2017ല്‍ മൂന്നാറില്‍ പെമ്പിളൈ ഒരുമെ സ്ത്രീകള്‍ക്കെതിരെ അന്ന് മന്ത്രിയായിരുന്ന എം.എം.മണി നടത്തിയ ലൈംഗിക അധിക്ഷേപത്തിന്റെ പേരില്‍ നടന്ന മുല്ലപ്പൂവിപ്ലവം 20 ദിവസം കൊണ്ട് അവസാനിച്ചു. തോട്ടം തൊഴിലാളികള്‍ക്ക് ഒരേക്കര്‍ ഭൂമി പതിച്ചു നല്‍കണം എന്ന ആവശ്യവും അവര്‍ക്കുണ്ടായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് മുസ്ലിംലീഗില്‍ ഇതുപോലെ ഒരു മുല്ലപ്പൂ വിപ്ലവം നടന്നു. വനിതാലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് പാര്‍ട്ടി പദവി രാജിവെച്ചു കൊണ്ടാണ് വിപ്ലവം പ്രഖ്യാപിച്ചത്. ലീഗില്‍ നേരിടുന്ന അവഗണന സഹിക്കാതെയാണ് രാജി. ഒരു കൊല്ലമായി വനിതാലീഗ് വെറും കടലാസിലായിരുന്നു. അമ്പതുശതമാനം സ്ത്രീപ്രാതിനിധ്യം ഉണ്ടാകേണ്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ പോലും ലീഗുനേതൃത്വം വനിതാലീഗിനെ മൊത്തം തഴഞ്ഞു. ക്ഷമിക്കേണ്ടവളാണ് സ്ത്രീ എന്നതിനാല്‍ നൂര്‍ബിന അതൊക്കെ ക്ഷമിച്ചു. നിയമസഭാതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിക്കാരിക്ക് സീറ്റു കൊടുത്തപ്പോഴും വനിതാ ലീഗിനെ തഴഞ്ഞപ്പോള്‍ നൂര്‍ബിനക്ക് സഹിച്ചില്ല. അതാണ് രാജി എന്ന മുല്ലപ്പൂവിപ്ലവമായി പൊട്ടിത്തെറിച്ചത്. ‘ഖൗമിലെ പെണ്‍കുട്ടി’ക്ക് പേരാമ്പ്രയില്‍ സീറ്റു കൊടുക്കുന്ന കുഞ്ഞാലിക്കുട്ടിമാര്‍ തിരിച്ചറിയണ്ടേ താന്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന്. ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം എന്നാണ് ചൊല്ല്. അത് നൂര്‍ബിനക്കും അറിയാം. ലീഗിന്റെ ചായക്കോപ്പയില്‍ അവസാനിക്കുന്ന കൊടുങ്കാറ്റാണ് ഈ രാജി എന്നും അറിയാം.
തലമുറമാറ്റം വേണമെന്നാണെങ്കില്‍ തന്നെ ഒരുപാട് കുട്ടികള്‍ വനിതാ ലീഗ് എന്ന കോഴിയമ്മയുടെ പൊരുത്തില്‍ തന്നെ ഉണ്ടല്ലോ. അപ്പോള്‍ ജമാ അത്തിനു വേണ്ടി ഓട് പൊളിച്ച് ഫാത്തിമയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥിയായി ഇറക്കിയത് ശരിയായില്ല എന്ന് ആര്‍ക്കും തോന്നും. അതും ഹരിത വിവാദം ഉണ്ടാക്കി പാണക്കാട് കുടുംബ ത്തിനെതിരെ അപവാദ പ്രചരണം നടത്തിയവര്‍ക്ക് തന്നെ സീറ്റ് കൊടുക്കണം എന്ന് ശഠിക്കുന്നതും ശരിയല്ലല്ലോ. പാണക്കാട് സാദിഖലി തങ്ങളെ നാലാം ഖലീഫ എന്ന് കളിയാക്കിയവര്‍ക്കാണ് ലീഗില്‍ ഇപ്പോള്‍ പരിഗണന. ലീഗിനു വേണ്ടി കല്ലും മുള്ളും ചവിട്ടി കഷ്ടപ്പെട്ട നൂര്‍ബിനയെ ഒരു എംഎല്‍എ പോലും ആക്കാന്‍ തയ്യാറാവാത്തവര്‍ വലിയങ്ങാടി ദുരന്തവേളയില്‍ ഫോട്ടോഷൂട്ട് സമരം നടത്തി സാമൂഹ്യ മാധ്യമ ഓളം വഴി ആളായ ഫാത്തിമക്കാണ് സീറ്റ് കൊടുത്തത്. സോഷ്യല്‍മീഡിയ ഹീറോ ആയ പാലക്കാട്ടെ മുന്‍ എംഎല്‍എയുടെ ഗതി എന്തായി എന്നും നൂര്‍ബിന ചോദിക്കുന്നുണ്ട് . ഫാത്തിമയുടെ പദവിക്ക് അല്‍പ്പായുസ്സാണ് എന്ന സൂചന അതിലുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ കണ്ണുരുട്ടലും വിശദീകരണം ചോദിക്കലും വന്നതോടെ നൂര്‍ബിനയുടെ മുല്ലപ്പൂ വിപ്ലവത്തിന്റെ കാററുപോയി എന്നാണ് പത്രക്കാര്‍ പറയുന്നത്.
തങ്ങളെ സ്റ്റേജില്‍ നിന്ന് ഇറക്കിവിട്ട സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ ഇതൊന്നും കാണുന്നില്ലേ എന്നാണ് അവരുടെ ചോദ്യം. ലീഗിന്റെ വനിതാനേതാക്കള്‍ ഇടക്കിടെ ഗള്‍ഫില്‍ പോകുന്നതെന്തിനാണ് എന്നും അവര്‍ പണാധിപത്യത്തിനു പിന്നാലെയാണ് പോകുന്നത് എന്നും അവര്‍ പറയുന്നു. എം.കെ. മുനീറിന് സീറ്റു നല്‍കാത്തതിലും നൂര്‍ബിനക്ക് പരിഭവമുണ്ട്. നൂര്‍ബിനയെ കണ്ണുരുട്ടിയും വിശദീകരണം ചോദിച്ചും വായടപ്പിക്കാം. എന്നാല്‍ മൂടിവെക്കാന്‍ കഴിയാത്ത ഒന്നുണ്ട്-ലീഗിന്റെയും സമസ്തയുടെയും തലതൊട്ടപ്പന്മാരെ ചോദ്യം ചെയ്യാന്‍ ലീഗിനകത്തു തന്നെ ആളുകള്‍ ഉണ്ടാവുന്നു എന്ന വസ്തുത.
തലക്കുറി:
കട്ടപ്പനയിലെ യു.ഡി.എഫ് പൊതുയോഗത്തില്‍ വന്ദേമാതരം പാടിയ കുട്ടിയോട് ഇത്ര കഷ്ടപ്പെട്ട് ഈ പാട്ട് പഠിച്ചതിന് സഹായധനം നല്‍കാമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍. വന്ദേമാതരത്തോട് ഇപ്പോഴെങ്കിലും ബഹുമാനം തോന്നിയല്ലോ; നന്നായി!





















