സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം കഴിഞ്ഞപ്പോള്‍ കോഴിക്കോട് സൗത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ടി. രനീഷിന്റെ നേതൃത്വത്തില്‍ കൊട്ടിക്കലാശം നടന്ന സ്ഥലത്തെ സകല മാലിന്യങ്ങളും നീക്കം ചെയ്യുന്നത് പത്രമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ വൈറലായി. മറ്റു സ്ഥാനാര്‍ത്ഥികളും ഇതുപോലെ തങ്ങളുണ്ടാക്കിയ മാലിന്യം സ്വയം നീക്കം ചെയ്യാന്‍ തീരുമാനിച്ചാല്‍ എന്താവും സ്ഥിതി എന്ന് ഒന്ന് സങ്കല്‍പിച്ചു നോക്കൂ. ഒരോ സീസണിലും ശബരിമലയില്‍ നിന്നു നീക്കം ചെയ്യുന്ന മാലിന്യത്തിന്റെ പത്തിരട്ടി നീക്കം ചെയ്യാനുള്ള ബാധ്യത കേരളമുഖ്യമന്തി വിജയന്‍ സഖാവിനാകും ഉണ്ടാവുക എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. അത് പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഖരമാലിന്യത്തിന്റെ സ്ഥിതി. എന്നാല്‍ സ്വന്തം നാക്കുകൊണ്ട് സമൂഹമനസ്സിലേക്ക് സംസ്‌കാരശൂന്യതയുടെ ദുര്‍ഗ്ഗന്ധം പമ്പു ചെയ്യുക വഴി ഉണ്ടാക്കിയ വെറുപ്പിന്റെ മാലിന്യം വിജയന്‍ സഖാവും പാര്‍ട്ടിയും എങ്ങനെ നീക്കും? രണ്ടു മുഖ്യമന്ത്രിമാര്‍ തെരുവു റൗഡികളെപ്പോലെ നാക്ക് പടവാളാക്കി കാട്ടിക്കൂട്ടിയ പേക്കൂത്ത് കണ്ട് കേരളം ലജ്ജിച്ചു പോയില്ലേ? നിര്‍ത്തൂ ഈ തെറിപ്പാട്ട് എന്നു ശാസിക്കാനും ഇത്തരക്കാര്‍ക്ക് വോട്ടില്ല എന്ന് മുഖത്തടിച്ചപോലെ പറയാനും കേരളത്തില്‍ ഒരു സാംസ്‌കാരിക നായകനും ഇല്ലാതെ പോയത് നാടിന്റെ ദുരവസ്ഥ!
കോണ്‍ഗ്രസ്സുകാരുടെ കയ്യടി കിട്ടാന്‍, തിരഞ്ഞെടുപ്പു പ്രചരണത്തിന് കേരളത്തിലെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ‘േപാ മോനേ വിജയാ’ എന്നു പറഞ്ഞത് സ്വന്തം മുഖ്യമന്ത്രിക്കസേരക്ക് ചേരാത്ത തരംതാണ പ്രയോഗമാണെന്നതില്‍ സംശയമില്ല. അധിക്ഷേപം കലയാക്കിയ രാഹുലിന്റെയും ഖാര്‍ഗെയുടെയും സ്‌കൂളില്‍ പഠിച്ച രേവന്തയില്‍നിന്ന് ഇതിലധികം പ്രതീക്ഷിക്കാന്‍ പറ്റില്ല. ‘ഇതല്ല മോനേ കേരളത്തിന്റെ സംസ്‌കാരം’ എന്നു പറഞ്ഞ് വായടപ്പിക്കുന്നതിനു പകരം അധിക്ഷേപത്തിലും തെറിവിളിയിലും ഉന്നതവിദ്യാഭ്യാസം കിട്ടിയ ആളാണ് താന്‍ എന്നാണ് ‘ഡേഷ് മോനെ’ വിളിയിലൂടെ വിജയന്‍ സഖാവ് തെളിയിച്ചത്. ഒരു ദശാബ്ദം കേരളം ഭരിച്ച കാരണഭൂതന്‍ എന്ന നവോത്ഥാന നായകന്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനയായി ഇതിനെ പാര്‍ട്ടി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തും. വിജയന്‍ സഖാവിന്റെ ഭരണത്തിലെ വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയും ഉന്നതവിദ്യാഭ്യാസ മന്ത്രി ബിന്ദുവും അക്കാദമിക് യോഗ്യതയേക്കാള്‍ മുന്‍ഗണന നല്‍കിയത് പാര്‍ട്ടി കൊടുക്കുന്ന അധിക്ഷേപ – കയ്യൂക്കുകാട്ടല്‍ വിദ്യാഭ്യാസത്തിലെ റാങ്കിനാണ്. അതുകൊണ്ടാണ് പരീക്ഷയെഴുതാതെ തന്നെ പി.എം. ആര്‍ഷോ വിജയിയായതും കാലടി സര്‍വ്വകലാശാലയിലെ ഇടത് സിന്റിക്കേറ്റ് തോറ്റു തുന്നംപാടിയ എസ്എഫ്‌ഐക്കാരനെ മാര്‍ക്ക് നല്‍കി ജയിപ്പിച്ചതും. എന്തു ചെയ്യും ഈ യോഗ്യതയുടെ മൂല്യം തിരിച്ചറിയാന്‍ കഴിവില്ലാത്ത ഗവര്‍ണര്‍ അര്‍ലേക്കര്‍ അത് റദ്ദാക്കിക്കളഞ്ഞു.
വിജയന്‍ സഖാവിന്റെ ചെറ്റ, പരനാറി പ്രയോഗങ്ങള്‍ കീഴാള വിഭാഗത്തിന്റെ വിയര്‍പ്പും ഉപ്പും ഉള്‍ക്കൊള്ളുന്നതാണ് എന്നാണ് കമ്മ്യൂണിസ്റ്റ് ഭാഷ്യം. എഴുത്തച്ഛനും ശ്രീനാരായണ ഗുരുവുമൊക്കെ സംഭാവന ചെയ്ത സാംസ്‌കാരിക മഹിമയുടെ പദാവലികള്‍ മുച്ചൂടും പിഴുതെടുത്ത് പകരം വിജയന്‍ സഖാവും ബേബി സഖാവുമൊക്കെ സംഭാവന ചെയ്ത സാംസ്‌കാരിക മാര്‍ക്‌സിസത്തിന്റെ പുത്തന്‍ കീഴാളപദാവലികള്‍ മലയാള മണ്ണില്‍ തഴച്ചുവളരട്ടെ. സര്‍വ്വകലാശാലകളുടെയും ഗവേഷണ വകുപ്പുകളുടെയും തലപ്പത്തിരിക്കുന്ന ചെമ്പന്‍ ബുജികള്‍ അടയിരുന്നു അവക്ക് പുത്തന്‍ഭാഷ്യം ചമക്കട്ടെ!
തലവര:
കുംഭമേള ഫെയിം മൊണാലിസയുടെ വിവാഹത്തിന് ഒത്താശ ചെയ്ത സഖാക്കള്‍ പോക്‌സോ കേസ്സിലും വ്യാജരേഖ ചമക്കല്‍ കേസ്സിലും പട്ടികജാതി പീഡന കേസിലും കുടുങ്ങി- വാര്‍ത്ത
ഇതാണ് റിയല്‍ കേരളസ്റ്റോറി





















