സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി ദല്‍ഹിയിലെ എ.കെ.ജി. സെന്ററിലെ ശീതീകരിച്ച മുറിയിലിരുന്ന് തലപുകഞ്ഞ് ഗവേഷണം നടത്തി കമ്മ്യൂണിസ്റ്റ് സംസ്‌കാരത്തെക്കുറിച്ചും മൂല്യച്യുതിയെക്കുറിച്ചും ഒരു സിദ്ധാന്തം ആവിഷ്‌ക്കരിച്ചിരിക്കുന്നു. പാര്‍ട്ടി ചരിത്രം സ്റ്റാലിനിസത്തിന്റെ മൂശയിലിട്ട് നൂറ്റൊന്നാവര്‍ത്തി രാകി മിനുക്കി സാഹിത്യമേമ്പൊടിയും ചേര്‍ത്ത് തയ്യാറാക്കിയതാണ് ഈ സിദ്ധാന്തം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ട്ടിയിലെ ചിലര്‍ക്ക് മൂല്യച്യുതി ഉണ്ടാകുന്നു എന്നതാണ് ബേബിയന്‍ സിദ്ധാന്തം. ഇ.എം.എസ്സും ഏ.കെ.ജിയുമൊക്കെ പാര്‍ലമെന്ററി വ്യാമോഹം എന്ന് പറഞ്ഞിരുന്ന സാധനം തന്നെയല്ലേ ഇത് എന്നും കാലം മാറിവരുമ്പോള്‍ പഴയ ജലദോഷപ്പനി വൈറല്‍ ഫീവര്‍ ആയി മാറുന്നപോലെ പാര്‍ലമെന്ററി വ്യാമോഹം സാംസ്‌കാരിക മൂല്യച്യുതിയായതാണോ എന്നും സംശയം തോന്നാം. ബേബി സഖാവിന്റെ വ്യാഖ്യാനം കേട്ടാല്‍ സംശയം പമ്പകടക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിന്റേതായ പ്രവര്‍ത്തന സംസ്‌കാരമുണ്ട്. അത് മറ്റ് പാര്‍ട്ടികളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുള്ള ബഹുജന സമരങ്ങള്‍, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും ആശയപരവുമായ സമരങ്ങള്‍ തുടങ്ങിയവയ്ക്കാണ് പാര്‍ട്ടി പ്രഥമ പരിഗണന നല്‍കുന്നത്. ഇത്തരം സമരമുഖങ്ങള്‍ക്കിടയിലെ ഒരു സമരമുഖം മാത്രമാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം (ദേശാഭിമാനി, മാര്‍ച്ച്: 23). ഗവേഷണത്തിന് ബേബി സഖാവ് മുഖ്യമായും ആശ്രയിച്ചത്, കേരള മുഖ്യമന്ത്രി വിജയന്‍ സഖാവ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ പാര്‍ട്ടിക്കുവേണ്ടി തയ്യാറാക്കിയ കമ്മ്യൂണിസ്റ്റ് സംസ്‌കാരം മുറ്റി നില്‍ക്കുന്ന ശബ്ദകോശമായിരിക്കും. കുലംകുത്തി, വര്‍ഗ്ഗവഞ്ചകന്‍, പരനാറി തുടങ്ങിയ പദങ്ങള്‍ക്കൊപ്പം ഇയ്യിടെ ‘ചെറ്റ’ എന്ന പദം കൂടി സഖാവ് പുതുതായി അതില്‍ ചേര്‍ത്തിട്ടുണ്ട്.
വയലാറിലെയും കരിവെള്ളൂരിലെയും ദരിദ്രകുടിയാന്മാരുടെ ‘ചെറ്റ’പ്പുരയിലിരുന്ന് പി. കൃഷ്ണപിള്ളയും ഇ.എം.എസ്സും എഴുതിയുണ്ടാക്കിയ കമ്മ്യൂണിസ്റ്റു സാഹിത്യങ്ങളിലൊന്നിലും ഇത്തരം പദങ്ങള്‍ കാണില്ല. കഴിഞ്ഞ വര്‍ഷം മധുരയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പാര്‍ട്ടിയില്‍ പാര്‍ലമെന്ററി വ്യാമോഹം മേല്‍കമ്മറ്റികളെ വരെ ബാധിച്ചിരിക്കുകയാണ് എന്ന് വിലയിരുത്തിയിരുന്നു. അത് വിഭാഗീയതയിലേക്ക് നയിക്കുന്നുവെന്നും ബൂര്‍ഷ്വാ പാര്‍ട്ടികളെ പോലെ തിരഞ്ഞെടുപ്പില്‍ പണം ചിലവഴിക്കുന്നു എന്നും മേല്‍കമ്മറ്റി പോലും കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നില്ല എന്നുമൊക്കെ റിപ്പോര്‍ട്ടിലുണ്ട്. പയ്യന്നൂരിലെ കുഞ്ഞികൃഷ്ണനും തളിപ്പറമ്പിലെ ഗോവിന്ദനും അമ്പലപ്പുഴയിലെ ജി. സുധാകരനും ഇതേ ആരോപണമാണുന്നയിച്ചത്. ഇക്കാരണത്താല്‍ പാര്‍ട്ടിക്ക് പുറത്തായ അവര്‍ക്കൊക്കെ വിജയന്‍ സഖാവ് നല്‍കിയ വിശേഷണമാണ് ‘ചെറ്റ’ എന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇത്തരം ‘ചെറ്റ’കളുടെ എണ്ണം കൂടിവരികയാണ്.
തിരഞ്ഞെടുപ്പു കമ്മറ്റി ഓഫീസിനായി ഒരു ചെറ്റപ്പുരയുണ്ടാക്കാന്‍ വി. കുഞ്ഞികൃഷ്ണന് പയ്യന്നൂരില്‍ ഒരാളും സ്ഥലം വിട്ടുകൊടുക്കുന്നില്ല. കിട്ടിയ സ്ഥലം പാര്‍ട്ടിക്കാരുടെ സമ്മര്‍ദ്ദംമൂലം സ്ഥലമുടമ ഒഴിപ്പിച്ചെടുത്തു. പഴയ കാലത്ത് ജന്മിയുടെ അപ്രീതി ഉണ്ടായാല്‍ കുടിയാന് സ്വന്തം ചെറ്റപ്പുര നഷ്ടമാകുമായിരുന്നു. ഇന്ന് കുഞ്ഞിക്കൃഷ്ണന് പയ്യന്നൂരിലൊരിടത്തും ഒരു ചെറ്റപ്പുരക്ക് സ്ഥലം കിട്ടില്ല. വിജയന്‍ സഖാവ് ഭരിക്കുന്ന ചെമ്പന്‍ കേരളത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടും കുഞ്ഞികൃഷ്ണന്റെ സ്ഥിതിയാണിത്. ക്ലിഫ്ഹൗസിലെ ചാരു കസേരയിലിരുന്ന് തമ്പ്രാന്‍ കുപിതനായി ഗര്‍ജ്ജിക്കും : ‘ചെറ്റക്കെന്തിനാ ചെറ്റ?’ ഇതാണ് പാര്‍ട്ടി ജന:സെക്രട്ടറി ഗവേഷണം ചെയ്തു കണ്ടെത്തിയ കമ്മ്യൂണിസ്റ്റ് സംസ്‌കാരം.
തലവര:
ഭാരതത്തില്‍ മതസ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നുവെന്നും ആര്‍എസ് എസ്സിന് ഉപരോധം ഏര്‍പ്പെടുത്തണമെന്നും അമേരിക്കയിലെ മതസ്വാതന്ത്ര്യ കമ്മീഷന്‍.
ഭാരതത്തിനെതിരെ എന്തെങ്കിലും എഴുതിപ്പിടിപ്പിക്കുക എന്നത് ഈ കമ്മീഷന്റെ വഴിപാടാണ്. അത് ഏറ്റുപിടിക്കല്‍ നമ്മുടെ ‘മതേതര’ മാധ്യമങ്ങളുടെയും.





















