നായികയാക്കി തിരക്കഥ തയ്യാറാക്കിയത്. അല്ലെങ്കില്‍ മധ്യപ്രദേശിലുള്ള പെണ്‍കുട്ടിയും ഫര്‍മാന്‍ ഖാനും വിവാഹിതരാകാന്‍ അവിടെ നിന്ന് മുങ്ങി ഇങ്ങ് തിരുവനന്തപുരത്ത് എ.കെ.ജി.സെന്ററില്‍ തന്നെ പൊങ്ങേണ്ടതില്ലല്ലോ. വിദ്യാഭ്യാസമന്ത്രിയപ്പൂപ്പന്‍ ശിവന്‍കുട്ടി കര്‍മ്മിയാകുന്നു. സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ സഖാവും ജില്ലാ സെക്രട്ടറി റഹീം സഖാവും വരനും വധുവിനുംവേണ്ടി രക്തഹാരം സമ്മാനിക്കുന്നു. ലോക്കല്‍ സെക്രട്ടറിയുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ തന്നെവെച്ച് വിവാഹം നടക്കുന്നു. ഇതാണ് ‘റിയല്‍ കേരള സ്റ്റോറി’ എന്ന് നേതാക്കള്‍ പ്രഖ്യാപിക്കുന്നു. ഇത്രയും പാര്‍ട്ടിയുടെ തിരക്കഥ. എന്നാല്‍ യഥാര്‍ത്ഥ ‘കേരളാ സ്റ്റോറി’ അവിടെ അവസാനിച്ചില്ല.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല എന്നു പരാതിപ്പെട്ട രക്ഷിതാവിനെ പോലീസ് വിരട്ടിവിടുന്നു. മാതാപിതാക്കള്‍ മധ്യപ്രദേശ് പോലീസില്‍ കേസ് ഫയല്‍ ചെയ്യുന്നു. ദേശീയ പട്ടികജാതി വര്‍ഗ്ഗ കമ്മീഷനുമുമ്പില്‍ പരാതി എത്തുന്നു. അവര്‍ നടത്തിയ അന്വേഷണത്തില്‍ പിതാവിന്റെ വാദം ശരിയാണെന്ന് കാണുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ കേരള ഡി.ജി.പിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പൊട്ടിപ്പോയാലും എ.കെ.ജി.സെന്ററിനുമുമ്പില്‍ ‘വിവാഹബ്യൂറോ (ഒളിച്ചോട്ടക്കാര്‍ക്ക് പ്രത്യേക പരിഗണന)’ എന്ന ബോര്‍ഡ് വെച്ച് കാലക്ഷേപം കഴിക്കാം എന്ന് സ്വപ്‌നം കണ്ട ഗോവിന്ദന്‍ സഖാവിന് ഇതോടെ കിളിപോയ അവസ്ഥയായി. പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി പെണ്‍കുട്ടിയുടെ വിവാഹം നടത്തി കൊടുത്തവര്‍ പോക്‌സോ കേസ്സില്‍ കുടുങ്ങുമെന്ന് നിയമവിദഗ്ദ്ധര്‍ പറഞ്ഞതോടെ സിനിമാക്കളി വഴി പുലിവാലു പിടിച്ച സഖാക്കളെ ഒറ്റയ്ക്കിട്ട് വിജയന്‍ സഖാവ് മൂടുംതട്ടി മരുമകനെയും കൂട്ടി അമേരിക്കക്ക് പോയി.
ഒറിജിനല്‍ രേഖ മുക്കാനും അസ്സല്‍ രേഖയെ വെല്ലുന്ന കള്ളപ്രമാണങ്ങളുണ്ടാക്കാനും സഖാക്കളുടെ സാമാര്‍ത്ഥ്യത്തിന് കിട്ടിയ നൊബൈല്‍ സമ്മാനമാണ് കേരള സര്‍വ്വകലാശാലയുടെ സ്ഥലത്ത് തലപൊക്കി നില്‍ക്കുന്ന എ.കെ.ജി. സെന്റര്‍. ഈ വിദ്യയിലെ അടുത്ത റിസര്‍ച്ച് പെണ്‍കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിലാണ് പാര്‍ട്ടി നടത്തുന്നത്. ഒറിജിനല്‍ ജനന സര്‍ട്ടിഫിക്കറ്റ് തങ്ങളുടെ കയ്യിലുള്ളതാണെന്ന അവരുടെ പ്രഖ്യാപനത്തില്‍ ഇത് തെളിഞ്ഞുകാണാം. ഇതിനൊപ്പം മൊഴിയെടുക്കാന്‍ എത്തിയ മധ്യപ്രദേശ് പോലീസിനെ തേരാപ്പാര നടത്തിച്ചശേഷം തിരിച്ചയച്ച കേരളാ പോലീസിന്റെ വിദൂഷക വേഷവും കൂടിയായപ്പോള്‍ കേരളസ്റ്റോറി മെഗാസീരിയലായി തുടരുകയാണ്. ശേഷം സ്‌ക്രീനില്‍ എന്നേ പറയാനാവൂ.
തലവര:
വയനാട് പ്രളയ ബാധിതര്‍ക്കായി നിര്‍മ്മിച്ച വീടുകളില്‍ വിള്ളല്‍ എന്ന ആരോപണം നുണയാണെന്ന് മന്ത്രി ശിവന്‍കുട്ടി.
ശിവന്‍കുട്ടിക്ക് അങ്ങനെ പറയാം, അദ്ദേഹമല്ലല്ലോ അവിടുത്തെ താമസക്കാരന്‍.






















